Friday, December 13, 2024

ad

Homeലേഖനങ്ങൾമോഡിഭരണത്തിലെ പെൺവേട്ട

മോഡിഭരണത്തിലെ പെൺവേട്ട

കെ ടി കുഞ്ഞിക്കണ്ണൻ

മാർച്ച് 8 ഒരന്താരാഷ്ട്ര വനിതാദിനംകൂടി കടന്നുപോവുകയാണ്. മൂലധനതാൽപര്യങ്ങളും വംശീയതയും മതരാഷ്ട്രവാദവും ചേർന്ന് ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ജീവിതം ദുരിതപൂർണമാക്കി തീർത്തിരിക്കുന്ന സാഹചര്യത്തിലാണ് ലോകം വനിതാദിനം ആചരിക്കുന്നത്. പുരുഷാധിപത്യപരമായ സ്വത്തുടമസ്ഥതയുടെയും കുടുംബ സദാചാരമൂല്യങ്ങളുടെയും രാഷ്ട്രീയപ്രത്യയശാസ്ത്ര അധികാരവ്യവസ്ഥകളാണ് ലോകമെമ്പാടും സ്ത്രീകളെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്.

കോർപ്പറേറ്റ് മൂലധനവും സവർക്കറിസ്റ്റധികാരശക്തികളും ചേർന്ന് ഇന്ത്യയിലും സ്ത്രീജീവിതത്തെ നരകതുല്യമാക്കിയിരിക്കുന്നു. ഹിറ്റ്‌ലറും മുസ്സോളിനിയും ചിന്തിച്ചതുപോലെ ഇന്ത്യൻ ഫാസിസ്റ്റുകൾ സ്ത്രീകളെ കാണുന്നത് പുരുഷന്മാരായ സന്തതികളെ പ്രസവിക്കാനുള്ള ഗർഭപാത്രംപേറുന്ന അടിമകൾ മാത്രമായിട്ടാണ്. ആണിനെ യുദ്ധത്തിനും പെണ്ണിനെ പ്രസവത്തിനുമായി കാണുന്ന മനുഷ്യത്വവിരുദ്ധതയുടെ ആദർശസൂക്തങ്ങളിലാണ് ഫാസിസ്റ്റ് അധികാരം ചരിത്രത്തിലുടനീളം ഭീകരത സൃഷ്ടിച്ചത്.

സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആദർശലോകങ്ങളെ കൊന്നുകുഴിച്ചുമൂടുന്ന ബലവാൻമാരുടെയും അതിമാനുഷന്മാരുടെയും പുരുഷാധികാരം പ്രത്യയശാസ്ത്രമാണ് ഫാസിസം. അത് മനുഷ്യജീവിതത്തിന്റെ അനുഭൂതികളുടെയും സ്വാതന്ത്ര്യത്തിന്റെയും ലോകത്തെ നിഷേധിച്ചുകൊണ്ട് അപരമതവംശവിദ്വേഷത്തിന്റെയും സ്ത്രീവിരുദ്ധമായ പുരുഷാധികാരത്തിന്റെയും അക്രമോത്സുകതയെയും അസഹിഷ്ണുതയെയും ജീവിതാവബോധമാക്കി മാറ്റാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ദളിതരെയും സ്ത്രീകളെയും അപരവൽക്കരിക്കുകയും വേട്ടയാടുകയും ചെയ്യുന്ന ഹിന്ദുത്വ വാഴ്ചയുടെ 10 വർഷങ്ങളാണ് കടന്നുപോയത്.

മോഡി സർക്കാരിന്റെ 10 വർഷക്കാലമെന്നത് കടുത്ത സ്ത്രീവിരുദ്ധതയുടെയും സ്ത്രീവേട്ടയുടേതും കൂടിയാണ്. 2023 മെയ് 7-ന്റെ ഇന്ത്യൻ എക്സ്പ്രസ്സിൽ വന്ന നാഷണൽ ക്രൈംബ്യൂറോ റിക്കാർഡിനെ അടിസ്ഥാനമാക്കി വന്ന വാർത്ത കഴിഞ്ഞ 5 വർഷത്തിനുള്ള ഗുജറാത്തിൽ മാത്രം 40,000 സ്ത്രീകളെ കാണാതായിട്ടുണ്ടെന്നാണ്. 2022-ൽ മാത്രം നാഷണൽ ക്രൈംബ്യൂറോ റിപ്പോർട്ടനുസരിച്ച് 4,722 സ്ത്രീകൾ വികസനത്തിന്റെ മാതൃകയായി ബി.ജെ.പിക്കാർ അവതരിപ്പിക്കുന്ന ഗുജറാത്തിൽ നിന്ന് അപ്രത്യക്ഷരായി എന്നാണ് കണക്ക്. കടുത്ത ദാരിദ്ര്യംമൂലമുള്ള മനുഷ്യക്കടത്ത് സംഘങ്ങളാണ് സ്ത്രീകളുടെ കാണാതാവലിനു പിറകിലെന്നാണ് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

ബി.ജെ.പിയുടെ സ്ത്രീവിരുദ്ധതയുടെ ഭീകരതയാണ് ഗുജറാത്ത് വംശഹത്യയുടെ കാലത്തുണ്ടായ സംഭവങ്ങൾ പുറത്തുകൊണ്ടുവന്നത്. കത്വയിലെ പെൺകുട്ടിക്ക് നേരെയുണ്ടായ ക്രൂരമായ ബലാത്സംഗവും കൊലപാതകവും ഹത്രാസ് സംഭവവും ഉന്നാവോ സംഭവവുമെല്ലാം സ്ത്രീകളെ വേട്ടയാടുന്ന കാമാന്ധന്മാർക്ക് സംരക്ഷണം നൽകുന്ന അധികാരവാഴ്ചകൂടിയാണ് മോഡി ഭരണമെന്നാണ് കാണിക്കുന്നത്. മണിപ്പൂരിലും ഗുജറാത്തിലുമെല്ലാം ന്യൂനപക്ഷവേട്ടയ്ക്ക് ഉപകരണമായി ബലാത്സംഗത്തെ മാറ്റിയവരാണ് ഹിന്ദുത്വവാദികൾ.

ലോകത്തിന്റെ മുമ്പിൽ വ്യാജവിവരങ്ങളും അവകാശവാദങ്ങളും നിരന്തരമായി അവതരിപ്പിക്കുന്ന മോഡി സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തിലും തന്റെ ഭരണത്തിനുകീഴിൽ ഇന്ത്യ മുന്നേറിയെന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുമുമ്പ് തൃശ്ശൂരിൽ അദ്ദേഹം നാരിശക്തി പരിപാടിയിൽ പങ്കെടുത്തുകൊണ്ട് തന്റെ ഭരണത്തിനുകീഴിൽ സ്ത്രീശാക്തീകരണത്തിൽ ഇന്ത്യ മുന്നേറിയെന്ന വാദം ആവർത്തിക്കുന്നതാണ് കണ്ടത്. എന്നാൽ യാഥാർത്ഥ്യമെന്താണ്? രാജ്യത്തെ സ്ത്രീകളെ മോഡി ഭരണം എത്ര ദയനീയവും അപമാനകരവുമായ സാഹചര്യത്തിലാണ് എത്തിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ മണിപ്പൂരിലെ സ്ത്രീകൾക്കുണ്ടായ അനുഭവങ്ങളും ഇന്ത്യയുടെ അഭിമാനമായ ഒളിമ്പിക് മെഡൽ ജേതാക്കൾ ഉൾപ്പെടെയുള്ള ഗുസ്തിതാരങ്ങൾക്കുള്ള അനുഭവങ്ങളും മാത്രം മതിയാകും.

കടുത്ത പുരുഷാധികാരത്തിന്റെയും വർഗീയ കാമാന്ധതയുടെയും ഇരകളായി ഇന്ത്യൻ സ്ത്രീകൾ വേട്ടയാടപ്പെടുകയാണ്. എന്നുമാത്രമല്ല ലോകത്തിലേറ്റവും കൂടുതൽ അസമത്വമനുഭവിക്കുന്ന സ്ത്രീകൾ ഭൂരിപക്ഷവും മോഡിയുടെ ഇന്ത്യയിലാണുള്ളത്. ആരോഗ്യവിദ്യാഭ്യാസ സാമ്പത്തികവിഭവങ്ങൾക്കുമേലുള്ള അധികാരത്തെയും പങ്കിനെയും അടിസ്ഥാനപ്പെടുത്തിയാണ് ആഗോള ലിംഗപദവി വികസനസൂചിക നിർണ്ണയിക്കുന്നത്. ആഗോള ലിംഗപദവി വികസനസൂചിക പട്ടികയിലെ 156 രാജ്യങ്ങളിൽ ഇന്ത്യയുടെ റാങ്ക് 140 ആണ്. ആഗോള ലിംഗപദവി വികസനസൂചികയുടെ ആഗോള ശരാശരി 0.98 ആണ്. എന്നാൽ ഇന്ത്യയുടെ സ്‌കോർ 0.849 മാത്രമാണ്.

ഇന്ത്യയിലെ സ്ത്രീകൾ അനുഭവിക്കുന്ന അസമത്വത്തിന്റെ ആഴത്തെയാണ് ഇത് കാണിക്കുന്നത്. അഞ്ചാമത്തെ കുടുംബാരോഗ്യ സർവ്വേ പ്രകാരം ഇന്ത്യയിലെ 15-നും 45-നുമിടയിൽ പ്രായമുള്ള സ്ത്രീകളിൽ 57%ഉം അനീമിക്കാണ്. ഈയൊരു പശ്ചാത്തലത്തിൽകൂടിയാണ് മോഡിയും നിർമ്മലാസീതാരാമനും കുടുംബാരോഗ്യസർവ്വേയുടെ പുതുക്കിയ മാനദണ്ഡങ്ങളിൽ നിന്ന് വിളർച്ച ഒഴിവാക്കാൻ തീരുമാനിച്ചത്.

2014-നു ശേഷം രാജ്യത്ത് നടന്ന നിഷ്ഠൂരമായ ബലാത്സംഗങ്ങളുടെയും മുസ്ലീം ദളിത് സ്ത്രീകൾക്കെതിരായി നടന്ന അതിക്രമങ്ങളുടെയും ക്രൂരാനുഭവങ്ങൾ വൻകിട മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തുന്ന പ്രചരണങ്ങളെക്കൊണ്ട് മറച്ചുവെക്കാവുന്നതല്ല. നാഷണൽ ക്രൈം റിക്കാർഡ്‌സ് ബ്യൂറോവിന്റെ റിപ്പോർട്ട് പ്രകാരം മാത്രം 2022-ൽ രജിസ്റ്റർ ചെയ്ത സ്ത്രീകൾക്കെതിരായ അക്രമണങ്ങളുടെ കേസിന്റെ എണ്ണം 4.45 ലക്ഷമാണ്. രാജ്യത്ത് മണിക്കൂറിൽ ശരാശരി 51 എഫ്.ഐ.ആറെങ്കിലും രജിസ്റ്റർ ചെയ്യപ്പെടുന്നുവെന്നാണ് ക്രൈം റിക്കാർഡ്‌സ് രേഖകൾ തന്നെ വ്യക്തമാക്കുന്നത്.

മോഡിയുടെയും അമിത്ഷായുടെയും ഭരണകേന്ദ്രമായ ഇന്ദ്രപ്രസ്ഥത്തിൽതന്നെയാണ് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നത്. നാഷണൽ ക്രൈം റിക്കാർഡ്‌സ് ബ്യൂറോവിന്റെ കുറ്റകൃത്യങ്ങളുടെ നിരക്കിൽ മുന്നിൽ ഡൽഹിതന്നെയാണ്. അതുകഴിഞ്ഞാൽപിന്നെ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശാണ്. 65,743 കേസുകളാണ് സ്ത്രീകൾക്കുനേരെയുള്ള അക്രമവുമായി ബന്ധപ്പെട്ട് 2022-ൽ ഉത്തർപ്രദേശിൽ മാത്രം രജിസ്റ്റർ ചെയ്യപ്പെട്ടത്. 2021-ൽ രാജ്യത്ത് രജിസ്റ്റർ ചെയ്ത സ്ത്രീകൾക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 4.05 ലക്ഷം കേസുകളാണ്. ഇതിൽ 32,033 എണ്ണവും ബലാത്സംഗകേസുകളാണ്.

2016-ൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെട്ട സ്ത്രീകൾക്കുനേരെയുള്ള ആക്രമണങ്ങളുടെ കേസുകൾ 3.38 ലക്ഷമാണ്. ഈ കണക്കുകൾ കാണിക്കുന്നത് 2016-നെ അപേക്ഷിച്ച്‌ സ്ത്രീകൾക്കുനേരെയുള്ള ആക്രമണങ്ങളിൽ 2022-ൽ 31% വർദ്ധനവുണ്ടായി എന്നാണ്.

ബിൽക്കിസ്ബാനു സംഭവം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. അതിൽ പ്രതികളായി ശിക്ഷിക്കപ്പെട്ടവരെ ജയിൽമോചിതരാക്കുന്നത് ഉൾപ്പെടെയുള്ള മോഡി സർക്കാരിന്റെ നടപടികൾ ഇവർ എത്രത്തോളം സ്ത്രീവിരുദ്ധരും ബലാത്സംഗക്കാരായ വർഗീയഭ്രാന്തന്മാരുടെ സംരക്ഷകരുമാണെന്നാണ് വെളിവാക്കുന്നത്. ബിൽക്കിസ്ബാനു കേസിലെ പ്രതികളെ വെറുതെവിട്ട ഗുജറാത്ത് സർക്കാരിന്റെ തീരുമാനം റദ്ദാക്കിയ സുപ്രീംകോടതിവിധി ആഹ്ലാദഭരിതവും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സുയർത്തുന്നതുമായിരുന്നു. പരമോന്നത നീതിപിഠം ഹിന്ദുത്വക്രിമിനലുകൾക്കും ഗുജറാത്ത് സർക്കാരിനും ശക്തമായ പ്രഹരമാണ് ഈ വിധിയിലൂടെ നൽകിയിരിക്കുന്നത്. ബിൽക്കിസ്ബാനു കേസിൽ സനാതന ബ്രാഹ്മണ ക്രിമിനലുകളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നകാര്യം സുപ്രീംകോടതി വിധിയിലൂടെ ഉറപ്പിച്ചിരിക്കുകയാണ്. തങ്ങൾക്കനഭിമതരായ ജനസമൂഹങ്ങളെ ഉന്മൂലന ലക്ഷ്യത്തോടെ വേട്ടയാടിയ ദിനങ്ങളായിരുന്നു ഗുജറാത്ത് വംശഹത്യയുടെ നാളുകൾ.

ഗർഭിണിയായ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അവരുടെ കുഞ്ഞുങ്ങളെ തലക്കടിച്ച് കൊല്ലുകയും ഗർഭസ്ഥശിശുവിനെ വയറുകീറി ശൂലത്തിൽകുത്തിയെടുത്ത് തീയിട്ട് കൊല്ലുകയും ചെയ്ത ഹിന്ദുത്വനരാധമന്മാരുടെ ക്രൂരതീർത്ഥാടനങ്ങളാണ് ഗുജറാത്തിൽ സംഭവിച്ചത്. നാരീശക്തിയെക്കുറിച്ചും മോഡി ഗ്യാരന്റിയെക്കുറിച്ചും വാചകമടിക്കുന്നവർ ഗുജറാത്തുമുതൽ ഹത്രാസിലും ഉന്നാവോവിലുമൊക്കെ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സ്ത്രീകൾക്കുനേരെ നടന്ന ബലാത്സംഗങ്ങളുടെയും കൊലപാതകങ്ങളുടെയും ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ മറച്ചുപിടിക്കുകയാണ്. മനുഷ്യമനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ ക്രൂരതകളായിരുന്നു അതൊക്കെ.

മോഡിയും അയാളുടെ ഗ്യാരന്റിയുമല്ല ഇന്ത്യയിലെ സ്ത്രീസുരക്ഷയുടെ ഉറപ്പ് എന്ന കാര്യമാണ് ബിൽക്കീസ്ബാനു കേസ് വ്യക്തമാക്കിത്തരുന്നത്. ശിക്ഷിക്കപ്പെട്ട് തടവറയിൽ കഴിയുന്ന കുറ്റവാളികളെ വിട്ടയച്ച സർക്കാർ നടപടിക്കെതിരെ സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്താൻ ബിൽക്കീസ്ബാനുവിനോടൊപ്പം നിന്നത് സുഭാഷിണിഅലിയും രേവതിലോലും മഹുവമൊയ്ത്രിയും പോലുള്ള പോരാളികളാണ്. ഹിന്ദുത്വത്തിന്റെ കാലത്തെ സ്ത്രീസുരക്ഷയുടെ ഗ്യാരന്റി മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച് പോരാടുന്ന ഇവരെപോലുള്ള പോരാളികളാണ്.

ബലാത്സംഗത്തിനിരയാക്കപ്പെടുമ്പോൾ ബിൽക്കിസ്ബാനുവിന് 21 വയസ്സേ പ്രായമുണ്ടായിരുന്നുള്ളു. അവർ 5 മാസം ഗർഭിണിയായിരുന്നു. കൂടെയുണ്ടായിരുന്ന 14 പേരെ കൺമുന്നിലിട്ട് കൊന്നുകളഞ്ഞതിനുശേഷമാണ് ഹിന്ദുത്വബ്രാഹ്മണ ക്രിമനലുകൾ കൂട്ടബലാത്സംഗം ചെയ്തത്. അവരുടെ കയ്യിലുണ്ടായിരുന്ന 3 വയസ്സുള്ള മകളെ തറയിലെറിഞ്ഞ് കൊല്ലുകയായിരുന്നു. ബലാത്സംഗത്തിനിടയിൽ ബോധം നഷ്ടപ്പെട്ടതിനാൽ അവർ മരിച്ചുകാണുമെന്ന് കരുതിയാണ് ഹിന്ദുത്വ ക്രിമിനലുകൾ ഉപേക്ഷിച്ചുപോയത്. 22 തവണ കൂട്ടബലാത്സംഗത്തിനിരയായ ബിൽക്കീസ്ബാനു ജീവിച്ചിരിക്കുന്നതും എല്ലാ ഭീഷണികളെയും അവഗണിച്ചുകൊണ്ട് ഹിന്ദുത്വഭീകരർക്കെതിരെ ഗുജറാത്ത് സർക്കാരിനുമെതിരെ പോരാട്ടം നടത്തിയതും.

പ്രതികളായ 11 പേരെ ശിക്ഷിക്കുന്ന വിധി അവർക്ക് നേടിയെടുക്കാൻ കഴിഞ്ഞെങ്കിലും ശിക്ഷാകാലായളവ് പൂർത്തിയാക്കുന്നതിനുമുമ്പ് 2022-ൽ നരേന്ദ്രമോഡി കുറ്റവാളികളെ മോചിപ്പിക്കുന്നതിനുള്ള പ്രത്യേക ഉത്തരവിൽ ഒപ്പുവെക്കുകയായിരുന്നു. നാരി ശക്തിയുടെയും സുരക്ഷയുടെയും മൊത്തകച്ചവടക്കാരനായി ഞെളിഞ്ഞുനടക്കുന്ന പ്രധാനമന്ത്രി മോഡി അതിന് ന്യായമായി പറഞ്ഞത് ശിക്ഷാകാലത്തെ പ്രതികളുടെ നല്ലനടപ്പായിരുന്നു! ജയിൽമോചിതരായ ഈ ക്രിമനലുകളെ സംഘികൾ ഹാരമണിയിച്ച് ആഘോഷമായി സ്വീകരിക്കുകയായിരുന്നു. സംഘികൾ എത്ര അധമരാണെന്നാണ് ഈ ക്രിമിനലുകളെ സ്വീകരിക്കുകയും അവരുടെ കാൽതൊട്ട് വന്ദിക്കുകയും ചെയ്യുന്നതിലൂടെ ലോകത്തിന് അവർ കാണിച്ചുകൊടുത്തത്. പ്രതികൾക്ക് ശിക്ഷയിളവ് നൽകി വിട്ടയച്ച നടപടി സുപ്രീംകോടതി റദ്ദ് ചെയ്തത് ബിൽക്കിസ്ബാനുവിന്റെ പോരാട്ടത്തിലെ അഭിമാനകരമായൊരു കാര്യമാണ്.

2022-ൽ സബർമതി എക്സ്പ്രസ്സിനുനേരെ ഗോധ്രയിൽവെച്ചുണ്ടായ അങ്ങേയറ്റം നിന്ദ്യമായ ആക്രമണത്തെതുടർന്നാണ് ഗുജറാത്തിലെമ്പാടും കൂട്ടക്കുരുതികൾ ആരംഭിക്കുന്നത്. ഗോധ്ര സംഭവത്തിന് ശേഷം നിമിഷങ്ങൾകൊണ്ട് മുൻകൂട്ടി തീരുമാനിച്ചത് പോലെ വി.എച്ച്.പിയും ബജ്റംഗദളും ദുർഗാവാഹിനിയും മുസ്ലീം അധിവാസമേഖലകൾക്ക് നേരെ ആ്രകമണമാരംഭിക്കുകയായിരുന്നു. രണ്ടായിരത്തിലേറെ പേരാണ് കൊലചെയ്യപ്പെട്ടത്. ഒരുലക്ഷത്തി അമ്പതിനായിരത്തിലേറെ പേർ അഭയാർത്ഥികളായി. വീടുകളിൽ നിന്നും കുടിയൊഴിക്കപ്പെട്ട് അഭയാർത്ഥികേന്ദ്രങ്ങളിൽ എത്തപ്പെട്ടവരാണിത്. ഇതിലുമെത്രയോയധികം പേർ എല്ലാം നഷ്ടപ്പെട്ട് അഭയാർത്ഥികളായിട്ടുണ്ടെന്നാണ് പല അന്വേഷണറിപ്പോർട്ടുകളും ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

വംശഹത്യയുടെ ആദ്യനാളുകളിൽ തന്നെ 8,436 കോടി രൂപയുടെ നഷ്ടം ഉണ്ടായിക്കഴിഞ്ഞിരുന്നു. 20,000 ഇരുചക്രവാഹനങ്ങളും 4,000 കാറുകളും അഗ്നിക്കിരയാക്കപ്പെട്ടു. ഹോട്ടൽ വ്യവസായത്തിൽ ജോലിചെയ്തിരുന്ന 20,000 പേരെങ്കിലും തൊഴിൽരഹിതരായി. ഇവരിൽ പലരെയും കാണാതായിട്ടുണ്ട്. പോലീസിന്റെ കണക്കനുസരിച്ച് മാത്രം 240 ദർഗകളും 180-ലേറെ മസ്ജിദുകളും 25 മദ്രസകളും നശിപ്പിക്കപ്പെട്ടു. 20 ക്രിസ്ത്യൻ പള്ളികളും 20 അമ്പലങ്ങളും നശിപ്പിക്കപ്പെട്ടു. ആർക്കിയോളജിക്കൽ സർവേയുടെ റിപ്പോർട്ടനുസരിച്ച് ചരിത്രപരവും സാംസ്‌കാരികവുമായി പ്രാധാന്യമുള്ളതുമായ എത്രയോ സ്മാരകങ്ങൾ തകർക്കപ്പെട്ടു. ഉർദ്കവി വാലി ഗുജറാത്തിയുടെ ശവക്കല്ലറ തകർത്ത് ആ സ്ഥലം ടാറിട്ട് പൊതുറോഡാക്കി. പ്രസിദ്ധ സംഗീതജ്ഞനായ ഉസ്താദ് ഫയാസ്അലിഖാന്റെ ശവകുടീരം ഒരു രാത്രികൊണ്ടാണ് തച്ചുതകർത്തത്. കടകൾ, ഹോട്ടലുകൾ, വീടുകൾ, തുണിമില്ലുകൾ എല്ലാം കൊള്ളയടിച്ചു.

കലാപകാരികൾ സ്ത്രീകളെ വിവസ്ത്രരാക്കിയതിന് ശേഷം കൂട്ട ബലാത്സംഗത്തിന് വിധേയരാക്കി. മക്കൾ നോക്കിനിൽക്കെ മാതാപിതാക്കളെ അടിച്ചും ഇടിച്ചും കൊന്നു. മുൻ കോൺഗ്രസ് എം.പി ഇക്ബാൽ ഇഹ്സാൻജാഫ്രിയുടെ വീട് അക്രമാസക്തരായ ജനക്കൂട്ടം വളഞ്ഞപ്പോൾ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരോട് ജാഫ്രി നടത്തിയ അഭ്യർത്ഥനകൾ കുറ്റകരമാംവിധം അവഗണിക്കപ്പെട്ടു. മൊബൈൽ പോലീസ് വാനിലുള്ളവർ നോക്കിനിൽക്കെ തന്നെയാണ് ആൾക്കൂട്ടം അദ്ദേഹത്തിന്റെ വീട് തകർത്തത്. അദ്ദേഹത്തിന്റെ പുത്രിമാരെ നഗ്നരാക്കി ജീവനോടെ തീയിട്ട് കൊന്നു. ജാഫ്രിയുടെ തലവെട്ടിമാറ്റുകയും ശരീരം വെട്ടിനുറുക്കുകയും ചെയ്തു. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് പഠിച്ച പല അന്വേഷണസംഘങ്ങളും ജാഫ്രിയുടെ വധം എടുത്തുപറഞ്ഞിട്ടുണ്ട്. തൊട്ടുമുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയായ നരേന്ദ്രമോഡിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. സംഘപരിവാർ ലക്ഷ്യമിട്ട ഇരയായിരുന്നു ജാഫ്രിയെന്ന് വേണം കരുതാൻ.

വർഗീയ ഉന്മാദത്തിനടിപ്പെട്ട ആൾക്കൂട്ടങ്ങളെ ഇളക്കിവിട്ടാണ് വംശഹത്യനടത്തിയത്. ഗുജറാത്തിലങ്ങോളമിങ്ങോളം മോഡിസർക്കാറിന്റെ സംരക്ഷണയിലും പിൻബലത്തിലും ആയിരങ്ങൾ സംഹാരതാണ്ഡവമാടുകയായിരുന്നു. ജനക്കൂട്ടങ്ങളിലേക്ക് പെട്രോൾ ബോംബുകൾ, തോക്കുകൾ, കത്തികൾ, വാളുകൾ, ത്രിശൂലങ്ങൾ തുടങ്ങിയ ആയുധങ്ങളുമായാണ് കലാപകാരികൾ അഴിഞ്ഞാടിയത്. വളരെ ആസൂത്രിമായി തന്നെയാണ് കലാപകാരികൾ വിന്യസിക്കപ്പെട്ടത്. ബി.ജെ.പിയുടെ ലുംബൻവിഭാഗങ്ങളെ കൂടാതെ ദളിതരും ആദിവാസികളും സ്ത്രീകളും ഈ വംശഹത്യയിൽ തിമർത്താടിയെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. കൊള്ളനടത്തിയത് പ്രധാനമായും മധ്യവർഗ്ഗവിഭാഗക്കാരായിരുന്നു. മിത്സുബിലാർസറിൽ വന്നാണ് പലയിടങ്ങളിലും കൊള്ള നടത്തിയത്. ആൾക്കൂട്ടങ്ങളെ നയിച്ചവരുടെ കയ്യിൽ മുസ്ലീം വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, മുസ്ലീം പാർട്ട്ണർഷിപ്പിലുള്ള സ്ഥാപനങ്ങൾ എന്നിവയുടെ കമ്പ്യൂട്ടറിൽ തയ്യാറാക്കിയ ലിസ്റ്റുമുണ്ടായിരുന്നു.

മായാക്ക്വത്വനിയെയും ബാബുമറോണ്ടിയെയും പോലുള്ള മോഡിസർക്കാരിലെ മന്ത്രിമാരാണ് കലാപത്തിനും വംശഹത്യക്കും നേരിട്ട് നേതൃത്വം നൽകിയത്. കലാപങ്ങളെ മൊബൈൽഫോൺ വഴി ഏകോപിപ്പിക്കുകയും വളരെ നേരത്തെ തന്നെ സംഭരിച്ചുവെച്ച ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ചാണ് മുസ്ലീം കടകമ്പോളങ്ങൾ തകർക്കുകയും ചെയ്തത്. ക്രൂരവും ബീഭത്സവുമായ സംഭവങ്ങളാണ് ഗുജറാത്തിലുണ്ടായത്. ഗർഭിണിയുടെ ഗർഭപാത്രം കുത്തിക്കീറി ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെവരെ പെട്രോളൊഴിച്ച് തീയിടുന്ന സംഭവങ്ങളുണ്ടായി. ഗുജറാത്ത് വംശഹത്യ അതിനുത്തരവാദികളായ ഹിന്ദുത്വവാദികൾ എന്തുമാത്രം മനുഷ്യത്വവിരുദ്ധരും ഭീകരരുമാണെന്നാണ് ലോകത്തിന് കാണിച്ചുകൊടുത്തത്. വംശഹത്യക്ക് ഉത്തരവാദിയായ നരാധമന്മാരായ സംഘപരിവാർ നേതാക്കൾ നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ പ്രതികളെയും സാക്ഷികളെയും മൊഴിമാറ്റിക്കാനും വിലക്കെടുക്കാനും നടത്തിയ ശ്രമങ്ങൾ ദേശീയതലത്തിൽ തന്നെ വിവാദപരമായി ചർച്ചചെയ്യപ്പെട്ടതാണ്.

ഗുജറാത്തിലെ ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും ചോരയും കണ്ണീരും ചേർന്ന വർഗീയതയുടെ അഴുക്കുചാലുകളിൽനിന്നാണ് ഇന്ത്യയുടെ രാഷ്ട്രീയനേതൃത്വത്തിലേക്ക് മോഡിയും കൂട്ടാളികളും എത്തിച്ചേർന്നത്. തങ്ങൾക്ക് ലഭ്യമായ അധികാരത്തിന്റെ സൗകര്യങ്ങളുപയോഗിച്ച് ന്യൂനപക്ഷങ്ങളെയും ദളിതരെയുമെന്നപോലെ സ്ത്രീകളെയും വേട്ടയാടുകയാണ് ഹിന്ദുത്വവാദികൾ.

2017-ലാണ് യു.പിയിലെ ഉന്നാവോയിൽ ബി.ജെ.പി എം.എൽ.എ ആയ കുദീപ്‌സിംഗ് സംഗർ 17 വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഢിപ്പിച്ച് കൊന്നുകളഞ്ഞത്. ഈ സംഭവം ദേശീയമാധ്യമങ്ങൾ വിവാദപരമായി ചർച്ചചെയ്യുകയും പെൺകുട്ടിയുടെ പിതാവ് എം.എൽ.എക്കെതിരെ നിയമപോരാട്ടം ആരംഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സ്വന്തം മകൾ നഷ്ടപ്പെട്ട ആ പിതാവിനെ കള്ളക്കേസിൽ കുടുക്കി യു.പിയിലെ ബി.ജെ.പി സർക്കാർ ജയിലിലടച്ചത്.

2018 ജനുവരി മാസത്തിലാണ് ജമ്മുകാശ്മീരിലെ കത്വയിൽ ക്ഷേത്രപുരോഹിതനുൾപ്പെടെയുള്ള കാമാന്ധന്മാർ ബലാത്സംഗം ചെയ്ത് കൊന്നുകളഞ്ഞത്. 4 പോലീസുകാർ ഉൾപ്പെടെയുള്ള സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. ഈ ക്രൂരമായ സംഭവത്തിൽ ദേശവ്യാപകമായി പ്രതിഷേധം ഉയർന്നുവന്നതോടെ അന്നത്തെ ജമ്മുകാശ്മീർ സർക്കാരിന് കേസ്സെടുക്കേണ്ടിവന്നു. ബി.ജെ.പി കൂടി പങ്കാളിയായ സർക്കാരായിരുന്നുഅത്. എന്നിട്ടും കേസ്സിൽ പ്രതികളാക്കപ്പെട്ടവർ ഹിന്ദുക്കളാണെന്നും കേസ്സ് കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ് ബി.ജെ.പി മന്ത്രിമാർ പ്രകടനം നടത്തുന്ന അവസ്ഥയാണുണ്ടായത്. കാമാന്ധരായ കുറ്റവാളികളെ രക്ഷിക്കാൻ ബി.ജെ.പി നേതൃത്വത്തിന് ഒരു മനസ്സാക്ഷിക്കുത്തുമുണ്ടായില്ല.

2020 സെപ്തംബർ മാസത്തിലാണ് യു.പിയിലെ ഹത്രാസിൽ മനീഷ വാത്മീകിയെന്ന 19 വയസ്സുകാരിയെ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സവർണ്ണ ടാക്കൂർ ജാതിക്കാരായിരുന്നു ഈ 19 വയസ്സുകാരിയായ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നത്. ബലാത്സംഗത്തിനിരയായ മനീഷയുടെ നാവറുക്കുകയും കയ്യുംകാലും തല്ലിയൊടിച്ച് മരണാസന്നയാക്കി സഫ്ദർജംഗ് ആശുപത്രിയിൽ കൊണ്ടുപോയി തള്ളുകയായിരുന്നു. മരണപ്പെട്ട മനീഷയുടെ മൃതദേഹംപോലും മാതാപിതാക്കളെ കാണിക്കാതെ ഹത്രാസിലെ ജില്ലാപോലീസ് മേധാവിയുടെ നേതൃത്വത്തിൽ കത്തിച്ചുകളയുകയായിരുന്നു. ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻപോലും നിയമപാലകർ ശ്രദ്ധിച്ചില്ല. മോഡി ഭരണത്തിന്റെ കഴിഞ്ഞ 10 വർഷക്കാലം ക്രൂരവും ഭീകരവുമായ പെൺവേട്ടയുടേത് കൂടിയാണെന്നാണ് ഈ സംഭവങ്ങളെല്ലാം കാണിക്കുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 + eleven =

Most Popular