ബെഞ്ചമിൻ നെതന്യാഹുവിന്റെ ജനവിരുദ്ധ സർക്കാരിനെതിരെ ആയിരക്കണക്കിന് സമാധാനപ്രവർത്തകരും തൊഴിലാളികളും അണിനിരന്ന പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ് ഇസ്രയേൽ. ടെൽ അവീവും ജറുസലേമും ഹയ്ഫയും ഉംഅൽ‐ഫാഹെമും ഉൾപ്പെടെ മുപ്പതോളം നഗരങ്ങളിൽ മാർച്ച് രണ്ടാംവാരത്തിൽ ശക്തമായ പ്രകടനങ്ങൾ നടന്നു. ടെൽ അവീവിൽ സർക്കാർ വിരുദ്ധ പ്രകടനക്കാർ പൊലീസിന്റെ ബാരിക്കേഡുകൾ തകർത്ത് മുന്നേറി തിരക്കേറിയ റോഡ് ഉപരോധിച്ചു. പലേടത്തും പ്രകടനക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. നെതന്യാഹുവിനെ പുറത്താക്കണമെന്നും ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഗാസയിൽ അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണമെന്നും പ്രകടനക്കാർ ആവശ്യപ്പെട്ടു.
ഒരു ഡസനിലേറെ പ്രധാന പ്രവർത്തകരെ അറസ്റ്റുചെയ്യുകയും ബലംപ്രയോഗിച്ച് പ്രകടനക്കാരെ പിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചിട്ടും പ്രകടനം കൂടുതൽ ശക്തമായി തുടരുകയാണുണ്ടായത്. ടെൽ അവീവിൽ ഒരുവിഭാഗം പ്രകടനക്കാർ ബെഗിൻ സ്‌ട്രീറ്റിലെ മിലിറ്ററി ഹെഡ് ക്വാർട്ടേഴ്‌സ് വരെയെത്തി.
കഴിഞ്ഞവർഷം സർക്കാരിനെതിരെ ആഴ്‌ചകളോളം നീണ്ടുനിന്ന പ്രക്ഷോഭത്തിന്റെ മുഖ്യവേദിയായ കപ്ലാൻ സ്‌ട്രീറ്റിൽ ടെൽ അവീവ് ആർട്ട് മ്യൂസിയത്തിനു മുന്നിലെ ചത്വരത്തിൽ ഹമാസിന്റെ തടവിലായ ഇസ്രയേലുകാരെ മോചിപ്പിക്കാൻ സർക്കാർ ചർച്ച നടത്തണമെന്ന ആവശ്യമുന്നയിച്ചാണ് ഇപ്പോൾ പ്രകടനം നടക്കുന്നത്. കഴിഞ്ഞ 22 ആഴ്‌ചകളായി ഈ പ്രക്ഷോഭം തുടരുകയാണ്. ഇപ്പോൾ ആ ചത്വരം ഹോസ്‌റ്റേജസ് സ്‌ക്വയർ എന്നാണ് അറിയപ്പെടുന്ന്. പലസ്‌തീൻ പ്രദേശങ്ങളിലേക്കുള്ള ഇസ്രയേലി സർക്കാരിന്റെ അധിനിവേശത്തിനെതിരെയും പ്രകടനക്കാർ രാജ്യമാസകലം മുദ്രാവാക്യം ഉയർത്തുകയാണ്. കപ്ലാൻ സ്‌ട്രീറ്റിൽ, സൈനിക ആസ്ഥാനത്തിനടുത്ത് നടന്ന പ്രകടനത്തിൽ ഇരുപതിനായിരത്തിലധികം ആളുകൾ പങ്കെടുത്തു. ജറുസലേമിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കടുത്തും ഹയ്‌ഫയിലും നടനന പ്രകടനങ്ങളിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. ഹദാഷും (സമാധാനത്തിനും തുല്യതയ്‌ക്കും വേണ്ടിയുള്ള ജനാധിപത്യമുന്നണി) കമ്യൂണിസ്റ്റ് പാർട്ടിയും ചേർന്നാണ് ഗാസയെ ആക്രമിക്കുന്നതിനെതിരെ ഉം അൽ‐ഫാഹെം നഗരത്തിൽ ആയിരക്കണക്കിനാളുകൾ അണിനിരന്ന പ്രകടനം നടത്തിയത്. മാർച്ച് എട്ടിന് ഉം അൽ‐ഫാഹെം നഗരത്തിൽ സാർവദേശീയ വനിതാദിനത്തോടനുബന്ധിച്ച് മൂവ്‌മെന്റ് ഓഫ് ഡെമോക്രാറ്റിക് വിമെൻ ഇൻ ഇസ്രയേലിന്റെ (TANDI) ആഭിമുഖ്യത്തിൽ നൂറുകണക്കിന് അറബ്‐ജൂത സ്‌ത്രീകൾ അണിനിരന്ന പ്രകടനത്തിലും മുഖ്യമായും ഉയർന്നത് ഗാസയിൽ സമാധാനം, ഇസ്രയേലിൽ ഉടൻ തിരഞ്ഞെടുപ്പ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ്. ♦