90 ലക്ഷം ജനങ്ങൾ അധിവസിക്കുന്ന മധ്യ യൂറോപ്യൻ രാജ്യമായ ആസ്‌ട്രിയയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുന്നേറ്റത്തിനാണ് സമീപകാല തിരഞ്ഞെടുപ്പുകൾ സാക്ഷ്യംവഹിക്കുന്നത്. ഏറ്റവും ഒടുവിൽ 2024 മാർച്ച് 10ന് ആസ്‌ട്രിയയിലെ സാൽസ്‌ബെർഗ് സംസ്ഥാനത്ത് നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ആസ്‌ട്രിയൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് 10 സീറ്റ് ലഭിച്ചു. നിലവിൽ ഒരു സീറ്റുമാത്രമുണ്ടായിരുന്നിടത്താണ് ഈ മുന്നേറ്റം. 11 സീറ്റ് ലഭിച്ച സോഷ്യൽ ഡെമോക്രാറ്റിക് പാർട്ട് ഓഫ് ആസ്‌ട്രിയയ്‌ക്കു തൊട്ടുപിന്നിലായി കമ്യൂണിസ്റ്റ് പാർട്ടി രണ്ടാംസ്ഥാനത്തെത്തിയെന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴത്തെ ഭരണകക്ഷിയായ ആസ്‌ട്രിയൻ പീപ്പിൾസ് പാർട്ടി സാൽസ്‌ബെർഗ് മുനിസിപ്പൽ കൗൺസിലിൽ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. എന്നിരുന്നാലും സസാൽസ്‌ബെർഗ് സംസ്ഥാനത്തെ മറ്റ് മുനിസിപ്പൽ കൗൺസിലുകളിൽ പീപ്പിൾസ് പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്.
ആസ്‌ട്രിയയിൽ നഗരസഭകളിലെ മേയർമാരെ ജനങ്ങൾ നേരിട്ടാണ് തിരഞ്ഞെടുക്കുന്നത്. മുനിസിപ്പൽ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിനൊപ്പമാണ് മേയർ തിരഞ്ഞെടുപ്പും നടക്കുന്നത്. സാൽസ്‌ബെർഗ് മേയറാകാനുള്ള മത്സരത്തിൽ ആർക്കും 50 ശതമാനം വോട്ടു ലഭിക്കാത്തതുകൊണ്ട് മാർച്ച് 24ന് രണ്ടാം വട്ട വോട്ടെടുപ്പിലേ തീർപ്പുണ്ടാവുകയുള്ളൂ. അതിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി ബേൺഹാർഡ് ഔവിൻഗറും (29.4% വോട്ട് ഒന്നാം റൗണ്ടിൽ) കമ്യൂണിസ്റ്റ് പാർട്ടിയുടെ കേയ്‐മൈക്കേൽ ഡങ്കിലും (ഒന്നാംവട്ടം ഇദ്ദേഹത്തിന് 28% വോട്ട് ലഭിച്ചു) തമ്മിലാണ് മത്സരിക്കുന്നത്. ഈ നഗരത്തിൽ ഒരു കമ്യൂണിസ്റ്റ് മേയർ അധികാരത്തിലെത്തുമോ എന്നാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.
ആസ്‌ട്രിയയിലെ നാലാമത്തെ ഏറ്റവും വലിയ നഗരമാണ് സാൽസ്‌ബെർഗ്. ചെറിയൊരു കാലത്തിനുള്ളിൽ കേയ്‐മൈക്കേൽ ഡങ്കലിന്റെ നേതൃത്വത്തിൽ ഈ നഗരത്തിൽ കമ്യൂണിസ്റ്റ് പാർട്ടി വലിയ മുന്നേറ്റമാണ് നടത്തിയത്. 2023ൽ നടന്ന സാൽസ്‌ബെർഗ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിലും കമ്യൂണിസ്റ്റ് പാർട്ടി 11.7 ശതമാനം വോട്ടും 4 സീറ്റും നേടി വലിയ വിജയം കരസ്ഥമാക്കിയിരുന്നു. ആസ്‌ട്രിയയിൽ നിലവിലുള്ള ഭവനരാഹിത്യം, വിലക്കയറ്റം തുടങ്ങിയ ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങൾ ഉന്നയിച്ച് നടത്തിയ പോരാട്ടങ്ങളാണ് പാർട്ടിയുടെ ജനപിന്തുണ വർധിപ്പിച്ചത്.
സാൽസ്‌ബെർഗ് സംസ്ഥാനത്തെ വാൽസ്‐സീസെൻഹീം നഗരസഭയിലും കമ്യൂണിസ്റ്റ് പാർട്ടി മൂന്ന് സീറ്റ് കരസ്ഥമാക്കി. തലസ്ഥാനമായ വിയന്ന കഴിഞ്ഞാൽ ആസ്‌ട്രിയയിലെ ഏറ്റവും വലിയ നഗരമായ ഗ്രാസിലെ മേയർസ്ഥാനം 2021 നവംബർ മുതൽ കമ്യൂണിസ്റ്റ് പാർട്ടിക്കാരാണ്. സാൽസ്‌ബെർഗ് നഗരസഭാ തിരഞ്ഞെടുപ്പിലെ ഇപ്പോഴത്തെ നേട്ടം ആസ്‌ട്രിയൻ കമ്യൂണിസ്റ്റുകാരെ ആവേശംകൊള്ളിക്കുകയാണ്. ഈ വർഷം അവസാനം നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് പാർലമെന്റിൽ പ്രാതിനിധ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണവർ.
അതേസമയം ആസ്‌ട്രിയൻ ഭരണകക്ഷിയായ പീപ്പിൾസ് പാർട്ടിയും ഗ്രീൻസ് പാർട്ടിയും ഈ കമ്യൂണിസ്റ്റ് മുന്നേറ്റത്തിൽ വല്ലാമ്മ അങ്കലാപ്പിലാണ്. ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് കമ്യൂണിസ്റ്റ് യൂത്ത് ഓഫ് ആസ്‌ട്രിയ പറയുന്നത്, ‘‘കോർപറേറ്റുകൾക്കും ബാങ്കുകൾക്കും മുന്നിൽ തലകുനിക്കാതെ തൊഴിലാളിവർഗ നയങ്ങൾ ഉയർത്തിപ്പിടിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ സമീപനത്തിനുള്ള അംഗീകാരമാണ് ഈ ജനവിധി’’ എന്നാണ്. ♦