ഇക്കണോമിക് നോട്ട്‌ബുക്ക്‐ 31
ഉല്പാദനപ്രവർത്തനങ്ങളെ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ നേട്ടകോട്ടങ്ങളെ സംബന്ധിച്ച അടിസ്ഥാന ചർച്ചകൾ ക്ലാസ്സിക്കൽ ഇക്കണോമിസ്റ്റുകളുടെ കാലത്ത് സജീവമായി നടന്നിരുന്നു. ഏതൊക്കെ ചരക്കുകളുടെ ഉല്പാദനം ഒരു രാജ്യാതിർത്തിക്കകത്തു നടത്താം, ഏതൊക്കെ മറ്റു രാജ്യങ്ങളിലേക്ക് പറിച്ചു നടാം, ഇങ്ങനെ ചെയ്താലുണ്ടാകുന്ന നേട്ടങ്ങളെന്ത്? കോട്ടങ്ങളെന്ത്? ഉല്പാദനച്ചെലവിലെ താരതമ്യ മികവ് (comparative cost advantage) സംബന്ധിച്ച റിക്കാർഡിയൻ സങ്കൽപ്പങ്ങൾ ഇത് സംബന്ധിച്ച അടിസ്ഥാന സിദ്ധാന്തങ്ങളിലൊന്നായി ഇന്നും ഇക്കണോമിക് ക്ലാസ്സുകളിൽ പഠിപ്പിച്ചു വരുന്നു. ഉല്പാദനപ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന അന്താരാഷ്ട്ര ഘടകങ്ങൾ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിൽ എന്ത് ചലനങ്ങളാണുണ്ടാക്കുക എന്നത് സംബന്ധിച്ച് രണ്ടു നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന ചർച്ചകളിൽ ഉയർന്നുവന്ന അതേ അടിസ്ഥാന ചോദ്യങ്ങൾ തന്നെയാണ് സർവീസ് മേഖലയിലെ ഔട്സോഴ്സിങ് സംബന്ധിച്ച് ഇന്ന് നടക്കുന്നതും.
സാങ്കേതികവിദ്യകളുടെ വളർച്ച ലോകത്തെ പാടെ മാറ്റിമറിച്ചു കഴിഞ്ഞിരിക്കുന്നു. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും കമ്മ്യൂണിക്കേഷൻ സാങ്കേതിക വിദ്യകളുടെയും വികാസം ഉല്പാദനപ്രവർത്തനങ്ങളുടെ സ്വഭാവത്തെ തിരിച്ചറിയാനാവാത്ത വിധം മാറ്റിയിരിക്കുന്നു. കാർഷികോല്പാദനമേഖലയെയും വ്യാവസായിക മേഖലയെയും മറികടന്ന് സർവീസ് മേഖല സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും സുപ്രധാന ഘടകമായി ഉയർന്നിരിക്കുന്നു. സർവീസ് മേഖലയിലെ പ്രവർത്തനങ്ങളുടെ സ്വഭാവം പരമ്പരാഗത മാനുഫാക്ച്ചറിങ് മേഖലയുടേതിൽ നിന്നും മൗലികമായിത്തന്നെ വ്യത്യസ്തമാണ്. മനുഷ്യരുടെ കായികാധ്വാനമോ വൻകിട യന്ത്രങ്ങളുടെ ഉപയോഗമോ ഒന്നും ഇവിടെ ആവശ്യമില്ല. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ കടന്നുവരോടുകൂടി മനുഷ്യബുദ്ധിയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സർവീസ് മേഖല വലിയൊരു കുതിച്ചുചാട്ടത്തിലേക്കു കടന്നു. അതിന്റെ കാര്യക്ഷമതയും ഗണ്യമായി വർദ്ധിച്ചു. മനുഷ്യാധ്വാനത്തെ ഡിജിറ്റൈസ് ചെയ്ത് വെറും ഡാറ്റയാക്കി മാറ്റി ലോകമാകെ പരന്നുകിടക്കുന്ന ഫൈബർ ഒപ്റ്റിക് കേബിളുകളിലൂടെ ലോകത്തെവിടെയും എത്തിക്കാവുന്ന സംവിധാനങ്ങൾ നിലവിൽ വന്നതോടെ ഔട്സോഴ്സിങ്ങിന് പുതിയൊരു മാനം കൈവന്നു. 2021ലെ കണക്കുകൾ പ്രകാരം ആഗോള സമ്പദ്‌വ്യവസ്ഥയുടെ 67.97 ശതമാനവും സർവീസ് മേഖലയുടെ സംഭാവനയാണ്. കേവലം 4.28 ശതമാനം മാത്രമാണ് കാർഷിക മേഖലയുടേത്. നിർമാണ മേഖലയുടേത് 27.22 ശതമാനവും. സർവീസ് മേഖലയിലെ പ്രവർത്തനങ്ങൾ ലോകത്തിന്റെ ഏതു മുക്കിലും മൂലയിലുമിരുന്ന് നടത്താമെന്ന സാങ്കേതിക സാഹചര്യം സംജാതമായതോടെ ആദം സ്മിത്തിന്റേയും ഡേവിഡ് റിക്കാർഡോയുടെയും കാലത്ത് സങ്കൽപ്പിക്കാൻ പോലുമാകാത്ത നിലയിലേക്ക് അന്താരാഷ്ട്ര വ്യാപാരം മാറി. ഇത് സാധ്യമാക്കുന്ന സ്ഥാപനങ്ങളും സംവിധാനങ്ങളും നിലവിൽ വന്നു.
തൊഴിൽ ശക്തി കൂടുതലാവശ്യമുള്ള ജോലികൾ കുറഞ്ഞ ചെലവിൽ ജോലിക്കാരെ കിട്ടുന്ന നാടുകളിലേക്ക് കൈമാറക എന്നതാണ് സർവീസ് മേഖലയിലെ ഔട്സോഴ്സിങ്ങിന്റെ പ്രധാന സ്വഭാവം. ഉദാഹരണത്തിന് അമേരിക്കയിൽ വിൽക്കുന്ന ഒരു വാഷിംഗ് മെഷീന്റെയോ ബ്രോഡ്ബാൻഡ് കണക്ഷന്റെയോ സർവീസ് സംബന്ധമായ കാര്യങ്ങൾ എങ്ങനെയാണ് ഇന്നത്തെകാലത്ത് നടത്തപ്പെടുന്നതെന്ന് നോക്കുക. ഒരു പ്രശ്നമുണ്ടായാൽ ഉപഭോക്താവ് വിൽക്കുന്ന കോൾ എത്തുന്നത് ബാംഗ്ലൂരിലോ കൊച്ചിയിലോ ഉള്ള ഒരു കാൾ സെന്ററിലേക്കാവും. ഏഴാംകടലിനക്കരെയുള്ള രാജ്യത്തെ കസ്റ്റമറുമായി സംസാരിക്കാനും ആവശ്യമായ സാങ്കേതിക ഉപദേശങ്ങൾ നൽകാനും പരിശീലനം ലഭിച്ച ഇന്ത്യയിലെ കാൾ സെന്റർ ജീവനക്കാരൻ കമ്മ്യൂണിക്കേഷൻ രംഗത്തെ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ആ പണി വൃത്തിയായി ചെയ്യും. അതും ഇതേ പണി അമേരിക്കയിലൊരാളെക്കൊണ്ട് ചെയ്യിക്കുന്നതിന്റെ പത്തിലൊന്നു ചെലവിൽ. സ്ക്രീൻ ഷെയറിങ്, ലൈവ് വീഡിയോ കോൾ തുടങ്ങിയ ഇന്റർനെറ്റ് അധിഷ്ഠിത സംവിധാനങ്ങൾ ഉള്ള ഈ കാലത്ത് ഇത്തരം പ്രവർത്തനങ്ങൾ വളരെ നിസ്സാരമാണ്. ബാങ്കിങ്, ഇൻഷുറൻസ് മേഖലയിലെ സർവീസിങ് സംബന്ധമായ കാര്യങ്ങൾ, മാർക്കറ്റിംഗ്, ബിസിനസ്സ് പ്രൊമോഷൻ, അക്കൗണ്ടിങ് തുടങ്ങിയ പണികളെല്ലാം തന്നെ മഹാഭൂരിപക്ഷവും ഇത്തരത്തിലാണ് നടത്തപ്പെടുന്നത്.
ഗൾഫ് നാടുകളിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വളരെ വ്യാപകമായി ബാക്ക് ഓഫീസ് പണികൾ ഇന്ത്യയടക്കമുള്ള വികസ്വരരാജ്യങ്ങളിലേക്ക് പറിച്ചുനടപ്പെടുന്നുണ്ട്. സാമ്പത്തിക ലാഭമാണ് ഇതിലെ ഏറ്റവും പ്രധാന കാര്യം. ഗൾഫ് രാജ്യങ്ങളിലെ ഒരു ട്രാവൽ ഏജൻസിയുടെ ബുക്ക് കീപ്പിംഗ് (കണക്കെഴുത്ത്) കാര്യമെടുക്കുക. ഇന്ത്യയിൽ നിന്നും ദുബായിയിലെത്തി അവിടെ കമ്പനിയുടെ കണക്കുകൾ എഴുതിക്കൊണ്ടിരുന്ന ഒരു ജീവനക്കാരന് നൽകേണ്ടി വരുന്ന ശമ്പളം ഏകദേശം 7000‐8000 ദിറം ആണ്. എന്നുപറഞ്ഞാൽ ഏകദേശം 1.5 ലക്ഷം രൂപ. ഇങ്ങനെ പണിയെടുക്കുന്ന 20 പേരുണ്ടെങ്കിൽ കമ്പനി നൽകേണ്ടി വരുന്ന തുക പ്രതിമാസം ഏതാണ്ട് 30 ലക്ഷം രൂപയാകും, പ്രതിവർഷം 3.6 കോടി രൂപ. ഇതേ പണി ചെയ്യുന്ന ഒരാളെ മദ്രാസിലോ തിരുവന്തപുരത്തോ കേവലം 25000‐30000 രൂപയ്ക്കു ലഭിക്കും. ദുബായിൽ ചെയ്യിച്ചുകൊണ്ടിരുന്ന ഈ പണികളെല്ലാം ഇന്ത്യയിലെ ഒരു കമ്പനിക്ക് ഔട്ട്സോഴ്സ് ചെയ്താൽ ഉണ്ടാകുന്ന ലാഭമെത്ര? പ്രതിമാസ ലാഭം 24 ലക്ഷം, പ്രതിവർഷം 2.88 കോടി. ഔട്സോഴ്സ് ചെയ്യുന്ന കമ്പനിക്ക് ഇതിന്റെ 25 ശതമാനം കൊടുത്താൽപോലും ഇതുമൂലം ഉണ്ടാകുന്ന ലാഭത്തിന് കയ്യുംകണക്കുമില്ല. എന്നുമാത്രമല്ല ഈ പ്രക്രിയ നടപ്പിലാക്കുമ്പോൾ എല്ലാവരും നേട്ടങ്ങളുണ്ടാക്കുന്നു എന്നതാണ് പ്രധാന സവിശേഷത. പുറംരാജ്യങ്ങളിൽ പോയി പണിയെടുക്കുന്നവർക്കു മാത്രമാണ് സാമ്പത്തിക നഷ്ടം.
ഔട്ട്സോഴ്സിങ്ങിന്റെ ഏറ്റവും പ്രകടമായ ഉദാഹരണം ഐ ടി മേഖലയാണ്. ഏതാണ്ട് 40 ശതമാനം ഐടി വർക്കുകളും ആഗോളമായി ഔട്ട്സോഴ്സ് ചെയ്യപ്പെടുന്നുണ്ട്. 1980കൾക്കു ശേഷം കുതിച്ചുയർന്ന ഇന്ത്യയിലെ ഐടി കമ്പനികൾ ചെയ്യുന്ന ബിസിനസ്സിൽ 80 ശതമാനവും യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും മറ്റ് വികസിത രാജ്യങ്ങളിൽ നിന്നും വരുന്നവയാണ്. അമേരിക്കയിലെ കമ്പനികൾ തങ്ങളുടെ ഐടി പണികളിൽ 70 ശതമാനവും ഔട്സോഴ്സ് ചെയ്യുന്നുണ്ട്. ഐടി അനുബന്ധമേഖലകളായ ബി പി ഒ, ഐ ടി ഒ തുടങ്ങിയ മേഖലകൾ ഏതാണ്ട് പൂർണമായും ഔട്സോഴ്സ് ചെയ്യപ്പെടുന്നവയാണ്. ഇത് സംബന്ധിച്ച വിശദാംശങ്ങൾ മുൻലക്കങ്ങളിൽ എഴുതിയിട്ടുണ്ട് എന്നതിനാൽ കൂടുതൽ വിശദമാക്കുന്നില്ല.
മുൻപ് രാജ്യാന്തരതലത്തിൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന വസ്തുക്കൾ കപ്പലുകൾ മുഖേനയാണ് വന്നുകൊണ്ടിരുന്നതെങ്കിൽ ഐ ടി അധിഷ്ഠിത സേവങ്ങളുടെ കാലത്ത് ഈ പ്രക്രിയ നടക്കുന്നത് ഫൈബർ ഒപ്റ്റിക് കേബിളുകൾ വഴിയാണ്. അതേ സമയം അതിനടിത്തറയായി വർത്തിക്കുന്ന സാമ്പത്തികശാസ്ത്രം ഒന്നുതന്നെയാണ്. നിങ്ങൾ മറ്റൊരു രാജ്യത്തുനിന്നും വാങ്ങുന്ന ഒരു വസ്തു/സേവനം ഏതു രൂപത്തിലാണ്, ഏതു മാർഗ്ഗത്തിലൂടെയാണ് നിങ്ങളുടെ അരികിലെത്തുന്നത് എന്നത് സാമ്പത്തികശാസ്ത്രത്തിന്റെ കണ്ണിൽ ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല. ആദം സ്മിത്തിന്റെ കാലം മുതൽ ചർച്ച ചെയ്യുന്ന സ്വതന്ത്ര വ്യാപാരത്തിന്റെയും ഡേവിഡ് റീക്കാർഡോയുടെ കമ്പാരറ്റീവ് അഡ്വാന്റേജിന്റെയും സിദ്ധാന്തങ്ങൾ ഇവിടെ അതേപടി പ്രയോഗിക്കാം. അതോടൊപ്പം മൂലധനം നിരന്തരം നടത്തുന്ന ചൂഷണ ശ്രമങ്ങളുടെ പുതിയ രൂപമായും ഇതിനെ വീക്ഷിക്കാം. ♦