Thursday, November 21, 2024

ad

Homeപ്രതികരണംമുട്ടുമടക്കില്ല ഞങ്ങൾ

മുട്ടുമടക്കില്ല ഞങ്ങൾ

പിണറായി വിജയൻ

സാമ്രാജ്യത്വത്തിന്റെ പ്രതിരോധമായി ഉയർന്നു വന്ന ഇന്ത്യൻ ദേശീയതയെ തകർക്കാൻ ബ്രീട്ടീഷുകാർ കണ്ടെത്തിയ എളുപ്പ വഴി നമ്മെ വർഗീയമായി വിഭജിക്കുക എന്നതായിരുന്നു. ബംഗാൾ വിഭജനമുൾപ്പെടെയുള്ള എണ്ണമറ്റ ഭരണപരമായ ഇടപെടലുകളിലൂടെ ഇന്ത്യൻ സമൂഹത്തിൽ വർഗീയത വളർത്തുന്നതിൽ അവർ ഏറെക്കുറെ വിജയിച്ചു. അതിന്റെ അന്ത്യം ഇന്ത്യയുടെ വിഭജനവും ലോകമനസ്സാക്ഷിയെ ഞെട്ടിച്ച കലാപങ്ങളുമായിരുന്നു. ഇന്നും ഉണങ്ങാത്ത മുറിവുകൾ സമ്മാനിച്ച ആ നയത്തിന്റെ തുടർച്ചയാണ് സാമ്രാജ്യത്വദാസരായ സംഘപരിവാറുകാർ നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. അതിലെ ഏറ്റവും പുതിയ അദ്ധ്യായമാണ് പൗരത്വ ഭേദഗതി നിയമം (സി.എ.എ).

വരുന്ന ലോക്-സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ കുറച്ചു ദിവസങ്ങൾക്കു മുൻപ് കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിരിക്കുകയാണ്. സർക്കാരിനെതിരെ ഉയരുന്ന പൊതുരോഷത്തെ ദുർബലപ്പെടുത്താൻ നല്ല ആയുധം വർഗീയവിഷമാണെന്ന ബോധ്യമാണ് ഇതിനു പിന്നിലുള്ളത്. അസമത്വത്തിനും സാമ്പത്തിക പ്രതിസന്ധിയ്ക്കും ഫെഡറലിസം തകർക്കാനുള്ള കേന്ദ്ര സർക്കാർ നയങ്ങൾക്കും എതിരെ ഉയരുന്ന പ്രതിഷേധങ്ങളെ തമസ്കരിക്കാനാണ് സി.എ.എയിലൂടെ ബിജെപി സർക്കാർ ശ്രമിക്കുന്നത്.

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെപ്പോലും കാറ്റിൽ പറത്തിക്കൊണ്ട് പൗരത്വത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ നിർണ്ണയിക്കുന്ന സിഎഎ എല്ലാ അർത്ഥത്തിലും ഇന്ത്യയെന്ന ആശയത്തിനെതിരായ വെല്ലുവിളിയാണ്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31-നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര മതവിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകുകയും ഇസ്ലാം മതവിശ്വാസികൾക്കു മാത്രം പൗരത്വം നിഷേധിക്കുകയും ചെയ്യുന്നത് ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ്. മതാടിസ്‌ഥാനത്തിൽ ഇന്ത്യൻ പൗരത്വത്തെ നിർവ്വചിക്കുന്നത് ജനാധിപത്യവിശ്വസികളാകെ തള്ളിക്കളയേണ്ട നിലപാടാണ്. ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘപരിവാർ തലച്ചോറുകളിൽ നിന്നാണ് ഇത്തരമൊരു വിഷനിയമം ജന്മം കൊള്ളുന്നത്.

ജനവിരുദ്ധ വര്‍ഗീയ അജൻഡയുടെ ഭാഗമായ ഈ നിയമം കേരളത്തില്‍ നടപ്പാക്കില്ല എന്ന് ഇതിനകം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതാണ്. ആ നിലപാട് എല്ലാ തലത്തിലും ഉറപ്പിക്കാന്‍ എൽ.ഡി.എഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനായി സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഒറിജിനല്‍ സ്യൂട്ട് സുപ്രീം കോടതിയില്‍ നിലവിലുണ്ട്. ചട്ടങ്ങള്‍ പുറപ്പെടുവിച്ച് നിയമം തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ധൃതിപിടിച്ച് നടപ്പാക്കുന്ന കേന്ദ്ര നീക്കത്തിന്റെ പശ്ചാത്തലത്തില്‍ നിയമപരമായ തുടര്‍നടപടികളുമായി മുന്നോട്ടു പോകാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിക്കുകയും ചെയ്തു.

ഇന്ത്യൻ ഭരണഘടനയുടെ ഭാഗം 2-ൽ “സിറ്റിസൺഷിപ്പ്” എന്ന അധ്യായമാണ് ഇന്ത്യൻ പൗരത്വത്തെ നിർണ്ണയിക്കുന്നത്. 1955 ലെ പൗരത്വ നിയമം ഭരണഘടനാ മൂല്യങ്ങൾക്കനുസൃതമായാണ് നിലവിൽ വന്നത്. 1955 ലെ ഈ പൗരത്വ നിയമം പിന്നീട് പലവട്ടം ഭേദഗതി ചെയ്യപ്പെടുകയുണ്ടായി. ആസ്സാം കരാറിനെ തുടർന്ന് 1986 ലായിരുന്നു ആദ്യത്തെ ഭേദഗതി. പിന്നീട് 1992, 2003, 2015 എന്നീ വർഷങ്ങളിലും ഭേദഗതികൾ വന്നു. ഈ ഭേദഗതികളൊന്നും തന്നെ മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വത്തെ നിർവ്വചിക്കുന്നവ ആയിരുന്നില്ല. “അനധികൃത കുടിയേറ്റക്കാർ” എന്ന സംജ്ഞ ആദ്യമായി പൗരത്വ നിയമത്തിൽ വരുന്നത് 2003 ൽ വാജ്പേയി സർക്കാരിന്റെ കാലത്താണ്. എന്നാൽ ആരാണ് “അനധികൃത കുടിയേറ്റക്കാർ” എന്നത് നിർവ്വചിക്കപ്പെട്ടത് മതാടിസ്ഥാനത്തിലല്ലായിരുന്നു. ദേശീയാടിസ്ഥാനത്തിൽ പൗരത്വ രജിസ്റ്റർ (NRC) നിർമ്മിക്കാനുള്ള നിർദ്ദേശം പക്ഷേ ഈ ഭേദഗതിയുടെ ഭാഗമായിരുന്നു.

2019 ലെ ഭേദഗതിയാണ് മതത്തെ പൗരത്വത്തെ നിർവ്വചിക്കാനുള്ള അടിസ്ഥാനമാക്കി മാറ്റിയത്. വാജ്പേയ് സർക്കാർ കൊണ്ടുവന്ന “അനധികൃത കുടിയേറ്റക്കാർ” എന്ന സംജ്ഞയ്ക്ക് മതപരമായ അർത്ഥതലം കല്പിച്ചു നൽകുകയാണ് 2019 ലെ ഭേദഗതി ചെയ്തത്. ആ അർത്ഥത്തിൽ, പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ ഭരണഘടനയുടെ 14, 21, 25 എന്നീ വകുപ്പുകളുടെയും ഭരണഘടനയുടെ അടിസ്ഥാന തത്വമായ മതേതരത്വത്തിന്റെയും ലംഘനമാണ് എന്ന് കാണാൻ കഴിയും. സംഘപരിവാറിന്റെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന്റെ അങ്ങേയറ്റം അപകടകരമായ രാഷ്ട്രീയ ആവിഷ്കാരമായി പൗരത്വ നിയമം മാറുന്നത് ഇങ്ങനെയാണ്.

ഭരണഘടനയുടെ ഭാഗം 3 വ്യക്തിയുടെ മൗലികാവകാശങ്ങളെക്കുറിച്ചു പറയുന്നു. മൗലികാവകാശങ്ങൾ ഹനിക്കുന്ന രീതിയിൽ ഒരു നിയമവും സർക്കാരുകൾക്ക് കൊണ്ടുവരാൻ കഴിയില്ല. സമത്വത്തിനുള്ള അവകാശങ്ങൾ ഭരണഘടനയുടെ ഭാഗം 3 ൽ ആർട്ടിക്കിൾ 14 മുതൽ 18 വരെയാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. ആർട്ടിക്കിൾ 14 പറയുന്നത് ഇപ്രകാരമാണ്: “The State shall not deny to any person equality before the law or the equal protection of the laws within the territory of India.” ഇവിടെ any person എന്നാണ് പറയുന്നത്. any citizen എന്നല്ല. അതായത് പൗരത്വം ഉള്ളതോ ഇല്ലാത്തതോ ആയ ഇന്ത്യൻ ഭൂപ്രദേശത്തുള്ള എല്ലാ വ്യക്തികൾക്കും നിയമത്തിന് മുന്നിൽ തുല്യതയും നിയമത്തിന്റെ തുല്യ പരിരക്ഷയും ഭരണഘടന ഉറപ്പുനൽകുന്നുണ്ട്.

ആരെയൊക്കെ ബാധിക്കും

സ്ത്രീകളെയാണ് ഇത് ഏറ്റവും രൂക്ഷമായി ബാധിക്കുക (അസം എൻ ആർ സിയുടെ മൂന്നിൽ രണ്ട് ഭാഗവും സ്ത്രീകളാണ്).

സ്ത്രീകൾക്ക് രേഖകൾ ഇല്ലാതിരിക്കാനും കയ്യിലുള്ള രേഖകൾ യോജിക്കാതിരിക്കാനുമുള്ള സാധ്യത കൂടുതലാണ്, ചില സമുദായങ്ങളിൽ വിവാഹശേഷം യഥാർഥ പേര് തന്നെ മാറ്റുന്ന അവസ്ഥയുണ്ട്. പലയിടങ്ങളിലും സ്ത്രീകളെ സ്‌കൂളിലയക്കുന്നതും അവർക്ക് അനന്തരാവകാശം നൽകുന്നതും തീരെ കുറവാണ്.

സമുദായ ഭേദമന്യേ, വിദ്യാഭ്യാസമില്ലാത്ത ദരിദ്രരുടെ പക്കല്‍ രേഖകൾ കാണില്ല. എസ് സി (ഏകദേശം 23 കോടി), എസ് ടി (12 കോടി), ഒ ബി സി (55 കോടി) വിഭാഗങ്ങൾ മിക്കവാറും പാവപ്പെട്ടവരാകും. അവരുടെ കയ്യിലൊന്നും രേഖകളുണ്ടാവില്ല.

നാടോടികളും ആദിവാസികളുമാണ് മറ്റൊരു കൂട്ടര്‍.

21 കോടി വരുന്ന ഇന്ത്യൻ മുസ്‌ലിങ്ങളിൽ മഹാഭൂരിപക്ഷവും എസ് സി, എസ് ടി വിഭാങ്ങളെപ്പോലെതന്നെ ആവശ്യമായ രേഖകളില്ലാതെ ജീവിക്കുന്നവരാകും.

അനാഥകളും ഉപേക്ഷിക്കപ്പെട്ട കുട്ടികളും (ഇന്ത്യയിൽ ഏകദേശം 3.1 കോടി കുട്ടികൾ അത്തരത്തിലുണ്ടെന്നാണ് യുനിസെഫ് റിപ്പോർട്ട്) പ്രതിസന്ധി നേരിടാവുന്ന മറ്റൊരു വിഭാഗമാണ്.

കുടുംബത്തിൽ നിന്ന് വിട്ട് ജീവിക്കുന്ന ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയിൽ പെട്ടവർ, ജനന സർട്ടിഫിക്കറ്റില്ലാത്തവർ (ഇന്ത്യയിൽ 42% അഥവാ 51.1 കോടി പേർക്കും ജനന സർട്ടിഫിക്കറ്റില്ല).

കുടിയേറ്റ തൊഴിലാളികൾ, അംഗവൈകല്യമുള്ളവർ എന്നിവരും പ്രതിസന്ധികള്‍ നേരിടും. അംഗവൈകല്യമുള്ളവരിൽ മഹാഭൂരിപക്ഷവും ഉപേക്ഷിക്കപ്പെട്ടവരാകും. 2011ലെ സെൻസസ് അനുസരിച്ച് 2.1 കോടി ഇന്ത്യക്കാർ അംഗവൈകല്യമുള്ളവരാണ്.

രേഖകളിൽ പേര് വ്യത്യാസമുള്ളവരാണ് മറ്റൊരു വിഭാഗം. അക്ഷരത്തെറ്റുകൾ ഇന്ത്യയിൽ പൊതുവായ പ്രശ്നമാണ്. അസമിൽ ഒരു രേഖയിൽ Sakhen Ali എന്നും മറ്റൊരു രേഖയിൽ Saken ali എന്നുമായതിനാൽ 5 വർഷമാണ് ഒരാള്‍ക്ക് ഡിറ്റൻഷൻ സെന്ററിൽ കിടക്കേണ്ടിവന്നത്.

പ്രളയം, കാട്ടുതീ, പോലെയുള്ള പ്രകൃതിദുരന്തങ്ങളിൽ രേഖകൾ നഷ്ടപ്പെട്ടവരാണ് പ്രശ്നം നേരിടാവുന്ന മറ്റൊരു വിഭാഗം.

സിറ്റിസൺസ് ഫോർ ജസ്റ്റിസ് & പീസ് 2024 മാർച്ച് 17ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ നിന്ന‍്
അവലംബം : ദി ഐഡം

ഇന്ത്യൻ ഭരണ ഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം ഇന്ത്യൻ ഭൂപ്രദേശത്തിനകത്ത് ഏവർക്കും നിയമത്തിനു മുമ്പിൽ സമത്വമോ ( Equality before law) തുല്യമായ നിയമ സംരക്ഷണമോ ( Equal protection of laws) നൽകുന്നു. അതിനാൽ പൗരത്വ ഭേദഗതി നിയമം ആർട്ടിക്കിൾ 14 ന്റെ നഗ്നമായ ലംഘനമാണെന്നത് നിസ്സംശയമാണ്. കുടിയേറ്റക്കാരെ മുസ്ലിങ്ങളെന്നും അമുസ്ലിങ്ങളെന്നും വിഭജിക്കുന്നതിലൂടെ ഇന്ത്യ എക്കാലവും ഉയർത്തിപ്പിടിക്കുന്ന ഭരണഘടനാ ധാർമ്മികതയ്ക്ക് വിരുദ്ധമായി മതപരമായ വിവേചനത്തെ നിയമപരമാക്കാൻ ശ്രമിക്കുകയാണ് സിഎഎ ചെയ്യുന്നത്.

അയല്‍ രാജ്യങ്ങളില്‍ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയെന്നതാണ് ലക്ഷ്യമെങ്കില്‍, ആ രാജ്യങ്ങളില്‍ പീഡനം നേരിടുന്ന മുസ്ലീം മതന്യൂനപക്ഷങ്ങളെ എന്തുകൊണ്ടാണ് ഉള്‍പ്പെടുത്താത്തത്? പാകിസ്ഥാനിലെ അഹമ്മദിയ മുസ്ലിങ്ങളും അഫ്ഗാനിസ്ഥാനിലെ ഹസ്സരാ വിഭാഗക്കാരും മ്യാന്‍മറിലെ റോഹിങ്ക്യകളും ശ്രീലങ്കന്‍ തമിഴ് വംശജരുമെല്ലാം പൗരത്വത്തിന്‍റെ പടിക്കു പുറത്താവുന്നത് പൗരത്വ ഭേദഗതി നിയമത്തിന്റെ രാഷ്ട്രീയലക്ഷ്യത്തെയാണ് വ്യക്തമാക്കുന്നത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യയില്‍ നിന്ന് നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയിട്ടുണ്ട് എന്നതുകൂടി ഓര്‍മ്മിക്കണം. കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വത്തെ നിയമവിരുദ്ധമാക്കുകയാണ് സിഎഎയുടെ പ്രഖ്യാപിത ലക്ഷ്യം.

സിഎഎയും എൻആർസി(ദേശീയ പൗരത്വ രജിസ്റ്റർ) യും തമ്മിൽ ബന്ധമൊന്നുമില്ല എന്നതായിരുന്നു പൗരത്വ സമര കാലത്തെ ഔദ്യോഗിക ഭാഷ്യം. എന്നാൽ 2019 ഏപ്രിലിൽ അമിത് ഷാ പറഞ്ഞത് ഇപ്രകാരമാണ്: “ആദ്യം സിഎബി വരും. എല്ലാ അഭയാർത്ഥികൾക്കും പൗരത്വം ലഭിക്കും. പിന്നെ എൻആർസി വരും. അതുകൊണ്ട് അഭയാർഥികൾ വിഷമിക്കേണ്ടതില്ല, നുഴഞ്ഞുകയറ്റക്കാർ വിഷമിക്കേണ്ടതുണ്ട്.”

2019 മെയ് ഒന്നിന് അമിത് ഷാ ട്വീറ്റ് ചെയ്തത്: “ആദ്യം പൗരത്വ ഭേദഗതി ബിൽ പാസാക്കുകയും അയൽ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ അഭയാർഥികൾക്കും ഇന്ത്യൻ പൗരത്വം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. അതിനുശേഷം എൻആർസി തയ്യാറാക്കും, ഞങ്ങളുടെ മാതൃരാജ്യത്ത് നിന്ന് എല്ലാ നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി നാടുകടത്തും”. ബുദ്ധമതക്കാരും ഹിന്ദുക്കളും സിഖുകാരും ഒഴികെയുള്ള എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ഞങ്ങൾ രാജ്യത്ത് നിന്ന് നീക്കം ചെയ്യുമെന്ന് പലവട്ടം അമിത് ഷാ പ്രസംഗിക്കുകയുണ്ടായി. എൻആർസി ബംഗാളിൽ മാത്രമല്ല ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കുമെന്നും കഴിഞ്ഞ ലോക്-സഭ തിരഞ്ഞെടുപ്പ് സമയത്ത് അമിത് ഷാ വ്യക്തമാക്കുകയുണ്ടായി. 2019 നവംബർ 21 നും 2019 ഡിസംബർ 21 നും പാർലമെന്റിൽ ആഭ്യന്തര മന്ത്രി എന്ന നിലയിൽ അമിത് ഷാ ഇക്കാര്യം ആവർത്തിക്കുകയുണ്ടായി. എൻആർസി രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്നും ഒരു നുഴഞ്ഞുകയറ്റക്കാരനേയും വിടില്ലെന്നും ആഭ്യന്തര മന്ത്രി അന്ന് പറഞ്ഞു.

ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) എൻആർസിയുടെ മുന്നോടിയായുള്ള പ്രക്രിയയാണ്. എൻപിആറിൽ നിന്ന് ഫിൽട്ടർ ചെയ്താണ് എൻആർസി പട്ടിക തയ്യാറാക്കുന്നത്. 2018-–19 ലെ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ വാർഷിക റിപ്പോർട്ടിൽ അധ്യായം 15, ഖണ്ഡിക 15 ൽ പറയുന്നത് ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്റ്റർ രൂപീകരിക്കുന്നതിനുള്ള ആദ്യപടിയാണ് എൻപിആർ എന്നാണ്. എന്നാൽ ഇവ തമ്മിൽ ബന്ധമില്ലെന്നാണ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ പൗരത്വ സമര സമയത്ത് പറഞ്ഞത്. എൻപിആർ സെൻസസിന്റെ ഭാഗമാണ് എന്നുവരെ പറഞ്ഞുവെക്കാനും ശ്രമങ്ങളുണ്ടായി. വാസ്തവത്തിൽ എൻപി ആറും സെൻസസും വ്യത്യസ്തമാണ്.
കേന്ദ്ര സര്‍ക്കാര്‍ 2019 ല്‍ ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തപ്പോള്‍ തന്നെ അതിനെതിരെ പ്രതിഷേധവുമായി കേരളമാകെ ഒന്നിച്ചണിനിരന്നു.

മതനിരപേക്ഷതയില്‍ നിന്ന് വ്യതിചലിക്കുന്നത് ഭരണഘടനയുടെ അടിത്തറ തോണ്ടുന്നതിന് തുല്യമാണെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അന്ന് വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമം മനുഷ്യത്വ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആണെന്ന നിലപാട് തുടക്കം മുതല്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചു. പൗരത്വ ഭേദഗതി നിയമമോ പൗരത്വ പട്ടികയോ (എന്‍ആര്‍സി) ജനസംഖ്യ രജിസ്റ്ററോ (എന്‍പിആര്‍) കേരളത്തില്‍ നടപ്പാക്കില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്ന തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണ് കേരളം.

എല്ലാവരേയും ഒരുമിപ്പിച്ച് പ്രക്ഷോഭം നടത്താനാണ് സര്‍ക്കാര്‍ അന്ന് മുന്‍കൈയെടുത്തത്. പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്ത് യോജിച്ച പ്രക്ഷോഭത്തിനാണ് തയ്യാറായത്. സര്‍ക്കാര്‍ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മയും തുടര്‍ന്നുനടന്ന സര്‍വ്വകക്ഷി യോഗവും ഈ വിഷയത്തില്‍ ഐക്യം രൂപപ്പെടുത്തി. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസ്സാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയാണ് രാജ്യത്ത് ആദ്യം പ്രമേയം പാസാക്കിയത്. 2019 ഡിസംബറിലായിരുന്നു ഇത്.

ഈ വിഷയത്തില്‍ മുന്‍കൈയെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് 13 ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി എന്ന നിലയില്‍ കത്തെഴുതുകയുമുണ്ടായി. വിശാലമായ യോജിപ്പിന് വഴിതുറക്കാനാണ് ഇത് ചെയ്തത്.

ഭരണഘടനാ സംരക്ഷണ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് ഇവിടെ ആര്‍എസ്എസിന്റെ അജൻഡകള്‍ നടപ്പിലാവില്ല എന്ന് സര്‍ക്കാര്‍ ഉറക്കെ പ്രഖ്യാപിച്ചു. അതോടൊപ്പം തന്നെ പൗരത്വ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഈ വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്ന ആദ്യ സംസ്ഥാനവും നമ്മുടേതാണ്. എൽഡിഎഫ് നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ദേശീയപാതയിൽ മനുഷ്യ ചങ്ങല തീർക്കുകയും ചെയ്യുകയുണ്ടായി. പൗരത്വ പ്രശ്നത്തിൽ ആശങ്കയുള്ള ജനവിഭാഗത്തിന്റെയാകെ ഭീതി മാറ്റി ഒപ്പമുണ്ടെന്ന ധൈര്യം പകരുകയാണ് സർക്കാർ ചെയ്തത്. ജനങ്ങളോടുള്ള പ്രതിബദ്ധതയും രാജ്യത്തോടും ഭരണഘടനയോടും ഉള്ള കൂറുമാണ് ഇതിന് സർക്കാരിനെ പ്രേരിപ്പിച്ചത്.

എന്നാൽ കേരളത്തിലെ കോൺഗ്രസുകാർ പൗരത്വ നിയമത്തിനെതിരെ ആത്മാർത്ഥതയോടെയാണോ നിലകൊണ്ടത്? ആദ്യ ഘട്ടത്തില്‍ യോജിപ്പിന് തയ്യാറായ കോണ്‍ഗ്രസ് വളരെപ്പെട്ടന്ന് ചുവട് മാറ്റി. നിയമസഭ ഒറ്റക്കെട്ടായി പാസ്സാക്കിയ പ്രമേയത്തെ പോലും അന്നത്തെ കെപിസിസി പ്രസിഡന്റ് പരിഹസിച്ചു. പ്രമേയം പാസ്സാക്കിയതില്‍ മുഖ്യമന്ത്രി മേനി നടിക്കണ്ട എന്നും പ്രമേയം പാസ്സാക്കിയതുകൊണ്ട് കേന്ദ്രം പാസ്സാക്കിയ നിയമം ഇല്ലാതാകില്ലല്ലോ എന്നുമായിരുന്നു അന്നത്തെ കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന.

നിയമസഭ ഒറ്റക്കെട്ടായി പാസ്സാക്കിയ പ്രമേയത്തെ പോലും അന്നത്തെ കെപിസിസി പ്രസിഡന്റ് പരിഹസിച്ചത് കോൺഗ്രസ്സ് പാർടിയുടെ കൂറ് ആരോടാണെന്ന് വ്യക്തമാക്കുന്നതാണ്.

പ്രമേയം പാസ്സാക്കിയതിൽ മുഖ്യമന്ത്രി മേനി നടിക്കണ്ട എന്നും പ്രമേയം പാസ്സാക്കിയതുകൊണ്ട് കേന്ദ്രം പാസ്സാക്കിയ നിയമം ഇല്ലാതാകില്ലല്ലോ എന്നുമായിരുന്നു കെപിസിസി പ്രസിഡന്റ് നടത്തിയ പ്രസ്താവന. യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന നിലപാടാണ് പിന്നീട് കോണ്‍ഗ്രസ്സില്‍ നിന്നും വന്നത്. വര്‍ഗ്ഗീയ വിഭജന നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭങ്ങള്‍ക്ക് ഉറച്ച പിന്തുണ നല്‍കിയ കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയായിരുന്നു കോണ്‍ഗ്രസ്സിന്റെ ഈ തീരുമാനം. ഇടതുപക്ഷവുമായി യോജിച്ച് പൗരത്വ വിഷയത്തില്‍ പ്രക്ഷോഭത്തിനിറങ്ങിയവര്‍ക്കുനേരെ കോണ്‍ഗ്രസ്സ് പാര്‍ടിതല നടപടി എടുക്കുന്ന നിലവരെയുണ്ടായി.

ബിജെപി സര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയെടുത്ത 2019 ഡിസംബര്‍ രണ്ടാം വാരത്തില്‍തന്നെ രാജ്യത്താകെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതാണ്. മതനിരപേക്ഷ രാഷ്ട്രീയം മുറുകെപ്പിടിക്കുന്നവര്‍ ഡിസംബര്‍ 10-നു രാജ്യമാകെ തെരുവിലിറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ടി അദ്ധ്യക്ഷയുടെ വീട്ടില്‍ വിരുന്നുണ്ണുകയായിരുന്നു. വയനാട് എംപി രാഹുൽ ഗാന്ധി വിദേശത്തെവിടെയോയായിരുന്നു. സോണിയാ ഗാന്ധിക്കൊപ്പം ചിരിച്ചു ഫോട്ടോയ്ക്ക് പോസുചെയ്യുന്ന കേരളത്തിലെ മറ്റു എംപിമാരുടെ ഫോട്ടോ അന്നു ചർച്ചയായി.

ദേശീയ പൗരത്വപ്പട്ടികയുടെ ചെലവ്

അസമിൽ പൗരത്വപ്പട്ടിക തയ്യാറാക്കുന്നതിന് ചെലവായത് 1200 കോടി രൂപയാണ്. 52,000 ഉദ്യോഗസ്ഥരെ നിയോഗിച്ചു. പത്ത് വർഷം സമയമെടുത്തു. അസമിലെ ജനസംഖ്യ മൂന്ന് കോടിയാണ്. ഈ തോതിലാണെങ്കിൽ 134 കോടി ജനങ്ങളുടെ പൗരത്വപ്പട്ടിക തയ്യാറാക്കാൻ വേണ്ടി വരിക 55,000 കോടി രൂപയാണ്. ആരോഗ്യ മേഖലയ്ക്കായി ഒരു വർഷം ഇന്ത്യൻ സർക്കാർ ചെലവിടുന്നത് 65,000 കോടിയും വിദ്യാഭ്യാസത്തിന് 95,000 കോടിയുമാണെന്ന് ഓർക്കുക.

2021ലെ ജനസംഖ്യാ കണക്കെടുപ്പ് നടന്നിട്ടില്ല. മുമ്പുള്ള കണക്കെടുപ്പ് പ്രകാരം ജനസംഖ്യ 134 കോടിയാണ്. ഇതിൽ ഒരു ശതമാനം മതിയായ രേഖകളില്ലാത്ത അനധികൃത കുടിയേറ്റക്കാരാണ് എന്ന് കണ്ടെത്തിയാൽ എണ്ണം 1.34 കോടിയാകും. ഇവരെ താമസിപ്പിക്കാനുള്ള തടവറകൾ നിർമിക്കാൻ മാത്രം വേണം രണ്ട് ലക്ഷം കോടി രൂപ!

ഈ തടവറകൾ നിലനിർത്തുന്നതിന് ഓരോ വർഷവും സർക്കാറിന് ചെലവിടേണ്ടിവരിക ആയിരക്കണക്കിന് കോടി രൂപയാണ്. തടവറയ്ക്ക് സുരക്ഷാ സംവിധാനമൊരുക്കണം. തടവറയിൽ അടയ്ക്കപ്പെടുന്നവർക്ക് ഭക്ഷണം നൽകണം. അങ്ങനെ ഉത്തരവാദിത്തം ഏറെയാണ്.

നേരിട്ടും അല്ലാതെയും ഇന്ത്യൻ പൗരർ നൽകുന്ന നികുതിയിൽ നിന്ന് വേണം ഈ പണം കണ്ടെത്താൻ.

അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി തടവിലാക്കപ്പെടുന്നവർ, അങ്ങനെയല്ലാതിരുന്ന കാലത്ത് അധ്വാനിച്ച് സമ്പാദിച്ചിരുന്നതൊക്കെ രാജ്യത്തിന് നഷ്ടമാകും.

വേണ്ട രേഖകളില്ലെന്ന കാരണം പറഞ്ഞ് അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തപ്പെട്ടവരോ അവരുടെ ബന്ധുക്കളോ നിയമ നടപടികൾക്ക് തയ്യറാകും. സർക്കാർ ഉദ്യോഗസ്ഥരും ജഡ്ജിമാരും ഇതര കോടതി ജീവനക്കാരും ഈ നിയമ നടപടികൾക്കായി സമയം നീക്കിവെക്കേണ്ടിവരും. ഉത്പാദനക്ഷമമല്ലാത്ത ഒരു കാര്യത്തിന് വേണ്ടിയാകും ഇവരുടെ സമയം നീക്കി വെക്കേണ്ടിവരിക. അത് സർക്കാർ ഖജനാവിനെയാണ് പാപ്പരാക്കുക.

അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിക്കപ്പെടുന്ന സാധാരണ മനുഷ്യർ അവരുടെ ഭാഗം സ്ഥാപിച്ചെടുക്കുന്നതിന് ചെലവിടേണ്ടി വരുന്ന പണമോ? 3.2 കോടി ജനസംഖ്യയുള്ള അസമിൽ ഇങ്ങനെ ചെലവിടേണ്ടി വരുന്നത് 11,000 കോടി രൂപയാണെന്നാണ് ഏകദേശ കണക്ക്. പൗരത്വപട്ടിക തയ്യാറാക്കിയപ്പോൾ പുറംതള്ളപ്പെട്ട 19 ലക്ഷം പേർ ട്രൈബ്യൂണലുകളിലും കോടതികളിലും നടപടികൾ തുടരുന്നതോടെ ഈ സംഖ്യ വലിയതോതിൽ ഉയരും. അസമിൽ ചെലവിട്ട 11,000 കോടി രൂപയെ അടിസ്ഥാനമാക്കി രാജ്യത്തെ കണക്കെടുത്താൽ വേണ്ടി വരിക അഞ്ച് ലക്ഷം കോടി രൂപയാണ്.

ഒരു കുറ്റവും ചെയ്യാതെ പൗരത്വം റദ്ദാക്കപ്പെടുകയും അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്താൽ അത് നിശ്ശബ്ദം സ്വീകരക്കാൻ ആരും തയ്യാറാകില്ല. അതിനെ ചോദ്യം ചെയ്യാൻ ഏതാണ്ടെല്ലാവരും തയ്യാറാകുകയും ചെയ്യും.

പൗരത്വത്തിന് തീർത്തും വിഭാഗീയമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുകയും അതുപയോഗപ്പെടുത്തി ലക്ഷണക്കിന് ആളുകളെ തടങ്കലിലാക്കുകയും ചെയ്താൽ അന്താരാഷ്ട്ര സമൂഹം ഇന്ത്യക്കു മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനുള്ള സാധ്യത ഏറെയാണ്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 50% വിദേശരാജ്യങ്ങളുമായുള്ള വ്യാപാര – വാണിജ്യ ഇടപാടുകളിൽ നിന്നുള്ളതാണ്.

സിറ്റിസൺസ് ഫോർ ജസ്റ്റിസ് & പീസ് 2024 മാർച്ച് 17ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ നിന്ന‍്
അവലംബം : ദി ഐഡം

പൗരത്വ നിയമത്തിനെതിരെ ഡൽഹിയിൽ ജനകീയ സമരം നടന്നപ്പോൾ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട് തുടങ്ങി നിരവധി സിപിഐഎം നേതാക്കൾ ഡൽഹിയിൽ അറസ്റ്റു ചെയ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ എംപിമാർ ജനകീയ സമരത്തിന് പിന്തുണയുമായി നിലകൊണ്ടു. 2019 ഡിസംബർ 9 ന് ലോക്-സഭയിൽ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ കേരളത്തിൽ നിന്നും അതിനെതിരെ ശക്തമായ ശബ്ദമുയർത്തിയത് ആലപ്പുഴ എംപി എ.എം ആരിഫ് ആയിരുന്നു. ഭരണഘടനാ വിരുദ്ധമായ ഉള്ളടക്കമുള്ള ബില്ല് ലോക്-സഭയില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ സാങ്കേതികമായി പ്രതികരിച്ചു എന്ന് വരുത്തി മൂലയ്ക്കൊളിക്കുകയായിരുന്നു കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍. കേരളത്തിനെതിരെയും കേരളത്തിലെ സര്‍ക്കാരിനെതിരെയും അടിയന്തിര പ്രമേയത്തിന് നോട്ടീസ് കൊടുക്കാനുള്ള ആവേശത്തിന്റെ നൂറിലൊന്ന് ആവേശം പോലും പൗരത്വ ബില്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസുകാര്‍ കാണിച്ചില്ല.

സി എ എ, എൻ പി ആർ, എൻ ആർ സി 
എന്നിവയുണ്ടാക്കുന്ന 
പ്രത്യാഘാതങ്ങൾ

കോടിക്കണക്കിനാളുകളാണ് ഇതുമൂലം ദുരിതത്തിലാവുക. ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ കോടിക്കണക്കിന് മനുഷ്യർ പൗരരല്ലാതായിത്തീരും.

അവർ ഡിറ്റൻഷൻ സെന്ററുകളിൽ അടക്കപ്പെടുകയോ പൗരരല്ലാത്ത അവസ്ഥയിൽ ബാക്കി ജീവിതം നയിക്കാൻ നിർബന്ധിക്കപ്പെടുകയോ ചെയ്യും. (പൗരർക്ക് ലഭിക്കേണ്ട ഒരു അവകാശവും ഇവർക്ക് ലഭിക്കില്ല.)

ദരിദ്രരുടെ അവകാശങ്ങൾ, അവരുടെ ശാക്തീകരണം എന്നിവ അജണ്ടയേയല്ലാത്ത സർക്കാറുകൾ നിലവിൽ വരും. ജനാധിപത്യ സമൂഹങ്ങളിൽ ക്ഷാമം ഒരു കാരണവശാലും സംഭവിക്കില്ല എന്ന തിയറിക്കാണ് അമർത്യാ സെന്നിന് നൊബേൽ സമ്മാനം ലഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റുകൾ സാധാരണ ജനങ്ങളുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നു, കാരണം അവരെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ശക്തി സാധാരണക്കാർക്കുണ്ട്. അതിനാൽ, വരൾച്ചയുടെ സമയത്ത്, ഈ സർക്കാരുകൾ ക്ഷാമം തടയാൻ നടപടികൾ കൈക്കൊള്ളുന്നുവെന്നതാണ് യാഥാർഥ്യം. ചോദ്യം ചെയ്യാൻ അവകാശമില്ലാത്ത ആൾക്കൂട്ടത്തിന് വേണ്ടി ആര് ശബ്ദിക്കാനാണ്.

ലോകത്ത് സാമ്പത്തിക അസമത്വം നിലനിൽക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യ മുൻനിരയിലാണ്. ഇന്ത്യൻ ജനസംഖ്യയുടെ 50 ശതമാനത്തിന്റെ ആകെ സമ്പത്തിന് സമാനമാണ് കേവലം 9 ഇന്ത്യൻ അതിസമ്പന്നരുടെ സമ്പത്ത് എന്നത് ചേർത്തുവായിക്കുക. എൻ ആർ സി വരുന്നതോടെ ദരിദ്രർക്ക് അനുഭവിക്കേണ്ടി വരുന്ന ആഘാതം വർധിക്കും. ദരിദ്രർ അതി ദരിദ്രരായി മാറുമെന്ന് ചുരുക്കം.

‘പൗരരല്ലാത്തവർക്ക്’ സർക്കാർ ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെടുന്നതോടെ രാജ്യത്ത് വലിയ അസുഖങ്ങൾ പരക്കുകയും സാധാരണ ജനജീവിതത്തെ അത് ബാധിക്കുകയും ചെയ്യും.

സർക്കാർ സംവിധാനങ്ങളിൽ അമിതാധികാരം കേന്ദ്രീകരിക്കപ്പെടുമെന്നത് മറ്റൊരു പ്രശ്നമാണ്. ഓഫീസ് ക്ലർക്ക് മുതൽ സാധാരണ പൊലീസുകാരൻ വരെ ഈ ശ്രേണിയിൽ ഉൾപ്പെടും.

സിറ്റിസൺസ് ഫോർ ജസ്റ്റിസ് & പീസ് 2024 മാർച്ച് 17ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ നിന്ന‍്
അവലംബം : ദി ഐഡം

ലോക്-സഭയില്‍ എന്നപോലെ രാജ്യസഭയിലും ഇടതുപക്ഷ അംഗങ്ങള്‍ ഈ അധാര്‍മ്മിക ബില്ലിനെതിരെ പ്രതിരോധം സൃഷ്ടിച്ചു. ഇടതുപക്ഷ അംഗങ്ങളായ എളമരം കരീമും ബിനോയ് വിശ്വവും കെ കെ രാഗേഷും ബില്ലിനെതിരെ രാജ്യസഭയില്‍ ശക്തിയുക്തം എതിര്‍പ്പുയര്‍ത്തി. പൗരത്വ ഭേദഗതി ബില്ലിലെ ഭരണഘടന വിരുദ്ധതക്കെതിരെ രാജ്യസഭയിലെ ഇടതുപക്ഷ അംഗങ്ങള്‍ ഭേദഗതി നിര്‍ദേശിക്കുകയും ബില്ല് സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബില്ല് വോട്ടിനിടാന്‍ ആവശ്യപ്പെട്ടതും ബില്ല് സെലക്റ്റ് കമ്മിറ്റിക്ക് വിടാന്‍ പ്രമേയം കൊണ്ടുവന്നതും ഇടതുപക്ഷ എംപിമാര്‍ ആയിരുന്നു. 2020 ജനുവരിയില്‍ ഡല്‍ഹി രാജ്യ തലസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനകീയ പ്രക്ഷോഭം കനത്തപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് എംപിമാരെ കാണാനുണ്ടായിരുന്നില്ല.

സമരത്തിനെതിരെ കേന്ദ്ര ഭരണകൂടത്തിന്റെ പകപോക്കല്‍ സമീപനമാണ് പിന്നീട് കണ്ടത്. തുടര്‍ന്ന് സംഘപരിവാര്‍ ആസൂത്രണത്തില്‍ ഡല്‍ഹിയില്‍ മുസ്ലിം വിരുദ്ധ കലാപം നടക്കുകയുണ്ടായി. ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അവിടെയും രക്ഷകരായി എത്തിയത് ഇടതുപക്ഷ ജനപ്രതിനിധികള്‍ മാത്രമായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ സംഘടിത ന്യൂനപക്ഷ വേട്ടയാണ് അവിടെ നടന്നത്. കലാപത്തിനിരയായവര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഇടത് എംപിമാര്‍ ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ ക്രൂരമായിട്ടാണ് പൊലീസ് കൈകാര്യം ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് ഷഹീന്‍ ബാഗില്‍ നടന്ന സമരത്തില്‍ പോലീസിന്റെ മൗനാനുവാദത്തോടെ സാമൂഹ്യവിരുദ്ധര്‍ ആക്രമണം അഴിച്ചുവിട്ടു. ഇതിനെതിരെയും സംരക്ഷണ കവചവുമായി ഓടിയെത്തിയത് ഇടതു എം പി മാരും ഇടതുപക്ഷ നേതാക്കളുമാണ്. കുറ്റകരമായ മൗനമാണ് കോണ്‍ഗ്രസ്സ് പുലര്‍ത്തിയത്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്റെ അങ്ങേയറ്റം വിദ്വേഷകരമായ പ്രസംഗം അന്നാണ് ഉണ്ടായത്. ‘ഗോലീ മാരോ സാലോം കോ’ എന്ന വിവാദ പ്രസംഗവും കലാപാഹ്വാനവും.

ഡല്‍ഹിയില്‍ കലാപാഹ്വാനം ചെയ്ത കേന്ദ്രമന്ത്രിക്കെതിരെ വൃന്ദാ കാരാട്ടും സിപിഐഎം ഡല്‍ഹി സംസ്ഥാന സെക്രട്ടറിയുമാണ് അന്ന് കോടതിയെ സമീപിച്ചത്.
ഡല്‍ഹി കലാപത്തിലെ ഉത്തരവാദികളെ ശിക്ഷിക്കുന്നതിന് പകരം കേന്ദ്രസര്‍ക്കാര്‍ ഇരകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് പിന്നീടുണ്ടായത്.

സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരെ അകാരണമായി അറസ്റ്റ് ചെയ്തു. ഡല്‍ഹി കലാപത്തിന്റെ യഥാര്‍ഥ പ്രതികള്‍ പുറത്ത് വിലസി നടക്കുമ്പോള്‍ ഇരകള്‍ ക്രൂശിക്കപ്പെട്ടു. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ നയിച്ചതിന്റെ പേരിലാണ് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേര് ഡല്‍ഹി പൊലീസ് കുറ്റപത്രത്തില്‍ പെടുത്തിയത്. രാജ്യത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരു നേതാവിന്റെപേരുപോലും ഡല്‍ഹി പൊലീസിന്റെ കുറ്റപത്രത്തില്‍ ഇല്ലായിരുന്നു. കാരണം പൗരത്വ നിയമത്തിനെതിരായ സമരങ്ങളില്‍ കോണ്‍ഗ്രസ്സ് എവിടെയും ഇല്ലായിരുന്നു.

വളരെ വൈകിയാണ് പൗരത്വ ബില്‍ വിഷയത്തില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സ് പരസ്യമായി നിലപാട് പറഞ്ഞതുതന്നെ.

കേരളത്തെ മാതൃകയാക്കി കൊണ്ടാണ് കോണ്‍ഗ്രസ് ഭരണത്തിലുണ്ടായിരുന്ന പഞ്ചാബ് നിയമസഭാ 2020 ജനുവരിയില്‍ പൗരത്വ വിഷയത്തില്‍ പ്രമേയം പാസ്സാക്കിയത്. അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഇന്ന് ബിജെപിയിലാണ് എന്നത് വേറൊരു വസ്തുത.

കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തിട്ട് ഇപ്പോള്‍ രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു.

എന്നാല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ്സ് ഔദ്യോഗികമായി ഇതുവരെ എന്തെങ്കിലും പറഞ്ഞിട്ടില്ല. കേരളത്തില്‍ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ ആയതുകൊണ്ട് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞുവെന്ന് ബോധിപ്പിക്കാന്‍ ശ്രമിക്കുന്നു.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന് ഇനിയും ഒരു നിലപാടില്ലേ? ഇതുവരെയും കോണ്‍ഗ്രസ് പാര്‍ട്ടിയോ അതിന്റെ ദേശീയ അധ്യക്ഷനോ ഈ വര്‍ഗ്ഗീയ വിഭജന നിയമത്തിന് എതിരെ ഔദ്യോഗികമായി ഒരക്ഷരം മിണ്ടിയിട്ടില്ല. ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധിയാകട്ടെ ഇതുവരെ ഇങ്ങനെയൊരു വിഷയം അറിഞ്ഞതായേ ഭാവിച്ചിട്ടില്ല. കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് പൗരത്വ നിയമത്തിനെതിരെ പേരിനെങ്കിലും നിലപാടുള്ളത് എന്നാണോ നമ്മള്‍ മനസ്സിലാക്കേണ്ടത്?

സിഎഎക്കെതിരെ ഉറച്ച ശബ്ദത്തില്‍ നിലപാട് പറയാന്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് കഴിഞ്ഞിട്ടില്ല. പറഞ്ഞു എന്ന് വരുത്തിത്തീര്‍ക്കാന്‍ എക്സിൽ ആണ് ചെറുവരി കുറിപ്പ് എഴുതിയിട്ടത്. ആസാമിലെ കോണ്‍ഗ്രസ്സ് ഘടകകക്ഷിയായ അസം ജാതീയ പരിഷത്ത് നേതാക്കള്‍ തന്നെ കണ്ട് സിഎഎക്കെതിരെ നിവേദനം നല്‍കിയ ഫോട്ടോക്ക് ഒപ്പമാണ് ഈ കുറിപ്പ് നല്‍കിയത്.

എഐസിസിയുടെ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി (അദ്ദേഹം കേരളത്തില്‍ സ്ഥാനാര്‍ത്ഥിയുമാണ്) പറഞ്ഞത് ഇത്രയുമാണ്: “പൗരത്വബില്‍ 4 വര്‍ഷവും മൂന്നു മാസവും മുന്നേ പാര്‍ലമെന്റില്‍ പാസായതാണ്. ഇത്രയും കാലം ഇല്ലാത്ത തിടുക്കം ഇപ്പോഴെന്തിനാണ്? ഇതിന് തിരഞ്ഞെടുപ്പുവരെ കാത്തുനിന്നത് എന്തിനാണ്? കേന്ദ്ര സര്‍ക്കാരിന് ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ 4 വര്‍ഷവും മൂന്നു മാസവും മുന്നേ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാമായിരുന്നില്ലേ?” പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതില്‍ കോണ്‍ഗ്രസിന് പ്രശ്നമൊന്നുമില്ല എന്നല്ലേ ഇതിനര്‍ത്ഥം? തെരഞ്ഞെടുത്ത സമയം മാത്രമാണ് പ്രശ്നമായി തോന്നിയത്. കോണ്‍ഗ്രസ്സ് മീഡിയ വിഭാഗം തലവന്‍ ജയറാം രമേശും പൗരത്വ ബില്ലിന്റെ രാഷ്ട്രീയത്തെ തൊടാതെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചത്. തെരഞ്ഞെടുപ്പിന് മുന്‍പുള്ള ബിജെപിയുടെ ധ്രുവീകരണ ശ്രമമാണ് പൗരത്വ നിയമ വിജ്ഞാപനമെന്നുമാത്രമാണ് ജയറാം രമേശ് ആകെ പറയുന്ന രാഷ്ട്രീയം.

ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമായും നാല് കാര്യങ്ങളാണ് വ്യക്തമാക്കാനാഗ്രഹിക്കുന്നത്. ഒന്ന്, പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെയും ജനങ്ങളുടെയും ഭരണഘടനയുടെയും താല്പര്യങ്ങള്‍ ഹനിക്കുന്നതാണ്. അത് കേരളത്തില്‍ നടപ്പാക്കില്ല. രണ്ട്, ജനങ്ങളെ മതപരമായി വിഭജിക്കുന്ന തെറ്റായ നിയമത്തിനെതിരെ ഏറ്റവും ശക്തമായ നിലപാടെടുക്കുന്നതും പ്രക്ഷോഭം നടത്തുന്നതും ഇടതുപക്ഷവും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരുമാണ്. അതില്‍ നിന്നും ഒരിഞ്ച് പിന്നോട്ടുപോകില്ല. മൂന്ന്, കോണ്‍ഗ്രസ് ഈ വര്‍ഗ്ഗീയ നിയമത്തിനെതിരെ നിലപാടെടുക്കുന്നില്ല. കാപട്യപൂര്‍ണ്ണമായ ഒളിച്ചുകളിയാണ് നടത്തുന്നത്. ആ പാര്‍ട്ടി വിശ്വസിക്കാന്‍ കൊള്ളാത്ത ഒന്നാണെന്ന് ആവര്‍ത്തിച്ചു തെളിയിച്ചു കൊണ്ടിരിക്കുന്നു.

binary comment

നാല്, ആര്‍എസ്എസ് രൂപീകരണത്തിന്റെ നൂറാം വാര്‍ഷികത്തിലേക്കെത്തുന്ന 2025 ലേക്ക് കടുത്ത വര്‍ഗ്ഗീയ ലക്ഷ്യങ്ങളാണ് സംഘപരിവാറിനുള്ളത്. അതിലേക്കുള്ള പാലമാണ് പൗരത്വ ഭേദഗതി നിയമം. ആ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്ന രാഷ്ട്രീയവും സമീപനവും ഇടതുപക്ഷത്തിന്റേതാണ്. എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാര്‍ ഈ പോരാട്ടത്തിന്റെ മുന്‍നിരയില്‍ തന്നെ ഉണ്ടാകും. എന്ത് ത്യാഗം സഹിച്ചും പോരാട്ടം തുടരും എന്നുള്ള ഉറപ്പ് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ്. മുട്ടുമടക്കുകയുമില്ല, നിശബ്ദരാകുകയുമില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 − twelve =

Most Popular