Thursday, November 21, 2024

ad

Homeവിശകലനംമോദി സർക്കാരിന്റെ ലക്ഷ്യം ജനങ്ങളെ ഭിന്നിപ്പിക്കൽ

മോദി സർക്കാരിന്റെ ലക്ഷ്യം ജനങ്ങളെ ഭിന്നിപ്പിക്കൽ

സി പി നാരായണൻ

തിരഞ്ഞെടുപ്പ്- (ഇലക്ടറൽ) ബോണ്ടുകളെ സുപ്രീംകോടതി റദ്ദാക്കിയതും അതുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരഞ്ഞെടുപ്പു കമ്മീഷനു നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് കൽപ്പിച്ചതും നരേന്ദ്രമോദി സർക്കാരിനു കനത്ത അടിയാണ്. അതു സംബന്ധമായ വിവരം പൂർണമായി പുറത്തുവരുമ്പോൾ സമ്പന്നരിൽനിന്നും വൻ തുക സംഭാവനയായി സ്വീകരിക്കാൻ ബിജെപി ഒരുക്കിയ കുറുക്കുവഴിയാണ് ആ ബോണ്ടുകൾ എന്നു സ്പഷ്ടമാകും. അഴിമതിയുടെ ചെളിക്കുണ്ടിൽ അകപ്പെട്ട പാർടിയാണ് ബിജെപി. തങ്ങൾക്കെതിരായി അണിനിരക്കുന്ന വിവിധ പാർട്ടികളുടെ ‘ഇന്ത്യാ’ ചേരി അത് തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിന്റെ ഊക്കു കുറയ്ക്കാനാണ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നത് സംബന്ധിച്ച ചട്ടങ്ങൾക്കു മോദി സർക്കാർ ഈ സന്ദർഭത്തിൽ തിരക്കിട്ട് അംഗീകാരം നൽകിയത്.

ജനങ്ങളെ മതാടിസ്ഥാനത്തിൽ കള്ളിതിരിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി. അ-ഫ്ഘാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ സർക്കാരുകളുടെ പീഡനത്തിൽനിന്നു രക്ഷതേടി വരുന്ന ഹിന്ദുക്കൾ, സിഖുകാർ, ജെെനന്മാർ, ബുദ്ധമതക്കാർ, പാഴ്സികൾ, ക്രിസ്ത്യാനികൾ എന്നീ മതവിഭാഗങ്ങളിൽപെട്ട പൗരർക്കാണ് പൗരത്വ നിയമഭേദഗതി ബാധകമാക്കിയിട്ടുള്ളത്; അതായത് പീഢനം നേരിടുന്ന അവിടങ്ങളിലെ ഭൂരിപക്ഷമതക്കാരായ മുസ്ലിങ്ങൾ ആരെങ്കിലും അഭയംതേടി വന്നാൽ അത് നൽകില്ല എന്നതാണ് മോദി സർക്കാർ അക്കാര്യം തുറന്നു പറയാതെ വെളിപ്പെടുത്തുന്നത്.

ഇവിടെ ആർഎസ്എസ് – ബിജെപിയും മോദി സർക്കാരും പ്രയോഗത്തിൽ കൊണ്ടുവരുന്നത് മതാടിസ്ഥാനത്തിലുള്ള പൗരത്വം എന്ന സങ്കൽപനമാണ്, കാഴ്ചപ്പാടാണ്, തത്വമാണ്. അത് നമ്മുടെ ഭരണഘടനാ കാഴ്ചപ്പാടിനു തന്നെ എതിരാണ്. ഇവിടെ പൗരത്വത്തിനു മതം പരിഗണനാ വിഷയമേ അല്ല. അതാണ് നമ്മുടെ ഭരണഘടനയുടെ അന്തഃസത്ത. അയൽ രാജ്യങ്ങളിൽനിന്നു വരുന്ന അഭയാർഥികളെ മതാടിസ്ഥാനത്തിൽ വേർതിരിക്കാൻ ശ്രമിക്കുകയാണ് മോദി സർക്കാർ. അതുവഴി നമ്മുടെ ഭരണഘടനാ വ്യവസ്ഥയിലേക്കും ജനങ്ങളുടെ ബോധമണ്ഡലത്തിലേക്കും മതത്തെ ഒരു അടിസ്ഥാന പ്രമാണമായി അവതരിപ്പിക്കുന്നതിനു ശ്രമിക്കുകയാണ്. മോദി സർക്കാരിനെയും ബിജെപിയെയും നയിക്കുന്ന ആർഎസ്എസ്, ഏഴര പതിറ്റാണ്ടുമുമ്പ് ഭരണഘടനാ നിർമാണസഭയും പിന്നീട് കാലാകാലങ്ങളിൽ പാർലമെന്റും തള്ളിക്കളഞ്ഞ പൗരത്വത്തിനു മതത്തെ ഒരു പരിഗണനയാക്കണം എന്ന കാഴ്ചപ്പാടിനെ പിൻവാതിലിലൂടെ നിയമപുസ്തകങ്ങളിലേക്ക് ഒളിച്ചു കടത്തുകയാണ്.

രണ്ടാം ലോക യുദ്ധത്തിനുശേഷം നിരവധി കോളനികൾ സ്വതന്ത്രമായതോടെ അതേവരെ അതത് രാജ്യങ്ങളിലും സാമ്രാജ്യത്വ ലോകത്തും ആധിപത്യം വഹിച്ചിരുന്ന പല സങ്കുചിത – യാഥാസ്ഥിതിക – വിവേചനപര കാഴ്ചപ്പാടുകൾക്കും തത്വങ്ങൾക്കും ജനാധിപത്യ ചർച്ചകളിൽ സ്ഥാനമില്ലാതായി. അക്കൂട്ടത്തിൽപെടുന്നതാണ് ഇരുണ്ട യുഗങ്ങളിൽ ആധിപത്യം വഹിച്ചിരുന്ന മത – ജാതി വിവേചനങ്ങളിൽനിന്നുയർന്നുവന്നതും അവയെ എക്കാലത്തേക്കും നിലനിർത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതുമായ ആചാരാനുഷ്ഠാനങ്ങളും വിചാരങ്ങളും. ചാതുർവർണ്യം ഇന്ത്യയിൽ അവയുടെ ഒരു പ്രഭവ കേന്ദ്രമായിരുന്നല്ലോ. സാമ്രാജ്യത്വത്തിനെതിരായും സ്വാതന്ത്ര്യത്തിനുവേണ്ടിയും ഒരു പുതിയ സമൂഹം സൃഷ്ടിക്കുക ലാക്കാക്കിയുമുള്ള ബഹുജന പ്രസ്ഥാനങ്ങൾ പൊതുമണ്ഡലത്തിൽനിന്നു ഓരോ വ്യക്തിയുടെയും സ്വകാര്യ ചിന്തയിലേക്കും ആചാരങ്ങളിലേക്കും ഒതുക്കി നിർത്തിയ പലതിന്റെയും കൂട്ടത്തിൽപെട്ട ഒന്നാണ് മതവും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും. അതു സംബന്ധമായ കാലഹരണപ്പെട്ട ചിന്തകളിൽപെട്ടവയാണ് മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഏതു വിവേചനവും, വ്യക്തികൾക്കോ കുടുംബങ്ങൾക്കോ അത് ആചരിക്കുന്നതിനു ഭരണകൂടവും നിയമങ്ങളും തടസ്സമല്ല. എന്നാൽ, ജനങ്ങളുടെ അവകാശാധികാരങ്ങളുടെ മണ്ഡലത്തിൽ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം നടത്താൻ നിലവിലുള്ള നിയമങ്ങൾ അനുവദിക്കുന്നില്ല. ഇങ്ങനെ നിയമപരമായും അതിലേറെ സമൂഹത്തിൽ ഇന്നും അംഗീകരിക്കപ്പെടുന്ന കീഴ്-വഴക്കങ്ങളുടെ അടിസ്ഥാനത്തിലും മതത്തെ വ്യക്തികളുടെ സ്വകാര്യചിന്തകളിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്കും ഒതുക്കി നിർത്തുന്നത് ജനാധിപത്യസമൂഹം പതിറ്റാണ്ടുകളായി കീ-ഴ്-വഴക്കമാക്കിയിരിക്കുകയാണ്. അപ്പോഴാണ് അയൽരാജ്യങ്ങളിൽനിന്നു അഭയാർഥികൾക്ക് ഈ സമൂഹത്തിൽ സംരക്ഷണം നൽകാനുള്ള നിയമത്തിന്റെ സൂചിക്കുഴയിലൂടെ മതപരിഗണനയെ സർക്കാർ പിന്തുടരുന്ന നിയമങ്ങളിലേക്കും ചട്ടങ്ങളിലേക്കും വളഞ്ഞ വഴിയൂടെ കടത്തിവിടുന്നതിനു മോദി സർക്കാർ ശ്രമിക്കുന്നത്.

അതിൽ ഏറ്റവും അരോചകവും അതിനാൽ നിന്ദ്യവുമായ ഒരു ലാക്കുണ്ട്. അയൽരാജ്യങ്ങളിലെ ഭരണകൂടങ്ങൾ ആട്ടിപ്പായിക്കുന്ന നിരാശ്രയരായ വ്യക്തികൾക്കും കുടുംബങ്ങൾക്കും മതനിരപേക്ഷ ജനാധിപത്യരാജ്യമായ ഇന്ത്യ അഭയം നൽകുമ്പോൾ അവർ ഓരോരുത്തരുടെയും മതമേത് എന്നു ചികഞ്ഞു നോക്കാനുള്ള കുടില ചിന്ത. ആർഎസ്എസിനും ബിജെപിക്കും ശാസ്ത്രബോധത്തിന്റെയും അതിന്റെ വ്യാപനത്തോടെ രൂപംകൊണ്ട് വികസിച്ച ജനാധിപത്യബോധത്തിന്റെയും അടിസ്ഥാനത്തിൽ സമൂഹത്തെ വീക്ഷിക്കാനോ മനസ്സിലാക്കാനോ കഴിയില്ല. അത്തരത്തിൽ സാമൂഹ്യബന്ധങ്ങളെയും അവയെ ചൂഴ്-ന്നുനിൽക്കുന്ന രാഷ്ട്രബോധത്തെയും മനസ്സിലാക്കാനോ ഒാരോ വ്യക്തിയുടെയും മാനവരാശിയുടെ ആകെയും വളർച്ചയ്ക്കും വികാസത്തിനുമായി ജനാധിപത്യബോധത്തെ പ്രയോഗിക്കാനോ അവയൊട്ടും സന്നദ്ധവുമല്ല. മനുഷ്യസമൂഹത്തെ മതങ്ങളും വർണങ്ങളും ജാതികളും മറ്റുമായി നെടുകെയും കുറുകെയും വിഭജിച്ച നമ്മുടെ പൂർവഗാമികളുടെ ഗതകാലചിന്താഗതിയെ ആധുനിക സമൂഹത്തിനും അതിന്റെ ചിന്തയ്ക്ക് അനുസരിച്ച് നീങ്ങുന്ന വിധത്തിൽ പുനരാവിഷ്-ക്കരിക്കുന്നതിനോ അപ്പാടെ മാറ്റിയെഴുതുന്നതിനോ അവർ തയ്യാറല്ല.

ചരിത്രത്തിന്റെ നാൾ വഴികളിൽ പുതുതായി വരുന്ന എല്ലാവരും പുരോഗമന ചിന്താഗതിക്കാർ ആകണമെന്നില്ല. ഓരോരോ ഘട്ടത്തിൽ സമൂഹത്തെ പിന്നോട്ടു വലിക്കാൻ വെമ്പൽകൊണ്ട് ചിലർ ശക്തമായി ഇടപെടുമ്പോൾ അവരെയും അവരുടെ പ്രേരണകളെയും ആശയങ്ങളെയും പരാജയപ്പെടുത്തി പിൻതള്ളി മുന്നേറേണ്ട ബാധ്യത പുരോഗമന ചിന്താഗതിക്കാർക്കുണ്ട്. സമൂഹത്തെ പിന്നോട്ടുവലിക്കുന്നവർ എത്ര ശക്തരാണെങ്കിലും, അതതു കാലത്തെ പുരോഗമന ശക്തികൾക്ക് സമൂഹത്തെ മുന്നോട്ടു നയിക്കേണ്ട കടമയുണ്ട്. ലോകത്തിലെ പല പ്രമുഖ രാജ്യങ്ങളിലും പിന്നോട്ടുപോക്കിന്റെ സൂചനകൾ ശക്തമായും അത്ര തന്നെ ശക്തമല്ലാതെയും ഇന്നു പ്രകടമാണ്. അതിനെതിരെ പോരാടേണ്ട കടമ ഓരോ രാജ്യത്തെയും പുരോഗമനശക്തികൾക്കുണ്ട്.

ബിജെപി പ്രതിനിധാനം ചെയ്യുന്നത് 1947 നുമുമ്പുള്ള ഇന്ത്യയെ മാത്രമല്ല, ബ്രിട്ടീഷുകാർ ഇന്ത്യയെ കീഴ്-പ്പെടുത്തി ഒറ്റഭരണത്തിൻ കീഴിൽ ഏകോപിപ്പിച്ച് ആധുനിക കാലത്തിനുമുമ്പ് പല തട്ടുകളിലായി ഭിന്നിച്ചുനിന്ന സമൂഹത്തെയാണ്; ആധുനികചിന്ത വളർന്നുവരാൻ തുടങ്ങിയ 17–ാം നൂറ്റാണ്ടിനുമുമ്പ് നിലനിന്ന സാമൂഹ്യ–രാഷ്ട്രീയ–യുക്തി ചിന്തകളെയാണ്. ഹിന്ദുക്കളെ കേന്ദ്രീകരിച്ചും അവരല്ലാത്ത മതക്കാരെ, വിശേഷിച്ച് മുസ്ലീങ്ങളെ അപ്പാടെ അവഗണിക്കുന്നതിനും വിവേചനങ്ങൾക്ക് ഇരയാക്കുന്നതിനും മാത്രമല്ല, നശിപ്പിക്കാൻ കൂടിയുള്ള ചിന്താഗതിയാണ് അവരുടേത്. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഭിന്നിപ്പിച്ച് കഴിഞ്ഞ നാലു നൂറ്റാണ്ടായി വിവിധ ഭരണാധികാരികൾക്കും ആശയങ്ങൾക്കും കീഴിൽ മുന്നോട്ടുനീങ്ങിയ ഇന്ത്യൻ സമൂഹത്തെ അതിനു മുന്നിലേക്കുള്ള കാലത്തേക്ക് നയിക്കാനാണ് മോദി സർക്കാരിന്റെ നീക്കം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − 8 =

Most Popular