തിരഞ്ഞെടുപ്പ് രംഗത്ത് വര്‍ഗീയവികാരം ആളിക്കത്തിക്കുക എന്ന ലക്ഷ്യം വെച്ചു കൊണ്ട് പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ മോദി ഗവണ്‍മെന്റ് അംഗീകരിക്കുകയും അത് നടപ്പിലാക്കുന്നതിനായി മുന്‍കൈയെടുക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയിലെ മതനിരപേക്ഷത എന്ന അടിസ്ഥാന മൂല്യത്തെ തുരങ്കം വെക്കും വിധം ഒരു ത്രിശൂലാക്രമണമാണ് 2019 ല്‍ മോദി ഗവണ്‍മെന്റ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് നേരെ നടത്തിയത്. പൗരത്വ ഭേദഗതി നിയമം (സി എ എ) ദേശീയ പൗരത്വ രജിസ്റ്റര്‍, (എന്‍ ആര്‍ സി) ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍ പി ആര്‍ ) എന്നിവയാണവ. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ കാലോചിതമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ മോദി മന്ത്രിസഭ തിരക്കിട്ടാണ് സ്വീകരിച്ചത്. പൗരത്വ ഭേദഗതി നിയമത്തെ പാര്‍ലമെന്റിന്റെ രണ്ടു സഭകളിലും പുറത്തും സിപിഐഎം ശക്തമായി എതിര്‍ത്തിരുന്നു.
അതേസമയം ആസാം കരാറിന്റെ ചരിത്രപരമായ പശ്ചാത്തലത്തില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെയും ബന്ധപ്പെട്ട മറ്റു പ്രക്രിയകളുടെയും അധികാരപരിധിയില്‍ നിന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ മാറ്റി നിര്‍ത്തണം എന്ന ആവശ്യവും സിപിഐഎം മുന്നോട്ടുവച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിന് അത്തരം ഒരു നിര്‍ദ്ദേശം ഉള്‍ക്കൊള്ളുന്ന ഭേദഗതി സിപിഐഎം അവതരിപ്പിക്കുകയും അത് തള്ളിക്കളയുകയും ചെയ്തിരുന്നു. ആസാം കരാറുമായി ബന്ധപ്പെട്ട് പരിശോധിക്കുമ്പോള്‍ 1971 ആണ് പൗരത്വം അവകാശപ്പെടുന്നതിനുള്ള കട്ട് ഓഫ് ഡേറ്റ് ആയി തീരുമാനിച്ചിരുന്നത്. പക്ഷേ അതില്‍ ഒരിടത്തും പൗരത്വം ലഭിക്കുന്നതിന് മതം ഒരു മാനദണ്ഡമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എന്നാല്‍ പൗരാവകാശ ഭേദഗതി നിയമം ആസാം കരാറിനെതിരായ മാരകമായ ഒരാക്രമണവും വിദേശി എന്നത് മതം ഒരു മാനദണ്ഡമായി പ്രഖ്യാപിക്കുന്നതുമാണ്.ഇത് അടിസ്ഥാനപരമായി ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരാണ്.
പൗരത്വ ഭേദഗതി നിയമം അംഗീകരിച്ചതിനെ തുടര്‍ന്ന് രാജ്യമെമ്പാടും അതിശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. എന്നാല്‍ ഇതിനെ മറികടക്കുന്നതിനായി നുണ നൂറ് ആവര്‍ത്തിച്ചാല്‍ സത്യമാക്കി മാറ്റപ്പെടും എന്ന ഗീബല്‍സിയന്‍ തന്ത്രമാണ് വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. അങ്ങനെ പ്രചരിപ്പിക്കപ്പെട്ട നുണകളും അവ സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങളുമാണ് ഇവിടെ പരിശോധിക്കുന്നത്.
അസത്യം 1
പൗരത്വ ഭേദഗതി നിയമം വിവേചനപരമല്ല. പീഡിപ്പിക്കപ്പെടുന്നവരെ സഹായിക്കുക എന്നത് ഇന്ത്യയുടെ സംസ്കാരമാണ്. ഇത് നിലവില്‍ ഇന്ത്യന്‍ പൗരത്വമുള്ള ആരെയും ബാധിക്കുന്ന ഒന്നല്ല.
സത്യം
ഇന്ത്യന്‍ ഭരണഘടനയ്ക്കു മേല്‍ ഏല്‍പ്പിച്ച മാരകമായ ഒരാഘാതമാണ് പൗരത്വ ഭേദഗതി നിയമം.
1955ലാണ് ഇന്ത്യന്‍ പൗരത്വ നിയമം അംഗീകരിക്കപ്പെട്ടത്. ആ നിയമത്തില്‍ ഒരാള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കണമെങ്കില്‍ എന്തൊക്കെയാണ് വേണ്ടത് എന്ന് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഒരിടത്തും മതം ഒരു മാനദണ്ഡമല്ല. ഒരാള്‍ക്ക് ജന്മം കൊണ്ടും സ്ഥിരതാമസം കൊണ്ടും നിയമാനുസൃതം ആവശ്യപ്പെട്ടും റജിസ്ട്രേഷനിലൂടെയും ഭൂപരമായ കൂട്ടിച്ചേര്‍ക്കലിലൂടെയും പൗരത്വം നേടിയെടുക്കാവുന്നതാണ്. എന്നാല്‍ ഇതില്‍ ഒന്നിലും തന്നെ മതം ഒരു മാനദണ്ഡമായി പൗരത്വനിയമം പറഞ്ഞിട്ടില്ല. ഭരണഘടന ഇന്ത്യന്‍ പൗരത്വത്തെ നിര്‍വചിക്കുന്ന ഭാഗത്ത് ഒരിടത്തും മതവിശ്വാസമോ ജാതിയോ വര്‍ഗ്ഗമോ ലിംഗമോ ഒന്നും തന്നെ ഇന്ത്യന്‍ പൗരത്വം നേടിയെടുക്കുന്നതിനുള്ള മാനദണ്ഡമായി അംഗീകരിച്ചിട്ടില്ല.
എന്നാല്‍ പുതിയ പൗരത്വ നിയമം വകുപ്പ് ഒന്ന് ബി ഭേദഗതി ചെയ്യുന്ന ഭാഗത്ത് നിയമവിരുദ്ധ കുടിയേറ്റക്കാരെ കുറിച്ച് പറയുമ്പോള്‍ മതം ഒരു മാനദണ്ഡമായി സ്വീകരിക്കുകയാണ് ചെയ്യുന്നത്. 2003 ല്‍ വാജ്പേയി ഗവണ്‍മെന്റ് കൊണ്ടുവന്ന നിയമ ഭേദഗതിയില്‍ ആണ് ആദ്യമായി ‘നിയമവിരുദ്ധ കുടിയേറ്റക്കാര്‍’ എന്ന പ്രയോഗം തന്നെ കടന്നുവരുന്നത്. അതില്‍ അവരുടെ ലക്ഷ്യം വ്യക്തമായിരുന്നെങ്കിലും നിയമവിരുദ്ധ കുടിയേറ്റക്കാരെ ഒരിക്കലും മതത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വചിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ വാജ്പേയി ഗവണ്‍മെന്റ് തുടങ്ങിവച്ചത് പൂര്‍ത്തീകരിക്കുകയാണ് ഇപ്പോള്‍ മോദി ഗവണ്‍മെന്റ് ചെയ്തിരിക്കുന്നത്. പുതിയ ഭേദഗതി അനുസരിച്ച് വകുപ്പ് ഒന്ന് ബി യില്‍ ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. ‘‘അഫ്ഗാനിസ്ഥാനില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ പാക്കിസ്ഥാനില്‍നിന്നോ 2014 ഡിസംബർ 31നോ അതിനുമുമ്പോ ഇന്ത്യയിലേക്ക് കടന്നുവന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ മതവിശ്വാസികളില്‍ പെട്ടവരെ നിയമവിരുദ്ധ കുടിയേറ്റക്കാരായി കണക്കാക്കുന്നതല്ല’’. ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നും കടന്നുവന്ന മുസ്ലിം മതവിശ്വാസികളെ നിയമവിരുദ്ധ കുടിയേറ്റക്കാരായി കണക്കാക്കും എന്നാണ് അർഥം. ഇത് മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണ്. അതുകൊണ്ടുതന്നെ അത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധവുമാണ്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ പൗരത്വം നേടിയെടുക്കുന്നതിന് മതം ഒരു മാനദണ്ഡമായി കണക്കാക്കപ്പെടുന്ന ആദ്യത്തെ ഭേദഗതിയാണ് ഈ നിയമത്തിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഉദാഹരണത്തിന് ഇന്ത്യയില്‍ കുടിയേറി താമസിക്കുന്ന രണ്ടു വ്യക്തികള്‍,അവരുടെ കയ്യില്‍ സമാനമായ രേഖകള്‍ ഉണ്ട്. എന്നാല്‍ അവരുടെ അച്ഛനമ്മമാര്‍ എവിടെ ജനിച്ചു, എന്നു മരിച്ചു എന്നീ വിവരങ്ങൾ കാണിക്കുന്ന രേഖകള്‍ ഒന്നുമില്ല. അതില്‍ ഒരാള്‍ ഹിന്ദുവാണെങ്കില്‍ അയാളുടെ ഇന്ത്യയിലേക്കുള്ള കുടിയേറ്റം നിയമപരവും മറ്റേയാള്‍ മുസ്ലീമാണെങ്കില്‍ അയാളുടെ കുടിയേറ്റം നിയമവിരുദ്ധവുമായി പ്രഖ്യാപിക്കപ്പെടും. എല്ലാ വ്യക്തികളും തുല്യരാണ് എന്ന് പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ പതിനാലാം അനുച്ഛേദം മുന്നോട്ടുവയ്ക്കുന്ന, നിയമത്തിനു മുമ്പില്‍ തുല്യത എന്ന മൗലികാവകാശത്തിന്റെ പരസ്യമായ ലംഘനവും അതുവഴി ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്കു മേലുള്ള ആക്രമണവും ആണ് ഈ നിയമം.
മറ്റൊരുതരത്തിലും ഈ നിയമം വിവേചനപരമാണ്. എന്തുകൊണ്ടാണ് ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ നിന്ന് ഈ മൂന്ന് രാജ്യങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നത്? മ്യാന്‍മറും ശ്രീലങ്കയും ഒക്കെ ഈ രാജ്യങ്ങളെപ്പോലെ തന്നെ ഇന്ത്യയുടെ അയല്‍രാജ്യങ്ങളാണ്. പാക്കിസ്ഥാനിലെ അഹമ്മദിയ സമുദായക്കാര്‍ അവിടുത്തെ സര്‍ക്കാരില്‍ നിന്ന് പീഡനം ഏറ്റുവാങ്ങുന്നവരാണ്. അയല്‍രാജ്യമായ ശ്രീലങ്കയില്‍ നിന്ന് കുടിയേറുന്ന മുസ്ലീമിനേയും ഹിന്ദുവിനെയും ഒരേപോലെ കാണാമെങ്കില്‍ ഈ മൂന്ന് അയല്‍ രാജ്യങ്ങളില്‍ നിന്നു വരുന്നവരെ മാത്രം വ്യത്യസ്തമായി കാണുന്നതിനുള്ള ന്യായം എന്താണ്? എന്തുകൊണ്ടാണ് ശ്രീലങ്കയെയും മ്യാന്‍മറിനേയും ഒഴിവാക്കുന്നത്? ഈ നിയമം വിവേചനപരമാണ് എന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഈ നിയമത്തിലെ രണ്ടാമത്തെ ഭേദഗതി ഇന്ത്യയില്‍ താമസമാക്കിയിട്ടുള്ള ഒരാള്‍ക്ക് പൗരത്വം ലഭിക്കണമെങ്കില്‍ എത്ര കൊല്ലം ഇവിടെ താമസിച്ചിരിക്കണം എന്നത് സംബന്ധിച്ചാണ്. 1955ലെ ഇന്ത്യന്‍ പൗരത്വ നിയമത്തിന്റെ വകുപ്പ് 6.1 പ്രകാരം സ്ഥിരതാമസത്തിലൂടെ പൗരത്വം നേടിയെടുക്കുന്നത് സംബന്ധിച്ച വകുപ്പാണ് ഇവിടെ ഭേദഗതി ചെയ്യപ്പെട്ടിരിക്കുന്നത്. നിയമത്തിന്റെ പട്ടിക മൂന്നില്‍ അത് സംബന്ധിച്ച് മറ്റു വിശദാംശങ്ങള്‍ കൊടുത്തിട്ടുണ്ട്. സ്ഥിരതാമസത്തിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് പൗരത്വത്തിന് അര്‍ഹത ലഭിക്കണമെങ്കില്‍ അതിന് തൊട്ടു മുമ്പുള്ള 11 വര്‍ഷം അയാള്‍ ഇന്ത്യയില്‍ സ്ഥിരമായി താമസിച്ചിരിക്കണം എന്നാണ് അതില്‍ പറഞ്ഞിരിക്കുന്നത്. അതിലും മതം ഒരു മാനദണ്ഡമായി പറഞ്ഞിട്ടില്ല. എന്നാല്‍ 2019ലെ പൗരാവകാശ ഭേദഗതി നിയമം സ്ഥിരതാമസത്തിന്റേതായ വര്‍ഷങ്ങളുടെ എണ്ണം അഞ്ചാക്കി കുറയ്ക്കുകയും അതില്‍ ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ ഒഴികെയുള്ളവരെ മാത്രം ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇതും തീര്‍ത്തും മതപരമായ വിവേചനത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍വഹിക്കപ്പെട്ടിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമം കൊണ്ടുവരുന്നതിനു മുമ്പ് 2015 സെപ്തംബറില്‍ ഇന്ത്യയുടെ പാസ്പോര്‍ട്ട് നിയമത്തിലും വിദേശികളെ സംബന്ധിച്ച നിയമത്തിലും പാര്‍ലമെന്റ് അറിയാതെ ഗൂഢമായി ചില നിയമ ഭേദഗതികള്‍ വരുത്തിയിരുന്നു. ഈ ഭേദഗതികള്‍ പ്രകാരം മതപരമായ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നേരത്തെ പറഞ്ഞ വിഭാഗങ്ങള്‍ക്ക് അവര്‍ 2014 ഡിസംബര്‍ 31ന് മുമ്പാണ് ഇന്ത്യയിലേക്ക് കടന്നു വന്നതെങ്കില്‍ ഇവിടെ സ്ഥിരമായി താമസിക്കുന്നതിന് അനുവാദം നല്‍കിയിരുന്നു. 2015 ല്‍ ഉപയോഗിച്ച അതേ വാക്കുകള്‍ തന്നെയാണ് പൗരത്വ ഭേദഗതി നിയമത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുസ്ലിം മതവുമായി ബന്ധപ്പെട്ടവരെ വിവേചനപരമായി ഒഴിവാക്കുക അതുവഴി ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കുക എന്ന മോദി ഗവണ്‍മെന്റിന്റെ ലക്ഷ്യമാണ് ഇതില്‍ വ്യക്തമാകുന്നത്.
അസത്യം 2
ഹിന്ദുക്കളായ കുടിയേറ്റ വിഭാഗങ്ങളെ പിന്തുണച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ ഈ ഭേദഗതിയെ എതിര്‍ക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ്.
2019 ഡിസംബര്‍ 22 ന് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് ബംഗ്ലാദേശില്‍ നിന്ന് വരുന്ന ന്യൂനപക്ഷ സമുദായങ്ങളുടെ കാര്യത്തില്‍ പ്രത്യേകനിയമനിര്‍മ്മാണം നടത്തണമെന്ന് കോണ്‍ഗ്രസും സി പി ഐ എമ്മും ആവശ്യപ്പെട്ടിരുന്നുവെന്നാണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ വാക്കു മാറ്റിയിരിക്കുന്നു എന്ന ആക്ഷേപമാണ് അദ്ദേഹം ഉന്നയിച്ചത്. 2012 ല്‍ നടന്ന സിപിഐഎമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച ഒരു പ്രമേയവും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടില്‍ നിന്നുള്ള ഒരു കത്തും അവര്‍ ഉദ്ധരിക്കുന്നുണ്ട്.
സത്യം
അവകാശനിഷേധത്തിനിരയാക്കപ്പെടുന്നവരുടെ കാര്യത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തുന്നതും മോദി ഗവണ്‍മെന്റ് നടത്തുന്ന പൗരത്വാവകാശ നിഷേധം പോലുള്ള ഭ്രാന്തന്‍ നടപടികളും തമ്മില്‍ താരതമ്യപ്പെടുത്തുന്നത് ശരിയല്ല. ഇന്ത്യയില്‍ അഭയം തേടിയെത്തുന്നവരുടെ ദുരവസ്ഥയില്‍ സി പി ഐ എം എക്കാലവും ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ ഇന്ത്യയെ വെട്ടിമുറിച്ചപ്പോള്‍ പുതിയ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് വന്ന അഭയാര്‍ത്ഥികളുടെ അവകാശ സംരക്ഷണത്തിന് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരും ഇടതുപക്ഷവും വളരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇവരെ പുനരധിവസിപ്പിക്കുന്നതില്‍ ബംഗാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഇടതുപക്ഷ പ്രസ്ഥാനവും മഹത്തരമായ പങ്കുവഹിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ബംഗാള്‍ അഭയാര്‍ത്ഥികളുടെ ദുരിതത്തിന്റെ ആ കാലത്ത് കയ്യുംകെട്ടി വെറുതെ ഇരിക്കുകയാണ് അവിടുത്തെ ആര്‍എസ്എസ് ചെയ്തത്.
ബംഗ്ലാദേശില്‍ നിന്നുവന്ന അഭയാര്‍ത്ഥികളില്‍ പെട്ട നാമശൂദ്ര ദളിത് സമുദായങ്ങളെ പട്ടികജാതിക്കാരായി അംഗീകരിക്കണമെന്ന് സിപിഐ എം ആവശ്യപ്പെടുകയും ബംഗാളില്‍ അത് അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ബി ജെ പി ഭരിച്ചിട്ടും അവര്‍ക്ക് പട്ടികജാതി പദവി അംഗീകരിക്കുകയുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇക്കാര്യം ഒരു പ്രമേയമായി അംഗീകരിക്കുകയും ഒരു കത്ത് സഹിതം ആ പ്രമേയം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് അയച്ചുകൊടുക്കുകയും ചെയ്തത്. സിപിഐ എം ഒരുകാലത്തും ഏതെങ്കിലും ഒരു നയപരമായ തീരുമാനത്തില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കണമെന്നോ അവര്‍ക്കെതിരായി വിവേചനപരമായ നിയമം ഉണ്ടാക്കണമെന്നോ ആവശ്യപ്പെട്ടിട്ടില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വത്തിന് അര്‍ഹത നിഷേധിക്കുന്ന ഒരു തീരുമാനത്തോടും സിപിഐഎമ്മിന് യോജിക്കാനാവില്ല.
അസത്യം 3
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഇവ തീര്‍ത്തും വ്യത്യസ്തമാണ്. പ്രതിപക്ഷം കളവായി ഇത് രണ്ടും തമ്മില്‍ ബന്ധപ്പെടുത്തുകയാണ്.
സത്യം
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും പരസ്പര ബന്ധിതമാണ്. ആദ്യം മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള അമുസ്ലീങ്ങള്‍ക്ക് പൗരത്വ അവകാശം നല്‍കുന്ന പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുക, തുടര്‍ന്ന് ദേശീയ പൗരത്വ രജിസ്റ്റര്‍ വെച്ച് നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയുക എന്നതാണ് ബിജെപി പദ്ധതി. നുഴഞ്ഞു കയറ്റക്കാരും അഭയാര്‍ത്ഥികളും തമ്മിലുള്ള വ്യത്യാസം എന്ത് എന്ന ചോദ്യം പിന്നീട് അവര്‍ ഉയര്‍ത്തും. പൗരത്വ ഭേദഗതി നിയമമനുസരിച്ച് മുസ്ലിങ്ങള്‍ മാത്രമാണ് അപ്പോള്‍ നുഴഞ്ഞുകയറ്റക്കാരായി വരിക.
ഇത് തമ്മില്‍ ബി ജെ പി ക്കാര്‍ തന്നെ ബന്ധിപ്പിക്കുന്ന ചില ഉദാഹരണങ്ങള്‍ നോക്കാം. 2019 ഏപ്രില്‍ മാസത്തില്‍ അമിത് ഷാ പറഞ്ഞതിങ്ങനെയാണ്: ‘‘ആദ്യം പൗരത്വ ഭേദഗതി നിയമം വരും. എല്ലാ അഭയാര്‍ത്ഥികള്‍ക്കും അപ്പോള്‍ പൗരത്വം കിട്ടും. പിന്നീട് ദേശീയ പൗരത്വ രജിസ്റ്റര്‍ വരും. അതുകൊണ്ടാണ് അഭയാര്‍ത്ഥികള്‍ ഭയക്കേണ്ടതില്ല, നുഴഞ്ഞുകയറ്റക്കാര്‍ മാത്രമേ ഭയക്കേണ്ടതുള്ളൂ എന്ന് പറഞ്ഞത്. കാലഗണന മനസ്സിലാക്കുമ്പോൾ ആദ്യം വരുന്നത് പൗരത്വ ഭേദഗതി നിയമമാണ്. പിന്നീടാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ വരുന്നത്. ദേശീയ പൗരത്വ രജിസ്റ്റര്‍ ബംഗാളിന് മാത്രമല്ല രാജ്യത്തിനാകെ ബാധകമാണ്’ (വീഡിയോ ബി ജെ പി ഔദ്യോഗിക വെബ്സൈറ്റ്)
2019 ഡിസംബര്‍ 9ന് ഇതേ കാര്യം തന്നെ അമിത് ഷാ പാര്‍ലമെന്റിലും പറയുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്ന് ദേശീയ പൗരത്വ രജിസ്റ്റര്‍ ദേശീയമായി തന്നെ നിലവില്‍ വരും എന്നാണ് അദ്ദേഹം പറഞ്ഞത്. അമിത് ഷാ പറഞ്ഞത് ഇങ്ങനെയാണ്: ‘‘ഞങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യമെമ്പാടും ബാധകമായ വിധത്തില്‍ കൊണ്ടുവരും. ഒരൊറ്റ നുഴഞ്ഞുകയറ്റക്കാരനെ പ്പോലും വെറുതെ വിടില്ല’’.
തുടര്‍ന്ന് 2019 ഡിസംബര്‍ 19ന് ബിജെപിയുടെ അഖിലേന്ത്യ പ്രസിഡന്റ് ജെ പി നദ്ദ ഇതേ കാര്യം തന്നെ ആവര്‍ത്തിക്കുന്നുണ്ട്. ‘‘പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിനുശേഷം ദേശീയ പൗരത്വ രജിസ്റ്ററുമായി ഞങ്ങള്‍ മുന്നോട്ടു പോകും. ആദ്യം പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും അതേപോലെ ഭാവിയില്‍ ദേശീയ പൗരത്വ രജിസ്റ്ററും’’ എന്നാണ് അന്ന് നദ്ദ പറഞ്ഞത്.
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധപ്പെടുത്തിയത് പ്രതിപക്ഷം അല്ല ഭരണപക്ഷം ആയിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.
അസത്യം 4
ഡിസംബര്‍ 22ന് നടന്ന ഡല്‍ഹി റാലിയില്‍ മോദി പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘‘എന്റെ ഗവണ്‍മെന്റ് 2014 ല്‍ അധികാരത്തില്‍ വന്നതിനുശേഷം ദേശീയ പൗരത്വ രജിസ്റ്ററിനെ കുറിച്ച് ഒരിടത്തും ഒരു ചര്‍ച്ചയും നടന്നിട്ടില്ല എന്ന് ഇന്ത്യയിലെ 130 കോടി വരുന്ന പൗരന്മാരെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നു’’.
സത്യം
ഇന്ത്യയുടെ ഏറ്റവും വലിയ ഗതികേട് ഇവിടുത്തെ നുണ ഫാക്ടറിയുടെ തലവന്‍ നമ്മുടെ പ്രധാനമന്ത്രി തന്നെയാണ് എന്നതാണ്.
2019 ജൂണ്‍മാസം 20ന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പ്രസംഗിക്കുകയുണ്ടായി. അതില്‍ പറഞ്ഞ ഈ വാചകം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര കാബിനറ്റ് തയ്യാറാക്കി കൊടുത്ത പ്രസംഗത്തില്‍ ഉള്ളതാണ്. ‘‘നമ്മുടെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നത് നിയമവിരുദ്ധമായി ഇവിടേ ക്ക് നുഴഞ്ഞുകയറിയിട്ടുള്ളവരാണ്. ഇത് സാമൂഹ്യമായ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും പരിമിതമായ ജീവിത സാഹചര്യങ്ങള്‍ക്കുമേല്‍ വന്‍തോതില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. നുഴഞ്ഞുകയറ്റക്കാര്‍ കടന്നുകയറിയിട്ടുള്ള മേഖലകള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് ഒരു ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള പ്രക്രിയ തുടങ്ങിവയ്ക്കുന്നതിന് എന്റെ ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്….. ഒരു ഭാഗത്ത് നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയുന്നതിനുവേണ്ടി ശ്രമിക്കുമ്പോള്‍ തന്നെ മറുഭാഗത്ത് വിശ്വാസത്തിന്റെ പേരില്‍ പീഡനത്തിനിരയാക്കപ്പെടുന്നവരെ സംരക്ഷിക്കുന്നതിന് പൂര്‍ണ്ണ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നതിനും എന്റെ ഗവണ്‍മെന്റ് തയ്യാറാവും.’’ ഗവണ്‍മെന്റ് തയ്യാറാക്കി കൊടുക്കുന്ന ഒരു നയരേഖയാണ് രാഷ്ട്രപതിയുടെ പ്രസംഗം. പിന്നെ എങ്ങനെയാണ് അത് തയ്യാറാക്കി കൊടുക്കുന്നതിന് നേതൃത്വം കൊടുത്ത പ്രധാനമന്ത്രി അങ്ങനെ ഒരു ചര്‍ച്ച ഇന്ത്യയില്‍ നടന്നിട്ടില്ല എന്നു പറയുന്നത്?
2019 നവംബര്‍ 21ന് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞത് ഇങ്ങനെയാണ്: ‘‘രാജ്യമാകെ ബാധകമായ രീതിയില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്’’ ഈ പ്രസ്താവന നടത്തിയതും ഒരു ചര്‍ച്ചയും കൂടാതെയാണോ?
പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ക്ക് നല്‍കിയ ഉത്തരങ്ങളിലും മന്ത്രിമാര്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് ഔദ്യോഗികമായി തന്നെ 9 തവണ പ്രസ്താവിച്ചിട്ടുണ്ട്. പൊതുപ്രസംഗങ്ങളില്‍ നിരവധി തവണ ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ നടന്നിട്ടുണ്ട്. ഈ പ്രസ്താവനകള്‍ ഒക്കെ നടത്തിയത് ഒരു ചര്‍ച്ചയും കൂടാതെ ആയിരുന്നോ? അതോ ഈ പ്രസ്താവനകള്‍ ഒക്കെ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി തയ്യാറാണോ? അങ്ങനെയെങ്കില്‍ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുന്ന കുറ്റം ചെയ്തവരാണ് ഈ മന്ത്രിമാരൊക്കെ.
അസത്യം 5
മോദിയും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളും പാര്‍ട്ടി വക്താക്കളും ശിങ്കിടി മാധ്യമങ്ങളും ഒക്കെ പ്രചരിപ്പിക്കുന്നത് പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണ് എന്നും ദേശീയ പൗരത്വ രജിസ്റ്റര്‍ ആരംഭിക്കുന്നതിന് ആവശ്യമായ യാതൊരു പ്രക്രിയയും ഇതുവരെ തുടങ്ങിയിട്ടില്ല എന്നുമാണ്. ആഭ്യന്തര സഹമന്ത്രി ആയിരുന്ന ജി കൃഷ്ണ റെഡ്ഡി അന്നു പറഞ്ഞത്, രാജ്യവ്യാപകമായ ഒരു ദേശീയ പൗരത്വ രജിസ്റ്റര്‍ ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെന്നും ഒരാളും അക്കാര്യത്തില്‍ ഭയപ്പെടേണ്ടതില്ല എന്നുമാണ്.
സത്യം
2003ൽ വാജ്പേയി അധികാരത്തിലിരിക്കുമ്പോള്‍ തന്നെ ദേശീയ പൗരത്വ രജിസ്റ്റര്‍ നിയമം കൊണ്ടുവന്നിരുന്നു. എല്‍ കെ അദ്വാനിയായിരുന്നു അന്ന് ആഭ്യന്തര മന്ത്രി. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ പൗരര്‍ക്ക് ഒരു ദേശീയ രജിസ്റ്റര്‍ വേണമെന്ന് ഒരു ഗവണ്‍മെന്റ് തീരുമാനിച്ചത് ആദ്യമായിട്ടായിരുന്നു. 1955ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തികൊണ്ടാണ് ഇത് സാധിച്ചെടുത്തത്. ഇന്ത്യന്‍ പൗരത്വ നിയമത്തിലെ വകുപ്പ് 14 എയില്‍ ഒരു കൂട്ടിച്ചേര്‍ക്കല്‍ നടത്തുകയാണ് ഗവണ്‍മെന്റ് ഈ ഭേദഗതിയിലൂടെ ചെയ്തത്.കൂട്ടിച്ചേര്‍ത്തു കഴിഞ്ഞപ്പോള്‍ വകുപ്പ് 14 എ (2) ഇങ്ങനെയായി മാറി: ‘‘കേന്ദ്ര ഗവണ്‍മെന്റിന് ഇന്ത്യന്‍ പൗരരുടേതായ ഒരു ദേശീയ രജിസ്റ്റര്‍ സൂക്ഷിക്കാവുന്നതും അതിനായി ദേശീയ രജിസ്ട്രേഷന്‍ അഥോറിറ്റിയെ നിയമിക്കാവുന്നതുമാണ്. (3) ….. റജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ദേശീയ റജിസ്ട്രേഷന്‍ അധോറിറ്റിയായി പ്രവര്‍ത്തിക്കേണ്ടതും അദ്ദേഹം പൗരത്വ രജിസ്ട്രേഷന്റെ രജിസ്ട്രാര്‍ ജനറലായി പ്രവര്‍ത്തിക്കേണ്ടതുമാണ്.’ ഈ ഭേദഗതി വരുത്തിയ വരാണ് ദേശീയ രജിസ്ട്രേഷന്‍ നിയമം ദേശവ്യാപകമായി നടപ്പിലാക്കപ്പെട്ടിട്ടില്ല എന്ന് യാതൊരുളുപ്പും കൂടാതെ പ്രസ്താവിക്കുന്നത്.
അങ്ങനെ ചരിത്രത്തില്‍ ആദ്യമായി ദേശീയ പൗരത്വ രജിസ്റ്റര്‍ എന്ന സങ്കല്‍പ്പനം നടപ്പില്‍ വരുത്തുകയും നിയമത്തില്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കുന്നതിനുള്ള നിയമം രൂപീകരിക്കുകയും ചെയ്തത് വാജ്പേയി സര്‍ക്കാര്‍ ആണ്. പൗരത്വ നിയമത്തില്‍ ദേശീയ രജിസ്ട്രേഷന് ആവശ്യമായ ഒരു നിയമം നിലവില്‍ ഉള്ളതിനാല്‍ ഇനി മറ്റൊരു നിയമം നിര്‍മ്മിക്കേണ്ട ആവശ്യമില്ല. 2003 ല്‍ തന്നെ ദേശീയ രജിസ്ട്രേഷന് ആവശ്യമായ ചട്ടങ്ങള്‍ വാജ്പേയ് ഗവണ്‍മെന്റ് പുറപ്പെടുവിച്ചിരുന്നു. ദേശീയ പൗരത്വ രജിസ്ട്രേഷന്‍ എങ്ങനെയാണ് നടപ്പിലാക്കേണ്ടത് എന്ന് കൃത്യമായി ആ ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.
അസത്യം 6
ദേശീയ പൗരത്വ രജിസ്ട്രേഷന്‍ പ്രക്രിയ ഇതുവരെ ആരംഭിച്ചിട്ടില്ല; അതു സംബന്ധിച്ച യാതൊരു പ്രഖ്യാപനവും പുറപ്പെടുവിച്ചിട്ടില്ല.
സത്യം
ദേശീയ പൗരത്വ രജിസ്ട്രേഷന് ആവശ്യമായ ചട്ടങ്ങള്‍ 2003ലെ ബിജെപി ഗവണ്‍മെന്റ് തന്നെ അംഗീകരിക്കുകയും അതില്‍ വീടുവീടാന്തരം കയറിയിറങ്ങി കണക്കെടുപ്പ് നടത്തി ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കേണ്ടതാണ് എന്നും വ്യക്തമാക്കിയിട്ടുള്ളതാണ്. അതിലെ ചട്ടം 4 ഇപ്രകാരം പറയുന്നു: ‘‘പ്രാദേശിക രജിസ്ട്രാറുടെ അധികാരപരിധിക്കുള്ളില്‍ സ്ഥിരമായി താമസിച്ചുവരുന്ന എല്ലാ വ്യക്തികളുടെയും വിവരങ്ങള്‍ ശേഖരിക്കുകയും ഒരു ജനസംഖ്യ രജിസ്റ്റര്‍ രൂപീകരിക്കുകയും ചെയ്യേണ്ടതാണ്.ജനസംഖ്യ രജിസ്റ്ററില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ച് സ്ഥിരീകരണം നടത്തിയതിനുശേഷമുള്ള പൗരരുടെ വിവരങ്ങള്‍ ഇന്ത്യന്‍ പൗരരുടെ പ്രാദേശിക രജിസ്റ്ററില്‍ (ദേശീയ റജിസ്റ്ററിന്റെ ഭാഗം എന്ന നിലയില്‍ ) സൂക്ഷിക്കുന്നതാണ്’’. ദേശീയ പൗരത്വ രജിസ്റ്റര്‍ അന്തിമമാക്കുന്നത് ജനസംഖ്യ രജിസ്റ്റര്‍ പരിശോധിച്ചു സ്ഥിരീകരണം വരുത്തിയതിനു ശേഷമാണ് എന്ന കാര്യം ഇതില്‍ നിന്ന് വ്യക്തമാണ്.
തുടര്‍ന്ന് 2014 ല്‍ ദേശീയ പൗരത്വ രജിസ്ട്രേഷനും ദേശീയ ജനസംഖ്യ രജിസ്റ്ററും തമ്മിലുള്ള ബന്ധം എന്താണെന്ന കാര്യം ആ വര്‍ഷം ജൂലൈ 23ന് പാര്‍ലമെന്റില്‍ അന്നത്തെ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയത് ഇങ്ങനെയാണ്: ‘‘ഗവണ്‍മെന്റ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത് ഇന്ത്യന്‍ പൗരരുടെ ഒരു ദേശീയ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനാണ്. ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് രാജ്യത്തെ എല്ലാ പൗരരുടെയും പൗരത്വ പദവി അന്തിമമായി സ്ഥിരീകരിക്കുന്നതാണ്’’.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ രൂപീകരിക്കുന്ന പ്രക്രിയ അന്നുതന്നെ തുടങ്ങിവച്ചതാണ്. 2019 ജൂലൈ 31 ന് പൗരത്വ രജിസ്ട്രേഷന്റെ രജിസ്ട്രാര്‍ ജനറല്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനും കാലോചിതമാക്കുന്നതിനുമുള്ള പ്രഖ്യാപനം നോട്ടിഫിക്കേഷന്‍ മുഖാന്തരം പുറപ്പെടുവിച്ചിട്ടുള്ളതാണ്. 2020 ഏപ്രില്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങി കണക്കെടുപ്പ് നടത്താന്‍ എന്നാണ് അതില്‍ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ദേശീയ പൗരത്വ രജിസ്റ്റര്‍ രൂപീകരിക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചിട്ടില്ല എന്ന വാദം ശുദ്ധ കളവാണ്. കോവിഡ് വന്നതുകൊണ്ട് മാത്രമാണ് അന്ന് ആ പ്രക്രിയ തടസ്സപ്പെട്ടത്.
അസത്യം 7
അമിത്ഷാ പറയുന്നത് ദേശീയ ജനസംഖ്യ രജിസ്റ്ററും ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നാണ്.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പുതുക്കുന്നതിനുള്ള കേന്ദ്ര ക്യാബിനറ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ ഈ അവകാശവാദം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അവകാശപ്പെട്ടത് ദേശീയ ജനസംഖ്യ രജിസ്റ്റര്‍ സെന്‍സസ് ആവശ്യത്തിനു മാത്രമാണെന്നും അതിന് ദേശീയ പൗരത്വ രജിസ്റ്ററുമായോ പൗരത്വവുമായോ തന്നെ യാതൊരു ബന്ധവുമില്ല എന്നാണ്. പിന്നെ എന്തുകൊണ്ടാണ് പ്രതിപക്ഷം അത് ഇന്ത്യന്‍ പൗരത്വത്തെ ബാധിക്കും എന്ന് അവകാശപ്പെടുന്നത്?
സത്യം
2018 –19 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അമിത്ഷാ ഉള്‍ക്കൊള്ളുന്ന മന്ത്രിസഭ തന്നെ ഇത് പറഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ 15–ാം അധ്യായം 15–40 ഖണ്ഡികയില്‍ പറഞ്ഞിട്ടുള്ളത് ഇപ്രകാരമാണ്: ‘‘ഇന്ത്യാ ഗവണ്‍മെന്റ് സ്ഥിരമായി താമസിച്ചുവരുന്ന എല്ലാവരുടെയും വിവരം ശേഖരിച്ചുകൊണ്ട് രാജ്യത്ത് ഒരു ദേശീയ ജനസംഖ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള പദ്ധതി അംഗീകരിച്ചിട്ടുണ്ട്. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നത് ദേശീയതലത്തില്‍ ഇന്ത്യന്‍ പൗരരുടെ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള ആദ്യ നടപടിയാണ്. ദേശീയ ജനസംഖ്യ രജിസ്റ്ററിനുള്ള 2010 ല്‍ ലഭ്യമാക്കിയ ജനസംഖ്യാപരമായ കണക്കുകള്‍ 2015 ല്‍ പുതുക്കിയിട്ടുണ്ട്. ഈ പദ്ധതി അനുസരിച്ച് 33.43 കോടി ജനങ്ങളുടെ ബയോമെട്രിക് എന്‍റോള്‍മെന്റ് ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്’’.
അപ്പോള്‍ ആരാണ് കള്ളം പറയുന്നത്? ആഭ്യന്തര വകുപ്പ് മന്ത്രിയോ അതോ മന്ത്രിയുടെ ഓഫീസോ?
ആദ്യമായി ഗവണ്‍മെന്റ് ശ്രമിച്ചത് പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും തമ്മിലുള്ള ബന്ധം നിഷേധിക്കുന്നതിനാണ്. എന്നാല്‍ ആ കള്ളം പൊളിച്ചു കാട്ടപ്പെട്ടപ്പോള്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ സംബന്ധിച്ച സത്യം മറച്ചുവയ്ക്കുന്നതിനാണ് ശ്രമിച്ചത്. 2021ല്‍ സെന്‍സസ് കണക്കെടുപ്പ് നടന്നിരുന്നുവെങ്കില്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്നത് അതിന്റെ ഭാഗമായിട്ടാണ് എന്ന് അവര്‍ അവകാശപ്പെടുമായിരുന്നു.
ദേശീയ ജനസംഖ്യ രജിസ്റ്റര്‍ ദേശീയ പൗരത്വ രജിസ്റ്ററുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. മാറ്റിവയ്ക്കപ്പെട്ട സെന്‍സസ് നടത്തപ്പെടുമ്പോള്‍ ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യ രജിസ്റ്ററും വ്യത്യസ്തമായ പ്രക്രിയകളിലൂടെയാണെങ്കിലും ഒന്നിച്ചാണ് നടത്തുക. പൗരത്വ രജിസ്റ്റര്‍ രൂപീകരിക്കുന്നതിനുവേണ്ടിയുള്ള ചോദ്യാവലിയില്‍ 6 ചോദ്യങ്ങള്‍ കൂടെ കൂട്ടിച്ചേര്‍ക്കാന്‍ മോദി ഗവണ്‍മെന്റ് തയ്യാറായിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും പേര്,അവരുടെ ജന്മസ്ഥലം, ജനനത്തീയതി, ആധാര്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ എന്നിവയാണ് പുതിയ ചോദ്യങ്ങളായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആധാര്‍ സംബന്ധിച്ച വിവരങ്ങള്‍ യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ സ്ഥിരീകരണത്തിനു ശേഷം മാത്രമേ അംഗീകരിക്കപ്പെടൂ. വ്യക്തിയുടെ ബയോമെട്രിക്സ് വിവരങ്ങളുമായി ഒത്തുനോക്കിയാണ് ഈ സ്ഥിരീകരണം നടത്തുക.
ദേശീയ ജനസംഖ്യ രജിസ്റ്റര്‍ സെന്‍സസിന്റെ ഭാഗമാണ് എന്ന് പറയുന്നത് പച്ചക്കള്ളമാണ്.
അസത്യം 8
ഒരു ഇന്ത്യക്കാരനും ഭയപ്പെടേണ്ടതില്ല.
സത്യം
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ദരിദ്രരും ആണ് ഏറ്റവും കൂടുതല്‍ ഭയപ്പെടേണ്ടത്. ഈ പുതിയ ആറ് ചോദ്യങ്ങളില്‍ മാതാപിതാക്കളുടെ ജനനസ്ഥലം, ജനനത്തീയതി,എന്നിവ കൂട്ടിച്ചേര്‍ത്തിട്ടുള്ളത് എന്തിനു വേണ്ടിയാണ് ? എത്ര കുടുംബങ്ങള്‍ക്കാണ് അത് സംബന്ധിച്ച് വിശദമായ തെളിവുകള്‍ ഹാജരാക്കാനാവുക? മറ്റൊരുതരത്തില്‍ ആണെങ്കിലും ആസാമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നിരവധി പോരായ്മകള്‍ ചൂണ്ടിക്കാണിക്കപ്പെടുകയും ദരിദ്ര കുടുംബങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ പറ്റാതെ വന്നതിന്റെ ഭാഗമായി അവര്‍ ഭയത്തിന് അടിമകളാക്കപ്പെടുകയും ചെയ്ത സ്ഥിതിയുണ്ടായി. ഇതു പക്ഷേ എല്ലാ മതവിഭാഗത്തില്‍ പെട്ടവര്‍ക്കും ജാതികളില്‍പെട്ടവര്‍ക്കും വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവര്‍ക്കും ഒക്കെ ഒരുപോലെ ബാധകമായിരുന്നു. ഒരു മുന്‍ രാഷ്ട്രപതിയുടെ കുടുംബാംഗങ്ങള്‍ പോലും വിദേശികളാണ് എന്ന് പ്രഖ്യാപിക്കപ്പെട്ടു. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ അതിര്‍ത്തി കാക്കുന്നതിനായി പോരാടിയ ഒരു സൈനികന്‍ വിദേശിയാണ് എന്ന് പ്രഖ്യാപിക്കപ്പെട്ടു. വിവാഹത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ നാട്ടിലേക്ക് കുടിയേറി പാര്‍ക്കേണ്ടിവന്ന നിരവധി സ്ത്രീകള്‍ക്ക് അവരുടെ സ്വന്തം കുടുംബത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ പറ്റാതെ വന്നതിനാല്‍ ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ കഴിയാതെ വന്നു.
അവരുടെ ആധാറും ബയോമെട്രിക്സും മറ്റു വിവരങ്ങളും തമ്മില്‍ ഒത്തു നോക്കിയതിനാല്‍ വളരെയധികം പേര്‍ സംശയാസ്പദം എന്ന ലിസ്റ്റില്‍പ്പെട്ടു. ഈ ലിസ്റ്റില്‍ വന്നാല്‍ സ്വന്തം പൗരത്വം തെളിയിക്കുന്നതിന് വേണ്ടി അവര്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വരും. നിരവധി രേഖകള്‍ അതുമായി ബന്ധപ്പെട്ട് ഹാജരാക്കേണ്ടതായി വരും. ദരിദ്ര കുടുംബങ്ങളില്‍ പലര്‍ക്കും സ്വന്തം ജനന സര്‍ട്ടിഫിക്കറ്റിലൊഴികെ മാതാപിതാക്കളുടെ വിശദമായ മറ്റു തെളിവുകള്‍ ഹാജരാക്കാന്‍ പറ്റാതെ വരും. മുസ്ലിം പേരുള്ളവര്‍ നുഴഞ്ഞുകയറിയവരായി പ്രഖ്യാപിക്കപ്പെടുകയും ഒഴിവാക്കപ്പെടുകയും ചെയ്യും. ഹിന്ദുക്കളായ അഭയാര്‍ത്ഥികള്‍ക്ക് എളുപ്പം പൗരത്വം ലഭിക്കും. വംശീയമായ ഉന്മൂലനമാണ് ഈ നിയമം കൊണ്ട് ഫലത്തില്‍ നടപ്പിലാക്കപ്പെടുക.
ഇത് മതനിരപേക്ഷതയ്ക്കും ഇന്ത്യന്‍ ഭരണഘടനയ്ക്കും എതിരാണ്. ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കി മാറ്റിത്തീര്‍ക്കുന്നതിനുള്ള ആര്‍എസ്എസിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ശക്തമായ എതിര്‍പ്പുണ്ടായിട്ടും ഈ നിയമം നടപ്പിലാക്കാന്‍ അവര്‍ വാശി പിടിക്കുന്നത്. മതനിരപേക്ഷ ശക്തികള്‍ ഒറ്റക്കെട്ടായി ഇതിനെതിരായി പോരാടണം. ♦