Monday, July 22, 2024

ad

Homeലെനിന്റെ 100‐ാം ചരമവാർഷികംലെനിന്‍: മാര്‍ക്സിസത്തെ ലോകം മുഴുവന്‍ വ്യാപിപ്പിച്ച വിപ്ലവകാരി

ലെനിന്‍: മാര്‍ക്സിസത്തെ ലോകം മുഴുവന്‍ വ്യാപിപ്പിച്ച വിപ്ലവകാരി

പുത്തലത്ത് ദിനേശന്‍

സാര്‍ ചക്രവര്‍ത്തിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് അലക്സാണ്ടര്‍ ഉല്യാനോവ് എന്ന ലെനിന്റെ സഹോദരനെ അന്നത്തെ റഷ്യന്‍ ഭരണകൂടം തൂക്കിക്കൊല്ലുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ലെനിന്റെ രാഷ്ട്രീയ ഗുരു കൂടിയായിരുന്നു അലക്സാണ്ടര്‍ ഉല്യാനോവ്. അദ്ദേഹത്തിന്റെ ശേഖരത്തില്‍ നിന്നാണ് മൂലധനം ലെനിന് ലഭിക്കുന്നത്. ഇത്തരത്തില്‍ മാര്‍ക്സിസവുമായി ബന്ധപ്പെട്ടു നിന്ന സഹോദരന്‍ മാര്‍ക്സിസത്തിലേക്ക് എത്തുകയെന്ന ഘട്ടം പൂര്‍ത്തിയാവുന്നതിനുമുമ്പ് കൊല്ലപ്പെടുകയാണ് ചെയ്തത്.

ലെനിന്‍ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുമ്പോള്‍, ലോകത്തെ വിശകലനം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ അതിനെ മാറ്റിമറിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്ത മാര്‍ക്സിസ്റ്റ് ആശയം ദിശാബോധം നല്‍കിക്കൊണ്ട് നിലവിലുണ്ടായിരുന്നു. ഈ ധൈഷണിക നേതൃത്വം ലെനിന്റെ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് വഴികാട്ടിയായി. ഇങ്ങനെ മഹത്തായ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ലെനിനുണ്ടായിരുന്നു. എന്നാല്‍ മാര്‍ക്സിനേയും ഏംഗല്‍സിനേയും സംബന്ധിച്ചിടത്തോളം ഇത്തരമൊരു സാധ്യത അക്കാലത്ത് നിലനിന്നിരുന്നില്ല. അതുകൊണ്ടു തന്നെ ദാര്‍ശനികമായ അന്വേഷണങ്ങള്‍ നടത്തുന്നതിന് ഊന്നല്‍ നല്‍കേണ്ടിവന്നു. അതിന്റെ തുടര്‍ച്ചയിലാണ് പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ക്ക് നേതൃത്വം കൊടുക്കാന്‍ കഴിഞ്ഞത്. അതേസമയം പരിമിതമായ ജനാധിപത്യ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് താരതമ്യേന മെച്ചപ്പെട്ട സാഹചര്യം മാര്‍ക്സിനും എംഗല്‍സിനും ലഭിച്ചിരുന്നു. അതുകൊണ്ടാണ് പരസ്യമായി പത്രപ്രവര്‍ത്തനം നടത്തുന്നതിനുള്ള സാഹചര്യം അവര്‍ക്ക് ലഭിച്ചത്.

യൂറോപ്പുമായി താരതമ്യപ്പെടുത്തി നോക്കിയാല്‍ പരിമിതമായ ജനാധിപത്യ സ്വാതന്ത്ര്യം പോലും സാറിസ്റ്റ് റഷ്യയിലുണ്ടായിരുന്നില്ല. ഈ പരിമിതിക്കകത്തുനിന്നുകൊണ്ട് മാര്‍ക്സിസത്തെ സൈദ്ധാന്തികവും പ്രായോഗികവുമായി വികസിപ്പിക്കുകയെന്ന ചരിത്രമേല്‍പ്പിച്ച ഉത്തരവാദിത്വം നിര്‍വ്വഹിക്കുവാന്‍ ലെനിന് കഴിഞ്ഞു.

മാര്‍ക്സിന്റേയും എംഗല്‍സിന്റേയും കാലത്ത് ആഗോളതലത്തിലുള്ള തൊഴിലാളി സംഘടന കെട്ടിപ്പടുക്കുകയെന്ന കാഴ്ചപ്പാടോടെ തന്നെയാണ് അവര്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ പൊതുവില്‍ അത് യൂറോപ്പില്‍ തന്നെ ഒതുങ്ങിനില്‍ക്കുന്ന നിലയാണുണ്ടായിരുന്നത്. സംഘടനാപരമായി യൂറോപ്പില്‍ കേന്ദ്രീകരിച്ചു നിന്ന വിപ്ലവ പ്രസ്ഥാനത്തെ മറ്റ് ഭൂഖണ്ഡങ്ങളിലും വേരുള്ള പ്രസ്ഥാനമാക്കി വളര്‍ത്തിയെടുക്കുന്നതില്‍ ലെനിന്‍ വഹിച്ച പങ്ക് ഏറെ വലുതാണ്. അങ്ങനെ സര്‍വ്വ രാജ്യങ്ങളിലെയും തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉണ്ടാകണമെന്ന ആശയത്തിന് പ്രായോഗികമായ രൂപമുണ്ടായത് ലെനിന്റെ നേതൃത്വത്തിലാണ് എന്ന് കാണാം.

ഫ്യൂഡലിസത്തില്‍ നിന്ന് മുതലാളിത്തം വളര്‍ന്നുവന്നതിന്റെ പൊതു ചിത്രമാണ് മാര്‍ക്സ് മൂലധനത്തില്‍ മുന്നോട്ടുവെച്ചത്. പൊതുവായി മുന്നോട്ടുവെച്ച ഈ കാഴ്ചപ്പാട് റഷ്യന്‍ സാഹചര്യത്തില്‍ പ്രായോഗികമാണെന്ന അഭിപ്രായമാണ് അദ്ദേഹം അവതരിപ്പിച്ചത്.

രാഷ്ട്രീയവും സൈദ്ധാന്തികവും പ്രായോഗികവുമായ നിരവധി പ്രശ്നങ്ങളില്‍ മാര്‍ക്സിസത്തെ ലെനിന്‍ വികസിപ്പിച്ചു. മാര്‍ക്സും എംഗല്‍സും മുതലാളിത്തത്തിന്റെ വികാസരൂപമായ സാമ്രാജ്യത്വത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. വിശദാംശങ്ങളിലേക്ക് കടക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. ലെനിന്റെ കാലമെത്തുമ്പോഴേക്കും സാമ്രാജ്യത്വ വികാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പ്രധാനപ്പെട്ട രാഷ്ട്രീയ പ്രശ്നമായി ഉയര്‍ന്നുവന്നു. ഈ ഘട്ടത്തില്‍ ‘സാമ്രാജ്യത്വമെന്നത് മുതലാളിത്തത്തിന്റെ ഉയര്‍ന്ന രൂപമാ’ണെന്ന് ലെനിന്‍ വ്യക്തമാക്കി.

സാമൂഹികവികാസത്തെ ഇത്തരത്തില്‍ വിലയിരുത്തിയ ശേഷം അതിനെ മാറ്റിമറിക്കുവാന്‍ എങ്ങനെ ഇടപെടണം എന്ന സമീപനവും അദ്ദേഹം മുന്നോട്ടുവെച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ‘എന്ത് ചെയ്യണ’മെന്ന കൃതി ലെനിന്‍ എഴുതിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനത്തെ സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാട് ഇതില്‍ അദ്ദേഹം മുന്നോട്ടുവെക്കുന്നു. സാമ്പത്തിക സമരങ്ങളുടെ പ്രാധാന്യം എടുത്തുപറയുമ്പോള്‍ തന്നെ അതിനെ രാഷ്ട്രീയ ബോധത്തിലേക്ക് നയിക്കാനുള്ള സംഘടനയുടെ ആവശ്യകതയും ഇടപെടലും ലെനിന്‍ എടുത്തുപറയുന്നുണ്ട്.

വ്യക്തമായ രാഷ്ട്രീയ ദിശാബോധവും, അത് പ്രായോഗികമാക്കാൻ ശേഷിയുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയും രൂപീകരിക്കുകയെന്നത് വിപ്ലവത്തിന്റെ അടിസ്ഥാനഘടകമാണെന്ന് ലെനിന്‍ വിലയിരുത്തുന്നു. മൂര്‍ത്തമായ സാഹചര്യത്തെ മൂർത്തമായി വിശകലനം ചെയ്തുകൊണ്ട് മൂര്‍ത്തമായ പ്രയോഗം നടത്തുകയാണ് ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ ഓരോ പരിതഃസ്ഥിതിക്കും അനുസരിച്ച് തന്ത്രങ്ങളും അടവുകളും ആവിഷ്കരിക്കുകയെന്നതും പ്രധാനമാണെന്ന് ലെനിന്‍ വിലയിരുത്തി. ‘ജനാധിപത്യ വിപ്ലവത്തില്‍ സോഷ്യല്‍ ഡമോക്രസിയുടെ രണ്ട് അടവുകള്‍’ എന്ന പ്രസിദ്ധമായ പുസ്തകം ഇക്കാര്യമാണ് വിശകലനം ചെയ്യുന്നത്-. തിരഞ്ഞെടുപ്പുകളേയും അതില്‍ നിന്ന് രൂപംകൊള്ളുന്ന ഗവണ്‍മെന്റുകളേയും ബഹിഷ്കരിക്കുകയെന്ന ഇടത് തീവ്രവാദപരമായ നിലപാടിനേയും തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് കീഴ്പ്പെടുത്തുകയെന്ന വലതുപക്ഷ സമീപനത്തേയും അദ്ദേഹം ഇതില്‍ തുറന്നുകാട്ടുന്നുണ്ട്.

ഓരോ മേഖലയിലും കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ അതിന്റെ സവിശേഷതയെക്കൂടി കണക്കിലെടുത്തുകൊണ്ടാണ് ഇടപെടേണ്ടതെന്ന് ലെനിന്‍ ഊന്നിപ്പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമീണ മേഖലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് സ്വീകരിക്കേണ്ട സമീപനം വ്യക്തമാക്കിക്കൊണ്ട് ‘നാട്ടിന്‍ പുറത്തെ പട്ടിണിപ്പാവങ്ങളോട്’ എന്ന ലഘുലേഖ അദ്ദേഹം എഴുതുന്നത്. ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവരുടെ സമരങ്ങളേയും വ്യവസായ തൊഴിലാളികള്‍ നടത്തുന്ന പോരാട്ടത്തേയും കൂട്ടിയിണക്കുന്നതിനുള്ള സമീപനവും ഇതില്‍ അദ്ദേഹം മുന്നോട്ടുവെക്കുന്നു. ഗ്രാമീണ മേഖലയിലെ വിവിധ വര്‍ഗ്ഗങ്ങളും അവരുടെ സ്വഭാവങ്ങളും ഇതില്‍ വിശകലനം ചെയ്യുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓരോ നാടിന്റേയും സാഹചര്യത്തിനനുസരിച്ച് ഇത്തരത്തില്‍ കെട്ടിപ്പടുക്കുമ്പോള്‍ തെറ്റായ പല പ്രവണതകളും അതില്‍ ഉയര്‍ന്നുവരുമെന്നും ലെനിന്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ റഷ്യയില്‍ ഉയര്‍ന്നുവന്ന പ്രവണതകളെ തുറന്നുകാട്ടിക്കൊണ്ടെഴുതിയ കൃതിയാണ് ‘ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട്’ എന്നത്. ഓരോ നാടിന്റേയും സാഹചര്യത്തിനനുസരിച്ച് വിപ്ലവ പരിപാടി തയ്യാറാക്കേണ്ടതിന്റെ പ്രാധാന്യവും ഇതില്‍ എടുത്തുപറയുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇത്തരത്തില്‍ പ്രത്യക്ഷപ്പെടുന്ന പ്രവണതയാണ് ഇടത് തീവ്രവാദം. ഇത്തരം നിലപാടുകള്‍ ജനങ്ങളില്‍ നിന്നും പാര്‍ട്ടിയെ ഒറ്റപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് എഴുതിയ പുസ്തകമാണ് ‘ഇടതുപക്ഷ കമ്യൂണിസം ഒരു ബാലാരിഷ്ടത’ എന്നത്. ഓരോ രാജ്യത്തിന്റേയും സാമ്പത്തിക–രാഷ്ട്രീയ–സാംസ്കാരിക സവിശേഷതകള്‍, ദേശീയ ഘടന, മതപരമായ വിഭജനങ്ങള്‍ തുടങ്ങിയവയെല്ലാം കണക്കിലെടുത്തുകൊണ്ടുമാത്രമേ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്ന് അതില്‍ ഓര്‍മ്മപ്പെടുത്തുന്നു.

റഷ്യന്‍ വിപ്ലവത്തിനുശേഷം സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഉത്തരവാദിത്വം ലെനിന് ഏറ്റെടുക്കേണ്ടിവന്നു. ഇക്കാര്യത്തില്‍ മുന്‍ മാതൃകകളൊന്നും ലെനിന്റെ മുന്നിലുണ്ടായിരുന്നില്ല. പാരീസ് കമ്യൂണിന്റെ ചില അനുഭവ പാഠങ്ങള്‍ മാത്രമായിരുന്നു ഇക്കാര്യത്തലുണ്ടായിരുന്ന വഴികാട്ടി. അതുകൊണ്ടുതന്നെ അവ കെട്ടിപ്പടുക്കുന്നതിന് ഉതകുന്ന വഴികള്‍ രൂപപ്പെടുത്താനും നേതൃപരമായ പങ്ക് അദ്ദേഹം വഹിച്ചു. ഈ ഘട്ടങ്ങളില്‍ പല തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവരികയുണ്ടായി. അവയ്ക്ക് മറുപടി നല്‍കിക്കൊണ്ട് സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും അദ്ദേഹം മുഴുകി.

മനുഷ്യ സ്വാതന്ത്ര്യത്തിന്റെ സൈദ്ധാന്തികനും പ്രയോക്താവും കൂടിയായിരുന്നു ലെനിന്‍. ‘‘എവിടെ മര്‍ദ്ദനമുണ്ടോ, എവിടെ ബലപ്രയോമുണ്ടോ അവിടെ സ്വാതന്ത്ര്യവുമില്ല, ജനാധിപത്യവുമില്ല” എന്നതാണ് ലെനിന്റെ സമീപനം. അതിന് മര്‍ദ്ദനങ്ങളെല്ലാം അവസാനിക്കുന്ന ലോകമുണ്ടാകണം. അതിനായി എല്ലാ ആധിപത്യങ്ങളേയും ഇല്ലാതാക്കണം. അതിന് നിലവിലുള്ള ആധിപത്യങ്ങളെ ഉന്മൂലനം ചെയ്യുന്നതിന് ഒരു പ്രത്യേക സംവിധാനം രൂപീകരിക്കണ്ടിവരും. തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യത്തെ ലെനിന്‍ കണ്ടത് ഇതിന്റെ അടിസ്ഥാനത്തിലാണ്. വര്‍ഗ്ഗത്തിന്റെ ആധിപത്യങ്ങള്‍ ഇല്ലാതാകുന്നതോടെ ഭരണകൂടം കൊഴിഞ്ഞുവീഴുമെന്നും സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലേക്ക് മനുഷ്യ സമൂഹം എത്തിച്ചേരുമെന്നും ലെനിന്‍ എടുത്തുപറഞ്ഞു. ‘ഭരണകൂടവും വിപ്ലവവുമെന്ന’ ലെനിന്റെ ക്ലാസിക്കല്‍ കൃതി ഈ കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ്.

സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ബൂര്‍ഷ്വാ ആധിപത്യത്തിന്റെ ഉപകരണമായ ഭരണഘടനാ സമിതിയെ പിരിച്ചുവിടുകയും പകരം തൊഴിലാളികളുടേയും, പടയാളികളുടേയും, കര്‍ഷക ജനസാമാന്യത്തിന്റേയും സോവിയറ്റുകള്‍ക്ക് റഷ്യയില്‍ അധികാരം നല്‍കുന്ന നടപടി ലെനിന്‍ സ്വീകരിച്ചു. ഈ നടപടിയെ വിമര്‍ശിച്ചുകൊണ്ട് മൂലധനത്തിന്റെ വോള്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് ഇടപെട്ട കൗട്സ്കി ‘തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യ’മെന്ന പുസ്തകമെഴുതി. കൗട്സ്കിയുടെ ഈ നിലപാടുകളിലെ ദൗര്‍ബല്യങ്ങള്‍ തുറന്നുകാട്ടി ‘തൊഴിലാളി വര്‍ഗ്ഗ വിപ്ലവവും, വഞ്ചകനായ കൗട്സ്കിയും’ എന്ന പുസ്തകം ലെനിന്‍ എഴുതുകയും ചെയ്തു. ജനങ്ങളുടെ ആധിപത്യം നിലനിര്‍ത്തുന്നതിനും, പിന്തിരിപ്പന്മാരുടെ ആധിപത്യം ഇല്ലാതാക്കാനും ഇത്തരം നടപടികള്‍ അനിവാര്യമാണെന്ന് ലെനിന്‍ വ്യക്തമാക്കി.

റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പരിപാടിയിലെ പ്രധാനപ്പെട്ട ഒരു കാഴ്ചപ്പാടായിരുന്നു രാഷ്ട്രങ്ങളുടെ സ്വയം നിര്‍ണ്ണയാവകാശം എന്നത്. എന്നാല്‍ ഈ സമീപനത്തെ റോസ ലക്സംബര്‍ഗ് ശക്തമായി വിമര്‍ശിച്ചു. ഇതിന് മറുപടിയായി ‘രാഷ്ട്രങ്ങളുടെ സ്വയംനിര്‍ണ്ണയാവകാശം’ എന്ന പുസ്തകം ലെനിന്‍ എഴുതി. ഓരോ രാജ്യത്തിന്റേയും സാഹചര്യത്തെ മനസ്സിലാക്കിക്കൊണ്ടു മാത്രമേ ദേശീയ പ്രശ്നത്തില്‍ നിലപാട് സ്വീകരിക്കാന്‍ കഴിയൂവെന്ന് ലെനിന്‍ ഇതില്‍ വ്യക്തമാക്കി. ദേശരാഷ്ട്രത്തിന്റെ രൂപീകരണത്തിനു പിന്നിലുള്ള സാമ്പത്തിക ഘടകങ്ങളെ കാണാന്‍ റോസയ്ക്ക് കഴിയാത്തതുകൊണ്ടാണ് ഇത്തരമൊരു നിലപാടിലേക്ക് അവര്‍ എത്തിച്ചേര്‍ന്നതെന്ന് അവരുടെ സംഭാവനകളെ അംഗീകരിച്ചുകൊണ്ടുതന്നെ ലെനിന്‍ പറയുന്നു.

സോഷ്യലിസ്റ്റ് വ്യവസ്ഥ പ്രായോഗികമായി കെട്ടിപ്പടുക്കുന്ന പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് പുതിയ സമീപനം ലെനിന്‍ മുന്നോട്ടുവെച്ചു. എന്‍.ഇ.പിയെന്ന പേരിലുള്ള സാമ്പത്തിക സമീപനം അങ്ങനെയാണ് രൂപപ്പെടുന്നത്. യുദ്ധകാല കമ്യൂണിസം എന്നത് എല്ലാ വിഭാഗങ്ങളും സോഷ്യലിസ്റ്റ് ശിശുവിനെ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. ആ കാലഘട്ടത്തില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ സ്വീകരിച്ച സമീപനം അതുപോലെ തുടരേണ്ടതില്ലെന്ന് ലെനിന്‍ വ്യക്തമാക്കി. ഈ പുതിയ പരിതഃസ്ഥിതിയില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് പുതിയ സാധ്യതകള്‍ ലെനിന്‍ തേടി. ഈ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക മേഖലയില്‍ വ്യത്യസ്തമായ സമീപനം സ്വീകരിക്കേണ്ടിവരുമെന്ന നിലപാടും ലെനിന്‍ സ്വീകരിച്ചു. ‘ധാന്യ നികൃതി’യെന്ന ലഘുലേഖ എഴുതിയത് ഇതിന്റെ പശ്ചാത്തലത്തിലാണ്.

ഉല്‍പ്പാദന ശക്തികളെ കാര്‍ഷിക മേഖലയിലും വികസിപ്പിക്കേണ്ടതുണ്ട്. അതിലൂടെ മാത്രമേ ഉല്‍പ്പാദന വര്‍ദ്ധനവ് നടത്തി ജനജീവിതം കൂടുതല്‍ മെച്ചപ്പെടുത്തിയെടുക്കാന്‍ കഴിയൂ. അത്തരമൊരു സാഹചര്യത്തില്‍ കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദന ശക്തികളെ വികസിപ്പിക്കുന്നതിനുവേണ്ടി മുതലാളിത്തത്തിന്റെ ഘടകങ്ങളേയും, രീതികളേയും താല്‍ക്കാലികമായി ആശ്രയിക്കേണ്ടിവരും. തൊഴിലാളി വര്‍ഗ്ഗത്തിന്റെ നേതൃത്വത്തിന് കീഴില്‍ ഇവ നടപ്പിലാക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ടുയര്‍ന്നുവരുന്ന പ്രശ്നങ്ങളെ നിയന്ത്രിക്കാന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഭരണ സംവിധാനത്തിന് കഴിയുമെന്നും ലെനിന്‍ വ്യക്തമാക്കി. ഇന്നത്തെ ചൈനീസ് പരിഷ്കാരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത്തരമൊരു ദിശാബോധം അതിനുണ്ടെന്ന് കാണാം.

മാര്‍ക്സിസത്തിന്റെ പാരിസ്ഥിതിക സമീപനം വിശകലനം ചെയ്യുമ്പോള്‍ പ്രകൃതിയുടെ വൈരുദ്ധ്യാത്മകത എന്ന എംഗല്‍സിന്റെ കൃതിയെയാണ് നാം മുന്നോട്ടുവെക്കാറുള്ളത്. 1925 ലാണ് ഈ പുസ്തകം വെളിച്ചം കാണുന്നത്. അതുകൊണ്ടു തന്നെ ലെനിന്‍ ഈ പുസ്തകം കണ്ടിരുന്നില്ല. എന്നാല്‍ പാരിസ്ഥിതിക പ്രശ്നം എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒന്നായി മൂലധനത്തിന്റെ വായനയില്‍ നിന്ന് ലെനിന്‍ മനസ്സിലാക്കിയിരുന്നു. മാര്‍ക്സിനെക്കുറിച്ച് ലെനിന്‍ എഴുതിയ കുറിപ്പില്‍ മൂലധനത്തില്‍ നിന്ന് എടുത്ത ഉദ്ധരണി ഇതാണ്: ‘‘എല്ലാ സമ്പത്തിന്റേയും ഉത്ഭവ കേന്ദ്രമായ മണ്ണിനേയും തൊഴിലാളിയേയും ഊറ്റി പിഴിഞ്ഞുകൊണ്ട് മാത്രമേ മുതലാളിത്ത ഉല്‍പ്പാദനം സാങ്കേതിക ശാസ്ത്രത്തെ വികസിപ്പിക്കുകയി, വിവിധ പ്രക്രിയകളെ സാമൂഹ്യമായും ഒന്നിച്ച് സംയോജിപ്പിക്കുകയും ചെയ്യുന്നുള്ളൂ”.

മുതലാളിത്തം പരിസ്ഥിതിയേയും, തൊഴിലാളികളേയും ചൂഷണം ചെയ്യുന്നതിനുവേണ്ടി സാങ്കേതിക വിദ്യയെപ്പോലും വികസിപ്പിക്കുന്നുവെന്ന പ്രശ്നം അദ്ദേഹം എടുത്തുപറയുന്നു. മാര്‍ക്സ് മുതലാളിത്ത സമ്പദ്ഘടനയുടെ അപഗ്രഥനത്തില്‍ കേന്ദ്രീകരിച്ചപ്പോള്‍ എംഗല്‍സ് ചരിത്രത്തെ സംബന്ധിച്ച ഭൗതിക പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടതെന്നും ലെനിന്‍ ഇതില്‍ വിലയിരുത്തുന്നുണ്ട്.

സ്ത്രീ പ്രശ്നങ്ങളെ സംബന്ധിച്ച് ക്ലാര സെത്കിനുമായി ലെനിന്‍ നടത്തിയ ദീര്‍ഘമായ സംഭാഷണം പ്രസിദ്ധമാണ്. ജനങ്ങളില്‍ പകുതിയിലേറെ വരുന്ന വിഭാഗത്തെ അടിമത്വത്തിലേക്ക് നടത്തി സമൂഹത്തിന് സ്വാതന്ത്ര്യം നേടാനാകില്ലെന്ന് സ്ത്രീ പ്രശ്നത്തെ വിലയിരുത്തി ലെനിന്‍ പറയുന്നുണ്ട്. കുട്ടികളുടെ പരിപാലനവും, ഭക്ഷണം പാചകം ചെയ്യലും സാമൂഹ്യമായ ഉത്തരവാദിത്തമായി മാറുന്ന ഘട്ടം സ്ത്രീ വിമോചനത്തിന് അനിവാര്യമാണ്. എല്ലാ മേഖലകളിലും കൂടുതല്‍ പങ്കാളിത്തം സ്ത്രീക്കുണ്ടാകുകയെന്നതാണ് പ്രധാനമെന്നും അദ്ദേഹം വിലയിരുത്തുന്നുണ്ട്. ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കുന്നതിന് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അടിത്തറ അനിവാര്യമാണെന്നും ലെനിന്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്ക് ആദ്യമായി വോട്ടവകാശം ലഭിച്ച രാജ്യമാണ് സോവിയറ്റ് റഷ്യയെന്ന കാര്യവും ഇവിടെ ഓര്‍ക്കേണ്ടതായിട്ടുണ്ട്.

കലയേയും സാഹിത്യത്തെയും സംബന്ധിച്ച ലെനിന്റെ കാഴ്ചപ്പാടുകള്‍ പ്രസിദ്ധമാണ്. മനുഷ്യ സമൂഹമാര്‍ജ്ജിച്ച എല്ലാ വിജ്ഞാനങ്ങളും മനുഷ്യ സമൂഹത്തിന്റെയാകെയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതിനാല്‍ അവയെല്ലാം സംരക്ഷിക്കപ്പെടണം. ഒപ്പം ഇന്നത്തെ കാലത്തിന് ആവശ്യമുള്ളവയെ സ്വീകരിക്കുകയും വേണം എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്.

ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും ലെനിന്റെ അടയാളങ്ങളുണ്ട്. മൂന്നാംലോക രാജ്യങ്ങളുടെ വിമോചനത്തെ സംബന്ധിച്ച ഒരു തിസീസ് തന്നെ ലെനിന്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സാമ്രാജ്യത്വ വിരുദ്ധ സമരത്തില്‍ ദേശീയപ്രസ്ഥാനവുമായി ചേര്‍ന്ന് സ്വന്തമായ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട് പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യവും ലെനിന്‍ എടുത്തുപറഞ്ഞു. തിലകനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ത്യയില്‍ നടന്ന തൊഴിലാളി പണിമുടക്കുകളെ വിലയിരുത്തിക്കൊണ്ട് ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന് പ്രായപൂര്‍ത്തിയായി എന്നും ലെനിന്‍ വിലയിരുത്തുകയുണ്ടായി.

മാര്‍ക്സിസ്റ്റ് ദര്‍ശനത്തെ സാമ്രാജ്യത്വകാലഘട്ടത്തില്‍ പരിശോധിക്കുകയും വികസിപ്പിക്കുകയും ചെയ്ത ദാര്‍ശനികനായിരുന്നു ലെനിന്‍. വൈരുദ്ധ്യാത്മക ഭൗതികവാദ ആശയം ശാസ്ത്രത്തിന്റെ വളര്‍ച്ചയോടെ കാലഹരണപ്പെട്ടുപോയി എന്ന വാദത്തേയും ഇന്ദ്രിയാനുകരണവും, അനുഭവമാത്ര വിമര്‍ശനവും എന്ന കൃതിയില്‍ അദ്ദേഹം തുറന്നുകാട്ടുന്നുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ലോകവ്യാപകമായി വളര്‍ത്തുന്നതിന് സൈദ്ധാന്തികമായും, പ്രായോഗികമായും ഇടപെട്ട കമ്യൂണിസ്റ്റായിരുന്നു ലെനിന്‍. റഷ്യന്‍ വിപ്ലവത്തിലൂടെ ലോകത്തെമ്പാടുമുള്ള തൊഴിലാളി വര്‍ഗ്ഗത്തെ അവഗണിച്ചുകൊണ്ട് ആര്‍ക്കും മുന്നോട്ടുപോകാനാവില്ലെന്ന് ഓര്‍മ്മപ്പെടുത്തിയ മാര്‍ക്സിസ്റ്റ് കൂടിയായിരുന്നു ലെനിന്‍.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 4 =

Most Popular