Saturday, April 27, 2024

ad

Homeമാധ്യമ നുണകള്‍തിരഞ്ഞെടുപ്പുകാലത്തെ 
വെളുപ്പിക്കൽ

തിരഞ്ഞെടുപ്പുകാലത്തെ 
വെളുപ്പിക്കൽ

ഗൗരി

മാർച്ച് 12ന്റെ പ്രാദേശികപത്രങ്ങൾ മാത്രമല്ല, ദേശീയ പത്രങ്ങളും സമാനമായ രണ്ട് വാർത്താ തലവാചകങ്ങളാലാണ് ശ്രദ്ധേയമായത്. സംഘപരിവാറിന്റെ ഒൗദ്യോഗികപത്രങ്ങളാണ് അതിൽനിന്ന് വേറിട്ടുനിന്നത്. വാർത്തകളിലൊന്ന് ഇലക്ടറൽ ബോണ്ടിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കും എസ്-ബിഐക്കും കനത്ത തിരിച്ചടി ഏൽപ്പിച്ച സുപ്രീംകോടതി വിധിയും സിഎഎ നടപ്പാക്കാൻ ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതുമാണ് ആ രണ്ട് വാർത്തകൾ. ‘‘തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ CAA ചട്ടം. മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള ഭേദഗതി പാസാക്കിയത് 2019ൽ’’ എന്നും ‘‘എസ്ബിഐക്ക് സുപ്രീംകോടതിയുടെ കർശന നിർദേശം. കടപ്പത്ര വിവരം നൽകണം. ഇന്നുതന്നെ. 26 ദിവസം എന്തെടുക്കുകയായിരുന്നുവെന്ന് കോടതി: ഇനിയും വെെകിയാൽ നടപടി. തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ചയ്ക്കകം വിവരങ്ങൾ വെബ്സെെറ്റിൽ നൽകണം’’ എന്നുമാണ് മാർച്ച് 12ന് മലയാള മനോരമയുടെ ഒന്നാം പേജിലെ മുഖ്യ തലവാചകങ്ങൾ. ബോണ്ടിൽ മനോരമയുടെ ഭാഷ മയത്തിലാണെങ്കിലും പ്രാധാന്യം നൽകിയല്ലോയെന്ന് ആശ്വസിക്കാം.

മാതൃഭൂമിയാകട്ടെ, ‘‘തിരഞ്ഞെടുപ്പുകാല വിക്ഷേപണം. പൗരത്വം ഗോദയിൽ. വിവാദ പൗരത്വനിയമം: ചട്ടങ്ങളിറക്കി കേന്ദ്രം. പ്രതിഷേധവുമായി പ്രതിപക്ഷം’’ എന്നും ‘‘ബോണ്ടിൽ ലക്ഷ്യം പിഴച്ച് കേന്ദ്രം. പറഞ്ഞേ പറ്റൂ. ബോണ്ടുവിവരങ്ങൾ ഇന്നുതന്നെ നൽകണമെന്ന് സുപ്രീംകോടതി’’ എന്നുമാണ് ഈ രണ്ടു വാർത്തകളെയും ഒന്നാം പേജിൽ അവതരിപ്പിക്കുന്നത്. എരിഞ്ഞുയരുന്ന മിസെെലിൽ സിഎഎ വിക്ഷേപിക്കപ്പെടുന്നതും ബോണ്ട് ലക്ഷ്യം തെറ്റി മണ്ണിലേക്ക് മടങ്ങി വീഴുന്ന മിസെെലായും ദൃശ്യവൽക്കരിക്കുകയും ചെയ്തിട്ടുമുണ്ട്. മറ്റു പത്രങ്ങളും ഏറെക്കുറെ സമാനമായ വിധത്തിൽ ഈ വാർത്തകൾ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നുണ്ട്.

എന്നാൽ സംഘപരിവാർ ഒൗദ്യോഗിക പത്രങ്ങളെ വെല്ലുന്ന വിധം നമ്മുടെ പേട്ട പത്രം തങ്ങളുടെ സംഘപരിവാർ വിധേയത്വം പ്രകടമാക്കി. മാർച്ച് 12ന്റെ കേരള കൗമുദിയുടെ ഒന്നാം പേജിലെ ലീഡ് ഐറ്റം ‘‘അഗ്നി 5 മിസെെൽ: പുതിയ പരീക്ഷണം വിജയം. 10 ആണവതലയുള്ള ഇന്ത്യയുടെ ‘ദിവ്യാസ്ത്രം’’ എന്നതാണ്. ബല്ലാത്തൊരു ആവേശത്തിലാണ്, സംഘികളെക്കാൾ ബല്യ ഒരു സംഘിയാണ് തങ്ങളെന്ന് പേട്ട പത്രം സ്വയം അവതരിപ്പിക്കുമ്പോൾ ആരും അന്തംവിട്ടുപോകും. സിഐഎയെയും ബോണ്ടിനെയും അപ്രധാനമാക്കി രണ്ടാം പേജിൽ ചവിട്ടിക്കൂട്ടിയിട്ടിരിക്കുകയാണ് ഈ പൊട്ട പത്രം!

മാർച്ച് 8ന്റെ മുഖ്യധാരാ മാധ്യമങ്ങൾ പുറത്തിറങ്ങിയതിലും സവിശേഷത കാണാം. ഒരു ബോക്-സ് ഐറ്റത്തിനപ്പുറം ഒരു വാർത്താമൂല്യവുമില്ലാത്ത ഒരിനത്തെ മേജർ ഐറ്റമായി അവതരിപ്പിച്ചിരിക്കുന്നു. മാതൃഭൂമി 8–ാം തീയതി ഒന്നാം പേജിൽ നൽകിയ മുഖ്യതലവാചകം ഇങ്ങനെ: ‘‘കേന്ദ്ര ഡിഎ 4% കൂട്ടി. മറ്റലവൻസുകളിലും വർധന.’’ മനോരമയുടെ ഒന്നാം പേജ് മെയിൻ ഐറ്റം ഇങ്ങനെ: ‘‘കേന്ദ്ര ജീവനക്കാരുടെ ഡിഎ 4% കൂട്ടുന്നു.’’ പട്ടി മനുഷ്യനെ കടിക്കുന്നതു വാർത്തയല്ലെന്നും മനുഷ്യൻ പട്ടിയെ കടിക്കുമ്പോഴാണ് വാർത്തയാകുന്നതെന്നുമാണല്ലോ പ്രമാണം. ഇവിടെ ഇപ്പോൾ മനുഷ്യനെ പട്ടി കടിച്ചത് വാർത്തയാക്കപ്പെട്ടിരിക്കുന്നു. എന്താന്നല്ലേ?

ജീവനക്കാർക്കും തൊഴിലാളികൾക്കും വിലക്കയറ്റത്തിനാനുപാതികമായി ക്ഷാമബത്ത (ഡിഎ) നൽകുന്നത് ബ്രിട്ടീഷ് ഭരണകാലംമുതൽ അംഗീകരിക്കപ്പെട്ട തത്വമാണ്. കഴിഞ്ഞ രണ്ട് ദശകത്തിലേറെയായി ജനുവരി ഒന്നുമുതലും ജൂലെെ ഒന്നു മുതലുമാണ് ഡിഎ നൽകുന്നത്. അതിനുമുൻപ് ഓരോ മാസവും വിലക്കയറ്റം എത്രയെന്ന് കണക്കാക്കി, മാസംതോറുമോ രണ്ടോ മൂന്നോ മാസത്തിലൊരിക്കലോ ക്ഷാമബത്ത വർധിപ്പിച്ചിരുന്നു. പിന്നീടത് ഇപ്പോഴത്തേതുപോലെ രണ്ട് ഘട്ടമായി നൽകുന്ന സംവിധാനം നിലവിൽ വന്നു. ഇതിനർഥം നിത്യോപയോഗ സാധന വിലകൾ അനുസ്യൂതം വർധിച്ചുവരികയാണെന്നാണ്. ഇപ്പോൾ 4 ശതമാനം ഡിഎ വർധിപ്പിച്ചതിൽ നിന്ന് മനസ്സിലാക്കേണ്ടത് കഴിഞ്ഞ ജൂലെെക്കും 2024 ജനുവരിക്കുമിടയിൽ 4 ശതമാനത്തിലേറെ വില വർധിച്ചുവെന്നാണ്. അങ്ങനെ പതിവായി എല്ലാ വർഷവും നടന്നുവരുന്നതുപോലെ ഈ വർഷവും ഡിഎ പുതുക്കുന്നത് എങ്ങനെയാണ്. ഗമണ്ടൻ വാർത്തയാകുന്നതെങ്ങനെ? ഏഴാം ശമ്പളക്കമ്മീഷൻ ശുപാർശ പ്രകാരം ഡിഎ 50 ശതമാനത്തിലധികമാകുമ്പോൾ എച്ച്ആർഎയും വർധിക്കണം. കഴിഞ്ഞ ഏതാനും വർഷത്തിനകം സാധനവിലകൾ 50 ശതമാനവും കടന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സാധാരണക്കാരെ പൊറുതിമുട്ടിക്കുന്ന വിലക്കയറ്റമാണ് മോദി വാഴ്ചയുടെ മുഖമുദ്ര എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. എന്നാൽ മോദിയുടെ സംഭാവനയെന്ന പോലെയാണ് മുഖ്യധാരക്കാർ ഡിഎ വർധനയെ പെരുപ്പിച്ച് അവതരിപ്പിച്ചിരിക്കുന്നത്.

കേരളത്തിന്റെ വായ്പാപരിധി ഉയർത്തുന്നതിലും ന്യായമായ നികുതി വിഹിതം അനുവദിക്കുന്നതിലും കേന്ദ്ര സർക്കാർ തുടരുന്ന നിഷേധാത്മക നിലപാടിനെതിരെ ഭരണഘടന അനുവദിക്കുന്നതനുസരിച്ച് എൽഡിഎഫ് ഗവൺമെന്റ് സുപ്രീംകോടതിയിൽ നൽകിയ കേസിൽ ഇടക്കാല തീർപ്പുവരുന്നത് മാർച്ച് 6നാണ്-. മാർച്ച് 7ന്റെ പത്രങ്ങളെല്ലാം ആ ഇടക്കാല വിധിയെ കേന്ദ്രത്തിനു ലഭിച്ച തിരിച്ചടിയായാണ് ശരിയായി തന്നെ അവതരിപ്പിച്ചത്. കാരണം കേസ് ഫയലിൽ സ്വീകരിച്ചപ്പോൾ സുപ്രീംകോടതി കേന്ദ്ര–സംസ്ഥാന സർക്കാരുകളോട് കൂടിയാലോചിച്ച് പ്രശ്നം തീർക്കാനാണ് നിർദേശിച്ചത്. അതനുസരിച്ചു നടന്ന കൂടിയാലോചനാ വേളയിൽ കേന്ദ്രം കേരളത്തോട് പറഞ്ഞത് സുപ്രീംകോടതിയിലെ കേസ് പിൻവലിച്ചാൽ 13,608 കോടി രൂപയുടെ കടമെടുക്കാൻ അനുവാദം നൽകാമെന്നാണ്. സംസ്ഥാന സർക്കാർ ആ ഉപാധി അംഗീകരിക്കാൻ തയ്യാറായില്ല. കാരണം, 13,608 കോടി രൂപ നിലവിലുള്ള മാനദണ്ഡ പ്രകാരം തന്നെ സംസ്ഥാനത്തിന് അർഹതപ്പെട്ട വായ്പയാണ്. അത് ലഭിക്കണമെങ്കിൽ, ഭരണഘടന പ്രകാരം സംസ്ഥാന സർക്കാരിന് കേന്ദ്രത്തിനെതിരെ കേസുകൊടുക്കാനുള്ള അവകാശം അടിയറവയ്ക്കണമെന്ന ബിജെപി സർക്കാരിന്റെ തീട്ടൂരത്തെ തൃണവൽഗണിച്ചുകൊണ്ട് കേരളത്തിലെ എൽഡിഎഫ് സർക്കാർ ധനകാര്യ ഫെഡറലിസം സംരക്ഷിക്കാനായി ഇന്ത്യയ്ക്കാകെ മാതൃകയായി നിയമപോരാട്ടത്തിനു തയ്യാറാവുകയാണുണ്ടായത്.

അതിനെ തുടർന്നാണ് സുപ്രീംകോടതി 4–ാം തീയതി കേസ്, വീണ്ടും പരിഗണിച്ചത്. അപ്പോഴുണ്ടായ ഇടക്കാല വിധികേന്ദ്രം കേരളത്തിനുർഹമായ 13,608 കോടി രൂപ ഉടൻ നൽകണമെന്നും സുപ്രീംകോടതിയിലെ കേസ് പിൻവലിക്കേണ്ടതില്ലെന്നുമാണ്. അതെങ്ങനെയാണ് മനോരമേ കേന്ദ്ര നിർദേശം കേരളം അംഗീകരിച്ചതാകുന്നത്? കേസ് പിൻവലിക്കണമെന്ന കേന്ദ്ര നിർദേശത്തെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചത് മനോരമ അറിഞ്ഞില്ലെന്നുണ്ടോ? കേന്ദ്ര സർക്കാർ നിലപാട് സുപ്രീംകോടതിയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണെന്നുമെല്ലാം സുപ്രീംകോടതി പ്രതികരിച്ചത് മനോരമ അറിഞ്ഞില്ലെന്നുണ്ടോ?

ഏഴാം തീയതി തന്നെ മനോരമയുടെ ഉൾപ്പേജിൽ (പേജ് 9) ഈ വിഷയത്തിൽ ഒരിനം കൂടിയുണ്ട്. അതിന്റെ തലക്കെട്ടിങ്ങനെ: ‘‘സുപ്രീംകോടതി ഇടപെടൽ. കേരളത്തിന് ചില്ലറ നേട്ടം. കിട്ടുന്നത് കേസില്ലായിരുന്നെങ്കിൽ ഒരു മാസം മുൻപേ ലഭിക്കേണ്ട വായ്പ.’’ കേരളം കേന്ദ്ര സർക്കാരിന്റെ സൗജന്യത്തിനുവേണ്ടി യാചിക്കുകയായിരുന്നില്ല. നിയമപരമായ അവകാശം സംരക്ഷിക്കാനായി പൊരുതുകയാണുണ്ടായത്. ആ പോരാട്ടത്തിന്റെ പ്രാധാന്യം മനോരമയ്ക്കും കേരളത്തിലെ കോൺഗ്രസുകാർക്കും മനസ്സിലാവില്ല. സാമ്രാജ്യത്വത്തിനും ഫ്യൂഡൽ വാഴ്ചയ്ക്കും മുന്നിൽ നട്ടെല്ലുവളച്ച് ശീലമുള്ള മനോരമയ്ക്ക് കേന്ദ്ര–സംസ്ഥാന ബന്ധങ്ങളെന്നാൽ അടിമ–ഉടമ അല്ലെങ്കിൽ ജന്മി–കുടിയാൻ ബന്ധമാണ്. അതംഗീകരിക്കാൻ കേരളസർക്കാർ തയ്യാറല്ല; കേരളത്തിലെ ജനങ്ങളും! സുപ്രീംകോടതി ചർച്ച തുടരാൻ പറഞ്ഞതിനൊപ്പം കേസ് നിലനിൽക്കുമെന്നും അടിവരയിട്ടുറപ്പിച്ചത് മനോരമ കണ്ടില്ലെന്ന് തോന്നുന്നു!

9–ാം തീയതി മനോരമയുടെ 9–ാം പേജിൽ ഒരു പൊളിറ്റിക്കൽ സ്റ്റോറി അവതരിപ്പിച്ചിട്ടുണ്ട്– ‘‘വീണ്ടും മുരളീധരന്റെ മാസ് എൻട്രി:’’ അമ്പമ്പോ! തൃശൂരുകാരും അവിടത്തെ എൽഡിഎഫ് സ്ഥാനാർഥിയും ഇനി എന്തര് ചെയ്യുമോ ആവോ!! ഇമ്മട്ടിലാണ് മനോരമ മാസ് എൻട്രി നടത്തുന്നത്. വടകരയിൽ തോറ്റമ്പുമെന്ന് കണ്ട മുരളിയുടെ ഒളിച്ചോട്ടമാണ് തൃശ്ശൂരിലേക്ക്. അവിടന്ന് പെങ്ങളൂട്ടിയുടെ പിന്നാലെ കമലദളത്തിനുള്ളിലേക്കായിരിക്കും ഇനി ചേക്കേറുന്നത്. പണ്ടേ പറഞ്ഞതാണല്ലോ, മോദി വിളിച്ചിരുന്നെങ്കിൽ ഉച്ചയൂണിന് താനും പോയേനെയെന്ന്! അങ്ങനെയൊരു വിളിക്ക് കാത്തിരിപ്പാണ് അതിയാൻ.

മുൻപ് വട്ടിയൂർക്കാവിൽ എംഎൽഎ ആയിരിക്കെ അവിടന്ന് എംപിയാകാൻ വടകരയ്ക്ക് വണ്ടി കയറിയ വിദ്വാനെ പിന്നീട് 2021ൽ കണ്ടത് നേമത്ത് മാസ് എൻട്രി നടത്തുന്നതാണ്. അവിടെ മൂന്നാം സ്ഥാനക്കാരനായി തലകുമ്പിട്ട് വടകരയ്ക്ക് മടങ്ങിയ ചരിത്രവും മലയാളി ഓർക്കുന്നുണ്ട്, മനോരമേ! ഒരു ചക്ക വീണപ്പോൾ മുയലു ചത്തെന്നു കരുതി ചക്ക വീഴുമ്പോല്ലൊം മുയലുകൾ ചാവുമെന്ന് ചിന്തിച്ച് മനോരമ മനപ്പായസമുണ്ണേണ്ട. ഇനി തൃശ്ശിവപേരൂരിൽ തന്നെ അപ്പനും മോനും തോറ്റുമുട്ടിടിച്ചു വീണ ചരിത്രവും കൂടി മനോരമ പറയാത്തതെന്തേ ! പണ്ട് എ കെ ആന്റണിയെ മുക്കാലിയിൽ കെട്ടി അടിക്കണമെന്ന് വീരവാദം പറഞ്ഞ മുരളി 2004 ൽ അതേ ആന്റണി മന്ത്രിസഭയിൽ വെെദ്യുതി മന്ത്രിയാകാൻ കെപിസിസി അധ്യക്ഷപദമുപേക്ഷിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വന്തക്കാരനായ ബലറാമിനെ രാജിവയ്പിച്ച് എത്തിയിട്ട് എന്തായി? എ സി മൊയ്തീനു മുന്നിൽ അടിയറവ് പറഞ്ഞ കഥയും മനോരമ പറയേണ്ടതുണ്ട്!

മാർച്ച് 10ന്റെ മനോരമയിൽ 4–ാം പേജിൽ ‘‘21നു പകരം 2% ക്ഷാമബത്ത; സർക്കാരിനെതിരെ സംഘടനകൾ’’ എന്നൊരു റിപ്പോർട്ട് കണ്ടു. എന്നാൽ ഈ ക്ഷാമബത്ത കേന്ദ്ര നിരക്കിൽ കേരളത്തിൽ എത്തിയത് എന്നു മുതലാണെന്ന് മനോരമയ്ക്ക് ഓർമയില്ലെങ്കിലും കേരളത്തിലെ ജീവനക്കാർക്ക് ഓർമയുണ്ട്. 1967ൽ സംസ്ഥാന ജീവനക്കാർ ക്ഷാമബത്തയ്ക്കുവേണ്ടി ഒരു പണിമുടക്ക് നടത്തിയിരുന്നു. അന്ന് കേരളം ഗവർണർ ഭരണത്തിലായിരുന്നു. ആവശ്യം അംഗീകരിക്കുന്നതിനുപകരം സമരത്തെ അടിച്ചമർത്താനായിരുന്നു ഗവർണർക്കും കേന്ദ്രത്തിലെ കോൺഗ്രസ് ഗവൺമെന്റിനും തിടുക്കം. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ സമരം പിൻവലിക്കണമെന്നും തങ്ങൾ അധികാരത്തിൽ വന്നാൽ ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാമെന്നും സ-പ്തകക്ഷി മുന്നണിയെ നയിച്ചിരുന്ന സിപിഐ എമ്മിനുവേണ്ടി ഇ എം എസ് പ്രസ്താവന നടത്തിയതോടെയാണ് ജീവനക്കാർ സമരം പിൻവലിച്ചത്. ഇ എം എസ് മുഖ്യമന്ത്രിയായി അധികാരമേറ്റതിനെ തുടർന്നുള്ള തീരുമാനങ്ങളിലൊന്ന് കേന്ദ്ര ക്ഷാമബത്ത അനുവദിക്കലായിരുന്നു. ആ ഗവൺമെന്റ് അട്ടിമറിക്കപ്പെട്ട ശേഷം അധികാരത്തിൽ വന്ന കോൺഗ്രസ് പിന്തുണയുള്ള സർക്കാർ വീണ്ടും ക്ഷാമബത്ത നിഷേധിച്ച ചരിത്രവും അതിനെതിരെ 1971ലും 1975ലും 1980കളിലും ഒടുവിൽ 2001 നവംബറിലുമെല്ലാം കോൺഗ്രസ് ഭരണകാലങ്ങളിൽ ക്ഷാമബത്തയ്ക്കു വേണ്ടി സമരം ചെയ്യേണ്ടി വന്നതുമെല്ലാം നല്ല ഓർമയുള്ളവരാണ് കേരളത്തിലെ ജീവനക്കാർ. അതുകൊണ്ടാണല്ലോ ഇന്ദിരാഭവനിലെയും മരാർജി ഭവനിലെയും ഒരു കൂട്ടം തിണ്ണനിരങ്ങികൾ ഈ അടുത്തയിടെ സമരപ്രഖ്യാപനം നടത്തിയപ്പോൾ ജീവനക്കാർ അത് തള്ളിക്കളഞ്ഞത്. അപ്പോൾ പണിമുടക്ക് സർക്കാർ ഓഫീസുകളിലായിരുന്നില്ല, മറിച്ച് മനോരമ താളിലായിരുന്നു.

സർക്കാർ ജീവനക്കാരിൽ കണ്ണുംനട്ട് ഇരിപ്പാണ് മനോരമ. നോക്കൂ, മാർച്ച് 6ന് ഒരു കിടിലൻ മുഖപ്രസംഗം, ‘‘ശമ്പളവും പെൻഷനും വെെകുന്നത് ക്രൂരത. സാമ്പത്തികപ്രതിസന്ധിയുടെ ഭാരംപേറേണ്ടത് ജീവനക്കാരല്ല.’’ എന്നാണ് ശീർഷകം. ശരിയാണ് സാമ്പത്തികപ്രതിസന്ധിയുടെ ഭാരം പേറേണ്ടത് ജീവനക്കാരല്ല തന്നെ. അപ്പോ‘ ആരാ അത് സൃഷ്ടിച്ചത്, അവരെക്കൊണ്ട് സമാധാനം പറയിക്കണം. ഇവിടെ പ്രതിസന്ധി സൃഷ്ടിക്കുന്നത് കേന്ദ്ര സർക്കാർ സംസ്ഥാനത്തിനെതിരെ തുടരുന്ന സാമ്പത്തിക ഉപരോധം മൂലമാണ്. അത് സംസ്ഥാന ജീവനക്കാർക്ക് നന്നായി അറിയാം. അതുകൊണ്ടാണ് മനോരമയും യുഡിഎഫ-ുകാരുമെല്ലാം സമരാഹ്വാനങ്ങൾ നടത്തിയിട്ടും ക്ലച്ചു പിടിക്കാതിരിക്കുന്നത്.

2002ൽ സംസ്ഥാന ജീവനക്കാരുടെ ശമ്പളം 15–ാം തീയതി കഴിഞ്ഞ് കൊടുത്താൽ മതിയെന്നും ശമ്പളവും പെൻഷനും വെട്ടിക്കുറയ്ക്കാനും ആന്റണി മന്ത്രിസഭ തീരുമാനിച്ചപ്പോൾ അതിന് ഒത്താശ ചെയ്യുകയും ജീവനക്കാർക്കെതിരെ സർക്കാരിനൊപ്പം ചേർന്ന് യുദ്ധപ്രഖ്യാപനം നടത്തുകയും ചെയ്ത മനോരമയുടെ ഇപ്പോഴത്തെ മുതലക്കണ്ണീരൊഴുക്കൽ ജീവനക്കാരെ വീണ്ടും കോൺഗ്രസ്സിന്റെ ചതിക്കുഴിയിൽ തള്ളിവീഴ്-ത്താനാണെന്നു ജീവനക്കാർക്കു മാത്രമല്ല ഈ നാട്ടിലെ ജനങ്ങൾക്കാകെ ബോധ്യമുള്ളതാണ്. ഇടതുപക്ഷം അധികാരത്തിലെത്തുമ്പോഴെല്ലാം പതിവുള്ളതാണ് മനോരമയുടെ ഈ ഇളക്കം. ‘വിമോചന’ സമരം സ്വപ്നം കണ്ട് കഴിയുന്ന മലർപ്പൊടിക്കാരന്റെ അവസ്ഥയിലാണ് മനോരമ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 + 15 =

Most Popular