Saturday, November 23, 2024

ad

Homeഅനുസ്മരണംകലാനാഥൻ മാഷിനെ ഓർക്കുമ്പോൾ

കലാനാഥൻ മാഷിനെ ഓർക്കുമ്പോൾ

കെ ടി കുഞ്ഞിക്കണ്ണൻ

പ്രശസ്ത യുക്തിവാദചിന്തകനും മാർക്‌സിസ്റ്റുമായ കലാനാഥൻ മാഷ് തന്റെ 84-ാം വയസ്സിൽ 2024 മാർച്ച് 7‐-ാം തീയതി ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. 1940-ൽ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് വില്ലേജിലാണ് കലാനാഥൻ മാഷ് ജനിച്ചത്. കേരള യുക്തിവാദിസംഘം കോഴിക്കോട് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറിയായും സംസ്ഥാന ജനറൽസെക്രട്ടറിയായും പ്രസിഡണ്ടായും ഫെഡറേഷൻ ഓഫ് ഇന്ത്യൻ റാഷനലിസ്റ്റ് അസോസിയേഷന്റെ ദേശീയ സെക്രട്ടറിയായും മാഷ് പ്രവർത്തിച്ചിട്ടുണ്ട്. ശാസ്ത്രചിന്തയും യുക്തിബോധവും മതനിരപേക്ഷതയും വെല്ലുവിളികൾ നേരിടുന്ന ആപത്‌സന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോഴാണ് മാഷുടെ വേർപാട് ഉണ്ടായിരിക്കുന്നത്. അത് മതനിരപേക്ഷ ജനാധിപത്യപ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടംതന്നെയാണ്.

ജാതി പുരുഷാധിപത്യ ഫ്യൂഡൽ വരേണ്യ മൂല്യങ്ങളിലധിഷ്ഠിതമായ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വിട്ടുവീഴ്ചയില്ലാതെ എതിർത്തുപോന്ന നമ്മുടെ നവോത്ഥാനചരിത്രത്തിന്റെ തുടർച്ചയായിരുന്നു മാഷുടെ ജീവിതവും പ്രവർത്തനങ്ങളും. നവോത്ഥാനകാലഘട്ടത്തിന്റെ അനുസ്യൂതിയിലാണല്ലോ സഹോദരനയ്യപ്പനും വി.ടി.ഭട്ടതിരിപ്പാടും സി.വി.കുഞ്ഞിരാമനും മിതവാദി സി.കൃഷ്ണനും എം.സി.ജോസഫും കുറ്റിപ്പുഴ കൃഷ്ണപിള്ളയുമൊക്കെ ചേർന്ന് യുക്തിവാദപ്രസ്ഥാനത്തിന് അടിത്തറയിടുന്നത്. കേരളത്തിലെ യുക്തിവാദിപ്രസ്ഥാനത്തിന്റെ ചരിത്രം ഈ ധീരജ്ഞാനികളായ മഹാന്മാരുടെ ഇടപെടലുകളിലൂടെയാണ് ആരംഭിക്കുന്നത്. 1960-കളിൽ എം.രാമവർമ്മതമ്പാനും ടി.എ.ആന്റണി കുസുമം എന്നിവരും യുക്തിവാദപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

കൊളോണിയലിസത്തിനെതിരായി വളർന്നുവന്ന ദേശീയപ്രസ്ഥാനത്തിന്റെ പശ്ചാത്തലവും നവോത്ഥാനം സൃഷ്ടിച്ച ജീവിതമൂല്യങ്ങളും ചേർന്നാണ് യുക്തിവാദ പ്രസ്ഥാനത്തിന് അടിത്തറ ഒരുക്കിയതെന്നുപറയാം. പനമ്പള്ളി ഗോവിന്ദമേനോനെയും കെ.ദാമോദരനെയും സി.കേശവനെയും പോലുള്ളവർ യുക്തിവാദപ്രസ്ഥാനത്തിന്റെ ആരംഭകാലത്തെ കരുത്തരായ നേതാക്കളായിരുന്നു. ഈ മഹാരഥന്മാരുടെ ജ്ഞാന കർമ്മ വഴികളിലൂടെയാണ് എം.സി.ജോസഫ് യുക്തിവാദി മാസിക ആരംഭിക്കുന്നതും സഹോദരനയ്യപ്പനെപോലുള്ള ഉജ്ജ്വലപ്രകാശം പരത്തിയ ഒരു നവോത്ഥാനചിന്തകരുടെ ലേഖനങ്ങൾ മലയാളികൾക്കിടയിൽ എത്തുന്നതും. യുക്തിവാദി മാസികയിലൂടെ സൃഷ്ടിക്കപ്പെട്ട വായനയുടെയും ആശയസംവാദത്തിന്റെയും പരിസരത്തിൽനിന്നാണ് യുക്തിവാദപ്രസ്ഥാനത്തിന്റെ രണ്ടാംതലമുറ നേതാക്കൾ വളർന്നുവന്നതെന്ന് പറയാം.

ആദരണീയരായ പവനൻ, പി.എസ്.രാമൻകുട്ടി തുടങ്ങിയ ചിന്തകരുടെയും പ്രചാരകരുടെയും ഗണത്തിലാണ് യു.കലാനാഥൻ മാഷും യുക്തിവാദപ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായി വളർന്നുവന്നത്. ഇതിൽ കലാനാഥൻ മാഷ്‌ ശ്രദ്ധേയനാവുന്നത് കേവല ഭൗതികവാദത്തിന്റെ യാന്ത്രിക യുക്തിയിൽനിന്നും ചരിത്രത്തെയും മനുഷ്യരാശിയുടെ വർത്തമാനത്തെയും ഭാവിയെയും സംബന്ധിച്ച വിശകലനങ്ങൾ നടത്തുന്ന ബൂർഷ്വാ യുക്തിവാദ നിലപാടുകളെ നിരാകരിച്ചുകൊണ്ട് യുക്തിവാദത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കാനുള്ള ഇടപെടലുകൾ നടത്തിയതിലൂടെയാണ്.
മതത്തെയും ദൈവാരാധനയെയുമൊക്കെ അതിന്റെ ചരിത്രപരതയിൽ മനസ്സിലാക്കാനും പ്രകൃതിയുടെയും സമൂഹത്തിന്റെയും പരിണാമപ്രക്രിയയെ തന്നെ നിഷേധിക്കുന്ന അതിഭൗതികവാദ നിലപാടുകളെ നിരാകരിക്കാനും മാഷിന്‌ കഴിഞ്ഞിട്ടുണ്ട്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഭൗതികാടിസ്ഥാനങ്ങളെ മനസ്സിലാക്കാനും അതിനെ മാറ്റിത്തീർക്കാനുമുള്ള സാമൂഹ്യപ്രയോഗങ്ങളുടെ ഭാഗമായി യുക്തിചിന്തയെ വളർത്തിയെടുക്കാനാണ് മാഷ് ശ്രമിച്ചിട്ടുള്ളത്. അതിഭൗതികവാദത്തെ ആശയവാദം എന്നപോലെ നിരാകരിക്കാൻ പഠിപ്പിച്ച മാർക്‌സിസ്റ്റ് തത്വചിന്തയുടെ സ്വാംശീകരണത്തിലൂടെയാണ് മാഷിന്‌ ഇത് സാധ്യമായത്.

മനുഷ്യരുടെ യഥാർത്ഥ ജീവിതമാണ്, ഭൗതികപ്രക്രിയയാണ് എല്ലാ ദർശനങ്ങളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനമായിരിക്കുന്നതെന്ന മാർക്‌സിസ്റ്റ് തിരിച്ചറിവ് കലാനാഥൻ മാഷിന്റെ വീക്ഷണങ്ങൾക്കും ഇടപെടലുകൾക്കും ഉണ്ടായിരുന്നു. യുക്തിവാദി പ്രസ്ഥാനത്തിലെന്നപോലെ മാഷ് കമ്യൂണിസ്റ്റ് പാർടിയിലും സജീവമായി ഇടപെടുകയും നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്തു. മാർക്‌സിസ്റ്റ് ചിന്തയുടെ അധ്യാപനവും പാർടി സഖാക്കൾക്കുവേണ്ടിയുള്ള പ്രത്യയശാസ്ത്ര പ്രചാരണവും അദ്ദേഹമെന്നും ഏറ്റെടുത്ത് നിർവ്വഹിച്ചിട്ടുണ്ട്.

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിനെ ലോകശ്രദ്ധയിൽ കൊണ്ടുവന്ന ജനകീയാസൂത്രണപ്രവർത്തനങ്ങളുടെ ആസൂത്രകനും കാർമ്മികനുമായിരുന്നു കലാനാഥൻ മാഷ്‌. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ടെന്ന നിലയിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ അധികാരവികേന്ദ്രീകരണത്തിന്റെയും വികസനത്തിന്റെയും നയപരിപ്രേക്ഷ്യം രൂപപ്പെടുത്തുന്നതിന് മാതൃകയായി തീർന്നിട്ടുണ്ട്. അര നൂറ്റാണ്ടിലേറെക്കാലം യുക്തിവാദപ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത അദ്ദേഹം മനുഷ്യരുടെ യുക്തിചിന്തയും ശാസ്ത്രാവബോധവും വളർത്തിയെടുത്ത് മാനവികതയുടേതായ ഒരു ആധുനിക ജീവിതാവബോധം എല്ലാവരിലേക്കുമെത്തിക്കാനാണ് അദ്ധ്വാനിച്ചത്.

വർഗീയഫാസിസത്തിനും മതതീവ്രവാദ ആശയങ്ങൾക്കുമെതിരെ ശക്തമായ ഇടപെടലുകളാണ് കലാനാഥൻ മാഷ്‌ നടത്തിയിട്ടുള്ളത്. അദ്ദേഹത്തോടൊപ്പം എത്രയോ വേദികളിൽ വർഗീയതയ്‌ക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ സംവാദങ്ങളിൽ ഇതെഴുതുന്ന ആൾക്ക് പങ്കാളിയാകാൻ കഴിഞ്ഞിട്ടുണ്ട്. ഭൂതകാല അഭിമാനത്തിന്റെ മിഥ്യാടനങ്ങളിലേക്ക് ഒരു ജനതയെയാകെ തള്ളിവിടുന്ന ഹിന്ദുത്വഫാസിസത്തിനെതിരായി മാഷ് വിട്ടുവീഴ്ചയില്ലാതെ സമരം ചെയ്തു. പ്രഭാഷണങ്ങളിലൂടെയും എഴുത്തിലൂടെയും ഹിന്ദുത്വത്തിന്റെ ഫാസിസ്റ്റ് ഭീഷണികളെയും വിഭജനതന്ത്രങ്ങളെയും തുറന്നുകാട്ടി.

വർഗനിരാകരണത്തിന്റെയും ചരിത്രനിഷേധത്തിന്റേതുമായ നവനാസ്തികതയെ മാഷ് ഒരുകാലത്തും അനുകൂലിച്ചിരുന്നില്ല. അതിന്റെ അപകടങ്ങളെക്കുറിച്ച് മാഷ് നിരന്തരം ഓർമ്മപ്പെടുത്തിയുമിരുന്നു. നവനാസ്തികവാദം അതിഭൗതികവാദപരവും അതുകൊണ്ടുതന്നെ ഫലത്തിൽ ആശയവാദപരവുമായ പ്രതിലോമചിന്തകളായിട്ടാണ് മാഷ് കണ്ടിട്ടുള്ളത്. മനുഷ്യരെ അവരുടെ ചരിത്രപരതയിൽ നിന്ന് അടർത്തിമാറ്റി ഒരു സ്പീഷീസ് മാത്രമായി പരിമിതപ്പെടുത്തുന്നതാണ് നവനാസ്തികതയുടെ മൗലികമായ കുഴപ്പമെന്ന മാർക്‌സിസ്റ്റ് വീക്ഷണങ്ങൾക്കൊപ്പമായിരുന്നു മാഷ് നിലകൊണ്ടത്. ഹെർബർട്ട്‌ സ്‌പെൻസറെ പോലുള്ളവർ ഡാർവിന്റെ പ്രകൃതിനിർദ്ധാരണ നിയമത്തെ സാമൂഹ്യജീവിതത്തിലേക്ക് പകർത്തി വികസിപ്പിച്ചെടുത്ത സോഷ്യൽ ഡാർവിനസത്തെയാണ് നവനാസ്തികർ പിൻപറ്റുന്നത്.

മനുഷ്യരുടെ പരിണാമചരിത്രത്തെ അർഹതയുള്ളവരുടെ അതിജീവനമായി വ്യാഖ്യാനിച്ചെടുക്കുകയാണവർ. നിർദ്ദയമായ വിപണിസിദ്ധാന്തമാണിത്. നിയോലിബറൽ മൂലധനത്തിനാവശ്യമായ രാഷ്ട്രീയസാംസ്‌കാരികയുക്തിയെന്ന നിലയിലാണ് സോഷ്യ ൽ ഡാർവിനിസം ആവിഷ്‌കരിച്ചെടുത്തിട്ടുള്ളത്. എല്ലാവിധ സാമൂഹ്യനീതി തത്വങ്ങളെയും ക്ഷേമരാഷ്ട്രപദ്ധതികളെയും നിരാകരിക്കുന്ന അർഹതയുള്ളവരുടെ അതിജീവനസിദ്ധാന്തം ഫാസിസത്തിന്റെ ആധിപത്യയുക്തിയാണ്. തീവ്രവലതുപക്ഷത്തിന്റെ സാധൂകരണസിദ്ധാന്തമായി അവതരിപ്പിക്കപ്പെട്ട സോഷ്യൽഡാർവിനിസത്തോടും നവനാസ്തികതയോടും അതിന്റെ കേരളീയ അവതാരങ്ങളായ എസ്സെൻസ് ഗ്ലോബലിനോടുമെല്ലാം കൃത്യമായ മാർക്‌സിസ്റ്റ് വിമർശനാത്മകത മാഷ് സൂക്ഷിച്ചിരുന്നു.

ജാതിമത ലിംഗവിവേചനങ്ങൾക്കതീതമായ മാനവികത സോഷ്യലിസ്റ്റ് സമൂഹത്തിലൂടെയേ സാക്ഷാത്കരിക്കാനാവുന്ന തിരിച്ചറിവ് മാഷിനുണ്ടായിരുന്നു. അതിനായി ചരിത്രബോധവും ശാസ്ത്ര യുക്തിചിന്തയും ജനങ്ങളിലേക്കെത്തിക്കുക എന്നതായിരുന്നു മാഷ് ജീവിതത്തിലൂടനീളം ചെയ്തത്. നവോത്ഥാന പ്രസ്ഥാനം അവസാനിപ്പിച്ചുവെന്ന് കരുതുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഭയജനകമാംവിധം പുനരുജ്ജീവിപ്പിക്കപ്പെടുന്ന വർത്തമാനത്തിൽ അതിനെതിരായ പ്രതിരോധത്തിന്റെ പ്രകാശജ്വാലകൾ സൃഷ്ടിച്ച മാഷിന്റെ കർമ്മോത്സുകമായ ജീവിതം നമുക്കെന്നും വഴികാട്ടും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − 15 =

Most Popular