Sunday, April 28, 2024

ad

Homeചിത്രകലഛായാചിത്രങ്ങളുടെ പ്രദർശനം

ഛായാചിത്രങ്ങളുടെ പ്രദർശനം

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

പ്രകൃതിസൗന്ദര്യം പകർത്തുന്ന ചിത്രകാരർക്ക്‌ സമൂഹത്തിൽ ഉന്നത പദവി ലഭിച്ചിരുന്നുവെന്ന്‌ കലാചരിത്രരേഖകൾ പറയുന്നു. മൈക്കലാഞ്ചലോ, ഡാവിഞ്ചി, റാഫേൽ എന്നീ വിശ്വോത്തര കലാകാരരോടൊപ്പം നവോത്ഥാനകാല കലയിലും തുടർന്നും ചിത്ര‐ശിൽപകലാകാരരുടെ പങ്ക്‌ ശ്രദ്ധേയ സാന്നിധ്യമായാണ്‌ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്‌. പ്രകൃതിദൃശ്യങ്ങൾ, ബൈബിൾ അടക്കമുള്ള പുരാണേതിഹാസങ്ങളെ വിഷയമാക്കിയ ചിത്രങ്ങൾ, ഛായാചിത്രങ്ങൾ ഇവയൊക്കെ മികച്ച കലാവിഷ്‌കാരങ്ങളായി കലാചരിത്രത്തിൽ ഇടംനേടിയിട്ടുണ്ട്‌. അക്കാല ഛായാചിത്രങ്ങൾ പരിശോധിക്കുമ്പോൾ സവിശേഷ ശ്രദ്ധ നേടിയത്‌ 16‐ാം നൂറ്റാണ്ടിൽ ജീവിച്ച ഡച്ച്‌ ചിത്രകാരനായ റംബ്രാണ്ട്‌ (റംബ്രാണ്ട്‌ വാങ്‌ റേയ്‌ൻ 1606‐1669) ആയിരുന്നു. ഇക്കാലം ഡച്ചുകാരുടെ സുവർണകാലമെന്നാണ്‌ റംബ്രാണ്ടിന്റെ രചനകളെ കലാസ്വാദകർ വിശേഷിപ്പിക്കുന്നത്‌. ഏറ്റവുമധികം ഛായാചിത്രങ്ങൾ, സ്വന്തം മുഖമുൾപ്പെടെ വരച്ചിട്ടുള്ള ഇദ്ദേഹം പ്രകൃതിദൃശ്യങ്ങളും, ഭാവനാപൂർണമായ ഭൂഭാഗദൃശ്യങ്ങളും പക്ഷിമൃഗാദികളും, പുരാണ ഇതിഹാസ കഥകൾ ഇവയൊക്കെച്ചേരുന്ന വൈവിധ്യമാർന്ന വിഷയങ്ങളിലും ചിത്രങ്ങൾ രചിച്ചിട്ടുണ്ട്‌. അന്ന്‌ ഡച്ച്‌ കലാകാരർ സ്വീകരിച്ചിരുന്ന ബറോക്‌ ശൈലയിൽനിന്ന്‌ വേറിട്ട രചനാസങ്കേതങ്ങളായിരുന്നു റംബ്രാണ്ട്‌ സ്വീകരിച്ചിരുന്നത്‌. നിഴലിന്റെയും വെളിച്ചത്തിന്റെയും അനന്തമായ സാധ്യതകൾ ഉപയോഗപ്പെടുത്തിയ ചിത്രങ്ങളിൽ അധികവും ഛായാചിത്രങ്ങളായിരുന്നു. ഛായാചിത്രങ്ങൾക്ക്‌ പ്രാധാന്യം കൊടുത്ത മറ്റൊരു ഡച്ച്‌ ചിത്രകാരനായിരുന്നു വിൻസന്റ്‌ വാൻഗോഗ്‌. മുപ്പത്തേഴാം വയസ്സിൽ വിടപറഞ്ഞ വാൻഗോഗ്‌ സ്വന്തം ഛായാചിത്രങ്ങളാണ്‌ കൂടുതൽ വരച്ചിട്ടുള്ളത്‌. നവീനമായ ശൈലീസങ്കേതങ്ങളാണ്‌ അദ്ദേഹം സ്വീകരിച്ചത്‌ എന്ന പ്രത്യേകതയുമുണ്ട്‌.

നിഴലിന്റെയും വെളിച്ചത്തിന്റെയും സംവിധാനം, വർണവിന്യാസം, രൂപങ്ങളെക്കുറിച്ചുള്ള ധാരണ, മനുഷ്യപ്രകൃതിയും ഭാവവും ഇവയൊക്കെ സമഗ്രമായി പഠിച്ചുകൊണ്ടാണ്‌ വിഖ്യാത ചിത്രകാരെല്ലാം ഛായാചിത്രങ്ങൾ രചിച്ചിട്ടുള്ളത്‌. മനഃശാസ്‌ത്രജ്ഞന്റെ മനസ്സോടെയാണ്‌ ഇവർ മനുഷ്യമുഖങ്ങളിൽ തെളിയുന്ന ഭാവങ്ങൾ, വികാരഭേദങ്ങളടക്കം പഠനം നടത്തുകയും അത്‌ ചിത്രതലങ്ങളിലേക്ക്‌ ആവാഹിക്കുകയും ചെയ്‌തിരിക്കുന്നത്‌. സന്തോഷവും ദുഃഖവും വാത്സല്യവും പ്രണയവും അധികാരവുമൊക്കെ ചേരുന്ന ഭാവതലങ്ങളെ യഥോചിതം സമന്വയിപ്പിച്ചും ദൃശ്യത്തിലേക്ക്‌ (രൂപത്തിലേക്ക്‌) വീഴുന്ന വെളിച്ചത്തിന്റെ സാധ്യതകളുപയോഗിച്ചും അവതരിപ്പിക്കുന്നതാണീ ചിത്രങ്ങൾ.

വെളിച്ചത്തിന്റെ വഴിയിൽ നിഴലിനും പ്രകാശമുണ്ടെന്നു കാണിച്ചുതന്ന ചിത്രകാരനാണ് രാജാരവിവർമ്മ. യഥാർത്ഥ വലുപ്പത്തിലുള്ള മനുഷ്യരൂപങ്ങൾ, പ്രത്യേകിച്ച് ഛായാ ചിത്രങ്ങൾ രവിവർമ്മ എണ്ണച്ചായത്തിൽ ധാരാളം വരച്ചിരുന്നു. ലോകോത്തര നിലവാരമുള്ളവയായിരുന്നു അവ. ത്വക്ക്, വസ്ത്രങ്ങൾ, പശ്ചാത്തലമായ വസ്തുക്കൾ, വെളിച്ചം എന്നീ ഘടകങ്ങൾ യഥാതഥമായി അവതരിപ്പിക്കുമ്പോൾ ലഭിക്കുന്ന മാസ്മരികത ഭാരതത്തിൽ അതുവരെ നിലനിന്നിരുന്ന ഛായാചിത്രരചനയിൽ നിന്ന് വ്യത്യസ്ത അനുഭവമായിരുന്നു. രവിവർമ്മയുടെ ഛായാ ചിത്രങ്ങൾ അക്കാല സാമൂഹ്യഘടനയുടെ, ഭരണസംവിധാനത്തിന്റെ,അധികാര ചിഹ്നങ്ങളുടെയൊക്കെ അടയാളപ്പെടുത്തലുകൾ കൂടിയായിരുന്നു. അണിയുന്ന വേഷം, ആടയാഭരണങ്ങൾ, പശ്ചാത്തലമായുള്ള കർട്ടനുകൾ, വിക്ടോറിയൻ ശൈലിയിലുള്ള കസേരകൾ മറ്റു ഉപകരണങ്ങൾ എന്നിവ ഭാരതീയ ഛായാചിത്രങ്ങളുടെ നവീനമായ കാഴ്ചാനുഭവമായിരുന്നു. രാജാരവിവർമ്മയുടെ മറ്റ് വിഷയ ചിത്രങ്ങളിലെ രീതിഭേദങ്ങളൊക്കെ ഛായാ ചിത്രങ്ങളിലും പ്രകടമായിരുന്നു. മനുഷ്യരൂപത്തെ മാതൃകയാക്കി വരയ്ക്കുന്നതിനപ്പുറം കാല്പനികമായ സൗന്ദര്യഭാവം ശരീര പ്രത്യേകതകൾ ഇവ താനറിയാതെ തന്നെ ക്യാൻവാസിലേക്കാവാഹിച്ചിരുന്ന അദ്ദേഹം അതിലൂടെ ഭാവതലങ്ങൾക്ക് വ്യക്തിപ്പൊലിമ നൽകുവാനും ശ്രമിച്ചിരുന്നു.

വർഷങ്ങൾക്കിപ്പുറം ഛായാചിത്രരചന ഫോട്ടോഗ്രാഫിയുടെ സാധ്യതകൾ മറികടന്ന് ക്രിയാത്മകമായ പെയിന്റിംഗുകളായി ആസ്വാദകർ സ്വീകരിക്കുന്നുണ്ട്. ആ ഒരു തുടർച്ചയിലാണ് ശ്യാം ഗോപാൽ ആചാര്യയുടെ ഛായാചിത്രങ്ങൾ മാത്രമായ പ്രദർശനം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിതകലാ അക്കാദമിയിൽ ലീഫ്ആർട്ട്‌ ഗാലറി സംഘടിപ്പിച്ചിരിക്കുന്നത്. സെല്ലുലോയ്ഡ് ഇൻ ക്യാൻവാസ് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രദർശനത്തിന്റെ ക്യൂറേറ്റർ ഡോ. രഞ്ജുവാണ്.മലയാള സിനിമയുടെ ആദ്യ ചലച്ചിത്രകാരനായ ജെ സി ഡാനിയേൽ മുതൽ പ്രമുഖരായ സമകാലിക ചലച്ചിത്രകാരർ വരെ ശ്യാംഗോപാലിന്റെ ഛായാചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. വ്യക്തിത്വത്തിന്റെ ശരീരഭാഷ കൂടിയാണ് ഛായാചിത്രങ്ങൾ എന്നു പറയുന്ന ശ്യാം, മനുഷ്യരൂപത്തിന്റെ ബാഹ്യാകൃതിയും ചിത്രഭാഷയുംകൂടി സമന്വയിപ്പിച്ചാവണം നല്ല ഛായാചിത്രം രചിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. വ്യക്തിത്വത്തിന്റെ ഛായക്ക് പ്രാധാന്യം കൊടുക്കുന്ന രചനകളും സജീവമാക്കുന്ന സമകാലീന കലയിൽ ഛായാ ചിത്രങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട്.

രേഖയും രൂപവും വർണ്ണവും കൊണ്ട് ആവിഷ്കരിച്ച ഛായാ ചിത്രങ്ങൾക്കപ്പുറം ഓരോ വ്യക്തിയുടെയും വൈകാരിക ലോകവും സൗന്ദര്യചിന്തകളും കരുത്തുമൊക്കെ ചേർത്തുകൊണ്ടാണ് ശ്യാം ഛായാചിത്രങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. ചിത്രകാരന്മാരായ പി എൻ മേനോൻ, ഐ വി ശശി, ഭരതൻ തുടങ്ങിയവരുടേയും ശ്രീകുമാരൻ തമ്പി, അടൂർ ഗോപാലകൃഷ്ണൻ, ലെനിൻ രാജേന്ദ്രൻ, പ്രിയദർശൻ എന്നിവരടക്കമുള്ള ചലച്ചിത്രകാരരുടെയും ഛായാചിത്രങ്ങളാണ് ഇദ്ദേഹം വരച്ചവതരിപ്പിച്ചിട്ടുള്ളത്. ശ്യാം ഗോപാൽ ആചാര്യ സജീവമായി ചിത്രകലാരംഗത്ത് പ്രവർത്തിക്കുകയും പ്രദർശനങ്ങളിൽ പങ്കെടുക്കുകയും ചെയ്തുവരുന്നു. കഴിഞ്ഞവർഷം നടന്ന ശ്യാമിന്റെ ഏകാംഗ ചിത്രപ്രദർശനത്തിൽ ഉൾപ്പെട്ട ചില ഛായാ ചിത്രങ്ങളിൽ നിന്നാണ് ഛായ ചിത്രങ്ങൾ മാത്രമായ ഒരു പ്രദർശനത്തിലേക്ക് ഈ ചിത്രകാരൻ കടന്നുവന്നത്. രണ്ടാഴ്ച നീണ്ടുനിന്ന ഈ പ്രദർശനം കാണാൻ ചലച്ചിത്രകാരന്മാരും ചിത്രകാരരും കലാസാംസ്കാരിക രംഗത്തെ പ്രമുഖരും എത്തിയിരുന്നു എന്ന പ്രത്യേകതയുമുണ്ടായി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 + nine =

Most Popular