Monday, May 13, 2024

ad

Homeഅഭിമുഖംകമ്യൂണിസ്റ്റുവിരുദ്ധതയും സ്വത്വരാഷ്‌ട്രീയവും മുതൽ ജനാധിപത്യമിഥ്യകളും ഫാസിസവും വരെ‐ 7

കമ്യൂണിസ്റ്റുവിരുദ്ധതയും സ്വത്വരാഷ്‌ട്രീയവും മുതൽ ജനാധിപത്യമിഥ്യകളും ഫാസിസവും വരെ‐ 7

പരിഭാഷ: പി എസ്‌ പൂഴനാട്‌

ഷാവോ ഡിങ്കി : “ലിബറൽ എന്ന് വിളിക്കപ്പെടുന്ന സമകാലിക ലോകക്രമത്തിന്റെ ഏറ്റവും അഭേദ്യമായ ഭാഗമാണ് ഫാസിസ്റ്റ് രീതിയിലുള്ള ഭരണനിർവഹണം (Fascist modes of governance)’. താങ്കളുടെ ഒരു ലേഖനത്തിലെ നിരീക്ഷണമാണിത്. ഈ നിരീക്ഷണത്തെ ഒന്ന് വിശദീകരിക്കാമോ?

ഗബ്രിയേൽ റോക്ക്ഹിൽ: “ഫാസിസവും സോഷ്യലിസ്റ്റ് പരിഹാരവും’ എന്നൊരു പുസ്തകത്തിന്റെ ഗവേഷണത്തിലാണ് ഞാനിപ്പോൾ. നമ്മുടെ സമൂഹത്തിൽ അധീശത്വം നേടിയിട്ടുള്ള ‘ഒരു രാഷ്ട്രം ഒരു ഗവൺമെന്റ്’ എന്ന ജ്ഞാനവ്യവഹാരത്തെ പ്രശ്നവത്ക്കരിക്കുന്നതിനുള്ള വിശകലനാത്മകമായ ഒരു ചട്ടക്കൂടിനെ രൂപപ്പെടുത്തിയെടുക്കാനും ആ പുസ്തകത്തിലൂടെ ഞാൻ പരിശ്രമിക്കുന്നുണ്ട്. പൊതുവേ സ്വീകാര്യമായ വീക്ഷണമനുസരിച്ച്, നേരിട്ടുള്ള ആഭ്യന്തരയുദ്ധങ്ങളുടെ ഘട്ടങ്ങളൊഴിച്ച്, ഒരോ ഭരണകൂടത്തിനും ഒരു തരത്തിലുള്ള ഭരണനിർവ്വഹണരീതി മാത്രമേ സാധ്യമാകുകയുള്ളൂ. വൈരുദ്ധ്യാത്‌മകമല്ലാത്ത ഇത്തരം വിശകലനമാതൃകകൾ പ്രശ്നസങ്കീർണ്ണമാണ്. അമേരിക്കൻ ഐക്യനാടുകൾ ഉൾപ്പെടെയുള്ള പാശ്ചാത്യലോകത്തെ ലിബറൽ ബൂർഷ്വാ ജനാധിപത്യസംവിധാനങ്ങളെ പരിശോധിച്ചാൽ ഇത് പെട്ടെന്ന് മനസ്സിലാകും.

ഈ വിഷയത്തെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ ഞാൻ രേഖപ്പെടുത്തിയിട്ടുള്ളതുപോലെ, രണ്ടാം ലോകമഹായുദ്ധഘട്ടങ്ങളിലും അതിനെ തുടർന്നും പതിനായിരക്കണക്കിന് നാസികളെയും ഫാസിസ്റ്റുകളെയുമാണ് അമേരിക്കൻ ഗവൺമെന്റ്‌ തങ്ങളുടെ രാജ്യത്തിലേക്ക് ഉൾച്ചേർക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്തിട്ടുള്ളത്. ആയിരക്കണക്കിന് നാസികൾക്കും ഫാസിസ്റ്റുകൾക്കും അമേരിക്കൻ ഐക്യനാടുകളിലേയ്ക്കുള്ള സുരക്ഷിതമായ സഞ്ചാരം അവർ ഏർപ്പാടാക്കിക്കൊടുക്കുകയും ചെയ്തിരുന്നു. ഓപ്പറേഷൻ പേപ്പർക്ലിപ്പ് തുടങ്ങിയ നടപടികളിലൂടെയായിരുന്നു ഇത് സാധ്യമാക്കിയത്. ഇങ്ങനെ അമേരിക്കയിൽ എത്തിച്ചേർന്ന നാസികളെയും ഫാസിസ്റ്റുകളെയും അമേരിക്കയിലെ പ്രധാനപ്പെട്ട ശാസ്ത്ര/രഹസ്യാന്വേഷണ/സൈനിക സ്ഥാപനങ്ങളിലേയ്ക്ക് ഉൾച്ചേർക്കുകയും വിന്യസിക്കുകയുമാണ് ചെയ്‌തത്‌. നാറ്റോയിലും നാസയിലും ഉൾപ്പെടെ ഈ വിന്യസിക്കൽ നടന്നു. മറ്റുള്ളവരെ, യൂറോപ്പിലാകമാനമുള്ള രഹസ്യസൈനിക സംഘങ്ങളിലേയ്ക്ക് ഉൾച്ചേർത്തു. ചിലരെ യൂറോപ്യൻ രഹസ്യാന്വേഷണ ഏജൻസികൾക്കുള്ളിലേയ്ക്കാണ് ഉൾച്ചേർത്തത്. ചിലരെ യൂറോപ്പിലെ വിവിധ ഗവൺമെന്റുകൾക്കുള്ളിലും സന്നിവേശിപ്പിച്ചു. മറ്റുചിലർ ലാറ്റിനമേരിക്ക ഉൾപ്പെടെയുള്ള ലോകത്തിന്റെ വിവിധ ഇടങ്ങളിലേയ്ക്ക് വിന്യസിക്കപ്പെട്ടു. ജപ്പാനിലെ ഫാസിസ്റ്റുകളെ സംബന്ധിച്ചാണെങ്കിൽ അവരിൽ ബഹുഭൂരിപക്ഷംപേരും അമേരിക്കൻ സിഐഎയുടെ സഹായത്തോടെ വീണ്ടും അധികാരസ്ഥാനങ്ങളിലേയ്ക്ക് തിരിച്ചെത്തുകയാണുണ്ടായത്. ജപ്പാനിലെ ലിബറൽ പാർട്ടിയെ സി ഐ എ നിയന്ത്രണത്തിലാക്കുകയും സാമ്രാജ്യത്വ ജപ്പാനിലെ മുൻ നേതാക്കന്മാർക്കു വേണ്ടിയുള്ള ഒരു വലതുപക്ഷ ക്ലബ്ബാക്കി ആ പാർട്ടിയെ പരാവർത്തനം ചെയ്യുകയുമാണ് ഉണ്ടായത്.

ഇങ്ങനെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിൽ ലോകത്തിന്റെ എല്ലായിടങ്ങളിലും കമ്യൂണിസ്റ്റ് വിരുദ്ധന്മാർ നട്ടുവളർത്തപ്പെട്ടു. അമേരിക്കൻ സാമ്രാജ്യത്വം നട്ടുവളർത്തിയ ഈ കമ്യൂണിസ്റ്റ് വിരുദ്ധരുടെ ആഗോളസംഘങ്ങളാണ് വിവിധ രാജ്യങ്ങളിൽ അട്ടിമറികൾക്കും ഭീകരപ്രവർത്തനങ്ങൾക്കും അസ്ഥിരീകരണത്തിനും പ്രചാരണ യുദ്ധങ്ങൾക്കും നേതൃത്വം കൊടുത്തതും കൊടുത്തുകൊണ്ടിരിക്കുന്നതും. 2.7 കോടി സോവിയറ്റ് ജനതയുടെയും 2 കോടി ചൈനീസ് ജനതയുടെയും സമാനതകളില്ലാത്ത ജീവത്യാഗത്തിലൂടെ രണ്ടാം ലോകമഹായുദ്ധഘട്ടത്തിൽ നമുക്ക് ഫാസിസത്തെയും നാസിസത്തെയും പരാജയപ്പെടുത്താൻ കഴിഞ്ഞു എന്നത് സത്യമാണ്. എന്നാൽ ഫാസിസവും നാസിസവും ഈ ഭൂമുഖത്തുനിന്നും തൂത്തെറിയപ്പെട്ടു കഴിഞ്ഞിരുന്നില്ല. ലിബറൽ ജനാധിപത്യ ഭരണക്രമങ്ങളിലുൾപ്പെടെ അതപ്പോഴും നിലനിൽക്കുകയായിരുന്നു.

പുരോഗമനവാദികളായ ലിബറൽ പണ്‌ഡിറ്റുകളുടെ ഒരു വാദമുണ്ട്. അമേരിക്കൻ ഐക്യനാടുകൾ വിദേശരാജ്യങ്ങളിൽ ഫാസിസ്റ്റ് രീതിയിലുള്ള ഭരണനിർവ്വഹണക്രമത്തെ അടിച്ചേൽപ്പിക്കുമെങ്കിലും അമേരിക്ക അതിന്റെ ആഭ്യന്തര ഭരണനിർവ്വഹണത്തിൽ ജനാധിപത്യപരമാണ് എന്നതാണ് ആ വാദം. ഈ വാദം അങ്ങേയറ്റം തെറ്റാണ്.

ചരിത്രം, ഭൂമിശാസ്ത്രം, സാമൂഹ്യ വർഗ്ഗീകരണം എന്നീ മൂന്ന് തരത്തിലുള്ള വ്യതിരിക്തമായ മാനങ്ങളെ എല്ലായ്‌പ്പോഴും മുഖവിലയ്ക്കെടുത്തുകൊണ്ടാണ് ചരിത്രപരമായ ഭൗതികവാദം അതിന്റെ വിശകലനരീതിയെ വികസിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ മൊത്തം ജനസംഖ്യയെ വിശകലനം ചെയ്യുക എന്നത് പ്രധാനമാണ്. അല്ലാതെ ലിബറൽ പണ്ഡിറ്റുകൾ ചെയ്യുന്നതുപോലെ ഒരേ വർഗ്ഗവിഭാഗത്തെ മാത്രം വിശകലനം ചെയ്താൽ മതിയാവില്ല. അമേരിക്കയിലെ തദ്ദേശീയ ജനവിഭാഗത്തെ ഉദാഹരണമായി പരിഗണിക്കാം. ഉന്മൂലനത്തിന്റെ വംശഹത്യാരാഷ്ട്രീയത്തിന് നിരന്തരം വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജനതയാണത്. അതുപോലെ അമേരിക്കൻ ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്താലും മേൽനോട്ടത്താലും ഒഴിച്ചുനിറുത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനതകൂടിയാണത്. തദ്ദേശീയ ജനതയിലെ ബഹുഭൂരിപക്ഷംപേരും – പ്രത്യേകിച്ചും ദരിദ്രജനവിഭാഗം, -വംശീയമായ പോലീസ് ഭീകരതയ്ക്കും നിരന്തരം വിധേയരായിക്കൊണ്ടിരിക്കുന്നു. ഏറ്റവും അടിസ്ഥാനപരമായ മാനുഷികാവകാശങ്ങൾക്കുവേണ്ടിയും ജനാധിപത്യാവകാശങ്ങൾക്കുവേണ്ടിയും ആ ജനത പൊരുതുകയാണ്. ആഫിക്കൻ -‐അമേരിക്കൻ ജനസംഖ്യയിലെ തൊഴിലാളികളും ദരിദ്രരുമായ മനുഷ്യരുടെ അവസ്ഥയും ഇതുതന്നെയാണ്. കുടിയേറ്റ ജനതയുടെ അവസ്ഥയും വ്യത്യസ്തമല്ല. അതുകൊണ്ടുതന്നെ അമേരിക്കൻ ഐക്യനാടുകൾക്കെതിരെയുള്ള ജോർജ് ജാക്സനെപ്പോലുള്ള ചിന്തകരുടെ ഏറ്റവും തീക്ഷ്‌ണമായ വിമർശനത്തെ നമ്മൾ മുഖവിലക്കെടുക്കേണ്ടതുണ്ട്. ജോർജ് ജാക്സൻ അമേരിക്കയെ “നാലാം റീഖ്’ (the Fourth Reich) എന്നാണ് വിളിക്കുന്നത്! വംശീയവിഭാഗങ്ങളിൽപ്പെട്ട ദരിദ്രരായ മനുഷ്യരും തൊഴിലാളി വർഗ്ഗവും അതിജീവനത്തിനായി അവിടെ പൊരുതുകയാണ്. ജനസംഖ്യയിലെ ഈ വിഭാഗത്തെ ഭരണകൂടവും അതിന്റെ സ്ഥാപനങ്ങളും നേരിട്ടുള്ള അടിച്ചമർത്തലിലൂടെയാണ് മുഖ്യമായും ഭരിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യാവകാശങ്ങളിലൂടെയോ പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലോ അല്ല ഈ ജനവിഭാഗങ്ങൾ ഭരിക്കപ്പെടുന്നത്. മറിച്ച് അടിച്ചമർത്തലിലൂടെയാണ്. പിന്നെ എങ്ങനെയാണ് ഈ ജനവിഭാഗങ്ങൾ ഒരു ജനാധിപത്യ സംവിധാനത്തിനകത്താണ് കഴിയുന്നതെന്ന് നമുക്കു പറയാനാവുക? മറ്റൊരു കാര്യം കൂടി നമ്മൾ ഒരിക്കലും മറക്കരുത്. വംശീയമായ അപ്പാർത്തീഡ് ഭരണസംവിധാനത്തിന്റെ (racial apartheid statecraft ) ഏറ്റവും ഉയർന്നരൂപമായി നാസികൾ നോക്കിക്കണ്ടിരുന്നത് അമേരിക്കൻ ഐക്യനാടുകളെ ആയിരുന്നു! ഏറ്റവും വ്യക്തവും കൃത്യവുമായി ഈ അമേരിക്കൻ വംശീയ അപ്പാർത്തീഡ് ഭരണകൂടസംവിധാനത്തെ നാസികൾ തങ്ങളുടെ മാതൃകയായി സ്വീകരിക്കുകയായിരുന്നു!

ബഹുമുഖമായ ഭരണനിർവഹണ രീതിയുടെ ( multiple modes of governance) രൂപഘടനയെന്നത് വൈരുദ്ധ്യാത്മകമായിരിക്കും. എന്തുകൊണ്ടെന്നാൽ, മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിൽ പ്രവർത്തനക്ഷമമായിക്കൊണ്ടിരിക്കുന്ന വർഗ്ഗബലതന്ത്രത്തോട് അത് ശ്രദ്ധ പുലർത്തുന്ന ഒന്നായിരിക്കും. അതുപോലെ ജനസമൂഹത്തിനുള്ളിലെ വ്യത്യസ്ത വിഭാഗങ്ങളോടും ഘടകങ്ങളോടും ഒരേ രീതിയിലുള്ള ഭരണപരിപാലനക്രമമല്ല വേണ്ടതെന്നും അതിന് തിരിച്ചറിയാനാകും. അമേരിക്കൻ ഐക്യനാടുകളിലെ പ്രൊഫഷണൽ മാനേജീരിയൽ വർഗ്ഗഘടനയിൽപ്പെട്ടവർ അനൗപചാരിക രീതിയിലുള്ള ചില ജനാധിപത്യ അവകാശങ്ങൾ അനുഭവിക്കുന്നുണ്ട് എന്നത് ശരിയാണ്. എന്നാൽ മുതലാളിത്തത്തിന്റെ ഇരുമ്പ് ബൂട്ടിനടിയിൽ ചതഞ്ഞരഞ്ഞു കഴിയുന്ന വമ്പൻ ചൂഷണത്തിന് വിധേയരാകുന്ന ജനസാമാന്യമാകട്ടെ മറ്റൊരു രീതിയിലുള്ള ഭരണനിർവ്വഹണത്തിനാണ് വിധേയരാക്കപ്പെടുന്നത്. അവരുടെ കഴുത്തിൽ നിന്നും മുതലാളിത്തത്തിന്റെ ഇരുമ്പുബൂട്ടിനെ തട്ടിത്തെറിപ്പിക്കാനുള്ള പോരാട്ടങ്ങൾക്കായി അവർ അണിചേരുകയാണെങ്കിൽ, അവർക്കെതിരെ പോലീസ് ഭീകരതയുടെയും ക്രൂരമായ ആക്രമണങ്ങളുടേയും കിരാതവാഴ്ച് ഉയർന്നുപൊങ്ങും. എന്തെങ്കിലും തരത്തിലുള്ള അവകാശങ്ങൾ പേരിനെങ്കിലും ഉണ്ടെങ്കിൽത്തന്നെ അതെല്ലാം അതോടെ വിവേചനരഹിതമായി തച്ചുതകർക്കപ്പെടുകയും ചെയ്യും. 1968‐-1976 കാലയളവിൽ മാത്രം അറുപത്തി ഒൻപത് അമേരിക്കൻ – ഇന്ത്യൻ ആക്ടിവിസ്റ്റുകളെയും ഇരുപത്തിയേഴ് ബ്ലാക്ക് പാന്തർ ആക്ടിവിസ്റ്റുകളെയുമാണ് അമേരിക്കൻ എഫ്ബിഐയും അമേരിക്കൻ പോലീസും വധിച്ചത്. ജോർജ് ജാക്സൻ എന്ന സൈദ്ധാന്തികൻ തന്റെ യൗവനകാലത്ത് അമേരിക്കൻ ജയിലറകൾക്കുള്ളിലായിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ അദ്ദേഹം വധിക്കപ്പെടുകയും ചെയ്തു. അതുകൊണ്ടുതന്നെ ജോർജ് ജാക്സനെപ്പോലുള്ള സൈദ്ധാന്തികർക്ക് അമേരിക്കൻ ഭരണനിർവ്വഹണരീതിയെ ഫാസിസം എന്ന് വിളിക്കാൻ യാതൊരു മടിയുമുണ്ടായിരുന്നില്ല.

മുതലാളിത്തത്തിനു കീഴിൽ ഭരണം യഥാർത്ഥത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കാൻ, ആ ഭരണത്തിന്റെ വ്യത്യസ്തരീതികളെ സസൂക്ഷ്മം മനസ്സിലാക്കാൻ ശേഷിയുള്ള വളരെ തെളിമയാർന്ന ഒരു വൈരുദ്ധ്യാത്മക സമീപനം അനിവാര്യമാണ്.ലിബറൽ ജനാധിപത്യം പ്രവർത്തിക്കുന്നത് മുതലാളിത്തത്തിന്റെ നല്ല പോലീസുകാരനെപ്പോലെയാണ് (the good cop of capitalism).

അനുസരണയുള്ളവർക്ക് അത് അവകാശങ്ങളും പ്രാതിനിധ്യവും വാഗ്ദാനം ചെയ്യുന്നു. മധ്യവർഗ്ഗ- ഉന്നതവർഗ്ഗ വിഭാഗങ്ങളുടെയും ആ വർഗ്ഗവിഭാഗങ്ങളിലേയ്ക്ക് ഉൾച്ചേർക്കപ്പെടാൻ കാംക്ഷിക്കുന്നവരുടെയും താൽപ്പര്യസംരക്ഷണാർത്ഥമുള്ള ഭരണത്തിനുവേണ്ടിയാണ് അത് വലിയ തോതിൽ വിന്യസിക്കപ്പെട്ടിരിക്കുന്നത്. ദരിദ്രരും വംശീയവൽക്കരിക്കപ്പെട്ടവരും അസംതൃപ്തരുമായ ജനവിഭാഗങ്ങളുടെ മേൽ കെട്ടഴിച്ചുവിട്ടിരിക്കുന്നതാകട്ടെ ഫാസിസത്തിന്റെ ചീത്ത പോലീസുകാരനെയാണ് (the bad cop of fascism). ആഭ്യന്തരരംഗത്തും വിദേശരംഗത്തും ഇതാണവസ്ഥ.

തീർച്ചയായും നല്ല പോലീസുകാരാൽ ഭരിക്കപ്പെടുന്നതാണ് കൂടുതൽ അഭികാമ്യം. പരിമിതമായ ജനാധിപത്യത്തിന്റെ പോലും പ്രതിരോധവും വിപുലീകരണവും ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് – പ്രത്യേകിച്ച് ഭരണകൂട ഉപകരണങ്ങളുടെ സമ്പൂർണ്ണമായ ഫാസിസ്റ്റ് ഏറ്റെടുക്കലിന്റെ ഭീകരതയുമായി താരതമ്യപ്പെടുത്തുമ്പോൾ. എന്നിരുന്നാലും നല്ല പോലീസും ചീത്ത പോലീസും എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് മനസ്സിലാക്കേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതായത് ഒരേ ഭരണകൂടത്തിനുവേണ്ടി സമാനമായ ലക്ഷ്യങ്ങളോടെ ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് നല്ല പോലീസും ചീത്ത പോലീസും എന്ന വസ്തുതയാണത്. മുതലാളിത്ത സാമൂഹിക ബന്ധങ്ങളെ നിലനിറുത്തുകയും തീവ്രമാക്കുകയുമാണ് ഇവ രണ്ടിന്റെയും ലക്ഷ്യം. ഒന്നുകിൽ അത് ബൂർഷ്വാ ജനാധിപത്യത്തിന്റെ കാരറ്റ് നീട്ടുന്നു.അല്ലെങ്കിൽ അത് ഫാസിസത്തിന്റെെ വടി എടുക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three + three =

Most Popular