Saturday, May 11, 2024

ad

Homeഅഭിമുഖംകമ്യൂണിസ്റ്റുവിരുദ്ധതയും സ്വത്വരാഷ്‌ട്രീയവും മുതൽ ജനാധിപത്യമിഥ്യകളും ഫാസിസവും വരെ‐ 6

കമ്യൂണിസ്റ്റുവിരുദ്ധതയും സ്വത്വരാഷ്‌ട്രീയവും മുതൽ ജനാധിപത്യമിഥ്യകളും ഫാസിസവും വരെ‐ 6

പരിഭാഷ: പി എസ്‌ പൂഴനാട്‌

ഷാവോ ഡിങ്കി: ലിബറൽ ജനാധിപത്യത്തിന്റെ മാതൃകയായി പാശ്ചാത്യരാജ്യങ്ങൾ കാണുന്നത് അമേരിക്കൻ ഐക്യനാടുകളെയാണ്. എന്നാൽ അമേരിക്കയിൽ ഒരിക്കലും ജനാധിപത്യം നിലനിന്നിരുന്നില്ല എന്നതാണ് താങ്കളുടെ നിലപാട്. വിശദീകരിക്കാമോ?

ഗബ്രിയേൽ റോക്ക്ഹിൽ: വസ്തുനിഷ്ഠമായി പരിശോധിച്ചാൽ, അമേരിക്കൻ ഐക്യനാടുകളിൽ ഒരിക്കലും ജനാധിപത്യം നിലനിന്നിരുന്നില്ല എന്ന് മനസ്സിലാക്കാൻ കഴിയും. അമേരിക്കൻ ഐക്യനാടുകൾ സ്ഥാപിക്കപ്പെട്ടത് റിപ്പബ്ലിക് എന്ന നിലയിലായിരുന്നു. എന്നാൽ അമേരിക്കയുടെ സ്ഥാപിതപിതാക്കന്മാർ എന്നറിയപ്പെടുന്ന എല്ലാവരുംതന്നെ ജനാധിപത്യത്തോട് കടുത്ത ശത്രുതയുള്ളവരായിരുന്നു. 1787-ൽ ഫിലാഡെൽഫിയയിൽ ചേർന്ന അമേരിക്കൻ ഭരണഘടനാ സമ്മേളത്തിൽ സ്വീകരിക്കപ്പെട്ട ഫെഡറലിസ്‌റ്റ്‌ പേപ്പേഴ്സ് എന്ന രേഖയുടെ കാലം മുതലേ ഇത് വ്യക്തമാണ്. അമേരിക്കൻ ഭരണഘടനയുടെ അടിത്തറ ഈ ഫെഡറലിസ്റ്റ് പേപ്പേഴ്സ് ആണ്. അമേരിക്കയിലെ തദ്ദേശീയ ജനതയ്ക്കെതിരെ കൂടിയേറ്റ ഭരണകൂടം (the settler colony)പ്രയോഗിച്ചിരുന്ന ഭൗതികമായ ഭരണപ്രയോഗത്തിന്റെ അതേ ആവിഷ്‌കാരം തന്നെയായിരുന്നു ഈ ഫെഡറലിസ്റ്റ് പേപ്പറുകളുടെയും അന്തഃസത്തയായി വർത്തിച്ചത്. എല്ലാവർക്കും അറിയാവുന്നതുപോലെ, അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപന നയരേഖയിൽ അമേരിക്കയിലെ തദ്ദേശീയ നിവാസികളെ വിശേഷിപ്പിച്ചത് ക്രൂരന്മാരായ ഇന്ത്യൻ കിരാതന്മാർ (merciless Indian Savages) എന്നായിരുന്നു. പുതുതായി നിർമ്മിക്കപ്പെട്ട അമേരിക്കൻ റിപ്പബ്ലിക്കിനുള്ളിലും ഈ തദ്ദേശീയ ജനതയ്ക്ക് ജനാധിപത്യ അവകാശം അനുവദിക്കപ്പെട്ടിരുന്നില്ല. ആഫ്രിക്കയിൽ നിന്നും അടിമകളായി പിടിക്കപ്പെട്ട മനുഷ്യർക്കും അതുപോലെ സ്ത്രീകൾക്കും ആ ഭരണഘടനയിൽ ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. ശരാശരി ജീവിതനിലവാരത്തിലുള്ള വെള്ളക്കാരായ തൊഴിലാളികളുടെ അവസ്ഥയും ഇതുതന്നെയായിരുന്നു.

ടെറി ബൗട്ടനെപ്പോലുള്ള പണ്ഡിതർ ഇക്കാര്യങ്ങൾ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്: ‘‘അമേരിക്കൻ വിപ്ലവ’’മെന്ന്‌ പറയപ്പെടുന്നതിലൂടെ നിലവിൽവന്ന ഗവൺമെന്റുകൾ തങ്ങളുടെ ആദർശങ്ങൾക്കും താല്പര്യങ്ങൾക്കും പ്രാഥമിക പരിഗണന പോലും നൽകിയതായി ബഹുഭൂരിപക്ഷം വെള്ളക്കാരായ തൊഴിലാളികളും കരുതുന്നില്ല. നേരേമറിച്ച്, ഒരു വരേണ്യവർഗ്ഗം വിപ്ലവാനന്തരം അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് ഗവൺമെന്റിനെ പുനർനിർമ്മിക്കുകയും അതിലൂടെ സാധാരണ ജനങ്ങളുടെ സ്വാതന്ത്ര്യവും താൽപ്പര്യങ്ങളും അട്ടിമറിക്കപ്പെടുകയും ചെയ്‌തതായി ഈ തൊഴിലാളികൾക്ക് നല്ല ബോധ്യവുമുണ്ട്’’. അതുപോലെ, പ്രസിഡന്റ്, സുപ്രീം കോടതി, സെനറ്റർമാർ എന്നിവയെ തിരഞ്ഞെടുക്കുന്നതിനുള്ള ജനകീയ തിരഞ്ഞെടുപ്പുകൾക്കും ഭരണഘടനാ കൺവെൻഷൻ രൂപം നൽകിയിരുന്നില്ല. പ്രതിനിധി സഭകൾക്ക് മാത്രമായിരുന്നു തിരഞ്ഞെടുപ്പ് ബാധകം. എന്തായാലും വോട്ട് രേഖപ്പെടുത്തുന്നതിനുള്ള യോഗ്യതയും നിശ്ചയിക്കപ്പെട്ടിരുന്നു. സ്വത്ത് കൈവശം ഉള്ളവർക്ക് മാത്രമായിരുന്നു വോട്ട് രേഖപ്പെടുത്താനുള്ള അവകാശം! ഇത്തരം കാര്യങ്ങൾക്കെതിരെ അന്നുതന്നെ പുരോഗമനവാദികളായ വിമർശകർ രംഗത്തുവന്നിരുന്നു. അമേരിക്കൻ ഐക്യനാടുകളിലുള്ളത് ജനാധിപത്യമല്ലെന്ന് ‘പാട്രിക് ഹെൻറി’ തുറന്നടിച്ചുതന്നെ അന്ന് പറഞ്ഞിരുന്നു. ലോകം ഒരിക്കലും ദർശിച്ചിട്ടില്ലാത്ത സ്വജനപക്ഷപാതിത്വത്തിൽ അധിഷ്ഠിതമായ വരേണ്യ വാഴ്ചയെയാണ് അമേരിക്കൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്നതെന്ന് ജോർജ് മെയ്സനും വിശദീകരിച്ചു.

അമേരിക്കൻ ഐക്യനാടുകളെ അഭിസംബോധന ചെയ്യാൻ ‘റിപ്പബ്ലിക്ക്’ എന്ന പദാവലിയായിരുന്നു ആദ്യഘട്ടങ്ങളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നത്. എന്നാൽ 1820കളുടെ അവസാനത്തോടെ ഈ പ്രവണതയ്ക്ക് മാറ്റം സംഭവിക്കുന്നുണ്ട്. ആൻഡ്രൂ ജാക്സന്റെ ജനപ്രീണനത്തിലൂന്നിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണഘട്ടമാണ് ഈ ഗതിമാറ്റത്തിന് തുടക്കംകുറിക്കുന്നത്. ആൻഡ്രൂ ജാക്സനാകട്ടെ തദ്ദേശീയ ജനവിഭാഗങ്ങളോടുള്ള ‘തന്റെ വംശഹത്യാനയങ്ങളുടെ പേരിൽ “ഇന്ത്യൻ കൊലയാളി’ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ ആൻഡ്രൂ ജാക്സൺ സ്വയം വിശേഷിപ്പിച്ചിരുന്നത് ഡെമോക്രാറ്റ് എന്നായിരുന്നു. വെർജീനിയയിൽ നിന്നും മസാച്ചുസെറ്റ്സിൽ നിന്നുമുള്ള വരേണ്യരുടെ ഭരണത്തിന് അറുതിവരുത്തുന്ന അമേരിക്കക്കാരൻ എന്ന ശരാശരി അർത്ഥതലം മാത്രമേ ഡെമോക്രാറ്റ് എന്ന പദത്തിനുണ്ടായിരുന്നുള്ളൂ എന്നും ഓർക്കേണ്ടതുണ്ട്. അതോടൊപ്പം ഭരണനിർവ്വഹണ രീതിയിൽ ഒരു തരത്തിലുള്ള ഘടനാപരമായ മാറ്റങ്ങളും വരുത്തുകയുമുണ്ടായില്ല. എങ്കിലും ആൻഡ്രൂ ജാക്സനെപ്പോലുളള രാഷ്ട്രീയക്കാരും വരേണ്യവിഭാഗത്തിലെ അംഗങ്ങളും അവരുടെ മാനേജർമാരും അമേരിക്കൻ റിപ്പബ്ലിക്കിനെ വിശേഷിപ്പിക്കാൻ ഡെമോക്രസി എന്ന പദാവലി ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. അങ്ങനെ അമേരിക്കൻ ഭരണകൂടം നിലകൊള്ളുന്നത് ജനങ്ങളുടെ താൽപര്യങ്ങൾ നിറവേറ്റുന്നതിനു വേണ്ടിയാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. ഈയൊരു പാരമ്പര്യമാണ് ജനാധിപത്യത്തിന്റെ പേരിൽ ഇപ്പോഴും തുടരുന്നത്. യഥാർത്ഥത്തിൽ അമേരിക്കയിലെ ജനാധിപത്യമെന്നത് അതിസമ്പന്ന- വരേണ്യ – ബൂർഷ്വാഭരണക്രമത്തിന്റെ നേർപ്പിച്ച ഒരു പദാവലി മാത്രമാണ്.

അതോടൊപ്പംതന്നെ കഴിഞ്ഞ രണ്ടരനൂറ്റാണ്ടിലധികം കാലമായി അമേരിക്കൻ ഐക്യനാടുകളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന വർഗ്ഗസമരത്തെയും കാണേണ്ടതുണ്ട്. ഈ വർഗ്ഗസമരത്തിന്റെ ഭാഗമായി അമേരിക്കയിലെ ജനാധിപത്യശക്തികൾക്ക് ഭരണവർഗ്ഗത്തിൽ നിന്നും വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളും നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. പ്രസിഡന്റിനെയും സെനറ്റർമാരെയും തെരഞ്ഞെടുപ്പ് ചട്ടക്കൂടിനുള്ളിലേയ്ക്ക് കൊണ്ടുവരാൻ കഴിഞ്ഞത് ഈ വർഗ്ഗസമരത്തിന്റെ ഭാഗമായിട്ടാണ്. എങ്കിലും ഇലക്ടറൽ കോളേജ് എന്ന ജനാധിപത്യ വിരുദ്ധ സംവിധാനത്തെ ഇനിയും തച്ചുതകർക്കേണ്ടതുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റീസുമാരുടെ ആജീവനാന്തമുള്ള നിയമനവും മാറേണ്ടതുണ്ട്. സ്ത്രീകൾക്കും ആഫ്രിക്കൻ – അമേരിക്കക്കാർക്കും തദ്ദേശീയ ജനതയ്ക്കും വോട്ട് ചെയ്യാനുള്ള അവകാശം ലഭിച്ചതും ഈ വർഗ്ഗസമരത്തിന്റെ ഫലമായാണ്. തീർച്ചയായും ഈ നേട്ടങ്ങൾ ഗംഭീരമായ നേട്ടങ്ങളാണ്. തിരത്തെടുപ്പ് പ്രക്രിയയുടെയും പ്രചാരണ പ്രവർത്തനങ്ങളുടെയും കൂടുതൽ സമഗ്രമായ ജനാധിപത്യവത്ക്കരണത്തിലൂടെ ഈ നേട്ടങ്ങളെല്ലാം സംരക്ഷിക്കപ്പെടുകയും കൂടുതൽ വികസതിതമായിത്തീരുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ഈ ജനാധിപത്യ അവകാശങ്ങൾ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കുമ്പോൾ തന്നെ, അമേരിക്കയിലെ ധനികഭരണകൂടത്തിന്റെ മൊത്തത്തിലുള്ള ഘടനയിൽ മാറ്റംവരുത്താൻ ഇവയ്ക്കായിട്ടില്ലെന്നും കാണേണ്ടതുണ്ട്.

വ്യത്യസ്തതലങ്ങളിലുള്ള സ്ഥിതിവിവരക്കണക്കുകളുടെ വിശദമായ അവലോകനത്തിലൂടെ മാർട്ടിൻ ഗിലെസ്, ബെഞ്ചമിൻ പേയ്ജ് എന്നിവർ നടത്തിയ പഠനത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്: “ബിസിനസ് താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന സാമ്പത്തിക വരേണ്യർക്കും സംഘടിത ഗ്രൂപ്പുകൾക്കും അമേരിക്കൻ ഗവൺമെന്റ് പോളിസിയിൽ വലിയ തരത്തിലുള്ള സ്വാധീനശക്തിയാണുള്ളത്. എന്നാൽ സാധാരണ മനുഷ്യർക്കും അവരെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പുകൾക്കും അമേരിക്കൻ ഗവൺമെന്റ് പോളിസിയിൽ നേരിട്ട്‌ ഒരുതരത്തിലുള്ള സ്വാധീനശക്തിയും ഇല്ലെന്നു തന്നെ പറയാം.” അമേരിക്കയിൽ നിലനിൽക്കുന്ന ഈ ധനിക- ഏകാധിപത്യ ഭരണക്രമം ആഭ്യന്തരമായ നയരൂപീകരണത്തെ മാത്രമല്ല സ്വാധീനിക്കുന്നത്. സാർവദേശീയരംഗത്തെ നയരൂപീകരണ പ്രക്രിയയെയും അതിതീവ്രമായി സ്വാധീനിക്കുന്നുണ്ട്. ലോകത്തിന്റെ എവിടെയൊക്കെ സാധ്യമാകുമോ അവിടെയൊക്കെ അമേരിക്കൻ ഐക്യനാടുകൾ തങ്ങളുടെ ജനാധിപത്യവിരുദ്ധമായ ബിസിനസ്സ് ഭരണക്രമത്തെ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുകയാണ്. വില്യം ബ്ലൂം തന്റെ ഗംഭീരമായ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നതുപോലെ, രണ്ടാം ലോകമഹായുദ്ധാവസാനത്തിനും 2014-നും ഇടയിലുള്ള കാലയളവിൽ വിദേശത്തുള്ള അമ്പതിലധികം സർക്കാരുകളെയാണ് അധികാരത്തിൽ നിന്നും അമേരിക്ക അട്ടിമറിച്ചത്. ഇവയിൽ ബഹുഭൂരിപക്ഷം സർക്കാരുകളും ജനാധിപത്യ പ്രകിയയിലൂടെ അധികാരത്തിലേറിയവയായിരുന്നു. യഥാർത്ഥത്തിൽ അമേരിക്കൻ ഐക്യനാടുകൾ എന്നത് ഒരു സമ്പന്ന സ്വേച്ഛാധിപത്യ സാമ്രാജ്യമാണ് (a plutocratic empire). ജനാധിപത്യം എന്ന വാക്കിന്റെ നേരിയ അർത്ഥംപോലും ആ രാജ്യം പേറുന്നില്ല.

ഇത്തരത്തിലുള്ള ഒരു ധനിക- എകാധിപത്യസാമ്രാജ്യത്തെ സൂചിപ്പിക്കാൻ ബൂർഷ്വാ ജനാധിപത്യം, ഔപചാരിക ജനാധിപത്യം, ലിബറൽ ജനാധിപത്യം എന്നീ വാക്കുകൾ ഉപയോഗിക്കുന്നതിനോട് തീർച്ചയായും ഞാനും യോജിക്കുന്നുണ്ട്. ഈ ധനിക- ഏകാധിപത്യ സാമ്രാജ്യത്തിനുള്ളിൽ നിലനിൽക്കുന്ന ഔപചാരികമായ ചില ജനാധിപത്യ അവകാശങ്ങളെക്കുറിച്ച് നമ്മൾ ഊന്നിപ്പറയേണ്ടതുമുണ്ട്. തീർച്ചയായും ഈ ജനാധിപത്യാവകാശങ്ങൾ തൊഴിലെടുക്കുന്ന മനുഷ്യരുടെ വലിയൊരു വിജയത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.

അതുകൊണ്ടുതന്നെ ഈ ഔപചാരിക ജനാധിപത്യാവകാശങ്ങളുടെ പ്രാധാന്യത്തെ ഒരിക്കലും ചെറുതായി കണ്ടുകൂടാ. ആത്യന്തികമായി നമുക്കുവേണ്ടത്, ഭരണനിർവഹണ രീതിയുടെ സങ്കീർണ്ണതകളെ കണക്കിലെടുത്തുകൊണ്ടുള്ള ഒരു വൈരുദ്ധ്യാത്മകമായ വിലയിരുത്തലും വിശകലനവുമാണ്. അമേരിക്കൻ ഭരണകൂടത്തെ നിയന്ത്രിക്കുന്ന ധനിക- ഏകാധിപത്യക്രമത്തെയും വർഗ്ഗസമരത്തിലൂടെ ആർജ്ജിച്ചെടുത്ത പ്രധാനപ്പെട്ട അവകാശങ്ങളെയും സംബന്ധിച്ചുള്ള വൈരുദ്ധ്യാത്മകമായ വിശകലനവും വിലയിരുത്തലുമാണത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 3 =

Most Popular