സമരം ചെയ്യാനും പ്രതിഷേധിക്കാനുമുള്ള അവകാശം തൊഴിലെടുക്കുന്ന ജനത ദീർഘനാൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്തതാണ്. എന്നാൽ മോഡി വാഴ്‌ചയിൻകീഴിൽ തൊഴിലാളികളുടെ ഈ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെടുകയാണ്. പ്രത്യേകിച്ചും ആദിത്യനാഥിന്റെ ഭരണത്തിൽ ഉത്തർപ്രദേശിൽ കർഷകരും തൊഴിലാളികളും നിരന്തരം അടിച്ചമർത്തൽ നേരിടുകയാണ്. ദീർഘനാളായി തുടരുന്ന കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായും ആദിത്യനാഥ് സർക്കാർ കർഷകർക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെയും ഡൽഹിയിൽ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ യാത്രതിരിച്ച ഉത്തർപ്രദേശിൽനിന്നുള്ള കർഷകരെ ഡൽഹിയിൽ പ്രവേശിപ്പിക്കുന്നതിൽനിന്നും യുപി ഭരണകൂടം തടഞ്ഞു. ജലപീരങ്കികളും ബുൾഡോസറുകളും ഉപയോഗിച്ചാണ് ആർഎഎഫും പൊലീസും ചേർന്ന് കർഷകരെ ഡൽഹി‐ഉത്തർപ്രദേശ് അതിർത്തിയിൽ തടഞ്ഞത്.
നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും 160 ഗ്രാമങ്ങളിൽനിന്നുള്ള കർഷകർ ദേശീയ തലസ്ഥാനത്ത് പാർലമെന്റിനു മുന്നിൽ ധർണയിരിക്കാൻ തീരുമാനിച്ചിരുന്നു. എൻടിപിസിക്കുവേണ്ടി ഭൂമി വിട്ടുനൽകിയ എല്ലാ കർഷകർക്കും ഏകീകൃത നഷ്ടപരിഹാരം, ദുരിതബാധിതരായ എല്ലാവർക്കും ജോലി തുടങ്ങിയ ആവശ്യങ്ങളായിരുന്നു കർഷകർ ഉന്നയിച്ചത്. നോയിഡ‐ഗ്രേറ്റർ നോയിഡ എക്‌സ്‌പ്രസ് വേകൾ കർഷകർ ഉപരോധിച്ചു.
2023 ഡിസംബറിൽ ഇതേ ആവശ്യമുന്നയിച്ച് കർഷകർ നടത്തിയ സമരത്തെ പൊലീസ് തടയുകയുണ്ടായി. അന്ന് കർഷകർ 8 ദിവസം എൻടിപിസി ഓഫീസ് ഉപരോധിച്ചു. എന്നിട്ടും കർഷകരുടെ ആവശ്യങ്ങൾ ബിജെപി സർക്കാർ പരിഗണിച്ചില്ല. അതിനാലാണ് വീണ്ടും സമരവുമായി മുന്നോട്ടിറങ്ങേണ്ടിവന്നത്. എന്നാൽ മുൻപന്നെത്തെയും പോലെ കർഷകരുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാതെ യുപി സർക്കാർ സമരത്തെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. ♦