തൃണമൂലിന്റെ നേതൃത്വത്തിലുള്ള പശ്ചിമബംഗാൾ സർക്കാരിന്റെ പൊലീസ് കൊലപ്പെടുത്തിയ വിദ്യാർഥിനേതാവായിരുന്നു അനീസ് ഖാൻ. പശ്ചിമബംഗാളിൽ ഇടതുമുന്നണിയെ പരാജയപ്പെടുത്തി തൃണമൂൽ അധികാരത്തിലേറിയതിനു പിന്നാലെയാണ് വിദ്യാർഥികളെ കൊലപ്പെടുത്തുന്നതിന് ബംഗാൾ സാക്ഷ്യം വഹിച്ചുതുടങ്ങിയത്. 2013ൽ, സംസ്ഥാനത്തെ എല്ലാ ക്യാന്പസുകളിലും വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ റാലിക്കിടെയായിരുന്നു പൊലീസ് പട്ടാപ്പകൽ സുദീപ് ഗുപ്‌തയെ കൊലപ്പെടുത്തിയത്. 2014ൽ, സിപിഐ എം നേതാവും അന്നത്തെ പ്രതിപക്ഷ നേതാവുമായ സൂര്യകാന്ത് മിശ്രയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ പങ്കെടുക്കുന്നതിനാണ് തൃണമൂൽ ഗുണ്ടകൾ സൈഫുദീൻ മൊല്ലയെ കൊലപ്പെടുത്തിയത്. 2021ൽ, എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും മറ്റ് ഇടതുപക്ഷ സംഘടനകളും ചേർന്ന് നടത്തിയ റാലിക്കിടെയാണ് മൈദുൽ ഇസ്ലാം മിദ്യ കൊല്ലപ്പെട്ടത്.
അനീസ് ഖാനെ സ്വന്തം വീട്ടിൽവെച്ചാണ് കൊലപ്പെടുത്തിയത്. അനീസ് ഖാന്റെ ഗ്രാമമായ അംതയിലെ പ്രാദേശിക പൊലീസുകാരായ തൃണമൂൽ നേതാക്കൾ അവന്റെ വീട്ടിലെത്തി, അച്ഛന്റെയും സഹോദരന്റെയും മുന്നിലിട്ടാണ് കൊലപ്പെടുത്തിയത്. അനീസ് ഖാന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും അന്ന് തെരുവിലിറങ്ങിയിരുന്നു. അനീസ് ഖാന്റെ കുടുംബത്തിന് ഇന്നും നീതി ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാർ ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചില്ല. അതിനാൽ കൊലപാതകികൾ ശിക്ഷിക്കപ്പെട്ടുമില്ല. അതൊരു അപകടമരണമായിരുന്നു എന്ന തരത്തിൽ ചിത്രീകരിക്കാനാണ് മമത സർക്കാർ ശ്രമിച്ചത്.
തൃണമൂൽ നേതാക്കളുടെ അക്രമങ്ങൾക്കും അഴിമതിക്കുമെതിരെ ശബ്ദമുയർത്തിയ അനീസ് ഖാനെതിരെ പ്രാദേശിക തൃണമൂൽ നേതാക്കൾ ഭീഷണി മുഴക്കിയിരുന്നു. ബിജെപിക്കെതിരെയും ഖാൻ നിരന്തരം ശബ്ദമുയർത്തിയിരുന്നു. ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടിയിരുന്നു. എൻആർസി, എൻപിആർ, സിഎഎ എന്നിവയ്‌ക്കെതിരായി നടന്ന പ്രക്ഷോഭങ്ങളിൽ ഖാൻ സജീവമായിരുന്നു. തന്റെ സ്വന്തം കലാലയമായ അലിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളുടെ അവകാശത്തിനുവേണ്ടിയും പോരാടി. തൃണമൂൽ ഭരണത്തിന്റെ നിർദേശത്തിൽ പൊലീസ് ക്രൂരമായി കൊലപ്പെടുത്തിയ അനീസ് ഖാൻ പ്രതിഷേധത്തിന്റെ പ്രതീകമായിരുന്നു.
എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും അനീസ് ഖാൻ കൊലചെയ്യപ്പെട്ട അന്നുമുതൽ നീതിക്കായി അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമുണ്ടായിരുന്നു. അനീസ് ഖാന് നീതി ലഭിക്കുന്നതിനായി, പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിന്റെ പേരിൽ എസ്‌എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നേതാക്കളെ ആക്രമിക്കുകയും അവരെ ജയിലിലടയ്‌ക്കുകയും ചെയ്‌തു. കൊലകൾക്ക് നേതൃത്വം കൊടുക്കുന്ന സ്വേച്ഛാധിപത്യ തൃണമൂൽ സർക്കാരിന് മുന്നിൽ തലകുനിക്കാതെ അനീസ് ഖാന്റെ കുടുംബം നീതിക്കായി പോരാടുകയാണ്.
അനീസ് ഖാന്റെ രക്തസാക്ഷിത്വത്തിന്റെ 2‐ാം വാർഷികദിനത്തിൽ അദ്ദേഹത്തിന്റെ വീട് സന്ദർശിക്കുകയും അവിടെ സിപിഐ എം സംഘടിപ്പിച്ച രക്തദാന ക്യാന്പിൽ പങ്കാളികളാകുകയും ചെയ്‌തു. തൃണമൂൽ നേതാക്കളുടെ നിയന്ത്രണത്തിലായിരുന്ന തന്റെ പ്രദേശത്ത് ഒരു രക്തദാന ക്യാന്പ് സംഘടിപ്പിക്കുകയെന്നത് അനീസ് ഖാന്റെ സ്വപ്‌നമായിരുന്നു. ആ സ്വപ്‌നം അനീസ് ഖാന്റെ അസാന്നിധ്യത്തിലാണെങ്കിലും സഫലമായി. അനീസ് ഖാന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടും വിദ്യാർഥിസമൂഹത്തിന്റെ മറ്റ് ആവശ്യങ്ങൾ ഉന്നയിച്ചും മാർച്ച് 6ന് സംഘടിപ്പിക്കാനിരുന്ന ബഹുജന സമ്മേളനത്തിലേക്ക് അനീസ് ഖാന്റെ കുടുംബത്തെയും എസ്‌എഫ്‌ഐ നേതാക്കൾ ക്ഷണിച്ചു. മീനാക്ഷി മുഖർജിയുടെ നേതൃത്വത്തിൽ കലാതൻദാസ് ഗുപ്‌ത, സുഭാസ് ഡേ, താരിക്കുൽ അൻവർ എന്നിവരടങ്ങുന്ന ഡിവൈഎഫ്‌ഐ പ്രതിനിധിസംഘം അനീസ് ഖാന്റെ വീട് സന്ദർശിച്ചു. എസ്‌എഫ്‌ഐ പ്രതിനിധിസംഘത്തിൽ സംസ്ഥാന സെക്രട്ടറി ദേബാഞ്‌ജൻ ഡേ, പ്രസിഡന്റ് പ്രണയ് കർജി, സെക്രട്ടറിയറ്റ് അംഗങ്ങളായ സൗവിക് ദാസ് ബക്ഷി, ദീപ്‌ത്യജിത്ത് ദാസ്, ഷുവജിത് സർക്കാർ, ബർണാന മുഖോപാധ്യായ, ദിധിതി റോയ്, തതായ് മുഖർജി, റാണിത് ബേര സർക്കാർ ഹുസൈൻ മുള്ളിക്ക് എന്നിവരും ഉണ്ടായിരുന്നു.
കുറ്റവാളികളെ അഴികൾക്കുള്ളിലാക്കുന്നതുവരെ ‘‘ജസ്റ്റിസ് ഫോർ അനീസ്‌ഖാൻ’’ എന്ന, അനിസ് ഖാന് നീതി ലഭിക്കാനായി തുടങ്ങിവെച്ച മുന്നേറ്റപ്രസ്ഥാനം അങ്ങനെ തന്നെ മുന്നോട്ടുപോകുമെന്ന് എസ്‌എഫ്‌ഐ നേതാക്കൾ താക്കീത് നൽകി. ♦