വിപ്ലവപാതയിലെ ആദ്യപഥികർ‐ 23
കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റുകാരൻ താനാണെന്ന് സാഹിത്യകാരനായ പി.കേശവദേവ് അവകാശപ്പെടാറുണ്ട്. എൻ.സി.ശേഖർ അങ്ങനെ അവകാശപ്പെട്ടിട്ടില്ല. എന്നാൽ തിരുവിതാംകൂറിൽ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പായ കമ്യൂണിസ്റ്റ് ലീഗ് രൂപീകരിക്കാൻ നേതൃത്വം നൽകിയവരിലൊരാൾ എൻ.സി.യായിരുന്നു. പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ അറിവോടെയല്ല അതെന്നതിനാൽ അംഗീകൃത ഘടകമായിരുന്നില്ല അത്. ആറുവർഷത്തിനുശേഷം കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ഔദ്യോഗിക ഘടകം രൂപീകരിച്ച നാലുപേരിൽ ഒരാളാണ് എൻ.സി.
തിരുവനന്തപുരം ബാലരാമപുരത്ത് ഇടത്തരം സമ്പന്ന തറവാട്ടിൽ ജനിച്ച് ചെറുപ്പത്തിലേതന്നെ താൻപ്രമാണിത്തത്തോടെ വളർന്ന ഒരു പോരാളിയായിരുന്നു നാരായണപിള്ള ചന്ദ്രശേഖരപിള്ള എന്ന എൻ.സി.ശേഖർ. 1904ൽ ജനിച്ച ചന്ദ്രശേഖരൻ എട്ടുവയസ്സുവരെ അപ്പൂപ്പന്റെ (അമ്മയുടെ അച്ഛൻ) വാത്സല്യഭാജനമായാണ് വളർന്നത്. ജന്മികുടുംബത്തിലെ കാരണവരാണെങ്കിലും ഹിന്ദുപുരാണങ്ങൾക്കൊപ്പം മറ്റു മതഗ്രന്ഥങ്ങളിലും നല്ല അറിവുണ്ടായിരുന്നു അപ്പൂപ്പന്. അപ്പൂപ്പന് ഖുറാൻ ഹൃദിസ്ഥമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് പിതൃപൂജാദികളിലും വിഗ്രഹാരാധാനയിലും വിശ്വാസമുണ്ടായിരുന്നില്ല. ചന്ദ്രശേഖരൻ എന്ന കുട്ടി എൻ.സി.ശേഖറായി വളരുന്നതിന്റെ ഒരു വേര് അവിടെയാണ്. ജന്മസിദ്ധമായ ശുണ്ഠിയും പരുക്കൻ സ്വഭാവവും പിന്നെ താൻപ്രമാണിത്തവും സ്കൂളുകളിൽ ചില പ്രശ്നങ്ങൾക്കും നടപടികൾക്കും ഇടയാക്കുകയുണ്ടായി.
നെയ്യാറ്റിൻകര ഇംഗ്ലീഷ് സ്കൂളിൽ സെക്കൻഡറി വിദ്യാഭ്യാസത്തിന് ചേർന്നതോടെയാണ് ചന്ദ്രശേഖരനിൽ ബോധനവീകരണമുണ്ടാകുന്നത്. നെയ്യാറ്റിൻകരയിലെയും ബാലരാമപുരത്തെയും വായനശാലകളിൽ സ്ഥിരക്കാരനായി. പുസ്തകങ്ങളുടെ ലോകം പുതിയൊരു ലോകത്തെക്കുറിച്ചുള്ള ചിന്തയുണ്ടാക്കി. മററുള്ളവരുടെ മുമ്പിൽ അങ്ങത്ത ചമയുന്നത് എത്രമാത്രം നീചമാണെന്ന ബോധത്തിലെത്തി. ബാലരാമപുരത്തെ സ്വരാജ് ആശ്രമം ദേശീയപ്രബുദ്ധതയുള്ളവരുടെ കേന്ദ്രമായിരുന്നു. ഗാന്ധിയൻ ആദർശങ്ങൾ അവിടെ ചർച്ചചെയ്യപ്പെട്ടു. ചർക്ക തിരിക്കുകയും നൂൽനൂൽക്കുകയും ചെയ്യുന്നത് കാണാനായാണ് ആദ്യം പോയതെങ്കിൽ പിന്നീട് അതിന്റെ പ്രവർത്തകനാകുന്നതിലെത്തി. 1921ൽ പതിനേഴാം വയസ്സിൽ ചന്ദ്രശേഖരൻ സ്വരാജ് ആശ്രമത്തിൽ അംഗമായി. വെങ്ങാനൂരിലെ സഹോദരസംഘത്തിലും അദ്ദേഹം പ്രവർത്തിച്ചു.ബാലരാമപുരത്തെ ചിത്തിരതിരുനാൾ വായനശാലയുടെ പ്രവർത്തകനുമായിരുന്നു. ഈ ഘട്ടത്തിലാണ് ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹം രാജ്യത്തെയാകെ ഇളക്കിമറിക്കാൻ തുടങ്ങിയത്. കേരളത്തിലും ഉപ്പ്സത്യാഗ്രഹം നടത്തുന്നതിന്റെ ഭാഗമായി കോഴിക്കോട്ടുനിന്ന് പയ്യന്നൂർ കടപ്പുറത്തേക്ക് കെ.കേളപ്പന്റെ നേതൃത്വത്തിൽ ജാഥ പോകുന്നതായും അതോടൊപ്പംചേരാൻ തിരുവനന്തപുരത്തുനിന്ന് 25 പേരടങ്ങിയ പദയാത്ര പുറപ്പെടുന്നുവെന്നുമുള്ള വാർത്ത വരുന്നു. പദയാത്രയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ തൈക്കാട് കോൺഗ്രസ് ഓഫീസിൽ അപേക്ഷ നൽകണമെന്ന പ്രസ്താവനയും വന്നു. ചന്ദ്രശേഖരൻ ഉടൻതന്നെ തൈക്കാട് കോൺഗ്രസ് ഓഫീസിലെത്തി. ആവേശകരമായ അനുഭവമാണവിടെയുണ്ടായത്. എന്തു ത്യാഗത്തിനും സന്നദ്ധരായി നിരവധി പേർ. ഗാന്ധിജിയുടെ സന്ദേശം ആവേശത്തോടെ കേൾക്കുകയാണവർ.
പൊന്നറ ശ്രീധറിന്റെ നേതൃത്വത്തിലുള്ള തിരുവിതാംകൂർ ജാഥയിലെ 25 അംഗങ്ങളിലൊരാളായി ചന്ദ്രശേഖരനെ അതായത് എൻ.സി.ശേഖറിനെയും ചേർത്തു. കുഴിക്കാല കുമാർ എന്ന ഉജ്ജ്വലവാഗ്മിയാണ് സ്വീകരണകേന്ദ്രങ്ങളിലെ പ്രധാന പ്രസംഗകൻ. ജാഥാനേതാവ് പൊന്നറയും. ജാഥക്കായി പാട്ടെഴുതാനും മറ്റുമായി സി.നാരായണപിള്ള. വരികവരിക സഹജരേ സഹനസമരസമയാമായി എന്ന പ്രശസ്ത ദേശാഭിമാനഗാനത്തിന്റെ കർത്താവായ അംശി നാരായണപിള്ളയുമുണ്ട്. ജാഥയിലുണ്ടായിരുന്ന മറ്റൊരംഗമാണ് പിന്നീട് കമ്യൂണിസ്റ്റ് ലീഗിന്റെകൂടി നേതാവായ എൻ.പി.കുരുക്കൾ. ആവേശകരമായ സ്വീകരണങ്ങളേറ്റുവാങ്ങി ജാഥ മട്ടാഞ്ചേരിയിലെത്തിയപ്പോഴേക്കും കെ.പി.സി. പ്രിസഡന്റിന്റെ സന്ദേശം. ഉപ്പുനിയമലംഘനസമരം നടത്തിയ കേളപ്പനടക്കമുള്ള നേതാക്കൾ അറസ്റ്റിലായി. പാലക്കാട്ടുനിന്ന് അനുബന്ധജാഥയായെത്തി നിയമം ലംഘിച്ച കൃഷ്ണയ്യരടക്കമുളളവരും ജയിലിലായി. സമരം തുടരാനായി നിങ്ങൾ ട്രെയിനിൽ അതിവേഗം പയ്യന്നൂരിലെത്തണമെന്നാണ് സന്ദേശം.
പയ്യന്നൂരിലും പരിസരമേഖലകളിലും കുറേദിവസം നിയമലംഘനസമരം നടത്തിയ തിരുവിതാംകൂർ സംഘം 1930 മെയ് അവസാനമാണ് പയ്യന്നൂരിൽനിന്ന് മടങ്ങിയത്. ജാഥാലീഡർ പൊന്നറ ശ്രീധർ മഹാരാഷ്ട്രയിലെ ധരാസനയിലേക്ക് സമരം നയിക്കാനായി പോയി. എൻ.സി.ശേഖറിന് ന്യൂമോണിയ പിടിപെട്ടതിനാൽ ഏതാനും ദിവസം കോഴിക്കോട്ടെ ആശുപത്രിയിൽ കഴിഞ്ഞശേഷമാണ് നെയ്യാറ്റിൻകരയിലേക്ക് മടങ്ങിയത്. വീട്ടിൽ ഏതാനും ദിവസം വിശ്രമിച്ചശേഷം എൻ.സി. വീണ്ടും കോഴിക്കോട്ടേക്ക് മടങ്ങിയ കോഴിക്കോട്ട് അൽ അമീൻ പത്രത്തിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവർത്തനവും താമസവും. കല്ലായിയിലെ എട്ടാം നമ്പർ കള്ളുഷാപ്പ് പിക്കറ്റിങ്ങിൽ ഏതാനും ദിവസം പങ്കെടുത്തു. പൊലീസിന്റെയും ഗുണ്ടകളുടെയും അതിക്രമത്തിനിരയായി. പിന്നീട് അറസ്റ്റിലായ എൻ.സി.യടക്കമുള്ളവരെ ആദ്യം തലശ്ശേരി സബ്ജയിലിൽ റിമാൻഡ് ചെയ്തു. 14 ദിവസത്തിനുശേഷം തുക്ക്ടി അഥവാ സബ് കളക്ടർ അതായത് എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് ആറുമാസം തടവിന് ശിക്ഷിച്ചു. അതോടെ കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു. തടവുകാരിൽനിന്ന് കേട്ടത് വീരസാഹസികകഥകളാണ്. ഗദർ പാർട്ടി, ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് ആർമി, ബംഗാളിലെ അനുശീലൻ ഗ്രൂപ്പ് എന്നിവയിൽ അംഗങ്ങളായ തീവ്രവാദികളുടെ ജയിലനുഭവങ്ങൾ. സുഭാഷചന്ദ്രബോസിന്റെ സഹോദരനായ ശരത്ചന്ദ്രബോസ്, മോട്ടാസിംഗ്, ഭഗത്സിങ്ങിന്റെ സഹപ്രവർത്തകനായ ബാവ് കേസർ സിങ്ങ്, ദീർഘനാൾ നിരാഹാരമനുഷ്ഠിച്ച് ജയിലിൽ മരിച്ച വിപ്ലവകാരി ജതിൻദാസ് എന്നിവർ പലപ്പോഴായി കണ്ണൂർ സെൻട്രൽ ജയിലിലുണ്ടായിരുന്നു.
ഈ കഥകൾ കേട്ട് ആവേശഭരിതരായ എൻ.സി.യടക്കമുളളവർ ഒരു ഏകാന്തതടവുകരനെ കാണുകയാണ്. വേദാന്തം എന്നാണയാളുടെ പേര്. തമിഴ്നാട്ടുകാരനായ വേദാന്തം ബോംബെയിൽ ടെക്സ്‌റ്റൈൽ മില്ലിൽ തൊഴിലാളിയാണ്. ധരാസന ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് യർവാദ ജയിലിൽ അടയ്‌ക്കപ്പെട്ടതായിരുന്നു. ജയിലിൽ സമരം ചെയ്തതിന്റെ പേരിൽ ഏകാന്തതടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂരിലെത്തിയതാണ്. വേദാന്തം പറഞ്ഞത് താൻ നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാണ്, കോൺഗ്രസ്സുകാരനായാണ് പുറമേയ്‌ക്ക് പ്രവർത്തിക്കുന്നതെങ്കിലും മാർക്സിസം ലെനിനിസത്തിലാണ് വിശ്വാസം. റഷ്യയിൽ ബോൾഷെവിക് വിപ്ലവം നടന്നതുപോലെ ഇവിടെയും നടക്കണമെന്നതാണ് ലക്ഷ്യം. പ്രോലിറ്റേറിയറ്റ്, തൊഴിലാളിവർഗസർവാധിപത്യം, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നെല്ലാം ഇതേവരെ കേൾക്കാത്ത കാര്യങ്ങളെക്കുറിച്ചുള്ള പഠനക്ലാസുകളാണ് ആഴ്ചകളോളം വേദാന്തം പകർന്നുനൽകിയത്.
സ്വാതന്ത്ര്യസമരകാലത്തെ ജയിലനുഭവങ്ങൾ വിശദമായി എഴുതിവെച്ചത് എൻ.സി.ശേഖർ മാത്രമാണ്. മികച്ച വായനക്കാരനും ഇംഗ്ലീഷിലും മലയാളത്തിലും എഴുതാനുള്ള കഴിവും പാണ്ഡിത്യവുമുണ്ടായിരുന്ന എൻ.സി. ആദ്യത്തെ നിയമലംഘനസമരകാലത്തെ ജയിലനുഭവങ്ങൾ എഴുതിയതുപോലെ മറ്റാരും അത്രത്തോളം കടന്നുചെന്നിട്ടില്ല. പലരും അവരവരുടെ കാര്യങ്ങൾ മാത്രമാണെഴുതിയത്. കണ്ണൂർ ജയിലിൽ 1931 ജനുവരി 26‐ന് റിപ്പബ്ലിക് ദിനത്തിൽ ത്രിവർണപതാക ഉയർത്തിയ ഐതിഹാസികസംഭവം എൻ.സി. വിശദമായി എഴുതിയിട്ടുണ്ട്.
1931 ജനുവരി 26ന് കണ്ണൂർ സെൻട്രൽ ജയിലിന്റെ ഹൃദയഭാഗത്ത്, സൂപ്രണ്ടിന്റെ ആസ്ഥാനത്ത്, വാച്ച് ടവറിൽ ത്രിവർണ പതാക പാറിക്കളിച്ചു‐ അല്പസമയമെങ്കിലും. 1929ൽ പയ്യന്നൂരിൽ നടന്ന ലാഹോർ കോൺഗ്രസ്സാണ് പൂർണ സ്വരാജ് പ്രമേയം അംഗീകരിച്ചതും ജനുവരി 26 പൂർണസ്വരാജ് ദിനമായി ആചരിക്കാൻ തീരുമാനിച്ചതും. പാറാവ് നിൽക്കുന്നവരുടെയെല്ലാം കണ്ണുവെട്ടിച്ച് തോക്കുമായി സൂപ്രണ്ടിന്റെ ഓഫീസിനകത്ത് മുകളിലത്തെ നിലയിൽ കയറി അവിടെ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പതാക പാറിക്കുകയായിരുന്നു. ഭാരതമാതാ കീ ജയ് എന്നും മഹാത്മാ ഗാന്ധി കീ ജയ് എന്നും ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കുകയുമായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയില്ലെങ്കിലും മഹാത്മാ ഗാന്ധി കീ ജയ് എന്ന മുദ്രാവാക്യമുയർന്നതു കേട്ടപ്പോൾ തടവറകളിൽനിന്ന് നൂറുകണക്കിന് കണ്ഠങ്ങളിൽനിന്ന് അതേറ്റുവിളിക്കപ്പെട്ടു.
കൊളോണിയൽ ആധിപത്യത്തിന്റെ കിങ്കരന്മാർ ആദ്യമൊന്ന് നടുങ്ങിയെങ്കിലും പിന്നീട് ഉണർന്നു പ്രവർത്തിച്ചു. പതാക ഉയർത്തിയ ആളെ താഴെയിറക്കിയ ശേഷം പീഡനപർവത്തിന്റെ തുടക്കമായി.
ആ അതിസാഹസ പ്രവർത്തനം നടത്തിയ ധീരദേശാഭിമാനി കർണാടകത്തിൽനിന്നുള്ള കോൺഗ്രസ് സേവാദൾ ക്യാപ്റ്റൻ വാസുദേവ റാവുവായിരുന്നു. സൂപ്രണ്ട് കാണ്ഡുവാല വാസുദേവ റാവുവിന് കഠിന ശിക്ഷ വിധിച്ചു. ‘‘ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. എന്റെ രാജ്യത്തോടും കോൺഗ്രസ്സിനോടും ഉള്ള കടമയാണ് ചെയ്തത്. നിങ്ങൾക്ക് എന്നെ എന്തും ചെയ്യാം’’ എന്നായിരുന്നു റാവുവിന്റെ മറുപടി. കാൽവിലങ്ങും കൈവിലങ്ങുമിട്ട് റാവുവിനെ ക്വാറന്റയിൻ വാർഡിലേക്ക് തള്ളുകയായിരുന്നു. ശിക്ഷിക്കപ്പെട്ടെത്തുന്നവരെ, അവർക്ക് പകർച്ചവ്യാധിയുണ്ടോ എന്നറിയുന്നതിന് പാർപ്പിക്കുന്ന ബ്ലോക്കാണ് മെയിൻ റോഡിനടുത്തായുള്ള ക്വാറന്റയിൻ വാർഡ്. ജയിലിലെ നിരാഹാരസമരവുമായി ബന്ധപ്പെട്ട് ശിക്ഷാനടപടിയുടെ ഭാഗമായി എൻ.സി.യെ ക്വാറന്റയിൻ വാർഡിലാക്കിയിരുന്നു. ജയിലിൽ സി ക്ലാസ് തടവുകാർക്കുളള ഭക്ഷണം, മറ്റ് സൗകര്യങ്ങൾ എന്നിവയുമായിബന്ധപ്പെട്ടാണ് എൻ.സി., എൻ.പി.കുരിക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ പത്തുദിവസം നീണ്ട നിരാഹാരസമരം നടത്തിയത്.
പൂർണമായും ബന്ധനസ്ഥനാക്കി തങ്ങളുടെ ഇടയിലേക്ക് തള്ളപ്പെട്ട വാസുദേവറാവിന്റെ ചുറ്റും മറ്റ് തടവുകാർ കൂടിനിന്ന് മുദ്രാവാക്യം വിളി തുടങ്ങി. വൈകിട്ട് ലോക്കപ്പ് സമയമായിട്ടും ആരും പിരിഞ്ഞുപോയില്ല. മുദ്രാവാക്യം വിളിയുടെ കാര്യം ജയിലിലെ എല്ലാ വാർഡിലും എല്ലാ സെല്ലിലും അറിഞ്ഞു. ലോക്കപ്പിന് വഴങ്ങേണ്ടതില്ലെന്ന് തീരുമാനമായി. രാത്രി എട്ട് മണിയായിട്ടും ആരും സെല്ലിൽ കയറിയില്ല. വാസുദേവറാവുവിന്റെ ചങ്ങലക്കെട്ടുകൾ മുറിച്ചുമാറ്റിയാലല്ലാതെ സെല്ലിൽ പ്രവേശിക്കില്ലെന്ന് തടവുകാർ. പിന്നീട് നടന്ന സംഭവം അന്ന് ക്വാറന്റയിൻ ബ്ലോക്കിലുണ്ടായിരുന്ന എൻ.സി.ശേഖർ വിവരിക്കുന്നതിങ്ങനെ: രാത്രി എട്ടുമണിയോടെ ജയിൽ ഗേറ്റിലെ വട്ടമണി മുഴങ്ങി. കുളമ്പടികൾ പോലെ ബൂട്സിന്റെ ശബ്ദം കേൾക്കാം. തലശ്ശേരി സബ് കളക്ടറും സൂപ്രണ്ടും ജയിലറും മൂന്നാം തവണയും ക്വാറന്റയിൻ ഗേറ്റിൽ പ്രവേശിക്കുന്നു. ‘നിങ്ങൾ ലോക്കപ്പിൽ കേറുന്നോ ഇല്ലയോ’ സൂപ്രണ്ടിന്റെ ഉഗ്രമായ ചോദ്യം. ‘‘വാസുദേവറാവുവിന്റെ ചങ്ങലക്കെട്ടുകൾ മുറിച്ചുമാറ്റൂ. ഇല്ലെങ്കിൽ ലോക്കപ്പിൽ പോകുന്നതല്ല’’. ഉറക്കെ എല്ലാവരും വിളിച്ചുപറഞ്ഞു: ചാർജ് ജില്ലാ മജിസ്ട്രേട്ടിന്റെ ഉഗ്രമായ ആജ്ഞ. ആജ്ഞ പുറത്തുവന്നതും റിസർവ് പോലീസും വാർഡന്മാരും കൺവിക്ട് വാർഡന്മാരും ഞങ്ങളുടെ മേൽ ചാടി വീണതും ഒപ്പം കഴിഞ്ഞു. ഇരുട്ടിന്റെ മറവിൽ തയ്യാറെടുത്തുനിന്ന മാരകശക്തിയുടെ സംഹാരതാണ്ഡവം. “ക്വാറന്റയിൻ വാർഡിൽ മാത്രമല്ല, ബോസ്റ്റൽ സ്കൂളിലും ഇതാവർത്തിച്ചു. നൂറുകണക്കിന് തടവുകാർക്ക് ഗുരുതര പരിക്കേറ്റു. എൻ.സി.ശേഖറിന്റെ ഒരു പല്ല് പോയി. സിംഗിൾ സെല്ലിലായിരുന്ന കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിനെ ക്രൂരമായി പീഡിപ്പിച്ചു. മുഖത്തടിച്ച് കണ്ണട പൊട്ടിച്ചു. കണ്ണടച്ചില്ല് കണ്ണിൽ തറച്ച് ഗുരുതരാവസ്ഥയിലായി. ചികിത്സക്കായി വെല്ലൂർ ജയിലിലേക്ക് മാറ്റേണ്ടിവന്നു.
ജയിലിലെ ക്രൂരമർദനം കോളിളക്കം തന്നെ സൃഷ്ടിച്ചു. തടവുകാർ ഒന്നടങ്കം ഭക്ഷണം ബഹിഷ്കരിച്ചു. ചികിത്സ കിട്ടാതെ തടവുകാർ വേദനകൊണ്ട് പിടയുകയായിരുന്നു. ജയിലിൽ അക്കാലത്ത് രാഷ്ട്രീയ തടവുകാരെ പദവിയും ധനസ്ഥിതിയും മറ്റും നോക്കി മൂന്നായി തിരിക്കുന്ന ഭിന്നിപ്പിക്കൽ പരിപാടിയുണ്ടായിരുന്നു. എ., ബി.ക്ലാസുകളിലുള്ള നേതാക്കളും നിരാഹാരത്തിലായിരുന്നു. അവർ വന്നുകണ്ടാലല്ലാതെ സമരം പിൻവലിക്കില്ലെന്ന് പ്രക്ഷോഭകാരികളായ സി ക്ലാസ് തടവുകാർ ശഠിച്ചു. എ.ക്ലാസിൽ കഴിയുന്ന ആന്ധ്ര കേസരി ടി.പ്രകാശത്തെ സൂപ്രണ്ട് ചെന്നുകാണുന്നു. അദ്ദേഹത്തെയും കൂട്ടി ഓരോ തടവുകാരെയും കാണുന്നു. ജയിലിൽ സ്വാതന്ത്ര്യത്തിന്റെ ത്രിവർണ പതാക ഉയർത്തിയ വാസുദേവറാവുവിനെ ബന്ധനത്തിൽനിന്ന് മുക്തനാക്കിയാലേ നിരാഹാരം പിൻവലിക്കുകയുള്ളു, ചികിത്സക്ക് വിധേയരാവൂ എന്ന ഒരേയൊരുത്തരമാണ് തടവുകാർക്കെല്ലാം പ്രകാശത്തോട് പറയാനുണ്ടായിരുന്നത്. പ്രകാശവും അതേ കാര്യം ഉന്നയിച്ചു‐ മൂന്നാം ദിവസം റാവു കാൽ‐കൈവിലങ്ങുകളിൽനിന്ന് മോചിതനായി.
ഈ സംഭവത്തിനുശേഷം ഏതാനും ദിവസത്തിനകം എൻ.സിയും എൻ.പി.കുരിക്കളുമടക്കമുള്ളവർ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങി. അവർ കണ്ണൂർ സ്വദേശി ബിൽഡിങ്ങിൽ കെ.കേളപ്പനെ ചെന്നുകണ്ട് ജയിൽ അനുഭവങ്ങൾ വിശദീകരിച്ചു. ജയിലിൽ സ്വാതന്ത്ര്യസമരസേനാനികളോടുതന്നെയുള്ള പക്ഷപാതത്തെക്കുറിച്ചും സമ്പന്ന തടവുകാരായ എ ക്ലാസ് കോൺഗ്രസ്സുകാർ താഴെത്തലത്തിലുള്ളവരുടെ കാര്യത്തിൽ കാണിക്കുന്ന അവഗണന വിശദീകരിച്ചു. പിന്നീട് തിരുവനന്തപുരത്തേക്ക് തിരിച്ചുപോയ എൻ.സി. തന്റെ നേതാവായിരുന്ന പൊന്നറയെ ചെന്നു കണ്ടു. ധരാസനയിൽ പൊന്നറയ്ക്കും ബരലരാമപുരം ചിന്നനും (തിരുവിതാംകൂർ ജാഥാംഗം) കൊടിയ മർദനമാണേറ്റത്. എൻ.സി.യും കുരിക്കളും തിരിച്ചെത്തിയതോടെ തിരുവനന്തപുരത്തെ പ്രവർത്തനം വീണ്ടും സജീവമായി. ഗാന്ധി ഇർവിൻ സന്ധി ഒപ്പിട്ടതോടെ മറ്റ് നേതാക്കളെല്ലാം ജയിൽമുക്തരായി. ജയിലിൽനിന്ന് എൻ.സി.പരിചയപ്പെട്ട പ്രമുഖ വിപ്ലവകാരികളിലൊരാൾ ബാട്ലിവാലയാണ്. മഹാരാഷ്ട്രക്കാരനായ ബാട്ലിവാലക്ക് ജയിലിൽ എ ക്ലാസ് ലഭ്യമായിട്ടും സി.ക്ലാസിലാണ് കഴിഞ്ഞത്. അദ്ദേഹത്തിന്റെ കയ്യിൽ രണ്ട് പുസ്തകമുണ്ടായിരുന്നു. മുസോളിനിയുടെ ഫാസിസത്തിന്റെ ഉദ്ഭവം (making of fascsim), അനറ്റോൾ ഫ്രാനസിന്റെ ദൈവദൂതന്മാരുടെ കലാപം (the revolt of the angels) ഈ പുസ്തകങ്ങൾ വായിക്കാൻ കഴിഞ്ഞത് വലിയ വെളിച്ചമായി ഫാസിസത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുന്നതിന് സഹതടവുകാരനും കമ്യൂണിസ്റ്റുകാരനുമായ വേദാന്തം സഹായിച്ചു. മുസോളിനിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകി.
എന്നാൽ ഗാന്ധി‐ഇർവിൻ സന്ധി ഒപ്പിട്ടതിന്റെ ഒമ്പതാംദിവസം ഭഗത്സിങ്ങിനെയും രാജഗുരുവിനെയും സുഖ്‌ദേവിനെയും ബ്രിട്ടീഷ് ഭരണകൂടം തൂക്കിക്കൊന്നു. ഇതിനെതിരെ തിരുവനന്തപുരത്ത് പിറ്റേന്നുതന്നെ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്താൻ പൊന്നറയും എൻ.സി.യും എൻ.പി.കുരുക്കളും ആർ.അയ്യപ്പനും തീരുമാനിച്ചു. കോൺഗ്രസ്സിന്റെ ഉന്നതനേതാക്കളുമായി ബന്ധപ്പെട്ടപ്പോൾ അവരാരും തയ്യാറല്ല. തീവ്രവാദികളെയെല്ലേ ശിക്ഷിച്ചതെന്നാണ് പിൽക്കാലത്തെ തിരു‐കൊച്ചി മുഖ്യമന്ത്രിയായ പറവൂർ ടി.കെ.യടക്കം ചോദിച്ചതത്രെ. എന്നാൽ കേസരി എ.ബാലകൃഷ്ണപിള്ളയും ഗാന്ധിയൻ ജി.രാമചന്ദ്രനും സഹകരണം വാഗ്ദാനം ചെയ്തു. 1931 മാർച്ച് 24ന് തിരുവനന്തപുരത്ത് വമ്പിച്ച് റാലിയും പ്രകടനവും നടന്നു. കോളേജുകളിൽനിന്ന് നൂറുകണക്കിന് വിദ്യാർഥികൾ റാലിയിൽ അണിചേർന്നു. അധ്യക്ഷസ്ഥാനത്തേക്ക് കേസരിയെ പൊന്നറ ക്ഷണിച്ചപ്പോൾ ജനക്കൂട്ടം നീണ്ട കയ്യടിയോടെ സ്വീകരിച്ചു. ആസ്‌ത്‌മാരോഗം അലട്ടിയിട്ടും അദ്ദേഹം പ്രസംഗിച്ചു‐ “തങ്ങളുടെ രാജ്യത്തെ സ്നേഹിക്കുകയും സ്വാതന്ത്ര്യത്തിനുവേണ്ടി സമരംനടത്തുകയുംചെയ്യുന്ന യുവലോകത്തിന്റെ തേജപുഞ്ജങ്ങളാണ് ഭഗത് സിങ്ങും രാജഗുരുവും സുഖ്‌ദേവും. അവരെ കൊലചെയ്ത ബ്രിട്ടീഷ് ഗവൺമെന്റിന് ഇന്ത്യയിൽ ഇനി അധികകാലം നിൽക്കാനാവില്ല’ കേസരി പറഞ്ഞു.
ഈ സംഭവത്തിനു ശേഷം ഏതാനും ദിവസത്തിനകമാണ് തിരുവനന്തപുരത്ത് കമ്യൂണിസ്റ്റ് ലീഗ് സ്ഥാപിക്കുന്നത്. കമ്യൂണിസം എന്ന വാക്കുപോലും നിരോധിക്കപ്പെട്ട കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി തന്നെ രൂപീകരിക്കുന്ന സാഹസമാണ് പൊന്നറ ശ്രീധർ, എൻ.പി.കുരിക്കൾ, എൻ.സി.ശേഖർ, തിരുവട്ടാർ താണുപിള്ള, ശിവശങ്കരപിള്ള, ആർ.പി.അയ്യർ, തൈക്കാട് ഭാസ്കരൻ എന്നീ ഏഴുപേർ ചേർന്ന് കാട്ടിയത്. ഉന്നതവിദ്യാഭ്യാസം നേടിയവരായിരുന്നു ഇവർ. തിരുവനന്തപുരത്തെ ജൂഡീഷ്യൽ ഓഫീസറുടെ അടുത്ത ബന്ധുവാണ് കുരിക്കൾ. ജി.ശിവശങ്കരപിള്ള ബി.എ. ബിരുദധാരിയും കേരളകേസരി പത്രാധിപരുമായിരുന്നു. ആർ.പി.അയ്യരും ബി.എ.ബിരുദധാരി. പൊന്നറയാകട്ടെ അഭിഭാഷകനും.
കമ്യൂണിസ്റ്റ് ലീഗ് പേരിനമുമാത്രമുള്ള ഒരു സംഘടനയായിരുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ വിജ്ഞാപനം ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് ഈ ഗ്രൂപ്പാണ്. പയ്യന്നൂരിലെ ഉപ്പുസത്യാഗ്രഹം കഴിഞ്ഞശേഷം മഹാരാഷ്ട്രയിലെ ധരാസനയിൽ സത്യാഗ്രഹത്തിനായി പൊന്നറ ശ്രീധറും ബാലരാമപുരം ചിന്നനും പോവുകയും കടുത്ത മർദനമേൽക്കുകയും ചെയ്തകാര്യം നേരത്തെ വിശദീകരിച്ചുവല്ലോ. ആ സന്ദർഭത്തിൽ മഹാരാഷ്ട്രയിലെ ജോഗ്ലേക്കർ എന്ന ഒരു സഖാവാണ് കമ്യൂണിസ്റ്റ് വിജ്ഞാപനത്തിന്റെ ഇംഗ്ലീഷ് കോപ്പി പൊന്നറക്ക് നൽകിയത്. മീററ്റ് ഗൂഢാലോചനാക്കേസിലെ പ്രതികൾ കോടതിയിൽ നടത്തിയ പ്രസ്താവനയാണ് കമ്യൂണിസ്റ്റ് വിജ്ഞാപനം എന്നറിയപ്പെട്ടത്. മാർക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ അതിന്റെ ഉള്ളടക്കമായി ഉണ്ടായിരുന്നു. അത് തർജമചെയ്താണ് മലയാളത്തിൽ ആദ്യമായി കമ്യൂണിസ്റ്റ് വിജ്ഞാപനം തയ്യാറാക്കിയത്. കമ്യൂണിസ്റ്റ് എന്ന പേരുള്ളതിനാൽ മിക്കവാറും എല്ലാ പ്രസ്സുകാരും അതച്ചടിക്കാൻ വിസമ്മതിച്ചു. ഒടുവിൽ കരിഞ്ചന്ത ചാർജിൽ ഒരു പ്രസ് മുന്നോട്ടുവന്നു. ഇമ്പീരിയൽ പ്രസ്. 1931 ഏപ്രിൽ 12ന് ആ വിജ്ഞാപനം പുറത്തുവന്നു. രഹസ്യമായായിരുന്നു അതിന്റെ വിതരണം. കമ്യൂണിസ്റ്റ് ലീഗ് രഹസ്യമായാണ് പ്രവർത്തിച്ചത്. എന്നാൽ ഏതാനും മാസത്തിനുശേഷം അതായത് 1931 ഓഗസ്റ്റിൽ തിരുവിതാംകൂർ യൂത്ത് ലീഗ് പരസ്യപ്രവർത്തനവുമായി മുന്നോട്ടുവന്നു. പൊന്നറയും എൻ.സി.ശേഖറും എൻപി.കുരുക്കളും തന്നെയായിരുന്നു അതിന്റെ നേതാക്കൾ. കേസരി ബാലകൃഷ്ണപിള്ളയാണ് യൂത്ത് ലീഗ് ഉദ്ഘാടനംചെയ്തതെന്നുമാത്രമല്ല, യൂത്ത് ലീഗിന്റെ ധൈഷണിക ശക്തിസ്രോതസ്സും കേസരിയായിരുന്നു. സ്വന്തം നാടായ ബാലരാമപുരത്ത് എൻ.സി. സ്വന്തം നിലയിൽ ആരംഭിച്ച യൂത്ത് ലീഗാണ് വൈകാതെ തിരുവിതാംകൂർ യൂത്ത് ലീഗായി വികസിച്ചത്.
ആ വർഷം സെപ്തംബറിൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വിദേശവസ്ത്രബഹിഷ്കരണസമരത്തിന് തുടക്കമായി. എന്നാൽ 1930ലെ ഉപ്പുസത്യാഗ്രഹജാഥയിൽ പങ്കെടുത്തവരെയും ഭഗത്‌സിങ്ങിനെ തൂക്കിക്കൊന്നതിനെതിരെ തിരുവനന്തപുരത്ത് റാലി സംഘടിപ്പിച്ചവരെയും സമര വോളന്റിയർമാരാക്കിയില്ല. പൊന്നറ ശ്രീധർ, എൻ.സി. ശേഖർ, എൻ.പി.കുരുക്കൾ എന്നിവരെ മാറ്റിനിർത്തി. തീവ്രവാദികളാണവരെന്ന നിഗമനത്തിലായിരുന്നു തിരസ്കാരം. കണ്ണൂരും കോഴിക്കോടും കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്ന പി.കൃഷ്ണപിള്ളയെ വരുത്തിയാണ് തിരുവനന്തപുരത്തെ കോൺഗ്രസ് നേതൃത്വം സമരം സംഘടിപ്പിച്ചത്. എന്നാൽ ഗുരുവായൂർ സത്യാഗ്രഹം സംഘടിപ്പിക്കാൻ കൃഷ്ണപിള്ള മലബാറിൽ വേണമെന്നതിനാൽ കേളപ്പൻ അദ്ദേഹത്തെ തിരിച്ചുവിളിച്ചു. പൊന്നറയും കൂട്ടരും സമരകേന്ദ്രത്തിലെത്തി കാഴ്ചക്കാരായി നിൽക്കുകയായിരുന്നു, കുറേ ദിവസം. ഒടുവിൽ തങ്ങൾ പ്രകോപനമൊന്നുമുണ്ടാക്കാതെ സത്യഗ്രഹം നടത്താമെന്ന് പൊന്നറയും എൻ.സി.യും കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. ചാല കമ്പോളത്തിൽ വിദേശവസ്ത്രഷോപ്പുകൾ എൻ.സി.യുടെ നേതൃത്വത്തിൽ പിക്കറ്റ്ചെയ്തു. നിരോധനം ലംഘിച്ച് പ്രസംഗിച്ചതിനെ തുടർന്ന് എൻ.സി.ശേഖർ തിരുവനന്തപുരം സബ് ഡിവിഷനിൽ പ്രസംഗിക്കരുതെന്ന് സർക്കാർ നിരോധന ഉത്തരവ് പുറപ്പെടുവിച്ചു.
ഇതെല്ലാം നടന്നുകൊണ്ടിരുന്ന സന്ദർഭത്തിലാണ് തിരുവിതാംകൂറിൽ ഭരണപരിഷ്കാരമെന്ന പേരിൽ ജനങ്ങളുടെ കണ്ണിൽപൊടിയിടുന്ന ചില നടപടികളുണ്ടായത്. നായർമേധാവിത്വത്തിനും ഈഴവ‐ക്രൈസ്തവ‐മുസ്ലിം ജനവിഭാഗങ്ങളെ രണ്ടാം പൗരരാക്കുന്നതിന് സമാനവുമായ പരിഷ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. ഇതിനെതിരെ നിവർത്തനപ്രക്ഷോഭം തുടങ്ങി. കേസരി ബാലകൃഷ്ണപിളളയുടെ ധൈഷണിക നേതൃത്വം അതിനുണ്ടായിരുന്നു. കേസരിയും സി.മാധവൻ പിള്ളയും ഉത്തരവാദഭരണം എന്ന ആശയം മുന്നോട്ടുവെക്കുന്നത് ഈ ഘട്ടത്തിലാണ്. ഉത്തരവാദഭരണത്തിന് വേണ്ടിയുള്ള ആദ്യത്തെ ആലോചനായോഗത്തിൽ (1933) പൊന്നറയും എൻ.സി.യും പങ്കെടുത്തു. രാജാവിനെ നിലനിർത്തിക്കൊണ്ടള്ള ജനാധിപത്യം എന്ന ആശയം ഒഴിവാക്കേണ്ടതല്ലേ എന്ന് പൊന്നറ യോഗത്തിൽ ചോദിക്കുകയുണ്ടായി.
ഇതെല്ലാം നടന്നുകൊണ്ടിരിക്കെയാണ് തിരുവനന്തപുരത്തെ സ്റ്റാൻഡേർഡ് പ്രസ്സിലെ മാനേജരായി എൻ.സി പ്രവർത്തിക്കേണ്ടിവന്നത്. കേസരി സദസ്സിൽ അംഗമായിരുന്ന വക്കീൽ ഇ.വി.കൃഷ്ണപിള്ളയുടെ ഉടമസ്ഥതയിൽ ആരംഭിച്ചതാണ് പ്രസ്സ്. ചങ്ങമ്പുഴയുടെ ആദ്യകവിതാസമാഹാരമാണ് അവിടെ അടിച്ച ആദ്യപുസ്തകമെന്ന് എൻ.സി. എഴുതിയിട്ടുണ്ട്. അഞ്ച് തൊഴിലാളികളാണ് പ്രസ്സിൽ. മൂന്നുമാസത്തോളം പ്രവർത്തിച്ചിട്ടും തൊഴിലാളികൾക്ക് വേതനം നൽകിയില്ല. എൻ.സിക്കും ഒന്നും കിട്ടിയില്ല. സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി നോക്കുകാരനായതാണ്. നിയമനമൊന്നുമല്ല. മുതലാളിയായ ഇ.വി. പ്രസ്സ് തരക്കേടില്ലാത്ത ലാഭത്തിൽ വിറ്റു. തൊഴിലാളികൾക്ക് ഒന്നും കൊടുത്തില്ല. ഈ സംഭവമാണ് എൻ.സി.യെ ട്രേഡ് യൂണിയൻ പ്രവർത്തനത്തിലേക്ക് നയിച്ചത്. തലസ്ഥാനത്ത് ആദ്യം പ്രസ് വർക്കേഴ്സ് യൂണിയൻ സംഘടിപ്പിച്ചായിരുന്നു തുടക്കം. തൊഴിലാളിവർഗം എന്ന പേരിൽ ഒരു പൊതു ട്രേഡ് യൂണിയൻ പ്രസ്ഥാനവും സംഘടിപ്പിച്ചു.
1931ൽ വടകര നാരായണനഗരത്തിൽ നടന്ന കോൺഗ്രസ് സംസ്ഥാനസമ്മേളനത്തിൽ പ്രതിനിധിയല്ലെങ്കിലും പങ്കെടുക്കണമെന്ന കലശലായ ആഗ്രഹത്തോടെ ഒരു ജോഡി വസ്ത്രവും കമ്മ്യൂണിസ്റ്റ് വിജ്ഞാപനത്തിന്റെ കെട്ടുമായി എറണാകുളത്തെത്തി. പിന്നെ തൃശൂരിലേക്ക്. യാത്രക്കാവശ്യമായ പണമില്ലാത്തതിനാൽ കുറൂർ നീലകണ്ഠൻ നമ്പൂതിരിയുടെ വീട്ടിലെത്തി. അദ്ദേഹത്തിനൊപ്പം വടകരയിലേക്ക്. അതിനിടയിൽ പല സ്ഥലങ്ങൾ. ആ യാത്രക്കിടയിൽ കോഴിക്കോട്ടുവെച്ചാണ് പി.കൃഷണപിള്ളയെ കണ്ട് ആദ്യമായി സംസാരിക്കുന്നത്. കമ്യൂണിസ്റ്റ് വിജ്ഞാപനത്തിന്റെ കോപ്പി കൃഷ്ണപിള്ളക്ക് നൽകുന്നു. ഗാന്ധിജിയോടുള്ള സമീപനം ശരിയല്ലെന്ന് കടുത്ത ഗാന്ധി ആരാധകനായ കൃഷ്ണപിള്ള പറഞ്ഞതായി എൻ.സി. രേഖപ്പെടുത്തിയിട്ടുണ്ട്. വടകര സമ്മേളനത്തിന് പോകാൻ കൃഷ്ണപിള്ള രണ്ടുരൂപ എൻ.സി.ക്ക് നൽകി. വടകരയിൽവെച്ചാണ് എൻ.സി. കമ്യൂണിസ്റ്റ് വിജ്ഞാപനത്തിന്റെ കോപ്പി കോൺഗ്രസ്സിലെ തീവ്രവാദികളായവർക്ക് കൈമാറുന്നത്.
1932ൽ രണ്ടാം നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുത്തും എൻ.സി. ജയിലിലായി. ജയിൽമോചിതനായ ശേഷം വീണ്ടും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ച എൻ.സി. 1934ലാണ് കോഴിക്കോട്ടും കണ്ണൂരും കേന്ദ്രീകരിച്ച് ട്രേഡ് യൂണിയൻ സംഘടിപ്പിക്കുന്ന പ്രവർത്തനത്തിൽ വ്യാപൃതനായത്. 1934‐ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമാവുകയും കൃഷ്ണപിള്ള അതിന്റെ സംസ്ഥാന സെക്രട്ടറിയാവുകയും ചെയ്തതോടെയാണ് ബഹുജനസംഘടനകൾ രൂപീകരിക്കുന്നതിന് തുടക്കമായത്. അതിൽ തൊഴിലാളി പ്രസ്ഥാനങ്ങളുണ്ടാക്കുന്നതിനുള്ള ചുമതലയാണ് എൻ.സി. നിർവഹിച്ചത്. കോഴിക്കോട്ട് തിരുവണ്ണൂർ കോട്ടൺമില്ലിലാണ് കൃഷ്ണപിള്ളയും എൻ.സി.യും മുൻകയ്യെടുത്ത് ആദ്യമായി രജിസ്‌റ്റേർഡ് ട്രേഡ് യൂണിയനുണ്ടാക്കിയത്. പിന്നീട് മറ്റ് യൂണിയനുകൾ. 1935ൽ കോഴിക്കോട്ട് ആദ്യമായി സംഘടിപ്പിച്ച അഖിലകേരള തൊഴിലാളി സമ്മേളനത്തിന്റെ സംഘാടകനേതാവ് എൻ.സി.യായിരുന്നു. എ.ഐ.ടി.യു.സി.യുടെ കേരള സംസ്ഥാന ഘടകമായ കേരള സ്റ്റേറ്റ് ട്രേഡ് യൂണിയൻ കോൺഗ്രസ്സിന്റെ പ്രസിഡന്റും സെക്രട്ടറിയുമായി ദീർഘകാലം പ്രവർത്തിച്ചു. 1936‐ലാണ് എ.ഐ.ടി.യു.സി.യുടെ ദേശീയസമ്മേളനത്തിൽ കേരളത്തിൽനിന്നുള്ള ഒരു പ്രതിനിധി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. ബോംബെയിൽ നടന്ന സമ്മേളനം. തിരുവണ്ണൂർ കോട്ടൺ മിൽ തൊഴിലാളി യൂണിയനെ പ്രതിനിധീകരിച്ച് എൻ.സി പ്രതിനിധി. 1939 മുതൽ 1954 വരെ എൻ.സി.യാണ് എ.ഐ.ടി.യു.സി കേരളഘടകത്തിന്റെ പ്രസിഡന്റോ ജനറൽ സെക്രട്ടറിയോ ആയി പ്രവർത്തിച്ചത്.
1934 മുതൽ കണ്ണൂരിലും കോഴിക്കോട്ടുമായി പ്രവർത്തിക്കാൻ തുടങ്ങിയ എൻ.സി.യെ 39‐ൽ തമിഴ്നാട്ടിലേക്ക് നിയോഗിച്ചു. കോയമ്പത്തൂരിൽ കേന്ദ്രീകരിച്ച് പി.രാമമൂർത്തിയോടും മറ്റും ഒപ്പം പ്രവർത്തിക്കുന്നതിനാണയച്ചത്. ആ പ്രവർത്തനത്തിനിടയിൽ പോലീസിന്റെ പിടിയിലായി. കോയമ്പത്തൂർ കമ്മ്യൂണി്സ്റ്റ് ഗൂഢാലോചനാക്കേസ് എന്ന ഒരു കേസ് ചുമത്തി. ആറര വർഷത്തെ തടവിന് ശിക്ഷിച്ചു. രണ്ടര വർഷത്തിനു ശേഷം 1942‐അവസനാം വിട്ടയയ്‌ക്കെപ്പെട്ടു. യുദ്ധം സംബന്ധിച്ച നിലപാടിൽ മാറ്റംവരുത്തിയതിനെ തുടർന്ന് കമ്യൂണിസ്റ്റുകാർക്ക് ജയിൽമോചനം ലഭിക്കുകയായിരുന്നു. ജയിലിൽനിന്ന് തിരികെയെത്തിയ എൻ.സി. കണ്ണൂരിലെ ട്രേഡ് യൂണിയൻ സഹപ്രവർത്തകനായ ഇടയത്ത് രാഘവന്റെ സഹോദരീപുത്രിയായ ജാനകിയെ വിവാഹംചെയ്തു. കണ്ണൂർ കോമൺവെൽത്ത് കമ്പനിയിലെ തൊഴിലാളിയും പിന്നീട് അവിടുത്തെ യൂണിയൻ ഓഫീസ് സെക്രട്ടറിയുമായിരുന്നു രാഘവൻ. രാഘവന്റെ വീട് ഒറ്റമുറിക്കൂരയായിരുന്നു. 1948ൽ ഒളിവിലാകുന്നതുവരെ ആ കൂരയിലാണ് എൻ.സി‐ജാനകി ദമ്പതികൾ താമസിച്ചത്. 1948 മുതൽ 1952 തുടക്കകാലംവരെ എൻ.സി. വിവിധ കേന്ദ്രങ്ങളിൽ ഒളിവിലായിരുന്നു. ആ നാലുവർഷക്കാലം പാർട്ടിയുടെ കേരളസംസ്ഥാന കമ്മിറ്റിയെ നയിച്ചത് ഇ.എം.എസ്., എൻ.സി.ശേഖർ, കെ.സി.ജോർജ് എന്നിവരാണ്. 1948 ഓഗസ്റ്റ് 19 വരെ കൃഷ്ണപിളളയാണ് ആ നേതൃഘടകത്തിന് നേതൃത്വം നൽകിയത്. സി.അച്ചുതമേനോൻ, എൻ.ഇ.ബാലറാം എന്നിവരുംകൂടി അടങ്ങിയതായിരുന്നു അണ്ടർഗ്രൗണ്ട് കാലത്തെ നേതൃത്വം. കേന്ദ്ര കമ്മിറ്റിയിൽ കൃഷ്ണപിള്ളയോടൊപ്പം കേരളത്തിൽനിന്ന് ഉണ്ടായിരുന്നത് ഇ.എം.എസും കെ.സി.ജോർജുമാണ്. 1948‐ൽ ആദ്യമേതന്നെ ഒളിവിലായിരുന്നെങ്കിലും ഒളിവിൽ എൻ.സി. കൊൽക്കത്താ കോൺഗ്രസ്സിൽ പങ്കെടുക്കുകയുണ്ടായി. എൻ.സി. ഒളിവിലായിരിക്കെയാണ് അദ്ദേഹത്തിന്റെ മൂത്ത മക്കൾ‐ അഞ്ചര വയസ്സുളള മകനും നാലുമാസം മാത്രം പ്രായമായ മകളും രോഗം ബാധിച്ച് വേണ്ടത്ര ചികിത്സ ലഭിക്കാതെ മരിച്ചത്. ആ ഒളിവുകാലത്താണ് അമ്മ മരിച്ചത്. അവസാനമായി ഒരു നോക്കുകാണാനായില്ല. 1947ൽ പിതാവ് മരിക്കുമ്പോൾ ജയിലിലായിരുന്നതിനാൽ പരോളിൽപോയി കാണാൻ കഴിഞ്ഞു.
ജന്മനാടായ തിരുവനന്തപുരത്ത് വിരുന്നുകാരനായിരുന്നെങ്കിലും തിരുവിതാംകൂറിലെ രാഷ്ട്രീയ സമരങ്ങളിൽ നിർണായക ഘട്ടങ്ങളിലെല്ലാം എൻ.സി. സജീവമായി പങ്കുകൊണ്ടു. ഉത്തരവാദഭരണത്തിനുള്ള പ്രക്ഷോഭം തീരുമാനിക്കാൻ വലിയ പങ്കുവഹിച്ചതിന് പുറമെ ഉത്തരവാദഭരണത്തിനായുള്ള സത്യാഗ്രഹത്തിൽ പങ്കെടുത്ത് ആദ്യം അറസ്റ്റുവരിച്ചതും എൻ,സി ശേഖറാണ്. അതിന്റെ പേരിൽ രണ്ടുമാസത്തോളം തടവിലാവുകയുംചെയ്തു. ♦