പ്രകാശസംവേദങ്ങളായ പദാർഥമുപയോഗിച്ച് വസ്‌തുക്കളുടെ ദൃശ്യപ്രതിബിംബം സൃഷ്ടിക്കുന്ന സങ്കേതമാണ് ഫോട്ടോഗ്രഫി. ഫോട്ടോഗ്രഫിയെക്കുറിച്ചുള്ള അടയാളപ്പെടുത്തൽ ഇങ്ങനെയാണ്. പ്രകാശത്തിന്റെ പ്രവർത്തനം മുഖേന സ്ഥിരമായ പ്രതിഛായ നിലനിർത്താനുള്ള മാർഗമായും ഈ സങ്കേതത്തെ കണ്ടിരുന്നു. പ്രകാശസംവേദനക്ഷമതയെ ആശ്രയിച്ച് നിഴലിനും വെളിച്ചത്തിനും വ്യതിയാനങ്ങളുണ്ടാകുന്നു‐ അതിനനുസരിച്ച് ഭാവത്തിനും മാറ്റങ്ങളുണ്ടാക്കുന്ന ഛായാഗ്രഹണകല ഇന്ന് ജീവിതത്തിന്റെ ഭാഗമാണ്.
‘കാഴ്‌ച’യാണിവിടെ പ്രധാനം. സാധാരണ കാഴ്‌ചകൾ പകർത്തുന്ന ചിത്രങ്ങളും (ഫോട്ടോകൾ), എങ്ങനെയാവണം കാഴ്‌ചയെന്നും, കാണേണ്ടതെങ്ങനെയെന്നും ആസ്വാദകരെ ബോധവൽക്കരിക്കുന്ന ക്രിയാത്മക ചിത്രങ്ങളും അതു പകർത്തുന്ന ഫോട്ടോഗ്രാഫർമാരും നമുക്കുണ്ട്‐ അഭിമാനമായി.
‘പ്രകൃതിയെക്കുറിച്ചുള്ള പഠനത്തിൽ/കലാവിഷ്‌കാരങ്ങളിൽ മനുഷ്യേന്ദ്രിയങ്ങളെക്കുറിച്ചും മനസ്സിലാക്കേണ്ടതുണ്ട്. പ്രകൃതിദൃശ്യങ്ങളിലെ പ്രകാശത്തെയും വർണങ്ങളെയും നിരീക്ഷിക്കുമ്പോൾ സൂക്ഷ്‌മതയ്‌ക്കു വേണ്ടി നാം നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരുപകരണമാണ് ക്യാമറക്കണ്ണുകൾ’. ശാസ്‌ത്രജ്ഞനും, ഛായാഗ്രഹണകലയിൽ പ്രത്യേക വൈദഗ്‌ധ്യവുമുള്ള അലക്‌സാണ്ടർ സൈൻവെൽസിന്റെ ഈ വാക്കുകളിലൂടെ സഞ്ചരിക്കുമ്പോൾ ഫോട്ടോഗ്രഫിയുടെ ചരിത്രം നാമറിയുന്നു. മഴവില്ലിൻ നിറവൈവിധ്യങ്ങളിലൂടെ പൂത്തുലയുന്ന വർണക്കാഴ്‌ചകളെക്കുറിച്ചറിയുന്നു. ഫോട്ടോഗ്രഫിയുടെ ചരിത്രവഴികളിലേക്ക് കടന്നുചെല്ലുമ്പോൾ, (965 എഡി‐1038 എഡി) പ്രകാശശാസ്‌ത്രത്തെക്കുറിച്ച് അറേബ്യൻ ശാസ്‌ത്രജ്ഞനായ അബു അലി അൽ ഹസൻ വിശദീകരിക്കുന്നതിൽനിന്ന് തുടങ്ങേണ്ടിവരും. ആ ശാസ്‌ത്രബോധത്തിൽ നിന്നായിരിക്കാം എഡി 1495 കാലത്ത് വിശ്വോത്തര കലാകാരരായ ലിയനാഡോ ഡാവിഞ്ചിയും റോജർ ബേക്കണുമടക്കമുള്ളവർ പ്രകാശത്തെ സ്‌ഫടികത്തിലൂടെ കടത്തിവിട്ട് രൂപത്തെ പകർത്തുവാൻ ശ്രമിച്ചുതുടങ്ങുന്നത്. എങ്കിലും അതിനൊരു പൂർണത പകരുന്നത് നീണ്ട കാത്തിരിപ്പിനൊടുവിൽ 1837ലാണ്. ഫോട്ടോഗ്രഫിയുടെ കണ്ടുപിടുത്തവുമായി ബന്ധപ്പെട്ട് നിരവധിപേരുണ്ടെങ്കിലും ഫ്രഞ്ചുകാരായ ജോസഫ് നിസ്‌ഫോർ നീപ്‌സി, ചിത്രകാരൻ ലൂയിസ് ജാക്വിസ് മാൻഡേ ഡാഗ്വിറീ എന്നിവരെയാണ് ഫോട്ടോഗ്രഫിയുടെ കണ്ടുപിടുത്തവുമായി ബന്ധപ്പെട്ട് അംഗീകരിച്ചിട്ടുള്ളത്. 1839 ജനുവരി 7ന് പാരീസിലാണ് ഔദ്യോഗിക അംഗീകാരം ഇവർക്ക് ലഭിക്കുന്നത്. മനുഷ്യന്റെ ആത്മനിഷ്‌ഠമായ ദൃശ്യസ്‌മരണയുടെ പൂർണത കൂടിയാണ് ഇങ്ങനെ സാക്ഷാത്‌കരിക്കപ്പെടുന്ന ഛായാഗ്രഹണകല. ഇവിടെ നിറങ്ങളെപ്പറ്റിയോ പ്രകാശസിദ്ധാന്തത്തെപ്പറ്റിയോ ഉള്ള ബോധ്യത്തോടെ കാഴ്‌ചയുടെ ‘ഒരു’ മുഹൂർത്തമാണ് ക്ലിക്ക് ചെയ്യുന്നത്. കാഴ്‌ചയ്‌ക്ക് ഉത്തേജനവും വ്യക്തതയുമാണ് ഛായാഗ്രാഹകന്റെ ലക്ഷ്യം.
ഛായാ ചിത്രരചനയിലും പ്രകൃതിദൃശ്യ രചനയിലും തിളങ്ങിനിന്ന ചിത്രകലയെ ഫോട്ടോഗ്രഫിയുടെ കടന്നുവരവ് ലേശം അന്പരപ്പിച്ചുവെങ്കിലും ചിത്രകാരർ പുതിയ കലാപ്രസ്ഥാനങ്ങളിലൂടെ ഫോട്ടോഗ്രഫിയെ മറികടന്ന് പോകാനുള്ള ഉൾക്കരുത്ത് നേടുകയാണുണ്ടായത്.
ആശയപ്രകാശത്തിനും പ്രകൃതിയുടെ വ്യാഖ്യാനത്തിന് പുതിയ കാഴ്‌ചപ്പാട് കൊണ്ടുവരാനും ചിത്രകാരർ ശ്രമിച്ചുതുടങ്ങുകയും ഛായാഗ്രഹണത്തെ അതിജീവിച്ചുകൊണ്ട് ശുദ്ധകലാരൂപമായി ചിത്രകലയെ ഉയർത്താനും ചിത്രകാരർക്ക് കഴിഞ്ഞു. ഈ പ്രതിസന്ധിക്കുശേഷം ചിത്രകല പൂർവാധികം സുന്ദരവും നവീകൃതവും അർഥസന്പുഷ്‌ടവുമായാണ് പ്രസ്ഥാനങ്ങളിലൂടെ രൂപമെടുത്തതും ലോകമെങ്ങും പ്രചാരത്തിലായതും. ചിത്രകലയും ഛായാഗ്രഹണകലയും തമ്മിൽ ഇഴചേർന്നുള്ള കലാപ്രവർത്തനങ്ങളാണ് പിന്നീട് കാണാനാവുക. ഇപ്പോഴുമത് തുടരുകയും ചെയ്യുന്നു.
സംഭവങ്ങളെ കൃത്യതയോടെ നൈമിഷികമായി പകർത്തുന്ന ഫോട്ടോഗ്രഫി കൂടുതൽ ക്രിയാത്മകവും ലാവണ്യാത്മകവുമായി ആസ്വാദകർക്കിടയിൽ, സാമാന്യജനങ്ങൾക്കിടയിലും സജീവമാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. നവീനമായതും സാങ്കേതികവും ശാസ്‌ത്രീയവുമായ കണ്ടെത്തലുകളിലൂടെയും പുതിയ ഛായാഗ്രഹണ രംഗത്ത് കാഴ്‌ചാനുഭവങ്ങൾ സമ്മാനിച്ചുകൊണ്ടേയിരിക്കുന്നു. അതിന്റെ ഭാഗം കൂടിയാണ് വന്യജീവി ഫോട്ടോഗ്രഫിയും.
വന്യവീജികളുടെയും സസ്യജാലങ്ങളുടെയും നിലനിൽപ് ഉറപ്പുവരുത്തുന്ന വന്യജീവി സംരക്ഷണത്തോട് ചേർന്നു നിൽക്കുന്നതാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി. പ്രകൃതിയുടെയും ജീവജാലങ്ങളുടെയും ലാവണ്യാനുഭവ കാഴ്‌ചകളെ ജീവിതഗന്ധിയായി അവതരിപ്പിക്കപ്പെടുകയാണിവിടെ. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം, പ്രത്യേകിച്ച് കേരളത്തിൽ നിരവധി സംഘടനകളും സ്ഥാപനങ്ങളും കൂട്ടായ്‌മകളുമുണ്ട്. അതുകൊണ്ടുതന്നെ ഈ രംഗത്ത് നിരവധി പ്രമുഖരായ ഛായാഗ്രാഹകർ വളർന്നുവരുകയും ദേശീയ അന്തർദേശീയതലത്തിൽ അവർ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തുവരുന്നു.
കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് ഫെബ്രുവരിയിൽ തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നന്ദിയോട് ഗ്രീൻ ആഡിറ്റോറിയത്തിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയുടെ പ്രദർശനം സംഘടിപ്പിച്ചിരുന്നു. ഷോല നേച്ചർ ക്ലബ്ബാണ് മികച്ച രീതിയിൽ രണ്ടുദിവസം നീണ്ട ഈ പ്രദർശനമൊരുക്കിയത്. ഈ സംഗത്ത് ശ്രദ്ധേയനായ സി കെ സദാശിവൻ, ഹരി എന്നിവർ ക്യൂറേറ്റ് ചെയ്‌ത ഈ പ്രദർശനത്തിൽ പത്ത് ഫോട്ടോഗ്രഫർമാരുടെ നൂറോളം ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അനൂപ് പാലോട്, സൂരജ് എസ് ആർ, ആർ ജി കിരൺ, റജിചന്ദ്രൻ, സുഗതൻ, ദേവപ്രിയ ഗൗരി, സുമേഷ്, സുജിത് സുരേന്ദ്രൻ, നുഷ് മുണ്ടേല, വിശാന്ത് മീനാങ്കൽ എന്നീ ഛായാഗ്രഹകർ പകർത്തിയ ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചവയായിരുന്നു. പ്രകൃതിയുടെ ഭാവങ്ങൾ എങ്ങനെയാണ് ജീവജാലങ്ങളിലേക്ക് സന്നിവേശിപ്പിക്കപ്പെടുന്നതെന്നും ഋതുക്കൾ വഴിമാറുന്നതും ജീവജാലങ്ങളുമായി ഇഴചേർന്നതും വർണാഭമായി ഈ ഫോട്ടോഗ്രാഫുകളിൽ ദർശിക്കാം. കാടിന്റെ താളം ജീവജാലങ്ങളെയും സസ്യലോകത്തെയും അവരുടെ ആവാസവ്യവസ്ഥയ്‌ക്കനുസരിച്ച് ചേർന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ നിരവധിയുണ്ട്‐ യഥാതഥമായ ജീവിതക്കാഴ്‌ചകളാണ് ഓരോ ചിത്രങ്ങളും. സാങ്കേതികരീതികൾക്കുള്ളിൽ നിന്നുകൊണ്ട് രൂപങ്ങളെ നിഴലിന്റെയും വെളിച്ചത്തിന്റെയും സാധ്യതകളിലൂടെ ആസ്വാദകരിലേക്കെത്തിക്കുന്ന അപൂർവ നിമിഷങ്ങളാണ് അനൂപ് പാലോടിന്റെ ചിത്രങ്ങൾ. സൂരജ്, കിരൺ എന്നിവരുടെ, മനസ്സിൽ മായാതെ നിൽക്കുന്ന ചിത്രങ്ങളും പ്രദർശനത്തിലുണ്ട്.
പ്രകൃതിയെ പുറത്താക്കി വാതിലടയ്‌ക്കുന്ന ഒരു ന്യൂനപക്ഷത്തിനൊപ്പം നാം ജീവിക്കുമ്പോൾ പ്രകൃതിയെയും ജീവജാലങ്ങളെയും ചേർത്തുപിടിക്കേണ്ടുന്ന സാഹചര്യമൊരുക്കി നമ്മെ ഓർമപ്പെടുത്തുന്ന ഇത്തരം പ്രദർശനങ്ങളുടെ പ്രസക്തി വർധിക്കുകയാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും കുട്ടികളിലേക്കും യുവജനങ്ങളിലേക്കും ഈ പ്രദർശനത്തിന്റെ സന്ദേശം എത്തേണ്ടതുണ്ട്‐ വീണ്ടും വീണ്ടും കാണേണ്ടതുണ്ട്. എങ്കിൽ മാത്രമേ അവയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യണമെന്ന ചിന്തയ്‌ക്ക് ശക്തിപകരാനാകൂ. ♦