Thursday, November 21, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്ഔട്ട്‌സോഴ്സിങ്ങിന്റെ അർത്ഥശാസ്ത്രം‐ 1

ഔട്ട്‌സോഴ്സിങ്ങിന്റെ അർത്ഥശാസ്ത്രം‐ 1

കെ എസ്‌ രഞ്‌ജിത്ത്‌

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 30

ല്പാദനപ്രക്രിയയയുടെ ആഗോളവല്ക്കരണമാണ് നിയോ ലിബറലൽ കാലഘട്ടത്തിന്റെ മുഖമുദ്ര. ദേശീയ അതിർത്തികൾ ഭേദിച്ചുകൊണ്ടുള്ള ധനമൂലധനത്തിന്റെ പ്രവാഹത്തിനൊപ്പം വികസ്വര രാജ്യങ്ങളിൽ നിന്നുമുള്ള തൊഴിൽശക്തിയുടെ വാങ്ങലും വിൽക്കലും ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. സാങ്കേതികവിദ്യകളിലുള്ള വളർച്ചകൾ ഈ പ്രക്രിയയെ വളരെ സുഗമമാക്കുകയും ചെയ്തു. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ വികസിതരാജ്യങ്ങളിലെ വൻകിട കോർപ്പറേറ്റ് കമ്പനികളാണ്. തങ്ങളുടെ രാജ്യത്തെ കൂലിയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ തുകയ്ക്ക് തൊഴിൽ ശക്തി ലഭ്യമാക്കുവാൻ ഇവർക്ക് സാധിക്കുന്നു എന്നിടത്താണ് ഔട്സോഴ്സിങ് എന്ന പ്രക്രിയ നിലനിൽക്കുന്നത്.

നമ്മുടെ നാട്ടിലെ ഐടി മേഖല തന്നെ ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. ഇന്ത്യയിലെ ഐ ടി സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളിൽ 90 ശതമാനത്തിലധികവും യൂറോപ്പിലും അമേരിക്കയിലും ജപ്പാനിലും മറ്റുമുള്ള കമ്പനികൾക്കാവശ്യമായ സോഫ്റ്റ്‌വെയർ ഉത്പന്നങ്ങൾ വികസിപ്പിച്ചെടുക്കുന്നവയാണ്. ഇന്ത്യയിലെ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് ഡോളർ നിരക്കിൽ കൊടുക്കേണ്ടി വരുന്ന പ്രതിമാസ ശമ്പളം 500നും 1500നുമിടയിലാണെങ്കിൽ അമേരിക്കയിലെയോ യൂറോപ്പയിലെയോ പൗരർക്ക്‌ നൽകേണ്ടിവരുന്നത് മിനിമം 2500 മുതൽ 7500 ഡോളർ വരെയാണ്.

മനുഷ്യാധ്വാനം മാത്രം ഉപയോഗിക്കേണ്ടി വരുന്ന സോഫ്റ്റ്‌വെയർ വികസനരംഗത്ത് ഇതുമൂലമുണ്ടാകുന്ന മിച്ചമൂല്യത്തിലെ അന്തരം അതിഭീമമാണ്. ഈ സാമ്പത്തിക യുക്തിയാണ് ഔട്സോഴ്സിങ് പ്രക്രിയയെ മുന്നോട്ട് നയിക്കുന്നത്.

രണ്ടു രീതിയിൽ ഇത് സാധ്യമാണ്. ഒന്നുകിൽ തൊഴിൽശക്തിയെ അതാതു സ്ഥലങ്ങളിൽ തന്നെ നിലനിർത്തിക്കൊണ്ട് പണിയെടുപ്പിക്കുക. ഏറ്റവും ആധുനികമായ പ്രൊജക്റ്റ് മാനേജ്മെന്റ് സംവിധാനങ്ങളുപയോഗിച്ച് ദിവസവും ചെയ്യേണ്ട ജോലികൾ നൽകുകയും അതിന്റെ മേൽനോട്ടം നിർവഹിക്കുകയും ചെയ്യുക. അതല്ലെങ്കിൽ വികസ്വര രാജ്യങ്ങളിലെ തൊഴിലാളികളെ വിദേശത്തേക്ക് പറിച്ചുനട്ട് പണിയെടുപ്പിക്കുക. ഈ രണ്ടു മാർഗങ്ങളും വളരെ സമർത്ഥമായി ഉപയോഗിക്കപ്പെടുത്തുന്ന ഒരു മുതലാളിത്ത ഘട്ടത്തിലൂടെയാണ് ലോകം ഇന്ന് കടന്നുപോകുന്നത്. താരിഫ് നിരക്കുകളിലെ കുത്തനെയുള്ള വെട്ടിക്കുറയ്ക്കലുകളും കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യകളിലുള്ള കുതിച്ചുചാട്ടവും മൂലധനത്തിന്റെ കടന്നുവരവിനുള്ള തടസ്സങ്ങൾ ഇല്ലായ്മ ചെയ്യലുമെല്ലാം സാധ്യമായ നിയോ ലിബറൽ കാലഘട്ടത്തിൽ ഉല്പാദനപ്രക്രിയയെ തൊഴിൽ ശക്തി ലഭ്യമായ ഇടത്തേക്ക് പറിച്ചുനടാതെയും തൊഴിൽ ശക്തിയെ മൂലധന ഉടമകളുടെ കേന്ദ്രത്തിലേക്ക് കടത്തികൊണ്ടുവരാതെയും സുഗമമായ ഉല്പാദനം സാധ്യമാണ് എന്നതിനാൽ അതിലേക്കാണ് മൂലധനത്തിന്റെ ഊന്നൽ. അതിനനുസൃതമായ പുതിയ ഭരണസ്ഥാപനങ്ങൾ രൂപപ്പെടുത്തുന്നതിനാണ് എല്ലാ മുതലാളിത്ത ഭരണകൂടങ്ങളും ശ്രമിച്ചുവരുന്നതും. പക്ഷേ ഇത് പല വികസിത രാജ്യങ്ങളിലും രാഷ്ട്രീയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വർധിച്ചുവരുന്ന വംശീയപ്രശ്നങ്ങളും കുതിച്ചുയരുന്ന ആഭ്യന്തര തൊഴിൽ കമ്പോളത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളും ബ്ലൂ കോളർ ജോലിക്കാരുടെ പ്രതിഷേധവുമെല്ലാം വികസിത രാജ്യങ്ങൾ നേരിടുന്ന പുതിയ പ്രതിസന്ധികളായി ഉയർന്നു വരുന്നുണ്ട്.

പല രീതിയിലുള്ള പഠനങ്ങൾ ഔട്ട്സോഴ്സിങ്ങിന്റെ സാമ്പത്തിക മാനങ്ങളുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. 2005ലെ ഒരു പഠനമനുസരിച്ച് അമേരിക്കയിലെ 8,30,000 തൊഴിലുകളാണ് പുറം രാജ്യങ്ങളിലേക്ക് നൽകപ്പെട്ടത്. പ്രതിമാസം ഏതാണ്ട് 30000 ത്തോളം തൊഴിലുകൾ ഇപ്രകാരം പോകുന്നുണ്ടെന്നാണ് കണക്ക്. ഏതാണ്ട് 14 കോടിയോളം വരുന്ന അമേരിക്കൻ തൊഴിൽ കമ്പോളത്തെ സംബന്ധിച്ചിടത്തോളം ആഭ്യന്തരമായി ഇത് നേരിട്ടുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നില്ല എന്ന നിരീക്ഷണമാണ് പഠനം നടത്തിയ ഗോൾഡ്മാൻ സാച്ചസിനുള്ളത്. പക്ഷേ മറ്റ് ചില റിപ്പോർട്ടുകൾ കാണിക്കുന്നത് 2001നും 2016നുമിടയിൽ 50 ലക്ഷം നിർമ്മാണ തൊഴിലുകൾ അമേരിക്കയിൽ നഷ്ടപെട്ടുവെന്നാണ്. 2023ൽ 14 ദശലക്ഷം വൈറ്റ് കോളർ തൊഴിലുകൾ ഓഫ്ഷോറിങ് ഭീഷണി നേരിടുന്നു എന്നാണ് മറ്റൊരു കണക്ക്. 2001നും 2013നുമിടയിൽ 32 ലക്ഷം തൊഴിലുകൾ ചൈനയിലേക്ക് മാത്രം പോയിട്ടുണ്ട്. ഏഷ്യയിലേക്കാണ് ഔട്ട്സോഴ്സ് ചെയ്യപ്പെടുന്ന 60 ശതമാനം ജോലികളും പോകുന്നത്. ലേബർ ചെലവുകൾ വെട്ടിക്കുറക്കാനായി അമേരിക്കയിലെ 61 ശതമാനം കമ്പനികളും ഔട്ട്സോഴ്സിങ് നടത്തുന്നുണ്ട്. കസ്റ്റമർ സർവിസ് ഔട്ട്സോഴ്സിങ്ങിലൂടെ മാത്രം 60000 കോടി ഡോളറിന്റെ ലാഭമാണ് അമേരിക്കൻ കമ്പനികൾക്കുള്ളത്. അമേരിക്കൻ ടെലികോം കമ്പനിയുടെ 86 ശതമാനവും ഔട്ട്സോഴ്സിങ്ങിലൂടെയാണ് നടത്തപ്പെടുന്നത്. ചെറുകിട കമ്പനികളിൽ 75 ശതമാനവും ഔട്ട്സോഴ്സിങ് ചെയ്യുന്നവയാണ്. 2019ൽ ആഗോളകമ്പോളത്തിൽ 9250 കോടി ഔട്ട്സോഴ്സിങാണ് നടന്നിരിക്കുന്നത്. വേതനനിരക്കുകളുടെ വർധനയിൽ ഗുരുതരമായ മാന്ദ്യത്തിന് ഇത്‌ ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ 40 വർഷത്തെ കൂലിവർദ്ധനയുടെ തോത് കേവലം 2 ശതമാനമാണ്.

1950കളിലും 60കളിലുമുണ്ടായ ബഹുരാഷ്ട്ര കുത്തകകളുടെ വളർച്ചയോടുകൂടിയാണ് ഇന്നത്തെ ആഗോള ഉല്പാദനപ്രക്രിയ ആരംഭിക്കുന്നത്. അന്ന് വികസിത രാജ്യങ്ങളിലെ ആഭ്യന്തര കമ്പോളത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഈ പ്രക്രിയ നടന്നിരുന്നത്. യൂറോപ്യൻ കമ്പോളങ്ങൾക്കാവശ്യമായ ഉത്പന്നങ്ങൾ നിർമിക്കാൻ ഫോർഡും ജനറൽ മോട്ടോർസും മറ്റുമാണ് ഔട്സോഴ്സിങ് വ്യാപകമായി ഉപയോഗിച്ച് തുടങ്ങുന്നത്. എന്നാൽ 80കളിൽ സ്ഥിതി മാറി. അമേരിക്കൻ കമ്പോളത്തിലെ ആവശ്യത്തിന് വേണ്ടി വിദേശത്തു നിർമിച്ച് ഉത്പന്നങ്ങൾ കയറ്റുമതി ചെയുന്ന പ്രക്രിയ ആരംഭിച്ചു. ബഹുരാഷ്ട്ര കുത്തകകളുടെ പ്രവർത്തനങ്ങളെ സൂക്ഷ്മമായി പഠിച്ചുകൊണ്ടു മാത്രമേ ഔട്ട്സോഴ്സിങ് പ്രക്രിയയെ കൃത്യമായി മനസിലാക്കാൻ സാധിക്കൂ. ഏറ്റവും നവീനമായ സാങ്കേതികവിദ്യകളെ ലോകത്തെല്ലായിടത്തും എത്തിക്കുന്നതിലും അതുപയോഗിച്ചുള്ള ഉല്പാദനപ്രക്രിയയിൽ പ്രാദേശികമായ തൊഴിൽശക്തിയെ ഉപയോഗിക്കുന്നതിലും ബഹുരാഷ്ട്ര കുത്തകകൾ ഇടയാക്കിയിട്ടുണ്ട്. അവർ തമ്മിലുള്ള മത്സരം ഈ പ്രക്രിയയെ കൂടുതൽ വ്യാപകമാക്കുന്നതിന് ഇത്‌ ഇടവരുത്തി. ഇവയുടെ മൂലധനശേഷിയോടും സാങ്കേതികവിദ്യകളോടും മത്സരിക്കുവാനാവാതെ അവർ കൈവെച്ച മേഖലകളിൽ പ്രവർത്തിച്ചു വന്നിരുന്ന പ്രാദേശിക കമ്പനികൾ ഒന്നൊന്നായി പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു.

ഉത്പാദനരംഗത്തു മാത്രമല്ല ചില്ലറ വില്പന രംഗത്തും ബഹുരാഷ്ട്ര കമ്പനികൾ വലിയ ചലനം സൃഷ്ടിച്ചു. 1962ൽ സ്ഥാപിതമായ വാൾമാർട്ടാണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ ഉല്പാദകരുടെ ഉത്പന്നങ്ങൾ കേന്ദ്രീകൃതമായി വാങ്ങി പ്രവർത്തനം തുടങ്ങിയ വാൾമാർട്ടിന്റെ പ്രവർത്തനമേഖല പിൽക്കാലത്ത് ലോകത്തെല്ലായിടത്തേക്കും വ്യാപിച്ചു. 1980കളോടെ റീറ്റെയ്ൽ വിപ്ലവം ലോകവ്യാപകമായി. നിയോ ലിബറൽ യുഗത്തിന്റെ പ്രധാന പ്രതീകമായി അത് മാറി. ഇതിന്റെ സാമ്പത്തികയുക്തി വളരെ ലളിതമാണ്. അവികസിത, വികസ്വര രാജ്യങ്ങളിലെ ഏറ്റവും ചെലവ് കുറഞ്ഞ തൊഴിൽ ശക്തി ഉപയോഗിച്ച് നിർമ്മിക്കപ്പെടുന്ന ഉത്പന്നങ്ങൾ കേന്ദ്രീകൃതമായി സംഭരിക്കുക. കൂടുതൽ വികസിതമായ രാജ്യങ്ങളിലെ കമ്പോളങ്ങളിൽ ഉയർന്ന വിലയ്ക്ക് വിൽക്കുക. ഈ പ്രക്രിയ വ്യാപിച്ചതോടു കൂടി എല്ലാ ഉല്പന്നങ്ങളും അന്താരാഷ്ട്ര കമ്പോളത്തിന്റെ പരിധിക്കുള്ളിലായി. ഇത് ആഴമേറിയ മാറ്റങ്ങൾക്ക് കാരണവുമായി. ഏതാണ്ടെല്ലാ ഉപഭോക്തൃ ഉത്പന്നങ്ങളുടെയും നിർമാതാക്കളും റീറ്റെയ്ൽ വില്പന കുത്തകകളുടെ പരിധിയിലായി.

ഔട്ട്സോഴ്സിങ് ഏറ്റവും അധികം പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയത് സർവീസ് മേഖലയിലാണ്.

(തുടരും)

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 4 =

Most Popular