Saturday, November 23, 2024

ad

Homeഅഭിമുഖംകമ്യൂണിസ്റ്റുവിരുദ്ധതയും സ്വത്വരാഷ്‌ട്രീയവും മുതൽ ജനാധിപത്യമിഥ്യകളും ഫാസിസവും വരെ‐ 5

കമ്യൂണിസ്റ്റുവിരുദ്ധതയും സ്വത്വരാഷ്‌ട്രീയവും മുതൽ ജനാധിപത്യമിഥ്യകളും ഫാസിസവും വരെ‐ 5

പരിഭാഷ: പി എസ്‌ പൂഴനാട്‌

ഷാവോ ഡിങ്കി: ഇടതുപക്ഷ അക്കാദമിക് വൃന്ദങ്ങളിൽ ആഗോളമായിത്തന്നെ വലിയതരത്തിലുള്ള സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുള്ള ഒരു ചിന്തകനാണ് സ്ലാവോയ് സിസെക്ക്. തീർച്ചയായും നിരവധി വിവാദങ്ങൾക്കും സിസെക്കിന്റെ നിലപാടുകൾ വഴിവെച്ചിട്ടുണ്ട്. താങ്കൾ എന്തുകൊണ്ടാണ് അദ്ദേഹത്തെ “മുതലാളിത്തത്തിന്റെ ആസ്ഥാന വിദൂഷകൻ’ എന്ന് വിശേഷിപ്പിക്കുന്നത്?

ഗബ്രിയേൽ റോക്ക്ഹിൽ: സിസെക്ക് യഥാർത്ഥത്തിൽ സാമ്രാജ്യത്വ സൈദ്ധാന്തിക വ്യവസായത്തിന്റെ (imperial theory industry ) ഒരുൽപ്പന്നമാണ്. പ്രമുഖ ചിന്തകനായ മിഷേൽ പാരെന്റി ചൂണ്ടിക്കാണിക്കുന്നതുപോലെ, വസ്തുനിഷ്ഠമായ യാഥാർത്ഥ്യമാണ് റാഡിക്കലായിട്ടുള്ളത് (reality is radical).

അതായത്, തൊഴിൽ, പാർപ്പിടം, ആരോഗ്യസുരക്ഷ, വിദ്യാഭ്യാസം, സുസ്ഥിരമായ പരിസ്ഥിതി എന്നിവയ്ക്കുവേണ്ടിയുള്ള വളരെ യഥാർത്ഥവും ഭൗതികവുമായ നിരന്തര പോരാട്ടങ്ങളിലൂടെയാണ് മുതലാളിത്തലോകത്തിലെ തൊഴിലെടുക്കുന്ന ജനത കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഇത്തരം പോരാട്ടരൂപങ്ങൾ ജനങ്ങളെ വിപ്ലവവത്ക്കരിക്കുന്നതിനും കാരണമായിത്തീരുന്നുണ്ട്. നിരവധിപേർ മാർക്സിസത്തിലേയ്ക്കും കടന്നെത്തുന്നു. കാരണം തൊഴിലെടുക്കുന്ന ജനത എങ്ങനെയുള്ളൊരു ലോകത്താണ് ജീവിക്കുന്നതെന്ന് മാർക്സിസം വിശദീകരിക്കുന്നു. തൊഴിലെടുക്കുന്ന ജനത നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ച് ശരിയായ ദിശാബോധം അത് നൽകുന്നു. അതോടൊപ്പം വിവിധ പ്രശ്നങ്ങൾക്കുള്ള വളരെ കൃത്യവും പ്രായോഗികവുമായ പരിഹാരമാർഗ്ഗങ്ങളും അത് മുന്നോട്ടുവയ്ക്കുന്നു. അതുകൊണ്ടാണ് തൊഴിലാളികളെയും അടിച്ചമർത്തപ്പെട്ടവരെയും ഈ വിധത്തിൽ ആവേശഭരിതരാക്കുന്ന മാർക്സിസത്തെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന തീരുമാനത്തിലേയ്ക്ക് മുതലാളിത്ത സാംസ്കാരിക സ്ഥാപനങ്ങൾ എത്തിച്ചേരുന്നത്. ഇതിനായി അവർ പ്രയോഗിച്ച ഒരു തന്ത്രം മാർക്സിസത്തിന്റെ അടിസ്ഥാന ധാരണകളെ വഴിതെറ്റിച്ചുവിടുന്ന തരത്തിലുള്ള കച്ചവടവത്ക്കരിക്കപ്പെട്ടതും ചരക്കുവത്ക്കരിക്കപ്പെട്ടതുമായ ഒരുതരം മാർക്സിസത്തെ പ്രമോട്ട് ചെയ്യുക എന്നതായിരുന്നു.ചരക്കുവത്കൃത – സമൂഹത്തിൽ നിന്നും വിമോചനം നേടാനുള്ള വിപ്ലവാത്മകമായ സൈദ്ധാന്തിക – പ്രായോഗിക ചട്ടക്കൂട് എന്ന നിലയിൽ നിന്നും, വിറ്റഴിക്കാൻ കഴിയുന്ന മറ്റേതൊരു ചരക്കിനെയുംപോലെ ഒരു ചരക്ക് എന്ന നിലയിൽ മാർക്സിസത്തെയും ഒരു ഫാഷണബിൾ ബ്രാൻഡാക്കി മാറ്റാനാണ് ഇതിലൂടെ മുതലാളിത്ത സ്ഥാപനങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇത്തരത്തിലുള്ള മുതലാളിത്ത പദ്ധതിക്ക് പലനിലകളിൽ ഏറ്റവും അനുയോജ്യനായ ഒരാളായാണ് സ്ലാവോയ് സിസെക്ക് നിലകൊള്ളുന്നത്. സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവിയയിൽ (SFRY) ജനിച്ചുവളർന്ന ഒരു കമ്യൂണിസ്റ്റുവിരുദ്ധനാണ്‌ സിസെക്ക്. പാശ്ചാത്യ ലോകത്തിലേയ്ക്കുള്ള തന്റെ കരിയർ ഉയർച്ചയ്ക്കായി കണ്ണുംനട്ടിരുന്ന ഒരു പെറ്റി‐ബൂർഷ്വാ ബുദ്ധിജീവി. യൂഗോസ്ലാവിയയിലെ ഒരു പെറ്റി‐ബൂർഷ്വാ ബുദ്ധിജീവി എന്ന നിലയിലുള്ള തന്റെ ആത്മനിഷ്ഠമായ അനുഭവങ്ങൾ, ആ രാജ്യത്തു നിലനിന്നിരുന്ന സോഷ്യലിസത്തിന്റെ യഥാർത്ഥ സ്വഭാവത്തെക്കുറിച്ച് സംസാരിക്കാൻ തനിക്ക് പ്രത്യേകിച്ചുള്ള അവകാശം നൽകുന്നതായും സിസെക്ക് നിരന്തരം വാദിക്കാറുണ്ട്. സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവിയയിൽ സിസൈക്കിനുണ്ടായ ആത്മനിഷ്ഠാനുഭവങ്ങളുടെ കൽപ്പിതകഥകൾ അങ്ങനെ വസ്തുനിഷ്ഠ വിശകലനങ്ങൾ എന്ന തലത്തിലേയ്ക്ക് സ്ഥാനം പിടിക്കുന്നു. അതുകൊണ്ടുതന്നെ, പണത്തിനും പ്രശസ്തിക്കുംവേണ്ടി കാത്തിരുന്ന ഒരു അവസരവാദി എന്ന നിലയിൽ സ്വന്തം മാതൃരാജ്യമായ സോഷ്യലിസ്റ്റ് യൂഗോസ്ലാവിയ, പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളെക്കാൾ താണനിലയിലായിരുന്നു എന്ന സിസെക്കിന്റെ നിലപാടിൽ അതിശയോക്തിയില്ല.കാരണം പാശ്ചാ ത്യ മുതലാളിത്ത രാജ്യങ്ങളാണല്ലോ ഒരു ആഗോള ബുദ്ധിജീവിയായി സിസെക്കിനെ ഉയർത്തിവിട്ടത്. അമേരിക്കയിലെ ഫോറിൻ പോളിസി മാഗസിനാകട്ടെ, ലോകത്തിലെ ഏറ്റവും ഉയർന്ന ആഗോള ചിന്തകരിൽ ഒരാളാണ് സിസെക്കെന്നും വിശേഷിപ്പിക്കുന്നുണ്ട്. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ സൈദ്ധാന്തികായുധമാണ് ഫോറിൻ പോളിസി മാഗസിൻ എന്ന കാര്യം മറക്കരുത്!

യൂഗോസ്ലാവിയയിൽ നിലനിന്നിരുന്ന സോഷ്യലിസത്തെ തകർക്കുന്നതിൽ വ്യക്തിപരമായി താൻ വഹിച്ച പങ്കിനെയോർത്ത് സ്ലാവോയ് സിസെക്ക് പരസ്യമായിത്തന്നെ ആവേശഭരിതനാകുന്നുണ്ട്. യൂഗോസ്ലാവിയയിലെ ഏറ്റവും കുപ്രസിദ്ധമായ സോഷ്യലിസ്റ്റുവിരുദ്ധ പ്രസിദ്ധീകരണങ്ങളിലൊന്നായ മ്ലാഡിനയിലെ പ്രധാനപ്പെട്ട രാഷ്ട്രീയകാര്യ ലേഖകനായിരുന്നു ആ ഘട്ടത്തിൽ സിസെക്ക്. മ്ലാഡിന എന്ന ഈ സോഷ്യലിസ്റ്റുവിരുദ്ധ പ്രസിദ്ധീകരണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് അമേരിക്കൻ സിഐഎ ആണെന്ന് ആ ഘട്ടങ്ങളിൽത്തന്നെ യൂഗോസ്ലാവിയൻ കമ്യൂണിസ്റ്റ് പാർട്ടി ആക്ഷേപമുന്നയിക്കുകയും ചെയ്തിരുന്നു. യൂഗോസ്ലാവിയയിൽ നിലവിൽവന്ന ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ രൂപീകരണത്തിലും സിസെക്കിന് നിർണ്ണായകമായ പങ്കുണ്ടായിരുന്നു. യൂഗോസ്ലാവിയ തകർക്കപ്പെട്ടതിനെ തുടർന്ന് പുതുതായി രൂപം കൊണ്ട സ്ലോവേനിയൻ റിപ്പബ്ലിക്കിലേയ്ക്കുള്ള ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചതും ഈ സിസെക്കായിരുന്നു. സ്ലോവേനിയയിൽ നിലനിൽക്കുന്ന പ്രത്യയശാസ്ത്രപരവും -യഥാർത്ഥത്തിലുള്ളതുമായ ശേഷിക്കുന്ന സോഷ്യലിസ്റ്റ് ഭരണകൂട ഉപകരണങ്ങളെക്കൂടി തകർക്കുന്നതിനും വിഘടിപ്പിക്കുന്നതിനും താൻ പ്രധാനപ്പെട്ട പങ്കുവഹിക്കുമെന്നായിരുന്നു സിസെക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനം! എന്തായാലും ചെറിയൊരു വ്യത്യാസത്തിൽ സിസെക്ക് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും സ്ലോവേനിയയിൽ അരങ്ങേറിക്കൊണ്ടിരുന്ന മുതലാളിത്ത പുന:സ്ഥാപനത്തെയും അതിന് നേതൃത്വംകൊടുത്ത വലതുപക്ഷഭരണകൂടത്തെയും സിസെക്ക് അകമഴിഞ്ഞ് പിന്തുണച്ചു. സ്ലോവേനിയയിൽ അരങ്ങേറിക്കൊണ്ടിരുന്ന ഏറ്റവും മാരകമായ മുതലാളിത്ത പുനസ്ഥാപനപ്രക്രിയയുടെയും മുതലാളിത്ത ഷോക്ക് തെറാപ്പിയുടെയും ഭാഗമായി രാജ്യത്തെ ബഹുഭൂരിപക്ഷം മനുഷ്യരുടെയും ജീവിതാവസ്ഥകൾ ഏറ്റവും ദുരന്തപൂർണ്ണമായി തകർന്നടിയുകയായിരുന്നു. എന്നാൽ സിസെക്കിന്റെ ജീവിതത്തിൽ ഒരു തകർച്ചയും സംഭവിച്ചില്ല! സിസെക്ക് സ്ഥാപിച്ച സ്വകാര്യവത്ക്കരണത്തിന് അനുകൂലമായ ആ രാഷ്ട്രീയപ്പാർട്ടി ഈ ഘട്ടമായപ്പോഴേയ്ക്കും സാമ്രാജ്യത്വചേരിയിലേക്ക് ഉദ്ഗ്രഥിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സ്ലോവേനിയയെ യൂറോപ്യൻ യൂണിയനിലേയ്ക്കും നാറ്റോ സഖ്യത്തിലേയ്ക്കും കൂട്ടിച്ചേർക്കുന്നതിനുവേണ്ടി ഏറ്റവും ഉഗ്രമായി വാദിച്ചത് സിസെക്ക് സ്ഥാപിച്ച ആ രാഷ്ട്രീയ പാർട്ടി ആയിരുന്നു!

സ്ലാവോയ് സിസെക്ക് എന്ന ഈ കിഴക്കൻ യൂറോപ്യൻ ലിബറലിനെ മുതലാളിത്തത്തിന്റെ ഒരു ആസ്ഥാനവിദൂഷകനായിട്ടാണ് ഞാൻ കണക്കാക്കുന്നത്. കാരണം ഒന്നാന്തരം കോമാളിത്തരങ്ങളാണ് അദ്ദേഹം മാർക്സിസത്തിന്റെ പേരിൽ നിർമ്മിച്ചെടുത്തുകൊണ്ടിരിക്കുന്നത്. മുതലാളിത്ത സമൂഹത്തിനുള്ളിലെ അധീശത്വശക്തികൾ ഇത്ര വ്യാപകമായി സ്ലാവോയ് സിസെക്കിനെ പ്രമോട്ട് ചെയ്തുകൊണ്ടിരിക്കുന്നതിന്റെ കാരണങ്ങളിൽ ഒന്ന് ഇതാണ്. മാർക്സിസം യഥാർത്ഥവും ഭൗതികവുമായ സമരപോരാട്ടങ്ങളിൽ വേരുകളാഴ്ത്തി നിൽക്കുന്ന വിമോചനത്തിന്റെ കൂട്ടായ ശാസ്ത്രമാണ്. എന്നാൽ, സിസെക്കാകട്ടെ വഞ്ചനാത്മകമായ സ്വന്തം ബൗദ്ധിക നാട്യത്തിനുള്ള ( intellectual chicanery ) പ്രകോപനാത്മകമായ ഒരു വ്യവഹാരമായിട്ടാണ് മാർക്സിസത്തെ നോക്കിക്കാണുന്നത്. ഈ ബൗദ്ധിക നാട്യമാകട്ടെ അനവസരത്തിൽ വിവാദങ്ങൾ സൃഷ്ടിച്ച് രംഗം കൊഴിപ്പിക്കുന്ന ഒരു തനിഅവസരവാദിയുടെ പെറ്റി -ബൂർഷ്വാ രാഷ്ട്രീയനാട്യത്തിലേയ്ക്ക് ചുരുങ്ങുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ കോമാളിത്തം നിറഞ്ഞ പെരുമാറ്റരീതികളും ഹാസ്യാത്മകമായ വേഷവിധാനങ്ങളും ബൂർഷ്വാസിയെ നല്ല നിലയിൽ ആനന്ദിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസരഹിതരുടെപോലും ശ്രദ്ധയെ കുറഞ്ഞ സമയത്തേക്കെങ്കിലും അതിന് ആകർഷിക്കാനും കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു കൊട്ടാരം വിദൂഷകന് ലഭിക്കുന്നതുപോലുള്ള കൈയ്യടിയും ചിരിയും ജനങ്ങൾക്കിടയിൽ നിന്നും ഇദ്ദേഹത്തിന് ലഭിക്കുന്നുമുണ്ട്. ഈ കയ്യടിയേയും ചിരിയേയും ലൈക്കുകളായും ഹിറ്റുകളായും എളുപ്പത്തിൽ പരാവർത്തനം ചെയ്തുകൊണ്ടാണ് ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഈ വിദൂഷകൻ നിലകൊള്ളുന്നത്.

ഹോളിവുഡ് ഉൽപ്പന്നങ്ങളെയും ബൂർഷ്വാ സാംസ്കാരിക ഉപകരണങ്ങളെയും പരസ്യപ്പെടുത്തി വിനിമയം ചെയ്യുന്ന കാര്യത്തിലും സിസെക്കിന് സവിശേഷമായ ഒരു വിരുതുണ്ട്. അതുകൊണ്ടുതന്നെ മൂലധനരാജാവിന് (King capital) ഈ സൂത്രക്കാരനെ വലിയ ഇഷ്ടമാണ്. കാരണം ഈയൊരു പ്രക്രിയയിലൂടെ മൂലധനരാജാവിന് തന്റെ കീശ നന്നായി വീർപ്പിക്കാനാകും. ഏതൊരു നല്ല കൊട്ടാര വിദൂഷകനെയുംപോലെ കൊട്ടാരവാസികളെ എങ്ങനെയാണ് സുഖിപ്പിക്കേണ്ടതെന്നും ആദരിക്കേണ്ടതെന്നും ഈ വിദൂഷകനും നന്നായി അറിയാം. അതുകൊണ്ടയാൾ യഥാർത്ഥത്തിൽ നിലനിൽക്കുന്ന സോഷ്യലിസത്തെ നിരന്തരം അപകീർത്തിക്കൊണ്ടിരിക്കും. അതുകൊണ്ടയാൾ മുതലാളിത്തത്തിന്റെ ഉൾച്ചേർക്കലിനെക്കുറിച്ച് പ്രകീർത്തിച്ചുകൊണ്ടിരിക്കും. സാമ്രാജ്യത്വ കടന്നാക്രമണങ്ങളെപ്പോലും പലഘട്ടങ്ങലും ഈ വിദൂഷകൻ നേരിട്ട് പിന്താങ്ങിക്കൊണ്ടിരിക്കും! “ലോകത്തിലെ ഏറ്റവും അപകടകാരിയായ ചിന്തകൻ’ എന്നാണ് സ്ലാവോയ് സിസെക്ക് എന്ന ഈ വിദൂഷകനെ ബൂർഷ്വാ മാധ്യമങ്ങൾ പലപ്പോഴും വിശേഷിപ്പിക്കാറുള്ളത്. തീർച്ചയായും അദ്ദേഹം ഏറ്റവും അപകടകാരിയായ ചിന്തകൻ തന്നെയാണ്. കാരണം സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തെയും പുതിയൊരു സോഷ്യലിസ്റ്റ് ലോകത്തിന്റെ നിർമ്മാണത്തെയും പ്രോജ്ജ്വലിപ്പിക്കുന്ന മാർക്സിസ്റ്റ് പ്രോജക്ടിനെയാണ് അദ്ദേഹം അപകടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

സിസെക്കിന് ലഭ്യമായ വസ്തുനിഷ്ഠമായ ഉയർച്ചയും വളർച്ചയും നിലനിർത്തുന്നതിനുവേണ്ടി ആത്മനിഷ്ഠമായി അദ്ദേഹം കൂടുതൽ വലത്തോട്ടു ചാഞ്ഞുകൊണ്ടിരിക്കുന്നത് കൃത്യമായി കാണാൻ കഴിയും. സിസെക്കിന്റെ കമ്യൂണിസ്റ്റുവിരുദ്ധമായ, സാമ്രാജ്യത്വാനുകൂല നിലപാടിൽ നിന്നും അദ്ദേഹത്തിന്റെ പ്രതിവിപ്ലവാഭിനിവേശം കൂടുതൽ വ്യക്തമാകുന്നുണ്ട്. നിയോകൊളോണിയലിസത്തെ വെല്ലുവിളിച്ചുകൊണ്ട് ആഫ്രിക്കയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന സമകാലിക പോരാട്ടങ്ങളോടുള്ള സിസെക്കിന്റെ നിലപാടിൽനിന്നും അദ്ദേഹത്തിന്റെ പ്രതിവിപ്ലവാഭിനിവേശം കൂടുതൽ കൃത്യമായി വായിച്ചെടുക്കാവുന്നതാണ്. ആഫ്രിക്കയെക്കുറിച്ചുള്ള സിസെക്കിന്റെ അന്തിമവിധി ഇങ്ങനെയായിരുന്നു: ‘‘മധ്യ ആഫ്രിക്കയിൽ ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന കൊളോണിയൽവിരുദ്ധ പ്രക്ഷോഭങ്ങൾ ഫ്രഞ്ച് നിയോകൊളോണിയലിസത്തെക്കാൾ കൂടുതൽ മോശപ്പെട്ട കാര്യമാണ്’’.

ഈ അടുത്തകാലത്തുണ്ടായ മറ്റൊരു സംഭവത്തിൽ സിസെക്ക് നടത്തിയ ഒരു പൊതുഇടപെടലിൽനിന്നും സിസെക്ക് ഏത് തരത്തിലുള്ള പ്രക്ഷോഭങ്ങളെയാണ് പിന്തുണയ്ക്കുന്നതെന്ന് നമുക്ക് കൂടുതൽ വ്യക്തമാകും. നാഖൽ മെർസൂക്ക് എന്നയാളെ ഫ്രഞ്ച് പൊലീസ് തലയറുത്തുകൊന്നതിനെത്തുടർന്ന് 2023ൽ ഫ്രാൻസിൽ വലിയ തരത്തിലുള്ള പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടുള്ള ഒരു സംവാദത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാർക്സിസ്റ്റ് ഉൾക്കാഴ്ച്ചയിലേക്ക് അദ്ദേഹം ശ്രദ്ധ ക്ഷണിക്കുകയുണ്ടായി. താൻ പറയുന്ന കാര്യങ്ങളിൽ യുക്തിയും വസ്തുതയും ഉണ്ടെന്ന് വരുത്തിത്തീർക്കാൻ സിസെക്ക് ഉപയോഗിക്കുന്ന ഒരു സ്ഥിരം രീതിയാണിത്. സംവാദത്തിൽ സിസെക്ക് വാദിച്ചതിങ്ങനെയായിരുന്നു: ‘‘സംഘടനാപരമായ കൃത്യമായ ആസൂത്രണമില്ലെങ്കിൽ ഈ പ്രക്ഷോഭങ്ങൾ വിജയിക്കില്ല. വിജയിക്കണമെങ്കിൽ സംഘടനാപരമായ ആസൂത്രണം വേണം’’. എന്നിട്ട് വിജയിച്ച ഒരു വിപ്ലവത്തിന്റെ ഉദാഹരണവും സിസെക്ക് ചൂണ്ടിക്കാട്ടി. സിസെക്കിന്റെ വാക്കുകൾ ഇതാണ്: ‘‘വിമോചനാത്മകമായ ഒരു വീക്ഷണമുണ്ടെങ്കിൽ മാത്രമേ പ്രക്ഷോഭങ്ങൾക്കും പോരാട്ടങ്ങൾക്കും പോസിറ്റീവായ ഒരു പങ്കുവഹിക്കാൻ കഴിയൂ. ഉക്രയ്നിൽ 2013‐-14-ൽ അരങ്ങേറിയ മെയ്ഡാൻ പ്രക്ഷോഭം അത്തരത്തിലുള്ള ഒന്നാണ്’’. ഇതാണ് സിസെക്കിന്റെ രീതി. എന്താണ് മെയ്ഡാൻ പ്രക്ഷോഭം? അതിനെ സംബന്ധിച്ച് കൃത്യമായ രേഖകൾ പുറത്തുവന്നിട്ടുണ്ട്. അമേരിക്കൻ ദേശീയ സുരക്ഷാഭരണകൂടം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു ഫാസിസ്റ്റ് അട്ടിമറിയായിരുന്നു യഥാർത്ഥത്തിൽ മെയ്ഡാൻ പ്രക്ഷോഭം! അതായത്, സാമ്രാജ്യത്വത്തിന്റെ താൽപ്പര്യാർത്ഥം അരങ്ങേറിയ ഒരു ഫാസിസ്റ്റ് അട്ടിമറിയെയാണ് പുതിയ കാലഘട്ടത്തിന്റെ വിമോചന മുന്നേറ്റമായി സിസെക്ക് അവതരിപ്പിക്കുന്നത്. പ്രമുഖ മാർക്സിസ്റ്റ് ചിന്തകനായ സമിർ അമിൻ മെയ്ഡാൻ പ്രക്ഷോഭത്തെ വിശേഷിപ്പിച്ചത് ‘യൂറോ- നാസി അട്ടിമറി’യെന്നായിരുന്നു. അതായത് ജനങ്ങൾ തെരഞ്ഞെടുത്ത ഒരു സർക്കാരിനെതിരെയുള്ള സാമ്രാജ്യത്വ അട്ടിമറിയെയാണ് വിമോചന മൂല്യങ്ങൾ പേറുന്ന വിജയിച്ച വിപ്ലവത്തിന്റെ പോസിറ്റീവ് ഉദാഹരണമായി സിസെക്ക് ഉയർത്തിക്കാട്ടിയത്. ഈ സാമ്രാജ്യത്വ അട്ടിമറിയുടെ കാര്യത്തിൽ മാത്രമല്ല, ഉക്രയ്നിനെ മുന്നിൽ നിർത്തിക്കൊണ്ട് അമേരിക്കയും നാറ്റോയും നടത്തിക്കൊണ്ടിരിക്കുന്ന നിഴൽയുദ്ധത്തിന്റെയും ഏറ്റവും വലിയ പിന്തുണക്കാരിൽ ഒരാളാണ് സിസെക്ക്. “ലോകത്തിലെ ഏറ്റവും അപകടകാരിയായ ചിന്തകൻ’ എന്ന വിശേഷണത്തിന്റെ അർത്ഥം ഇപ്പോൾ കൂടുതൽ വ്യക്തമായെന്ന് തോന്നുന്നു. യഥാർത്ഥത്തിൽ, കമ്യൂണിസ്റ്റ് മുഖം മൂടി അണിഞ്ഞു നടക്കുന്ന ഒരു ഫാസിസ്റ്റ് അനുകൂലിയാണ് (philo-fascist ) സ്ലാവോയ് സിസെക്ക്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 1 =

Most Popular