Friday, May 10, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍മൊയാരത്ത്‌ ശങ്കരൻ: രക്തസാക്ഷിയായ വിപ്ലവകാരി

മൊയാരത്ത്‌ ശങ്കരൻ: രക്തസാക്ഷിയായ വിപ്ലവകാരി

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 22

‘‘തനിക്കിഷ്ടമായ ഒരാദർശത്തിനുവേണ്ടി സ്വന്തം ജീവിതം കളഞ്ഞ് സ്വയം ദാരിദ്ര്യം വരിച്ച വിഡ്ഢികളിൽ ഒരു സ്ഥാനം മതി എനിക്കെന്ന് അന്നേ ഞാൻ സ്വയം സംതൃപ്തനായിരുന്നു’’‐ തന്റെ പരാജയത്തെ സുഹൃത്തുക്കൾ കളിയാക്കിയപ്പോൾ നിരാശയില്ലെന്ന് അവരെ ബോധ്യപ്പെടുത്തിയതെങ്ങനെയെന്ന് മൊയാരത്ത് ശങ്കരൻ ആത്മകഥയിൽ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. തിരുവനന്തപുരത്ത് പിൽക്കാലത്ത്‌ പ്രസിദ്ധമായ കേസരി പത്രം എ ബാലകൃഷ് ണപിള്ള തുടങ്ങുന്നതിനും നാല് വർഷം മുമ്പ് മലബാറിലെ കേസരി പത്രം, കേരള കേസരി നിർത്തിവെക്കേണ്ടി വന്നതാണ് സന്ദർഭം.

കാലം മാത്രമല്ല ചരിത്രവും മൊയാരത്ത് ശങ്കരനെ പരാജയപ്പെടുത്തി. ബ്രിട്ടീഷ് ഭരണത്തിന്റെ അഴിമതിക്കും ചൂഷണത്തിനുമെതിരെയും സാമൂഹിക അനീതികൾക്കും അനാചാരങ്ങൾക്കും എതിരെയും ആഞ്ഞടിച്ച ‘കേരള കേസരി’ പത്രം രണ്ട് വർഷത്തിലേറെ ഉത്തര കേരളത്തിലെ ഉത്പതിഷ്ണുക്കളുടെ നാവായി പ്രവർത്തിച്ചു. സർക്കാരിന്റെയും പൊലീസിന്റെയും ഭീഷണി കാരണം പ്രസ്സുകൾ അച്ചടിച്ചുകൊടുക്കാൻ വിസമ്മതിച്ചപ്പോൾ അച്ചടിപ്പിക്കാൻ കോഴിക്കോട്ടും കണ്ണൂരും മാറിമാറി ഓടേണ്ടിവന്ന പത്രാധിപർ. ഒടുവിൽ മികച്ച ട്രഡിൽ പ്രസ്സ് സ്വന്തമായി വാങ്ങിയപ്പോഴേക്കും പത്രം നിർത്തേണ്ടിവന്ന പരാജയം.

താൻ മാനേജിങ് ഡയറക്ടറും പത്രാധിപരുമായ പത്രത്തിന്റെ ഡയറക്ടർ ബോർഡിൽ ഭൂരിപക്ഷം കോൺഗ്രസ്സിനെതിരെ നിലപാടെടുത്തപ്പോൾ കോൺഗ്രസ്സിനും കോൺഗ്രസ്സിന്റെ എല്ലാമെല്ലാമായ കെ.മാധവൻനായർക്കുമൊപ്പം ഉറച്ചുനിൽക്കാൻ മൊയാരം തയ്യാറായി. കോൺഗ്രസ്സിൽ നിന്ന് പുറത്തുപോയി ജസ്റ്റിസ് പാർട്ടിയിൽ ചേർന്ന മാധവൻനായരെ എതിർത്ത മഞ്ചേരി രാമയ്യരെയും കൂട്ടരെയും ശക്തമായി നേരിട്ടത് മൊയാരമായിരുന്നു. പക്ഷേ, പത്രാധിപസമിതിയിലും ഡയറക്ടർബോഡിലും അധികവും ജസ്റ്റീസ് കക്ഷിക്കാർ. പത്രത്തിന്റെ പ്രിന്ററും തന്റെ സ്നേഹിതനും തനിക്ക് താമസിക്കാൻ ഇടം നൽകുന്ന ആളുമായ വക്കീൽ കെ.വി.കൃഷ് ണൻ എതിർപക്ഷത്ത്. കോൺഗ്രസ്സിനെതിരെ നിന്നാൽ ‘കേരള കേസരി’ മലയാളത്തിലെ വലിയ പത്രങ്ങളിലൊന്നായി, മൊയാരം വലിയ പത്രാധിപരും ധനികനുമായി വളരുമെന്ന് അഭ്യുദയകാംക്ഷികൾ. പക്ഷേ , പത്രം തുടർന്നുകൊണ്ടുപോകാനല്ല , കോൺഗ്രസ്സിന്റെയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും വീരപോരാളിയായി തുടരാനാണ് മൊയാരം തീരുമാനിച്ചത്.

പത്രം നിർത്തിയെങ്കിലും പിന്നീട് മൊയാരത്തിന്റെ തന്നെ നിയന്ത്രണത്തിലും നേതൃത്വത്തിലും പ്രവർത്തിച്ച കേരള കേസരി ഓഫീസും അച്ചുകൂടവും മലബാറിലെ കോൺഗ്രസ്സിന്റെ പ്രധാന ‘ഓഫീസും ‘ സ്വാതന്ത്ര്യസമര പ്രവർത്തന കാര്യാലയവുമായി മാറി.

1913ൽ ഡോക്ടർഭാഗം പഠിക്കാൻ കൊൽക്കത്തയിൽ പോയി അത് പൂർത്തിയാക്കാനാവാതെയാണ് മടങ്ങിയത്. വീട്ടിൽ നിന്നുള്ള നിർബന്ധവും സാമ്പത്തിക പ്രശ്നവും സാമൂഹ്യപ്രവർത്തന താല്പര്യവുമാണ് പഠനം ഇടയ്‌ക്കുവെച്ച്്് നിർത്താനിടയാക്കിയത്്. പഠനകാലത്ത് കൊൽക്കത്തയിൽ ഇംഗ്ലീഷ്മാൻ പത്രത്തിൽ പ്രൂഫ് റീഡറായി പ്രവർത്തിച്ച മൊയാരമാണ് കൊൽക്കത്തയിലെ മലയാളികളെ സംഘടിപ്പിച്ച്് അവിടത്തെ ആദ്യത്തെ മലയാളി സമാജമുണ്ടാക്കിയത്. 1917ൽ കോഴിക്കോട്ട് കെ.പി.രാമൻ മേനോൻ വീട്ടുമുറ്റത്ത് നടന്ന രണ്ടാം കേരള രാഷ്ട്രീയ സമ്മേളനത്തിൽ കെ.മാധവൻ നായർ, കെ.പി.കേശവമേനോൻ, മഞ്ചേരി രാമയ്യർ എന്നിവർക്കൊപ്പം അദ്ദേഹം മുഴുവൻസമയ പ്രവർത്തകനായി. കേശവമേനോൻ നിർദേശിച്ചതുപ്രകാരം കുറുമ്പ്രനാട് താലൂക്കിന്റെ ചുമതല ഏറ്റെടുത്ത് വടകരയിൽ താമസമാക്കി.

നിസ്സഹകരണ പ്രസ്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച മൊയാരം ഒരു ഘട്ടത്തിലും നിരാശനായില്ല. നിരാശനാകാൻ കാരണങ്ങൾ അനവധിയുണ്ടായിട്ടും. 1921ലെ മലബാർ കലാപം അത്തരമൊരു സാഹചര്യമാണുണ്ടാക്കിയത്. ഖിലാഫത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാൽ ഭാവി സമരങ്ങളും പാളിപ്പോകുമോ എന്ന സംശയം; കോൺഗ്രസ്സിനെ എതിർക്കുകയും ബ്രിട്ടീഷുകാരെ പുകഴ്ത്തുകയും ചെയ്യുന്ന ഒരു വിഭാഗം ഉയർത്തിയ വെല്ലുവിളി; ഇതെല്ലാം കാരണം കോൺഗ്രസ് നേതൃത്വത്തിൽ പലരും തൽക്കാലം സജീവരാഷ്ട്രീയം നിർത്തുകയും കേശവമേനോൻ മലയയിൽ പോവുകയും കേളപ്പൻ മന്നത്ത് പത്മനാഭനോടൊപ്പം ചേർന്ന് എൻ.എസ്.എസ് നേതാവാകുകയും ചെയ്തതുമെല്ലാം ദേശീയ പ്രസ്ഥാനത്തെ തണുപ്പിച്ചു. ഗാന്ധിജി ദണ്ഡി കടപ്പുറത്തേക്ക് മാർച്ചു ചെയ്ത് ഉപ്പുകുറുക്കിക്കൊണ്ട് സ്വാതന്ത്ര്യസമരത്തിന് പുതിയ ഉണർവ് പ്രദാനം ചെയ്യാൻ തുടങ്ങുമ്പോഴും കേരളത്തിന് രണ്ട് മനസ്സായിരുന്നു.

കേരളത്തിൽ അതുവരെയും സ്വാതന്ത്ര്യസമരത്തിന് ജനകീയരൂപം കൈവന്നിട്ടുമില്ല. ഇതാണ് സ്വാതന്ത്ര്യസമരത്തെ കാറ്റുപിടിപ്പിക്കാൻ പറ്റിയ മുഹൂർത്തം എന്ന് തിരിച്ചറിഞ്ഞ് മൊയാരം രംഗത്തിറങ്ങി. കേളപ്പനിൽ തനിക്കുള്ള സ്വാധീനം ഉപയോഗിച്ചു. കേരളകേസരി ഓഫീസിൽ കെ.പി.സി.സി. യോഗം കേളപ്പന്റെ അധ്യക്ഷതയിൽ വിളിച്ചുചേർക്കുന്നതിലാണ് മൊയാരം ആദ്യവിജയം കണ്ടത്. ഉപ്പ് സത്യാഗ്രഹം കേരളത്തിലും വേണമെന്ന പ്രമേയം അവതരിപ്പിച്ചപ്പോൾ വലിയ എതിർപ്പ്. തന്റെ അഭ്യുദയകാംക്ഷിയും രാഷ്ട്രീയ ഗുരുവുമായ കെ.മാധവൻനായരാണ് പ്രധാന എതിരാളി. മലബാർ ലഹള ഉയർത്തിയ ഭീകരാവസ്ഥയാണ് മാധവൻ നായരടക്കമുള്ള പ്രമുഖ നേതാക്കളെ ആശങ്കയിലാഴ്ത്തിയത്്. സമരം തുടങ്ങിയാൽ പാളിപ്പോകുമോ എന്ന ശങ്ക. ഒടുവിൽ കേളപ്പന്റെ പിന്തുണയോടെ മൊയാരത്തിന്റെ ഉപ്പുസത്യാഗ്രഹ പ്രമേയം പാസായി. ആദ്യം എതിർത്ത മാധവൻനായർ തന്റെയും മാതൃഭൂമിയുടെയും പൂർണ പിന്തുണ അറിയിക്കുകയും അഞ്ഞൂറു രൂപയുടെ പണക്കിഴി നൽകിക്കൊണ്ട് കേളപ്പന്റെ സത്യഗ്രഹജാഥ ഉദ്ഘാടനം ചെയ്യുകയും ചെയ്തത് മൊയാരത്തെ കൃതാർഥനാക്കി.

ഉപ്പ് സത്യാഗ്രഹത്തിന്റെ വിജയത്തിനു പിന്നിലെ ഏറ്റവും വലിയ ശക്തി ‘മാതൃഭൂമി’യായിരുന്നുവെന്ന് മൊയാരം ആത്മകഥയിൽ അനുസ്മരിക്കുന്നു. മാതൃഭൂമി ദിനപത്രമായതും ഉപ്പ് സത്യാഗ്രഹവും പരസ്പരപൂരകമായ മഹാസംഭവം. രണ്ടും മഹാ പ്രസ്ഥാനമായി മുന്നോട്ടു കുതിച്ചപ്പോൾ കേരളത്തിൽ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടു.

ഉപ്പ് സത്യാഗ്രഹത്തിന്റെ വിജയത്തിൽ ഏറ്റവും വലിയ പങ്കുവഹിച്ച രണ്ടുപേർ മൊയാരവും സി.എച്ച്.ഗോവിന്ദൻ നമ്പ്യാരുമാണ്. ഒരേ വീട്ടിൽ നിന്ന് ഒരേ ദിവസം, നാടിൻ വിളി കേട്ടിറങ്ങിത്തിരിച്ചവർ. ശങ്കരനും ശങ്കരന്റെ അമ്മാവന്റെ മകൻ സി.എച്ച്.ഗോവിന്ദൻ നമ്പ്യാരും. അവർ ആദ്യം പയ്യന്നൂരിലാണെത്തിയത്. ഖാദിയും കോൺഗ്രസ്സും പ്രചരിപ്പിക്കാൻ. സി.എച്ച്. പയ്യന്നൂരിൽ തന്നെ സ്ഥിരതാമസമാക്കി ഖാദിയുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും കേന്ദ്രമായി പയ്യന്നൂരിനെ മാറ്റിത്തീർക്കാൻ നേതൃത്വം നൽകി. ശങ്കരൻ മാധവൻ നായരുടെയും കേളപ്പന്റെയും കേശവമേനോന്റെയും പ്രിയ സഹപ്രവർത്തകനായി കോഴിക്കോട്ടും വടകരയിലും. വടകരയിൽ ആദ്യമായി ഖദർ ധരിച്ചിറങ്ങി ശ്രദ്ധയാകർഷിച്ച മൊയാരം നൂറു രൂപ ചെലവിൽ ആയിരം തക്ലി നിർമിച്ച് കുറുമ്പ്രനാട്ടിലാകെ വിതരണം ചെയ്യുകയുണ്ടായി .
ഈ മച്ചുനന്മാരാണ് കേരള രാഷ്ട്രീയത്തിൽ ദൂരവ്യാപകമായ പരിവർത്തനം സൃഷ്ടിച്ചത്. മൊയാരം കോഴിക്കോട് മുതൽ തലശ്ശേരി വരെയും സി.എച്ച് തലശ്ശേരി മുതൽ പയ്യന്നൂർ വരെയും ഗ്രാമങ്ങളിൽ സഞ്ചരിച്ചു; ഉപ്പുസത്യാഗ്രഹ സ്വീകരണ സമിതികളുണ്ടാക്കലും എതിർപ്പില്ലാതാക്കാൻ പശ്ചാത്തലമൊരുക്കലും സാമുദായികമായും കുടുംബപരമായുമുള്ള പ്രമാണിത്വംകൂടി ഉപയോഗിച്ച് വലിയ തറവാടുകളിൽ ഭക്ഷണ സൗകര്യമൊരുക്കലും കടന്നുപോകുന്ന വഴികളിൽ പുതിയ സ്വീകരണ കേന്ദ്രമുണ്ടാക്കലും. സ്വീകരണ കേന്ദ്രത്തിൽ രാത്രി ജാഥാംഗങ്ങൾ ഉറങ്ങുമ്പോൾ അവരുടെ വസ്ത്രങ്ങൾ മൊയാരം അലക്കിയുണക്കി പിറ്റേന്നുടുക്കാൻ കൊടുത്ത അനുഭവമുണ്ടെന്ന് ഉപ്പുസത്യാഗ്രഹ ജാഥയിൽ പങ്കെടുത്ത കെ.മാധവൻ തന്റെ ആത്മകഥയിൽ അനുസ്മരിക്കുന്നു.

ഉപ്പ് കുറുക്കൽ സമരത്തിന്റെ ഐതിഹാസിക മുന്നേറ്റത്തിന്റെ തുടർച്ചയായി കോഴിക്കോട്ട് തുടക്കംകുറിച്ച നിയമലംഘന സമരമാണല്ലോ ദേശീയ പ്രസ്ഥാനത്തിന്റെ രണ്ടാം തലമുറ നേതാക്കളെയും കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാക്കളെയും സംഭാവന ചെയ്തത്. ആ സമരത്തിന്റെയും നേതൃത്വത്തിൽ മൊയാരം പ്രധാനിയായിരുന്നു. സമരപ്രഖ്യാപനമായി സമരകാഹളം, വിദ്യാർഥികളോട്, പൊതുജനങ്ങളോട്, പൊലീസുകാരോട് എന്നിങ്ങനെ നാല് നോട്ടീസാണ് തയ്യാറാക്കിയതും അച്ചടിച്ച് മലബാറിലാകെ വിതരണം ചെയ്തതും. നോട്ടീസുകൾ എഴുതുന്നതിൽ മുഖ്യ പങ്കുവഹിച്ചതും അതിരഹസ്യമായും സാഹസികമായും തന്റെ പ്രസ്സിൽ സ്വന്തം മേൽനോട്ടത്തിൽ കാൽ ലക്ഷംവീതം മൊത്തം ഒരു ലക്ഷം കോപ്പി ഒരാഴ്ചക്കകം അച്ചടിച്ച് വിവിധ കേന്ദ്രങ്ങളിലേക്കയക്കാൻ നേതൃത്വം നൽകിയതും മൊയാരംതന്നെ.

കോൺഗ്രസ്സിന്റെ സുവർണ ജൂബിലി പ്രമാണിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ബൃഹദ് ചരിത്രഗ്രന്ഥം രചിക്കാൻ തിരക്കേറിയ സമര‐സംഘടനാ പ്രവർത്തനങ്ങൾക്കിടയിൽ മൊയാരത്തിന് എങ്ങനെ കഴിഞ്ഞുവെന്നത് ആരെയും അദ്ഭുതപ്പെടുത്തും. വസ്തുതകൾകൊണ്ട് ശ്വാസംമുട്ടുന്നതും ചരിത്രരചനയിൽ ശാസ്ത്രീയ മാർഗം അവലംബിക്കുന്നതും എന്ന അഭിപ്രായത്തോടെ കേസരി ബാലകൃഷ്ണപിള്ളയാണ് അറുനൂറിൽപരം പേജുള്ള ആ പുസ്തകം 1935ൽ സ്വന്തം പ്രസ്സിൽ അച്ചടിച്ചത്. ശാരദാ പ്രസ് കടംകേറി മൂടി കേസരി കയ്യൊഴിയുമ്പോൾ കേരള കേസരി പത്രാധിപരുടെ ആ ചരിത്രഗ്രന്ഥം അവിടെ കെട്ടിക്കിടപ്പായിരുന്നു. കൊടുക്കാൻ കാശില്ലാത്തതിനാൽ ഗ്രന്ഥകർത്താവ് എടുത്തുകൊണ്ടുപോകാത്ത നിലയിൽ. തിരുവിതാംകൂറിലെയും മലബാറിലെയും വിഡ്ഢികളായ രണ്ട് കേസരി പത്രാധിപൻമാർ!

സാമുദായികമായി ഉയർന്ന ശ്രേണിയിലുള്ള ഒരു തറവാട്ടിലാണ് മൊയാരത്ത് ശങ്കരൻ പിറന്നതെങ്കിലും അതിന്റെ സൗഭാഗ്യങ്ങളൊന്നും അനുഭവിക്കാനായില്ല. വിദ്യാർഥിയായിരിക്കെ ശ്രീനാരായണ ഗുരുവിന്റെയും കുമാരനാശാന്റെയും സംവാദ സദസ്സുകളിൽ പങ്കുകൊണ്ട് അവരുമായി സംവാദം നടത്തിയ, ക്ഷേത്രവിശ്വാസിയല്ലാത്തതിനാൽ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിൽ നിന്നു വിട്ടുനിന്നുവെങ്കിലും വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തിനായി പ്രചാരവേല ചെയ്ത അദ്ദേഹം ഗുരുവായൂർ സത്യഗ്രഹത്തിന്റെ പുറം നേതാക്കളിലൊരാളായി പ്രവർത്തിച്ചു. ജാതിവിവേചനത്തിനെതിരെ സ്വന്തം വീട്ടിൽ പത്തു ദിവസം നീണ്ട നിരാഹാരം നടത്തിയ അസാമാന്യ വ്യക്തിത്വം അന്ന് അത്ഭുതമായി. ആ വ്യക്തിത്വം പോലും വൃഥാ ആക്ഷേപിക്കപ്പെട്ടു . ഈഴവ സമുദായത്തിൽപെട്ട പ്രമുഖ നേതാക്കൾക്ക് മൊയാരത്തു തറവാട്ടിൽ ശങ്കരന്റെ ഭാര്യ ഭക്ഷണം വിളമ്പിക്കൊടുത്തതിനെതിരെ കാരണവൻമാർ കലാപം സൃഷ്ടിച്ചു, വിലക്കുകൾ വന്നു. അതിൽ പ്രതിഷേധിച്ചും ജാതീയതയ്‌ക്കും അയിത്തത്തിനുമെതിരെ വൈകാരിക ഉണർവ് ലക്ഷ്യമാക്കിയുമാണ് മൊയാരം തറവാട്ടുപടിക്കൽ നിരാഹാരമനുഷ്ഠിച്ചത്‌. കോളിളക്കം സൃഷ്ടിച്ചതും നാട്ടിലാകെ പുത്തൻ ഉണർവുണ്ടാക്കിയതുമായ ആ സമരം അവസാനിപ്പിച്ചത് കേളപ്പൻ എത്തി ചർച്ച നടത്തിയശേഷം ചമ്പാട് അരയാൽ സ്കൂളിൽ സമൂഹസദ്യ നടത്തിക്കൊണ്ടാണ്.

എഴുത്തിനെ ഒരു ജീവിതമാർഗമായി കണ്ട ആദ്യ വ്യക്തികളിലൊരാളായിരുന്നു മൊയാരം. വിദ്യാർഥിയായിരിക്കെ കവിതകൾ എഴുതുകയും കുമാരനാശാനെ വായിച്ചുകേൾപ്പിച്ച് അഭിനന്ദനം നേടുകയും ചെയ്ത ശങ്കരൻ പിൽക്കാലത്ത് ഗദ്യമാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞു. സ്വാമി വിവേകാനന്ദന്റെ കത്തുകൾ മലയാളത്തിൽ ആദ്യമായി പരമ്പരയായി തർജമ ചെയ്ത് അദ്ദേഹം പുസ്തകമായി ഇറക്കി. സ്വതന്ത്ര പരിഭാഷാ നോവലായ പെൺകിടാവിന്റെ തന്റേടവും ജീവചരിത്രമായ ദേശബന്ധുദാസുമെല്ലാം വീട്ടിൽ നിന്നു കടം വാങ്ങിയ പണം ഉപയോഗിച്ച് അച്ചടിപ്പിച്ച് വിൽപ്പന നടത്തിയാണ് മൊയാരം ആദ്യകാലത്ത് കഞ്ഞികുടിക്കാനും കോൺഗ്രസ് പ്രവർത്തനത്തിനുമുള്ള അത്യാവശ്യച്ചെലവ് കണ്ടെത്തിയത് . ജീവൽസാഹിത്യ പ്രസ്ഥാനത്തിന്റെ കേളികൊട്ടായ തലശ്ശേരി യുവജന സാഹിത്യ സമ്മേളനത്തിന്റെ മുഖ്യ സംഘാടകരിലൊരാളും മൊയാരമാണെന്നത് യാദൃച്ഛികമല്ല.

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ പിന്നീട് കമ്യൂണിസ്റ്റ് പാർടിയിലെത്തിയ മൊയാരം ജൻമിത്തത്തിനെതിരായ സമരത്തിലും വലിയ പങ്കുവഹിച്ചു. കോൺഗ്രസ് നേതാവായിരിക്കുമ്പോൾ എന്നപോലെ കമ്യൂണിസ്റ്റുകാരനായിരിക്കെയും ദീർഘകാലം ജയിലിൽ. 1948ലെ കൊൽക്കത്ത തീസിസിന്റെ കാലത്ത് മെയ് പത്തിനോ പതിനൊന്നിനോ മൊയാരം എടക്കാട് റെയിൽവേസ്റ്റേഷ നടുത്തുവെച്ച് അന്നത്തെ കോൺഗ്രസ് വളന്റിയർ സംഘത്തിന്റെ പിടിയിലായി. മർദനത്തിനുശേഷം കണ്ണൂർ പൊലീസിന്റെ കീഴിൽ ലോക്കപ്പിലും ജയിലിലും നടന്ന ക്രൂരമർദനത്തിൽ മരിച്ച മൊയാരത്തിന്റെ മൃതദേഹം കുടുംബത്തിനു വിട്ടുകൊടുക്കാനോ എവിടെ കുഴിച്ചിട്ടുവെന്ന് അറിയിക്കാനോ തയ്യാറായില്ല. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മോക്ക് കോടതിയുണ്ടാക്കി യുക്തിവാദം നടത്തിയതിന് സ്കൂളിൽനിന്ന് പതിനാറടി വാങ്ങിക്കൊണ്ട് തുടങ്ങിയ മൊയാരത്തിന്റെ രാഷ്ട്രീയ ജീവിതം, സ്വാതന്ത്ര്യ സമരത്തിന്റെ കേരളത്തിലെ അദ്വിതീയനായ, ഏറ്റവും വലിയ ഗാന്ധിയൻമാരിലൊരാളുടെ ജീവിതം, അങ്ങനെ തല്ലിക്കെടുത്തപ്പെട്ടു. അക്രമമാർഗത്തിന്റെ പേരിൽ കമ്യൂണിസ്റ്റുകാരെ ശക്തിയായി അപലപിച്ചും എതിർത്തുംപോന്ന മാതൃഭൂമി പത്രം ഈ സംഭവത്തിൽ കോൺഗ്രസ്സുമായി പരസ്യമായി ഏറ്റുമുട്ടി. രണ്ട് മുഖപ്രസംഗങ്ങളിലൂടെ മൊയാരത്തിന്റെ കൊലയെ അപലപിക്കുകയും നിഷ്പക്ഷ അന്വേഷണം വേണമെന്നാവശ്യപ്പെടുകയും കൊലയെ ന്യായീകരിച്ച സി.കെ.ഗോവിന്ദൻനായരെ കടുത്ത ഭാഷയിൽ അപലപിക്കുകയും കോൺഗ്രസ്സിന്റെ പ്രതിരോധം കുരങ്ങനെ കള്ള് കുടിപ്പിച്ചതു പോലെയാവുകയാണെന്ന് ആക്ഷേപിക്കുകയും ചെയ്തു . കേളപ്പൻ മദിരാശിയിൽ നിന്ന് കുതിച്ചെത്തിയാണ് സംഭവത്തെ അപലപിച്ചത്.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two + four =

Most Popular