Sunday, April 28, 2024

ad

Homeസിനിമപ്രേമലു: കീഴ്‌മേൽ മറിയുന്ന പ്രണയസങ്കൽപങ്ങളും പരന്പരാഗത പെൺവഴക്കങ്ങളും

പ്രേമലു: കീഴ്‌മേൽ മറിയുന്ന പ്രണയസങ്കൽപങ്ങളും പരന്പരാഗത പെൺവഴക്കങ്ങളും

രാധാകൃഷ്‌ണൻ ചെറുവല്ലി

‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’ എന്നീ സിനിമകളിലൂടെ യൗവനാരംഭത്തിലെ പ്രണയതാന്തോന്നിത്തങ്ങളെ ജനപ്രിയ വിഷയമാക്കിയ ഗിരീഷ്‌ എ ഡിയുടെ പുതിയ രസക്കൂട്ടാണ്‌ പ്രേമലു. തിയേറ്ററുകളിൽനിന്നും പിണങ്ങി ഒടിടി പ്ലാറ്റ്‌ഫോമിന്‌ മുന്നിൽ പോയി കുത്തിയിരിക്കാൻ തുടങ്ങിയ പ്രേക്ഷകരെ തിരികെയെത്തിക്കാൻ പ്രേമലുവിന്‌ കഴിഞ്ഞു. ‘പ്രേമലു’ ഇപ്പോഴൊരു മലയാള ‘പ്രേമലു’വല്ല‐ അന്താരാഷ്‌ട്ര പ്രേമലുവായിക്കഴിഞ്ഞിരിക്കുന്നുവത്രേ! ഇന്ത്യയിലെ ഏറ്റവും ശക്തരായ വിതരണ കന്പനികളിലൊന്നായ ‘യഷ്‌രാജ്‌ ഫിലിംസ്‌’ ഏറ്റെടുത്തത്‌ വെറുതെയായിരിക്കില്ല. അന്താരാഷ്ട്ര മാർക്കറ്റിലെ വിപണനസാധ്യത അവർക്കത്രമേൽ ബോധ്യപ്പെട്ടിട്ടുണ്ടാവണം.

വളരെ ഋജുവായ കഥാതന്തുവാണ്‌ പ്രേമലുവിനുള്ളത്‌. തമിഴ്‌നാട്ടിലെ സേലത്തുള്ള എൻജിനിയറിംഗ്‌ കോളേജിൽനിന്നും പഠിച്ചിറങ്ങിയ സച്ചിൻ അവിടെയൊരു പ്രണയപരാജയമായിരുന്നു. ആഗ്രഹിക്കുമ്പോൾ കിട്ടാത്ത കനിയാണല്ലോ പ്രണയം. അത്‌ അപ്രതീക്ഷിതമായിട്ട്‌ ഞെട്ടറ്റ്‌ വീണുകിട്ടുന്ന മധുരക്കനിയാണ്‌. വീടും നാടും സച്ചിന്‌ കുരിശാണ്‌. യുകെയിൽ പോകാനുള്ള പദ്ധതി വിസാനിരാസത്തിൽപെട്ട്‌ തകർന്നു തരിപ്പണമായി. ഗതികെട്ട അവൻ ചങ്ങാതിയായ അമൽ ഡേവിസിനൊപ്പം ഗേറ്റ്‌ (GATE) പരീക്ഷയ്‌ക്ക്‌ ‘പഠിക്കാൻ’ ഹൈദരാബാദിലേക്ക്‌ വണ്ടി കയറി. അമലിന്‌ ഹൈദരാബാദിൽ ഒരു ആന്റിയും കസിനുമുണ്ട്‌. ഗേറ്റ്‌ അധ്യാപകനായ മലയാളിയുടെ തെലുങ്ക്‌ കല്യാണത്തിൽ പങ്കെടുക്കാൻ ആന്ധ്രയിലെത്തിയ സച്ചിനും അമലും അവിടെവച്ച്‌ റീനുവിനെ കാണുന്നു. റീനുവാകട്ടെ അവളുടെ സ്വയംപ്രഖ്യാപിത കാമുകനും ഐടി കന്പനിയിൽ അവളുടെ ടീം ലീഡറുമായ ആദിയുടെ ‘സംരക്ഷണ’യിലും. എങ്കിലുമവൻ ആദ്യ കൂടിക്കാഴ്‌ചയിൽ പ്രേമലുവായിത്തീരുന്നു.

റീനു അങ്ങനെയിങ്ങനെയുള്ള പെൺകുട്ടിയല്ല. അവൾ പരന്പരാഗത ആൺ‐പെൺ ബന്ധത്തിൽനിന്നും പുറത്തു കടന്നവളും തന്റെ പങ്കാളിയായി എത്തുന്നവന്‌ കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുള്ളവളുമായ ‘വെളഞ്ഞ വിത്താണ്‌’. അവന്റെ ഒരുമാതിരി പ്രണയക്കുരുക്കിലൊന്നും അവൾ പെട്ടുപോകില്ല. എങ്കിലും ഒരുമിച്ചുള്ളൊരു കാർയാത്രയിൽ അവർ കൂട്ടുകാരാവുന്നു. സച്ചിന്റെ തൃശൂർ സ്ലാങ്ങും അയഞ്ഞ രീതികളും മണ്ടത്തരങ്ങളും അവളെ ചിരിച്ച്‌ മണ്ണുകപ്പിക്കുന്നുണ്ട്‌.

റീനുവിന്റെ കണ്ണെത്തും ദൂരത്ത്‌ കുടിയേറുന്ന സച്ചിനും അമൽ ഡേവിസും ഹൈദരാബാദ്‌ എന്ന അതിശയനഗരം ആവോളം മൊത്തിക്കുടിക്കുന്നു. ഈ മഹാനഗരത്തിലും സച്ചിന്‌ റീനുവിന്റെ നോട്ടവട്ടത്തിൽതന്നെ നിൽക്കനാും കഴിയുന്നു. സച്ചിനെന്ന അലസയുവാവിന്‌ മിടുമിടുക്കിും ഐടി ജീവനക്കാരിയും സർവോപണി ടീം ലീഡറുടെ ‘സംരക്ഷണ’യിൽ കഴിയുന്നവളുമായ റിനുവിലേക്ക്‌ പ്രണയപ്പനി പകർത്താനാകുമോ എന്നതാണ്‌ ‘പ്രേമലു’ മുന്നോട്ടുവെക്കുന്ന പ്രമേയം.

പല കാലങ്ങളിൽ പല രൂപങ്ങളിൽ നാമിവരെ കണ്ടിട്ടുണ്ട്‌. എന്നാലവരിന്ന്‌ ഏറ്റവും പുതിയ തലമുറയാണ്‌. ചടുലതയിൽ, വേഷവിധാനത്തിൽ, സംസാരഭാഷയിൽ ആൺ‐പെൺ ബന്ധത്തിൽ പുതിയ മനുഷ്യരാണ്‌.

ആൺ‐പെൺ ബന്ധത്തിൽ വന്നിട്ടുള്ള കീഴ്‌മേൽ മറിച്ചിൽ നാം ശ്രദ്ധിക്കാതെ പോകരുത്‌. അക്കാര്യം സൂ
ക്ഷ്‌മമായി ശ്രദ്ധിച്ചു എന്നതിനാലാണ്‌ തിയേറ്ററുകളിലേക്ക്‌ യുവതീയുവാക്കൾ പറ്റംപറ്റമായി എത്തിക്കൊണ്ടിരിക്കുന്നത്‌. ഇത്‌ അവരുടെ കഥയാണ്‌, തമാശകളാണ്‌, ജീവിതമാണ്‌. പെണ്ണിന്റെ സംരക്ഷകനായ ആണ്‌ ഇന്ന്‌ ഒരു ഹാസ്യകഥാപാത്രമാണ്‌. അയാളുടെ ഉടലെടുപ്പാണ്‌ ആദി എന്ന ഐടി പ്രൊഫഷണൽ. അയാൾ പ്രയോഗിക്കുന്ന ഒന്നാംതരം സ്‌കഡ്‌ മിസൈലുകളെ റീനുവിന്റെ പേട്രിയോട്ട്‌ മിസൈലുകൾ നിർവീര്യമാക്കുമ്പോൾ തിയേറ്ററുകളിൽ ചിരിമഴ പെയ്യുന്നത്‌ അതുകൊണ്ടാണ്‌.

സ്വതന്ത്രരായി ഫ്‌ളാറ്റ്‌ മുറികളിലും തെരുവുകളിലും പബ്ബുകളിലും സ്വയം ആവിഷ്‌കരിക്കുന്ന പെൺജീവിതങ്ങൾക്ക്‌ ഇനിയൊരു മടങ്ങിപ്പോക്കില്ല, പഴയ ‘ഗ്രാമീണ നന്മ’യിലേക്ക്‌ ‘പാശ്ചാത്യവൽക്കരണം’, ‘ചരക്കുവൽക്കരണം’ തുടങ്ങിയ ആശയങ്ങൾ ഇനി എത്രകാലം നിലനിൽക്കുമെന്ന്‌ ചിന്തിക്കുന്നത്‌ നല്ലതാണ്‌. പാശ്ചാത്യസമൂഹങ്ങൾ ഫ്യൂഡൽ മൂല്യങ്ങളെ കടപുഴക്കി രൂപപ്പെടുത്തിയ ആധുനിക (മുതലാളിത്ത) സമൂഹങ്ങളാണ്‌. യൗവ്വനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം എന്നു പറയുംപോലെ ഇന്ത്യയിലാകട്ടെ മധ്യകാലമൂല്യങ്ങൾ ജന്മി നാടുവാഴി വാഴ്‌ചത്തണലിൽ തഴച്ചുവളർന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത്‌ കൈപൊള്ളിയതോടെ ബ്രിട്ടീഷ്‌ കൊളോണിയലിസം ഫ്യൂഡൽ മൂല്യങ്ങളെ തകർക്കാനുള്ള ഉദ്യമങ്ങളിൽ നിന്നും പിന്തിരിയുകയും ചെയ്‌തു. ഇതുകാരണം നമ്മുടെ ‘നന്മമരങ്ങളായ’ പെൺ സങ്കൽപനങ്ങൾ ഇപ്പോഴും പഴയകാല മൂല്യവ്യവസ്ഥയ്‌ക്കുള്ളിൽ വാർത്തെടുക്കപ്പെട്ടവരാണ്‌. പ്രേമലു തച്ചുതകർക്കുന്നത്‌ അപ്രകാരം നിർമിച്ചെടുത്ത സ്‌ത്രീബിംബങ്ങളെയാണ്‌.

വർത്തമാനകാല യുവത്വത്തിന്റെ സൗഹൃദക്കൂട്ടങ്ങൾ ലിംഗപരമായി മാത്രം നിർണയിക്കപ്പെടുന്നതല്ല എന്നു നാം കാണേണ്ടതുണ്ട്‌. ലിംഗ മേൽക്കോയ്‌മ ഈ സൗഹൃദക്കൂട്ടങ്ങളിൽ നിലനിൽക്കില്ല. പുരുഷകേന്ദ്രീകൃത മൂല്യവ്യവസ്ഥ തകരേണ്ടത്‌ സ്‌ത്രീയുടെ മാത്രമല്ല, ജനാധിപത്യവാദികളായ എല്ലാവരുടെയും കൂടി ആവശ്യമാണ്‌. കൂടുതൽ മികച്ചതും യാഥാർഥ്യത്തോട്‌ കൂടുതൽ കൂടുതൽ അടുത്തുനിൽക്കുന്നതുമായ വ്യക്തിത്വങ്ങളെ വാർത്തെടുക്കാൻ അത്‌ സഹായിക്കും. റീനുവിന്റെ കൂട്ടുകാരികളെ ശ്രദ്ധിക്കുക. വസ്‌ത്രധാരണത്തിൽ, മൂല്യബോധത്തിൽ അവർ ഇന്നത്തെ പൊതു ഇന്ത്യൻ അവസ്ഥയിൽനിന്നും വേറിട്ടുനിൽക്കുന്നു. പണിയിടങ്ങളാണ്‌ അവരെ മാറ്റിത്തീർക്കുന്നത്‌. ഐടി രംഗത്തിന്റെ ആവിർഭാവം തൊഴിൽസംസ്‌കാരത്തെയും ആൺ‐പെൺ ബന്ധങ്ങളെയും ധനാത്മകമായി മാറ്റിമറിച്ചിട്ടുണ്ട്‌. പുതിയ തലമുറ വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നും തൊഴിൽമേഖലയിൽ എത്തുന്ന യുവതീയുവാക്കൾ.

സച്ചിൻ എന്ന യുവാവിന്റെ പ്രണയപാരവശ്യം റീനു കാണാതെപോകുന്നില്ല. അവൾക്ക്‌ ചില അളവുകോലുകളുണ്ട്‌, തന്റെ പങ്കാളിയെ നിശ്ചയിക്കാൻ. നിലവിലെ സാമൂഹ്യവ്യവസ്ഥയിൽ റീനു ഉയർന്ന തട്ടിലാണ്‌. കാരണം അവൾ സാമാന്യം നല്ല പ്രതിഫലം വാങ്ങുന്ന ഐടി ജീവനക്കാരിയാണ്‌. സച്ചിനാകട്ടെ എങ്ങും എത്താനാകാതെ ഒടുവിൽ ‘ഫ്രൈഡ്‌ ചിക്കൻ’ കഫേയിലെ വിതരണത്തൊഴിലാളിയായിത്തീർന്നവനും. അവനുമായുള്ള ചങ്ങാത്തത്തിന്‌ തൊഴിൽ സ്റ്റാറ്റസ്‌ റീനു പരിഗണിക്കുന്നേയില്ല. എന്നാൽ അവന്റെ പ്രണയപ്പനിയെ അതുപോലെയങ്ങ്‌ എടുക്കാൻ അവൾ തയ്യാറല്ല. നേർത്ത കഥാഗാത്രത്തിനുള്ളിലേക്ക്‌ വിളക്കിച്ചേർക്കപ്പെട്ട നഗരദൃശ്യങ്ങൾ ഈ സിനിമയുടെ ജീവനാണ്‌. ഹൈദരാബാദ്‌ എന്ന നഗരത്തെ തങ്ങൾപോലും ഇത്ര മനോഹരമായി ആവിഷ്‌കരിച്ചിട്ടില്ലെന്ന്‌ ചില തെലുഗു സംവിധായകർ തന്നെ വെളിപ്പെടുത്തിയത്‌ ശ്രദ്ധേയമാണ്‌. ഹൈദരാബാദ്‌ എന്ന കോസ്‌മോപൊളിറ്റൻ നഗരം ഈ സിനിമയിലെ മികച്ച കഥാപാത്രം കൂടിയാണ്‌. ട്രെയിനുകൾ, ബസുകൾ, ഷെയർ ഓട്ടോകൾ എന്നിങ്ങനെ മനുഷ്യനെപ്പോലെ തന്നെ വ്യക്തിത്വമുള്ള വാഹനങ്ങൾ ദൃശ്യപ്പെരുമയിൽ ജൈവവസ്‌തുക്കളായി മാറുന്നു.

ഹൈദരാബാദ്‌ എന്ന നഗരത്തിന്‌ ഒരു സവിശേഷതയുണ്ട്‌. ആ നഗരം പല ഭാഷകളുടെ സംഗമഭൂമിയാണ്‌. ഉറുദുവും ഹിന്ദിയും ഇംഗ്ലീഷും തമിഴും തെലുഗുവും കന്നഡയും കൊങ്കിണിയും ഹൈദരാബാദ്‌ എന്ന കോസ്‌മോ നഗരത്തിന്റെ ആശയവിനിമയ ഭാഷയായി നിലനിൽക്കുന്നു. പ്രത്യേകിച്ചും, ശക്തമായി വളർന്നുകഴിഞ്ഞ ഐടി മേഖലകളിൽ. അതുകൊണ്ടുതന്നെ ഈ സിനിമ വ്യത്യസ്‌ത ഭാഷകൾ സംസാരിക്കുന്നു. മനുഷ്യജീവിതങ്ങൾ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഭാഷാ ഇടങ്ങൾ വെടിഞ്ഞ്‌ കൂടിക്കലരുന്ന സമകാല ഇന്ത്യൻ പശ്ചാത്തലത്തിൽ വിപണിയുടെ അപാരസാധ്യതകൾ കൂടി തുറന്നുകിട്ടപ്പെടുന്നുണ്ട്‌. പ്രേമലു തെലുങ്കനും തമിഴനും സ്വന്തം സിനിമയായി അനുഭവപ്പെടും. ഈ സിനിമയുടെ നഗരപശ്ചാത്തലം വികസിത‐വികസ്വര നഗരമനുഷ്യർക്കും സ്വയം ‘റിലേറ്റ്‌’ ചെയ്യാവുന്നതാണ്‌.

ഈ സിനിമയിൽ വേണ്ടാത്തിടത്ത്‌ വിളക്കിച്ചേർത്തപോലെ അനുഭവപ്പെടുന്ന മാതാപിതാക്കളും കുടുംബങ്ങളും അവർക്കൊപ്പമുള്ള യാത്രകളും അനാവശ്യമായി തോന്നി. സച്ചിനിലേക്ക്‌ എത്താൻ റീനു താണ്ടിയ ദൂരം ബോധ്യമാകുംവിധം ചിത്രീകരിക്കാനായില്ല. റീനുവിനെപ്പോലെ സ്വതന്ത്രവും ശക്തവുമായ കഥാപാത്രത്തിന്‌ സച്ചിനോടു തോന്നുന്ന സ്‌നേഹം അനുകന്പയാണോ പ്രണയമാണോ? രണ്ടുമാകാം. മൂന്ന്‌ പതിറ്റാണ്ട്‌ മുന്പ്‌ പുരുഷ കഥാപാത്രങ്ങളുടെ ‘വീരസാഹസിക’ പ്രവൃത്തികളായി ചാർത്തി നൽകിയിരുന്നത്‌ പെൺ ജീവിതങ്ങളിലേക്കും അവരുടെ ശരീരത്തിലേക്കും ആൺ കഥാപാത്രങ്ങൾ നടത്തിയിരുന്ന എത്തിനോട്ടങ്ങളോ ഒളിനോട്ടങ്ങളോ ആയിരുന്നെങ്കിൽ പ്രേമലുവിൽ അത്‌ തിരിച്ചാകുന്നു. ‘ഘടാഘടിയന്മാരായ’ ഭർത്താക്കന്മാരെയല്ല ഒപ്പം നടക്കുന്ന കൂട്ടുകാരെയാണ്‌ പുതിയകാല പെൺകുട്ടികൾ ഇഷ്ടപ്പെടുന്നതെന്ന്‌ ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നു.

ഗിരീഷ്‌ വളർത്തിയെടുക്കുന്ന ശക്തയും സ്വതന്ത്രയുമായ സ്‌ത്രീ പുരുഷനേക്കാൾ അൽപം താണുനിൽക്കുന്നവളായി ഒടുവിൽ മാറ്റപ്പെടുന്നു. പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ മൂല്യവ്യവസ്ഥയിൽനിന്നും മറികടക്കാൻ ഈ സിനിമയ്‌ക്ക്‌ കഴിയുന്നില്ലെന്ന കാര്യം ആഹ്ലാദാരവങ്ങൾക്കിടയിൽ നാം മറന്നുകൂടാ. എങ്കിലും പഴഞ്ചൻ ട്രാക്കിൽനിന്നും പുറത്തുകടന്ന്‌ സങ്കുചിത പ്രാദേശികതകൾക്കും ഭാഷാ സ്വത്വങ്ങൾക്കും ഉപരിയായി അന്താരാഷ്‌ട്ര മനുഷ്യനെ അവതരിപ്പിച്ച പ്രേമലു ടീമിനെ അഭിനന്ദിക്കാതിരിക്കുന്നതും ശരിയാവില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − eight =

Most Popular