മ്യൂണിച്ച് സുരക്ഷാ കോൺഫറൻസിന്റെ അറുപതാമത് വാർഷിക സമ്മേളനം ജർമ്മനിയിലെ മ്യൂണിച്ചിൽ 2024 ഫെബ്രുവരി 16 മുതൽ 18 വരെയുള്ള തീയതികളിൽ നടന്നു. അതേസമയം ഫെബ്രുവരി 17ന് സുരക്ഷാ സമ്മേളനത്തിനെതിരായി മ്യൂണിച്ച് നഗരത്തിലേക്ക് ആയിരക്കണക്കിന് ജനങ്ങൾ മാർച്ച് ചെയ്തെത്തുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. യുദ്ധവെറിക്കും മുതലാളിത്തത്തിനും എതിരായ സംയുക്ത പ്രതിഷേധമായി ജർമ്മനിയിലെ കമ്മ്യൂണിസ്റ്റ് – ഇടതുപക്ഷ വിഭാഗങ്ങളും മറ്റ് യുദ്ധവിരുദ്ധ കൂട്ടായ്മകളും ചേർന്ന് സംഘടിപ്പിച്ച ഈ പ്രതിഷേധയോഗം മാറി. ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടി, ഡൈ ലിങ്കേ, സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് യൂത്ത്, മാർക്സിസ്റ്റ് ലെനിസ്റ്റ് പാർട്ടി ഓഫ് ജർമ്മനി തുടങ്ങിയ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളും മറ്റു സാമ്രാജ്യത്വവിരുദ്ധ സംഘടനകളും ഒന്നിച്ചു നേതൃത്വം കൊടുത്താണ് ഈ പ്രതിഷേധ പ്രക്ഷോഭം സംഘടിപ്പിച്ചത്. അമേരിക്കയുടെ നേതൃത്വത്തിൽ നാറ്റോയുടെ യുദ്ധപ്രഭുക്കന്മാർ ഒന്നിച്ചുകൂടുന്ന വേദിയാണ് സുരക്ഷ സമ്മേളനം എന്ന് അവർ ആരോപിച്ചു.
1963 മുതലിങ്ങോട്ട് വർഷാവർഷം നടത്തിവരുന്ന മ്യുണിച് സുരക്ഷാ സമ്മേളനം, അന്താരാഷ്ട്ര സുരക്ഷാ നയത്തിന്മേലുള്ള ലോകത്തെ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയാണ് എന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഇത് തികച്ചും സാമ്രാജ്യത്വ അനുകൂല സമീപനം സ്വീകരിക്കുകയും സാമ്രാജ്യത്വത്തിന്റെ യുദ്ധോത്സക സ്വഭാവത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു വേദിയാണ്. ഈ സാമ്രാജ്യത്വാനുകൂല പരിപാടിയെ ചെറുക്കുന്നതിനുവേണ്ടി വിവിധ സമാധാന സംഘടനകളും യുദ്ധവിരുദ്ധ സംഘടനകളും ചേർന്നാണ് 2003 മുതൽ മ്യൂണിച്ച് അന്താരാഷ്ട്ര സമാധാന സമ്മേളനം ചേരുവാൻ തുടങ്ങിയത്. ഇത്തവണയും ഫെബ്രുവരി 16 മുതൽ 18 വരെയുള്ള തീയതികളിൽതന്നെ 22‐ാമത് അന്താരാഷ്ട്ര മ്യൂണിച്ച് സമാധാന സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. സമ്മേളനത്തിൽ യുദ്ധവെറിക്കും മുതലാളിത്തത്തിനുമെതിരായ ബദലിനെകുറിച്ചും സമാധാനത്തിലേക്കുള്ള പാതയെക്കുറിച്ചും യുദ്ധവിരുദ്ധ പ്രക്ഷോഭകർ ചർച്ച ചെയ്യുകയുണ്ടായി. ഇസ്രായേൽ നടത്തുന്ന വംശഹത്യയെയും സാമ്രാജ്യത്വ രാജ്യങ്ങളുടെ പങ്കിനെയും വളരെ രൂക്ഷമായ ഭാഷയിൽതന്നെ സമാധാനസമ്മേളനം അപലപിച്ചു. യൂറോപ്പിലുടനീളമുള്ള മുഖ്യധാര ആക്ടിവിസ്റ്റുകളും അക്കാദമിഷ്യന്മാരും രാഷ്ട്രീയ പ്രവർത്തകരും ഈ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ പേരുകൾ എഴുതിയ വലിയ ബാനർ സമ്മേളനത്തിൽ അനാവരണം ചെയ്യുകയും പലസ്തീൻ പതാകയും ചോരയിൽ കുളിച്ചു കിടക്കുന്ന കുരുന്നുകളെ പ്രതിനിധീകരിച്ചുകൊണ്ട് ചുവന്ന ഭാണ്ഡക്കെട്ടുകളും സമ്മേളനത്തിൽ ഉയർത്തപ്പെട്ടു.
മ്യുണിച് സുരക്ഷാ സമ്മേളനം യഥാർത്ഥത്തിൽ അന്താരാഷ്ട്ര ക്രമത്തെക്കുറിച്ചോ സമാധാനത്തെക്കുറിച്ചോ അല്ല ചർച്ച ചെയ്യുന്നത്, മറിച്ച് നാറ്റോ രാജ്യങ്ങളുടെ രാഷ്ട്രീയവും സൈനികവുമായ കടന്നുകയറ്റത്തിന് ഒത്താശ ചെയ്യുകയാണ് ചെയ്യുന്നത് എന്നും ചൈനയും റഷ്യയും അടക്കമുള്ള അമേരിക്കയുടെ എതിരാളികളെ ഇല്ലാതാക്കുന്നതിനെകുറിച്ചാണ് അവിടെ ചർച്ച ചെയ്യപ്പെടുന്നത് എന്നും സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് യൂത്തിന്റെ നേതാവായ റോഞ്ജ ഫ്രോഹ്ലിക് ആരോപിച്ചു. ഈ നിരീക്ഷണം വളരെ കൃത്യമാണെന്ന് തെളിയിക്കുന്നതു തന്നെയായിരുന്നു കഴിഞ്ഞ ആറു ദശകങ്ങളിലേറെയായി ഉള്ള മ്യുണിച് സുരക്ഷാ സമ്മേളനത്തിന്റെ തീരുമാനങ്ങളും പ്രവർത്തനങ്ങളും. ♦