മധ്യയൂറോപ്യൻ രാജ്യമായ പോളണ്ടിൽ ഫെബ്രുവരി 20ന് അയൽരാജ്യമായ ഉക്രൈന്റെ അതിർത്തികളിൽ സ്വന്തം ട്രക്കുകൾ നിരത്തി ഉപരോധം ഏർപ്പെടുത്തിക്കൊണ്ട് കർഷകർ പ്രക്ഷോഭത്തിലേക്ക് നീങ്ങിയിരിക്കുന്നു. ഉക്രൈൻ മണ്ണിൽ റഷ്യയും നാറ്റോയും തമ്മിൽ നടക്കുന്ന യുദ്ധത്തിൽ നാറ്റോയ്‌ക്കൊപ്പം നിൽക്കുന്ന പോളണ്ടിലെ പോളണ്ടിലെ ഗവൺമെൻറ് ഉക്രൈനിൽ നിന്ന് ധാന്യങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും മറ്റുമുള്ള ചുങ്കങ്ങൾ വെട്ടി കുറയ്ക്കുകയും നിയന്ത്രണങ്ങൾ ആകെ നീക്കം ചെയ്യുകയും ചെയ്തതോടുകൂടി ഉക്രൈനിൽ നിന്ന് പോളണ്ടിലേക്ക് ധാന്യങ്ങളുടെ ഇറക്കുമതി പ്രവാഹം തന്നെ ഉണ്ടാകുകയാണ്. ഇത് പോളണ്ടിലെ തദ്ദേശീയ കർഷകരുടെ അതിജീവനത്തെ ബാധിക്കുകയും അവരെ പാപ്പരീകരിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ പോളണ്ടിലേക്കുള്ള ഇറക്കുമതികൾ ഉടനടി നിർത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് പോളണ്ടിലെ കർഷകർ ട്രാക്ടറുകൾ കൊണ്ട് ഉക്രൈൻ അതിർത്തികൾ ഉപരോധിച്ചിരിക്കുന്നത്. യുദ്ധത്തെ അനുകൂലിക്കുകയും വേണ്ട സഹായങ്ങൾ ചെയ്യുകയും വേണമെന്ന് ആഹ്വാനം ചെയ്തിട്ടുള്ള യൂറോപ്യൻ യൂണിയന്റെ നിലപാടിനെയും ഒപ്പംതന്നെ കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ടും മറ്റുമുള്ള യൂറോപ്യൻ യൂണിയൻ നടപടികളെയും പോളണ്ടിലെ കർഷകർ അതിശക്തമായി എതിർക്കുന്നു. ഉക്രൈനിൽ നിന്ന് ധാന്യങ്ങൾ ഇങ്ങോട്ട് ഒഴുകുന്നതിലൂടെ ഞങ്ങൾ പോളണ്ടിലെ കർഷകർ പാപ്പരികരിക്കപ്പെടുകയാണ് ചെയ്യുന്നത് എന്നാണ് പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന കർഷകർ പറയുന്നത്. അതേസമയം ഉക്രൈൻ – പോളണ്ട് അതിർത്തികൾ ഉപരോധിച്ചു കൊണ്ടുള്ള പോളണ്ടിലെ കർഷകരുടെ നിലപാടിനെതിരായി ഉക്രൈനിലും പ്രതിഷേധം നടക്കുകയുണ്ടായി. പ്രക്ഷോഭകർ ഉക്രൈനിന്റെ സമ്പദ്ഘടനയിൽ ആഘാതമേല്പിക്കുകയും റഷ്യൻ അധിനിവേശത്തെ സഹായിക്കുകയും ചെയ്യുമെന്നാണ് ഉക്രൈന്റെ വിദേശകാര്യമന്ത്രാലയ വക്താവ് നിക്കോലെങ്ങോ പറഞ്ഞത്.
2022 ൽ റഷ്യ ഉക്രൈനെ ആക്രമിക്കുകയും തുടർന്ന് ഉക്രൈനിയൻ തുറമുഖത്ത് നിന്നുള്ള കപ്പലുകളുടെ നീക്കത്തെ തടയുകയും ചെയ്തതോടെയാണ് പോളിഷ് കർഷകർ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾ ഉദയം കൊള്ളുന്നത്. ഈ ഒരു സ്ഥിതിയെ മറികടക്കുന്നതിനും ഉക്രൈനിനെ സഹായിക്കുന്നതിനും, മധ്യ കിഴക്കൻ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കുമുള്ള ധാന്യങ്ങളുടെ കയറ്റുമതി തുടരുന്നതിനുവേണ്ടി യൂറോപ്പ്യൻ യൂണിയൻ ഉക്രൈനിൽ നിന്നുള്ള ധാന്യങ്ങളുടെ കയറ്റുമതിക്കുള്ള താരിഫുകളും ചുങ്കങ്ങളും നീക്കം ചെയ്തു. തുടർന്ന് ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലോവാക്കിയ തുടങ്ങിയ രാജ്യങ്ങളിലൂടെ തീവണ്ടിയിലും ട്രക്കുകളിലുമായി സാധ്യമായത്രയും ഭക്ഷ്യസാധനങ്ങൾ ഉക്രൈനിൽ നിന്ന് കയറ്റുമതി ചെയ്യുവാൻ തീരുമാനിക്കുകയും ചെയ്തു. ഇങ്ങനെ കയറ്റുമതി ചെയ്യപ്പെടുന്ന ധാന്യങ്ങൾ ഈ പറയുന്ന രാജ്യങ്ങളിലെ പ്രാദേശിക കമ്പോളങ്ങളിൽ എത്തുകയും അത് തദ്ദേശീയ കർഷകരെ കൂടുതൽ ദുരിതത്തിലാഴ്ത്തുകയും അവരുടെ നിലനിൽപ്പിനെ തന്നെ അത് ബാധിക്കുകയും ചെയ്തു. പോളണ്ടിലെ കമ്പോളങ്ങളിൽ കുമിഞ്ഞുകൂടുന്ന ഉക്രൈൻ ഉൽപ്പന്നങ്ങളുടെ പ്രവാഹത്തെക്കുറിച്ച് തദ്ദേശീയ കർഷകർ മാസങ്ങളായി വിമർശനമുന്നയിക്കുകയും പ്രതിഷേധങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. ഒടുവിലാണ് ഫെബ്രുവരി 20ന് പോളണ്ടിലെ കർഷകർ ഉക്രൈനിൽ നിന്ന് ധാന്യം കൊണ്ടുവരുന്ന വാണിജ്യ ഗതാഗതത്തെ തടയുകയും 3000 ത്തോളം ഉക്രൈനിയൻ ട്രക്കുകളുടെ മുന്നോട്ടുപോക്കിന് തടയിടുകയും ചെയ്തത്. ഉക്രൈൻ ഗവൺമെൻറ് ഈ വിഷയത്തോട് വളരെ രൂക്ഷമായി തന്നെയാണ് പ്രതികരിച്ചിട്ടുള്ളത് എന്നതുകൊണ്ട് തന്നെ ഇത് ഒരു ഭൗമ രാഷ്ട്രീയ പ്രശ്നമായി മാറുവാനുള്ള എല്ലാ സാധ്യതകളും കാണുന്നുമുണ്ട്. അതേസമയം കർഷകർ നടത്തുന്നത് സ്വന്തം നിലനിൽപ്പിനുവേണ്ടിയുള്ള സമര പോരാട്ടവുമാണ്. ♦