Tuesday, May 14, 2024

ad

Homeചിത്രകലജ്യാമിതീയ രൂപങ്ങളുടെ ചിത്രതലങ്ങൾ

ജ്യാമിതീയ രൂപങ്ങളുടെ ചിത്രതലങ്ങൾ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

ന്ത്യൻ യാത്രകളിലൂടെ ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ ശില്പ -ചിത്രകാരന്മാർ നിരവധിയാണ്. അവരുടെ രചനകളും പ്രശസ്തങ്ങളാണ്. ഭാരതത്തിലെ ഏകദേശം ഗ്രാമങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും സഞ്ചരിക്കുകയും പഠനങ്ങൾ നടത്തുകയും ചെയ്ത വിശ്വപ്രശസ്‌ത ചിത്രകാരനാണ് രാജാ രവിവർമ്മ. ഇന്ത്യൻ ജീവിതത്തിന്റെയും വസ്ത്രസങ്കൽപ്പങ്ങളുടെയും ശരീരമാതൃകകളുടെയുമൊക്കെ പഠനം നടത്തിയാണ് അദ്ദേഹം തന്റെ ചിത്ര തലങ്ങളെ സർഗ്ഗജീവിതവുമായി ഇഴ ചേർത്തത്. സ്ത്രീകളുടെ വസ്ത്രധാരണത്തിൽ സാരി രൂപകൽപ്പന ചെയ്ത് ആവിഷ്കരിച്ചത് രാജാരവിവർമ്മയാണ്. ഇത്തരത്തിൽ ഇന്ത്യൻ ജീവിതത്തെയും സമൂഹത്തെയും തൊട്ടറിഞ്ഞ ചിത്രകാരർ നിരവധിയാണ്. ഈയിടെ അന്തരിച്ച എ രാമചന്ദ്രനും ഇന്ത്യൻ ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും നടത്തിയ യാത്രകൾ അടിച്ചമർത്തപ്പെട്ട സമൂഹത്തെ, ചുറ്റുപാടുള്ള ലോകത്തെയും കുറിച്ചുള്ള ചിന്തകളാണ് വരച്ചുകാട്ടിയത്.

യാത്രകളാണ് കൃഷ്ണപ്രിയ എന്ന ചിത്രകാരിയെയും ചിത്രകലയിൽ സജീവമാക്കുന്നത്. യാത്രകൾ നൽകുന്ന പുതിയ വെളിച്ചം സൂര്യതേജസ്സായി വർണ്ണങ്ങളിലൂടെ രൂപങ്ങൾ നിർമ്മിച്ചുകൊണ്ടാണ് കൃഷ്ണപ്രിയ തന്റെ ക്യാൻവാസുകളെ വർണ്ണാഭമാക്കിയത്. പ്രകൃതിയുടെ ഭാവങ്ങൾ തന്റെ കലാവിഷ്കാരങ്ങളിൽ പ്രതിഫലിപ്പിക്കുകയും മണ്ണിന്റെ മണവും നിറവും കൊണ്ട് സമ്പന്നമായ പ്രകൃതിയെ, വൃക്ഷലതാദികളെ, ജീവജാലങ്ങളെയൊക്കെ മനുഷ്യമനസ്സുമായി വിശകലനം ചെയ്യുകയാണ് ഇവിടെ. പ്രകൃതിയെയും മനുഷ്യരെയും അറിയാനും മനസ്സിലാക്കാനും പ്രാപ്തമാക്കുന്ന മൗലികമായ ദർശനം നിറങ്ങളിലൂടെ കാഴ്ചവയ്ക്കുന്ന പുതിയ കാലത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്ന ചിത്രങ്ങളുടെയും ചിത്രകാരരുടെയും കൂട്ടത്തിലാണ് കൃഷ്ണപ്രിയ കടന്നുവരുന്നത്.അക്കാദമിക് പഠനങ്ങൾക്കപ്പുറം പരിശീലനത്തിലൂടെയും പ്രമുഖ ചിത്രകാരരുടെ രചനകൾ കണ്ടും അറിഞ്ഞും പഠിച്ചുമാണ് കൃഷ്ണപ്രിയ തന്റെ ക്യാൻവാസുകളെ പരുവപ്പെടുത്തിയത്. പ്രകൃതിയെ അറിയുവാനും മനുഷ്യജീവിതത്തെ പഠിക്കുവാനും രൂപങ്ങളുടെ ഘടനയും വീക്ഷണ സിദ്ധാന്തത്തിനപ്പുറം രേഖകൾ,രൂപങ്ങൾ, വർണ്ണങ്ങൾ, പ്രതല സ്വഭാവം, സംവിധാനം എന്നിവയുടെ സ്വാധീനമാണ് കൃഷ്ണപ്രിയയുടെ ചിത്രങ്ങളുടെ പ്രത്യേകതയായി കാണാനാവുക. പ്രകൃതിയുമായുള്ള രമ്യത, സ്നേഹം, ആകർഷണം തുടങ്ങിയ ഘടകങ്ങളാകാം ചിത്രങ്ങൾക്ക് സ്വാധീനമാകുന്നത്. കൃഷ്ണപ്രിയയുടെ ചിത്രലോകത്തിൽ മനുഷ്യരും പക്ഷികളും മൃഗങ്ങളും തുമ്പികളും കാറ്റും മഴയും തുടങ്ങി പ്രകൃതിദൃശ്യ വൈഭവങ്ങൾക്കൊപ്പം സംഗീതസാന്ദ്രമാകുന്ന ജ്യാമിതീയ രൂപങ്ങൾ ആധുനിക കലാഭാഷയോടുചേർന്ന് സർഗാത്മക ഭാവങ്ങളാവുകയാണ്.പ്രകൃതിയുടെയും സമൂഹത്തിന്റെയും ഉൾക്കരുത്തറിയാനും മനസ്സിലാക്കാനും പ്രാപ്തമാക്കുന്ന മൗലികമായ ദർശനം നിറങ്ങളിലൂടെ കാഴ്ചവയ്ക്കുകയാണിവർ- പുതിയ കാലത്തെ അടയാളപ്പെടുത്തുന്ന യുവചിത്രകാരരുടെയും അവരുടെ ചിത്രങ്ങളുടെയും കൂട്ടത്തിലാണ് കൃഷ്ണപ്രിയയും എത്തിനിൽക്കുന്നത്.

ക്യൂബിസത്തിൽ നിന്ന് ആരംഭിച്ച നവീനമായ രൂപങ്ങളുടെ സംയോജനമാണ് ജ്യാമിതീയ രൂപ മാതൃകകൾ. എൻജിനീയറിങ് ബിരുദധാരിയായ കൃഷ്ണപ്രിയയുടെ രേഖകളും രൂപങ്ങളും ചെന്നുനിൽക്കുന്നതും ഈയൊരു രചനാ സങ്കേതത്തിലാണ്. ജ്യാമിതീയ രൂപങ്ങളുടെ അടിസ്ഥാന ഘടകങ്ങളായ ത്രികോണം, വൃത്തം, ചതുരം എന്നിവയിലൂടെ രൂപവർണത്തിന്റെ വൈരുദ്ധ്യവും വൈവിധ്യവും സൃഷ്ടിക്കുന്ന ഭാവ സംഘർഷം ഈ ചിത്രങ്ങളിൽ വ്യാഖ്യാനിക്കപ്പെടുകയാണ്. നമ്മുടെ കാഴ്ചയിലുള്ള രൂപങ്ങളെ ലളിതവത്കരിച്ചുകൊണ്ടുള്ള അരൂപമായ ചിന്തകളായാണ് ആസ്വാദകരുമായി ചിത്രകാരി സംവദിക്കുന്നത്. വിജയവും പരാജയവും അവിടെ അഭിമുഖീകരിക്കപ്പെടുമെങ്കിലും ചിത്രകല തനിക്ക് പൂർണ്ണതയാണ് സമ്മാനിക്കുന്നതെന്ന് കൃഷ്ണപ്രിയ പറയുന്നു. ചെറിയ ചിത്രങ്ങളാണ് തനിക്ക് പ്രിയമെന്നും അവർ കൂട്ടിച്ചേർക്കുന്നു. ജീവിതാനുഭവങ്ങളെ തീക്ഷ്‌ണമായ രീതിയിൽ ആസ്വാദകന്റെ ബോധതലത്തിലേക്ക് കടന്നുചെല്ലാനാകും വിധമാണ് ജ്യാമിതീയ രൂപങ്ങൾ രൂപകൽപ്പന ചെയ്ത് അവതരിപ്പിച്ചിട്ടുള്ളത്.

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഗാന്ധിജിയുടെ ചിത്രം വരച്ചു കൊണ്ട് കൃഷ്ണപ്രിയ കലാമത്സരങ്ങളിൽ പങ്കെടുക്കുകയും ചിത്രകലയിൽ താൽപര്യം കാണിക്കുകയും ചെയ്തു തുടങ്ങി. സ്കൂൾ,കോളേജ് പഠനകാലത്ത് ചിത്രകലയിലും ഒപ്പം സജീവമാവുകയായിരുന്നു. തുടർന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ പഠനം പൂർത്തിയാക്കുകയും ഇടുക്കി പെരുവന്താനം ഗ്രാമപഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയറായി ജോലി നേടുകയും ചെയ്യുമ്പോഴും ചിത്രകലയെ ചേർത്ത് പിടിക്കുകയായിരുന്നുഈ ചിത്രകാരി. പ്രകൃതിയുടെ തിളക്കം തന്റെ ചിത്രങ്ങളിൽ ആവാഹിച്ചു കൊണ്ടാണ് കൃഷ് ആർട്സിലൂടെ തന്റെ കലാവിഷ്കാരങ്ങൾക്ക് കൃഷ്ണപ്രിയ ജീവൻനൽകുന്നത്. നിരവധി ഏകാങ്ക ചിത്രപ്രദർശനങ്ങളിലും ക്യാമ്പുകളിലും പങ്കെടുത്തിട്ടുള്ള കൃഷ്ണപ്രിയ തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രദർശനത്തിലും പങ്കാളിയാവുകയുണ്ടായി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen − twelve =

Most Popular