Thursday, May 9, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്റിവേഴ്സ് ഗിയറിലാകുന്ന ഭൂപരിഷ്കരണം

റിവേഴ്സ് ഗിയറിലാകുന്ന ഭൂപരിഷ്കരണം

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌ ‐ 29

ലോകത്താകെയുള്ള 140 കോടി അതിദരിദ്രരിൽ 86 ശതമാനവും കാർഷികമേഖലയിലാണ് ഇന്ന് അധിവസിക്കുന്നത്. ഭൂമിയെ അഥവാ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണിവർ. അതിദാരിദ്ര്യത്തിൽ കഴിയുമ്പോഴും ലോകജനതയ്ക്കാവശ്യമായ അടിസ്ഥാന ഭക്ഷ്യവസ്തുക്കളിൽ മഹാഭൂരിപക്ഷവും ഉല്പാദിപ്പിക്കുന്നത് ഈ ദരിദ്ര ജനസമൂഹമാണ്. പ്രത്യേകിച്ചും ഉഷ്ണമേഖലയിലെ രാജ്യങ്ങളിലുള്ളവർ. വികസിത രാജ്യങ്ങൾക്കാവശ്യമായ ധാന്യങ്ങളും, ഏഷ്യയിലും ആഫ്രിക്കയിലുമുള്ള ജനങ്ങളിൽ 80 ശതമാനത്തിനും ആവശ്യമായ ഭക്ഷ്യവസ്തുക്കളും ഉല്പാദിപ്പിക്കപ്പെടുന്നത് ഇവിടെ നിന്നാണ്. ഗ്രാമീണമേഖലയിലെ പ്രധാന തൊഴിൽദായകനും കാർഷികമേഖലയാണ്. ഏതാണ്ട് 250 കോടി ജനങ്ങൾ ചെറുകിട കൃഷിയിടങ്ങളിലാണ് തങ്ങളുടെ ജീവനോപാധികൾ കണ്ടെത്തുന്നത്. എന്നാൽ ഭൂമിയിലുള്ള ഇവരുടെ പരിമിതമായ അവകാശങ്ങൾപോലും വൻകിട കാർഷിക വ്യാവസായിക കൂട്ടായ്മകൾ കവർന്നെടുക്കുന്ന കാഴ്ച ഇന്ന് ലോകത്തെമ്പാടും കാണാം. ആഗോള ഭൂമി കവർന്നെടുക്കൽ പ്രസ്ഥാനം (Global Land Grabbing) എന്നാണ് ലോകബാങ്ക് പഠനങ്ങൾ തന്നെ ഇതിനെ വിശേഷിപ്പിക്കുന്നത്.

ചെറുകിട കർഷകരുടെ കേന്ദ്രീകരണം ഏറ്റവും കൂടുതലുള്ള ഏഷ്യയിലെമ്പാടും ഭൂപരിഷ്കരണങ്ങൾ വിപരീതദിശയിലാണ് സഞ്ചരിക്കുന്നതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.ഏഷ്യൻ ഭൂഖണ്ഡത്തിലെ കൃഷിഭൂമിയുടെ മൂന്നിൽ രണ്ടും കൈവശം വെച്ചിരിക്കുന്നത് കൃഷിക്കാരിൽ 6 ശതമാനം വരുന്ന വൻകിട ഭൂവുടമകളാണ്. കോർപറേറ്റുകൾക്ക് ഭൂമി കൈവശപ്പെടുത്താൻ പറ്റിയ രീതിയിൽ കാർഷിക നിയമങ്ങൾ ഏഷ്യയിലെമ്പാടും പരിഷകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതാകട്ടെ, പലയിടത്തും ഭക്ഷ്യസുരക്ഷയെതന്നെ തകർക്കുന്ന നിലയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. 2003നും 2013നുമിടയിൽ ഇന്തോനേഷ്യയിൽ ചെറുകിട കൃഷിക്കാരുടെ എണ്ണത്തിൽ 16 ശതമാനം കുറവ് സംഭവിച്ചപ്പോൾ വൻകിട കൃഷിയിടങ്ങൾ 54 ശതമാനവും തോട്ടഭൂമികൾ 16 ശതമാനവുമാണ് വർധിച്ചത്.

വൻകിട കാർഷിക മുതലാളിമാർക്ക് ഭൂമി കൈമാറാൻ പറ്റുന്ന രീതിയിലുള്ള നിയമങ്ങൾ ഏതാണ്ട് ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളിലും നടപ്പിലാക്കിവരികയാണ്. വൻകിട കമ്പനികൾക്ക് 20000 ഹെക്ടർവരെ ഭൂമി കൈമാറാൻ സഹായിക്കുന്ന രീതിയിൽ 2012 ൽ ബർമയിൽ (മ്യാന്മർ) നടപ്പിലാക്കിയ Vacant, Fallow and Virgin Lands Management Rules കാർഷിക ഭൂമി കൊള്ളയടിക്കൽ നിയമമെന്നാണ് കർഷകർ വിളിക്കുന്നത്. സമാനമായ രീതിയിൽ കമ്പനികൾക്ക് 10000 ഹെക്ടർ ഭൂമിവരെ കൈമാറുന്ന നിയമം Land Law and an Economic Land Concession 2001ൽ കംബോഡിയയിൽ നടപ്പിലാക്കി. കൃഷിഭൂമി കൂടുതൽ കാര്യക്ഷമമാക്കാൻ എന്ന പേരിൽ 2009ൽ ജാപ്പനീസ് ഗവണ്മെന്റും കാർഷിക നിയമങ്ങൾ പരിഷ്കരിച്ചു. വിദേശ നിക്ഷേപകർക്കും വൻകിട കമ്പനികൾക്കും ഉതകുന്ന രീതിയിൽ കാർഷിക നിയമങ്ങളിൽ 2004ലും 2009ലും പാകിസ്ഥാനും മാറ്റങ്ങൾ വരുത്തി. 2008ൽ തായ്‌വാനും ഫിലിപ്പീൻസും സമാനമായ പരിഷ്കാരങ്ങൾ കൊണ്ടുവന്നു. ഇന്ത്യയിൽ കോർപ്പറേറ്റ് സേവയ്ക്കായി മോഡി സർക്കാർ നടപ്പിലാക്കിയ നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾ ഇന്നും ശക്തമായി തുടരുകയാണ്.

മണ്ണിൽ പണിയെടുക്കുന്നവർക്ക്, ഇടത്തരക്കാരും ചെറുകിടക്കാരുമായ യഥാർത്ഥ കർഷകന്, ഭൂമി സ്വന്തമായി നൽകുക എന്നതാണ് ഭൂപരിഷ്കരണം കൊണ്ടുദ്ദേശിക്കുന്നത്. രണ്ടു നൂറ്റാണ്ടുകളുടെയെങ്കിലും ചരിത്രമുള്ള ‘കൃഷിഭൂമി കർഷകന്’ എന്ന മുദ്രാവാക്യം ലോകത്തെല്ലായിടത്തും മുഴങ്ങിയ ഒന്നാണ്. ഭൂപരിഷ്കരണത്തിന്റെ സാമ്പത്തിക മാനങ്ങളെന്താണ്? ഗ്രാമീണ മേഖലയിലെ ദാരിദ്ര്യവും ഭൂമിയുടെമേലുള്ള അവകാശവും ഏറെ ചേർന്ന് നിൽക്കുന്ന ഘടകങ്ങളാണ്. ഗ്രാമീണമേഖലയിലെ ദാരിദ്ര്യനിർമാർജ്ജനത്തിലും പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും ബാലവേല ഇല്ലായ്മ ചെയ്യുന്നതിലുമെല്ലാം ഭൂപരിഷ്കരണത്തിന് നിർണായക പ്രാധാന്യമുണ്ട്. കുട്ടികൾ വിദ്യാലയങ്ങളിൽ പോകാതെ ചെറിയ പണികൾക്കായി കൃഷിയിടങ്ങളിലും മറ്റും പോകുന്ന കാഴ്ച ഒട്ടുമിക്ക അവികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും കണ്ടുവരുന്ന ഒരു സാധാരണ സ്ഥിതിവിശേഷമാണ്. ഒരു തുണ്ടു ഭൂമിയെങ്കിലുമുണ്ടെങ്കിൽ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് അത് പണയം വെച്ചിട്ടാണെങ്കിൽകൂടി ആവശ്യമായ പണം കണ്ടെത്താൻ ദരിദ്രർക്ക് കഴിയും. നിത്യദാരിദ്ര്യത്തിൽ നിന്നുമുള്ള മോചനത്തിന് അതൊരുപക്ഷേ സഹായകമാകും. സ്വന്തമായി ഒരു തുണ്ടു ഭൂമിപോലുമില്ലാത്തവർക്കുണ്ടാകുന്ന അരക്ഷിതബോധത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരം കണ്ടെത്താൻ ഭൂപരിഷ്‌കരണത്തിന് കഴിയും.

വികസ്വരരാജ്യങ്ങൾ എല്ലാംതന്നെ കാർഷിക സമ്പദ്‌വ്യവസ്ഥയെ ഏറെ ആശ്രയിച്ചു നില്കുന്നവയാണെന്നിരിക്കെ അവിടെ ഏറ്റവും സുപ്രധാന ആസ്തി ഭൂമിയാണ്. അതിനാൽ പാവപ്പെട്ടവർക്ക് നേരിട്ട് ധനസഹായമെത്തിക്കുന്നതിനു തുല്യമാണ് ഭൂമിയിലുള്ള അവകാശം അവർക്ക് നൽകൽ. സ്വന്തമായി ഒരു കൃഷിയിടം കിട്ടിയാൽ, വരുമാനസ്ഥിരതയിൽ ഒരുറപ്പുണ്ടായാൽ, കുട്ടികളുടെ വിദ്യാഭ്യാസം പോലുള്ള ദീർഘകാല നിക്ഷേപങ്ങൾക്ക് കുടുംബം തയ്യാറാകും. പാവപ്പെട്ടവരുടെ കുടുംബ വരുമാനത്തിൽ വർദ്ധനവുണ്ടാകുന്നത് അവരുടെ വാങ്ങൽശേഷി (purchasing power) വർധിപ്പിക്കും. ഇത് സമ്പദ്‌വ്യവസ്ഥയ്‌ക്കാകെ ഉത്തേജനം നൽകും. ഫ്യൂഡൽ ബന്ധങ്ങളിൽ ആണ്ടുകിടക്കുന്ന സമ്പദ്‌വ്യവസ്ഥ തീർത്തും നിശ്ചലമായ ഒന്നാണ്. അതിന്റെ തകർച്ചയിൽനിന്ന് മാത്രമേ സാമൂഹിക സാമ്പത്തിക വികസനം സാധ്യമാകൂ.

ഭൂമിയുടെ വിതരണത്തിലും വിനിയോഗത്തിലുമുള്ള മാറ്റങ്ങൾ, അതുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങൾ, കാർഷിക സമ്പദ് വ്യവസ്ഥയിലെ വർഗ ബന്ധങ്ങളിൽ വന്ന മാറ്റങ്ങൾ ഇവയെല്ലാമാണ് ഒരർത്ഥത്തിൽ ആധുനിക ലോകക്രമത്തെ സൃഷ്ടിച്ചെടുത്തത്. മുതലാളിത്തപൂർവ സാമൂഹിക സാമ്പത്തിക ഘടനയിൽനിന്നും മുതലാളിത്ത സമൂഹത്തിലേക്കുള്ള പരിവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ ഭൂപരിഷ്കരണം ഏറ്റവും നിർണായകമായ ചുവടുവെയ്പായിരുന്നു. ഫ്യൂഡൽ ഉല്പാദനഘടനയ്ക്കുള്ളിൽ വളർന്നുവന്ന ഉല്പാദനശക്തികളെ കെട്ടഴിച്ചുവിടാൻ ഇത് അനിവാര്യമായിരുന്നു. ഉല്പാദനശക്തികളുടെ വളർച്ച ഉല്പാദന ബന്ധങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്ന മാർക്സിയൻ സിദ്ധാന്തം രൂപപ്പെടുന്നതുതന്നെ ചരിത്രപരമായ ഈ പരിണാമത്തിന്റെ നിരീക്ഷണത്തിൽ നിന്നുമാണ്.

ഭൂപരിഷ്‌കരണത്തിനിടയാക്കിയ രാഷ്ട്രീയ പരിണാമത്തിന് ഇരുപതാം നൂറ്റാണ്ടിൽ തുടക്കമിട്ടത് മെക്സിക്കോയും റഷ്യയുമാണ്. മെക്സിക്കോയിൽ 1910‐-15 കാലയളവിൽ നടന്ന ജനാധിപത്യ വിപ്ലവവും റഷ്യയിൽ 1917ൽ നടന്ന സോഷ്യലിസ്റ്റ് വിപ്ലവവും നൂറ്റാണ്ടുകളായി അവിടങ്ങളിൽ നിലനിന്നിരുന്ന ഭൂവുടമസ്ഥതയിലും ഭൂബന്ധങ്ങളിലും വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി. നാട്ടുമ്പുറങ്ങളിലെ ഒരുപിടി ധനികരായ ഭൂവുടമകളുടെ കൈവശമുണ്ടായിരുന്ന ഭൂമി മണ്ണിൽ പണിയെടുക്കുന്ന യഥാർത്ഥ കർഷകർക്ക് കൈമാറി . കൊളോണിയൽവിരുദ്ധ പ്രക്ഷോഭങ്ങളിലെ പ്രധാന മുദ്രാവാക്യങ്ങൾക്കൊപ്പം ഭൂപരിഷ്‌കരണവും ഇടംപിടിച്ചു. കർഷക പ്രക്ഷോഭങ്ങൾ ദേശീയ സ്വാതന്ത്ര്യസമരങ്ങളുടെ ഭാഗമായിത്തന്നെ മാറി.

അധികാരത്തിലെത്തിയ ഭരണവർഗങ്ങളുടെ സ്വഭാവത്തിനനുസരിച്ച് ഭൂപരിഷ്കാരങ്ങളുടെ നിറവും ഗുണവും മാറി എന്നുമാത്രം. വിയറ്റ്നാമിലും ക്യൂബയിലും അൾജീരിയയിലും ചൈനയിലുമെല്ലാം പഴയ ഭൂവുടമകൾ പാടെ തുടച്ചു നീക്കപ്പെട്ടു .കൃഷിഭൂമി സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലായി.

ഫ്യൂഡൽ സമ്പദ്‌വ്യവസ്ഥയിലെ ഭൂവുടമസ്ഥാവകാശങ്ങളെ തകർത്തെറിഞ്ഞുകൊണ്ടാണ് ലോകത്തെല്ലായിടത്തും മുതലാളിത്ത ഉല്പാദന സമ്പ്രദായങ്ങൾ ആധിപത്യം സ്ഥാപിക്കുന്നത് . രാജഭരണകൂടവും പൗരോഹിത്യവും ഒറ്റക്കെട്ടായി കയ്യാളിയിരുന്ന ഭൂമിയുടെ കുത്തകാവകാശം രക്തപങ്കിലമായ പോരാട്ടങ്ങളിലൂടെയാണ് പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ആവിർഭവിച്ച ബൂർഷ്വാസി അവസാനിപ്പിച്ചത്. ഭൂവുടമ ബന്ധങ്ങളിൽ മാറ്റം വരുത്തുന്നതിൽ 1789 ലെ ഫ്രഞ്ച് വിപ്ലവം ലോക ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി. 1915ൽ മെക്സിക്കോയിൽ നടന്ന ലിബറൽ ജനാധിപത്യ വിപ്ലവവും ഭൂവുടമബന്ധങ്ങളെ ഉടച്ചു വാർത്തു. വൻകിട ഭൂപ്രഭുക്കളിൽ നിന്നും പിടിച്ചുവാങ്ങി കർഷകർക്ക് ഭൂമി വിതരണം ചെയ്തു. 1917 ൽ സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഭരണകൂടവും ഭൂവുടമ സമ്പ്രദായത്തിന്‌ അറുതിവരുത്തിയത് നീണ്ടുനിന്ന ആഭ്യന്തര സംഘർഷങ്ങൾക്കൊടുവിലാണ്. ഇവിടെ ഉടമസ്ഥാവകാശം സ്റ്റേറ്റിന്റെതായി മാറി. ചൈനയടക്കമുള്ള മറ്റ് കമ്യൂണിസ്റ്റു രാജ്യങ്ങളും ആദ്യം ചെയ്ത നടപടികളിലൊന്ന് ഭൂവുടമസ്ഥതയിൽ വരുത്തിയ മാറ്റമായിരുന്നു. രണ്ടാം ലോകയുദ്ധാനന്തരം ജപ്പാനും സമഗ്രമായ ഭൂപരിഷ്കരണം നടപ്പിലാക്കി. 1952ലെ കാർഷിക പരിഷ്കാര നിയമത്തിലൂടെ ഈജിപ്തും പുതിയ യുഗത്തിലേക്ക് കടന്നു. തെക്കു കിഴക്കനേഷ്യയിലെ രാഷ്ട്രങ്ങളും ഈ പാത പിന്തുടർന്നു. തായ്‌വാൻ 1953ലും ദക്ഷിണ കൊറിയ 1949ലും വിയറ്റ്നാം 1955ലും ഭൂപരിഷ്കരണത്തിന്റെ യുഗത്തിലേക്ക് കടന്നു.

എന്നാൽ സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇക്കാര്യത്തിൽ ഗുരുതരമായ അലംഭാവമാണ് കാട്ടിയത്. നിലനിന്നിരുന്ന ഫ്യൂഡൽ അധികാരഘടനയുമായി സന്ധിചെയ്യാനാണ് അധികാരത്തിലെത്തിയ ബൂർഷ്വാ ഭരണകൂടങ്ങൾ തയാറായത്. കമ്യൂണിസ്റ്റുകാർ അധികാരത്തിലെത്തിയ സംസ്ഥാനങ്ങളായിരുന്നു ഇതിനപവാദം. 1957ൽ കേരളത്തിൽ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് സർക്കാർ ആദ്യം ചെയ്ത നടപടികളിലൊന്ന് ഭൂപരിഷ്കരണ ബില്ല് കൊണ്ടുവരികയായിരുന്നു. പശ്ചിമ ബംഗാളും ത്രിപുരയും ഇതേ പാത പിന്തുടർന്നു. അതേസമയം പഴകിത്തേഞ്ഞ ഭൂവുടമ ബന്ധങ്ങളെയും ഭൂവുടമസ്ഥതയെയും അതേപടി നിലനിർത്താനാണ് സ്വതന്ത്ര ഇന്ത്യയിലെ ബാക്കി സംസ്ഥാന സർക്കാരുകളെല്ലാം തന്നെ ശ്രമിച്ചത്. എന്നാൽ എൺപതുകൾക്കു ശേഷം സ്ഥിതിഗതികൾ പാടെ മാറി. നിയോലിബറിലിസത്തിന്റെ കടന്നുവരവ് പുതിയൊരു പരിപ്രേക്ഷ്യത്തെതന്നെ മുന്നോട്ടുവെച്ചു. സാമൂഹികനീതി സർക്കാരുകളുടെ അജൻഡയിൽ നിന്നും മാറി. സബ്സിഡികളിലൂടെയുള്ള കാർഷിക മേഖലയുടെ സഹായങ്ങളും, ഗ്രാമീണ മേഖലയുടെ വികസനവുമെല്ലാം മുഖ്യധാരാ അജൻഡയിൽ നിന്നും മാറി. സോവിയറ്റ് യൂണിയന്റെ പതനത്തോടെ ഈ നീക്കങ്ങൾ ഉച്ചസ്ഥായിയിലായി. കയറ്റുമതി മാത്രം ലക്ഷ്യമാക്കിയുള്ള വൻകിട വാണിജ്യകൃഷിയിലേക്ക് ഫോക്കസ് മാറി. ദരിദ്ര കർഷകരും ഇടത്തരം കർഷകരും വീണ്ടും പടിക്കു പുറത്തായി. നഗരങ്ങളിലെ ചേരികളിലേക്ക് കർഷകരെയും കർഷകത്തൊഴിലാളികളെയും ആട്ടിപ്പായിക്കുന്ന രീതിയിലാണ് ഗ്രാമീണമേഖലയിലെ പുതിയ ഭൂനിയമങ്ങൾ നിയോലിബറൽ കാലയളവിൽ ആവിഷ്കൃതമാകുന്നത്. അവ ഗുരുതരമായ രീതിയിൽ സാമൂഹിക അസമത്വത്തെ മൂർച്ഛിപ്പിക്കുന്നവയും അതി ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നവയുമാണ്. ഇത് സംബന്ധിച്ച് 2012ൽ നടന്ന സിപിഐ എമ്മിന്റെ 20‐ാം പാർട്ടി കോൺഗ്രസ് പാസ്സാക്കിയ പ്രമേയത്തിൽ ഇപ്രകാരം പറയുന്നു.

“ഭൂപരിഷ്കരണ നയങ്ങളിൽ നിന്നുള്ള പിന്നോക്കംപോകലിനെയും കർഷകജനസാമാന്യത്തെ അവരുടെ ഭൂമിയിൽ നിന്നും ആട്ടിപ്പായിക്കുന്നതിനെയും ഫലഭൂയിഷ്ടമായ കൃഷിയിടങ്ങൾ കോർപറേറ്റുകൾക്ക് കൈമാറുന്നതിനെയും 20‐ാം പാർട്ടി കോൺഗ്രസ് ശക്തമായി എതിർക്കുന്നു. 12‐ാം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖയിലെ പരാമർശങ്ങൾ ഭൂമി പണയപ്പെടുത്തുന്നതിനെയും കോർപ്പറേറ്റ് കൃഷിയെയും പ്രോത്സാഹിപ്പിക്കുന്നതാണ്. മിക്ക സംസ്ഥാനങ്ങളിലും ഭൂമിയുടെ അവകാശത്തിന്മേലുള്ള പരിധി എടുത്തു കളയുന്ന രീതിയിൽ നിയമങ്ങൾ പരിഷ്കരിച്ചിരിക്കുന്നു.

ഇന്ത്യയിലെ കൃഷിഭൂമിയുടെ ഉടമസ്ഥതയിന്മേൽ അമിതമായ കേന്ദ്രീകരണമാണുള്ളതെന്ന് NSSOയുടെ റിപ്പോർട്ട് എടുത്തുകാണിക്കുന്നു. 3 .5 ശതമാനം ആൾക്കാരുടെ കൈവശമാണ് 37 .72 ശതമാനം ഭൂമിയും. അതേസമയം ഭൂരഹിതരായ കൃഷിക്കാരുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർദ്ധനവാണുണ്ടായിരിക്കുന്നത്. 1992ൽ ഇത് 22 ശതമാനമായിരുന്നുവെങ്കിൽ ഇന്നത് 41 ശതമാനമാണ്. നിയോ ലിബറൽ നയങ്ങൾ ചെറുകിട കർഷകരുടെ ദുരിതങ്ങൾ വലിയതോതിൽ വർധിപ്പിച്ചിരിക്കുകയാണ്. ഇത് ഗ്രാമീണമേഖലകളിലെ ദരിദ്രരെ തങ്ങളുടെ അവശേഷിക്കുന്ന ആസ്തികൾ-, ഭൂമിയും കന്നുകാലികളും – കൂടി വിറ്റഴിച്ച് നഗരങ്ങളിലേക്ക് ചേക്കേറാൻ നിർബന്ധിതരാക്കിയിരിക്കുന്നു. ഇതിന്റെ നേട്ടങ്ങളത്രയും ധനികർക്കാണ്”.

 

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − seventeen =

Most Popular