Friday, December 13, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻതൊഴിലില്ലായ്മ 
കുതിച്ചുയർന്ന ദശകം വാഗ്ദാനങ്ങൾ, അവകാശവാദങ്ങൾ

തൊഴിലില്ലായ്മ 
കുതിച്ചുയർന്ന ദശകം വാഗ്ദാനങ്ങൾ, അവകാശവാദങ്ങൾ

1. 2014ൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം:
‘‘ഒാരോ വർഷവും രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കും’’.

2. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അതിനു മുൻപത്തെ പത്തുവർഷത്തേതിനേക്കാൾ ഒന്നര ഇരട്ടി അധികം തൊഴിലവസരങ്ങൾ തന്റെ ഗവൺമെന്റ് സൃഷ്ടിച്ചുവെന്നാണ് നരേന്ദ്ര മോദി ഇപ്പോൾ അവകാശവാദം ഉന്നയിക്കുന്നത്.

3. മോദി അധികാരത്തിലെത്തിയശേഷം 2015ൽ പുതിയ ദേശീയ നെെപുണ്യശേഷി നയത്തിന്റെ (National Skills Policy) ഭാഗമെന്ന നിലയിൽ ‘സ്കിൽ ഇൻഡ്യ’ (Skill India) കൊട്ടിഘോഷങ്ങളോടെ അവതരിപ്പിക്കപ്പെട്ടു. 2022 ഓടുകൂടി 40 കോടി തൊഴിലാളികളെ വെെദഗ്ധ്യമുള്ളവരാക്കുക എന്നതായിരുന്നു മുന്നോട്ടുവയ്ക്കപ്പെട്ട ലക്ഷ്യം.

4. അധികാരത്തിലേറിയ വേളയിൽ മോദി സർക്കാരിന്റെ മറ്റൊരു വാഗ്ദാനം ഇങ്ങനെ: മാനുഫാക്ചറിങ് മേഖലയിലെ തൊഴിലവസരങ്ങൾ 10 കോടി ആയി വർധിപ്പിക്കുകയും ജിഡിപിയിൽ മാനുഫാക്ചറിങ് മേഖലയുടെ വിഹിതം 17 ശതമാനത്തിൽനിന്നും 25 ശതമാനമായി ഉയർത്തുകയും ചെയ്യുക എന്നതായിരുന്നു.

5. ‘‘രാജ്യത്തിന്റെ പുരോഗതിയുടെയും അഭിവൃദ്ധിയുടെയും തുല്യപങ്കാളികളും തുല്യ ഗുണഭോക്താക്കളുമാക്കി സ്ത്രീകളെ മാറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അടുത്ത 5 വർഷത്തിനകം സ്ത്രീ തൊഴിലാളി പങ്കാളിത്തം ഗണ്യമായി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘വിമെൻ ഇൻ വർക്ക്ഫോഴ്സ്’ എന്ന സമഗ്രമായ പദ്ധതിക്ക് ഞങ്ങൾ രൂപം നൽകും. സ്ത്രീകൾക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ വ്യവസായ സ്ഥാപനങ്ങളെയും കോർപ്പറേറ്റുകളെയും ഞങ്ങൾ പ്രോത്സാഹിപ്പിക്കും’’

– ബിജെപി തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ 2014

6. ‘‘കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ പത്ത് വർഷക്കാലം തൊഴിൽരഹിത വളർച്ചയിലൂടെ രാജ്യത്തെ പിന്നോട്ട് വലിച്ചുകൊണ്ടു പോവുകയായിരുന്നു. വിപുലമായ സാമ്പത്തിക പുനരുജ്ജീവന പദ്ധതി പ്രകാരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംരംഭകത്വ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ബിജെപി മുഖ്യമായും മുൻഗണന നൽകും’’.

– ബിജെപി തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ

7. 2024ൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചശേഷം നിർമല സീതാരാമൻ ഇങ്ങനെ പറഞ്ഞു: ‘‘കോവിഡ് കാലത്തിനുശേഷം ഇപ്പോൾ നഗരപ്രദേശങ്ങളിലുള്ള, എന്തെങ്കിലും സവിശേഷമായ വെെദഗ്ധ്യം നേടിയിട്ടുള്ള പലരും പറയുന്നത്, ഗ്രാമ പ്രദേശങ്ങളും അവർക്ക് സമാനമായ വിധത്തിൽ തങ്ങളുടെ വെെദഗ്ധ്യം ഉപയോഗിക്കാനും അതുപയോഗിച്ച് പണമുണ്ടാക്കാനും അവസരം നൽകുന്നുണ്ടെന്നാണ്. അവരിൽ പലരും നഗരകേന്ദ്രങ്ങളിലേക്ക് മടങ്ങി വന്നിട്ടുപോലുമില്ല’’.

8. സ്ത്രീകളുടെ ദീർഘകാല സാമൂഹിക – സാമ്പത്തിക – രാഷ്ട്രീയ വികാസം ലക്ഷ്യമിട്ട നയപരമായ നടപടികളിലൂടെ സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്തുന്നതിനായി ഗവൺമെന്റ് നിശ്ചയദാർഢ്യത്തോടെയുള്ള അജൻഡ നടപ്പാക്കിയതിന്റെ അനന്തരഫലമായാണ് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്കിൽ ശ്രദ്ധേയമായ വിധത്തിലുള്ള കുതിച്ചുചാട്ടം ഉണ്ടായത്.

എന്താണ് ഈ അവകാശവാദങ്ങൾക്കു പിന്നിലുള്ള യാഥാർഥ്യം? വാഗ്ദാനങ്ങൾക്ക് എന്തു സംഭവിച്ചു?

2012ൽ സമ്പൂർണമായ തൊഴിലില്ലായ്മ 2.1 ശതമാനമായിരുന്നു. 2018ൽ ഇത് ഏകദേശം മൂന്നിരട്ടിയായി ഉയർന്നു 6.1%. ഇന്ത്യയിലെ കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണിത്.

♦ സിഎംഐഇ (Centre for Monitoring Indian Economy) റിപ്പോർട്ടുപ്രകാരം ഇന്ത്യയിലെ തൊഴിൽസേന കഴിഞ്ഞ 5 വർഷക്കാലവും 40 കോടിയിൽ അധികമായി സ്തംഭനാവസ്ഥയിൽ നിൽക്കുകയാണ്; ഇതിന്റെ അർഥം ഈ അഞ്ച് വർഷക്കാലവും തൊഴിലവസരങ്ങൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ല എന്നാണ്. 2016 മാർച്ച് മുതൽ തൊഴിൽ സർവെ നടത്താനാരംഭിച്ച സിഎംഐഇ വെളിപ്പെടുത്തുന്നത് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 2018 ഡിസംബറിൽ മൊത്തം തൊഴിൽസേനയുടെ 6.64 ശതമാനമായിരുന്നുവെന്നാണ്. 2019ൽ 5.27 ശതമാനമായിരുന്ന അത് 2020ൽ 8 ശതമാനമായി കുതിച്ചുയർന്നു. അടുത്ത രണ്ട് വർഷവും അത് യഥാക്രമം 5.98%, 7.33% എന്നിങ്ങനെയായിരുന്നു; 2023 ആയപ്പോൾ അത് പിന്നെയും കുതിച്ചുയർന്നു (ഏകദേശം 8.1%).

♦ 2023 ഒക്ടോബറിൽ തൊഴിൽരഹിതരുടെ എണ്ണം 4.2 കോടിയായി. അതായത് മൊത്തം തൊഴിൽസേനയുടെ 10 ശതമാനം. ഈ സംഖ്യയോടൊപ്പം തൊഴിലനേ-്വഷകരായി ഒാരോ വർഷവും പുതുതായി വരുന്ന ചുരുങ്ങിയത് 80 ലക്ഷം ചെറുപ്പക്കാരെങ്കിലും കൂടിച്ചേരുന്നു (ഈ പ്രക്രിയ ഇങ്ങനെ ഓരോ വർഷം പിന്നിടുന്തോറും വർധിച്ചുവരുന്നു). തൊഴിലെടുക്കുന്ന പ്രായത്തിലുള്ളവരുടെ എണ്ണം ദ്രുതഗതിയിലാണ് വർധിച്ചുവരുന്നത്. അതനുസരിച്ച് തൊഴിൽ സേനയിൽ എത്തുന്നവരുടെ എണ്ണവും വർധിക്കുന്നു.

♦ 2016 മുതൽ മാനുഫാക്ചറിങ് മേഖല ചുരുങ്ങാൻ തുടങ്ങി; അടുത്ത നാലു വർഷത്തിനിടയിൽ അത് ജിഡിപിയുടെ 13 ശതമാനമായി ഇടിഞ്ഞു; ചരിത്രത്തിലെ ഏറ്റവും വലിയ കുറവാണിത്. കോവിഡ് കാലത്തിനു മുമ്പുള്ള നിലയിലേക്ക് അത് കഷ്ടിച്ച് കയറിയതേയുള്ളൂ (17%). മൊത്തം തൊഴിലവസരങ്ങളുടെ വിഹിതമെന്ന നിലയിൽ മാനുഫാക്ചറിങ് മേഖലയിലെ തൊഴിലവസരങ്ങളും കുറഞ്ഞു – 2012ൽ 12.8 ശതമാനമായിരുന്നത് 2018ൽ 11.5 ശതമാനമായി ഇടിഞ്ഞു (അത് ആ വർഷത്തെ ബംഗ്ലാദേശിലേതിന്റെ 16 ശതമാനത്തെക്കാൾ വളരെ കുറവാണ്). 2022 ആയപ്പോൾ മാത്രമാണ് അതിന് ഒരു വിധത്തിൽ 2012ലെ സ്ഥിതിയിലേക്ക് എത്തിച്ചേരാനായത്. ഇതിനെയാണ് നഷ്ടപ്പെട്ട ദശകം എന്നു വിളിക്കുന്നത്.

♦ ഇന്ത്യയിൽ അപ്രതീക്ഷിതവും കർക്കശവുമായ കോവിഡ് 19 ലോക്ഡൗൺ അടിച്ചേൽപ്പിക്കപ്പെട്ടതിനെ തുടർന്ന് ദശലക്ഷക്കണക്കിന് തൊഴിലാളികളാണ് തങ്ങളുടെ നാട്ടിൻപുറങ്ങളിലേക്ക് മടങ്ങിയത്; തന്മൂലം 2020 ഏപ്രിൽ മാസത്തിനും 2023 ജൂണിനുമിടയിൽ കാർഷികമേഖലയിൽ 6 കോടി തൊഴിലാളികളാണ് അധികമായി എത്തിയത് എന്നാണ് ഓക്സ്ഫോർഡ് പഠനം വ്യക്തമാക്കിയത്.

കാർഷിക മേഖലയിൽ ഭാഗികമായി മാത്രം തൊഴിലുള്ളവരുടെ നിരക്ക് 2023ൽ മൊത്തം തൊഴിൽസേനയുടെ 46 ശതമാനമാണ് വരുന്നത്; ഇത് ഇന്ത്യയുടെ ജിഡിപിയുടെ 15 ശതമാനം മാത്രമേയുള്ളൂ. തങ്ങളുടെ വെെദഗ്ധ്യം പ്രയോജനപ്പെടുത്തുകയും അതുപയോഗിച്ച് പണമുണ്ടാക്കുകയും ചെയ്യുകയാണെന്ന ധനമന്ത്രിയുടെ അവകാശവാദം വെറും ആഗ്രഹപ്രകടനത്തിനപ്പുറം ഒന്നുമല്ല.

♦ ഗ്രാമീണ ഇന്ത്യയിലെ കൺസ്ട്രക്ഷൻ തൊഴിലാളികളുടെയും കാർഷികത്തൊഴിലാളികളുടെയും കൂലി 2021 ഏപ്രിൽ മാസത്തിനും 2023 മാർച്ചിനുമിടയിൽ യഥാക്രമം 10.5 ശതമാനവും 12 ശതമാനവും മാത്രമേ വർധിച്ചുള്ളൂ. എന്നാൽ ഭക്ഷ്യധാന്യങ്ങളുടെയും പയർവർഗങ്ങളുടെയും വില 22 ശതമാനമാണ് ഇതേ കാലത്ത് വർധിച്ചത്.

സ്ത്രീകൾ പൊതുവിൽ സ്വയം തൊഴിലിലേക്ക് കടന്നതും 
കൂലിവേലയിൽ നിന്ന് അകന്നു പോയതും; 
സ്വയം തൊഴിലിൽനിന്നുള്ള വരുമാനം കുറഞ്ഞത്.

സോഴ്സുകൾ PLFS വിവിധ റൗണ്ടുകൾ
ഇവ റിപ്പോർട്ടിൽ 2.6ഉം 2.8ഉം ആയി നൽകിയിട്ടുള്ള ഫിഗറുകളാണ്.

തൊഴിൽ സേനയിലെ ദീർഘകാല സ്ത്രീ പങ്കാളിത്ത നിരക്ക് 
ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ

സോഴ്സുകൾ: NSS EYSഉം PLFS വിവിധ റൗണ്ടുകളും. 
റിപ്പോർട്ടിലെ 4.1ലേതാണ് ഈ ഫിഗറുകൾ.

♦ വർഷങ്ങളായി തുടരുന്ന ഇടിവിനെത്തുടർന്ന് തൊഴിൽസേനയിലെ സ്ത്രീ പങ്കാളിത്ത നിരക്ക് വർധിക്കുകയാണ്; എന്നാൽ ശരിയായ കാരണങ്ങളാലല്ല അങ്ങനെ സംഭവിക്കുന്നത്. ഗതികെട്ട അവസ്ഥയിൽ സ്വയം തൊഴിൽ ചെയ്യുന്നതുമൂലം 2019 നു ശേഷം സംഭവിച്ച വർധനവാണിത്. കോവിഡിനുമുൻപ് 50 ശതമാനം സ്ത്രീകളാണ‍് സ്വയം തൊഴിൽ ചെയ്തിരുന്നത്. കോവിഡിനുശേഷം ഇത് 60 ശതമാനമായി ഉയർന്നു. എന്നാൽ ഈ കാലഘട്ടത്തിൽ സ്വയം തൊഴിൽ ചെയ്യുന്നതിൽ നിന്നുള്ള വരുമാനം കുറഞ്ഞു. Conference on finance and Economy in India യിലെ സാമ്പത്തിക വിദഗ്ധർ, 50 ശതമാനത്തിലധികം സ്-ത്രീകൾ സ്വയംതൊഴിലിൽ ഏർപ്പെടുന്നതിതെങ്ങനെയെന്നും അതിൽ തന്നെ പകുതിപ്പേരും കുടുംബത്തിലെ കൂലിയില്ലാ വേലയോ കുടുംബത്തിന്റെ വകയായ കൃഷിക്കളങ്ങളിൽ പണിയെടുക്കുകയോ ആണ് ചെയ്യുന്നതെന്നും ഉള്ള കാര്യം ചർച്ച ചെയ്തു. മറ്റൊരു ഗതിയുമില്ലാതെ കഷ്ടപ്പെടുന്ന അവസ്ഥയിൽ ചെയ്യുന്ന ജോലികളിൽ അധികവും കൂലിയില്ലാ വേലകളാണ്; ഇതൊരിക്കലും സ്ത്രീ ശാക്തീകരണത്തിനു വഴിയൊരുക്കില്ല.

♦ സ്റ്റേറ്റ് ഓഫ് വർക്ക് ഇൻ ഇന്ത്യ 2023 കണ്ടെത്തിയത് വളരെ ചെറിയ സ്ഥാപനങ്ങളിൽപോലും പട്ടികജാതി, പട്ടികവർഗക്കാരായ ഉടമസ്ഥർക്ക് തൊഴിൽ സേനയിലെ അവരുടെ വിഹിതത്തിനാനുപാതികമായി വേണ്ടത്ര പ്രാതിനിധ്യമില്ല എന്നാണ്. അവരുടെ പ്രാതിനിധ്യം കഷ്ടിച്ചെങ്കിലുമുള്ളത് 20 തൊഴിലാളികളിലധികമുള്ള കുറച്ച് സ്ഥാപനങ്ങളിലാണ്; ഉയർന്ന ജാതിക്കാരുടെ അമിത പ്രാതിനിധ്യം സ്ഥാപനത്തിന്റെ വലിപ്പത്തിനനുസരിച്ച് കൂടിക്കൊണ്ടിരിക്കും.

♦ കോവിഡ് കാലത്ത്, സ്വയം തൊഴിൽ കണ്ടെത്തുന്നവരിൽ മുസ്ലീങ്ങൾക്ക് ആനുപാതികമായ പ്രാതിനിധ്യമുണ്ടായിരുന്നില്ല. ഉദാഹരണത്തിന്, ഗ്രാമീണമേഖലകളിൽ സ്വയം തൊഴിലിൽ ഏർപ്പെട്ടിരുന്ന പട്ടികജാതി/പട്ടികവർഗക്കാർ, മുസ്ലീങ്ങൾ, മറ്റു വിഭാഗങ്ങൾ (പട്ടികജാതിക്കാരും പട്ടികവർഗക്കാരും മുസ്ലീങ്ങളുമല്ലാത്തവർ) എന്നിവരിൽ തൊഴിൽ ലഭിക്കാത്തവരുടെ നിരക്ക് യഥാക്രമം 6.9%വും 8.6%വും 5.5 ശതമാനവുമായിരുന്നത് 15.1%, 27.5%, 13.7% എന്നിങ്ങനെ കുതിച്ചുയർന്നു.

♦ സിഎംഐഇയുടെ 2023 ഒക്ടോബറിലെ കണക്ക് വെളിപ്പെടുത്തുന്നത് ചെറുകിട കച്ചവടസ്ഥാപനങ്ങളിൽ ദിവസക്കൂലിക്കാരായ തൊഴിലാളികളുടെ എണ്ണത്തിൽ 1.03 കോടിയുടെ കുറവുണ്ടായിയെന്നാണ്. മാസശമ്പളക്കാരായ തൊഴിലാളികളുടെ എണ്ണത്തിലും 46 ലക്ഷത്തിന്റെ കുറവുണ്ടായി. അതിനും പുറമെ കർഷകത്തൊഴിലാളികളുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധനവ് ഉണ്ടായതുമില്ല.

♦ 29 തൊഴിൽ നിയമങ്ങൾക്ക് പകരമായി മോദി സർക്കാർ കൊണ്ടുവന്ന നാല് ലേബർ കോഡുകൾ ഇന്ത്യൻ തൊഴിലാളിവർഗം പൊരുതി നേടിയ അവകാശങ്ങളും സംരക്ഷണവ്യവസ്ഥകളുമാകെ കവർന്നെടുക്കുന്നതിനുള്ള നഗ്നമായ നീക്കമാണ്.

ഹെെലെെറ്റുകൾ

♦ 2019മായി താരതമ്യപ്പെടുത്തുമ്പോൾ 2023 ആയപ്പോൾ ജിഡിപി 16 ശതമാനത്തോളം വർധിച്ചു (2023ൽ 6% വളർച്ച നിരക്ക് ഉണ്ടെന്ന സങ്കൽപ്പത്തിൽ); ഇങ്ങനെയാണെങ്കിലും, തൊഴിലവസരത്തിൽ വർധനവുണ്ടായിട്ടില്ല. സാമ്പത്തികവളർച്ച മന്ദഗതിയിലാണെന്നതിനപ്പുറം വളർച്ചാപ്രക്രിയയുടെ സ്വഭാവത്തെ സംബന്ധിച്ച് ഇത് ഒട്ടേറെ കാര്യങ്ങൾ പറയാതെ പറയുന്നുണ്ട്. വാസ്തവത്തിൽ, ഇന്ത്യൻ അനുഭവം വെളിവാക്കുന്നത് വളർച്ചനിരക്ക് ദ്രുതഗതിയിലായെങ്കിൽ മാത്രമേ തൊഴിലില്ലായ്മയെ അതിജീവിക്കാനാകൂ എന്ന അഭിപ്രായം ശുദ്ധ അസംബന്ധമാണെന്നാണ്; സാമ്പത്തികവളർച്ച കൊണ്ടുവരുന്നത് എങ്ങനെയാണെന്നതിനെ ആശ്രയിച്ചിരിക്കും ഇത്.

♦ കഴിഞ്ഞ ഒരു ദശകക്കാലത്തിനിടയിൽ ഒരു വശത്ത് കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളിലെ തൊഴിലവസരങ്ങൾ കുറയുമ്പോൾ മറുവശത്ത് കരാർ തൊഴിലുകൾ വർധിച്ചുവരികയാണ്. തൊഴിലാളികളുടെ മൊത്തം എണ്ണം 2013 മാർച്ചിൽ 17.3 ലക്ഷമായിരുന്നത് 2022 മാർച്ചിൽ 14.6 ലക്ഷമായി കുത്തനെ ഇടിഞ്ഞു. ഇത് സൂചിപ്പിക്കുന്നത് മോദി അധികാരത്തിലിരുന്ന പത്തുവർഷക്കാലം 2.7 ലക്ഷത്തോളം തൊഴിലവസരങ്ങൾ കുറഞ്ഞുവെന്നാണ്. അതേസമയം കരാർ തൊഴിൽ വിഭാഗത്തിൽ മൊത്തം ജീവനക്കാരുടെ എണ്ണം 2013 ൽ 19 ശതമാനമായിരുന്നത് 2022ൽ 42.5 ശതമാനമായി വർധിക്കുകയുണ്ടായി; ഈ പൊതുമേഖലാ സ്ഥാപനങ്ങളിലെ മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കപ്പെട്ടിരിക്കുന്നത്. കരാർവൽക്കരണമാകട്ടെ സംവരണത്തെ ഇല്ലാതാക്കുന്നു.

♦ അപ്രത്യക്ഷമാകുന്ന ഒഴിവുകൾ: രാജ്യത്തെ പ്രധാനപ്പെട്ട തൊഴിൽ ഒഴിവുകളിൽ കഴിഞ്ഞ ഒരു ദശകക്കാലത്ത് കുത്തനെയുള്ള ഇടിവുണ്ടായിട്ടുണ്ട്. സ്റ്റാഫ് സെലക്ഷൻ കമ്മീഷനിലൂടെ റിക്രൂട്ട് ചെയ്യപ്പെടേണ്ട മൊത്തം ഒഴിവുകൾ 2014ൽ 80,650 ആയിരുന്നത് 2023ൽ 36,348 ആയി കുത്തനെ ഇടിഞ്ഞു. ഇതേ സംവിധാനത്തിൽ തന്നെ റിക്രൂട്ട് ചെയ്യപ്പെടേണ്ട ഗ്രാജേ-്വറ്റ് തലത്തിലുള്ള ഒഴിവുകൾ 15,548 ൽനിന്നും 8,440 ആയി കുറഞ്ഞു; അർധസെെനിക വിഭാഗങ്ങളിലെ സെക്കൻഡറിതല ഒഴിവുകൾ 2014ൽ 62,390 ആയിരുന്നത് 2023ൽ 26,146 ആയി ഇടിഞ്ഞു. യുപിഎസ്-സി നടത്തുന്ന പരീക്ഷകൾ പ്രകാരമുള്ള പ്രധാനപ്പെട്ട ഒഴിവുകൾ ഇതേ കാലഘട്ടത്തിൽ 1,873 ൽനിന്ന് 1,446 ആയി കുറഞ്ഞു. ഇതനുസരിച്ചുതന്നെയുള്ള റിക്രൂട്ട്മെന്റിലെ സിവിൽ സർവീസ് ഒഴിവുകൾ 1,364ൽനിന്ന് 1,105 ആയും പ്രതിരോധസേനയിൽ ഇതേ കാലഘട്ടത്തിൽ 509ൽ നിന്നും 341 ആയും കുറഞ്ഞു.

♦ പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ എണ്ണം 2014ൽ 8,44,445 ആയിരുന്നു; അതേസമയം വിദേശബാങ്കുകൾ ഉൾപ്പെടെയുള്ള സ്വകാര്യബാങ്കുകളിലെ ജീവനക്കാരുടെ എണ്ണം 3,35,615 മാത്രമായിരുന്നു. എന്നാൽ 2023ൽ പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ എണ്ണം 7,56,644 ആയി കുറഞ്ഞു; അതേസമയം സ്വകാര്യബാങ്കുകളിൽ ഇത് 7,45,612 ആയി വർധിച്ചു. ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു കാര്യം സ്വകാര്യബാങ്കുകൾക്ക് സംവരണം ബാധകമല്ല എന്നതാണ്.

♦ 2022ൽ ബാങ്ക് മിത്രങ്ങൾ അഥവാ ബിസിനസ് കറസ്പോണ്ടന്റുമാരുടെ എണ്ണം 35,13,777 ആയിരുന്നു; ഇത് ബാങ്ക് ജീവനക്കാരുടെ എണ്ണത്തിന്റെ നാലിരട്ടിയിലധികമാണ്. ഈ ജോലികൾ റഗുലറൈസ് ചെയ്യപ്പെടുകയാണെങ്കിൽ മാന്യമായ തൊഴിലുകൾ സൃഷ്ടിക്കപ്പെടുമായിരുന്നു; ഒപ്പം അരികുവൽക്കരിക്കപ്പെട്ട ആളുകൾക്ക് സംവരണവും ലഭിക്കുമായിരുന്നു.

♦ സർക്കാർ സർവീസിലെയും പൊതുമേഖലയിലെയും തൊഴിലവസരങ്ങൾ ലോകത്ത് ഏറ്റവും കുറവായ രാജ്യമാണ് ഇന്ത്യ. ഐഎൽഒ ഡാറ്റപ്രകാരം കഷ്ടിച്ച് 3.8% മാത്രം; എന്നാൽ അതേ ഡാറ്റപ്രകാരം തന്നെ അർജന്റീനയിൽ 16.9 ശതമാനവും ബ്രസീലിൽ 12.3 ശതമാനവും ചെെനയിൽ 28 ശതമാനവും അമേരിക്കയിൽ 13.3 ശതമാനവും ബ്രിട്ടനിൽ 21.5 ശതമാനവും റഷ്യയിൽ 40.6 ശതമാനവും ക്യൂബയിൽ 77 ശതമാനവുമാണ്.

അവലംബം : ഫെെനാൻസ് അക്കൗണ്ടബിലിറ്റി നെറ്റ്-വർക്ക് ഇന്ത്യ (FAN India) യുടെ ബാലൻസ് ഷീറ്റ് ഓഫ് എ ഡെക്കേഡ് എന്ന റിപ്പോർട്ട് .

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight + 17 =

Most Popular