‘‘പ്രതിവര്‍ഷം രണ്ടുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അതിലൂടെ അഞ്ചുവര്‍ഷം കൊണ്ട് പത്തുകോടി യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കും.” ഇതായിരുന്നു ലോക്-സഭാ തിരഞ്ഞെടുപ്പു വേളയിലെ ബിജെപിയുടെ മുഖ്യ വാഗ്ദാനം. അവരുടെ തിരഞ്ഞെടുപ്പു പ്രകടന പത്രികയിലെ ഈ വാഗ്ദാനം നരേന്ദ്രമോദി മുതല്‍ പ്രാദേശികതലങ്ങളിലെ നേതാക്കള്‍ വരെയുള്ളവര്‍ നാഴികയ്ക്ക് നാല്‍പ്പതുവട്ടം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ അധികാരം കിട്ടിയതോടെ അവരുടെ മട്ടുമാറി. അതേക്കുറിച്ച് പിന്നീട് ഒരക്ഷരം മിണ്ടാതെയായി. ‘‘തിരഞ്ഞെടുപ്പുകാലത്ത് നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതല്ല” എന്നായിരുന്നല്ലോ കേന്ദ്രമന്ത്രിയും മുന്‍ ബിജെപി പ്രസിഡന്റുമായ നിതിന്‍ ഗഡ്കരി തുറന്നടിച്ചത്. വാഗ്ദാനങ്ങളെ വെള്ളത്തില്‍വരച്ച വര പോലെ അര്‍ഥരഹിതമാക്കുന്നതില്‍ കേമന്മാരാണ് തങ്ങളെന്നു തെളിയിച്ചവരാണല്ലോ ബിജെപി നേതാക്കള്‍.
സ്വിസ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട ഇന്ത്യക്കാരുടെ 25 ലക്ഷം കോടി രൂപ തനിക്ക് അധികാരം ലഭിച്ച് നൂറുദിവസത്തിനുള്ളില്‍ തിരിച്ചുപിടിക്കും; കര്‍ഷകരുടെ കടം എഴുതിത്തള്ളും; 15 ലക്ഷം രൂപ വീതം ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടുകളില്‍ നിക്ഷേപിക്കും; കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പാദനച്ചെലവും അതിന്റെ അമ്പതുശതമാനവും ചേര്‍ന്ന തുക താങ്ങുവിലയേര്‍പ്പെടുത്തും തുടങ്ങിയ ഒട്ടനവധി വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിച്ചതാണല്ലോ ബിജെപിയുടെ ചരിത്രം.
രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ല എന്നുമാത്രമല്ല ജനങ്ങളുടെ ഉള്ള ഉപജീവനമാര്‍ഗം കൂടി നഷ്ടപ്പെടുന്ന അവസ്ഥയാണുണ്ടായത്. കോവിഡ് മഹാമാരിക്കു മുന്‍പുതന്നെ പ്രതിവര്‍ഷം 35 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു എന്നായിരുന്നു കണക്കുകള്‍ വെളിവാക്കിയത്. കോവിഡ് കാലത്തിനു മുന്‍പുതന്നെ ഓരോ മാസത്തെയും തൊഴിലില്ലായ്മ നിരക്ക് 7–8 ശതമാനമായിരുന്നു. സെന്റര്‍ ഫോര്‍ മോണിട്ടറിങ് ഇന്ത്യന്‍ എക്കോണമി (സിഎംഐഇ)യുടെ കണക്കനുസരിച്ച് ഇന്ത്യയിലെ തൊഴില്ലായ്മനിരക്ക് 2020–21ല്‍ 7.7 ശതമാനമായിരുന്നു എന്നാണ്. പട്ടണ–നഗരമേഖലകളിലെ തൊഴിലില്ലായ്മ നിരക്ക് ഇപ്പോള്‍ 9.6 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. സ്ഫോടനാത്മകമായ അവസ്ഥയാണിതെന്ന് സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
140 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 40 കോടിയില്‍ താഴെയാണ്. ഓരോ മാസവും തൊഴിലെടുക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് സിഎംഐഇയുടെ കണക്കുകള്‍ വെളിവാക്കുന്നത്.
അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയും തൊഴില്‍നഷ്ടവും ഭീകരമായ രീതിയില്‍ വര്‍ധിച്ചുവരുന്നതായാണ് സിഎംഐഇയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022 ജനുവരിക്കും ഏപ്രിലിനുമിടയിലുള്ള മൂന്നുമാസ കാലയളവില്‍ ബിരുദധാരികളുടെ തൊഴിലില്ലായ്മ നിരക്ക് 17.8 ശതമാനമാണ്. അഞ്ചുവര്‍ഷം മുന്‍പ്, അതായത് 2017ല്‍ ഇതേകാലയളവില്‍ അത് 11 ശതമാനമായിരുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ 6.8 ശതമാനത്തിന്റെ വര്‍ധനവ്!
ഇന്ത്യയിലെ മൊത്തം ജനസംഖയില്‍ പകുതിയിലേറെ 25 വയസ്സില്‍ താഴെയുള്ളവരാണല്ലോ. 15നും 24നും ഇടയില്‍ പ്രായമുള്ളവരില്‍ തൊഴിലുള്ളവരുടെ നിരക്ക് അപായകരമാംവിധം കുറഞ്ഞുവരുന്നു. 2017ല്‍ ആ പ്രായക്കാരില്‍ തൊഴിലുള്ളവരുടെ ശതമാനം 21 ആയിരുന്നു. അഞ്ചുവര്‍ഷത്തിനുശേഷം, 2022 മാര്‍ച്ചില്‍ 16 ശതമാനമായി അത് കുത്തനെ ഇടിഞ്ഞു. ഈ പ്രായപരിധിയിലുള്ളവരില്‍ നല്ലൊരു സംഖ്യ വിദ്യാര്‍ഥികളാണെന്നു വാദിക്കുന്നവരുണ്ട്. എന്നാല്‍ ആ വാദത്തിലും കഴമ്പില്ല എന്നാണ് വസ്തുതകള്‍ വെളിവാക്കുന്നത്. അതായത് 2016–17നും 2021–22നും ഇടയിലുള്ള കാലയളവില്‍ തൊഴിലെടുക്കുന്ന വിദ്യാര്‍ഥികളുടെ നിരക്ക് 15 ശതമാനത്തില്‍നിന്ന് 23 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളില്‍ മഹാഭൂരിപക്ഷവും 15–24 പ്രായപരിധിയില്‍ വരുന്നവരാണെന്ന കാര്യം തര്‍ക്കമില്ലാത്തതാണല്ലോ?
എന്നാല്‍ ഈ കാലയളവില്‍ 40നും 59നും ഇടയില്‍ പ്രായമുള്ളവരുടെ തൊഴിലിലെ പങ്കാളിത്തം വര്‍ധിച്ചിട്ടുണ്ട്. 42 ശതമാനത്തില്‍ നിന്ന് 57 ശതമാനമായാണ് ഈ പ്രായത്തിലുള്ള തൊഴില്‍ പങ്കാളിത്തനിരക്ക് വര്‍ധിച്ചത്. 30–39 പ്രായപരിധിയില്‍ വരുന്ന ചെറുപ്പക്കാരുടെ നിരക്കും കുറഞ്ഞുവരികയാണ്. അത് 25 ശതമാനത്തില്‍നിന്ന് 21 ശതമാനമായി ഇടിഞ്ഞിട്ടുണ്ട്.
പ്രായമായവരുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറുപ്പക്കാര്‍ കൂടുതല്‍ വിദ്യാസമ്പന്നരാണ്. അതുകൊണ്ടുതന്നെ അവര്‍ തുച്ഛമായ ശമ്പളത്തിനു ജോലി ചെയ്യാന്‍ തയ്യാറല്ല. അവര്‍ മെച്ചപ്പെട്ട ജോലി ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കാന്‍ തയ്യാറാണ്. തങ്ങളുടെ യോഗ്യത വര്‍ധിപ്പിക്കാന്‍ പല കോഴ്സുകളും പഠിക്കാന്‍ അവര്‍ ഈ സമയം ഉപയോഗിക്കുന്നുമുണ്ട്.
രാജ്യത്ത് നാലരകോടി ചെറുപ്പക്കാരെങ്കിലും തൊഴില്‍രഹിതരായുണ്ട് എന്നാണ് ഒരു അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സി കമ്പനി നടത്തിയ സര്‍വെ വ്യക്തമാക്കുന്നത്. 2030ഓടെ പുതിയതായി 9 കോടി തൊഴിലവസരങ്ങളെങ്കിലും പുതിയതായി സൃഷ്ടിക്കപ്പെടണം എന്നാണ് അവരുടെ പഠനം പറയുന്നത്. അതില്‍ മൂന്നുകോടി പേര്‍ കാര്‍ഷിക മേഖലയെ ഉപേക്ഷിച്ച് ഇതര മേഖലയില്‍ തൊഴില്‍ അന്വേഷിക്കുന്നവരാകുമത്രേ.
ഐഎല്‍ഒയുടെ കണക്കനുസരിച്ച് 2021ല്‍ ഇന്ത്യയിലെ തൊഴില്‍സേനയില്‍ സ്ത്രീപങ്കാളിത്തം 25.1 ശതമാനം മാത്രമാണ്. തൊട്ടയല്‍ രാജ്യമായ ബംഗ്ലാദേശില്‍ ഇത് 53 ശതമാനമാണ്.
ചെറുകിട വ്യാപാരം, ഗതാഗതം, ഭക്ഷ്യസംസ്കരണം, കൃഷിയധിഷ്ഠിത വ്യവസായം, വിദ്യാഭ്യാസം, വാര്‍ത്താവിനിമയം, ടൂറിസം തുടങ്ങിയ മേഖലകളില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഈ മേഖലകളെ തഴഞ്ഞ് കുത്തകകള്‍ക്ക് എല്ലാവിധ പ്രോല്‍സാഹനങ്ങളും സൗജന്യങ്ങളും നല്‍കുകയാണ് മോദി സര്‍ക്കാര്‍. കോര്‍പ്പറേറ്റുകള്‍ക്ക് ഓരോ ബജറ്റിലും നികുതിയിളവുകള്‍ അനുവദിക്കുന്നു. ദേശസാല്‍കൃത ബാങ്കുകളില്‍നിന്ന് അവര്‍ എടുക്കുന്ന വായ്പകള്‍ എഴുതിത്തള്ളുന്നു. അങ്ങനെ കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിത്തന്നെ ഒന്നര ലക്ഷം കോടി രൂപയെങ്കിലും പ്രതിവര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുന്നു. വന്‍കിട മേഖലയിലാകട്ടെ തൊഴിലവസരങ്ങള്‍ വളരെ കുറച്ചു മാത്രമേ സൃഷ്ടിക്കപ്പെടുന്നുള്ളൂ താനും.
നോട്ട് അസാധുവാക്കല്‍, ജിഎസ്ടി നടപ്പാക്കിയതിലെ അശാസ്ത്രീയതയും കാര്യക്ഷമതയില്ലായ്മയും, കോവിഡ് 19 മഹാമാരിക്കാലത്തെ ഗവണ്‍മെന്റിന്റെ ഭാവനാശൂന്യമായ ഇടപെടല്‍ എന്നിവയൊക്കെ തൊഴിലില്ലായ്മ നിരക്ക് രൂക്ഷമാക്കാനും പ്രതിസന്ധി വര്‍ദ്ധിപ്പിക്കാനും ഇടയാക്കി എന്നാണ് പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. സി പി ചന്ദ്രശേഖര്‍ നിരീക്ഷിക്കുന്നത്. ♦