നവലിബറൽ നയങ്ങളുടെ കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകാലത്ത് സാമ്പത്തിക വളർച്ചയുടെ വേഗത വർദ്ധിച്ചു. പക്ഷേ രണ്ടുകാര്യങ്ങൾ ഓർക്കേണ്ടതുണ്ട്. ഒന്ന്, 1 ശതമാനം വച്ച് സമ്പദ്ഘടന വളർന്നുകൊണ്ടിരുന്ന കൊളോണിയൽ കാലഘട്ടത്തെ അപേക്ഷിച്ച് സ്വാതന്ത്യ്രാനന്തരകാലത്തുണ്ടായ 3.6 ശതമാനം വളർച്ച വലിയ കുതിപ്പായിരുന്നു. 1980കളിൽ അത് 5.6 ശതമാനമായി ഉയർന്നു. ഇവിടെ നിന്നാണ് 7.6 ശതമാനത്തിലേയ്ക്ക് കഴിഞ്ഞ മൂന്നുപതിറ്റാണ്ടിൽ സാമ്പത്തികവളർച്ച ഉയർന്നത്. രണ്ട്, നയങ്ങളിൽ മാറ്റംവന്നെങ്കിലും അതുവരെ കെട്ടിപ്പൊക്കിയ സാമ്പത്തിക അടിത്തറയിലാണ് നിയോലിബറൽ നയങ്ങൾ നടപ്പാക്കിയത്. ഇക്കാര്യങ്ങൾ വിസ്മരിക്കാതിരിക്കുമ്പോൾതന്നെ സാമ്പത്തികവളർച്ചയുടെ വേഗത വർദ്ധിച്ചുവെന്നുള്ള യാഥാർത്ഥ്യത്തെ അംഗീകരിച്ചേ തീരൂ.
സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ദേശീയസാമ്പത്തിക വളർച്ചയിൽ അവരുടെ വിഹിതം നിർണ്ണയിക്കപ്പെടുക തൊഴിലവസര വർധനവിലൂടെയാണ്. കൂലി, ശമ്പളം എന്നിവയിലൂടെ ലഭിക്കുന്ന സ്വ യംതൊഴിലെടുക്കുന്നവരാണെങ്കിൽ അവരുണ്ടാക്കുന്ന ഉൽപന്നങ്ങളുടേയോ സേവനങ്ങളുടേയോ വിലയായി ലഭിക്കുന്ന വരുമാനമാണ് ദേശീയവരുമാനത്തിൽ അവരുടെ വിഹിതം. ഇത് ലഭിക്കുന്നതാകട്ടെ തൊഴിലെടുത്താൽ മാത്രമാണ്. ഇന്ത്യയുടെ സാ മ്പത്തികവളർച്ചയുടെ ഗതിവേഗം മുകളിലേക്കുയർന്നപ്പോൾ തൊഴിലവസര വർധന താഴേക്കിടിഞ്ഞു. ഇതാണ് സാധാരണക്കാർക്കുള്ള നവലിബറൽ കാലഘട്ടത്തിന്റെ നീക്കി ബാക്കി.
തൊഴിൽ വർദ്ധന നിരക്കിൽ ഇടിവ്
റിസർവ് ബാങ്ക് തന്നെ പ്രസിദ്ധീകരിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ 1980-–81 മുതൽ 1990-–91 വരെയുള്ള പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനുമുമ്പുള്ള പതിറ്റാണ്ടിൽ തൊഴിലവസരങ്ങൾ പ്രതിവർഷം 2.02 ശതമാനം വീതം വളർന്നു. ഇത് ഏതാണ്ട് ജനസംഖ്യാ വർധനവിന് ഒപ്പം വരും.
എന്നാൽ പരിഷ്‌കാരത്തിന്റെ ആദ്യ പതിറ്റാണ്ടായ 1991-–1992/1999-–2000 കാലത്ത് തൊഴിലവസര വർധനവ് പ്രതിവർഷം 1.54 ശതമാനമായി ചുരുങ്ങി. അടുത്ത പതിറ്റാണ്ടിലാണ് സാമ്പത്തിക വളർച്ചയുടെ വേഗത ഉച്ചസ്ഥായിയിലെത്തിയത്. പക്ഷേ, 1999-–2000/2009-–2010 കാലയളവിൽ തൊഴിലവസര വർധന 1.47 ശത മാനമായി വീണ്ടും കുറഞ്ഞു.
വേണമെങ്കിൽ ഇങ്ങനെ സംഭവിച്ചതിനു കാരണം 2008-–09 ൽ പൊട്ടിപ്പുറപ്പെട്ട ആഗോള മാന്ദ്യമാണ് എന്നൊക്കെ വാദിക്കാം. പക്ഷേ, മാന്ദ്യം കഴിഞ്ഞിട്ടും 2010നു ശേഷം തൊഴിലവസരങ്ങൾ പൂർവ്വസ്ഥിതിയിലേക്ക് ഉയർന്നില്ല എന്നു മാത്രമല്ല, പുതിയ തൊഴിലവസരങ്ങൾ ഏതാണ്ട് ഇല്ലാതാകുന്ന അവസ്ഥ വന്നു. കോവിഡ് കാലത്തെ നമ്മൾ പരിഗണിക്കുന്നില്ല. എന്നാൽപ്പോലും 2009–-10 മുതൽ 2017-–18 വരെയുള്ള കാലമെടുത്താൽ ദേശീയ തൊഴിലവസര വർധനവ് നാമമാത്രമായിരുന്നു. പ്രതിവർഷം 0.03 ശതമാനം വീതം. അങ്ങനെ നിയോലിബറൽ നയങ്ങൾ എത്തിച്ചേർന്നിരിക്കുന്നതു തൊഴിൽരഹിത വളർച്ചയുടെ ഘട്ടത്തിലാണ്.
1991നും 2011നും ഇടയ്ക്ക് കനേഷുമാരി കണക്കു പ്രകാരം കൃഷിക്കാരുടെ എണ്ണത്തിൽ 1.5 കോടി ഇടിവാണുണ്ടായത്. ഈ പശ്ചാത്തലത്തിൽ പാപ്പരായ ചെറുകിടക്കാർ കാർഷിക ഇതര മേഖലയിലേക്ക് കുടിയേറുന്നു. എന്നാൽ അവിടെ കാർഷിക മേഖലയിലുണ്ടാകുന്ന തകർച്ചയെ നികത്താനാകും വിധം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല.
റിസർവ് ബാങ്കിന്റെ കണക്കുകൾ ഇതിനേയും സാധൂകരിക്കുന്നുണ്ട്. 2004–-05നു ശേഷം കാർഷികമേഖലയിലെ തൊഴിലവസരങ്ങൾ കേവലമായിത്തന്നെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കാർഷിക ഇതര മേഖലയിലാണ് തൊഴിലവസര വർദ്ധനവുണ്ടാകുന്നത്. 1980കളിൽ 3.67 ശതമാനം വീതം പ്രതിവർഷം ഉയർന്നെങ്കിലും 1990കളിൽ അത് 3.05 ശതമാനമായി താഴ്ന്നു. 2000ങ്ങളിൽ അത് 3.6 ശതമാനമായി മെച്ചപ്പെട്ടെങ്കിലും 2009–-10/2017-–18 കാലയളവിൽ 2 ശതമാനമായി ഇടിഞ്ഞു.
പെരുകുന്ന തൊഴിലില്ലായ്മ
ഇതിന്റെ ഫലമായി ഔദ്യോഗിക കണക്കുകൾ പ്രകാരം തൊഴിലില്ലായ്‌മ പെരുകിക്കൊണ്ടിരിക്കുകയാണ്. 1973-–74ൽ തൊഴിലില്ലായ്മ നിരക്ക് അഖിലേന്ത്യാടിസ്ഥാനത്തിൽ 1. 25 ശതമാനമായിരുന്നു. പരിഷ്കാരങ്ങൾ ആരംഭിക്കുമ്പോൾ തൊഴിലില്ലായ്‌മ നിരക്ക് 2.85 ശതമാനമായി ഉയർന്നു. പിന്നീട് മോഡി സർക്കാർ അധികാരത്തിൽ വരുന്നതുവരെ ഏതാണ്ട് ഈ നിലയിൽ തൊഴിലില്ലായ്മ നിരക്ക് ചാഞ്ചാടി നിന്നു. എന്നാൽ 2017–-18ൽ തൊഴിലില്ലായ്മ നിരക്ക് 6.55 ശതമാനമായി ഉയർന്നു.
തുടർച്ചയായി തൊഴിലില്ലായ്‌മ വർദ്ധിച്ചപ്പോൾ പലരും തൊഴിൽ നേടാനുള്ള പരിശ്രമത്തിൽ നിന്നുതന്നെ പിന്മാറി. ഇതിന്റെ ഫലമായി ഇന്ത്യയുടെ തൊഴിൽപങ്കാളിത്ത നിരക്ക് ആഗോളവൽക്കരണ കാലഘട്ടത്തിൽ ഇടിയാൻ തുടങ്ങി. തൊഴിൽപങ്കാളിത്ത നിരക്ക് എന്നു പറഞ്ഞാൽ തൊഴിലെടുക്കുന്നവരു ടെയും തൊഴിലന്വേഷിക്കുന്നവരുടെയും മൊത്തം സംഖ്യയെ തൊഴിൽ പ്രായത്തിലുള്ളവരുടെ മൊത്തം എണ്ണം കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന ശതമാനമാണ്. 1990ൽ ലോകബാങ്കിന്റെ കണക്കു പ്രകാരം ഇന്ത്യയിലെ തൊഴിൽപങ്കാളിത്ത നിരക്ക് 58.4 ശതമാനം ആയിരുന്നു. 2018-ൽ ഇത് 49.8 ശതമാനമായി താഴ്ന്നു.
വളർച്ചാ നിരക്ക് കൂടിയെങ്കിലും തൊഴിലവസരങ്ങൾ കുറഞ്ഞു. തൊഴിൽപങ്കാളിത്തം തന്നെ ഇടിഞ്ഞു. ഇതാണ് തൊഴിൽമേഖലയിലെ നീക്കിബാക്കി. അപ്പോൾ ജനങ്ങളുടെ വരുമാനവിഹിതത്തിന് എന്തു സംഭവിച്ചുകാണുമെന്ന് ഊഹിക്കാൻ കഴിയുമല്ലോ? ♦