Sunday, May 12, 2024

ad

Homeഇവർ നയിച്ചവർസി ഒ പൗലോസ്‌ മാസ്റ്റർ: ഉന്നതനായ ട്രേഡ്‌ യൂണിയനിസ്റ്റ്‌

സി ഒ പൗലോസ്‌ മാസ്റ്റർ: ഉന്നതനായ ട്രേഡ്‌ യൂണിയനിസ്റ്റ്‌

ഗിരീഷ്‌ ചേനപ്പാടി

തൃശൂർ ജില്ലയിലെ സിപിഐ എമ്മിന്റെ സമുന്നത നേതാക്കളിലൊരാളായിരുന്നു സി ഒ പൗലോസ്‌ മാസ്റ്റർ. ട്രേഡ്‌ യൂണിയൻ രംഗത്തെ അതികായനായിരുന്ന അദ്ദേഹം ഒട്ടനവധി സമരങ്ങൾക്ക്‌ നേതൃത്വം നൽകി. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അസാധാരണമായ സാമർഥ്യമാണ്‌ അദ്ദേഹം പ്രകടിപ്പിച്ചത്‌.

കയ്‌പമംഗലത്ത്‌ ചാലിശ്ശേരി വീട്ടിൽ ഔസേപ്പിന്റെയും മറിയയുടെയും മകനായാണ്‌ പൗലോസ്‌ ജനിച്ചത്‌. മെട്രിക്കുലേഷൻ പാസ്സായതിനുശേഷം കോഴിക്കോട്ടായിരുന്നു ടിടിസി പഠിച്ചത്‌. ഈ കാലഘട്ടത്തിലാണ്‌ അദ്ദേഹം സോഷ്യലിസ്റ്റ്‌ ആശയങ്ങളിലും കമ്യൂണിസ്റ്റ്‌ ആശയങ്ങളിലും ആകൃഷ്‌ടനായത്‌. പാർട്ടി ക്ലാസിക്കുകൾ ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ തേടിപ്പിടിച്ച്‌ വായിച്ചു; അതിലെ ആശയങ്ങൾ അദ്ദേഹം സൂക്ഷ്‌മതയോടെ ഗ്രഹിച്ചു.

ടിടിസി പാസായ അദ്ദേഹം കൈപ്പമംഗലം സ്‌കൂളിൽ അധ്യാപകനായി. അധ്യാപകവൃത്തി അദ്ദേഹത്തിന്‌ താൽപര്യമുള്ള ജോലിയായിരുന്നെങ്കിലും തൊഴിലാളിവർഗത്തോടുള്ള പ്രതിബദ്ധതയും അനുതാപവും മൂലം അദ്ദേഹം ജോലി ഉപേക്ഷിച്ചു.

ചകിരി തൊഴിലാളികൾ, കോട്ടൺ മിൽ തൊഴിലാളികൾ തുടങ്ങിയവരെ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം രാപ്പകൽ ഭേദമില്ലാതെ അധ്വാനിച്ചു. അതിനുവേണ്ടി കഠിനമായ ത്യാഗം സഹിച്ചും അദ്ദേഹം പ്രവർത്തിച്ചു. മുതലാളിമാരുടെയും അവരുടെ ഗുണ്ടകളുടെയും ഭീഷണിയെ പുല്ലുപോലെ അദ്ദേഹം അവഗണിച്ചു. നാട്ടിക, കൊടുങ്ങല്ലൂർ എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ്‌ അദ്ദേഹം ആദ്യകാലങ്ങളിൽ പ്രവർത്തിച്ചത്‌.

1960ൽ അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായ പൗലോസ്‌ പാർട്ടിക്ക്‌ വേരോട്ടമുണ്ടാക്കുന്നതിന്‌ ഊർജസ്വലതയോടെ പ്രവർത്തിച്ചു. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ അസാമാന്യമായ മികവ്‌ പ്രദർശിപ്പിച്ച അദ്ദേഹം മികച്ച സംഘാടകൻ എന്ന നിലയിൽ വളരെവേഗം അംഗീകരിക്കപ്പെട്ടു. തൊഴിലാളികളെ രാഷ്‌ട്രീയബോധമുള്ളവരാക്കുന്നതിനായി. അവർക്ക്‌ ക്ലാസുകൾ കൊടുക്കാൻ അദ്ദേഹം മുൻനിന്ന്‌ പ്രവർത്തിച്ചു. പഠനക്ലാസുകൾ സംഘടിപ്പിക്കുന്നതിനും അവയിൽ നേതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. പാർട്ടി ക്ലാസുകളിലെ മികച്ച അധ്യാപകനായി മാറാനും അദ്ദേഹത്തിന്‌ സാധിച്ചു. സ്‌കൂൾ അധ്യാപകന്റെ ജോലി ഉപേക്ഷിച്ച്‌ അദ്ദേഹം തൊഴിലാളികളുടെയും ബഹുജനങ്ങളുടെയും അധ്യാപകനായി വളരെ വോഗം മാറി. പല തലമുറകളെ രാഷ്‌ട്രീയ അവബോധമുള്ളരാക്കി മാറ്റാൻ പൗലോസ്‌ മാസ്റ്റർക്ക്‌ കഴിഞ്ഞു. ഇടതു‐വലത്‌ വ്യതിയാനങ്ങൾക്കെതിരെ പാർട്ടി പ്രവർത്തകരെ ജാഗ്രതയുള്ളവരാക്കാൻ അദ്ദേഹം സവിശേഷമായ ശ്രദ്ധതന്നെ പ്രദർശിപ്പിച്ചു.

1964ൽ പാർട്ടി ഭിന്നിച്ചപ്പോൾ സിപിഐ എം പക്ഷത്ത്‌ അദ്ദേഹം ഉറച്ചുനിന്നു. അന്ന്‌ അച്യുതമേനോൻ ഉൾപ്പെടെ തൃശൂർ ജില്ലയിലെ പ്രമുഖ നേതാക്കളൊക്കെ സിപിഐ പക്ഷത്തായിരുന്നല്ലോ നിലയുറപ്പിച്ചിരുന്നത്‌. നാട്ടിക ഫർക്കയിൽ രൂപീകരിച്ച സിപിഐ എമ്മിന്റെ ഓർഗനൈസിംഗ്‌ കമ്മിറ്റി അംഗമായി പ്രവർത്തിച്ച അദ്ദേഹം സാധാരണ പാർട്ടി സഖാക്കളെയും അനുഭാവികളെയും സപിഐ എമ്മിനൊപ്പം നിർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. ശ്രീനാരായണപുരം മുതൽ ചേറ്റുവവരെയുള്ള ഭാഗം ഉൾപ്പെട്ടതായിരുന്നു നാട്ടിക ഫർക്ക.

നാട്ടിക മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്‌ കഠിനാധ്വാനം ചെയ്‌തു. നാട്ടിക നിയോജകമണ്ഡലത്തിൽ 1965ലും തുടർന്നു നടന്ന തിരഞ്ഞെടുപ്പുകളിൽ കൂടുതൽ വോട്ടുകൾ പാർട്ടിക്ക്‌ നേടാൻ കഴിഞ്ഞത്‌ പൗലോസ്‌ മാസ്റ്ററുടെ സമർപ്പണ മനോഭാവത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമായാണ്‌.

1970ൽ സിഐടിയു രൂപീകരിക്കപ്പെട്ടപ്പോൾ പൗലോസ്‌ ജില്ലാ ജോയിന്റ്‌ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്‌ ദീർഘകാലം സിഐടിയു ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം ജില്ലയിലെ ട്രേഡ്‌ യൂണിയനുകൾക്കെല്ലാം മാർഗദർശിയായി. ഓരോ തൊഴിൽമേഖലയിലെയും പ്രശ്‌നങ്ങൾ സവിസ്‌തരം പഠിച്ച്‌ തൊഴിലാളികൾക്ക്‌ ലഭിക്കേണ്ട ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ അദ്ദേഹം പ്രത്യേക സാമർഥ്യം പ്രകടിപ്പിച്ചു. സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്ന അദ്ദേഹം ആ നിലപാടിലെ ശരി മറ്റുള്ളവരെക്കൊണ്ട്‌ അംഗീകരിപ്പിക്കുന്നതിൽ വിജയിച്ചിരുന്നു. തൊഴിലാളിവർഗത്തോടുള്ള പ്രതിബദ്ധതയാണ്‌ അതിന്‌ അദ്ദേഹത്തിന്‌ കരുത്തേകിയത്‌. നാലു പതിറ്റാണ്ടിലേറെക്കാലം ട്രേഡ്‌ യൂണിയൻ പ്രക്ഷോഭങ്ങളുടെ ജില്ലയിലെ മുൻനിരക്കാരനായി നിലകൊള്ളാൻ അദ്ദേഹത്തിന്‌ സാധിച്ചതിന്റെ കാരണവും മറ്റൊന്നല്ല.

അടിയന്തരാവസ്ഥക്കാലത്ത്‌ അദ്ദേഹം ഒളിവിലിരുന്നാണ്‌ പാർട്ടി പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌. സിപിഐ എം പ്രവർത്തകരെയും അനുഭാവികളെയും കർമനിരതരാക്കുന്നതിനും അദ്ദേഹത്തിന്റെ ധീരമായ നേതൃത്വത്തിന്‌ സാധിച്ചു. പൊലീസ്‌ ഭീകരതയെ ചെറുത്തുതോൽപ്പിക്കുന്നതിനും സാധാരണ പ്രവർത്തകർക്ക്‌ ആത്മവിശ്വാസം പകർന്നു നൽകുന്നതിനും പൗലോസ്‌ മാസ്റ്റർക്ക്‌ പ്രത്യേക നൈപുണ്യം തന്നെ ഉണ്ടായിരുന്നുവെന്ന്‌ സമകാലികർ രേഖപ്പെടുത്തിയിട്ടുണ്ട്‌.

ടെക്‌സ്‌റ്റൈൽ വർക്കേഴ്‌സ്‌ ഫെഡറേഷന്റെയും ആഭരണനിർമാണ തൊഴിലാളി യൂണിയന്റെയും സംസ്ഥാന പ്രസിഡന്റായി ദീർഘകാലം അദ്ദേഹം പ്രവർത്തിച്ചു. 1991ൽ ആണല്ലോ ജില്ലാ കൗൺസിലുകളിലേക്ക്‌ ആദ്യം തിരഞ്ഞെടുപ്പ്‌ നടന്നത്‌. കയ്‌പമംഗലം വാർഡിൽനിന്ന്‌ പൗലോസ്‌ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നിരവധി വികസനപ്രവർത്തനങ്ങൾക്ക്‌ രൂപകൽപന നൽകുന്നതിന്‌ നിർണായക പങ്കുവഹിച്ചു. എന്നാൽ 1991ൽ അധികാരത്തിൽ വന്ന യുഡിഎഫ്‌ സർക്കാർ ആദ്യം ജില്ലാ കൗൺസിലുകളുടെ അധികാരം കവർന്നെടുത്തു; താമസിയാതെ കൗൺസിലുകൾ പിരിച്ചുവിടുകയും ചെയ്‌തു. അധികാരവികേന്ദ്രീകരണരംഗത്ത്‌ ഉജ്വല സംഭാവന ചെയ്യാൻ കഴിയുമായിരുന്ന ജില്ലാ കൗൺസിലുകളെ പിരിച്ചുവിട്ടതിലൂടെ വലിയ ജനാധിപത്യഹത്യയാണ്‌ കരുണാകരൻ സർക്കാർ ചെയ്‌തതെന്ന്‌ ഡോ. കെ എൻ രാജിനെപ്പോലെ പല പ്രമുഖരും നിരീക്ഷിച്ചിട്ടുണ്ട്‌.

1991ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അന്നത്തെ മുകുന്ദപുരം പാർലമെന്റ്‌ മണ്ഡലത്തിലേക്ക്‌ എൽഡിഎഫ്‌ സ്ഥാനാർഥിയായി നിയോഗിക്കപ്പെട്ടത്‌ പൗലോസ്‌ മാസ്റ്ററായിരുന്നു.

1998ൽ രാജ്യസഭയിലേക്ക്‌ പൗലോസ്‌ മാസ്റ്റർ തിരഞ്ഞെടുക്കപ്പെട്ടു. ചുരുങ്ങിയ ഒരു ഇടവേളയേ അദ്ദേഹത്തിന്‌ ലഭിച്ചുള്ളൂവെങ്കിലും പല ചർച്ചകളിലും പങ്കെടുത്ത്‌ ശ്രദ്ധേയനാകാൻ അദ്ദേഹത്തിന്‌ സാധിച്ചു. ബില്ലുകളുടെ ചർച്ചകളിൽ അദ്ദേഹം ശരിക്കു ശോഭിച്ചു. പ്രശ്‌നങ്ങളെ സമഗ്രമായി പഠിക്കാനും ആകർഷകമായ രീതിയിൽ അവതരിപ്പിക്കാനുമുള്ള സ്വതസിദ്ധമായ അദ്ദേഹത്തിന്റെ ശേഷി തുണയായി. സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങൾ സഭയിൽ അവതരിപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു. നാടിന്റെ പൊതുവായ വികസനപ്രവർത്തനങ്ങളിൽ പ്രത്യേകമായ കാഴ്‌ചപ്പാടുണ്ടായിരുന്ന അദ്ദേഹം പല വികസനപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.

2006ലെ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ അദ്ദേഹം ഔഷധിയുടെ ചെയർമാനായി പ്രവർത്തിച്ചു. ഔഷധിയുടെ നവീകരണത്തിനും വികസനത്തിനും നിർണായകമായ ഇടപെടലാണ്‌ അദ്ദേഹം ചെയർമാൻ എന്ന നിലയിൽ നടത്തിയത്‌.

പാർട്ടി ഏൽപ്പിച്ച ഏതു ജോലിയും കണിശതയോടെയും കൃത്യതയോടെയും ചെയ്‌ത പൗലോസ്‌ മാസ്റ്റർ പൊതുപ്രവർത്തകർക്കാകെ മാതൃകയായിരുന്നു.

യുവതലമുറയ്‌ക്ക്‌ രാഷ്‌ട്രീയ വിദ്യാഭ്യാസം നൽകുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്ന മാസ്റ്റർ ട്രേഡ്‌ യൂണിയൻ പ്രവർത്തകരുടെയും പാർട്ടി പ്രവർത്തകരുടെയും അധ്യാപകനായിരുന്നു. പാർട്ടി കാലാകാലങ്ങളിലെടുക്കുന്ന നിലപാടുകളെ കൃത്യതയോടെയും സൂക്ഷ്‌മതയോടെയും വിശദീകരിക്കുന്നതിൽ അദ്ദേഹത്തിന്‌ പ്രത്യേക പാടവം തന്നെയുണ്ടായിരുന്നതായി തൃശൂർ ജില്ലയിൽനിന്നുള്ള പാർട്ടി പ്രവർത്തകർ നന്ദിയോടെ അനുസ്‌മരിക്കുന്നു.

2013 മാർച്ച്‌ 13ന്‌ സി ഒ പൗലോസ്‌ മാസ്റ്റർ അന്ത്യശ്വാസം വലിച്ചു. ഭാസ്‌കലിനയാണ്‌ ജീവിതപങ്കാളി. ജെന്നി, ജ്യോതി, ജാനറ്റ്‌ എന്നിവരാണ്‌ മക്കൾ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × four =

Most Popular