കെനിയയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ കഴിഞ്ഞ ഏതാനും ആഴ്‌ചകളായി പ്രക്ഷോഭത്തിലാണ്. പ്രതിഷേധപ്രകടനങ്ങൾക്കപ്പുറം പണിമുടക്കിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഈ ആഫ്രിക്കൻ രാജ്യത്തിലെ ആരോഗ്യപ്രവർത്തകർ. ഇന്റേൺഷിപ്പിലുള്ളവർക്ക് നിയമനം, പോസ്റ്റ് ഗ്രാജ്വേറ്റുകാരുടെ വേതനം, പൊതുവിൽ ആരോഗ്യപ്രവർത്തകരുടെ ശന്പളം തുടങ്ങിയ വിഷയങ്ങളുന്നയിച്ചാണ് അവർ പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്.
പ്രസിഡന്റ് വില്യം റൂട്ടോയുടെ ഗവൺമെന്റ് രാജ്യത്തെ ആരോഗ്യപ്രവർത്തകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ചർച്ചയിലൂടെ രമ്യമായി പരിഹരിക്കുന്നതിനല്ല, മറിച്ച് പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള നീക്കം നടത്തിയതാണ് പ്രക്ഷോഭത്തിൽ അണിനിരന്നവരെ പ്രകോപിപ്പിച്ചത്. 2024 ഫെബ്രുവരി 29ന് കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിൽ കെനിയ മെഡിക്കൽ പ്രാക്ടീഷണേഴ്‌സ്, ഫാർമസിസ്റ്റ്‌സ് ആൻഡ് സയന്റിസ്റ്റ്‌സ് യൂണിയൻ (KMPDU) നേതൃത്വത്തിൽ നടത്തിയ പ്രകടനത്തെ പൊലീസിനെ ഉപയോഗിച്ച് മർദിച്ചൊതുക്കാൻ ശ്രമിച്ചതോടെയാണ് പ്രക്ഷോഭം കൂടുതൽ ശക്തിയാർജിച്ചത്.
പൊലീസ് ടിയർ ഗ്യാസ് ഷെല്ല് പൊട്ടിച്ചപ്പോൾ കെഎംപിഡിയുവിന്റെ സെക്രട്ടറി ജനറൽ ദാവ്‌ജി ഭീംജി അത്തേലയുടെ തലയ്‌ക്ക് ഗുരുതരമായ പരിക്കേൽക്കുകയുണ്ടായി. ടിയർ ഗ്യാസ് പ്രയോഗിച്ചതിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട 25ൽ അധികം പ്രകടനക്കാർക്കാണ് പരിക്കേൽക്കുകയുണ്ടായത്. അത്തേലയെ ആശുപത്രിയിൽ പ്രഗവശിപ്പിച്ചെങ്കിലും പരിക്കേറ്റ മറ്റുള്ളവർക്ക് സ്വന്തം നിലയിൽ ചികിത്സ തേടേണ്ടതായി വന്നു.
ഗവൺമെന്റിന്റെ ഈ സമീപനം കൂടുതൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് നീങ്ങാൻ യൂണിയനെ നിർബന്ധിതമാക്കി. മാർച്ച് 4ന് നടന്ന പ്രതിഷേധപ്രകടനം കൂടുതൽ പങ്കാളിത്തത്തോടെയായിരുന്നു. ആഫ്രിക്കൻ വൻകരയിലെ വിവിധ രാജ്യങ്ങളിലെ ആരോഗ്യപ്രവർത്തകരുടെ സംഘടനകളും ഇതര ട്രേഡ് യൂണിയനുകളും കെനിയയിലെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തുവന്നു. പുറമേ, ഇന്റർനാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസും ഈ സമരത്തിന് പിന്തുണയുമായെത്തി.
പ്രസിഡന്റ് വില്യം റൂട്ടോയുടെ ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങളുടെ പ്രതിഫലനമാണ് ആരോഗ്യരംഗത്തെ ജീവനക്കാരോടുള്ള സമീപനത്തിൽ കാണുന്നത്. നാഷണൽ അസംബ്ലിക്ക് മാർച്ച് നാലിന് കെഎംപിഡിയു നൽകിയ ഹർജിയിൽ കെനിയയിലെ ആരോഗ്യമേഖല നേരിടുന്ന പ്രതിസന്ധിയിലേക്കും പ്രശ്‌നങ്ങളിലേക്കും വിരൽചൂണ്ടിയിട്ടുണ്ട്.
മറ്റു ആഫ്രിക്കൻ രാജ്യങ്ങളെയുംകാൾ രോഗി‐സ്റ്റാഫ് അനുപാതം കെനിയയിൽ കൂടുതലാണെന്ന് ഗവൺമെന്റ് വാദിക്കുമ്പോഴും സാർവദേശീയ നിലവാരത്തിന്റെ അയലത്തുപോലും എത്തിന്നില്ലെന്നതാണ് വസ്‌തുത. രണ്ടായിരത്തിലധികം റസിഡന്റ് ഡോക്ടർമാരുടെയും 1000ത്തിലധികം ഫാർമസിസ്റ്റുകളുയെടും 38,000 നേഴ്‌സുമാരാുടെയും കുറവുള്ളതായി കെനിയയിലെ ആരോഗ്യമന്ത്രാലയം തന്നെ സമ്മതിക്കുന്നുണ്ട്. എന്നാൽ ആ കുറവ് നികത്താനല്ല ഏറ്റവും പിന്നണിയിലുള്ള രാജ്യങ്ങളുടെ സ്ഥിതി ചൂണ്ടിക്കാണിച്ച് ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നത്. സർക്കാരിന്റെ ഈ നിലപാട് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യപരിചരണത്തെതന്നെ പ്രതികൂലമായി ബാധിക്കുകയാണ്. അങ്ങനെ കെനിയയിലെ ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ഈ സമരം ജനങ്ങൾക്കുവേണ്ടി കൂടിയുള്ള സമരമാണ്. അതുകൊണ്ടുതന്നെ ശക്തമായ ഈ സമരത്തിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.
വില്യം റൂട്ടോയുടെ ഗവൺമെന്റ് ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും നിർദേശങ്ങൾ ശിരസാവഹിച്ച് ചെലവുചുരുക്കൽ നടപടികളിലൂടെ സേവനമേഖലകളിൽനിന്ന് പിൻവാങ്ങാനുള്ള നീക്കമാണ് നടത്തുന്നത്. പ്രതിദിനം ഒരു ഡോളർപോലും വരുമാനമില്ലാത്തവരെ തന്നെ ഞെക്കിപ്പിഴിഞ്ഞ് നികുതിവരുമാനം കൂട്ടാനുള്ള നടപടിയും ഈ നയത്തിന്റെ ഭാഗമായി സ്വീകരിച്ചുവരുന്നു. ഐഎംഎഫിൽനിന്ന് കെനിയ വാങ്ങിയ 350 കോടി ഡോളറിന്റെ വായ്‌പയുടെ വ്യവസ്ഥപ്രകാരമാണ് ഇത്തരം കാര്യങ്ങൾ നടപ്പാക്കുന്നത്. കെനിയയിലെ 75 ശതമാനം ജനങ്ങളും തന്മൂലം കടുത്ത ദുരിതത്തിലകപ്പെട്ടിരിക്കുകയാണ്. ആ നിലയിൽ അതിനെതിരെക്കൂടിയുള്ള ജനകീയ സമരമായി ആരോഗ്യമേഖലയിലെ സമരം വികസിക്കുകയാണ്. ♦