സൗഹൃദങ്ങളുടെ ആഴങ്ങളിലേക്ക് പതിച്ചവർക്ക് കയറിവരാൻ ഒരു വടവും മതിയാവില്ല. അത്രമേൽ തീവ്രമാണ് ബാല്യകൗമാരങ്ങളും യുവത്വവും ഒന്നിച്ചു പിന്നിട്ടവർക്ക്. എന്നാൽ നമുക്കൊരു യാത്ര പോയാലോ എന്ന് ചിന്തിക്കാത്ത ഒരു ചങ്ങാതിക്കൂട്ടവും ഈ ദുനിയാവിലുണ്ടവില്ല. അങ്ങനെ ചിന്തിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്‌ത ഒരു ആൺസംഘത്തിന്റെ ദുരന്താനുഭവത്തെ മുൻനിർത്തിയാണ് ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചലച്ചിത്രം കെട്ടിപ്പൊക്കിയിരിക്കുന്നത്.
‘സർവൈവൽ ഡ്രാമ’ എന്ന ഗണത്തിലാണ് ഈ സിനിമ ഉൾപ്പെടുന്നത്. ഇക്കാലത്ത് സിനിമ കേവലം സിനിമ മാത്രമായി നിലനിൽക്കുന്നില്ല. ഇന്ത്യയിലെ ജാതിവ്യവസ്ഥയ്‌ക്ക് സമാനമായി ലോക സിനിമാ മുതലാളിമാർ അമ്പതിലേറെ ഗണങ്ങളായി (genre) തരംതിരിച്ചിട്ടുണ്ട്. ഉത്തരാധുനികത മനുഷ്യാവിഷ്‌കരങ്ങളെ ബൃഹദാഖ്യാനങ്ങളിൽ നിന്നും മോചിപ്പിച്ച് ‘തുണ്ടു തുണ്ടാക്കി’ യതിനു നിദാനമാണ് ഈ ഗണംതിരിക്കലും.
കൊച്ചിക്കടുത്തുള്ള ഒരു ഗ്രാമമാണ് മഞ്ഞുമ്മൽ. അവിടെ പ്രവർത്തിച്ചിരുന്ന യുവാക്കളുടെ കലാസമിതി രണ്ടായി പിരിഞ്ഞു. അവർ തമ്മിൽ കണ്ടാൽ തല്ലുന്നവരായിത്തീർന്നു. ക്ഷണിക്കാത്ത വിവാഹത്തിനെത്തി അലമ്പുണ്ടാക്കൽ അവരുടെ വിനോദങ്ങളിലൊന്നാണ്. അത്തരമൊരു ‘വിവാഹപ്പാർട്ടി’ക്കിടെയാണ് നാം ഈ മഞ്ഞുമ്മൽകാരെ കാണുന്നത്. വിവേകശാലിയും സമരസപ്പെടലിന്റെ ഉസ്‌താദുമായ സിജു ഡേവിസ് എന്ന കുട്ടന്റെ (സൗബിൻ ഷാഹിർ) നേതൃത്വത്തിലുള്ള ‘ടീംസ്’ എതിരാളികളുമായി വടംവലിച്ച് തോറ്റമ്പുന്നു.
യാത്രപോയി വന്ന ഒരു ‘ടീംസിന്റെ’ ചിത്രം കാണാനിടയായ കുട്ടന്റെ കൂട്ടർ ഷെയറിട്ട് ഒരു യാത്രപോകുന്നു. കാശില്ലാത്തതു കാരണം ‘പതുങ്ങിയ’ സുഭാഷിനെ വീട്ടിൽനിന്നും ‘പൊക്കി’ ഒപ്പം കൂട്ടി. കൊടൈക്കനാലിലേക്ക് പളനി വഴിയാണ് യാത്ര. യുവസംഘങ്ങൾക്കൊപ്പം യാത്ര പോയിട്ടുള്ളവർക്കറിയാം സഞ്ചാരത്തിന്റെ താളവും ഓരോ ഇഞ്ചിലും അന്തർലീനമായ ആഹ്ലാദങ്ങളും. യാത്ര ഇവിടെ ഒരു നെടുങ്കൻ ആഖ്യാനമല്ല, ശ്ലഥാനുഭവങ്ങളുടെ സാകല്യമാണ്. അതിസൂക്ഷ്‌മമായി ചിത്രത്തിന്റെ ‘ബിൽഡപ്പ്’ നിർവഹിക്കാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. വളരെ സ്വാഭാവികമായും നൈസർഗികമായും അവരുടെ കൊടൈക്കനാൽ നിമിഷങ്ങൾ കടന്നുപോകുന്നു.
കൊടൈക്കനാൽ ‘എക്‌സ്‌പ്ലോർ’ ചെയ്യവെ അവർ ഗുണ കേവിനെപ്പറ്റി അറിയുന്നു. 1991ൽ സന്താനഭാരതിയുടെ സംവിധാനത്തിൽ കമൽഹാസൻ അഭിനയിച്ച ചിത്രമാണ് ഗുണ. മുപ്പതുവർഷങ്ങൾക്കിപ്പുറവും ഗുണയിലെ രംഗങ്ങൾ പാട്ടുകളായും ‘റീലു’കളായും ‘റിവൈവലുകളായും’ ‘കവറു’കളായും പബ്ലിക് മെമ്മറിയിൽ നിറഞ്ഞുനിൽപുണ്ട്. ‘കൺമണീ അൻപോടു കാതലൻ നാൻ എഴുതും കടിതമേ…’ എന്ന ഗാനം ചിത്രീകരിക്കപ്പെടും വരെ ഗുണ കേവ്‌സ് ഡെവിൾസ് കിച്ചൺ അഥവാ ചെകുത്താന്റെ അടുക്കള എന്നാണത്രെ അറിയപ്പെട്ടിരുന്നത്.
വിലക്കുകളും മുന്നറിയിപ്പുകളും ലംഘിച്ച്, തുറന്നുകിട്ടിയ ആദ്യ അവസരത്തിൽതന്നെ യാത്രാസംഘം ഗുണാ കേവ് അന്വേഷിച്ച് പുറപ്പെട്ടു. അപകടമുനമ്പിൽ അവർ മഞ്ഞച്ചായത്തിൽ കുറിച്ചിട്ടു ‘മഞ്ഞുമ്മൽ ബോയ്‌സ്’. പറന്നുയരുന്ന വാവലുകളുടെ ചിറകടിമുഴക്കത്തിൽ കാറ്റിന്റെ ഹുങ്കാരവത്തിൽ കരിയിലയനക്കങ്ങളിൽ യാത്രാസംഘത്തിന്റെ കൂകിവിളികൾ തെല്ലുനേരം നിശബ്ദമാകുന്നു. എല്ലാ ശബ്ദങ്ങൾളും നിലച്ചപോലെ. കൂട്ടത്തിലൊരുവനെ കാണുന്നില്ല. കരിയിലകൾ മൂടിക്കിടന്ന ഗുഹാമുഖത്തിലൂടെ അവൻ അഗാധഗർത്തത്തിലേക്ക് പതിച്ചിരിക്കുന്നു. അത് സുഭാഷാണെന്നവർ തിരിച്ചറിഞ്ഞു. അവൻ ചിലപ്പോൾ പതുങ്ങിയിരിക്കുകയാവും. cut into: സാറ്റുകളിക്കുന്ന കുട്ടികൾ. വ്യാവസായികത്തകർച്ചയുടെ തിരുശേഷിപ്പിനിടയിൽ സുഭാഷ് എന്ന കുട്ടി ഒളിക്കുന്നു. കിണർപോലുള്ള ടാങ്കിനുള്ളിലിരുന്നവൻ മരത്തലപ്പുകൾ നിറഞ്ഞ ആകാശം കാണുന്നു. ‘സുഭാഷേ നീ ജയിച്ചെടാ… ഇറങ്ങിവാടാ’ എന്ന് കൂട്ടുകാർ വിളിക്കുന്നതു കേൾക്കുന്നു. ഈ സിനിമയിലെ ഏറ്റവും അർഥപൂർണമായ രംഗം. എഡിറ്റിങ്ങ് സിനിമയുടെ ജീവനായ നിമിഷം.
സ്‌തംഭിച്ചുപോയ കൂട്ടുകാർ ചന്നംപിന്നം ഓടി. ആരു സഹായിക്കും. അപരിചിതമായ ആ സ്ഥലത്ത് ഭാഷ‐ദേശങ്ങൾക്കപ്പുറം ചില മനുഷ്യർ സഹായത്തിനെത്തി. അവർ പറഞ്ഞു: ഗുഹയ്‌ക്കുള്ളിലേക്ക് ഇറങ്ങിപ്പോയവരാരും കയറിവന്നിട്ടില്ല. നിങ്ങൾ തിരികെ പോവുക.
സഹായമഭ്യർഥിച്ച് പൊലീസ് സ്‌റ്റേഷനിൽ എത്തുന്ന കൂട്ടുകാർ ഭരണസംവിധാനങ്ങളുടെ മരവിപ്പ് അറിയുന്നു. മുന്നറിയിപ്പുകൾ ലംഘിച്ച് ഗുഹാമുഖത്ത് പോയതിനും കൂട്ടുകാരനെ ‘കൊന്നതി’നും പൊതിരെ തല്ലുവാങ്ങി അവർ ഭരണകൂടത്തെ തൊട്ടറിയുന്നു.
മെല്ലെയെങ്കിലും നിയമസംവിധാനങ്ങൾ ഉണർന്നു. ഫയർ ആൻഡ് റസ്‌ക്യൂ ടീം എത്തി. എന്നാൽ എല്ലാം ജോലിചെയ്‌തു തീർക്കൽ മാത്രം. വീണവനെ വീണ്ടെടുക്കാനാവില്ലെന്ന് അവർക്കറിയാം. കൂട്ടുകാരനെ കൂട്ടാതെ മടങ്ങില്ലെന്ന വാശിക്കു മുന്നിൽ ഉദ്യോഗസ്ഥർ ചടങ്ങുകൾ ചെയ്യുന്നു. മീനിനെ ചൂണ്ടയിട്ടു പിടിക്കുന്നതുപോലെ ഗുഹയ്‌ക്കുള്ളിലേക്ക് വടമിറക്കുന്നു. താഴെയുള്ളവന്റെ നിലവിളി അവർ കേട്ടു. മരണഭയത്താൽ പൊലീസുകാരും ഫയർ ആൻഡ് റസ്‌ക്യൂ ടീമും പിന്നോട്ടു വലിഞ്ഞപ്പോൾ കുട്ടൻ വടത്തിൽ തൂങ്ങി താഴേക്കിറങ്ങാൻ സന്നദ്ധനായി. അതനുവദിക്കാനും ഉദ്യോഗസ്ഥർ തയ്യാറാകാത്തപ്പോൾ സാധാരണ മനുഷ്യരിൽ ചിലർ ഇടപെട്ടു. സർ, നിങ്ങൾക്ക് ഇതു ജോലി മാത്രം. അവർക്ക് ജീവനാണ് താഴെ. അവരെ അനുവദിക്കൂ.
മുൻകൂട്ടി അറിയാവുന്ന സംഭവങ്ങൾ; പരിണാമഗുപ്‌തി. എന്നിട്ടും പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കുകയെന്ന ശ്രമകരമായ ജോലി വടത്തിൽ തൂങ്ങി കൂട്ടുകാരനെ രക്ഷിക്കുംപോലെ തന്നെ ശ്രമകരമാണ്. ആ ഘട്ടം സംവിധായകൻ കടന്നുകൂടി. ഗുണ കേവ്‌സിന്റെ ബാഹ്യതലങ്ങളും സുഭാഷ് വീണുപോകുന്ന അഗാധ ഗർത്തവും സെറ്റേത് യാഥാർഥ്യമേത് എന്ന് തിരിച്ചറിയാനാവാത്ത വിധത്തിൽ അനുഭവവേദ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
ബാല്യകാലസംഭവങ്ങൾ വർത്തമാന സാഹചര്യത്തിനൊപ്പം ചേർത്തുവെക്കുമ്പോഴുണ്ടാകുന്ന സാരസ്യം ശ്രദ്ധേയമായി. റസ്‌ക്യൂ ഓപ്പറേഷൻ രംഗങ്ങൾ കുറ്റമറ്റ രീതിയിൽ നിർവഹിക്കപ്പെട്ടു. എങ്കിലും ആ ഘട്ടങ്ങൾ വല്ലാതെ ഇഴയുന്നതായി അനുഭവപ്പെട്ടു. യഥാർഥത്തിൽ നടന്ന സംഭവം എന്നത് സിനിമയെ ഒരുതരത്തിലും ബാധിക്കുന്ന ഒന്നല്ല. യാഥാർഥ്യങ്ങൾ പുനരാവിഷ്‌കരിക്കപ്പെടുമ്പോൾ അത് കല മാത്രമായിത്തീരുന്നു. പിന്നീട് ബാക്കിയാവുന്നത് കഥയിലെ യാഥാർഥ്യബോധം മാത്രമാകുന്നു. അതുകൊണ്ടുതന്നെ യഥാർഥ മഞ്ഞുമ്മൽ ബോയ്‌സ് അനുഭവിച്ചതിന്റെ ഫോട്ടോ കോപ്പിയാക്കാൻ നടത്തിയ ശ്രമങ്ങൾ വാസ്‌തവത്തിൽ കലാത്മകതയുടെ ആഴം കുറയ്‌ക്കുകയാണ് ചെയ്‌തത്.
ഈ സിനിമയുടെ ഏറ്റവും സവിശേഷമായ ഘടകമായി അനുഭവപ്പെട്ടത് മുഖങ്ങളുടെ തമസ്‌കരണമാണ്. ഒരു ടീമിലെ എല്ലാ അംഗങ്ങളും ഫ്രെയിമിനുള്ളിലാണെങ്കിലും ആരും സവിശേഷമായി അടയാളപ്പെടുത്തപ്പെടുന്നില്ല. കൂട്ടത്തിൽപെട്ടവർ ഓരോരുത്തരും ഓരോതരം ചേഷ്‌ടകളാൽ നയിക്കപ്പെടുന്നവരാണെങ്കിലും അതൊന്നും തന്നെ മുഴച്ചുനിൽക്കുന്നില്ല. പത്തുപേരും ഏറെക്കുറെ ഒറ്റ കഥാപാത്രമായതുപോലെ.
ഒരു സിനിമ രൂപപ്പെടുന്നത് എഡിറ്ററുടെ കൈകളിലൂടെയാണെങ്കിൽ ഈ സിനിമ വിവേക് ഹർഷന്റേതാണ്. കാടിന്റെ ചന്തത്തിലേക്ക് വഴുതിവീഴൽ ഈ സിനിമയുടെ വിഷയമല്ല. അതുകൊണ്ട് സ്‌റ്റിൽ ഫോട്ടോഗ്രഫിയുടെ ഫ്രെയിമിലെന്ന പോലെ മിന്നിമറഞ്ഞുപോകുന്ന കുറിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ ‘മൂഡ് സെറ്റ്’ ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചു.
ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിർവഹിച്ചത്. മുഖ്യ പ്രമേയത്തിനിണങ്ങുന്ന കളർ ടോണും ഭീതിയുടെ ദൃശ്യവൽക്കരണവും ഗംഭീരമായി. നിഴലിലേക്കും ഇരുട്ടിലേക്കും വിടവുകൾക്കിടയിലൂടെ തിരിച്ചെത്തുന്ന വെട്ടം. മുകളിൽനിന്നും താഴേക്കും താഴെനിന്നും മുകളിലേക്കുമുള്ള ദൂരത്തിന്റെ അളവുകോലുകൾ ദ്വിമാനതയുടെ പരിമിതികൾക്കുള്ളിൽ നിന്നും ചിത്രീകരിച്ച് പ്രേക്ഷകരുടെ മനസുമായി പ്രതിപ്രവർത്തിച്ച് യാഥാർഥ്യ പ്രതീതിയുണ്ടാക്കണമെങ്കിൽ നല്ല ശ്രദ്ധ വേണം. ആ ശ്രദ്ധ ഈ സിനിമയിൽ കാണുന്നു.
ഈ സിനിമയുടെ മറ്റൊരു സവിശേഷതയായി തോന്നുന്നത് അതിലെ കഥാപാത്രങ്ങളുടെ തൊഴിലാളിവർഗ പശ്ചാത്തലമാണ്. ഇൻഡസ്‌ട്രിയൽ നഗരത്തിൽ പലതരം തൊഴിലെടുത്ത് ഉപജീവനം നയിക്കുകയും വർഗബോധം പകരുന്ന സുദൃഢ ഐക്യം ഉള്ളിൽ പേറുന്നവരുമാണ് കഥാപാത്രങ്ങൾ. അവർ പങ്കിടുന്ന സൗഹൃദങ്ങളും ഇല്ലായ്‌മകളും ഒരു വർഗ പരിപ്രേക്ഷ്യത്തിൽ അവതരിപ്പിച്ചത് യാദൃഞ്ഛികമായി സംഭവിച്ചതല്ല. സ്‌ത്രീകഥാപാത്രങ്ങൾ ഈ സിനിമയിൽ വിരള സാന്നിധ്യമാണ്. അൽപനേരം മാത്രമേ ദൃശ്യപ്പെടുന്നുള്ളുവെങ്കിലും സുഭാഷിന്റെ അമ്മ ശക്തമായ ഒരു കഥാപാത്രമാണ്. മകനെ കൊണ്ടുപോയി അപകടപ്പെടുത്തിയതിന്റെ പേരിൽ കുട്ടനെ ശാസിക്കുന്ന അവർ, അവൻ തന്റെ ജീവൻ കൊടുക്കാൻ തയ്യാറായതിനാൽ മാത്രമാണ് മകനെ തിരിച്ചു കിട്ടിയതെന്നറിയുമ്പോൾ വരുന്ന ഭാവമാറ്റം അതുല്യമാണ്.
ജാനേമൻ എന്ന ചിത്രത്തിനുശേഷം വിശദാംശങ്ങളിൽ സൂക്ഷ്‌മത വരുത്തി കാലത്തോടും സ്ഥലത്തോടും നീതി പുലർത്തി തയ്യാറാക്കിയ മഞ്ഞുമ്മൽ ബോയ്‌സിന്റെ പേരിൽ ചിദംബരത്തിന് അഭിമാനിക്കാം. ഭാഷാതിർത്തികൾ ഭേദിച്ച് സഞ്ചരിക്കുന്ന ഗുണയിലെ ഗാനശകലം ഈ സിനിമയുടെ അന്ത്യഭാഗത്ത് വിളക്കിച്ചേർത്തതു വഴി തമിഴും മലയാളവും തമ്മിൽ പങ്കിടുന്ന പൊതു ഭാഷാ വൈകാരികതയെ സ്‌പർശിക്കാനായി. അതിർത്തികൾ കടന്നുപോകുമ്പോഴാണ് യാത്രകൾ യാത്രകളാകുന്നത്. എല്ലാത്തരം ഇടുങ്ങിയ വികാരങ്ങളെയും ഭേദിക്കാനാകുന്ന ഈ സിനിമയെ തമിഴകം കൂടി നെഞ്ചേറ്റിയത് മറ്റൊരു കാരണത്താലാവില്ല. ♦