വിപ്ലവപാതയിലെ ആദ്യപഥികർ‐ 24
എളയാവൂർ പഞ്ചായത്തിലെ അതിരകത്തെ ഒരധ്യാപിക, ഒരു വീട്ടമ്മ‐കേരളത്തിലെ പുരോഗമന മഹിളാപ്രസ്ഥാനത്തിന്റെ ആദ്യത്തെ നായികമാരിലൊരാളായ വി.പി.ദേവകിയമ്മ. തൊള്ളായിരത്തിമുപ്പതുകളിലും പ്രക്ഷുബ്ധമായ നാൽപതുകളിലും മലബാറിൽ മഹിളാപ്രസ്ഥാനവും കർഷകസംഘവും കമ്യൂണിസ്റ്റ് പാർട്ടിയും കെട്ടിപ്പടുക്കാൻ ദേവകിയും കുടുംബവും ത്യാഗോജ്ജ്വലമായ പ്രവർത്തനമാണ് നടത്തിയത്. സഖാവ് പി.കൃഷ്ണപിള്ള മുപ്പതുകളുടെ ആദ്യം കണ്ണൂരിൽ കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ചപ്പോൾ ദേവകിയുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയായിരുന്നു. ദേവകിയും ഭർത്താവ് അഡ്വ. കെ കെ നായരും ദേവകിയുടെ അർധസഹോദരനായ വി.പി.നാരായണനും കൃഷ്ണപിള്ളയുടെ സഹോദരങ്ങളെപ്പോലെയായിരുന്നു. വിവാഹിതനായി ഭാര്യ തങ്കമ്മയെയുംകൂട്ടി കണ്ണൂരിൽ വന്നപ്പോഴണ് കൃഷ്ണപിള്ള കക്കാട്ട് ഒരു വീട് വാടകക്കെടുത്ത് താമസമാക്കിയത്. അതിന് മുമ്പ് കണ്ണൂരിൽ വന്നാൽ ഒന്നുകിൽ യൂണിയൻ ഓഫീസ്, അതല്ലെങ്കിൽ സഖാക്കളുടെ വീടുകൾ‐ അങ്ങനെയാണ് താമസം. പ്രധാനമായും അതിരകത്ത് ദേവകിയുടെ തറവാട്ടുവീട്ടിലായിരുന്നു താമസം. ദേവകിയെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ പ്രവർത്തകരിലൊരാളായി റിക്രൂട്ടുചെയ്തത് കൃഷ്ണപിള്ളയാണ്.
1940 സെപ്റ്റംബർ 15ന്റെ മർദനപ്രതിഷേധ‐വിലക്കയറ്റവിരുദ്ധ ദിനാചരണത്തിൽ കീച്ചേരിയിലെ റാലിയിൽ അധ്യക്ഷത വഹിക്കേണ്ടിയിരുന്നത് ദേവകിയായിരുന്നു. അവർ കാലേക്കൂട്ടിത്തന്നെ കീച്ചേരിയിലെത്തുകയും ചെയ്തു. എന്നാൽ 144 പ്രഖ്യാപിച്ച് അവിടെ നിരോധനാജ്ഞ പുറപ്പെടുവിച്ചതിനാൽ റാലി മൊറാഴയിലേക്ക് മാറ്റുകയായിരുന്നു. ജാഥകളെല്ലാം അങ്ങോട്ടേക്ക് തിരിച്ചുവിട്ടു. കെ.പി.ആർ. അടക്കമുള്ള നേതാക്കളുടെ നിർദേശാനുസരണം ദേവകിയെ പാപ്പിനിശ്ശേരി കല്ലൂരിക്കടവുവഴി വാരത്തേക്ക് തിരിച്ചയക്കുകയായിരുന്നു. ദേവകി അധ്യക്ഷയാകേണ്ടിയിരുന്ന റാലിയിലാണ് രണ്ടുദിവസംമുമ്പുമാത്രം ജയിൽമോചിതനായെത്തിയ വിഷ്ണുഭാരതീയൻ അധ്യക്ഷനായത്.
പി.യശോദ, പി.സി.കാർത്ത്യായനിക്കുട്ടിയമ്മ എന്നിവരോടൊപ്പം മലബാറിന്റെ വിവിധ ഭാഗങ്ങളിലും ഹേസ്ദുർഗ് മേഖലയിലും മഹിളകളെ സംഘടിപ്പിക്കാൻ ദേവകി അക്ഷീണം പ്രവർത്തിച്ചു. കർഷകസംഘം സമ്മേളനങ്ങളോടൊപ്പമുള്ള മഹിളാസമ്മേളനങ്ങളിൽ അധ്യക്ഷത വഹിച്ചു. അഖിലമലബാർ മഹിളാസംഘം രൂപീകരിക്കുന്നതിനുള്ള സംഘാടക നേതൃചുമതലയിൽ കൃഷ്ണപിള്ള നിയോഗിച്ചത് ദേവകിയമ്മയെയാണ്. 1940ൽ ചെർപ്പുളശ്ശേരിയിൽ ആര്യാപളളത്തിന്റെ വീട്ടിൽവെച്ചാണ് അഖിലമലബാർ മഹിളാസംഘം രൂപീകരണയോഗം ചേർന്നത്. ശാരദാകൃഷ്ണനെ പ്രസിഡന്റായും വി.പി.ദേവകിയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ആര്യാപള്ളം, ഉമാദേവി അന്തർജനം, പി.യശോദടീച്ചർ, പി.സി. കാർത്ത്യായനിക്കുട്ടി (ടി.എസ്. തിരുമുമ്പിന്റെ പത്നി), മിസിസ് കെ.എൻ.കൃഷ്ണൻ തുടങ്ങിയവരടങ്ങിയതായിരുന്നു കമ്മിറ്റി. വടക്കേ മലബാർ കോൺഗ്രസ് കമ്മിറ്റിയിലും ദീർഘകാലം അംഗമായിരുന്നു. നാല്പതുകളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മലബാർ കമ്മിറ്റിയിൽ വനിതാ ഫ്രാക്ഷന്റെ ചുമതലക്കാരിയും വി.പി.ദേവകിയായിരുന്നു. പാർട്ടി നിരോധിക്കപ്പെട്ട കാലത്ത് നേതാക്കളെ സംരക്ഷിക്കുന്നതിലും വിവരങ്ങൾ കൈമാറുന്നതിലുമെല്ലാം ത്യാഗപൂർവം പ്രവർത്തിച്ചു. അതിന്റെയൊന്നും ചരിത്രം രേഖപ്പെടുത്തിവെക്കാത്തതിനാൽ പുതിയ തലമുറകൾക്ക് ആ അനുഭവകഥകൾ നഷ്ടം.
വി.പി.ദേവകിയുടെ മാതൃസഹോദരീപുത്രനാണ് വി.പി. നാരായണൻ. 1940ലെ മൊറാഴ റാലിയിൽ അധ്യക്ഷയാകേണ്ടിയിരുന്ന ദേവകിയെ പ്രത്യേക സാഹചര്യത്തിൽ തിരിച്ചയച്ചകാര്യം സൂചിപ്പിച്ചു. മൊറാഴ ചെറുത്തുനില്പിൽ ഉജ്ജ്വലപങ്ക് വഹിച്ച സഖാവാണ് വി.പി.നാരായണൻ. അതിരകത്തും എളയാവൂർ മേഖലയിലും പാർട്ടിയും കർഷകസംഘവും അധ്യാപകപ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച വിപ്ലവകാരി. കൃഷ്ണപിള്ളയാണ് രഹസ്യ പ്രവർത്തനങ്ങൾക്ക് പറ്റിയ കാഡറായി നാരായണനെ റിക്രൂട്ടുചെയ്തതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മൊറാഴ കേസിൽ മൂന്നാം പ്രതിയായിരുന്നു നാരായണൻ. കെ.പി.ആറിനെ തൂക്കാൻ വിധിച്ച ആ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട അഞ്ചുപേരിൽ ഒരാൾ വി.പി.നാരായണൻ മാഷായിരുന്നു. കണ്ണൂരിൽ പ്രഭാത് ബുക്ക്ഹൗസ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി ആദ്യത്തെ മാനേജരായി പ്രവർത്തിച്ചതും പാർട്ടിക്കുവേണ്ടി സഹകരണമേഖലയിൽ പ്രസ് തുടങ്ങുന്നതിന് നേതൃത്വം നൽകിയവരിലൊരാളും നാരായണനാണ്.
വി.പി.ദേവകിയുടെ ഭർത്താവായ അഡ്വ.കെ.ക.നായർ (കെ.കുഞ്ഞിക്കണ്ണൻ നായർ) കൃഷ്ണപിള്ളയുടെ വലംകയ്യായി കണ്ണൂരിൽ പ്രവർത്തിച്ചു. സാഹിത്യസാംസ്കാരികമേഖലകളിലെ പ്രവർത്തനത്തിലാണ് കെ.കെ.നായർ കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്. 1943ൽ പി.സി.ജോഷിയും സുന്ദരയ്യയും വടക്കേമലബാറിൽ പര്യടനം നടത്തിയപ്പോൾ പ്രസംഗം തർജമചെയ്തത് അഡ്വ. കെ.കെ.നായരായിരുന്നു. കെ.പി.ഗോപാലൻ ജിയിലിൽനിന്ന് പകർത്തിക്കൊണ്ടുവന്ന ജതിൻദാസിന്റെ ഡയറി തർജമചെയ്ത് പ്രസിദ്ധപ്പെടുത്തിയത് അദ്ദേഹമായിരുന്നു. പാർട്ടി ക്ലാസുകൾക്കുള്ള കുറിപ്പുകൾ തയ്യാറാക്കൽ, വിപ്ലവകാരികളെക്കുറിച്ചുള്ള ജീവചരിത്രകുറിപ്പുകൾ പ്രസിദ്ധപ്പെടുത്തൽ, പാർട്ടി പ്രവർത്തകരുടെ കേസുകൾ കൈകാര്യംചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങളിലെല്ലാം അദ്ദേഹം മുഴുകി. സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡും ലഭിച്ചിട്ടുണ്ട്. മല്ലിക എന്ന തൂലികാനാമത്തിലാണ് കെ.കെ.നായർ വിപ്ലവസാഹിത്യം രചിച്ചുപ്രചരിപ്പിച്ചുപോന്നത്. 1948ൽ കണ്ണൂരിൽ നേതാക്കൾക്ക് ഷെൽട്ടർ ഒരുക്കുന്നതിൽ ഈ കുടുംബം വഹിച്ച പങ്കിനെക്കുറിച്ച് സൂചനനൽകുന്ന ഒരു കുറിപ്പ്‐ ബർലിൻ കുഞ്ഞനന്തൻനായരുടെ ആത്മകഥയായ പൊളിച്ചെഴുത്തിൽനിന്നുള്ളത് ചുവടെ:
“1948 മാർച്ച് അവസാനം കൃഷ്ണപിള്ളയുടെ നിർദേശമനുസരിച്ച് കോഴിക്കോട്ട് പാർട്ടി ആസ്ഥാനത്തേക്ക് വന്നു. ആപ്പീസ് ഏറെക്കുറെ പൂട്ടിയ നിലയിലായിരുന്നു. അടിച്ചുവാരുകയോ വൃത്തിയാക്കുകയോ ചെയ്യാതിരുന്നതിനാൽ അകവും പുറവും അഴുക്കും പൊടിയും നിറഞ്ഞുകിടന്നു. മുറികളിലെല്ലാം മാറാല. ആകെ മൂകത. പകുതി തുറന്ന വാതിലിലൂടെ അകത്തുകടന്നു. താഴത്തെ മുറികളിൽ ആരുമില്ല. കോണിപ്പടിയിലൂടെ മുകളിലേക്കു കയറിനോക്കുമ്പോൾ ഓഫീസ് സെക്രട്ടറി സി.എം.കുഞ്ഞിരാമൻനായർ മാത്രം മുറിയിലുണ്ട്. കാൽപെരുമാറ്റം കേട്ട് അദ്ദേഹം കസേരയിൽനിന്ന് പിടഞ്ഞെണീറ്റു. എന്നെ കണ്ടപ്പോൾ പരിഭ്രമവും ആശ്വാസവും മുഖത്ത് പ്രതിഫലിച്ചു. കോഴിക്കോട്ടുതന്നെ ഒരു രഹസ്യകേന്ദ്രത്തിൽ കഴിയുന്ന നാണുവിനെ ആലുവയ്ക്കയക്കണമെന്നും ഞാനും പപ്പുവേട്ടനും കണ്ണൂരിൽച്ചെന്ന് ചില സഖാക്കൾക്ക് താമസിക്കാൻ താവളങ്ങൾ കണ്ടെത്തണമെന്നുമാണ് കൃഷ്ണപിള്ള നിർദേശിച്ചത്. ഇക്കാര്യം കുഞ്ഞിരാമൻനായരെ അറിയിച്ചു. നാണുവിനെ അന്നുതന്നെ ആലുവയിലേക്കയച്ചു. ഞാനും പപ്പുവേട്ടനും കണ്ണൂരിലേക്കുതിരിച്ചു. മൊറാഴ കേസിലെ മൂന്നാംപ്രതി വി.പി.നാരായണൻ, കെ.കെ.നായർ എന്ന് പിന്നീട് അറിയപ്പെട്ട കുഞ്ഞിക്കണ്ണൻ (മല്ലിക) ഭാര്യ ദേവകി, അമ്പുമാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരുമായി ആലോചിച്ചാണ് ഷെൽട്ടറുകൾ ഏർപ്പാടുചെയ്തത്.
വി.പി.ദേവകിയുടെ സഹോദരനാണ് നാല്പതുകൾ മുതൽ 1987ൽ മരണംവരെ തമിഴ്നാട്ടിൽ കമ്യൂണിസ്റ്റ് പാർട്ടിയും തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിന് ധീരോദാത്തമായ നേതൃത്വം നൽകിയ സഖാവ് വി.പി.ചിണ്ടൻ. ഒരു പതിറ്റാണ്ടിലേറെക്കാലം മലബാറിലും തിരു‐കൊച്ചി മേഖലയിലും ത്യാഗപൂർണമായ പ്രവർത്തനംനടത്തി ജനങ്ങളുടെ പ്രിയനായകനായശേഷമാണ് ചിണ്ടൻ മദ്രാസിലേക്ക് നിയോഗിക്കപ്പെടുന്നത്. 1942ൽ രണ്ടാം ലോകയുദ്ധത്തിന്റെ ഗതിമാറിയതിനെ തുടർന്ന് സ്വീകരിച്ച ലൈൻ, അതായത് ഫാസിസ്റ്റ് വിരുദ്ധ ചേരിക്കനുകൂലമായ യുദ്ധകാലനയത്തെ തുടർന്ന് നേതാക്കളിൽ വലിയൊരു ഭാഗം ജയിൽമോചിതരായല്ലോ. ജയിൽമോചിതരായെത്തി അധികംകഴിയുന്നതിന് മുമ്പ് ഒരു ദിവസം കൃഷ്ണപിള്ള വി.പി.ചിണ്ടനെ കണ്ട് പറയുകയാണ്, ഇന്നുതന്നെ മദിരാശിയിൽ പോകണം. വലിയ അമ്പരപ്പോടെനിന്ന ചിണ്ടനോട് സഖാവ് പറയുന്നു, വേഗമിങ്ങോട്ട് വരാനാവില്ല, നിങ്ങളുടെ പ്രവർത്തനകേന്ദ്രം ഇനിയവിടെയാണ്. എനിക്ക് വീട്ടിൽപോയി അമ്മയോട് ചോദിക്കണം‐ ചിണ്ടൻ. വേണ്ട, അതെല്ലാം ഞാൻ പറഞ്ഞ് ശരിയാക്കിക്കോളാം. മുണ്ടും ഷർട്ടും എടുക്കണ്ടേ. വേണ്ട. അതെല്ലാം ഇവിടെയെത്തും. സംസാരിച്ചുകൊണ്ടുനിൽക്കെ അതാ ഒരു സഖാവ് തുണിസഞ്ചിയുമായി വരുന്നു. രണ്ട് മുണ്ടും ഖദർ ഷർട്ടുമായിരുന്നു അതിൽ. ഒപ്പം ടിക്കറ്റും. ആ ദിവസം മദിരാശി മെയിലിന് പോയതാണ് വി.പി.ചിണ്ടൻ, തമിഴ്നാട്ടിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനവും പാർട്ടിയും കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനത്തിൽ പ്രധാന പങ്കുവഹിക്കാൻ.
തൊള്ളായിരത്തിമുപ്പതുകളുടെ രണ്ടാം പകുതിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചിറക്കൽ താലൂക്ക് ജനറൽ സെക്രട്ടരിയായിരുന്നു ചിണ്ടൻ. പ്രസിഡന്റ് സാമുവൽ ആറോൺ. ഇടത്‐വലത് തർക്കം രൂക്ഷമായതോടെ ചിണ്ടനെ സെക്രട്ടറി സ്ഥാനത്തുനിന്ന് വലതുപക്ഷം നീക്കംചെയ്തു. സി.എസ്.പി.യുടെ വടക്കേമലബാറിലെ പ്രധാന നേതാക്കളിലൊരാളായി മാറിയ ചിണ്ടനെ മുപ്പതുകളുടെ അവസാനം ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭത്തിൽ സഹായിക്കുന്നതിനായി തിരുവിതാംകൂറിലേക്ക് നിയോഗിച്ചു. എ.കെ.ജി.യുടെ നേതൃത്വത്തിൽ തിരുവിതാംകൂറിലേക്ക് പുറപ്പെട്ട ജാഥയിൽ അംഗമായാണ് ചിണ്ടൻ അങ്ങോട്ടുപോയത്. ആലുവയിൽവെച്ച് ജാഥയെ പോലീസ് തടയുകയും തിരുവിതാംകൂറിലേക്ക് കടക്കുന്നത് നിരോധിക്കുകയും ചെയ്തിരുന്നു. എ.കെ.ജി.യടക്കമുള്ളവരെ അറസ്റ്റു ചെയ്യുകയുംചെയ്തു. ചിണ്ടനടക്കമുള്ള സഖാക്കൾ തിരുവിതാംകൂറിലേക്ക് കടന്ന് അവിടുത്തെ നേതൃത്വത്തിന്റെ നിർദേശാനുസരണമുള്ള പ്രവർത്തനങ്ങളിലേർപ്പെട്ടു. അതുസംബന്ധിച്ച് ഒരനുഭവം എം.പി.നാരായണൻ നമ്പ്യാർ അയവിറക്കിയത് ചുവടെ‐ (എ.കെ.ജി.യുടെ നേതൃത്വത്തിലുള്ള മലബാർ ജാഥയിൽ എം.പി.യും അംഗമായിരുന്നു. ജാഥ നിരോധിച്ചാലും തിരവിതാംകൂറിലേക്ക് കടക്കാനാണ് എം.പി.ക്കും നിർദേശം ലഭിച്ചത്‐ അദ്ദേഹത്തെക്കുറിച്ചുള്ള അധ്യായത്തിൽ വിശദാംശം നൽകിയത് ഓർക്കുമല്ലോ). എറണാകുളത്തുനിന്ന് ആലപ്പുഴയിലേക്കെത്തിയ ഞാൻ ബോട്ടുജെട്ടിയിൽ അല്പം ശങ്കിച്ചുനിന്നു. അപ്പോൾ അവിടെയെത്തിയ ഒരാൾ കൂടെ പോകാൻ ആവശ്യപ്പെട്ടു. റോഡരികിലെ വലിയൊരു വീടു ചൂണ്ടിക്കാട്ടി അയാൾ പോയി. ആ വീട്ടിന്റെ ഉമ്മറത്തുകയറിയപ്പോൾ അകത്തുനിന്ന് വെളുത്തു സുമുഖനായ ഒരു യുവാവ് പുറത്തുവന്നു. മലബാർ ജാഥാംഗമായ വി.പി.ചിണ്ടൻ. മുറുക്കിച്ചുവപ്പിച്ച ചുണ്ടും നെറ്റിയിൽ വലിയ കുങ്കുമപ്പൊട്ടുമുള്ള ചിണ്ടനെക്കണ്ടാൽ ഒരാഢ്യ ബ്രാഹ്മണകുമാരനാണെന്നേ തോന്നൂ. വേഷപ്രച്ഛന്നനായി ഒളിവിൽ കഴിയുകയായിരുന്നു അദ്ദേഹം.
കൊല്ലം ചിന്നക്കടയിലേക്കും പിന്നീട് തിരുവനന്തപുരത്തേക്കും പോകാൻ നിർദേശിച്ച് പ്രഭാതം പത്രത്തിന്റെ രണ്ടു കെട്ടുകൾ തന്നയക്കുകയായിരുന്നു ചിണ്ടൻ എന്നുകൂടി എം.പി. അനുസ്മരിക്കുന്നുണ്ട്‐ (പോർനിലങ്ങളിൽ ഇടവേളകളില്ലാതെ‐ ജീവചരിത്രം)
മദിരാശിയിൽ (ചെന്നൈ) നിയോഗിക്കപ്പെട്ട ചിണ്ടൻ 1946 ഫെബ്രുവരിയിൽ നടന്ന ഐതിഹാസികമായ നാവികസമരം വിജയിപ്പിക്കുന്നതിന് പുറമേനിന്നുള്ള പ്രവർത്തനത്തിന് നേതൃത്വംനൽകിയവരിലൊരാളാണ്. നാവികകലാപവുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നടന്ന വൻ പ്രകടനം നയിച്ചത് തൊഴിലാളി നേതാവായ ചിണ്ടനാണ്. മദ്രാസിലെ പുരോഗമന വിദ്യാർഥി സംഘടനയുടെ നേതാവെന്ന നിലയിൽ പി.രാമചന്ദ്രനും ആ പ്രകടനം നയിക്കാനുണ്ടായിരുന്നു.
ഫ്രഞ്ച് സാമ്രാജ്യത്വത്തിൽനിന്ന് പുതുച്ചേരിയെ മോചിപ്പിക്കുന്നതിനുള്ള പോരാട്ടത്തിൽ വി.പി.സി. നേതൃനിരയിലുണ്ടായിരുന്നു. പുതുച്ചേരിയിൽ താമസിച്ച് സമരം നയിക്കുയായിരുന്നു. അവിടെവച്ചാണ് കവി ഭാരതീദാസൻ ചിണ്ടന്റെ പേര് തമിഴ് രീതിയിൽ ചിന്തൻ എന്നാക്കിയത്. പിന്നീട് വി.പി.ചിന്തൻ എന്നാണറിയപ്പെട്ടുപോന്നത്.
ബ്രിട്ടീഷ് ഭരണകാലത്തും സ്വതന്ത്ര ഇന്ത്യയിലുമായി എട്ടര വർഷത്തോളമാണ് ചിണ്ടൻ ജയിലിൽ കഴിഞ്ഞത്. 14 വയസ്സുള്ളപ്പോൾ എ.കെ.ജി.യോടൊപ്പം കള്ളുഷാപ്പ് പിക്കറ്റിങ്ങിൽ പങ്കെടുത്തപ്പോഴായിരുന്നു ആദ്യ അറസ്റ്റ്. അതിൽ ആറുമാസത്തെ തടവുശിക്ഷ. രണ്ടാം ലോകയുദ്ധകാലത്ത് 1940 മുതൽ 42 വരെ രണ്ടുവർഷം ജയിലിൽ. അത്തവണ ജയിൽമോചിതനായി പുറത്തുവന്ന ഉടനാണ് തമിഴ്നാട്ടിലേക്ക് നിയുക്തനാകുന്നത്. മദിരാശി നഗരത്തിൽ തൂപ്പുജോലിക്കാരെ സംഘടിപ്പിച്ച് ചൂഷണത്തിനെതിരെ ശക്തമായ സമരം നയിച്ചു. അതിന്റെ പേരിൽ 1946ൽ ഒരു വർഷത്തെ ജയിൽശിക്ഷ. 1948ൽ പാർട്ടി നിരോധിക്കപ്പെട്ടതുമുതൽ നിരധനം നീക്കുന്നതുവരെ മൂന്നുവർഷം വീണ്ടം ജയിലിൽ. ചൈനാ നയവുമായി ബന്ധപ്പെട്ട് 1962ലും 64 മുതൽ 66 വരെയും ജയിലിൽ. ചെന്നൈയിലെ എം.ആർ.എഫ്. സമരവുമായി ബന്ധപ്പെട്ട് 1972ൽ രണ്ടുമാസത്തെ തടവ്… ദീർഘകാലം ഒളിവിൽ കഴിയേണ്ടിയുംവന്നു.
ചിത്രകല പഠിച്ച് ചിണ്ടൻ മികച്ച ചിത്രകാരനായിരുന്നു. എന്നാൽ പോലീസ് ലോക്കപ്പിൽവെച്ച് ചിണ്ടനെ അതിനിഷ്ഠുരമായി തല്ലിച്ചതച്ചപ്പോൾ വലതുകൈയ്‌ക്ക് കടുത്ത ക്ഷതമേറ്റു. അതൊരിക്കലും മാറിയില്ല. കൈകൊണ്ട് ശരിയായി എഴുതാനോ ഒപ്പിടാനോ പോലും ആവാത്ത അവസ്ഥായിരുന്നു അവസാനംവരെ. നല്ല ശരീരശേഷിയും സൗന്ദര്യവുമുണ്ടായിരുന്നത് പോലീസിന്റെ ക്രൂരമർദനം കൂടുതൽക്കൂടുതൽ ഏൽക്കുന്നതിനിടയാക്കി. കൈയ്‌ക്ക് പരിക്കേൽക്കുന്നതിന് മുമ്പ് വി.പി.സി. തടവുകാർക്കിടയിലെ ചികിത്സകനുമായിരുന്നു. ഉഴിച്ചിൽ ചികിത്സയിൽ പ്രത്യേക വൈഭവമുണ്ടായിരുന്ന കാര്യം എ.കെ.ജി. ആത്മകഥയിൽ അനുസ്മരിച്ചിട്ടുണ്ട്.
തമിഴ്നാട്ടിൽ അവിഭക്ത പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്ന വി.പി.സി. സി.ഐ.ടി.യുവിന്റെ ദേശീയ പ്രവർത്തകമിതി അംഗവും സംസ്ഥാന വൈസ്പ്രസിഡന്റുമായിരുന്നു. സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗവും. 1987ൽ (അന്ന് തമിഴ്നാട് നിയമസഭയിലെ സി.പി.ഐ.എം. നേതാവുമായിരുന്നു)
സോവിയറ്റ് യൂണിയനിൽ ട്രേഡ് യൂനിയൻ പ്രതിനിധി സംഘാംഗമായി സന്ദർശനം നടത്തുന്നതിനിടയിൽ സ്റ്റാലിൻഗ്രാഡിൽവെച്ചാണ് ഹൃദയാഘാതത്തെ തുടർന്ന് അന്ത്യമുണ്ടായത്. ♦