Thursday, November 21, 2024

ad

Homeപ്രതികരണംകോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകുമ്പോൾ

കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകുമ്പോൾ

പിണറായി വിജയൻ

ർഗീയശക്തികളെ പടിക്കു പുറത്തു നിർത്തിക്കൊണ്ട് മതനിരപേക്ഷതയും ജനാധിപത്യവും ഉൾപ്പെടെയുള്ള ഭരണഘടനാമൂല്യങ്ങൾക്കു വേണ്ടി നിലകൊണ്ട ചരിത്രമാണ് കേരളത്തിന്റേത്. സംഘപരിവാറിന്റെ നേതൃത്വത്തിൽ ഭൂരിപക്ഷ വർഗീയത മുൻനിർത്തിയുള്ള രാഷ്ട്രീയം രാജ്യത്താകെ പിടിമുറുക്കിയപ്പോഴും അതിനെതിരെ പ്രതിരോധം തീർക്കാൻ കേരളം ഒറ്റക്കെട്ടായി നിന്നു. സംഘപരിവാറിന്റെ വളർച്ച സൃഷ്ടിക്കുന്ന ഭീതിയും ആശങ്കയും ഇവിടത്തെ വോട്ടർമാരുടെ തീരുമാനങ്ങളിൽ പ്രതിഫലിക്കുമെന്നത് നിസ്സംശയമാണ്. അതുകൊണ്ടുതന്നെ പുതിയ ലോക്-സഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഈ ഘട്ടത്തിൽ കേരളം ഉറ്റുനോക്കുന്നത് കേന്ദ്രത്തിൽ മതനിരപേക്ഷ രാഷ്ട്രീയത്തെ എങ്ങനെ അധികാരത്തിലേറ്റാമെന്നതാണ്.

കഴിഞ്ഞ ലോക്-സഭാ തിരഞ്ഞെടുപ്പിൽ ഈ ആശങ്ക ഏറ്റെടുക്കുന്ന മട്ടിലാണ് കോൺഗ്രസും സഖ്യകക്ഷികളും പ്രചരണം നടത്തിയത്. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനു വോട്ട് ചെയ്യുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന വാദമാണ് അവർ ജനങ്ങൾക്കു മുന്നിൽ വെച്ചത്. കേരളത്തിൽ വിജയം നേടാനായെങ്കിലും രാജ്യത്തിന്റെ ഇതരമേഖലകളിൽ കോൺഗ്രസിനെ കൈവിട്ടു. ചരിത്രത്തിലെ ഏറ്റവും കടുത്ത പരാജയം കൂടുതൽ നിശ്ചയദാർഢ്യത്തോടെയും ഒരുമയോടെയുമുള്ള പുതിയ പരിശ്രമങ്ങൾക്കാണ് ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു രാഷ്ട്രീയ പാർട്ടിയെ പ്രാപ്തമാക്കേണ്ടത്. എന്നാൽ കോൺഗ്രസ് നേതാക്കൾ തങ്ങളുടെ വാഗ്ദാനങ്ങൾ മറന്നു എന്നു മാത്രമല്ല, ഒന്നിനു പുറകേ ഒന്നായി ബിജെപിയിലേക്ക് കൂറുമാറി ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ചെയ്തത്.

അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം 2014 മുതൽ 2021 നവംബര്‍ വരെ തിരഞ്ഞെടുപ്പു വിജയം തേടി പാര്‍ട്ടി വിട്ടവരിൽ ഏറെയും കോണ്‍ഗ്രസുകാരാണ്. 393 പേരാണ് കോൺഗ്രസിനെ ഉപേക്ഷിച്ചത്. ഇതിൽ 173 പേര്‍ എംപിമാരോ എംഎൽഎമാരോ ആയിരുന്നു. മുതിര്‍ന്ന നേതാക്കളടക്കം നൂറോളം പേര്‍ പിന്നെയും ആ പാര്‍ട്ടി വിട്ടെന്നാണ് കണക്ക്. 2013 മുതൽ 2022 മാര്‍ച്ച് വരെ ഒരു പതിറ്റാണ്ടിനിടെ അഞ്ഞൂറോളം മുതിര്‍ന്ന കോണ്‍ഗ്രസുകാരാണ് പാര്‍ട്ടി വിട്ടത്. 2024-ലെ ലോക്-സഭാ തിരഞ്ഞെടുപ്പുകൂടി അടുത്തതോടെ കോണ്‍ഗ്രസിൽ നിന്നും ബിജെപിയിലേയ്ക്കുള്ള മുതിര്‍ന്ന നേതാക്കളുടെ ഒഴുക്ക് എണ്ണിപ്പറയുക എളുപ്പമല്ല എന്ന സ്ഥിതിയെത്തിയിരിക്കുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഓരോ ദിവസവും ചെറുതും വലുതുമായ കോണ്‍ഗ്രസ് നേതാക്കള്‍ കൂറുമാറുകയാണ്.

സുദീര്‍ഘമായ ദേശീയ രാഷ്ട്രീയ ചരിത്രത്തെ പോലും മറന്ന അധികാരമോഹികളുടെ പറ്റമായി കോണ്‍ഗ്രസ് മാറി. ബിജെപിയുടെ അധികാരവും പണക്കൊഴുപ്പും കണ്ടു മയങ്ങി പിന്നാലെ പോവുകയാണ് കോണ്‍ഗ്രസുകാര്‍. അശോക് ചവാൻ, അമരീന്ദർ സിങ്, ദിഗംബർ കാമത്ത്, എസ്. എം കൃഷ്ണ, വിജയ് ബഹുഗുണ, കിരൺ കുമാർ റെഡ്ഡി, എൻ ഡി തിവാരി, ജഗദംബിക പാൽ, പേമ ഖണ്ഡു, നാരായൺ റാണെ, ഗിരധർ ഗമാങ് തുടങ്ങി കോൺഗ്രസ് സർക്കാരുകളിൽ മുഖ്യമന്ത്രി പദവി വരെ അലങ്കരിച്ച നിരവധി അതിപ്രമുഖരായ നേതാക്കൾ കഴിഞ്ഞ കുറച്ചു കാലത്തിനുള്ളിൽ ബിജെപിയിൽ ചേരുകയുണ്ടായി.

ഇന്ത്യന്‍ ജനാധിപത്യത്തിനു തന്നെ നാണക്കേടുണ്ടാക്കും വിധം പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുകളിൽ നേടിയ വിജയം പോലും കാത്തുസൂക്ഷിക്കാന്‍ കോണ്‍ഗ്രസിനായില്ല. 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 17 സീറ്റുകളോടെ ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസ്സായിരുന്നു. എന്നാൽ 40 അംഗ സഭയിൽ 13 എംഎൽഎമാര്‍ മാത്രമുണ്ടായിരുന്ന ബിജെപി അധികാരം പിടിച്ചു. 2019 ജൂലൈയിൽ കോണ്‍ഗ്രസിലെ 10 എംഎൽഎമാര്‍ ബിജെപിയിലേക്ക് മറുകണ്ടം ചാടി. കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടിയെ മൊത്തത്തിൽ ബിജെപിയിൽ ലയിപ്പിച്ചുകൊണ്ടുള്ള ചാട്ടമായിരുന്നു അത്. കൂറുമാറിയ എംഎൽഎമാര്‍ക്ക് മന്ത്രി പദമുള്‍പ്പടെ പ്രതിഫലങ്ങളും കിട്ടി. പിന്നീടും പല ഘട്ടങ്ങളിലായി കോണ്‍ഗ്രസ്സ് എംഎൽഎമാര്‍ ബിജെപിയിലേക്കുള്ള ചാട്ടം തുടര്‍ന്നു. ഒടുവിൽ, 2022-ൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ കോണ്‍ഗ്രസിൽ അവശേഷിച്ചത് ഒരൊറ്റ എംഎൽഎ മാത്രമായിരുന്നു – ദിഗംബര്‍ കാമത്ത്.

ബിജെപിയിലേക്ക് ആരുപോയാലും കാമത്ത് പോകില്ലെന്നായിരുന്നു 2022 ലെ തിരഞ്ഞെടുപ്പുകാലത്തെ കോണ്‍ഗ്രസ്സിന്റെ പ്രചരണം. കാമത്തിന്റെയും മൈക്കിള്‍ ലോബോയുടെയും നേതൃത്വത്തിൽ ആണയിട്ടാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നേരിട്ടത്. അതിൽ വിശ്വസിച്ച് 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദിഗംബര്‍ കാമത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് 11 സീറ്റു നൽകാനുള്ള കരുണ ജനങ്ങള്‍ കാട്ടി. എന്നാൽ, ജനങ്ങളെ വഞ്ചിച്ച് ഇതേ ദിഗംബര്‍ കാമത്താണ് 2022 സെപ്തംബര്‍ മാസത്തിൽ കോണ്‍ഗ്രസ്സ് ലെജിസ്ലേറ്റീവ് പാര്‍ട്ടിയെ മൊത്തത്തിൽ ബിജെപിയിൽ ലയിപ്പിക്കാന്‍ നേതൃത്വം നൽകിയത്.

2016 ജൂലൈയിൽ അരുണാചൽ പ്രദേശിൽ അധികാരത്തിൽ വന്ന കോൺഗ്രസ് 60 സീറ്റിൽ 44 ലും ജയിച്ചു. എന്നാൽ രണ്ടു മാസം കൊണ്ട്, 2016 സെപ്തംബര്‍ മാസത്തിൽ ആകെയുള്ള 44 കോണ്‍ഗ്രസ്സ് എംഎൽഎമാരിൽ മുഖ്യമന്ത്രി പേമ ഖണ്ടു ഉള്‍പ്പെടെ 43 പേരും ബിജെപിയുടെ സഖ്യകക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിൽ ചേര്‍ന്നു. അതേ വര്‍ഷം ഡിസംബറിൽ ഈ 43 പേരും ബിജെപിയിൽ ചേര്‍ന്നതോടെ അഞ്ചു മാസം കൊണ്ട് അരുണാചൽ അസംബ്ലിയിലെ കോണ്‍ഗ്രസ് ഒന്നടങ്കം ബിജെപിയായി. പേമ ഖണ്ടു ബിജെപിയുടെ മുഖ്യമന്ത്രിയുമായി.

2017-ൽ 60 അംഗ നിയമസഭയിൽ 28 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ 21 സീറ്റുള്ള ബിജെപി ഭരണം പിടിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് ബിരേന്‍ സിങ്ങിനെ മുഖ്യമന്ത്രിയാക്കി. ചെറുകക്ഷികള്‍ക്കൊപ്പം ഒരു കോണ്‍ഗ്രസ് എംഎൽഎ കൂടി ബിജെപിയെ പിന്തുണച്ചു. പുതുച്ചേരി അസംബ്ലിയിൽ ഭരണകക്ഷിയായ കോണ്‍ഗ്രസിന് 14 അംഗങ്ങളുണ്ടായിരുന്നു. 2021 ഫെബ്രുവരിയിൽ കോണ്‍ഗ്രസിലെ അഞ്ച് എംഎൽഎമാര്‍ രാജി വെച്ചതോടെ നാരായണസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. തിരഞ്ഞെടുക്കപ്പെട്ട ഒരാള്‍ പോലും എംഎൽഎ ആയി കൂടെയില്ലാത്ത ബിജെപിയിലേക്ക് ഈ രാജിവെച്ചവരും അണികളും കൂറുമാറി ഭരണം നേടി.

അതേസമയം, മാഹിയിലെ ജനങ്ങള്‍ ജയിപ്പിച്ച ഇടത് സ്വതന്ത്രന്‍ ഡോ. വി രാമചന്ദ്രന്‍ മതനിരപേക്ഷ പക്ഷത്ത് ഉറച്ചു നിന്നു. കോണ്‍ഗ്രസ് എംഎൽഎമാര്‍ ഓപ്പറേഷന്‍ ലോട്ടസ് നടത്തുമ്പോള്‍ നാരായണസ്വാമിക്ക് പിന്നിൽ അടിയുറച്ച് നിന്നവരിൽ ഒരാള്‍ ഡോ. വി. രാമചന്ദ്രനാണ്. 2018-ൽ കോണ്‍ഗ്രസ്സ് -– ജനതാദള്‍ സഖ്യത്തിന് ഭൂരിപക്ഷം നൽകി കര്‍ണാടകത്തിലെ ജനങ്ങള്‍ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കി. എന്നാൽ 17 കോണ്‍ഗ്രസ്സ് എംഎൽഎമാര്‍ അന്ന് മറുകണ്ടം ചാടി ബിജെപിയിൽ ചേരുകയും ബിജെപി വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു.

മധ്യപ്രദേശിൽ 2018 ഡിസംബറിൽ കോണ്‍ഗ്രസ് അധികാരത്തിലെത്തി. കോണ്‍ഗ്രസ് നേതാവ് കമൽ നാഥ് മുഖ്യമന്ത്രിയാവുകയും ചെയ്തു. എ ന്നാൽ 2020-ൽ കോണ്‍ഗ്രസിലെ 23 എംഎൽഎമാര്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ കൂറുമാറി ബിജെപിയിൽ ചേര്‍ന്നു. 2020 മാര്‍ച്ചിൽ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ താഴെ വീണു. അങ്ങനെ കോണ്‍ഗ്രസ്സ് എംഎൽഎമാരുടെ സഹായത്താൽ ബിജെപി വീണ്ടും അധികാരത്തിലെത്തി. ഇത്തരത്തിൽ നിരവധി സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസ് ബിജെപിക്ക് അധികാരം പിടിച്ചു കൊടുത്തു.

സമാനമായ സംഭവവികാസമാണ് ഇപ്പോള്‍ ഹിമാചൽ പ്രദേശിൽ അരങ്ങേറുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായിരുന്നിട്ടും ഹിമാചൽ നിയമസഭയിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ഥി വിജയിക്കുന്ന നാടകം കണ്ട് രാജ്യം അതിശയിച്ചു. ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്ത ആറ് കോണ്‍ഗ്രസ് എംഎൽഎമാരുമായി പ്രതിഭാ സിങ്ങിന്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവര്‍ വോട്ട് ചെയ്യാന്‍ എത്താത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വക്താവ് കൂടിയായ മുതിര്‍ന്ന നേതാവ് അഭിഷേക് മനു സിങ്-വി രാജ്യസഭാ തിരഞ്ഞെടുപ്പിൽ തോറ്റു. മോദി സ്തുതിയുമായി കോണ്‍ഗ്രസിനെ നാണംകെടുത്തുകയാണ് പിസിസി പ്രസിഡന്റ് പ്രതിഭാ സിങ്.

മഹാരാഷ്ട്രയിൽ നന്ദേഡിലെ കോൺഗ്രസിന്റെ ശക്തനായ നേതാവും മുൻമുഖ്യമന്ത്രിയുമായ അശോക് ചവാൻ കുറച്ച് ആഴ്ചകൾക്കു മുൻപാണ് ബി.ജെ.പി.യിൽ ചേര്‍ന്നത്. മഹാരാഷ്ട്രയിലെ തന്നെ പ്രമുഖ നേതാവായ മിലിന്ദ് ദിയോറ ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയിലേക്കാണ് പോയത്. പഞ്ചാബിൽ കോൺഗ്രസിലെ ഏറ്റവും ശക്തനും മുൻമുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിങ് പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കി. അദ്ദേഹം പാർട്ടി വിട്ടതിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് കനത്ത തിരച്ചടിയും നേരിട്ടു. തിരഞ്ഞെടുപ്പിനു ശേഷം മുൻമന്ത്രിമാരുൾപ്പെടെ പ്രമുഖരായ നിരവധി നേതാക്കൾ കോൺഗ്രസിൽ നിന്നും ബിജെപി പാളയത്തിലേക്ക് കൂറുമാറി. 2014-ൽ ബിജെപി അധികാരത്തിലേറിയ ഉടനെതന്നെ ഈ ഒഴുക്ക് ആരംഭിച്ചിരുന്നു. മുപ്പതോളം മുതിർന്ന കോൺഗ്രസ് അംഗങ്ങൾ ആ ഘട്ടത്തിൽ കോൺഗ്രസ് വിട്ടു. മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവായിരുന്ന രാധാകൃഷ്ണ വിഖെ പാട്ടീൽ , മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെ, ആദിവാസി വിഭാഗത്തി നിന്നുള്ള നേതാവായ വിജയകുമാര്‍ ഗാവിത്, നിതീഷ് റാണെ, ഒഡീഷയിലെ ചന്ദ്രപ്രകാശ് ബഹ്റ തുടങ്ങിയവരൊക്കെ വളരെ പെട്ടെന്നു തന്നെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു.

2019-ൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയതോടെ ഈ തരംഗം കോൺഗ്രസിൽ കൂടുതൽ ശക്തമായി വീശിയടിച്ചു. രാഹുൽ ബ്രിഗേഡിലെ അതിപ്രമുഖരിൽ ഒരാളായി വാഴ്ത്തപ്പെട്ടിരുന്ന ഇപ്പോഴത്തെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ കൂറുമാറ്റത്തോടെ കോൺഗ്രസിന്റെ അടിത്തറയുടെ ദൗർബല്യം കൂടുതൽ അനാവൃതമായി. ഉത്തര്‍പ്രദേശിലെ നേതാവായ ജിതിന്‍ പ്രസാദയാണ് ബിജെപിയിലെത്തിയ മറ്റൊരു പ്രമുഖന്‍. ഇപ്പോള്‍ സാക്ഷാൽ കമൽ നാഥ് തന്നെ ബിജെപിയിലേയ്ക്ക് പോകാന്‍ കച്ചകെട്ടിയിരിക്കുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ ഘട്ടത്തിൽ എഐസിസി അധ്യക്ഷനാകുമെന്ന് കരുതപ്പെട്ടയാളാണ് കമൽ നാഥ് എന്നോർക്കണം. കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയിൽ നിന്നും കോണ്‍ഗ്രസിലേക്ക് ചേക്കേറിയ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപിയിലേക്ക് തിരിച്ചുപോയ സംഭവവും ഉണ്ടായി.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഇപ്പോഴത്തെ ബിജെപി മുഖ്യമന്ത്രിമാരെല്ലാം മുന്‍ കോണ്‍ഗ്രസുകാരാണെന്നത് കോൺഗ്രസിന്റെ അപചയത്തിന്റെ ആഴം വ്യക്തമാക്കുന്നു. 2015ൽ എഐസിസി സെക്രട്ടറി പദം ഉപേക്ഷിച്ച് ബിജെപിയിൽ ചേര്‍ന്ന ഹിമന്ത ബിശ്വ ശര്‍മ ഇന്ന് അസം മുഖ്യമന്ത്രിയാണ്. മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങും കോണ്‍ഗ്രസുകാരനായിരുന്നു. ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ന്യൂനപക്ഷ വേട്ട നടന്നുകൊണ്ടിരിക്കുന്നതും കോൺഗ്രസിന്റെ വലിയ നേതാവായിരുന്ന ഇതേ ബിരേന്‍ സിങ് ഭരിക്കുന്ന മണിപ്പൂരിലാണ്. ത്രിപുരയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി മണിക് സാഹ കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്നത് നാല് വര്‍ഷം മുന്‍പാണ്. 2017-ൽ നടന്ന ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിനു പല പ്രമുഖരും നരേന്ദ്ര മോദിയെ സ്തുതിച്ച് ബിജെപിയിൽ ചേക്കേറി. ഈ ചോർച്ച ഇന്നും അനുസ്യൂതം തുടരുകയാണ്. ഓരോ ദിവസവും മാധ്യമങ്ങൾ പുതുതായി കൂറുമാറുന്ന കോൺഗ്രസുകാരുടെ വാർത്തകളുമായാണെത്തുന്നത്.

അധികാരക്കൊതി കൊണ്ട് കോൺഗ്രസ് വിടുന്നവരെപ്പോലെതന്നെ നിരവധി പേർ കോൺഗ്രസിന്റെ മൂല്യച്യുതി കാരണവും പാർട്ടി വിടുകയാണ്. ബിജെപിയെ നേരിടാന്‍ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്‍ ചമയാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മതനിരപേക്ഷതയും ജനാധിപത്യബോധവും കൈമോശം വരാത്ത ഉന്നതരായ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിടേണ്ടി വന്നു. ഗുലാം നബി ആസാദും കപിൽ സിബലും അശ്വനികുമാറും കെ വി തോമസും പി സി ചാക്കോയുമൊക്കെ ഉള്‍പ്പെട്ട ഒരു വലിയ വിഭാഗം സെടകകുലര്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടത് ഈ പശ്ചാത്തലത്തിലാണ്.

ബാബറി മസ്ജിദ് കേസിൽ സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷക സ്‌ഥാനത്തുനിന്നും പിന്മാറാൻ കപിൽ സിബലിനോട് കോൺഗ്രസ് ആവശ്യപ്പെട്ടത് 2018 ലാണ്. ഭൂരിപക്ഷ വോട്ടുകൾ ലാക്കാക്കിയാണ് ഇത്തരം നിലപാടുകളിലേക്ക് കോൺഗ്രസ് നീങ്ങിയത്. ശിലാന്യാസ സമയത്ത് ശ്രീരാമനെ വാഴ്-ത്തിയ രാജീവ് ഗാന്ധിയും അയോദ്ധ്യയിലെ ഭൂമിപൂജ ദേശീയ ഐക്യത്തിനാണെന്ന് പറഞ്ഞ പ്രിയങ്കാ ഗാന്ധിയും രാമജന്മഭൂമി ക്ഷേത്രത്തിലേക്കായി വെള്ളി ഇഷ്ടിക കൊടുത്തയക്കുകയും ഭൂമി പൂജ നടന്ന അന്ന് മധ്യപ്രദേശിലാകെ ഹനുമാൻ ചാലിസ സംഘടിപ്പിക്കുകയും ചെയ്ത കമൽ നാഥും ഒക്കെ ഹിന്ദുത്വവർഗീയ പ്രീണനത്തിന്റെ പാത നിർലജ്ജം പിന്തുടരുകയാണ്.

മറ്റൊരു വശം കൂടിയുണ്ട്. 2002 ലെ വംശഹത്യക്കാലത്ത് 14 പേരെ ചുട്ടുകൊന്ന ‘ബെസ്റ്റ് ബേക്കറി’ കേസിലെ മുഖ്യപ്രതി മധു ശ്രീവാസ്തവ കോൺഗ്രസിൽ ചേരാനൊരുങ്ങുകയാണ്. ഗുജറാത്ത്‌ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായ ശക്തി സിങ് ഗോഹിൽ ശ്രീവാസ്തവയുമായി പാർട്ടി സംസ്‌ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുകയുമുണ്ടായി. നിരവധി തവണ എംഎൽഎയായിരുന്ന മധു ശ്രീവാസ്തവ 2002-ൽ വഡോദര മേഖലയിലാകെ വർഗീയ കലാപങ്ങൾ അഴിച്ചുവിടാൻ മുന്നിൽ നിന്ന വ്യക്തിയായിരുന്നു. ഇരകളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാൻ അന്നിയാൾക്ക് സഹായമായി നിന്നത് അനുജനും കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസ്സ് നേതാവുമായിരുന്ന ചന്ദ്രകാന്ത്‌ ശ്രീവാസ്തവയായിരുന്നു. മധു ശ്രീവാസ്തവമാരെ ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കുന്ന കോൺഗ്രസിനെ എങ്ങനെ വിശ്വസിക്കാനാകും എന്നാണ് രാജ്യത്തെ മതനിരപേക്ഷ സമൂഹം ചോദിക്കുന്നത്.

‘‘അല്പ കാലം മുൻപുവരെ തിരഞ്ഞെടുപ്പു കാമ്പെയ്നുകളിലേയ്ക്ക് എന്നെ ക്ഷണിച്ചിരുന്നവരിൽ 95 ശതമാനവും ഹിന്ദുക്കളായ കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമായിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ അതൊരു 20 ശതമാനത്തിലും താഴെയായിരിക്കുന്നു. അവർക്കെന്നെ പരിപാടികൾക്ക് ക്ഷണിക്കാൻ ഭയമാണ്. അതു വോട്ടർമാരെ മോശം രീതിയിൽ സ്വാധീനിക്കുമോ എന്നവർ ആശങ്കപ്പെടുന്നു’’. കോൺഗ്രസിന്റെ സമുന്നത നേതാക്കളിൽ ഒരാളായിരുന്ന ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്നും രാജി വയ്ക്കുന്നതിനു മുൻപൊരു ഘട്ടത്തിൽ അലിഗഢ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞ കാര്യമാണിത്. ഹിന്ദുത്വ രാഷ്ട്രീയവും അതു സൃഷ്ടിച്ച സാമൂഹ്യാവസ്ഥകളും ഇന്ത്യയിലെ ഏറ്റവും വലിയ സെക്യുലർ വലതു സംഘടനയെ എത്രമാത്രം കാർന്നു തിന്നിരിക്കുന്നു എന്ന് ഇതിലും വ്യക്തമായെങ്ങനെ ബോധ്യപ്പെടുത്താൻ സാധിക്കും.

ബിജെപിയും സംഘപരിവാറും വിധ്വംസകമായ വർഗീയ രാഷ്ട്രീയവുമായി വളരുമ്പോൾ അതിനെ എതിർക്കുന്നതിനു പകരം അവർ മുന്നോട്ടു വയ്ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മെച്ചപ്പെട്ട പ്രയോക്താവായി സ്വയം അവതരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പ്രത്യയശാസ്ത്രപരമായ ഈ ശോഷണം കാരണം പണത്തിനു അധികാരത്തിനും വേണ്ടി ലവലേശം ലജ്ജയില്ലാതെ ബിജെപിയിലേയ്ക്ക് പോകാൻ നേതാക്കൾക്ക് സാധിക്കുന്നു. കേരളത്തിലെ ജനങ്ങൾ ആ യാഥാർത്ഥ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ജനാധിപത്യത്തിന്റെ മോഹനവാഗ്ദാനങ്ങൾ നൽകി വോട്ടു വാങ്ങി ജയിച്ചതിനു ശേഷം കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് കൂറുമാറില്ല എന്നുറപ്പിച്ചു പറയാൻ കോൺഗ്രസുകാർക്ക് പോലും ഇന്നു സാധിക്കുന്നില്ല. ഈ അവസ്ഥയിൽ ബിജെപിയ്ക്ക് ബദലാകാൻ കോൺഗ്രസിനു സാധിക്കുമെന്നത് ഒരു പാഴ-്-കിനാവു മാത്രമായി മാറിയിരിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 + twelve =

Most Popular