Thursday, November 21, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻഭക്തി വ്യവസായമോ 
ഭക്തിയുടെ മറവിൽ 
ഭൂമി തട്ടിയെടുക്കലോ?

ഭക്തി വ്യവസായമോ 
ഭക്തിയുടെ മറവിൽ 
ഭൂമി തട്ടിയെടുക്കലോ?

ജി വിജയകുമാർ

ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം നിർമിക്കുന്നതിനനുകൂലമായി 2019ൽ സുപ്രീംകോടതി വിധി വന്നതോടെ അയോധ്യ, ഫെെസാബാദ്, സരയു നദീതടം എന്നിവിടങ്ങളിൽ ഭൂമിയുടെ കൊടുക്കൽ – വാങ്ങലുകൾ ക്രമാതീതമായി വർധിച്ചതായാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വമ്പൻ ടൂറിസ്റ്റ് പ്രോജക്ടുകളാണ് ഫെെസാബാദ് ജില്ലയിലും ചുറ്റുവട്ടത്തും ഉയർന്നുവരുന്നത്. ആ പ്രദേശത്ത് തലമുറകളായി കൃഷി ചെയ്ത് ജീവിക്കുന്നവരുടെ ഭൂമി തുച്ഛമായ വിലയ്ക്ക് വാങ്ങിക്കൂട്ടുന്നവരിൽ പ്രമാണി ഗൗതം അദാനി തന്നെ. പ്രാദേശിക ബിജെപി നേതാക്കളാണ് (ഇവരിൽ എംപിമാരും എംഎൽഎമാരും മുനിസിപ്പൽ കൗൺസിലർമാരും ഉൾപ്പെടെയുണ്ട്) ഈ ഭൂമി കച്ചവടത്തിൽ ഇടനിലക്കാരായി പ്രത്യക്ഷപ്പെടുന്നത്.

2023 ഒക്ടോബറിനും ഡിസംബറിനും ഇടയ്ക്കായി, ഭൂമി ഇടപാടുകൾക്ക് അസാധാരണമായ നിലയിൽ വേഗത വർധിച്ചത്. ഈ കാലത്ത് ടെെം സിറ്റി മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഹൗസിങ് സൊസെെറ്റി സരയൂ നദീ തീരത്തെ, ഒരു ഹെക്ടറിലധികം ഭൂമി 1.13 കോടി രൂപയ്ക്ക് കർഷകരിൽനിന്ന് വാങ്ങി. രണ്ടാഴ്ചയ്ക്കുശേഷം ടെെം സിറ്റി ആ ഭൂമി അദാനി ഗ്രൂപ്പിന് 3.57 കോടി രൂപയ്ക്ക് വിറ്റു. ടെെം സിറ്റിക്ക് 10–15 ദിവസത്തിനകം ലഭിച്ച ലാഭം 2.44 കോടി രൂപ. അപ്പോൾ നഷ്ടം സംഭവിച്ചത് ഭൂമിയുടെ കെെവശക്കാരായ ഭൂ ഉടമകൾക്ക്.

ഈ ഭൂമി ഇടപാടുകൾക്ക് ഒരു പശ്ചാത്തലമുണ്ട്. അയോധ്യ ക്ഷേത്ര നഗരിയോടു ചേർന്നുള്ള, പ്രത്യേകിച്ചും സരയൂ നദീതടത്തിലെ, ഭൂമിയാകെ സർക്കാർ പദ്ധതികൾക്കായി ഏറ്റെടുക്കാൻ പോകുന്നുവെന്ന വാർത്ത പരക്കുന്നു. അതേത്തുടർന്ന്, സർക്കാർ ഏറ്റെടുത്താൽ വില കിട്ടുന്ന കാര്യം, കിട്ടിയാൽ തന്നെ നക്കാപ്പിച്ച ആയിരിക്കുമെന്ന മുൻകാല അനുഭവം എന്നിവ കാരണം കർഷകർ തിരക്കിട്ട് ഭൂമി കിട്ടിയ വിലയ്ക്ക് വിറ്റിട്ടുപോകാൻ തുടങ്ങി. അവിടെയാണ് ടെെം സിറ്റി പോലുള്ള റിയൽ എസറ്റേറ്റ് ഇടനിലക്കാരുടെ രംഗപ്രവേശം. 2019 നവംബറിലെ സുപ്രീംകോടതിയുടെ രാമക്ഷേത്രം സംബന്ധിച്ച വിധിയെ തുടർന്നാണ് ഈ പ്രചാരണവും ഭൂമി വിൽപനയും തുടങ്ങിയത്.

ടെെം സിറ്റിക്കാർ വാങ്ങിയ ഭൂമിയുടെ ചരിത്രം ഇങ്ങനെയാണ്. 2021 ഫെബ്രുവരിയിൽ ഗണശേര യാദവും കബൂത്രാദേവിയാദവും 0.56 ഹെക്ടർ ഭൂമി സുധാ ദീക്ഷിത് എന്നയാളിന് 33.53 ലക്ഷം രൂപയ്ക്ക് വിൽക്കുന്നു. ഇത് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഭൂമി വിലയേക്കാൾ കുറവാണ്. സർക്കാർ നിശ്ചയിച്ച വിലയനുസരിച്ച് അത്രയും ഭൂമിക്ക് 77.46 ലക്ഷം രൂപ ലഭിക്കണം. രണ്ടു വർഷത്തിനുശേഷം സുധാ ദീക്ഷിത് ടെെംസിറ്റിക്ക് രണ്ട് പ്രത്യേക ഇടപാടുകളിലായി 73 ലക്ഷം രൂപയ്ക്ക് ഇതേ ഭൂമി വിൽക്കുന്നു. ഇപ്പോഴും നിശ്ചിത സർക്കാർ നിരക്കിനെക്കാൾ കുറവാണ് – 98 ലക്ഷം രൂപയാണ് സർക്കാർ നിരക്ക്. ഒരു മാസത്തിനുള്ളിൽ ഈ ഭൂമി ടെെം സിറ്റി അഹമ്മദാബാദിലെ ഹോം ക്വസ്റ്റ് ഇൻഫ്രാസ്പേസ് ‍ പ്രൈവറ്റ് ലിമിറ്റഡിന് (HIPL) 2.54 കോടി രൂപയ്ക്ക് വിൽക്കുന്നു. 2023 ഒക്ടോബർ 31ന് രജിസ്ട്രാർ ഓഫ് കമ്പനീസിന് നൽകിയ കത്തുപ്രകാരം എച്ച്ഐപിഎൽ അദാനി പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ അനുബന്ധ കമ്പനിയാണ്.

2023 ഡിസംബർ 14ന് ഗണശേര യാദവിന്റെ മകൻ ഭരത് ഭൂഷൺ യാദവ് ടെെം സിറ്റിക്ക് 0.4 ഹെക്ടർ കൃഷി ഭൂമി 39.92 ലക്ഷം രൂപയ്ക്ക് വിറ്റു. 15 ദിവസത്തിനുശേഷം ടെെം സിറ്റിയിൽ നിന്ന് എച്ച്ഐപിഎൽ 1.02 കോടി രൂപ നൽകി വാങ്ങി. ഇങ്ങനെ 4 ഇടപാടുകളിലായി ടെെം സിറ്റി 1.13 കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി ഒടുവിൽ 3.57 കോടി രൂപയ്ക്ക് അദാനിയുടെ കെെവശം എത്തുന്നു. ഭൂ ഉടമകളിൽനിന്ന് ഇടനിലക്കാരായി ഭൂമി വാങ്ങിയ ടെെം സിറ്റി ഉടമകളെല്ലാം ബിജെപി നേതാക്കളോ പ്രവർത്തകരോ ആണ്. ഫെെസാബാദ് ജില്ലയിലെ ഭൂമി ഏകദേശം പൂർണമായി ഇങ്ങനെ അദാനിയുടെയും മറ്റു വൻകിട ബിസിനസ് കുടുംബങ്ങളുടെയും കെെവശം എത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇവിടെ സ്വകാര്യ ഭൂമിയിൽ ഭൂ ഉടമകൾക്ക് വീടുവയ്ക്കുന്നതിനുപോലും നിയന്ത്രണങ്ങൾ ഏറെയുള്ളപ്പോഴാണ് കൃഷിക്കാരുടെ ഭൂമി ചുളുവിലയ്ക്ക് തട്ടിയെടുത്ത് അദാനിയെയും ടാറ്റയെയും മറ്റും പോലെയുള്ള കോർപറേറ്റുകൾ വൻകിട ടൂറിസ്റ്റു പ്രൊജക്ടുകൾ പടുത്തുയർത്തുന്നത്. അങ്ങനെ പാവപ്പെട്ട കർഷകർക്കും ഒപ്പം പരിസ്ഥിതിക്കും നഷ്ടം സംഭവിക്കുന്നു.

അദാനി അടുത്ത രണ്ടു മൂന്നു വർഷത്തിനുള്ളിൽ 90,000 കോടി രൂപയുടെ നിക്ഷേപം അയോധ്യയിൽ നടത്തുമെന്നാണ് പിടിഐ റിപ്പോർട്ടു ചെയ്യുന്നത്. അയോധ്യയിൽ വിമാനത്താവളവും റെയിൽവെ സ്റ്റേഷനുമെല്ലാം അണിയിച്ചൊരുക്കി മോദി ഉദ്ഘാടനം ചെയ്തത് ഭക്തർക്ക് സൗകര്യമൊരുക്കാനല്ല അദാനിമാർക്ക് ഭക്തി വ്യവസായത്തിലൂടെ കൊള്ളലാഭമടിക്കാനാണ്. ഇപ്പോൾ ഫെെസാബാദ് ജില്ലയിൽ കൃഷി ചെയ്ത് ജീവിച്ചിരുന്ന ഹിന്ദുക്കളും മുസ്ലീങ്ങളും ഉൾപ്പെടെയുള്ള സാധാരണ കർഷകർ ആ നാടുവിട്ടുപോകാൻ നിർബന്ധിതരായിരിക്കുന്നു. കാശിയിലും മഥുരയിലുമെല്ലാം സമാനമായ ടൂറിസം ‘‘വികസന’’ പദ്ധതികൾക്ക് അരങ്ങൊരുങ്ങുന്നുമുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × four =

Most Popular