Sunday, May 19, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻഗോരക്ഷയുടെ പേരിൽ 
മനുഷ്യക്കൊലകൾ

ഗോരക്ഷയുടെ പേരിൽ 
മനുഷ്യക്കൊലകൾ

കെ ആർ മായ

ഗോവധ നിരോധനവുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളിലും നിയമം നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ. എന്നാൽ പശുക്കളെ കൊല്ലുന്നതിന്റെയും കടത്തിക്കൊണ്ടു പോകുന്നതിന്റെയുമൊക്കെപ്പേരിൽ സംഘപരിവാറിന്റെ ഗോസംരക്ഷണ സംഘങ്ങൾ നിയമം കയ്യിലെടുത്ത് ദലിത് -– മുസ്ലിം വിഭാഗങ്ങളിൽപ്പെട്ടവരെ ക്രൂരമായി തല്ലുകയും കൊല്ലുകയും ചെയ്ത നിരവധി സംഭവങ്ങൾ ഇക്കഴിഞ്ഞ 10 വർഷത്തെ മോദി കാലത്തുണ്ടായി. സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അക്രമങ്ങളിലും ബലാൽസംഗക്കേസുകളിലും കുറ്റക്കാരായവരെ കണ്ടെത്തി ശിക്ഷ നടപ്പാക്കുന്നതിൽ ഒരു ജാഗ്രതയും കാണിക്കാത്ത കേന്ദ്ര – സംസ്ഥാന ബിജെപി സർക്കാരുകൾ അതേസമയം പശുവിന്റെ ഇറച്ചി കെെവശം വച്ചതിന്റെ പേരിലും ചത്ത പശുവിന്റെ തോലുരച്ചതിന്റെ പേരിലും ഗാേ സംരക്ഷണക്കാർ മുസ്ലിങ്ങളെയും ദളിതരെയും, അവർ നിരപരാധികളാണെങ്കിൽപോലും, കൊലപ്പെടുത്തുകയോ നിയമത്തിന്റെ പിൻബലമുപയോഗിച്ച് ജയിലിലടയ്ക്കുകയോ ചെയ്യുന്നു.

2014 ൽ മോദി അധികാരമേറ്റശേഷം ഇത്തരം ആക്രമണങ്ങൾക്ക് തുടക്കമിട്ടു. ഉത്തർപ്രദേശിലെ ദാദ്രിയ്ക്കടുത്തുള്ള ബിസാര ഗ്രാമത്തിൽ, പശുവിന്റെ ഇറച്ചി വീട്ടിൽ സൂക്ഷിക്കുന്നതായി അഭ്യൂഹം പരത്തി ഒരു കൂട്ടം സംഘപരിവാർ തീവ്രവാദികൾ അഖ്ലാക്ക് എന്ന 52കാരന്റെ വീട്ടിൽക്കയറി അദ്ദേഹത്തെയും മകനെയും ക്രൂരമായി ആക്രമിച്ചു. അഖ്ലാക്കിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. എന്നാൽ പരിശോധനയിൽ അഖ‍്ലാക്കിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്നത് പശു ഇറച്ചി അല്ല എന്നു തെളിഞ്ഞു. അഖ്ലാക്കിനെ അടിച്ചുകൊന്നത് ശരിയായിരുന്നു എന്നാണ് ഗോസംരക്ഷണക്കാരെ പിന്തുണച്ചുകൊണ്ട് അന്ന് കേന്ദ്രമന്ത്രിയായിരുന്ന മഹേഷ് ശർമ പറഞ്ഞത്. സംഭവത്തിൽ കുറ്റക്കാരാണെന്നു കണ്ടെത്തിയ ഒരു പ്രതി രോഗംമൂലം മരണമടഞ്ഞപ്പോൾ മൃതദേഹത്തിൽ ഈ മന്ത്രി ദേശീയ പതാക പുതപ്പിച്ചാണ് തന്റെ രാജ്യസ്നേഹം പ്രകടിപ്പിച്ചത്.

2016 മാർച്ചിൽ ഝാർഖണ്ഡിൽ രണ്ട് കന്നുകാലി കച്ചവടക്കാരെ ഗോസംരക്ഷണക്കാർ ആക്രമിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങൾ മരത്തിൽ കെട്ടിത്തൂക്കി. 2016 ജൂലെെയിൽ, മോദിയുടെ സ്വന്തം ഗുജറാത്തിൽ ചത്ത പശുവിന്റെ തോലുരിച്ചു എന്ന പേരിൽ നാല് ദളിതരെ തല്ലിച്ചതച്ച് മൃതപ്രായരാക്കി. 2017ൽ ക്ഷീരകർഷകനായ പെഹ‍്ലൂഖാനെ രാജസ്താനിലെ ഒരു ദേശീയപാതയിൽ വെച്ചാണ് ഗോരക്ഷക്കാർ അടിച്ചുകൊന്നത്. 2018ൽ ഉത്തർപ്രദേശിലെ ഹാംപൂരിൽ ഒരാളെ അടിച്ചുകൊന്നതും പശുവിന്റെ പേരിലാണ്. രാജസ്താനിലെ ഭരത്പൂരിൽ പശുക്കടത്ത് ആരോപിച്ച് ബജ്-രംഗ്-ദൾ പ്രവർത്തകർ രണ്ട് മുസ്ലിം വ്യാപാരികളെ തട്ടിക്കൊണ്ടുപോയി ഹരിയാനയിലെ ഗുരുഗ്രാമിൽവെച്ച് ചുട്ടുകൊന്നത് 2023ലാണ്.

ഇന്ത്യ–സ്പെൻഡ് ഇൗയടുത്തയിടെ പുറത്തുവിട്ട കണക്കുപ്രകാരം, ഗോസംരക്ഷണത്തിന്റെ പേരിൽ 2015 നുശേഷം 117 അക്രമസംഭവങ്ങളുണ്ടായി എന്നാണ്. യുണെെറ്റഡ് സ്റ്റേറ്റ്സ് ഹോളോകോസ്ത് മെമ്മോറിയൽ മ്യൂസിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനകൾ സംയുക്തമായി നടത്തിയ പഠനത്തിൽ വംശീയ ഉന്മൂലനവുമായി ബന്ധപ്പെട്ട് അത്തരം അപകടസാധ്യതയുള്ള ലോകത്തെ ആദ്യത്തെ 15 രാജ്യങ്ങളിൽ കഴിഞ്ഞ 5 വർഷമായി ഇന്ത്യ 2–ാം സ്ഥാനത്താണ്. ആൾക്കൂട്ട കൊലകൾക്ക് ഏറ്റവും സാധ്യത നിലനിൽക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയിൽ 2022–2023ൽ ഇന്ത്യ 8–ാം സ്ഥാനത്തേക്കുയരും എന്നും പറഞ്ഞിരുന്നു. 162 രാജ്യങ്ങളെ വിശകലനം ചെയ്തതിൽ നിന്നെത്തിച്ചേർന്ന നിഗമനമാണിത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 − eight =

Most Popular