195 സ്ഥാനാർഥികളുടെ ഒന്നാമത്തെ പട്ടിക പ്രസിദ്ധീകരിച്ചുകൊണ്ട് 2024ലെ ലോക്-സഭാ തിരഞ്ഞെടുപ്പു പ്രവർത്തനത്തിൽ ബിജെപി മുമ്പേ കയറി നടക്കുന്നു എന്ന പ്രതീതി ഒരു കൂട്ടം മാധ്യമങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. എൻഡിഎ എന്ന മുന്നണിയുടെ ഭാഗമാണ് ബിജെപി എന്നാണ് പറയപ്പെടുന്നത്. എന്നാൽ, അതിൽ ബിജെപിയുടേതാണ് 95 ശതമാനത്തിലേറെ സ്ഥാനാർഥികളും. സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ആ പാർട്ടിക്കുള്ളിലും പൊട്ടലും ചീറ്റലും കേൾക്കാൻ തുടങ്ങിയിട്ടുണ്ട്. അതൊക്കെ എങ്ങനെ പരിണമിക്കും എന്നത് വരും ആഴ്ചകളിൽ കാണാൻ പോകുന്ന പൂരമാണല്ലോ.
2009–14 കാലത്ത് യുപിഎ സർക്കാരിനു നേതൃത്വം നൽകിയ കോൺഗ്രസ് ആ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചത് ഒറ്റയ്ക്കായിരുന്നു. 2009ൽ കോൺഗ്രസിന് 206 സീറ്റും 38.5 ശതമാനം വോട്ടും ലഭിച്ചിരുന്നു. അതേസമയം ബിജെപിക്കു ലഭിച്ചത് 18.8 ശതമാനം വോട്ടും 116 സീറ്റുമായിരുന്നു. 2014 വരെ യുപിഎ സർക്കാർ നിലനിന്നെങ്കിലും അതിലെ കക്ഷികൾ 2014ലെ തിരഞ്ഞെടുപ്പിൽ വെവ്വേറെയാണ് മത്സരിച്ചത്. അത്തവണ കോൺഗ്രസിന് 19.3 ശതമാനം വോട്ടും 44 സീറ്റും മാത്രം ലഭിച്ചപ്പോൾ ബിജെപി 31 ശതമാനം വോട്ടും 282 സീറ്റും നേടി. എൻഡിഎക്ക് ലഭിച്ചത് 336 സീറ്റായിരുന്നു. ഇതിൽനിന്നു മനസ്സിലാക്കാവുന്ന കാര്യം ഒറ്റക്ക് മത്സരിക്കുമ്പോൾ ലഭിക്കുന്നതിനേക്കാൾ വോട്ടും സീറ്റും മുന്നണിയായി മത്സരിക്കുമ്പോൾ മുന്നണിക്കാകെയും ഓരോ പാർട്ടിക്കും ലഭിക്കും എന്നാണ്. പല തുള്ളി പെരുവെള്ളം എന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്നതാണ് ആ അനുഭവം. എന്നാൽ കോൺഗ്രസ് അത് മനസ്സിലാക്കി പ്രവർത്തിക്കാൻ 2014ലും 2019ലും ശ്രമിച്ചിരുന്നില്ല.
കഴിഞ്ഞ രണ്ടു ലോക്-സഭാ തിരഞ്ഞെടുപ്പുകളിലും പഴയ യുപിഎയിലെ കക്ഷികൾ തമ്മിൽ ഐക്യമുന്നണിയോ സീറ്റ് ധാരണപോലുമോ ഉണ്ടായിരുന്നില്ല. അപൂർവം കക്ഷികൾ ചില സംസ്ഥാനങ്ങളിൽ മാത്രം തമ്മിൽ തമ്മിലോ കോൺഗ്രസുമായോ സീറ്റ് ധാരണയോ നീക്കുപോക്കോ ഉണ്ടാക്കുന്നതിൽ ഉപരിയായി ഒരു കൂട്ടുകെട്ടും ബിജെപിക്കെതിരായി അഖിലേന്ത്യാതലത്തിൽ (പ്രതേ-്യകിച്ച് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ) ഉണ്ടായിരുന്നില്ല. അതിനുള്ള മുൻകെെ ആരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നുമില്ല. ഈ സ്ഥിതിവിശേഷത്തെയാണ് ബിജെപി അതിന്റെ സഖ്യകക്ഷികളുമായി ഉണ്ടാക്കിയ ധാരണയിലൂടെയോ സീറ്റ് നീക്കുപോക്കിലൂടെയോ പ്രയോജനപ്പെടുത്തിയത്. ആ രണ്ടു തിരഞ്ഞെടുപ്പുകളിലും ബിജെപിയും എൻഡിഎയും വൻവിജയം നേടാൻ പ്രധാന കാരണം അതായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും തിരഞ്ഞെടുപ്പു വിദഗ്ദ്ധരുടെയും വിലയിരുത്തൽ. അതായത്, ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി രൂപീകരിക്കപ്പെട്ടപ്പോൾ, കോൺഗ്രസും സഖ്യകക്ഷികളും ഒരു ധാരണയോ കൂട്ടുകെട്ടോ പോലും ഇല്ലാതെ തിരഞ്ഞെടുപ്പിൽ പരസ്പരം എതിർക്കുകയായിരുന്നു.
ബിജെപി കുത്തക പ്രീണനവും സാമ്രാജ്യത്വ പക്ഷപാതവും ന്യൂനപക്ഷ വിരോധത്തിൽ ഊന്നിയ ഹിന്ദു പക്ഷപാതവും അടിസ്ഥാനമാക്കിയുള്ള നയസമീപനം പ്രയോഗിച്ച് രാജ്യത്തെ ജനങ്ങളെ നാനാരീതികളിൽ ചൂഷണം ചെയ്യുകയും തമ്മിലടിപ്പിച്ച് അടിച്ചമർത്തുകയുമാണ്. ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നീ ജനവിഭാഗങ്ങൾ വ്യത്യസ്ത രീതികളിൽ ബിജെപിയുടെ ദുർഭരണംമൂലം ദുരിതമനുഭവിക്കുകയാണ‍്. ജനജീവിതത്തെ അത് അങ്ങേയറ്റം താറുമാറാക്കിയിരിക്കുന്നു. ഈ ദുഃസ്ഥിതിയിൽനിന്നു മോചനം ഇന്നു ജനസാമാന്യത്തിന്റെയാകെ ആഗ്രഹമാണ്, ആവശ്യവുമാണ്. നമ്മുടെ സ്വാതന്ത്ര്യസമരം ഉയർത്തിക്കൊണ്ടുവന്ന മതനിരപേക്ഷ ജനാധിപത്യ രാഷ്ട്ര സങ്കൽപനത്തെ, അതിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും തുല്യതയെ അപ്പാടെ തകർക്കാനാണ് ബിജെപി കരുക്കൾ നീക്കിവരുന്നത്.
ഇവിടെയാണ് മാസങ്ങൾക്കുമുമ്പ് ബിഹാറിന്റെ തലസ്ഥാനമായ പട്നയിൽ ചേർന്ന വിവിധ മതനിരപേക്ഷ ജനാധിപത്യ പാർട്ടികൾ തമ്മിലുള്ള സഖ്യത്തിന്റെ പ്രസക്തി കുടികൊള്ളുന്നത്. മാർച്ച് 3 ഞായറാഴ്ച അതിൽപെട്ട വിവിധ കക്ഷി നേതാക്കളുടെ പ്രതിനിധികളും പട്നയിൽ വീണ്ടും യോഗം ചേർന്ന് തിരഞ്ഞെടുപ്പിൽ മുന്നണിയായി മത്സരിക്കുന്നതിനു തീരുമാനിച്ചു. ജനലക്ഷങ്ങൾ അണിനിരന്ന മഹാറാലിക്കും അന്നേദിവസം പാട്ന സാക്ഷ്യം വഹിച്ചു. ഇപ്പോൾ ആ മുന്നണിയിൽ 31 കക്ഷികളുണ്ട‍്.
ബിജെപി 2014, 2019 തിരഞ്ഞെടുപ്പുകളിൽ നേടിയ വോട്ടുകൾ യഥാക്രമം 31, 38 ശതമാനം വീതമായിരുന്നു. എൻഡിഎ ആണെങ്കിൽ 38ഉം 45ഉം ശതമാനം വീതമായിരുന്നു. അയഞ്ഞ രീതിയിലാണെങ്കിലും എൻഡിഎ എന്ന കൂട്ടായ്മ, ആ രണ്ടു തിരഞ്ഞെടുപ്പുകളിൽ ഉണ്ടാക്കപ്പെട്ടിരുന്നു. അങ്ങനെയൊരു കൂട്ടായ്മയും കോൺഗ്രസും ഇപ്പോൾ അതിന്റെ കൂടെ അണിനിരന്നിട്ടുള്ള പാർട്ടികളും തമ്മിൽ 2014ലും 2019ലും ഉണ്ടായിരുന്നില്ല. അവർ പരസ്പരം മത്സരിക്കുകയായിരുന്നു. എന്നിട്ടും എൻഡിഎക്ക‍് ഇതേവരെ 50 ശതമാനത്തിലധികം വോട്ട‍് നേടാൻ കഴിഞ്ഞിരുന്നില്ല. അത് ബിജെപിക്കും സഖ്യകക്ഷികൾക്കും വോട്ടർമാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ നേടാൻ ഇതേവരെ കഴിഞ്ഞിരുന്നില്ല എന്നതിനു തെളിവാണ്. മറുപക്ഷം അസംഘടിതരായിരുന്നപ്പോഴാണ് ബിജെപിക്കും എൻഡിഎക്കും സീറ്റുകളുടെ കാര്യത്തിൽ ഭൂരിപക്ഷംനേടാൻ കഴിഞ്ഞത്.
2024ലെ തിരഞ്ഞെടുപ്പിൽ അക്കാര്യത്തിൽ ഒരു മാറ്റം വരാൻ പോകുന്നു എന്നാണ് മാർച്ച് 3ന് പട്നയിൽ 31 പാർട്ടികൾ നടത്തിയ ‘ഇന്ത്യ’ ചേരിയുടെ റാലി വിളിച്ചോതുന്നത്. അതിനർഥം ലോക്-സഭയിലേക്കു മത്സരമുള്ള സകല സീറ്റിലും ‘ഇന്ത്യ’ കക്ഷികൾ ഓരോ സ്ഥാനാർഥിയെ വീതം നിർത്തി മത്സരിക്കുമെന്നല്ല. കേരളത്തിൽ കോൺഗ്രസ്സും എൽഡിഎഫും തമ്മിൽ ഇനിയും മത്സരിക്കും. അത്തരം മത്സരം മറ്റു ചില സംസ്ഥാനങ്ങളിലും ഉണ്ടാകാം. ഇങ്ങനെ ചില സംസ്ഥാനങ്ങളിൽ ചില ‘ഇന്ത്യ’ കക്ഷികൾ തമ്മിൽ മുമ്പു നടന്നിരുന്ന മത്സരം ഇത്തവണയും ആവർത്തിച്ചേക്കാം. എന്നാൽ, പൊതുവിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തുന്നത് തടയുന്നതിനായി ആ പാർട്ടിക്കും അത് നയിക്കുന്ന എൻഡിഎക്കും ലോക്-സഭയിൽ കേവലഭൂരിപക്ഷം ലഭിക്കാതാക്കാൻ ആവശ്യമായ തരത്തിൽ ‘ഇന്ത്യ’യിലെ വിവിധ കക്ഷികൾ തമ്മിലുള്ള മത്സരം നിയന്ത്രിക്കാൻ നോക്കും. കേരളത്തിൽ ബിജെപി ഒരു ശക്തിയേ അല്ല.
കേരളത്തിൽ സിപിഐ എം, തമിഴ്നാട്ടിൽ ഡിഎംകെ, കർണാടകത്തിൽ കോൺഗ്രസ് എന്നിങ്ങനെ ‘ഇന്ത്യ’ ചേരിയിലെ ഓരോരോ കക്ഷിക്കായിരിക്കും അതത‍് സംസ്ഥാനത്ത് മുൻതൂക്കം. അവർ മുൻകയ്യെടുത്ത് ബിജെപി ജയിക്കുന്നത് പരമാവധി ഒഴിവാക്കുന്നതിന് ആവശ്യമായ മുൻ കരുതൽ കെെക്കൊള്ളുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.
ഇൗ തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പാർട്ടിയെ ഭരണനേതൃത്വത്തിൽ നിന്നു താഴെയിറക്കി മറ്റൊന്നിനെ അതിനുപകരം അവരോധിക്കുന്നതിനു മാത്രമുള്ളതല്ല. സാധാരണഗതിയിൽ ഒരു പാർട്ടിയോ മുന്നണിയോ മുന്നോട്ടുവയ്ക്കുന്ന പരിപാടി വിജയിപ്പിക്കുന്നതിനുവേണ്ടി മാത്രവുമല്ല. ബിജെപി ഇത്തവണയും തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ രാജ്യത്തെ ഭരണത്തിലും ഭരണഘടനയിലും കഴിഞ്ഞ 77 വർഷമായി പിന്തുടർന്നുവരുന്ന മതനിരപേക്ഷ ജനാധിപത്യരീതിയിലും വിവിധ ജനവിഭാഗങ്ങൾ തമ്മിലുളള തുല്യതയിലുമെല്ലാം വലിയ തോതിലുള്ള മാറ്റം വരുത്തപ്പെടും എന്നു തീർച്ചയാണ്. രാജ്യത്തെ മതവർഗീയതയുടെ ഏകകക്ഷി വാഴ്ചയിൻകീഴിലാക്കാൻ ബിജെപിയും സംഘപരിവാറും ശ്രമിക്കുമെന്നുള്ളത് ഏറെക്കുറെ ഉറപ്പാണ്.
തെക്കേ ഇന്ത്യയിൽ മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യത്തിനു കൂടുതൽ ജനങ്ങൾക്കിടയിൽ വേരോട്ടമുണ്ട്. ഇവിടെ ജനങ്ങൾ കൂടുതൽ അഭ്യസ്ത വിദ്യരും രാഷ്ട്രീയബോധമുള്ളവരുമാണ്. ഇതല്ല ഹിന്ദി സംസാരിക്കുന്നവ ഉൾപ്പെടെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ചും സ്ഥിതി. അവിടത്തെ ജനങ്ങളെ തങ്ങൾ ഉദ്ദേശിക്കുന്ന വഴികളിലൂടെ നയിച്ചായിരിക്കും ഇന്ത്യയിൽ ഇന്നു നിലവിലുള്ള രാഷ്ട്രീയ, ജനാധിപത്യരീതികളും മതജാതികൾ തമ്മിലുള്ള ബന്ധങ്ങളും മാറ്റിമറിക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുക. ആർഎസ്എസ് നേതൃത്വത്തിന്റെ ചൊൽപ്പടിക്കു കീഴിൽ ജനങ്ങളെയാകെ അണിനിരത്താനായിരിക്കും അവർ ശ്രമിക്കുക. അതിനുതകുന്ന രീതിയിൽ സർക്കാരിന്റെ പ്രവർത്തനത്തെയാകെ മാറ്റിമറിക്കാനും മതി. ചുരുക്കത്തിൽ, ബിജെപി ഇത്തവണ ലോക്-സഭാ തിരഞ്ഞെടുപ്പിൽ ജയിക്കുന്നത് ഇന്ത്യയുടെയും ഇവിടത്തെ ജനങ്ങളുടെയും ഭാവിഭാഗധേയമാകെ തിരുത്തിക്കുറിക്കാൻ ഇടയാക്കും.
അതിനാൽ ഇത്തവണ പ്രതിപക്ഷ മതനിരപേക്ഷ ജനാധിപത്യപാർട്ടികൾ രൂപീകരിച്ചിട്ടുള്ള ‘ഇന്ത്യ’ ചേരിയുടെ തിരഞ്ഞെടുപ്പു വിജയം ഇന്ത്യയുടെ മതനിരപേക്ഷമായും ജനാധിപത്യപരമായും ഉള്ള നിലനിൽപ്പിനെ, രാജ്യത്തിന്റെയാകെ കെട്ടുറപ്പിനെ, ഭാവിയെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. അതിനാൽ 2024 ൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് വെറുമൊരു തിരഞ്ഞെടുപ്പല്ല. ഇന്ത്യയുടെ അസ്തിത്വത്തെ നിലനിർത്താനുള്ള നിർണായകസമരമാണ്. ♦