Saturday, April 27, 2024

ad

Homeഅനുസ്മരണംകുമാർ സാഹ്നി എന്ന നവപഥികൻ

കുമാർ സാഹ്നി എന്ന നവപഥികൻ

എം എ ബേബി

ത്വിക് ഘട്ടക്ക് ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ എക്കാലത്തേയും സമുന്നത പ്രതിഭയായി അംഗീകാരം നേടിയിട്ടുണ്ട് എന്നത് നിർവ്വിവാദമാണ്. അദ്ദേഹത്തോട് ഒരഭിമുഖത്തിൽ ഉന്നയിച്ച ചോദ്യം യുവതലമുറയിൽ പ്രതീക്ഷ അർപ്പിക്കുവാൻ സാദ്ധ്യതയുണ്ടോ എന്നായിരുന്നു. ഇന്ത്യൻ നവതരംഗം പൊള്ളയായ ശബ്ദാടോപം മാത്രമാണോ എന്നും ഒപ്പം ചോദിക്കുകയുണ്ടായി.

ഘട്ടക്കിന്റെ മറുപടി സാമാന്യവൽക്കരണമായിരുന്നില്ല. അദ്ദേഹംപറഞ്ഞു: ‘‘ഞാൻ എന്റെ വിശ്വാസം അർപ്പിക്കുന്നത് കുമാർ സാഹ്നിയിലും ജോൺ എബ്രഹാമിലുമാണ്. മണികൗളും അവിടെയുണ്ട്. എന്നാൽ അയാൾക്ക് ഒരു കാഴ്ച തകരാറുണ്ട്, കുട്ടികൾ വാക്കുകളുമായി പ്രണയത്തിലാകുന്നതുപോലെ. കുമാർ സാഹ്നി എന്റെ മിടുമിടുക്കനായ വിദ്യാർഥിയാണ്. അയാൾ തന്റെ സിനിമകളുമായി വരുമ്പോൾ അത് പിടിച്ചുകുലുക്കുകതന്നെ ചെയ്യും’’.

1972ൽ കുമാർസാഹ്നി തന്റെ പ്രഥമ മുഴുനീള ചിത്രമായ ‘മായാദർപ്പണു’മായി രംഗത്തുവരുന്നതിന് മുമ്പായിരുന്നു ഘട്ടക്കിന്റെ ഈ പ്രവചനം. കുമാർസാഹ്നി ഉൾപ്പെടുന്ന ബാച്ച് പൂനെയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലിപ്പിക്കപ്പെടുമ്പോൾ ഘട്ടക്ക് അതിന്റെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നു. സംവിധാന വിഭാഗത്തിന്റെ പ്രൊഫസറും ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെെസ് പ്രിൻസിപ്പലുമായിരുന്നു അന്ന് ഘട്ടക്ക്. അഭിനന്ദിക്കുന്നതിലും അംഗീകരിക്കുന്നതിലും അളന്നുതൂക്കിയുള്ള വാക്കുകൾമാത്രം ഉപയോഗിച്ചിട്ടുള്ള ഘട്ടക്ക്, കുമാർ സാഹ്നിയെ ശ്ലാഘിക്കുന്നതിൽ ഹൃദയം തുറന്നു തന്നെ ഉത്സാഹിക്കുന്നതാണ് നാം കണ്ടത്.

Maya Darpan film official poster

ബ്രിട്ടീഷ് ഇന്ത്യയിലെ സിന്ധ് പ്രവിശ്യയിലെ (ഇന്നത്തെ പാകിസ്താൻ) ലാർക്കാന എന്ന സ്ഥലത്ത് 1940 ഡിസംബർ 7നാണ് കുമാർ സാഹ്നി ജനിച്ചത്. 1947ലെ ഇന്ത്യാ വിഭജനം, കുടുംബത്തോടെ മുംബെെയിലേക്ക് പറിച്ചുനടപ്പെടാൻ ഇടയാക്കി. കുമാറിന് 7 വയസ്സുള്ളപ്പോഴുണ്ടായ ആ അനുഭവം കുഞ്ഞു മനസ്സിൽ ആഴത്തിൽ ആഘാതങ്ങൾ സൃഷ്ടിച്ചു. ഭാവിയിൽ അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശകനും അദ്ധ്യാപകനുമായ ഋത്വിക് ഘട്ടക്കിനും സമാനമായ അനുഭവം കിഴക്കൻ ബംഗാളിൽ ഉണ്ടായി എന്നതും, അത് (വിഭജനം) ഘട്ടക്കിന്റെ ചലച്ചിത്ര രചനകളിലെ ദുഃഖതപ്തമായ ഒരു ആധാരശ്രുതിയായി വർത്തിച്ചു എന്നതും മറ്റൊരു യാദൃച്ഛികത.

ചരിത്രത്തിലും രാഷ്ട്രതന്ത്രത്തിലും മുംബെെ യൂണിവേഴ്സിറ്റിയിൽനിന്ന് ബി എ ഓണേഴ്സ് ലഭിച്ച കുമാർ, കലയിലുള്ള താൽപര്യംകൊണ്ട് പൂനെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനത്തിനു ചേർന്നു. സംവിധാനം, തിരക്കഥാരചന എന്നിവയായിരുന്നു പഠന വിഷയങ്ങൾ. എം ഡി രാമനാഥൻ ടെെഗർ വരദാചാരിയെ കണ്ടെത്തിയ പോലെയോ, ആർട്ടിസ്റ്റ് രാമചന്ദ്രൻ രാം കിങ്കർ ബെയ്ജിനെ തേടി ശാന്തിനികേതനിൽ എത്തിയതുപോലെയോ ആയിരുന്നു പൂനെയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഋത്വിക് ഘട്ടക്കുമായുള്ള കുമാർ സാഹ്നിയുടെ സംഗമം. ധർമ്മാനന്ദ് ദാമോദർ കൊസാംബിയുമായി പഠിക്കാൻ ലഭിച്ച സന്ദർഭവും കുമാറിന്റെ ദാർശനിക – രാഷ്ട്രീയ നിലപാടുകളെ നിർവചിക്കുന്നതിൽ നിർണ്ണായകമായ പങ്കു വഹിക്കുകയുണ്ടായി.

ഫ്രഞ്ചു ഗവൺമെന്റിന്റെ സ്കോളർഷിപ്പു നേടി പാരീസിലെ അഡ്വാൻസ്ഡ് സിനിമാറ്റോഗ്രഫി പഠനത്തിനുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐഡിഎച്ച്ഇസി) എത്താൻ അവസരം ലഭിച്ചത്, കുമാറിന്റെ കലാപരമായ വളർച്ചയിൽ ശ്രദ്ധേയമായ മറ്റൊരു പടവായിരുന്നു. പൗലോറോഷ, ലൂയിമാൽ, അലൻ റെസ്നെയിസ്, ക്ലെയർ ഡെനിസ്, പീറ്റർ ലിലിൻതാൾ, വോൾക്കർ ഷോൻഡോർഫ്, ആന്ദ്രേ ഷുളാവ്സ്-ക്കി, റെനേവോട്ട്-യർ, ആന്ദ്രേ വെയ്ൻഫെൽഡ്, കോസ്റ്റാ ഗാവ്-രസ്, തിയോ ആഞ്ജലോ പൗലോസ്, ക്രിസ്റ്റഫർ മെെൽസ് തുടങ്ങി അസംഖ്യം ചലച്ചിത്ര പ്രതിഭകളുടെ പരിശീലനക്കളരി എന്ന ഖ്യാതി സമ്പാദിച്ചിട്ടുള്ള ലോക കലാതലസ്ഥാനമായ പാരീസിലെ നാളുകൾ ഭാവിയിലെ കുമാർ സാഹ്നിയെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു. അതുല്യ ചലച്ചിത്രകാരനായ റോബർട്ട് ബ്രസ്സണിന്റെ സഹായിയായി ഒരു ഫ്രഞ്ച് സിനിമ – ‘മാന്യ വനിത’ (A Gentle Woman – -– Une femme douce)യുടെ ആവിഷ്-കാരത്തിൽ പങ്കാളിയാകാൻ കഴിഞ്ഞത് പാരീസ് പഠനകാലഘട്ടത്തിലെ അദ്ദേഹത്തിന്റെ അമൂല്യമായ അനുഭവമായിരുന്നു. ഫയദോർ ഡോസ്റ്റോയ്-വ്-സ്കിയുടെ കഥയെ ആസ്പദമാക്കിയായിരുന്നു ബ്രസ്സണിന്റെ ഈ ചലച്ചിത്രരചന എന്നതും അനുസ്മരണീയമാണ്.

ഇന്ത്യയിൽ മടങ്ങിയെത്തിയ കുമാർ തന്റെ പ്രഥമ മുഴുനീള കഥാചിത്രമായ ‘മായാദർപ്പണി’ന്റെ നിർമിതിയിൽ മുഴുകി. പ്രസിദ്ധ സാഹിത്യകാരനായ നിർമൽവർമയുടെ കഥയ്ക്ക് കുമാർ സാഹ്നി തയ്യാറാക്കിയ തിരക്കഥയെ ആസ്പദമാക്കി 1972ൽ നിർമിച്ച ‘മായാദർപ്പൺ’ ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന നാളുകൾ പശ്ചാത്തലമാക്കി ഒരു ഉത്തരേന്ത്യൻ പട്ടണത്തിൽ നടക്കുന്ന കഥയാണ് ഇത്. സമ്പന്നമായ ഭൂപ്രഭുവിന്റെ മകളാണ് ഒരു കേന്ദ്ര കഥാപാത്രം. അവരുടെ പെെതൃക ബംഗ്ലാവ് ഉന്നതവർഗത്തിന്റെ ആകെ പ്രതീകമായാണ് കുമാർ സാഹ്നി ആവിഷ്-കരിക്കുന്നത്. പുതുതായി പട്ടണത്തിൽ രൂപീകരിക്കപ്പെട്ട തൊഴിലാളി സംഘടനയുടെ നേതൃത്വത്തിൽ ഉയർന്നുവരുന്ന പ്രതിഷേധ സമരങ്ങൾ മാറ്റത്തിന്റെ സൂചനകൾ നൽകുന്നു. സമൂഹത്തിലും കുടുംബത്തിലും രൂപപ്പെടുന്ന വ്യത്യസ്ത മൂല്യങ്ങളും വീക്ഷണങ്ങളും തമ്മിലുള്ള സംഘർഷങ്ങളും സംഘട്ടനങ്ങളും സൂക്ഷ്മമായി ആവിഷ്-കരിച്ച ചലച്ചിത്രമായിരുന്നു ‘മായാദർപ്പൺ’. ഘട്ടക്, സത്യജിത് റേ, മൃണാൾ സെൻ എന്നിവർക്കുശേഷം ഇന്ത്യൻ ചലച്ചിത്ര കലയുടെ പതാകാവാഹകനാകാൻ പ്രാപ്തനായ ഒരു പ്രതിഭയുടെ വരവറിയിച്ച കലാസൃഷ്ടി എന്ന പ്രാധാന്യവും അതിനുണ്ടായിരുന്നു. ‘‘നമ്മുടെ സിനിമ, അവരുടെ സിനിമ’’ എന്ന കൃതിയിൽ സത്യജിത് റേ ‘‘മായാദർപ്പണി’നെയും കുമാർ സാഹ്നിയുടെ ശെെലിയെയും രൂക്ഷമായി വിമർശിക്കുകയുണ്ടായി എന്ന കാര്യവും ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. എന്നാൽ ‘മായാദർപ്പൺ’ അത്തരം വിമർശനങ്ങളെ അതിജീവിച്ച് പുതുതലമുറയിലെ ചലച്ചിത്ര പഠിതാക്കൾക്ക് ഒരിക്കലും അവഗണിക്കാനാവാത്ത പാഠപുസ്തകസമാനമായ കലാസൃഷ്ടിയായി തുടരുന്നു എന്നതാണ് സത്യം.

‘തരംഗ്’ എന്ന തന്റെ രണ്ടാം കഥാചിത്രം നിർമിക്കാൻ 12 വർഷങ്ങൾ കുമാറിന് കാത്തിരിക്കേണ്ടി വന്നു. സ്മിതാപാട്ടീൽ, അമോൽ പാലേക്കർ, ഓംപുരി, ഗിരീഷ് കർണാട്, ശ്രീറാം ലാഗു തുടങ്ങിയ പ്രമുഖ അഭിനേതാക്കൾ പങ്കാളികളായ ‘തരംഗ്’ ‘മായാദർപ്പണി’ലെ ശെെലിയിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ് അവതരിപ്പിച്ചത്. ‘തരംഗിൽ’ വർഗസമരത്തിന്റെ പ്രതീകങ്ങൾ എപ്രകാരം കടന്നുവരുന്നു എന്ന് സൂചിപ്പിക്കുന്ന നിരൂപണം ‘സെവന്ത് ആർട്ട് ഫിലിം ബ്ലോഗ്’ പ്രസിദ്ധീകരിച്ചു.

1989ലെ ‘ഖയാൽഗാഥ’ സംഗീതവും നൃത്തവും തുടിച്ചുനിൽക്കുന്ന, തികച്ചും അസാധാരണമായ ഒരു ചലച്ചിത്രമാണ്. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഖയാൽ എന്ന ആലാപന സമ്പ്രദായം വികസിച്ചുരൂപപ്പെട്ടതിനെപ്പറ്റിയുള്ള കഥകളും ചരിത്രവും കേട്ടുപഠിക്കുന്ന സംഗീതവിദ്യാർഥിയുടെ ജീവിതാനുഭവങ്ങളിലൂടെയാണ് ‘ഖയാൽഗാഥ’യുടെ സപ്തസ്വരങ്ങൾ സഞ്ചരിക്കുന്നത്.

റോട്ടർ ഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ട, ആദരിക്കപ്പെട്ട സിനിമയാണ് ‘ഖയാൽഗാഥ’. ‘ഫിലിം ഫെയർ’ അവാർഡ് (മികച്ച ചിത്രത്തിനുള്ള നിരൂപകസമ്മാനം) കുമാറിനു നേടിക്കൊടുത്തു എന്ന പ്രാധാന്യവും ഈ സിനിമയ്ക്കുണ്ട്.

‘നഗരം’ (കസബ) എന്ന 1991ലെ ചലച്ചിത്രം ആന്റൺ ചെക്കോവിന്റെ ചെറുകഥയെ ഉപജീവിച്ച് ആവിഷ്കരിച്ച ശ്രദ്ധേയ ചലച്ചിത്രമാണ്. നവജേ-്യാത് ഹൻസാര, എം കെ റെയ്ന, ശത്രുഘ്നൻ സിൻഹ, മിതാവസിഷ്ഠ്, രഘുബീർ യാദവ് എന്നിവർ അഭിനയിച്ച ‘കസബയിൽ’, ചൂഷണവ്യവസ്ഥയിൽ ലാഭേച്ഛയോടെ നടക്കുന്ന ചതിപ്രയോഗങ്ങളാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.

‘ഭവാന്തരണ’ എന്ന അസാധാരണസ്വഭാവമുള്ള ജീവചരിത്ര ചിത്രം ഇന്ത്യൻ കലാലോകത്തെ നൃത്ത വിസ്മയമായ ഗുരു കേളൂചരൺ മഹാപാത്രയെ കേന്ദ്രീകരിച്ചുള്ളതാണ്. ഒഡീസ്സി എന്ന നൃത്തരൂപത്തിന്റെ പരമശിവൻ എന്നു വിശേഷിപ്പിക്കാവുന്ന ഗുരുകേളൂ ചരണിന്റെ ജീവിതവും കലയും കുമാർ ആവിഷ്കരിച്ചിട്ടുള്ളത് തികച്ചും നവീനമായ ഒരു ഭാവുകത്വസമീപനത്തോടെയാണ്.

ടാഗോറിന്റെ നോവലിനെ ഉപജീവിച്ച് നിർമിച്ച ‘ചാർ അദ്ധ്യായ്’ ബംഗാൾ നവോത്ഥാന കാലത്തെയാണ് ആവിഷ്കരിക്കുന്നത്. ഒരു സംഘം യുവ വിപ്ലവകാരികളും ബുദ്ധിജീവികളും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ പങ്കാളികളാകുമ്പോൾ ഉയർന്നുവരുന്ന വ്യക്തിപരവും സാമൂഹികവുമായ പ്രശ്നങ്ങളാണ് ചിത്രം പരിഗണിക്കുന്നത്. അന്ധമായ ദേശീയവികാരവും നേതൃത്വത്തോട് വിമർശനരഹിതമായി വിധേയത്വം കാട്ടുന്നതും ചിത്രത്തിൽ നിരൂപണവിധേയമാക്കപ്പെടുന്നു. ഇന്നും വളരെയേറെ പ്രസക്തമാണ് ഇതിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളും അതിന്റെ ചലച്ചിത്രപരമായ പരിചരണവും.

1972, 1984, 1991 വർഷങ്ങളിൽ ദേശീയ പുരസ്കാരം ലഭിച്ച കുമാർ, മികച്ച സിനിമയ്ക്കുള്ള ചലച്ചിത്ര നിരൂപകരുടെ അവാർഡ് 1972, 1990, 1991 വർഷങ്ങളിൽ നേടി. 1990ൽ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഫിപ്രസി പുരസ്കാരം നേടിയ കുമാറിന് 1998ൽ പ്രിൻസ് ക്ലാസ് അവാർഡും ലഭിച്ചു.

അടിയുറച്ച ഇടതുപക്ഷ വീക്ഷണവും വർഗീയവിരുദ്ധ നിലപാടും സാമ്രാജ്യത്വവിരുദ്ധ നിലപാടും അദ്ദേഹം പിന്തുടർന്നുപോന്നു. ഭാവിയെക്കുറിച്ചും പുതിയ തലമുറയെപ്പറ്റിയും അദ്ദേഹം എന്നും ആലോചിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുമായിരുന്നു. കേരള സർവകലശാലാ വിദ്യാർത്ഥി യൂണിയന്റെ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചതിനുശേഷം ഈ ലേഖകനോട് സംസാരിക്കുമ്പോൾ താൻ പങ്കെടുത്ത പരിപാടിയുടെ സംഘാടനത്തെക്കുറിച്ച് വളരെ മതിപ്പോടെ പ്രശംസിക്കുകയും ചെയർപേഴ്സൺ ചിന്താ ജെറോമും ടീമും നല്ല കഴിവുള്ളവരാണെന്ന് പ്രത്യേകം എടുത്തു പറയുകയും ചെയ്തു. അടുത്ത തലമുറയെപ്പറ്റിയുള്ള ആലോചനകൾ കുമാർ എന്നും മറ്റുള്ളവരുമായി പങ്കുവച്ചിരുന്നു.

അദ്ദേഹത്തിന്റെ രണ്ടു സ്വപ്നങ്ങൾ പല കാരണങ്ങളാലും സാക്ഷാത്കരിക്കാനായില്ല. എം ഗോവിന്ദന്റെ ‘സർപ്പം’ എന്ന കഥയുടെ ചലച്ചിത്രാവിഷ്-കാരമായിരുന്നു ഒന്ന്. കലയും, ശാസ്ത്രവും, സർവ്വ മാനവിക സാംസ്കാരിക വിഷയങ്ങളും പഠന – ഗവേഷണ പ്രവർത്തനങ്ങൾക്ക് ആധാരമാക്കുന്ന ഒരു ‘നവവേദി’ സൃഷ്ടിക്കുക എന്നതായിരുന്നു രണ്ടാമത്തേത്. ശരാശരിത്വത്തിന് മുകളിലേക്ക് വളരുന്നതിന് നമ്മുടെ സമൂഹത്തിലുള്ള ചില പരിമിതികൾകൊണ്ടുകൂടിയാവാം സാഹസിക സ്വഭാവമുള്ള ഈ രണ്ടു പദ്ധതികളും അദ്ദേഹത്തിന് മുന്നോട്ടുകൊണ്ടുപോകാനായില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 − 7 =

Most Popular