Tuesday, December 3, 2024

ad

Homeലെനിന്റെ 100‐ാം ചരമവാർഷികംനൂറാണ്ടിനു മുൻപ് നമ്മോട് വിട പറഞ്ഞ ലെനിൻ

നൂറാണ്ടിനു മുൻപ് നമ്മോട് വിട പറഞ്ഞ ലെനിൻ

വിജയ് പ്രഷാദ്

വ്ലാദിമിർ ഇലിച്ച് ഉല്യാനോവ് (1870–1924) ഏറെയും അറിയപ്പെടുന്നത് ലെനിൻ എന്ന തൂലികാനാമത്തിലാണ്. തന്റെ സഹോദരങ്ങളെപ്പോലെതന്നെ അദ്ദേഹവും വിപ്ലവകാരിയായിരുന്നു; എന്നുപറഞ്ഞാൽ, സാറിസ്റ്റ് റഷ്യയുടെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ അതിന്റെ അർഥം അദ്ദേഹം ദീർഘകാലം ജയിൽവാസത്തിലും പ്രവാസജീവിതത്തിലും ആയിരുന്നുവെന്നാണ്. റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി കെട്ടിപ്പടുക്കാൻ ലെനിൻ സഹായിച്ചത് തന്റെ ധെെഷണികവും സംഘടനാപരവുമായ പ്രവർത്തനത്തിലൂടെ ആയിരുന്നു.

ലെനിന്റെ കൃതികൾ അദ്ദേഹത്തിന്റേതായ വാക്കുകൾ മാത്രമായിരുന്നില്ല, മറിച്ച് ആയിരക്കണക്കായ ഉശിരൻ പോരാളികളുടെ പ്രവർത്തനത്തിന്റെയും ചിന്തയുടെയും ആകത്തുകയും കൂടിയാണവ; അദ്ദേഹത്തിന്റെതന്നെ പാതയിലൂടെ കടന്നുപോയവരായിരുന്നു ആ ഉശിരൻ പോരാളികൾ. പോരാളികളുടെ ജീവിതാനുഭവങ്ങളെ സെെദ്ധാന്തികമണ്ഡലത്തിലേക്ക് വികസിപ്പിക്കാനുള്ള ലെനിന്റെ ശേഷി ശ്രദ്ധേയമായിരുന്നു; ഇങ്ങനെ വികസിപ്പിക്കപ്പെട്ട സെെദ്ധാന്തികമണ്ഡലത്തെയാണ് നാം ലെനിനിസം എന്നു വിളിക്കുന്നത്. ‘‘മാർക്സിന് തുല്യനും തൊഴിലാളിവർഗത്തിന്റെ മോചനത്തിനായുള്ള പോരാട്ടത്തിന്റെ ഉൽപ്പന്നവുമായ ഒരേയൊരു സെെദ്ധാന്തികനാണ് ലെനിൻ’’ എന്ന് ഹംഗേറിയൻ മാർക്സിസ്റ്റായ ജേ-്യാർജി ലൂക്കാച്ച് അദ്ദേഹത്തെ വിശേഷിപ്പിച്ചതിൽ അത്ഭുതപ്പെടാനൊന്നുമില്ല.

വിപ്ലവത്തിന്റെ നിർമിതി
1896ൽ സെന്റ് പീറ്റേഴ‍്സ്ബർഗിലെ ഫാക്ടറികളിൽ പെട്ടെന്ന് സ്വമേധയാ പണിമുടക്കുകൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ സോഷ്യലിസ്റ്റ് വിപ്ലവകാരികളെ സംബന്ധിച്ചിടത്തോളം അത് അവിചാരിതമായ ഒന്നായിരുന്നു. അവയ്ക്കൊരു ദിശാബോധമുണ്ടായിരുന്നില്ല. അഞ്ചു വർഷത്തിനുശേഷം ലെനിൻ എഴുതിയത്, തങ്ങളുടെ ‘സിദ്ധാന്ത’ങ്ങളിലും പ്രവർത്തനത്തിലും തൊഴിലാളികളുടെ ഈ മുന്നേറ്റത്തിനു പിന്നിലായി ‘‘വിപ്ലവകാരികൾ’’ പതുങ്ങിനീങ്ങുകയായിരുന്നു; ആ പ്രസ്ഥാനത്തെയാകെ നയിക്കാൻ ശേഷിയുള്ള സുദൃഢവും ചലനാത്മകവുമായ സംഘടന കെട്ടിപ്പടുക്കുന്നതിൽ അവർ പരാജയപ്പെട്ടു, എന്നാണ്. ഈ പോരായ്മ പരിഹരിക്കേണ്ടതുണ്ടെന്ന് ലെനിന് ബോധ്യമായി.

ലെനിന്റെ പ്രമുഖകൃതികളിൽ മിക്കവാറും എല്ലാം തന്നെ ഈ ഉൾക്കാഴ്ച പിൻപറ്റുന്നവയാണ്. റഷ്യയിലെ മുതലാളിത്തത്തിന്റെ വെെരുദ്ധ്യങ്ങളെക്കുറിച്ച് ലെനിൻ പഠിച്ചു (റഷ്യയിൽ മുതലാളിത്തത്തിന്റെ വളർച്ച, 1896); വിശാലമായ സാറിസ്റ്റ് സാമ്രാജ്യത്തിലെ കർഷകജനസാമാന്യത്തിന് എന്തുകൊണ്ടാണ് തൊഴിലാളിവർഗ സ്വഭാവമുള്ളത് എന്ന് മനസ്സിലാക്കാൻ ഈ പഠനം അദ്ദേഹത്തെ സഹായിച്ചു. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് സാറിസത്തിനും മുതലാളിമാർക്കുമെതിരെ തൊഴിലാളി–കർഷകസഖ്യം വേണമെന്ന് ലെനിൻ വാദിച്ചത്.

ബഹുജനസമരങ്ങളിൽ ഇടപെട്ടതിൽനിന്നും സെെദ്ധാന്തികമായ വായനയിൽനിന്നും ലെനിൻ തിരിച്ചറിഞ്ഞത്, മിക്കവാറുമെല്ലാ ബൂർഷ്വാ ലിബറൽ വിഭാഗങ്ങളെയും പ്രമാണിമാരെയും പോലെ സോഷ്യൽ ഡെമോക്രാറ്റുകൾക്കും, കർഷകജനതയെയും തൊഴിലാളികളെയും മോചിപ്പിക്കുന്നതിനിടയാക്കുന്ന പ്രസ്ഥാനത്തെയെന്നല്ല ബൂർഷ്വാ വിപ്ലവത്തെപോലും മുന്നോട്ടുകൊണ്ടുപോകാനുള്ള ശേഷിയില്ലെന്നാണ്. Two Tactics of Social Democracy in the Democratic Revoloution (ജനാധിപത്യവിപ്ലവത്തിൽ സോഷ്യൽ ഡെമോക്രസിയുടെ രണ്ട് അടവുകൾ– 1905) എന്ന കൃതിയിൽ ലെനിൻ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്; ഒരുപക്ഷേ, രണ്ട് അടവുകൾ എന്ന ഈ കൃതിയായിരിക്കും ‘‘പിന്നാക്കാവസ്ഥയിലുള്ള’’ ഒരു രാജ്യത്തുപോലും സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അനുപേക്ഷണീയത വ്യക്തമാക്കുന്ന ആദ്യത്തെ പ്രമുഖ മാർക്സിസ്റ്റ് പ്രബന്ധം; അടിമത്തത്തിന്റെ സ്ഥാപനങ്ങളെ തകർക്കാൻ ഇവിടെ തൊഴിലാളികളും കർഷകരും കൂട്ടുകെട്ടിൽ ഏർപ്പെടണം.

റഷ്യൻ വിപ്ലവത്തിന് മുതലാളിത്ത വികസനത്തിലൂടെ കടന്നുപോകാതെ അത് ചാടിക്കടക്കാനാവുമെന്ന (പോപ്പുലിസ്റ്റുകൾ–അതായത് നരോദ്നിക്കുകൾ – പറഞ്ഞത് ഇങ്ങനെയാണ്) കാഴ്ചപ്പാടിനെയും മുതലാളിത്ത വികസനം പൂർത്തിയായാൽ മാത്രമേ റഷ്യൻ വിപ്ലവം സാധ്യമാകൂയെന്ന (ലിബറൽ ഡെമോക്രാറ്റുകൾ വാദിച്ചത് അങ്ങനെയാണ്) കാഴ്ചപ്പാടിനെയും ലെനിൻ തള്ളിക്കളയുന്നതായാണ് ഈ രണ്ട് കൃതികളും വ്യക്തമാക്കുന്നത്. ഈ രണ്ട് മാർഗങ്ങളും സാധ്യമോ ആവശ്യമായതോ അല്ല. മുതലാളിത്തം അതിനകംതന്നെ റഷ്യയിൽ എത്തിക്കഴിഞ്ഞിരുന്നു; എന്നാൽ പോപ്പുലിസ്റ്റുകൾ ഈ വസ്തുത അംഗീകരിക്കുന്നില്ല. അതേപോലെതന്നെ, തൊഴിലാളി–കർഷകവിപ്ലവത്തിലൂടെ മുതലാളിത്തത്തെ മറികടക്കാനുമാകും; ഈ വസ്തുതയെയാകട്ടെ ലിബറൽ ഡെമോക്രാറ്റുകൾ അംഗീകരിക്കുന്നില്ല. എന്നാൽ 1917ലെ വിപ്ലവവും സോവിയറ്റ് അനുഭവവും ലെനിൻ പറഞ്ഞതാണ് ശരിയെന്ന് തെളിയിച്ചു.

സാറിസ്റ്റ് റഷ്യയ്ക്കുള്ളിലെ ലിബറൽ പ്രമാണിമാർക്ക് തൊഴിലാളികളുടെയും കർഷകരുടെയും വിപ്ലവത്തെയോ ബൂർഷ്വാവിപ്ലവത്തെ പോലുമോ നയിക്കാനുള്ള ശേഷിയില്ലായെന്ന് വ്യക്തമായതോടെ ലെനിൻ സാർവദേശീയ സാഹചര്യങ്ങളിലേക്ക് തന്റെ ശ്രദ്ധതിരിച്ചു. സ്വിറ്റ്സർലണ്ടിൽ പ്രവാസജീവിതം നയിച്ച കാലത്ത്, 1914ൽ യുദ്ധക്കൊതിയന്മാർക്കുമുന്നിൽ സോഷ്യൽ ഡെമോക്രാറ്റുകൾ കീഴടങ്ങുന്നത് ലെനിൻ കണ്ടു; മാത്രമല്ല, അവർ തൊഴിലാളിവർഗത്തെ ലോകയുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നതായും അദ്ദേഹം നിരീക്ഷിച്ചു.

സോഷ്യൽ ഡെമോക്രാറ്റുകളുടെ വഞ്ചനകണ്ട് മനസ്സുമടുത്ത ലെനിൻ വളരെ പ്രധാനപ്പെട്ട ഒരു ഗ്രന്ഥം രചിച്ചു–സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നതഘട്ടം; ധനമൂലധനത്തിന്റെയും കുത്തകസ്ഥാപനങ്ങളുടെയും വളർച്ചയെക്കുറിച്ചും ഒപ്പം മുതലാളിത്തരാജ്യങ്ങൾ തമ്മിലും സാമ്രാജ്യത്വ രാജ്യങ്ങൾ തമ്മിലുമെല്ലാം സംഘർഷങ്ങൾ വളർന്നുവരുന്നതിനെക്കുറിച്ചും വളരെ വ്യക്തമായ, സംശയാതീതമായ ധാരണ ഈ കൃതിയിൽ ലെനിൻ വികസിപ്പിച്ചു. ഈ ഗ്രന്ഥത്തിലാണ് ലെനിൻ പാശ്ചാത്യരാജ്യങ്ങളിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ പരിമിതികളെക്കുറിച്ച് ഗൗരവപൂർവം നിരീക്ഷിച്ചത്– സോഷ്യലിസ്റ്റ് സമരോത്സുകതയ്ക്ക് തടയിടുകയാണ് തൊഴിലാളി പ്രഭുത്വം (Labour aristocracy); ഇതിനുപുറമെ ലെനിൻ കിഴക്കൻ രാജ്യങ്ങളിൽ വിപ്ലവത്തിനുള്ള സാധ്യതയെക്കുറിച്ചും ഈ കൃതിയിൽ നിരീക്ഷിക്കുന്നുണ്ട്; കിഴക്കൻ രാജ്യങ്ങളിലായിരിക്കും സാമ്രാജ്യത്വ ശൃംഖലയിലെ ‘‘ദുർബലമായ ക ണ്ണി’’യെ കണ്ടെത്താനാകുന്നത്.

സമകാലിക സാമ്രാജ്യത്വത്തെ സംബന്ധിച്ച തന്റെ സിദ്ധാന്തത്തിന് വ്യക്തത വരുത്തുന്നതിനായി ലെനിൻ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, റഷ്യൻ ഭാഷകളിലായി 148 പുസ്തകങ്ങളും 213 ലേഖനങ്ങളും വായിച്ചതായി അദ്ദേഹത്തിന്റെ നോട്ടുബുക്കുകൾ വെളിപ്പെടുത്തുന്നു. ഈ തരത്തിൽ സാമ്രാജ്യത്വത്തെക്കുറിച്ച് വളരെ വ്യക്തതയോടെ വിശകലനം ചെയ്തതിലൂടെ, രാഷ്ട്രങ്ങളുടെ സ്വയംനിർണയാവകാശത്തെ സംബന്ധിച്ച് (ഈ രാഷ്ട്രങ്ങൾ സാറിസ്റ്റ‍് സാമ്രാജ്യത്തിലുള്ളവയോ മറ്റേതെങ്കിലും യൂറോപ്യൻ സാമ്രാജ്യത്തിലുള്ളവയോ ആകട്ടെ) ശക്തമായ ഒരു നിലപാട് ലെനിൻ വികസിപ്പിച്ചു. കോളനി വാഴ്ചയ്ക്കെതിരായ സോവിയറ്റ് യൂണിയന്റെ നിലപാടിന്റെ അന്തഃസത്ത ഇവിടെ കാണാൻ കഴിയും; കമ്യൂണിസ്റ്റ് ഇന്റർനാഷണലിലാണ് (Comintern) ഈ നിലപാട് വികസിപ്പിക്കപ്പെട്ടത്.

മാർക്സിസ്റ്റ് സിദ്ധാന്തത്തെ ലെനിൻ വികസിപ്പിച്ചതിന്റെ കേന്ദ്ര ബിന്ദുവാണ് ‘‘സാമ്രാജ്യത്വം’’ എന്ന പദം; ആഗോളതലത്തിൽ മുതലാളിത്തത്തിന്റെ അസമമായ വികാസത്തെയും ഈ അസമമായ അവസ്ഥയെ അങ്ങനെതന്നെ നിലനിർത്താൻ ബലപ്രയോഗം നടത്തുന്നതിനെയുമാണ് ഈ പദം സൂചിപ്പിക്കുന്നത്. ഈ ഭൂഗോളത്തിന്റെ ചില ഭാഗങ്ങൾ– പ്രധാനമായും കോളനിവൽക്കരണത്തിന്റെ മുൻകാല ചരിത്രമുള്ളവ –കീഴടങ്ങലിന്റേതായ നിലപാടിൽ നിൽക്കുകയാണ്; വിദേശ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ശക്തികളുടെ കാണാച്ചരടുകളാൽ (tentacles) തടസ്സപ്പെടുത്തപ്പെടുന്ന തനതായ ദേശീയ വികസന അജൻഡ രൂപപ്പെടുത്താൻ അവയ്ക്ക് ശേഷിയുണ്ടെങ്കിൽപോലും.

നമ്മുടെ കാലത്ത്, പുതിയ സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ സാമ്രാജ്യത്വം സംബന്ധിച്ച ലെനിനിസ്റ്റ് സിദ്ധാന്തം അപര്യാപ്തമാണ് എന്നു പറയുന്ന പുതിയ സിദ്ധാന്തങ്ങൾ ഉയർന്നുവരുന്നുണ്ട്. ഇടതുപക്ഷത്തുതന്നെയുള്ള ചിലയാളുകൾ ലോക സമ്പദ്ഘടനയുടെ നവകൊളോണിയൽ ഘടനയെന്ന ആശയത്തെ തിരസ്-കരിക്കുന്നു; അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വചേരി തങ്ങളുടെ അധികാരത്തിന്റെ സർവസ്രോതസ്സുകളും ഈ ഘടനയെ നിലനിർത്താൻ ഉപയോഗിക്കുമ്പോഴും ഇതാണവസ്ഥ. ലോകം ഇപ്പോൾ നിരപ്പായിരി (Flat)ക്കുകയാണെന്നും ആഗോള തെക്കൻ മേഖലയെ അടിച്ചമർത്തുന്ന ആഗോള വടക്ക് എന്നതുതന്നെ ഇപ്പോൾ ഇല്ലെന്നും രണ്ടു മേഖലകളിലെയും പ്രമാണിവർഗം ഒരേ സാർവദേശീയ ബൂർഷ്വാസിയുടെ ഭാഗം തന്നെയാണെന്നും വാദിക്കുന്നവർ ഇടതുപക്ഷത്തുപോലുമുണ്ട്. സാമ്രാജ്യത്വ ചേരി നടത്തുന്ന അക്രമങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയും അതേസമയംതന്നെ വടക്കും തെക്കും തമ്മിൽ ആപേക്ഷികമായ അസമത്വം വർധിച്ചുവരികയും ചെയ്തുകൊണ്ടിരിക്കുമ്പോൾ ഈ തടസ്സവാദങ്ങളൊന്നുംതന്നെ നിലനിൽക്കില്ല (തെക്കൻ മേഖലയിലെ മുതലാളിത്ത പ്രമാണിമാർ വളരുന്നുണ്ടെങ്കിലും വടക്കും തെക്കും തമ്മിലുള്ള അന്തരം വർധിക്കുക തന്നെയാണ്).

നിശ്ചയമായും ലെനിന്റെ സാമ്രാജ്യത്വം എന്ന കൃതിയിലെ കാര്യങ്ങൾക്ക് കുറച്ച് കാലപ്പഴക്കമുണ്ട്– കാരണം അത് നൂറ് വർഷംമുൻപ് എഴുതിയതാണ്; അതുകൊണ്ടുതന്നെ അതിനെ ശ്രദ്ധാപൂർവം പുനരാവിഷ്കരിക്കേണ്ടതുണ്ട്. എന്നാൽ ഈ സിദ്ധാന്തത്തിന്റെ അന്തഃസത്ത ഇപ്പോഴും പ്രസക്തമാണ്– മുതലാളിത്ത കമ്പനികൾ കുത്തകകളായി മാറുന്ന പ്രവണതയ്ക്ക് നൽകുന്ന നിഷ്കർഷ, ഫിനാൻസ് മൂലധനം ആഗോള തെക്കൻ മേഖലയിലെ രാജ്യങ്ങളുടെ സ്വത്ത് ഊറ്റിയെടുക്കുന്നതിലെ നിഷ്ഠുരത, തങ്ങളുടേതായ വികസന അജൻഡയ്-ക്ക് രൂപം നൽകാനുള്ള തെക്കൻ മേഖലാ രാജ്യങ്ങളുടെ മോഹങ്ങളെ തടഞ്ഞുനിർത്താൻ സാമ്രാജ്യത്വചേരി ബലം പ്രയോഗിക്കുന്നത് തുടങ്ങിയവ.

ലെനിന്റെ ഏറ്റവും നിർണായകമായ ഇടപെടലുകളിലൊന്ന് സാമ്രാജ്യത്വം ഒരിക്കലും കോളനികളെ വികസിപ്പിക്കില്ല എന്ന ആശയമാണ്; ലെനിന്റെ ആ ആശയമാണ് കോളനികളിലെ ജനങ്ങളെ ആകർഷിച്ചത്. ദേശീയവിമോചനത്തിന്റെ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കുന്ന സോഷ്യലിസ്റ്റ് ശക്തികൾക്കു മാത്രമേ ഒരേസമയം ദേശീയ പരമാധികാരത്തിനായി പൊരുതാനും തുടർന്ന് തങ്ങളുടെ രാജ്യത്തെ സോഷ്യലിസത്തിലേക്ക് മുന്നോട്ടുകൊണ്ടുപോകാനുമുള്ള ശേഷിയുണ്ടാകൂ. കോളനി വാഴ്ചക്കെതിരായ ലെനിന്റെ വിട്ടുവിഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹത്തിന്റെ ആശയങ്ങളിലേക്ക് കോളനി രാജ്യങ്ങളിലെ ജനങ്ങളെ അടുപ്പിച്ചത്; അതുകൊണ്ടാണ് അവർ 1919നു ശേഷം ആവേശപൂർവം കോമിന്റേണിനു പിന്നിൽ അണിനിരന്നത്.

ദേശീയ പ്രശ്നത്തെയും കൊളോണിയൽ പ്രശ്നത്തെയും സംബന്ധിച്ച കോമിന്റേണിന്റെ തീസിസ് വായിച്ച ഹോചിമിന്റെ കണ്ണുനിറഞ്ഞുപോയി. ഇൻഡൊ ചെെനയിലെ ജനങ്ങളുടെ സമരത്തെ സംബന്ധിച്ചിടത്തോളം ‘‘അത്യുത്ഭതകരമായ ഒരു വഴികാട്ടി’’യാണ് ഈ തീസിസ് എന്ന് വികാരാവേശത്തോടെ അദ്ദേഹം പ്രതികരിച്ചു. ഹോചിമിൻ ഇങ്ങനെ എഴുതി, ‘‘റഷ്യൻ വിപ്ലവത്തിന്റെ അനുഭവത്തിൽനിന്ന് നാം മനസ്സിലാക്കേണ്ടത് നമ്മുടെ സമരത്തിന്റെ അടിത്തട്ടിൽ തൊഴിലാളികളും കർഷകരും ഉൾപ്പെടെയുള്ള ജനങ്ങളുണ്ടാവണം; ഉറച്ച ഇച്ഛാശക്തിയുള്ള ശക്തമായ ഒരു പാർട്ടി നമുക്കാവശ്യമുണ്ട്; ത്യാഗമനോഭാവവും അഭിപ്രായഐക്യവുമുള്ള കേന്ദ്ര നേതൃത്വവും അതിനാവശ്യമാണ് എന്നാണ്.’’ ഹോചിമിൻ തുടരുന്നു– ‘‘ജ്വലിച്ചു നിൽക്കുന്ന സൂര്യനെപോലെ ഒക്ടോബർ വിപ്ലവം അഞ്ച് ഭൂഖണ്ഡങ്ങൾക്കുമേലും തിളങ്ങിനിന്നു; ലോകമാസകലമുള്ള മർദിതരും ചൂഷിതരുമായ ദശലക്ഷക്കണക്കിനാളുകളെ അത് ഉണർത്തി. മാനവരാശിയുടെ ചരിത്രത്തിൽ മുൻപൊരിക്കലും ഇത്രയേറെ വലിപ്പവും പ്രാധാന്യവുമുള്ള ഒരു വിപ്ലവം ഉണ്ടായിട്ടേയില്ല.’’

അവസാനമായി പറയട്ടെ, 1893 മുതൽ 1917 വരെയുള്ള കാലഘട്ടം ലെനിൻ ചെലവഴിച്ചത് പഴയതരത്തിലുള്ള പാർട്ടിയുടെ – സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ –പരിമിതികളെ സംബന്ധിച്ച് പഠിക്കുന്നതിനാണ്. Our Programme (നമ്മുടെ പരിപാടി) എന്ന ലെനിന്റെ കൃതി വ്യക്തമാക്കുന്നത്, പാർട്ടി നിരന്തരമായി പ്രവർത്തനങ്ങളിൽ വ്യാപൃതമാകണമെന്നും ഒരിക്കലും സ്വയംഭൂവോ പ്രാരംഭമായോ ഉള്ള പൊട്ടിപ്പുറപ്പെടലുകളെ (Outbreaks) ആശ്രയിക്കാൻ പാടില്ലെന്നുമാണ്.നിരന്തരമുള്ള ഈ പ്രവർത്തനം പാർട്ടിയെ തൊഴിലാളിവർഗവുമായും കർഷകജനതയുമായും സഹജവും ജെെവപരവുമായ അടുപ്പമുണ്ടാക്കാൻ സഹായിക്കുന്നതിനൊപ്പം പ്രതിഷേധങ്ങൾ ഉയർന്നുവരാൻ സഹായിക്കുകയും ചെയ്യും; അത്തരം പ്രതിഷേധങ്ങൾ പിന്നീട് ബഹുജന സ്വഭാവം കെെവരിക്കും. ഈ പരിഗണനകളായിരുന്നു What is To Be Done. (എന്തുചെയ്യണം, 1902) എന്ന കൃതിയിൽ ലെനിൻ വിപ്ലവപാർട്ടിയെ സംബന്ധിച്ച ധാരണ രൂപപ്പെടുത്താൻ ഇടയാക്കിയത്. ശ്രദ്ധേയമായ ഈ ഇടപെടൽ പാർട്ടിയുടെ മുന്നണിപ്പടയെന്ന നിലയിൽ വർഗബോധമുള്ള തൊഴിലാളികളുടെ പങ്കും, എല്ലാ സേ-്വച്ഛാധിപത്യവാഴ്ചകൾക്കെതിരെയും എല്ലാ മർദനനടപടികൾക്കെതിരെയും ശരിയായ നിലയിലുള്ള ശക്തമായ രാഷ്ട്രീയബോധം വികസിപ്പിക്കുന്നതിന് തൊഴിലാളികൾക്കിടയിൽ രാഷ്ട്രീയപ്രക്ഷോഭം നടത്തേണ്ടതിന്റെ പ്രാധാന്യവും ഉയർത്തിക്കൊണ്ടുവന്നു. വ്യവസ്ഥയുടെ നിഷ്ഠുരത എത്രമാത്രം രൂക്ഷമാണെന്ന് തൊഴിലാളികൾക്ക് ബോധ്യമാകണമെന്നും ഐക്യദാർഢ്യത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് അവർ തിരിച്ചറിയണമെന്നും ലെനിൻ വാദിച്ചു.

1896നും 1916നും ഇടയ്ക്ക് എഴുതിയ കൃതികളാണ് ബോൾഷെവിക്കുകൾക്കും ലെനിനും 1917ലെ പോരാട്ടങ്ങൾ എങ്ങനെ നടത്തണമെന്ന് തിരിച്ചറിയുന്നതിനുള്ള മണ്ണൊരുക്കിയത്. ബഹുജനങ്ങളിലുള്ള ലെനിന്റെ ദൃഢവിശ്വാസത്തിലുള്ള അളവുകോലായിരുന്നു ഇത്; അധികാരം പിടിച്ചെടുക്കുന്നതിനും ഏതാനും ആഴ്ചകൾക്കുമുൻപ് Can the Bolsheviks Retain State Power? (ബോൾഷെവിക്കുകൾക്ക് ഭരണാധികാരം നിലനിർത്താനാകുമോ?) എന്ന ആത്മവിശ്വാസം പ്രകടമാകുന്ന തന്റെ ലഘുലേഖയിൽ ലെനിൻ മുന്നോട്ടുവച്ച സിദ്ധാന്തത്തിന്റെ അളവുകോലും അതുതന്നെ.

പുതിയൊരു ഭരണകൂടം 
കെട്ടിപ്പടുക്കൽ
സാറിസ്റ്റ് സാമ്രാജ്യത്തിന്റെ അത്യാർത്തിയും യുദ്ധവുംമൂലം തകർക്കപ്പെട്ടിരുന്ന രാജ്യത്ത് സോഷ്യലിസ്റ്റ് സംവിധാനം കെട്ടിപ്പടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ലെനിന് അഭിമുഖീകരിക്കേണ്ടതായി വന്നു. സ്വയം സംഘടിതമാകുന്നതിന് സോവിയറ്റുകൾക്കു വേണ്ട സമയം ലഭിക്കുന്നതിനു മുൻപേതന്നെ സാമ്രാജ്യത്വശക്തികൾ അതിനെ എല്ലാ വശങ്ങളിൽനിന്നും വളഞ്ഞിട്ട് ആക്രമിച്ചു. കർഷകരുടെയും തൊഴിലാളികളുടെയും ഭാഗത്തുനിന്നെന്നപോലെ ദേശീയ ന്യൂനപക്ഷങ്ങളുടെ ഭാഗത്തുനിന്നുമുള്ള നേരിട്ടുള്ള ഇടപെടൽ പുതിയ വിപ്ലവസേനയിൽനിന്നു പ്രതിവിപ്ലവസേനകളിലേക്കു വൻതോതിൽ കൂറുമാറുന്നത് തടഞ്ഞു. പരിമിതമായ വിഭവങ്ങൾ മാത്രമുള്ള കർഷകർ പുതിയ തുടക്കത്തോടൊപ്പം അതിവേഗം മുന്നോട്ടുനീങ്ങി. എന്നാൽ അവർക്ക് പരിമിതമായ വിഭവങ്ങളേ ഉണ്ടായിരുന്നുള്ളൂവെന്നതാണ് പ്രധാന കാര്യം. സാറിസ്റ്റ് സേ-്വച്ഛാധിപത്യവാഴ്ച സാമൂഹിക വികാസത്തെ തളച്ചിട്ടിരുന്ന ഒരു ദരിദ്ര രാജ്യത്ത് എങ്ങനെയാണ് സോഷ്യലിസം കെട്ടിപ്പടുക്കുന്നത്?

State and Revolution (ഭരണകൂടവും വിപ്ലവവും –1918) എന്ന കൃതി ശ്രദ്ധാപൂർവം വായിച്ചാൽ, പുതിയ കടമ നിറവേറ്റുമ്പോൾ സോവിയറ്റുകൾ നേരിടേണ്ടതായി വരുന്ന പ്രശ്നങ്ങളെക്കുറിച്ച് ലെനിൻ മുൻകൂട്ടി കണ്ടിരുന്നുവെന്ന് കാണാൻ കഴിയും; സോവിയറ്റുകൾക്ക്, അതായത് തൊഴിലാളിവർഗത്തിന് ഭരണകൂടത്തെ അതേപടി സ്വന്തമാക്കാൻ കഴിയില്ല, മറിച്ച് നിലവിലുള്ള ‘‘ഭരണകൂടത്തെ തകർക്കേണ്ടതുണ്ട്. പുതിയൊരു കൂട്ടം സ്ഥാപനങ്ങളെയും സ്ഥാപനപരമായ പുതിയൊരു സംസ്കാരത്തെയും കെട്ടിപ്പടുക്കുകയും ഭരണകൂടത്തെയും സമൂഹത്തെയും സംബന്ധിച്ച് കേഡർമാരിൽ പുതിയൊരു അവബോധം വളർത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. 1918 ഏപ്രിൽ മാസത്തിൽ The Immediate Tasks of the Soviet Government (സോവിയറ്റ് ഗവൺമെന്റിന്റെ അടിയന്തര കടമകൾ) എന്ന കൃതിയിൽ ലെനിൻ ആദ്യത്തെ കുറച്ചുമാസങ്ങളിലെ ഗവൺമെന്റിന്റെ പ്രവർത്തനത്തെക്കുറിച്ച് സംഗ്രഹിച്ചിരിക്കുന്നു; സോവിയറ്റുകൾ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങളെക്കുറിച്ച് അവയ്ക്ക് നന്നായി അറിയാമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.

അവരുടെ വിപ്ലവം നടന്നത് വികസിത മുതലാളിത്ത രാജ്യത്തല്ല; മറിച്ച് മാർക്സ് വിശേഷിപ്പിച്ചതുപോലുള്ള ‘‘ഇല്ലായ്മയുടെ ജനപഥ’’ത്തിലാണ്. ഉൽപ്പാദനശക്തികളെ വികസിപ്പിക്കുകയും അതേസമയംതന്നെ ഉൽപ്പാദനോപാധികളെ സാമൂഹികവൽക്കരിക്കുന്നതുമായിരുന്നു അതിപ്രധാനമായ ഒരു കടമ.

ലെനിൻ ഇങ്ങനെ എഴുതി: ‘‘സാക്ഷരതയുടെ അഭാവത്തിൽ രാഷ്ട്രീയം അസാധ്യമായ കാര്യമാണ്. അപവാദപ്രചരണങ്ങളും പരദൂഷണം പറയലും മുൻവിധികളും മാത്രമേ സാധ്യമാകൂ.’’ സോവിയറ്റ് ഭരണകൂടത്തിനു മുന്നിലുണ്ടായിരുന്ന പരിമിതമായ വിഭവങ്ങളാകെ സാക്ഷരതയ്ക്കായി ചെലവഴിച്ചു; പുരുഷൻമാരിൽ മൂന്നിലൊന്നുപേരും സ്ത്രീകളിൽ അഞ്ചിലൊന്നിൽ താഴെയും മാത്രമേ അക്ഷരാഭ്യാസം നേടിയിട്ടുള്ളൂവെന്നതാണ് വസ്തുതയെന്നിരിക്കെ പാർട്ടി കേഡർമാരാകെ അതിനു പരിഹാരം കാണുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ദൃഢനിശ്ചയത്തോടെ രംഗത്തിറങ്ങി. ലിക്ബെസ് (Likbez) കാംപെയ്നും തദ്ദേശീയവൽക്കരണ നയത്തിനുമിടയ്ക്കുള്ള കാലത്ത് രണ്ട് ദശകത്തിനുള്ളിൽ പ്രാദേശികഭാഷകളും ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭാഷകളും ഉപയോഗിച്ച് പുരുഷന്മാരുടെ സാക്ഷരതാ നിലവാരം 86 ശതമാനമായും സ്ത്രീകളുടേത് 65 ശതമാനമായും ഉയർന്നുവെന്ന് ഉറപ്പുവരുത്താൻ സോവിയറ്റുകൾക്ക് കഴിഞ്ഞു.

സോവിയറ്റ് റഷ്യ കെട്ടിപ്പടുക്കുന്നതിൽ തൊഴിലാളികൾക്കും കർഷകർക്കുമുണ്ടായിരുന്ന കേന്ദ്ര സ്ഥാനം ഏറെക്കുറെ വിസ്മരിക്കപ്പെട്ടിരിക്കുകയാണ് (മിഖായേൽ കലിനിൻ കർഷക കുടുംബത്തിൽനിന്നുള്ളയാളാണ്, ജോസഫ് സ്റ്റാലിൻ ചെരുപ്പുകുത്തികളുടെയും വീട്ടുവേലക്കാരുടെയും കുടുംബത്തിൽ നിന്നുള്ളയാളാണ്). വിദ്യാഭ്യാസം, ആരോഗ്യം, ഭവനനിർമാണം, സമ്പദ്ഘടനയ്ക്കുമേൽ നിയന്ത്രണം ഉറപ്പാക്കൽ എന്നിവയ്ക്കൊപ്പം സാംസ്കാരികപ്രവർത്തനങ്ങളും സാമൂഹികവികാസവുമായിരുന്നു ലെനിന്റെ നേതൃത്വത്തിൽ നടന്ന പുതിയ സോവിയറ്റ് റഷ്യയുടെ പ്രവർത്തനങ്ങളുടെ മർമം. സോവിയറ്റ് യൂണിയനുമായി ബന്ധപ്പെട്ടുള്ള വലതുപക്ഷ ജൽപ്പനങ്ങൾക്കൊന്നിനും തൊഴിലാളിവർഗ ഭരണകൂടത്തിന്റെ ഈ അളവറ്റ നേട്ടങ്ങളെ തുടച്ചുനീക്കാനാവില്ല.

ജീവിതത്തിന്റെ അവസാനവർഷം ലെനിൻ അതിപ്രധാനമായ നാല് കൃതികൾ എഴുതി. On Cooperation (സഹകരണത്തെപ്പറ്റി), Our Revolution (നമ്മുടെ വിപ്ലവം), How We Should Reorder the Workers and Peasants Inspection? (എങ്ങനെ നാം തൊഴിലാളികളുടെയും കർഷകരുടെയും പരിശോധനയെ പുനഃക്രമീക്കരിക്കണം?) Better Fewer, But Better (കുറച്ചായാലും മതി, പക്ഷേ നന്നായിരിക്കണം) എന്നിവയാണിവ. ഈ കൃതികളിൽ, മുതലാളിത്തത്തിൽനിന്ന് സോഷ്യലിസത്തിലേക്കുള്ള പരിവർത്തനപ്രക്രിയയിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് ലെനിൻ ഏറ്റുപറയുകയാണ്. സഹകരണസംഘങ്ങളുടെ ‘‘ബൃഹത്തും പരിധിയില്ലാത്തതുമായ പ്രാധാന്യത്തെ’’ക്കുറിച്ചും, ഉൽപ്പാദനപരമായ അടിത്തറ പുനർനിർമിക്കേണ്ടതിന്റെയും ബഹുജനങ്ങളുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിന് സൊസെെറ്റികളെ കെട്ടിപ്പടുക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും ലെനിൻ എഴുതി. സാംസ്കാരികമായ പരിവർത്തനത്തിന്റെ അനിവാര്യതയെക്കുറിച്ച് ലെനിൻ സൂചിപ്പിച്ചത് തൊഴിലാളികൾക്കും കർഷകർക്കും പുതിയൊരു ജീവിതപന്ഥാവും തങ്ങളുടെ സമൂഹത്തിനുമേൽ അധികാരം സ്ഥാപിക്കുന്നതിന് സൃഷ്ടിപരമായ വഴികളും കണ്ടെത്തുന്നതിനും പ്രവർത്തനത്തിൽ വ്യക്തത ഉണ്ടാക്കുന്നതിനുമാണ്. ഭീകരമായ ഒരു ഭരണകൂടത്തിന്റെ രൂപമാതൃകയാണ് തൊഴിലാളികളുടെ കെെവശമെത്തുന്നത്; ഇതിനെ സമ്പൂർണമായും മാറ്റിമറിക്കണം. പക്ഷേ എങ്ങനെ? കുറച്ചായാലും മതി, പക്ഷേ നന്നായിരിക്കണം എന്ന കൃതിയിൽ ലെനിന്റെ വിശദീകരണം ഭീകരമായവിധം സത്യസന്ധമാണ്.

‘‘ഈ ഭരണയന്ത്രം പടുത്തുയർത്തുന്നതിന് എത്ര ഘടകങ്ങളാണ് നമ്മുടെ കെെവശമുള്ളത്? രണ്ടെണ്ണം മാത്രം. ഒന്നാമത്തേത്, സോഷ്യലിസത്തിനുവേണ്ടിയുള്ള സമരത്തിൽ മുഴുകിയിരിക്കുന്ന തൊഴിലാളികൾ. അവർ വേണ്ടത്ര വിദ്യാഭ്യാസം നേടിയവരല്ല. നമുക്ക് കൂടുതൽ മികച്ച ഒരു ഭരണയന്ത്രം നിർമിച്ചു തരാൻ അവർക്ക് താൽപ്പര്യമുണ്ട്; പക്ഷേ അതെങ്ങനെ നിർമിക്കണമെന്ന് അവർക്ക് അറിഞ്ഞുകൂട; അവർക്ക് അങ്ങനെയൊന്ന് നിർമിക്കാൻ കഴിയുകയുമില്ല. ഇതിനാവശ്യമായ സംസ്കാരം അവർ ഇനിയും ആർജിച്ചിട്ടുമില്ല; എന്നാൽ ഇതിനുവേണ്ടത് സംസ്കാരമാണു താനും. കാര്യങ്ങൾ തിടുക്കത്തിൽ ചെയ്യുകയോ കയറിയടിക്കുകയോ വീറും വാശിയും പ്രകടിപ്പിക്കുകയോ പൊതുവിൽ ഏറ്റവും മികച്ച ഏതെങ്കിലും മാനുഷിക ഗുണങ്ങൾ പ്രകടമാക്കുകയോ ചെയ്യുന്നതുകൊണ്ട് ഇവിടെ യാതൊന്നും നേടാനാകില്ല. രണ്ടാമതായി നമ്മുടെ കെെവശമുള്ളത് അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും ഘടകങ്ങളാണ്; പക്ഷേ, മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അവ ഇവിടെ പരിഹാസ്യമായ വിധം അപര്യാപ്തവുമാണ്.’’

1922 നവംബറിൽ മോസ്-കോ സോവിയറ്റിന്റെ സമ്പൂർണ യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ (ഇതായിരുന്നു അദ്ദേഹം പങ്കെടുത്ത അവസാനത്തെ പൊതുപരിപാടി) യുവ സോവിയറ്റ് റിപ്പബ്ലിക്കിന്റെ നേട്ടങ്ങളെ അദ്ദേഹം പുകഴ്-ത്തി; എന്നാൽ മുന്നോട്ടേക്കുള്ള പാതയിൽ നേരിടേണ്ടതായി വരുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അദ്ദേഹം ജാഗ്രതപ്പെടുത്തുകയും ചെയ്തു. അദ്ദേഹം പറഞ്ഞു– ‘‘രാജ്യത്തെ മൊത്തം ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയൊരു ഗ്രൂപ്പുമാത്രമായ നമ്മുടെ പാർട്ടിയാണ് ഈ ജോലി ചെയ്തുതീർക്കേണ്ടത്. സർവതും പുതുക്കിപ്പണിയുകയെന്ന കടമയാണ് ഈ ചെറിയ, മർമപ്രധാനമായ വിഭാഗം ചെയ്തുതീർക്കുന്നതിനായി മുന്നോട്ടുവന്നിട്ടുള്ളത്; ഈ കടമ അത് നിറവേറ്റുക തന്നെ ചെയ്യും.

‘‘പക്ഷേ, ഇത് കേവലം പാർട്ടിയുടെ മാത്രം കടമയല്ല; പുതിയ സോവിയറ്റ് ഭരണയന്ത്രത്തെ തങ്ങളുടേതാണെന്നു കാണുന്ന തൊഴിലാളികളുടെയും കർഷകരുടെയുംകൂടി കടമയാണ്.’’

‘‘നമ്മൾ സോഷ്യലിസത്തെ നിത്യജീവിതത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്; കാര്യങ്ങൾ എങ്ങനെയാണ് നിൽക്കുന്നത് എന്ന് നാം കാണണം. അതാണ് ഇന്നത്തെ നമ്മുടെ കടമ; നമ്മുടെ കാലഘട്ടത്തിന്റെ കടമ.’’

സോവിയറ്റ് യൂണിയൻ 74 വർഷം മാത്രമേ നിലനിന്നുള്ളൂ. പക്ഷേ, ആ വർഷങ്ങളിൽ മുതലാളിത്തത്തിന്റെ നിഷ്ഠുരതയെ ഭീകരമായവിധം അതിജീവിച്ചതിന്റെ അനുഭവമുണ്ട്. എഴുപത്തിനാല് വർഷം എന്നത് ശരാശരി ആഗോള ആയുർദെെർഘ്യമാണ്. സോവിയറ്റ് യൂണിയൻ തകർക്കപ്പെടുന്നതിനുമുൻപ് സോഷ്യലിസ്റ്റ് അജൻഡയിലേക്ക് മുന്നേറാൻ വേണ്ടത്ര സമയമുണ്ടായിരുന്നില്ല. എന്നാൽ, ലെനിന്റെ പെെതൃകം കേവലം സോവിയറ്റ് യൂണിയനിൽമാത്രം ഒതുങ്ങിനിൽക്കുന്നതല്ല. മാനവരാശി നേരിടുന്ന കഷ്ടപ്പാടുകളെ അതിജീവിച്ച് സോഷ്യലിസത്തിലേക്കു മുന്നേറുന്നതിനുള്ള ആഗോളസമരത്തിൽ ലെനിന്റെ പെെതൃകത്തെ കാണാം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × five =

Most Popular