അങ്ങനെ വമ്പൻ മാധ്യമ കോർപറേറ്റുകളുടെ ലയനം ഇന്ത്യയിലും യാഥാർഥ്യമായി. രണ്ടുമാസമായി ഇന്ത്യൻ മാധ്യമലോകം കാതോർത്തിരുന്ന റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ കീഴിലുള്ള ‘വയാകോം 18’ ഉം അമേരിക്കൻ കമ്പനിയായ വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മാധ്യമസംരംഭമായ സ്റ്റാർ ഇന്ത്യയും തമ്മിലുള്ള ലയനമാണ് ഈ ഫെബ്രുവരി 28ന് നിലവിൽ വന്നത്. 2024 ജനുവരി ആദ്യവാരം മുതൽ ഇരുസ്ഥാപനങ്ങളും തമ്മിലുള്ള ലയനചർച്ചകൾ നടന്നുവരികയായിരുന്നു. ചർച്ചകൾ ആരംഭിച്ച ഘട്ടത്തിൽതന്നെ, ഫെബ്രുവരി അവസാനത്തോടെ ലയനം പൂർത്തീകരിക്കുമെന്നും ഇരുകൂട്ടരും പ്രഖ്യാപിക്കുകയും ചെയ്തതാണ്. ലയനശേഷമുള്ള മാധ്യമസാമ്രാജ്യത്തിന്റെ മതിപ്പുമൂല്യം 850 കോടി ഡോളറാണ്. ഇതോടെ 2800 കോടി ഡോളർ മതിപ്പുവിലയുള്ള ഇന്ത്യൻ വിനോദ–വാർത്താചാനലുകളുടെ മേഖലയിൽ ഏറ്റവും പ്രമുഖ സ്ഥാപനമായി ഇതു മാറിയിരിക്കുകയാണ്. ലയനശേഷമുള്ള മാധ്യമ ബിസിനസ് സംരംഭത്തിൽ മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് 63% ഓഹരിയുണ്ട്. ബാക്കി 37 ശതമാനം ഓഹരി മാത്രമാണ് വാൾട്ട് ഡിസ്നി ഗ്രൂപ്പിനുള്ളത്. എന്നുപറഞ്ഞാൽ, പുതിയ കമ്പനിയിൽ നിർണായകശക്തി റിലയൻസ് ആണെന്നതാണ്. ആത്യന്തികമായി രാജ്യത്തെ തന്നെ ഏറ്റവും വലിയ മാധ്യമക്കുത്തക എന്ന പദവിയും റിലയൻസിന് സ്വന്തമായിരിക്കുകയാണ്, ലയനശേഷം കമ്പനിയിൽ റിലയൻസ് 140 കോടി ഡോളർ കൂടി (11,500 കോടി രൂപ) നിക്ഷേപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടെയാകും ലയനശേഷമുള്ള മാധ്യമക്കമ്പനിക്ക് 850 കോടി ഡോളർ (70,352 കോടി രൂപ) ആസ്തി ആകുന്നത്. നേരത്തെ ജപ്പാനിലെ സോണി കോർപറേഷനും അവരുടെ പ്രാദേശിക നെറ്റ്-വർക്കും ഇന്ത്യയിലെ സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസ്സും തമ്മിൽ 1000 കോടി ഡോളറിന് (82,760 കോടി രൂപ) ലയിക്കാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ സോണി കോർപറേഷൻ ഇത് ഉപേക്ഷിക്കുകയായിരുന്നു. ഹിന്ദി വാർത്താ വിനോദ ചാനൽ മേഖലയിലെ കുത്തക സ്വഭാവമുള്ള സ്ഥാപനമാണ് കയറ്റുമതി–വ്യാപാര രംഗങ്ങളിലെ പ്രമുഖനായ സുഭാഷ് ചന്ദ്ര സ്ഥാപിച്ച സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ്. 160 രാജ്യങ്ങളിലായി 70 കോടി പ്രേക്ഷകരുള്ള സ്ഥാപനമാണ് സീ എന്റർടെയ്ൻമെന്റ് എന്നാണ് അവർ അവകാശപ്പെടുന്നത്. അമേരിക്കയിലെ മാധ്യമചക്രവർത്തിയായ റൂപ്പർട്ട് മർഡോക്കുമായുള്ള പാർട്ണർഷിപ്പു വഴിയാണ് സീ ചാനലിന് വളർച്ചയുടെ പടവുകളിലേക്ക് കയറാൻ കഴിഞ്ഞത്.
ഇപ്പോൾ ലയനം പൂർത്തിയാക്കിയ മാധ്യമക്കമ്പനിയുടെ മേധാവി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയാണ്. ബോധി ട്രീ സിസ്റ്റംസ് സഹകരണസ്ഥാപകൻ ഉദയ് ശങ്കറാണ് വെെസ് പ്രസിഡന്റ്. ഉദയ് ശങ്കറും റൂപ്പർട്ട് മർഡോക്കിന്റെ മകൻ ജെയിംസ് മർഡോക്കും ചേർന്ന് അടുത്തയിടെ രൂപീകരിച്ച മൾട്ടിമീഡിയ പ്ലാറ്റ് ഫോമാണ് ബോഡി ട്രീ സിസ്റ്റംസ്. ലയനശേഷമുള്ള മാധ്യമസംരംഭത്തിന് രാജ്യത്തുമാത്രം 78 കോടി പ്രേക്ഷകരുണ്ടാകും എന്നാണ് അധികൃതർ അവകാശപ്പെടുന്നത്. എന്നുപറഞ്ഞാൽ, രാജ്യത്തെ 55 ശതമാനത്തിലേറെപ്പേരും വാർത്തകൾക്കും വിനോദപരിപാടികൾക്കുമായി ആശ്രയിക്കുക മുകേഷ് അംബാനി നിയന്ത്രിക്കുന്ന മാധ്യമസ്ഥാപനത്തെയായിരിക്കും എന്നാണ് ചുരുക്കം.
കുറേ നാളുകളായി വരിക്കാരെ നിലനിർത്താനും, ക്രിക്കറ്റ് ടൂർണമെന്റുകളുടെ സംപ്രേഷണാവകാശം സ്വന്തമാക്കാനും പാടുപെടുകയായിരുന്നു. ഡിസ്നി 2022ൽ ഇന്ത്യൻ പ്രീമിയർ ലീഗി (IPL)ന്റെ സംപ്രേഷണം, ഡിസ്-നിയെ തോൽപ്പിച്ച് റിലയൻസ് നേടിയെടുത്തിരുന്നു. അമേരിക്കൻ ടെലിവിഷൻ ശൃംഖലയായ ഹോം ബോക്സ് ഓഫീസ് പരിപാടികൾ ദീർഘകാലം സംപ്രേഷണം ചെയ്യാനുള്ള അവകാശവും 2022 ഏപ്രിലിൽ റിലയൻസ് സ്വന്തമാക്കിയിരുന്നു. ഇതുരണ്ടും നേരത്തെ ഡിസ്നിയുടെ കെെവശമായിരുന്നു എന്നോർക്കണം. ഡിസ്നിയെ കവച്ചുവയ്ക്കാൻ റിലയൻസ് മറ്റൊരു തന്ത്രം കൂടി പയറ്റുകയുണ്ടായി. ഐപിഎൽ മത്സരങ്ങൾ സൗജന്യമായി സംപ്രേഷണം ചെയ്ത് റിലയൻസ് ഡിസ്നിയുടെയും ഹോട്ട് സ്റ്റാറിന്റെയും വരിക്കാരെ കൂടി സ്വന്തമാക്കി. ചലച്ചിത്രങ്ങൾ, ടിവി സീരിയലുകൾ, സ്പോർട്സ് തുടങ്ങിയവ അമേരിക്കയിലും വിവിധ ഏഷ്യൻ രാജ്യങ്ങളിലും സംപ്രേഷണം ചെയ്യുന്ന ഒടിടി സ്ട്രീമിങ് പ്ലാറ്റ്ഫോമാണ് ഹോട്ട് സ്റ്റാർ.
അമേരിക്കയിൽ ടെെം വാർണറും അമേരിക്ക ഓൺലെെനും തമ്മിലുണ്ടായ വമ്പൻ ലയനത്തിനു സമാനമായി ഇന്ത്യയിലെ മാധ്യമക്കുത്തകകളുടെ ഏറ്റവും വലിയ ലയനമാണ് വയാകോമും സ്റ്റാർ ഇന്ത്യയും തമ്മിൽ നടന്നിട്ടുള്ളതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വയാകോമിന്റെ കീഴിലുള്ള 40 ചാനലുകളും സ്റ്റാർ ഇന്ത്യ നിയന്ത്രിക്കുന്ന 80 ചാനലുകളും ഉൾപ്പെടെ പുതിയ മാധ്യമക്കമ്പനിയുടെ കീഴിൽ 120 വാർത്ത–വിനോദചാനലുകൾ ഉണ്ടാകും. ഇതിനു പുറമെ ‘ജിയോ സിനിമ’ ഹോട്ട് സ്റ്റാർ എന്നിവയും പുതിയ കമ്പനിയുടെ അധീനതയിലുണ്ടാകും. ഇതോടെ പരമ്പരാഗതമായ ടിവി സംപ്രേഷണം (ലീനിയർ ടിവി) വഴിയും ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയുള്ള സംപ്രേഷണത്തിലൂടെയും 75–80 ശതമാനം ഇന്ത്യൻ സ്പോർട്സ് മാർക്കറ്റും ഈ കുത്തകക്കമ്പനിയുടെ കെെകളിലായിരിക്കും.
ലയനശേഷം റിലയൻസിന്റെ ഓഹരി വിലയിൽ വൻകുതിപ്പുണ്ടാകുമെന്നാണ് ഓഹരി രംഗത്തെ വിദഗ്ധർ പറയുന്നത്. ശരാശരി 35 മുതൽ 45 രൂപ വരെ ഓഹരി വില വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലയനം പ്രഖ്യാപിച്ചതിന്റെ തൊട്ടുപിറ്റേ ദിവസം (ഫെബ്രുവരി 29) ബിഎസ്ഇയിൽ റിലയൻസിന്റെ ഓഹരിവില 2925 രൂപയായി വർധിച്ചതായും ഡിസ്നിയുടെ ഓഹരി വില അമേരിക്കയിൽ ഒരു ശതമാനം വർധിച്ചതായും ഓഹരിക്കച്ചവടവുമായി ബന്ധപ്പെട്ട ബ്രോക്കിങ് വിഗദ്ധർ ചൂണ്ടിക്കാട്ടുന്നു. രണ്ടു ദിവസം കൂടി പിന്നിട്ടപ്പോൾ (മാർച്ച് 2ന്) റിലൻസ് ഓഹരിവില 2980.95 രൂപയായും ഉയർന്നു.
മാധ്യമഭൂമികയിൽ പൊളിച്ചെഴുത്ത്
ലയനം രാജ്യത്തെ മാധ്യമപരിസരത്തെയാകെ പുനഃസംവിധാനം ചെയ്യും എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. പരസ്യ വ്യവസായത്തിൽ വൻകുതിച്ചുചാട്ടം ഉണ്ടാക്കും എന്നാണ് രാജ്യത്തെ പ്രമുഖ ബ്രോക്കറേജ് ഗ്രൂപ്പായ CLSA പറയുന്നത്. ഇത് മാധ്യമരംഗത്തെ താരതമേ-്യന ചെറുഗ്രൂപ്പുകൾക്ക് വലിയ ഭീഷണി ഉയർത്തും. പരസ്യത്തിന്റെ കാര്യത്തിൽ വമ്പൻ കുത്തകയോടു മത്സരിക്കാൻ കഴിയാത്ത സ്ഥിതിയിലാകും ചെറിയ ഗ്രൂപ്പുകൾ. കുറഞ്ഞ വരിസംഖ്യ സാവകാശം വർധിക്കുന്ന സ്ഥിതിയും സംജാതമാകും. എന്നുപറഞ്ഞാൽ, സാധാരണക്കാരായ കോടിക്കണക്കിന് ടെലിവിഷൻ വരിക്കാർക്ക് വാർത്തകൾക്കായാലും വിനോദപരിപാടികൾക്കായാലും വൻതുക വരിസംഖ്യയായി നൽകേണ്ട സ്ഥിതിയുണ്ടാകും. കുറഞ്ഞ ചെലവിൽ പരിപാടികൾ ടെലിവിഷനിൽ കണ്ടുകൊണ്ടിരുന്ന വരിക്കാരുടെ ‘മധുവിധുകാലം’ അവസാനിക്കും എന്നാണ് നുവാമ ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് എക്സിക്യൂട്ടീവ് റിസർച്ച് ഡയറക്ടർ അബീഷ് റോയ് പറഞ്ഞത്. പരസ്യദാതാക്കളെയും ഇതു പ്രതികൂലമായി ബാധിക്കും. കാരണം, കമ്പനി വലിയ കുത്തകയാവുകയും, മത്സരം കുറയുകയും ചെയ്യുന്നതോടെ, കുത്തകക്കമ്പനി തീരുമാനിക്കുന്ന നിരക്കിൽ പരസ്യം നൽകാൻ പരസ്യദാതാക്കൾ നിർബന്ധിതരാകും. ഇതും ആത്യന്തികമായി മാധ്യമക്കുത്തകയുടെ കീശ വീർപ്പിക്കുകയായിരിക്കും ചെയ്യുക. 2022ൽ കായികമത്സരങ്ങളുടെ സംപ്രേഷണത്തിന് പരസ്യദാതാക്കൾ ടെലിവിഷനും, ഡിജിറ്റൽ മേഖലയ്ക്കുമായി നൽകിയത് 7,100 കോടി രൂപയാണ്. ഇതിൽ ഡിസ്നി ഇന്ത്യക്ക് ലഭിച്ചത് 80 ശതമാനമായിരുന്നു. ലയനശേഷം ഈ മേഖലയിൽ നിന്നുള്ള ലാഭം വളരെ വലുതാകും. കാരണം ഐപിഎൽ, ഐസിസി എന്നീ ക്രിക്കറ്റ് ടൂർണമെന്റുകൾ, വിംബിൾഡൺ, കബഡി ലീഗ്, ബിസിസിഐ ആഭ്യന്തരക്രിക്കറ്റ് എന്നിവയെല്ലാം സംപ്രേഷണം ചെയ്യപ്പെടുക നിത അംബാനി നേതൃത്വം നൽകുന്ന പുതിയ മാധ്യമക്കമ്പനിയായിരിക്കും. ഇപ്പോഴത്തെ ലയനത്തിന് സിസിഐ (Competition Commission of India) അംഗീകാരം ആവശ്യമാണ്. അതിനു കാലതാമസമുണ്ടായാൽ, ചിലപ്പോൾ ചില ചാനലുകൾ പൂട്ടിപ്പോകുന്ന സ്ഥിതിയുണ്ടാകും എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. നേരത്തെ നടക്കാതെപോയ സോണി– സീ എന്റർടെയ്ൻമെന്റ് ലയന സമയത്തും സിസിഐ ചില ചാനലുകൾ ഒഴിവാക്കണമെന്ന ഉപാധിയോടെയായിരുന്നു അനുവാദം നൽകിയത്.
വിനോദ–വാർത്ത ചാനൽ രംഗത്തെ മറ്റു കക്ഷികളെ ഈ ലയനം പ്രതികൂലമായി ബാധിക്കുവെന്നും വിശകലനങ്ങൾ ഉണ്ടായിട്ടുണ്ട്. കാരണം, പരിപാടികളുടെ ഉള്ളടക്കം നിയന്ത്രിക്കുന്നതിൽ മേൽക്കെെ ഉണ്ടാവുക റിലയൻസിന്റെ ‘ജിയോ’ക്കായിരിക്കും. ടെലിവിഷൻ സംപ്രേഷകരായ സൺടിവി, സീടിവി, സോണി തുടങ്ങിയവയെയായിരിക്കും ഇത് ഏറ്റവും കൂടുതൽ ബാധിക്കുക.
ജിയോ ഫോൺ ചരിത്രം ആവർത്തിക്കും
മൊബെെൽഫോൺ രംഗത്ത് ജിയോ പയറ്റിയ അടവുകൾ തന്നെയായിരിക്കും ടെലിവിഷൻ മേഖലയിലെ ആധിപത്യം ഉറപ്പിച്ചതിനു ശേഷം അവർ നടപ്പാക്കുക. ജിയോ മൊബെെലുകളുടെ ആദ്യ മോഡൽ വിപണിയിലിറക്കുന്നത് 2017 ആഗസ്തിലാണ്. 2022 ഒക്ടോബർ ആയപ്പോൾ അവർ അഞ്ചാം തലമുറ (5ജി)യും കൊണ്ടുവന്നു. 4ജി നിരക്കിൽത്തന്നെ 5ജി സേവനവും നൽകുമെന്നാണ് ജിയോ പ്രഖ്യാപിച്ചത്. എന്നാൽ ഇത് ഏറെക്കാലം ഉണ്ടാകാനിടയില്ലെന്ന വാർത്തകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ജിയോ മൊബെെലുകൾ ആരംഭിച്ച ഘട്ടത്തിൽ അവർ വലിയ സൗജന്യങ്ങളും വാഗ്ദാനങ്ങളും നൽകിയിരുന്നു. ആദ്യ ജിയോ സിം സൗജന്യമായി നൽകി. കേവലം നൂറുരൂപ പ്രതിമാസം മുടക്കിയാൽ പരിധിയില്ലാതെ കോളുകളും ഡാറ്റയും ഉപയോഗിക്കാൻ കഴിയുമെന്നു പിന്നീട് പറഞ്ഞിരുന്നു. രാജ്യത്തിന്റെ ഏതുകോണിലും മൊബെെൽ റേഞ്ച് കിട്ടുന്നതിന് ജിയോ മാത്രമേ ഉതകൂ എന്ന നിലയും വന്നു. അതോടെ, റേഞ്ചിന്റെ കാര്യത്തിൽ ഒരുറപ്പുമില്ലാത്ത ബിഎസ്എൻഎൽ കണക്ഷനുകൾ മാത്രമല്ല, മറ്റ് സ്വകാര്യ മൊബെെൽ ദാതാക്കളെപ്പോലും ഉപഭോക്താക്കൾ ഉപേക്ഷിക്കുന്ന സ്ഥിതി വന്നു. നൂറുരൂപയുടെ സ്ഥാനത്ത് 700ഉം 800 രൂപ വരെ നൽകേണ്ട സ്ഥിതിയും അതോടെ സംജാതമായി. വിപണിയിൽ ജിയോക്ക് മേൽക്കെെ ലഭിച്ചതോടെയാണ് ഇവർ വലിയതോതിൽ നിരക്കു വർധിപ്പിച്ചത്. ഇപ്പോൾ രണ്ടാം സ്ഥാനത്തുള്ള ‘എയർടെൽ’ പോലും ജിയോയുമായി മത്സരിക്കാൻ പാടുപെടുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ 4ജിയുടെ നിരക്കിൽ 5ജി സേവനങ്ങൾ നൽകുന്നുണ്ടെങ്കിലും 2024 സെപ്തംബറോടെ മൊബെെൽ നിരക്കിൽ ചുരുങ്ങിയത് 20 ശതമാനമെങ്കിലും വർധനയുണ്ടാകും എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സിഎൽഎസ്എ യുടെ കണക്കുകൂട്ടലുകൾ പ്രകാരം 2024 സാമ്പത്തികവർഷം രാജ്യത്തെ മൊബെെൽ ഫോൺ മേഖലയുടെ വരുമാനം 2,46,800 കോടി രൂപയാണെന്നാണ്. ഇത് 2025ൽ 2,77,300 കോടി രൂപയും 2026ൽ 3,07,800 കോടി രൂപയും ആയി വർധിക്കുമെന്നും പറയുന്നുണ്ട്.
മൊബെെൽ രംഗത്തെ വളർച്ചയും, അതിൽ നിന്നുള്ള ലാഭവും റിലയൻസിന് നല്ല കരുത്തുപകരുന്ന അനുഭവമാണ് സമ്മാനിച്ചിട്ടുള്ളത്. സമാനമായ ആധിപത്യം ടെലിവിഷൻ സംപ്രേഷണരംഗത്തും സമീപഭാവിയിൽത്തന്നെ റിലയൻസിനു വന്നു ചേരും. അങ്ങനെ ടെലിവിഷൻ വ്യവസായത്തിൽ കൂടി മേൽക്കെെ ലഭിച്ചാൽ, അത് കേവലം വരുമാനത്തിന്റെയോ, ലാഭത്തിന്റെയോ മാത്രം പ്രശ്നമല്ല. മാധ്യമകുത്തകകൾക്ക് രാഷ്ട്രീയത്തെയും ഭരണകൂടത്തെയും ദെെനംദിന ജീവിതത്തെയുമൊക്കെ നിർണയിക്കാൻ കഴിയുമെന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. അമേരിക്കയിൽ മാധ്യമചക്രവർത്തിയായി വിരാജിക്കുന്ന റൂപ്പർട്ട് മർഡോക്ക് തന്നെയാണ് ഇതിന്റെ ക്ലാസിക് ഉദാഹരണം.
ഇന്ത്യൻ മാധ്യമരംഗം
അംബാനിയുടെ കെെക്കുമ്പിളിൽ
ഈ അനുഭവ പശ്ചാത്തലത്തിലാണ് മുകേഷ് അംബാനി രാജ്യത്തെ ഏറ്റവും വലിയ മാധ്യമക്കുത്തകയാകാൻ ഇത്തരം മാധ്യമസ്ഥാപന ലയനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. പത്തുവർഷം മുമ്പാണ് അംബാനി ഇതിനുള്ള ശ്രമം ആരംഭിച്ചത്. 2014ൽ രാജ്യത്തെ പ്രമുഖ വാർത്താചാനലായ ‘നെറ്റ്-വർക്ക് 18’ ഏറ്റെടുത്തു കൊണ്ടായിരുന്നു തുടക്കം. സിഎൻഎൻ–ഐബിഎൻ, സിഎൻബിസി ടിവി 18, സിഎൻബിസി ആവാസ് എന്നിവ അടങ്ങുന്ന ‘നെറ്റ്-വർക്ക് 18’നെ അന്ന് 4000 കോടി രൂപ മുടക്കിയായിരുന്നു അംബാനി ഏറ്റെടുത്തത്. അംബാനി അന്ന് രാജ്യത്തെ മാധ്യമചക്രവർത്തി എന്ന പദവിയിലേക്കുള്ള ചുവടുവയ്പ് ആരംഭിച്ചു എന്നായിരുന്നു അന്ന് നിരീക്ഷിക്കപ്പെട്ടത്. ഇപ്പോഴത്തെ ലയനവും അനിൽ റിലയൻസിനു ലഭിച്ച മേൽക്കെെയും കൂടിയാകുമ്പോൾ അംബാനി അക്ഷരാർഥത്തിൽ മർഡോക്കിന്റെ ഇന്ത്യൻ പതിപ്പായി മാറിക്കഴിഞ്ഞു. ‘നെറ്റ്-വർക്ക് 18’ റിലയൻസിനു കീഴിലായപ്പോൾത്തന്നെ അതിന്റെ എഡിറ്റോറിയൽ നയത്തിൽ പ്രകടമായ മാറ്റമുണ്ടായതായുള്ള നിരീക്ഷണങ്ങൾ ഉണ്ടായിട്ടുണ്ട്. സമാനമായ എഡിറ്റോറിയൽ നയം തന്നെയായിരിക്കും റിലയൻസിന്റെ കീഴിലുള്ള ‘വയാകോം 18’ ന്റെയും വാൾട്ട് ഡിസ്നിയുടെ ‘സ്റ്റാർ ഇന്ത്യ’ യുടെയും ലയനത്തിലൂടെ സംഭവിക്കുക.
മാധ്യമരംഗത്ത് റിലയൻസിനോടു തൊട്ടുനിൽക്കാൻ കഴിയുന്ന സ്ഥിതിയിലേക്കാണ് ഗൗതം അദാനിയും വളർന്നുകൊണ്ടിരിക്കുന്നത്. സത്യസന്ധമായും വസ്തുനിഷ്ഠവുമായും വാർത്തകൾ നൽകുന്ന സ്ഥാപനമെന്നു പേരുകേട്ട എൻഡിടിവിയെ കെെയടക്കുക വഴി അദാനിയും മാധ്യമക്കുത്തകയായി മാറിക്കൊണ്ടിരിക്കുകയാണ്.
ചുരുക്കത്തിൽ ഇന്ത്യൻ മാധ്യമമേഖലയുടെ സിംഹഭാഗവും അംബാനിയുടെയും അദാനിയുടെയും കെെകളിലെത്തിപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുനിഷ്ഠ യാഥാർഥ്യം. രണ്ടുകൂട്ടരും മറ്റു വ്യവസായ–വാണിജ്യ സംരംഭങ്ങളിലൂടെ തടിച്ചുകൊഴുത്തുകൊണ്ടിരിക്കുന്നവരും, സംഘപരിവാർ രാഷ്ട്രീയത്തെയും അതു നേതൃത്വം നൽകുന്ന ഇന്ത്യൻ ഭരണസംവിധാനത്തെയും അരക്കിട്ടുറപ്പാക്കാൻ കണ്ണിലെണ്ണയൊഴിച്ചു നിൽക്കുന്നവരുമാണ്. രാജ്യത്തെ ഒൗദ്യോഗിക വാർത്താസംവിധാനങ്ങളായ ആകാശവാണിയും, ദൂരദർശനും വാർത്തകൾ നൽകാനുള്ള ചുമതലയിൽനിന്ന് പിടിഐ എന്ന വാർത്താ ഏജൻസിയെ ഒഴിവാക്കി ആർഎസ്എസ് നിയന്ത്രണത്തിലുള്ള ‘ഹിന്ദുസ്ഥാൻ സമാചാർ’ എന്ന ഏജൻസിയെ ചുമതലപ്പെടുത്തിയിട്ട്- മാസങ്ങളേ ആയുള്ളൂ. എന്നു പറഞ്ഞാൽ, രാജ്യത്തെ മാധ്യമവ്യവഹാര മേഖലയിൽ വളരെ കൃത്യമായി സംഘപരിവാർ അനുകൂല ഇടപെടലുകൾതന്നെയാണ് സംഭവിച്ചിരിക്കുന്നത്. ♦