Saturday, April 27, 2024

ad

Homeമാധ്യമ നുണകള്‍ബുദ്ധിജീവി നാട്യക്കാരുടെ 
ഭൂതാവേശങ്ങൾ

ബുദ്ധിജീവി നാട്യക്കാരുടെ 
ഭൂതാവേശങ്ങൾ

ഗൗരി

മ്മുടെ അച്ചടി – ദൃശ്യ മാധ്യമങ്ങളെല്ലാം ആഘോഷത്തിലാണ്. ശവംതീനി കഴുകന്മാരും തോറ്റുപോകും ഇവറ്റകൾക്കു മുന്നിൽ. വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ സിദ്ധാർഥിന്റെ ആത്മഹത്യയും അതിനിടയാക്കിയ സംഭവങ്ങളുമാണ് ഈ മാധ്യമ ഉറഞ്ഞുതുള്ളലുകളുടെയും ആഘോഷങ്ങളുടെയുമെല്ലാം നിദാനം. അച്ചടി ദൃശ്യ മാധ്യമങ്ങൾ മാത്രമല്ല, നവമാധ്യമങ്ങളിൽ ചില ബുജികളും ഈ ദാരുണ സംഭവത്തോടുള്ള പ്രതികരണമെന്ന നിലയിൽ ഇടതുപക്ഷ രാഷ്ട്രീയത്തെയാകെയും എസ്എഫ്ഐ എന്ന വിദ്യാർഥി പ്രസ്ഥാനത്തെയും കടിച്ചു കുടഞ്ഞ് വലിച്ചു കീറി ചോരയൂറ്റിക്കുടിക്കാൻ ആവേശപൂർവം അണിനിരക്കുന്നതും നാം കാണുന്നു.

അത്തരത്തിലൊരു ബുജിയുടെ സോഷ്യൽ മീഡിയ കമന്റിന്റെ തുടക്കം തന്നെ ഒന്നു വേറിട്ടതാണ്. സി ആർ പരമേശ്വരനെന്ന മഹാൻ തന്റെ വെെകാരിക വിക്ഷോഭത്തിനു തുടക്കമിടുന്നത്, സാധാരണഗതിയിൽ ഒരു മരണവും അതിയാന്റെ മനസ്സിനെ ചലിപ്പിക്കാറില്ലെങ്കിലും ഇപ്പോൾ ‘‘ആ പയ്യൻ എന്റെ മനസ്സിലിരുന്നു വിങ്ങുന്നു’’ എന്നാണ് പതംപറച്ചിൽ. മരണത്തോട് നിർവികാരത സ്ഥായീഭാവമായുള്ള ബുജിയുടെ മനസ്സിൽ സിദ്ധാർഥിന്റെ മരണം ‘‘വിങ്ങലുണ്ടാക്കിയത്’’ ആ മരണത്തോടുള്ള പ്രതികരണമോ അതിലുള്ള സങ്കടമോ കൊണ്ടല്ല, മറിച്ച് മഹത്തായ പാരമ്പര്യമുള്ള ഒരു വിദ്യാർഥി പ്രസ്ഥാനത്തെയും ഇടതുപക്ഷ രാഷ്ട്രീയത്തെയാകെയും കുത്തിക്കീറി ചോര കുടിക്കാൻ കിട്ടിയ സുവർണാവസരമെന്ന നിലയിലാണ്.

അതിൽ തെല്ലും അത്ഭുതപ്പെടേണ്ടതില്ല. ഇന്ന് സംഘപരിവാർ സഹയാത്രികനായി അടയാളപ്പെടുത്തപ്പെടുന്നതിൽ അഭിമാനം കൊള്ളുന്ന ഈ മഹാ സാഹിത്യ കോടാലി പൂർവ്വാശ്രമത്തിൽ ഇന്ത്യൻ വിപ്ലവ വിഹായസ്സിൽ വസന്തത്തിന്റെ ഇടിമുഴക്കം കേട്ട് ഞെട്ടിയുണർന്നയാളാണെന്നറിയുമ്പോൾ നമുക്ക് എങ്ങനെയാണ് അത്ഭുതപ്പെടാതിരിക്കാനാവുക. ഈ രണ്ട് ആശ്രമങ്ങളിലും ഇടതുപക്ഷ രാഷ്ട്രീയത്തോടുള്ള വിദേ-്വഷം തന്നെയാണ് അതിയാന്റെ ലെെൻ. രണ്ടു ജന്മങ്ങളിലും, പ്രത്യേകിച്ചും ഇപ്പോൾ മരണത്തിൽ അനുതാപമുണ്ടാകാൻ സാധ്യത തീരെയില്ലല്ലോ.

‘‘കൗപീനത്തിനുള്ളിലെ കാമ്പസ് രാഷ്ട്രീയം’’ എന്ന ശീർഷകമാണ് ഇയാൾ തന്റെ പോസ്റ്റിന് നൽകിയിരിക്കുന്ന പേരുതന്നെ. കാമ്പസ് രാഷ്ട്രീയത്തിനെതിരായ ഇയാളുടെ ഉറഞ്ഞുതുള്ളൽ തൽക്കാല രാഷ്ട്രീയത്തിലെ ചിന്താധാരകൾക്ക് പറ്റിയതുതന്നെ. കാമ്പസ‍് രാഷ്ട്രീയം മരപ്പൊട്ടന്മാരെയും മണ്ടന്മാരെയും സൃഷ‍്ടിക്കുന്നതാണ് എന്നത്രെ ഈ അർദ്ധ സംഘി വങ്ക ശിരോമണിയുടെ ഒരിത്. ഒരു കാര്യം ഉറപ്പാണ് ഇയാൾക്ക് ചരിത്രബോധം തീരെയില്ലെന്ന്. കേരളത്തിൽ സ്വകാര്യ സ്കൂളുകളിൽ ദളിത് സംവരണത്തിന്റെ അവസരമില്ലാതായതും അധ്യാപക നിയമനത്തിൽ കെെക്കൂലി കടന്നുവന്നതും എങ്ങനെയെന്ന വിവരം സി ആർ പരമേശ്വരൻ വിവരമുള്ള ആരോടെങ്കിലും ഒന്നു ചോദിച്ചറിയുന്നത് നന്നായിരിക്കും.

1957ൽ ഇ എം എസ് സർക്കാർ പാസാക്കിയ വിദ്യാഭ്യാസ നിയമപ്രകാരം സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകർക്ക് ശമ്പളം സർക്കാർ നൽകുന്നതിനൊപ്പം അധ്യാപക നിയമനം പൊതുസംവിധാനത്തിലൂടെ ആയിരിക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. അത് സുപ്രീംകോടതി പരിശോധിച്ച് ഭരണഘടനാ വ്യവസ്ഥകൾക്കനുയോജ്യമാണെന്ന് ഉറപ്പുവരുത്തി രാഷ്ട്രപതി തന്നെ അന്ന് അംഗീകരിച്ച് നിയമമാക്കിയതാണ്. എന്നാൽ കുപ്രസിദ്ധ ‘വിമോചന’ സമരാനന്തരം നിലവിൽ വന്ന കോൺഗ്രസ് ഭരണക്കാരാണ് അത് ഭേദഗതി ചെയ്ത് സംവരണത്തിനുള്ള അവസരം ഇല്ലാതാക്കിയതും മാനേജർമാർക്ക് കെെക്കൂലിക്കുള്ള വാതിൽ തുറന്നു കൊടുത്തതും എന്ന സത്യം വലതുപക്ഷ രാഷ്ട്രീയത്തിന്റെ അഴുക്കുചാലിൽ കിടന്ന് അളിക്കുന്ന ഈ ബുജിക്ക് അറിയാനാവില്ല.

കാമ്പസ് രാഷ്ട്രീയം വെടക്കാണെന്ന് പറയുന്ന പരമേശ്വരൻജി ഇൗ ഐഡിയയും സ്വകാര്യ മാനേജ്മെന്റുകളുടെ പ്രചാരണ സാഹിത്യത്തിൽനിന്ന് കടംകൊണ്ടതാണ് എന്ന് മറക്കണ്ട. കാമ്പസ് രാഷ്ട്രീയമോ കലാലയ രാഷ്ട്രീയമോ അന്യമായ സ്ഥാപനങ്ങളിൽ നടമാടുന്ന, വിദ്യാർഥികൾക്കെതിരായ പീഡനങ്ങളും മാനേജ്മെന്റുകളുടെ കൊള്ളകളും ഇയാൾക്ക് അറിയാത്തതാവില്ല. ഒറ്റപ്പാലം നെഹ്രു കോളേജിനെക്കുറിച്ചും സമാനമായ അരാഷ്ട്രീയ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും ഒന്നനേ-്വഷിച്ചറിയാനെങ്കിലും ‘ജി’ ശ്രമിക്കുന്നത് നന്നായിരിക്കും. അപ്പോൾ ‘ജി’യുടെ ഉള്ളിലെ വിങ്ങൽ ഒരു കുട്ടി കലാലയത്തിൽ ആത്മഹത്യ ചെയ്തതിലുള്ള സങ്കടം കൊണ്ടൊന്നുമല്ല, മറിച്ച് സിപിഐ എമ്മിനെയും എസ്എഫ്ഐയെയും തെറിപറയാനുള്ള വഹ മുന്നിൽ വന്നു ചാടിയതിലുള്ള സന്തോഷം കൊണ്ടുള്ള വിങ്ങലാണ്. സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കും സിപിഐ എമ്മിനുമെതിരെയുള്ള ‘ജി’ മാരുടെ ഉറഞ്ഞുതുള്ളലുകളിൽ തെല്ലും പുതുമയില്ലാത്തതിനാൽ അതെല്ലാം അവിടെ നിൽക്കട്ടെ!

സിദ്ധാർഥന്റെയെന്നല്ല, ഏതൊരു കുട്ടിയുടെയും മരണം, പ്രത്യേകിച്ചും കലാലയ ജീവിതവുമായി ബന്ധപ്പെട്ടാകുമ്പോൾ, സങ്കടകരം തന്നെയാണ്. അത്തരം സംഭവങ്ങൾക്കുനേരെ ചിലപ്പോൾ കണ്ണടയ്ക്കുകയും ചിലപ്പോൾ കിട്ടിപ്പോയല്ലോ വടി എന്ന സന്തോഷത്തിൽ ആഘോഷമാക്കുകയും ചെയ്യാൻ വലതുപക്ഷ മനസ്സുള്ളവർക്കേ പറ്റൂ. മനോരമാദി മാധ്യമങ്ങളെയും പരമേശ്വാരാദി ബുജികളെയും ആ ജനുസ്സുകളിലാണ് കാണേണ്ടത്.

ഇടുക്കി എൻജിനീയറിങ് കോളേജിലെ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ യൂത്ത് കോൺഗ്രസ് ഗുണ്ടകൾ കലാലയമുറ്റത്തിട്ട് കുത്തിക്കൊന്ന സംഭവം നടന്ന ശേഷം ഇപ്പോൾ കാലം ഏറെയൊന്നും ആയില്ലല്ലോ. ഇപ്പോൾ ഒരാഴ്ചയായിട്ടും ചർച്ച തുടരുന്ന, സിദ്ധാർഥന്റെ മാതാപിതാക്കളുടെ കണ്ണീരൊപ്പിക്കാണിക്കുന്ന മാധ്യമങ്ങളും പരമേശ്വരൻജിമാരും എവിടെയായിരുന്നു അന്ന് ഒളിവിൽ പോയത്? ധീരജ് കൊല്ലപ്പെട്ടപ്പോൾ അത് ഇരന്നു വാങ്ങിയ മരണമാണെന്നും എന്റെ കുട്ടികൾ പണിതുടങ്ങി, ഇനി ഒരുത്തനെയും വിടില്ലയെന്നുമെല്ലാം ഉദ്ഘോഷിച്ചത് കെപിസിസിയുടെ അധ്യക്ഷനും കോൺഗ്രസ് ലോക്സഭാംഗവുമായിരുന്നല്ലോ. പ്രതിപക്ഷ നേതാവ് സതീശനും ധീരജിന്റെ കൊലയാളികളെ വാഴ്-ത്തിയതും മറക്കണ്ട. കോളേജിനുള്ളിൽ നടന്ന സംഘട്ടനത്തിൽ യാദൃച്ഛികമായി ധീരജ് കൊല്ലപ്പെട്ടതാണെന്ന് ന്യായീകരണം ചമയ്ക്കുന്നവർ പക്ഷേ കൊലയാളികൾ യൂത്ത് കോൺഗ്രസുകാരാണെന്നതും കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടന്ന ആ ദിവസമോ അതിനടുത്തോ ഒരു സംഘർഷവും അവിടെ ഉണ്ടായില്ലയെന്നതും മറച്ചുപിടിക്കുകയാണ്. മുൻകൂട്ടി ആസൂത്രണം ചെയ്ത് ആയുധങ്ങളുമായി എത്തിയ കൊലയാളികളാണ് ധീരജിനെ കൊന്നത് എന്ന കാര്യത്തിനൊപ്പം ആ കൊലയാളികളെ കോൺഗ്രസും യൂത്ത് കോൺഗ്രസും കെഎസ്-യുവും പരസ്യമായി ന്യായീകരിക്കുകയും ചെയ്തതും വിമർശന വിധേയമാക്കാൻ നമ്മുടെ മാധ്യമതമ്പ്രാക്കളാരും തയ്യാറുമല്ല.

എന്നാൽ സിദ്ധാർഥിന്റെ കാര്യത്തിലോ? സിപിഐ എമ്മോ എസ്എഫ്ഐയോ ഏതെങ്കിലും നേതാവോ അതിനെ ന്യായീകരിക്കാൻ തയ്യാറായില്ലെന്നു മാത്രമല്ല, നിർവ്യാജം തള്ളിപ്പറയുകയും എസ്എഫ്ഐയുമായി ബന്ധമുള്ള ഈ കേസിൽ ഉൾപ്പെട്ട എല്ലാവരെയും സംഘടന പുറത്താക്കുകയും ചെയ്തുവെന്നു മാത്രമല്ല, സർക്കാർ കൃത്യമായി അനേ-്വഷണം നടത്തി ഈ സംഭവവുമായി ബന്ധപ്പെട്ടവരെയെല്ലാം അറസ്റ്റു ചെയ്ത് ജയിലിലാക്കുകയും ചെയ്തു. എന്നിട്ടും മുറുമുറുപ്പും ആക്രോശങ്ങളും തുടരുന്നതിന്റെ കാരണം അവരുടെയെല്ലാം പ്രശ്നം ആ കുട്ടി മരണപ്പെട്ടതല്ല മറിച്ച് എസ്എഫ്ഐയെ കിട്ടിയ തക്കത്തിന് വേട്ടയാടലാണ്. എസ്എഫ്ഐയെ കൊലയാളികളുടെ കൂട്ടായ്മയായി അവതരിപ്പിക്കാൻ നോക്കുന്ന മാധ്യമങ്ങളും ബുജികളും മറച്ചുപിടിക്കാൻ നോക്കുന്നത് കെഎസ്-യുക്കാരും ആർഎസ്എസുകാരും 36 എസ്എഫ്ഐ പ്രവർത്തകരെ കലാലയങ്ങൾക്കുള്ളിൽ കൊലക്കത്തിക്കിരയാക്കിയിട്ടും തിരിച്ച് ഒരൊറ്റയാളെപ്പോലും കൊലപ്പെടുത്തിയിട്ടില്ലയെന്ന വസ്തുതയാണ്. കൊല്ലപ്പെട്ട എസ്എഫ്ഐക്കാരിൽ സ്കൂൾ വിദ്യാർഥികൾ പോലുമുണ്ടെന്നതും അവർ മൂടിവയ്ക്കുകയാണ്. കലാലയങ്ങളിൽ മദ്യത്തിനും മയക്കുമരുന്നിനും റാഗിങ്ങിനുമെതിരെ പൊരുതിയും എസ-്എഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നതും ഇവർ മറക്കുന്നു. കണ്ണൂർ ജില്ലയിലെ ഒരു കോളേജിൽ കെഎസ്-യുവിന്റെ യൂണിയൻ ഭാരവാഹിയെ കെഎസ്-യു നേതാക്കൾ തന്നെ വിറകുമുട്ടികൊണ്ട് തലയ്ക്കടിച്ചു വീഴ്-ത്തി തല്ലിക്കൊന്ന സംഭവം പോലും ഈ പരമേശ്വരന്മാർ ഓർക്കുന്നില്ല.

പൂക്കോട് കോളേജിലുണ്ടായ സംഭവവും സിദ്ധാർഥിന്റെ മരണവും ആർക്കും ന്യായീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കാനും പാടില്ല. എന്നാൽ കോളേജ് തലത്തിൽ പ്രവർത്തിക്കുന്ന ചിലരുടെ തെറ്റിനെ ഒരു സംഘടനയെ തന്നെ അപഹസിക്കാനും തകർക്കാനുമുള്ള അവസരമാക്കാൻ ശ്രമിക്കുന്നതാണ് എതിർക്കപ്പെടേണ്ട കാര്യം. കാരണം എക്കാലത്തും ആക്രമണങ്ങൾക്ക് ഇരയായ ചരിത്രമുള്ള സംഘടനയാണ് എസ‍്എഫ്ഐ. അപ്പോഴൊന്നും പ്രത്യാക്രമണത്തിന് ആ സംഘടന തുനിഞ്ഞിട്ടുമില്ല.

മാത്രമല്ല ഒരു സംഘടനയെന്ന നിലയിൽ എസ്എഫ്ഐ ചെയ്തിട്ടുള്ളതും ഇപ്പോഴും ചെയ്യുന്നതുമായ സേവനങ്ങളും എസ്എഫ്ഐക്കെതിരായ ആക്രോശങ്ങളുമായി അണിനിരക്കുന്നവർ ഓർക്കാനോ പറയാനോ ഇഷ്ടപ്പെടുന്നില്ല. സംഘടനയോ രാഷ്ട്രീയമോ നോക്കാതെ തന്നെ ഏതു വിദ്യാർഥിക്കുമെന്നു മാത്രമല്ല പൊതുസമൂഹത്തിലാർക്കും ആവശ്യമുള്ളപ്പോഴെല്ലാം രക്തദാനത്തിനു സന്നദ്ധരായി കുട്ടികളുടെ ഒരു നിരതന്നെ, ഒരു സേന തന്നെ എസ്എഫ്ഐക്കാരായുണ്ട്. കെഎസ്-യുവോ എബിവിപിയോ ഷോ കാണിക്കാൻ അഞ്ചാറുപേരെ നിർത്തി രക്തദാന ഫോട്ടോ പിടിക്കൽ നടത്തുമ്പോൾ ആഘോഷമാക്കുന്നവർ എസ്എഫ്ഐയിൽ കാണില്ല.

ഈ ‘‘സാധന’’ത്തിന്റെ പേര് അന്ന് ‘‘കെഎസ്എഫ്’’ എന്നായിരുന്നു എന്ന് പോസ്റ്റുന്ന കെെലാസ പരമേശ്വരന്മാരെപോലുള്ള മനുഷ്യവിദേ-്വഷികൾക്ക്, സംഘികളുടെ ചെല്ലം ചുമട്ടുകാർക്ക് എസ്എഫ്ഐയിലെ നന്മ മനസ്സിലാവില്ല. സംഘപരിവാറിന്റെയും കോർപ്പറേറ്റുകളുടെയും താളത്തിനു തുള്ളുന്ന മാധ്യമകുഞ്ചാളികൾക്കും അതിനാവില്ല. അതുകൊണ്ടവർ കിട്ടുന്ന ഏതു വടിയുമെടുത്ത് ആ സംഘടനയെ അടിക്കാൻ നോക്കും. പക്ഷേ, അവർ അടിക്കുന്നത് ഈ നാട്ടിലെ സാധാരണ മനുഷ്യരെയാണ്, പരമേശ്വരൻ പറയുന്ന ‘‘തൊഴിലാളികളെയും കർഷകത്തൊഴിലാളികളെ’’യുമാണ്. 1965 ലെ ചെറിയൊരു സംഘടന ഇന്നത്തെ നിലയിൽ വളർന്നു വികസിച്ചത് വിദ്യാർഥികളുടെയും സമൂഹത്തിന്റെയും ഒപ്പം നിന്ന് പൊരുതിയതുകൊണ്ടുതന്നെയാണ്. എങ്കിലും എസ്എഫ്ഐക്ക് സ്വാധീനമുള്ള ഒരു കലാലയത്തിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനുള്ള ജാഗ്രത സംഘടന കാണിക്കേണ്ടതാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

six + thirteen =

Most Popular