അപകടത്തിലാകുന്ന ഇന്ത്യൻ റിപ്പബ്ലക്കിനെക്കുറിച്ചൊരു ഓർമപ്പെടുത്തൽ
മതനിരപേക്ഷ രാഷ്ട്രം മതരാഷ്ട്രത്തിന്റെ പടിവക്കിലെത്തി നിൽക്കുമ്പോൾ ഇന്ത്യയുടെ ചരിത്രവും വർത്തമാനവും സംബന്ധിച്ച് വിശകലനം ചെയ്യുകയും, ഭാവിയെക്കുറിച്ച് വായനക്കാരനെ ആശങ്കപ്പെടുത്തുകയും ചെയ്യുകയാണ് എം ബി രാജേഷ് എഴുതിയ ‘റിപ്പബ്ലിക്കിന്റെ ഭാവി’ എന്ന പുസ്തകം. ആധുനിക ഇന്ത്യ ഉൾക്കൊണ്ട രാഷ്ട്ര സങ്കൽപ്പങ്ങളെ പുനർനിർവചനം നടത്തുന്ന സംഘപരിവാർ നീക്കങ്ങളെ തുറന്നുകാണിക്കാനാണ് പ്രോഗ്രസ് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ഈ പുസ്തകം ശ്രമിക്കുന്നത്. സ്വാതന്ത്ര്യസമരത്തിൽ നിന്നും ഈ രാജ്യം സ്വീകരിച്ച മജ്ജയും മാംസവും, രക്തവുമായ മതനിരപേക്ഷത, ജനാധിപത്യം, ഫെഡറലിസം എന്നീ ആശയങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളാണ്. പക്ഷേ ഇന്ത്യയുടെ ഭരണകൂടം നിയന്ത്രിക്കുന്ന ഹിന്ദുത്വ ശക്തികൾ ഈ രാഷ്ട്ര സങ്കൽപ്പങ്ങളെ അംഗീകരിക്കുന്നവരല്ലെന്ന് മാത്രമല്ല, ഇതിനു നേർവിപരീതമായ മതാധിഷ്ഠിത രാഷ്ട്രത്തിനായുള്ള പൊളിച്ചെഴുത്തു നടത്തുന്ന പ്രവർത്തിയിലുമാണ്. ബ്രിട്ടീഷുകാരിൽ നിന്നുള്ള മോചനമല്ല യഥാർത്ഥ സ്വാതന്ത്ര്യമെന്നും, ഹിന്ദു രാഷ്ട്രമാവുന്ന ദിവസം മാത്രമാണ് അത് യാഥാർത്ഥ്യമാവുക എന്ന സ്വാതന്ത്ര്യത്തിന്റെ പുനർനിർവചനമാണ് അവർ നടത്തുന്നത്. രാമക്ഷേത്ര നിർമ്മാണത്തെ മോദി വിശേഷിപ്പിക്കുന്നത് ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമായാണ്. 1200 വർഷങ്ങൾക്ക് മുമ്പ് ശത്രുക്കൾക്കെതിരായി ആരംഭിച്ച സ്വാതന്ത്ര്യസമരത്തിലെ ഒരു അധ്യായമാണ് ‘അയോധ്യ പ്രക്ഷോഭം’ എന്നവർ പറയുന്നു. പുതിയ ഇന്ത്യയുടെ തുടക്കം എന്നാണ് രാമക്ഷേത്രത്തെ സംഘപരിവാർ വിശേഷിപ്പിക്കുന്നത്. മതരാഷ്ട്രത്തിലേക്കുള്ള എല്ലാ വഴികളും ജനാധിപത്യം, ഫെഡറലിസം എന്നീ അടിസ്ഥാന ഭരണഘടനാമൂല്യങ്ങളെ കുഴിച്ചുമൂടിക്കൊണ്ടായിരിക്കും. ജനാധിപത്യത്തിന്റെ തൂണുകൾ ദുർബലമാവുകയും, എക്സിക്യൂട്ടീവ് മാത്രം സർവ്വശക്തമാവുകയും ചെയ്യുന്ന പുതിയ കാലത്തെ രീതിയെ ഇവിടെ നമുക്ക് കൃത്യമായി വായിച്ചെടുക്കാനാവും. പാർലമെന്റെിനെ ഗൗരവത്തിൽ എടുക്കാതെ അതിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രധാനമന്ത്രിയെയും ഭരണകൂടത്തെയും നമുക്കിന്ന് കാണാനാവും. എല്ലാ പാർലമന്ററി നടപടിക്രമങ്ങളെയും അപ്രസക്തമാക്കുന്ന നിരവധി സന്ദർഭങ്ങൾ നാം കണ്ടു. ഇതോടൊപ്പം ഇന്ത്യ എന്ന രാഷ്ട്ര സങ്കൽപനത്തിന്റെ അടിസ്ഥാനമായ ഫെഡറൽ സ്വഭാവത്തിന് നേരെ നടക്കുന്ന അക്രമങ്ങളും വിശദമായി വായിക്കാനും തിരിച്ചറിയാനും പുസ്തകം നമ്മെ സഹായിക്കും. ജമ്മു കാശ്മീർ വിഭജനം മുതൽ പുതിയ വിദ്യാഭ്യാസ നയമടക്കം ഫെഡറൽ തത്വങ്ങൾക്കെതിരായ ആക്രമണ പരമ്പര മോദി സർക്കാർ തുടർന്നു കൊണ്ടേയിരിക്കുകയാണ്. യൂണിയൻ സർക്കാർ കേരളത്തോടുള്ള കടുത്ത അവഗണന തുടരുന്ന ഈ സാഹചര്യത്തിൽ ഈ പ്രശ്നത്തെ സംബന്ധിച്ച് പഠിക്കാൻ സഹായിക്കുക കൂടിയാണ് ഈ പുസ്തകം ചെയ്യുന്നത്. വൈവിധ്യങ്ങൾ പുലരുന്നത് ജനാധിപത്യത്തിൽ മാത്രമാണ്. ജനാധിപത്യത്തിന്റെ ഏറ്റവും പ്രാഥമികമായ രൂപം പാർലമെന്ററി ജനാധിപത്യമാണ്, അതിനാൽ പാർലമെന്ററി ജനാധിപത്യം പ്രത്യേകിച്ചും, ജനാധിപത്യം പൊതുവിലും അവരുടെ മതരാഷ്ട്ര ലക്ഷ്യത്തിന് തടസ്സമാണ്. ഹിന്ദുത്വ രാഷ്ട്രീയം ഈ തടസ്സങ്ങൾ മാറ്റുന്നത് എങ്ങനെയാണെന്ന് തിരിച്ചറിയാനും അതിനെ എങ്ങനെയാണ് പ്രതിരോധിക്കേണ്ടതെന്നുമുള്ള വിദ്യാഭ്യാസ പ്രവർത്തനമാണ് എം.ബി.രാജേഷിന്റെ ലേഖന സമാഹാരമായ ഈ പുസ്തകം ചെയ്യുന്നത്.
സവർക്കർ ജന്മദിനത്തിൽ ആധുനിക ഇന്ത്യയുടെ നെറുകയിൽ ഒരു ചെങ്കോൽ പ്രതിഷ്ഠിക്കപ്പെടുമ്പോൾ മാറാല തുടച്ചെടുക്കപ്പെടുന്നതൊരു മ്യൂസിയം പീസല്ല, പുരാതന കാലത്തിന്റെ അധികാര ദണ്ഡാണ്. പാർലമെൻറിന്റെ മാത്രമല്ല, ഒരു നിർമ്മിത ചരിത്രത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ചാണ് എം.ബി.രാജേഷ് നമ്മോട് പറയുന്നത്. നരേന്ദ്ര മോദി കൊട്ടിഘോഷിക്കുന്ന അമൃത കാലത്തു നിന്ന്, സ്വാതന്ത്ര്യത്തിന്റെ മൃതകാലത്തിലേക്ക് നാം നടന്നടുക്കുന്നതെങ്ങനെയാണെന്ന് വിശദീകരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ദേശീയ പ്രസ്ഥാനത്തിലേക്ക് നുഴഞ്ഞുകയറാൻ ഗാന്ധി വധക്കേസിലെ പ്രതിയുടെ ചിത്രം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രതിഷ്ഠിച്ചിട്ടും അതിനു കഴിയാതെ വരുമ്പോൾ ചരിത്രത്തെ തണ്ടു തുണ്ടമായി വെട്ടിമാറ്റി ഇടമുണ്ടാക്കി നോക്കുകയാണ് അവർ. എന്നിട്ടും സാധിക്കാതെ വരുമ്പോൾ വ്യാജമായി ഒരു സമാന്തര ചരിത്രം തന്നെ നിർമ്മിച്ച് ഒരു സ്വർണ്ണ ചെങ്കോലും സംഘടിപ്പിച്ച് അതിനു മുന്നിൽ കയറി നിൽക്കുന്നവരുടെ ഗർവിനെ തുറന്നു കാണിക്കുകയും തുറന്നെതിർക്കുകയുമാണ് പുസ്തകം ചെയ്യുന്നത്.
ഇന്ത്യൻ ഭരണഘടനയിലൂടെ നാം ലക്ഷ്യംവെച്ച സാമൂഹിക വികാസത്തിന്റെ പ്രതിപ്രയാണമാണിപ്പോൾ സംഭവിക്കുന്നത്. സ്വാതന്ത്ര്യനന്തരം മർദ്ദിത ജനത കൈവരിച്ച പരിമിത നേട്ടങ്ങളെ പോലും കവർന്നെടുക്കുന്ന ഈ പ്രതിവിപ്ലവത്തിന് ഹിന്ദുത്വവും, വൻകിട മൂലധനവും ചേർന്ന അച്ചുതണ്ടാണ് നേതൃത്വം നൽകുന്നത്. രാഷ്ട്ര സങ്കൽപ്പത്തെ തന്നെ പുനർനിർവചിക്കാൻ ലക്ഷ്യമിടുന്ന പ്രതിവിപ്ലവമാണിത്. ഭരണകൂടാധികാരം ഭരണഘടനയുടെ സത്ത ചോർത്തുമ്പോൾ ബാഹ്യശക്തികൾ അതേ അധികാരത്തിന്റെ രക്ഷാകർതൃത്വത്തിൽ ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾക്കു നേരെ പ്രത്യക്ഷമായ അക്രമണം തന്നെ അഴിച്ചുവിടുന്നു. പ്രതിവിപ്ലവത്തിന്റെ ശക്തികളുടെ ചരിത്രവും പ്രവർത്ത പരിപാടിയും സംബന്ധിച്ച് വിശദമായി ഇവിടെ വായിച്ചെടുക്കാനാവും. ഭരണഘടനയ്‌ക്കെതിരായി, നീതി എന്നാൽ തുല്യ നീതി എന്നല്ല, വർണ്ണനീതി മാത്രമാണെന്ന് പറയുന്ന മനുസ്മൃതിയെ അവർ ഉപയോഗിക്കുന്നതെങ്ങനെയെന്നും നമുക്കറിയാനാവും. ഇതിലൂടെ പ്രതിവിപ്ലവം മാരകമാകുന്നതും രാഷ്ട്രഘടനയുടെ അടിസ്ഥാന സവിശേഷതകൾക്ക് ആഘാതമേൽപ്പിക്കുന്നതും തിരിച്ചറിയാനാവും. ആധുനികവും പരിഷ്കൃതവുമായ എല്ലാ ജീവിത മൂല്യങ്ങളേയും ബാധിക്കുന്ന ഈ പ്രശ്നത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പരിമിതിയിൽ നിന്ന് മാത്രം പ്രതിരോധിക്കാവുന്ന ഒന്നല്ല. ഭരണഘടനയിലെ മുഖവാചകത്തിലെ ‘നാം ഇന്ത്യയിലെ ജനങ്ങ’ളാണ് ഈ രാഷ്ട്രത്തെ കെട്ടിപ്പടുത്തത്. ആ ജനതയെ ഐക്യപ്പെടുത്തുകയും അണിനിരത്തുകയും ചെയ്യുന്ന പോരാട്ടങ്ങളാണ് ആത്യന്തികമായി നമ്മുടെ റിപ്പബ്ലിക്കിന്റെ ഭാവി നിർണ്ണയിക്കുന്നതെന്ന യാഥാർത്ഥ്യമാണ് പുസ്തകം നമ്മോടു വിളിച്ചു പറയുന്നത്.
മാധ്യമസ്വാതന്ത്ര്യം പ്രതിസന്ധിയിലായ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ന് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യങ്ങളിൽ ഒന്നാണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിലെ മാധ്യമങ്ങൾ മിക്കവരും ഈ വാർത്ത കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തത്. ഇന്ത്യയിലെ വലിയൊരു വിഭാഗം മാധ്യമങ്ങളും ഇന്ന് ‘കാവൽനായ്ക്കൾ’ അല്ലാതാവുകയും, നായ്ക്കുട്ടികളായി മാറുകയും ചെയ്തിരിക്കുന്നു എന്നാണ് ഇതിലൂടെ നാം തിരിച്ചറിയേണ്ടത്. ജനാധിപത്യത്തിന്റെ കാവൽ നായ്ക്കൾ എന്ന വിശേഷണം മാധ്യമങ്ങൾക്കുള്ള ഒരു ബഹുമതിയാണ്. ആ കാവൽ ദൗത്യം കയ്യൊഴിഞ്ഞ ഇന്ത്യൻ മാധ്യമങ്ങളിൽ നല്ലൊരു പങ്ക് ഇന്ന് അധികാരത്തിന്റെ മടിയിൽ മയങ്ങുകയാണ്. ആരെയാണ് മാധ്യമങ്ങൾ ഭയക്കുന്നത് എന്ന ചോദ്യമാണ് പുസ്തകം ഉയർത്തുന്നത്. ഭരണകൂടത്തെ മാത്രമല്ല, ഭരണകൂടത്തിന്റെ രക്ഷാകർതൃത്വത്തിനു കീഴിൽ പ്രവർത്തിക്കുന്ന ആൾക്കൂട്ട സേനകളെയും അവർ ഭയക്കുന്നു എന്നതാണ് വസ്തുത. ഭരണകൂടത്തിന് അഹിതമായ സത്യങ്ങൾ വിളിച്ചു പറഞ്ഞാൽ പരസ്യവും, വരുമാനവും നഷ്ടപ്പെടാം. സ്ഥാപനം തന്നെ പൂട്ടേണ്ടിവരാം, മാധ്യമപ്രവർത്തകർക്ക് പണി നഷ്ടപ്പെടാം, അവരുടെ വീട്ടുപടിക്കൽ ഇ ഡിയുടേയും, ഇൻകം ടാക്സിന്റെയും മുട്ടുകേൾക്കാം. ഇങ്ങനെയുള്ള ഭരണകൂട ഭീഷണികൾക്കു നടുവിൽ മാധ്യമങ്ങൾക്ക് ഇന്നുള്ളത് തോക്കിനും തുറങ്കിനും ഇടയ്ക്കുള്ള സ്വാതന്ത്ര്യം മാത്രമാണ്. വാർത്ത ഒരു ചരക്കും, മാധ്യമം ഒരു വ്യവസായവുമായി മാറുന്നു. ലാഭം അന്തിമലക്ഷ്യമായി തീരുമ്പോൾ മാധ്യമങ്ങളെ ഈ ആക്രമണങ്ങൾ ഭയപ്പെടുത്തുകയും പിന്തിരിപ്പിക്കുകയും ചെയ്യും. കേരളത്തിലടക്കമുള്ള മാധ്യമങ്ങൾ കേന്ദ്ര ഭരണകൂടത്തിന് അലോസരം സൃഷ്ടിക്കുന്ന വാർത്തകൾ ഒഴിവാക്കാൻ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളെ കഴിയാവുന്നത്ര അവഗണിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യുകയാണ്. വസ്തുനിഷ്ഠമായി മാധ്യമങ്ങളുടെ ഈ സമീപനങ്ങളെ തുറന്നുകാണിക്കുകയാണ് എം ബി രാജേഷ് ചെയ്യുന്നത്. ലളിതവത്കരണം, സംവാദ വിരുദ്ധത എന്നിവ കൈമുതലാക്കിയ മാധ്യമങ്ങൾ യഥാർത്ഥ ഉത്തരവാദിത്വം മറക്കുകയാണ്. അസത്യപൂജകളുടെ കാലം കൂടിയായ സത്യാനന്തരകാലത്ത് അസത്യപ്രചരണങ്ങൾക്കെതിരായ സമരം ജനാധിപത്യത്തിന്റെ ജീവവായുവാണ്. മാധ്യമ വിമർശനം നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രവർത്തനമായി മാറുന്നത് അതുകൊണ്ടുകൂടിയാണെന്ന് ഈ പുസ്തകം വായനക്കാരെ ബോധ്യപ്പെടുത്തും.
പൗരത്വ നിയമ ഭേദഗതിയിലൂടെ നമ്മുടെ രാജ്യത്തിന്റെ സ്വഭാവം പുനർനിർവചിക്കപ്പെടുന്നതാണ് പുസ്തകത്തിൽ സൂചിപ്പിക്കുന്ന മറ്റൊരു പ്രസക്തമായ ഭാഗം. പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഇന്ത്യയിൽ മതപരമായ വിവേചനം ഉണ്ടാക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഭരണഘടനാവിരുദ്ധമായ ഈ നിയമ ഭേദഗതി നിലവിലുള്ള പൗരത്വ നിയമത്തിൽ മതം ഒരു മാനദണ്ഡമാക്കി മാറ്റുകയാണ്. മതം പൗരത്വം അനുവദിക്കുന്നതിനും, അനുവദിക്കാതിരിക്കുന്നതിനുള്ള കാരണമാകുന്നു, രാഷ്ട്രത്തിൽ മതം പൗരത്വത്തിന്റെ മാനദണ്ഡമാകുന്നു എന്നാൽ അതു മതരാഷ്ട്രമായി മാറുന്നു എന്നാണ് അർത്ഥം. ഇതിലൂടെ സംഘപരിവാർ ലക്ഷ്യംവെക്കുന്ന വംശശുദ്ധീകരണ പദ്ധതിയെയാണ് നാം തിരിച്ചറിയേണ്ടത്. “നാം അഥവാ നമ്മുടെ രാഷ്ട്രം നിർവചിക്കപ്പെടുന്നു’ എന്ന പുസ്തകത്തിൽ ജർമ്മൻ മാതൃകയിൽ വംശ ശുദ്ധിയും സംസ്കാരവും നിലനിർത്തുന്നതിനായി നടക്കുന്ന ശ്രമങ്ങളെ ഇന്ത്യൻ സാഹചര്യത്തിൽ വിശദീകരിക്കുകയാണ് രചയിതാവ് ചെയ്യുന്നത്. ഇസ്രയേൽ മാതൃകയിൽ ഇന്ത്യയിലെ ജനസംഖ്യാ ഘടനയിൽ മാറ്റം വരുത്തുന്നതിനുള്ള ശ്രമങ്ങളും ഇവിടെ വായിക്കാനാവും. ഇന്ത്യ നില നിൽക്കുന്നത് മതത്തിന്റെയല്ല, മതനിരപേക്ഷതയുടെ ബലവത്തായ അടിത്തറയിലാണ്. സംഘപരിവാർ നിയന്ത്രിക്കുന ഇന്ത്യൻ ഭരണകൂടം മത വിശ്വാസത്തെ രാഷ്ട്രത്തേക്കാൾ വലുതായി പ്രതിഷ്ഠിക്കുകയാണ്. പൗരത്വ നിയമം നമ്മുടെ രാഷ്ട്രത്തെ മതാധിഷ്ഠിതമായി പുനർനിർവചിക്കുന്നതിനുള്ള തുടക്കമാണ്. അതുസംബന്ധിച്ച് ആശയ വ്യക്തത നൽകുന്നതിനാണ് പുസ്തകം ശ്രമിക്കുന്നത്.
ഇന്ത്യയിൽ ഹിന്ദുത്വ ശക്തികൾ സംസ്കാരത്തിന്റെ മതവത്കരണത്തോടൊപ്പം, അതിനെ ദേശീയതയുമായി ഗാഢമായി വിളക്കിചേർക്കുകയും ചെയ്തുകൊണ്ട് അവരുടെ രാഷ്ട്രീയപ്രയോഗം വിജയകരമായി നിർവഹിച്ചുകൊണ്ടിരിക്കുകയാണ്. സംസ്കാരം പ്രധാന സംഘർഷമേഖലയാകുന്ന പശ്ചാത്തലത്തിൽ ഡോ. സുനിൽ പി ഇളയിടത്തിന്റെ ‘മഹാഭാരതം: സാംസ്കാരിക ചരിത്രം’ ഹിന്ദുത്വ രാഷ്ട്രീയ സംസ്കാരത്തെ മുൻനിർത്തി നടത്തുന്ന അക്രമോൽസുകമായ അധിനിവേശത്തിനെതിരെ ആഴത്തിലുള്ള പ്രതിരോധത്തിന് ഉപയോഗിക്കാവുന്ന ഗ്രന്ഥമാണ്. മിത്തും ചരിത്രവും കൂട്ടിക്കുഴച്ചുകൊണ്ടുള്ള സുവർണ്ണ ഭൂതകാല നിർമിതി ഹിന്ദുത്വത്തിന്റെ പ്രവർത്തനപദ്ധതിയുടെ അഭേദ്യ ഭാഗമായിരിക്കുമ്പോൾ ഹിന്ദുത്വ മൂലധനസഖ്യത്തിന്റെ ആധിപത്യത്തിനെതിരായ ദീർഘകാല പോരാട്ടങ്ങളിൽ ഉയർത്തിപ്പിടിക്കാൻ കഴിയുന്ന ആശയസ്രോതസ്സായ ഈ പുസ്തകത്തെ പരിചയപ്പെടുത്തുകകൂടി ചെയ്യുന്നുണ്ട് ഈ പുസ്തകം.
വർത്തമാനകാലത്ത് കോൺഗ്രസ്സ് തുടരുന്ന മൃദഹിന്ദുത്വ പരിപാടി രാഹുൽ ഗാന്ധിയുടെ വേഷംകെട്ടൽ വരെ എത്തിയിരിക്കുന്നു. ആയോധ്യയിലെ നിർമ്മിതിയെ ദേശീയ ഐക്യത്തിന്റെ മുഹൂർത്തമാണെന്നാണ് പ്രിയങ്ക പറയുന്നത്. ‘യു ടൂ ബ്രൂട്ടസ്’ എന്ന ഷേക്സ്പിയറിന്റെ വിഖ്യാത നാടകമായ ജൂലിയസ് സീസറിലെ പ്രസിദ്ധമായ ചോദ്യമാണ് കോൺഗ്രസിന്റെ ‘മതേതരപേക്ഷത’ യിൽ തെറ്റിദ്ധരിക്കപ്പെട്ട ശുദ്ധാത്മാക്കളുടെയെല്ലാം മനസ്സിൽ ഇപ്പോൾ ഉയരുന്നത്. ഇന്ദിരാ ഗാന്ധി മുതൽ തുടർന്ന കോൺഗ്രസിന്റെ സംഘപരിവാർലാളന പുതുതലമുറയിലേക്കും കൈമാറ്റം ചെയ്തത് ഇവിടെ നിന്നും വായിക്കാം. കോൺഗ്രസ്സ് നേതാക്കൾ മടിയേതുമില്ലാതെ ബിജെപിയിലേക്ക് ചേക്കേറുന്നത് ഇന്ന് നിത്യ കാഴ്ച്ചയാണ്. മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരായി ഇപ്പോഴും അവശേഷിക്കുന്നവർക്ക് ഇനിയും കോൺഗ്രസ്സിൽ തുടരാനാവുമോ? അല്ലെങ്കിൽ തന്നെ ബിജെപി ഉള്ളപ്പോൾ അതിന്റെ തനി പകർപ്പായ കോൺഗ്രസ്സിന്റെ ആവശ്യമെന്താണ് എന്ന വളരെ പ്രസക്തമായ വിമർശനമാണ് പുസ്തകം നടത്തുന്നത്.
വൈറസ്സുകാലത്തെ വർഗ്ഗ സംഘർഷങ്ങളെ സംബന്ധിച്ചാണ് പുസ്തകത്തിലെ വേറിട്ട മറ്റൊരു ഭാഗം. മഹാമാരികൾക്കെല്ലാം വർഗ്ഗസ്വഭാവമുണ്ട്, അവയുടെ നേരിട്ടുമല്ലാതെയുമുള്ള ദുരന്തം ഏറ്റവുമധികം അനുഭവിക്കേണ്ടിവരുന്നത് ചൂഷിത ജനതയാണ്. ലോകത്തും ഇന്ത്യയിലും മരിച്ചവരിൽ മഹാഭൂരിപക്ഷവും ദരിദ്രരും തൊഴിലാളികളുമാണ്. മുന്നറിയിപ്പില്ലാതെ ലോക്ഡൗൺ പ്രഖ്യാപിച്ച ഭരണവർഗ വഞ്ചനയെ തുടർന്ന് കൂട്ടക്കൊലചെയ്യപ്പെട്ട തൊഴിലാളികൾ മഹാമാരി കാലത്തെ ഇന്ത്യയുടെ നേർക്കാഴ്ചയാണ്. മോദി സർക്കാർ തൊഴിലാളികളോട് നീതിപുലർത്തിയില്ലെന്ന് മാത്രമല്ല, അവർ ഏറ്റവും ദുർബലരായി തീർന്ന പ്രതിസന്ധി ഘട്ടത്തിൽ അവരുടെ അവകാശങ്ങൾ കവരാനുള്ള കടന്നാക്രമണം ശക്തിപ്പെടുത്തുകയും ചെയ്തു. തൊഴിൽ നിയമങ്ങളെല്ലാം പൊളിച്ചടുക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തുകയാണവർ ചെയ്തത്. യഥാർത്ഥത്തിൽ തൊഴിലാളികളോടുള്ള യുദ്ധപ്രഖ്യാപനമായിരുന്നു മഹാമാരിക്കാലം. അവകാശങ്ങളെല്ലാം കവർന്നെടുത്ത് തുച്ഛമായ കൂലിയ്ക്ക് പണിയെടുക്കാൻ നിർബന്ധിതരായ അടിമകളായ തൊഴിലാളികളെ രൂപപ്പെടുത്താനാണ് മഹാമാരിയുടെ മറവിൽ ഇന്ത്യൻ ഭരണവർഗ്ഗം ശ്രമിച്ചത്. മുതലാളിത്തത്തിന്റെ മാന്ദ്യവൈറസും, വർഗീയ വൈറസും കലർന്ന ചേരുവ സമ്പദ്‌വ്യവസ്ഥയേയും, രാജ്യത്തെയും മഹാരോഗത്തിലേക്കായിരിക്കും നയിക്കുക. വൈറസിനെ കീഴ്‌പ്പെടുത്തിയാലും വിമുക്തി വരാത്ത ആ മഹാവ്യാധിക്കെതിരെയുള്ള വാക്സിൻ വർഗ്ഗസമരമാണ്, അതിന്റെ തീവ്രത വർദ്ധിപ്പിക്കൽ മാത്രമാണ് പരിഹാരമെന്ന് ഓർമ്മപ്പെടുത്തുകയാണ് പുസ്തകം.
തീവ്ര വലതുപക്ഷ ഭരണകൂടങ്ങളുടെയും വലതുപക്ഷ രാഷ്ട്രീയത്തിന്റെയും നിലപാടുകളെ തുറന്നുകാണിക്കാൻ കോവിഡ് കാലം സഹായകരമായി. മനുഷ്യരാശിയെയാകെ ബാധിച്ച കോവിഡ് മുതലാളിത്ത പരാജയത്തെ വെളിവാക്കിയിരിക്കുകയാണ്. യാഥാർത്ഥ്യത്തെ അന്ധമായി തമസ്കരിക്കാനുള്ള ശ്രമം, ശാസ്ത്രവിരുദ്ധത, വംശീയമായി വഴിതിരിച്ചുവിടൽ, ജനങ്ങളുടെ താൽപര്യങ്ങൾക്കുമേൽ മൂലധനശക്തികളുടെ താൽപര്യങ്ങളെ പ്രതിഷ്ഠിക്കൽ എന്നിവ അവയിൽ ചിലത് മാത്രമാണ്. ശാസ്ത്രബോധം, ജനാധിപത്യംമൂല്യങ്ങൾ, പാവപ്പെട്ടവരോടുള്ള കരുതൽ, സാർവ്വദേശീയ സാഹോദര്യം എന്നിവയിൽ അധിഷ്ഠിതമായി മനുഷ്യപക്ഷത്തു ഉറച്ചുനിൽക്കുന്ന പഴുതടച്ചതും കാര്യക്ഷമവുമായ പ്രതിരോധമാണ് കോവിഡ് എന്ന മഹാമാരിക്കെതിരെ ഇടതുപക്ഷം നടത്തിയത്. അതായത് ആഗോള വലതുപക്ഷത്തിന്റെ പാപ്പരത്തവും മനുഷ്യവിരുദ്ധതയും, ഇടതുപക്ഷത്തിന്റെ മാനവികതയും പ്രയോഗമികവുമുള്ള ബദലും മുഖാമുഖം നിൽക്കുന്ന ഒരു ചരിത്ര സന്ദർഭത്തെക്കൂടിയാണ് കോവിഡ് അടയാളപ്പെടുത്തുന്നത്. മുതലാളിത്തത്തിനെതിരായ കൂടുതൽ ശക്തമായ പ്രത്യയശാസ്ത്ര രാഷ്ട്രീയ ബോധ്യമായി കോവിഡാനന്തരക്കാലത്ത് ഇത് വികസിക്കും എന്ന ഉറപ്പാണ് പുസ്തകം പങ്കുവെക്കുന്നത്.
ചരിത്രത്തിൽ നിന്ന് തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ പുറന്തള്ളാനും, അതിനിടയിൽ കയറിപ്പറ്റാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. മലബാർ കലാപത്തെ അതിന്റെ നൂറാം വാർഷികത്തിൽ അധിക്ഷേപിക്കാനുള്ള ശ്രമം നടന്നത് അതിന്റെ കൂടി ഭാഗമായാണ്. ‘ജേതാക്കളാൽ രചിക്കപ്പെട്ടതാണ് ചരിത്രം’ എന്നൊരു ചൊല്ലുണ്ടല്ലോ! 1921ലെ കലാപത്തെ അടിച്ചമർത്തിയാണ് ബ്രിട്ടീഷുകാർ മലബാർ യുദ്ധം വിജയിച്ചത്. ജേതാക്കളായ ബ്രിട്ടീഷുകാർ ആ കലാപത്തെ മാപ്പിള ലഹളയമായി മാത്രം ചിത്രീകരിച്ചു. നമ്മുടെ സ്വാതന്ത്ര്യസമരം ഒരു ഏകീകൃത പ്രസ്ഥാനമായിരുന്നില്ല ഇന്ത്യൻ സമൂഹത്തെ പോലെ തന്നെ വൈവിധ്യപൂർണമായിരുന്നു. ആ ചരിത്രത്തിലെ മഹത്തായ ഒരു അധ്യായമാണ് മലബാർ കലാപമെന്നതിൽ തർക്കമില്ല. ആസൂത്രിതമായ കുപ്രചരണത്തിലൂടെ അതിലെ ധീരരക്തസാക്ഷിത്വങ്ങളെ സംഘപരിവാർ അപമാനിക്കുന്നത്. ചരിത്രവിരുദ്ധമായത് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കമ്യൂണിസ്റ്റുകാരെയും സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്ന് പുറത്താക്കുന്നതിനു വേണ്ടിയുള്ള ബോധപൂർവമായ ശ്രമമാണ് അവർ നടത്തുന്നത്. ‘സ്വാതന്ത്ര്യസമരവും കമ്യൂണിസ്റ്റുകാരും’ എന്ന അധ്യായത്തിൽ ഈ ശ്രമങ്ങളെ ലേഖകൻ തുറന്നു കാണിക്കുന്നുണ്ട്. ഉറച്ച മതനിരപേഷ നിലപാടിനൊപ്പം, ഇന്ത്യൻ ദേശീയതയെ സംബന്ധിച്ച ശാസ്ത്രീയമായ ധാരണയും കമ്യൂണിസ്റ്റുകാർക്ക് ഉണ്ടായിരുന്നു. ആധുനിക ഇന്ത്യ എന്ന ആശയത്തിന് നിർണായകമായ സംഭാവനയാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം നൽകിയിട്ടുള്ളത്. ആധുനിക രാഷ്ട്ര നിർമിതിയിൽ വഹിച്ച ഈ പങ്കിന്റെ തുടർച്ചയായാണ് മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രവീക്ഷണത്തിന് എതിരായി ഹിന്ദുത്വശക്തിയുടെ നേതൃത്വത്തിലുള്ള അക്രമങ്ങളെ ചെറുക്കൽ സമകാലിക ഇന്ത്യയിൽ സിപിഎം നിർവഹിച്ചു കൊണ്ടിരിക്കുന്നത്.
ആധുനിക ഇന്ത്യയിൽ ജനാധിപത്യത്തിന്റെ നാവടക്കുന്ന ഭരണകൂടത്തിന്റെ യുദ്ധസമാനമായ അക്രമങ്ങൾ പാർലമെന്ററി രംഗത്തെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ കൂടിയാണ് എം.ബി.രാജേഷ് വിളിച്ചുപറയുന്നത്. മോദി സർക്കാരിന്റെ അമിതാധികാരപ്രവണതകളെ പാർലമെന്റിന്മേൽ ഉരുണ്ടു തുടങ്ങിയ ബുൾഡോസറായാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ജനാധിപത്യം പുലരണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം പാർലമെന്റ് ഉൾപ്പെടെയുള്ള ജനാധിപത്യ സ്ഥാപനങ്ങളും, ഭരണഘടനയും, ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാൻ അണിനിരയ്ക്കേണ്ടിയിരിക്കുന്നു. ജനാധിപത്യവും, ഭരണഘടനയും ദുർബലമായാൽ മറ്റെല്ലാ അവകാശങ്ങളും അപഹരിക്കപ്പെടുകയോ, അപ്രസക്തമാവുകയോ ചെയ്യുമെന്ന് മറക്കരുതെന്ന് ഈ പുസ്‌തകം നമ്മെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാവിക്കായി നിലയ്ക്കാത്ത പോരാട്ടത്തിന് ഒരുങ്ങുക എന്നതല്ലാതെ, മറ്റൊരു സൂത്രവഴിയും ഇല്ലെന്ന് പുസ്തകം ഓരോ ഇന്ത്യക്കാരനോടും പറയുന്നു. മതനിരപേക്ഷ രാഷ്ട്രത്തിൽ നിന്ന് മത രാഷ്ട്രമായി ഇന്ത്യയെ പുനർനിർവചിക്കാനുള്ള ശ്രമങ്ങളെ തുറന്നെതിർക്കാനുള്ള ആശയ കരുത്തുമായി നമ്മളെ പുതുക്കിപ്പണിയാൻ പുസ്തകം സഹായിക്കും. ആധുനിക രാജ്യത്തിന്റെ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള നിലയ്ക്കാത്ത പോരാട്ടത്തിൽ ഉപയോഗിക്കാനുള്ള സ്റ്റഡി മെറ്റീരിയലായും നമുക്കിത് ഉപകാരപ്പെടും. ♦