Tuesday, April 30, 2024

ad

Homeനിരീക്ഷണംഇന്ത്യയുടെ ഭാവിയെ 
നിർണയിക്കുന്ന തിരഞ്ഞെടുപ്പ്

ഇന്ത്യയുടെ ഭാവിയെ 
നിർണയിക്കുന്ന തിരഞ്ഞെടുപ്പ്

സി പി നാരായണൻ

ദേശീയ രാഷ്ട്രീയം തിരഞ്ഞെടുപ്പ് അന്തരീക്ഷത്തിലാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം തവണയും വിജയം നേടാനായിരിക്കും ഈ തിരഞ്ഞെടുപ്പിൽ ബിജെപി കിണഞ്ഞു ശ്രമിക്കുക. അരനൂറ്റാണ്ടുമുമ്പുവരെ അതേ മനോഭാവത്തിലും രാഷ്ട്രീയാന്തരീക്ഷത്തിലും ആയിരുന്നു കോൺഗ്രസ്. ഏതാണ്ട് അതേ കാലത്താണ് പഴയ ജനസംഘവും കോൺഗ്രസിൽനിന്ന് അടർന്ന ചില കഷണങ്ങളും വിവിധ സോഷ്യലിസ്റ്റ് വിഭാഗങ്ങളും മറ്റും ചേർന്ന് ആർഎസ്എസിന്റെ കാർമികത്വത്തിൻ കീഴിൽ ബിജെപി രൂപംകൊണ്ടത്. അതിനുശേഷം കോൺഗ്രസിലുള്ള പല നേതാക്കളും പ്രവർത്തകരും ബിജെപിയിലേക്ക് കൂറുമാറുകയുമായിരുന്നു. ആ പ്രവണത ഇപ്പോഴും തുടരുന്നു.

കോൺഗ്രസ് ഗാന്ധിജിയുടെയും നെഹ്റുവിന്റെയും നേതൃത്വത്തിൽ മതനിരപേക്ഷവും ജനാധിപത്യപരവും ആയാണ് പ്രവർത്തിച്ചുവന്നത്. എന്നാൽ 1980നുശേഷം ബിജെപി വളരാൻ തുടങ്ങിയതോടെ മതപരമായ പ്രീണനത്തിലും മറ്റും ബിജെപിയുമായി മത്സരിക്കാനാണ് കോൺഗ്രസ് കൂടുതൽ ശ്രദ്ധിച്ചത്. നെഹ്റു മുതൽ വി പി സിങ് വരെയുള്ളവർ നടപ്പാക്കാൻ ശ്രമിച്ച സാമ്രാജ്യത്വവിധേയമല്ലാത്ത തനതു ജനാധിപത്യ രീതിക്കുപകരം തികച്ചും പാശ്ചാത്യ മാതൃകയിലുള്ളതും സാമ്രാജ്യത്വ പ്രീണനപരവുമായ ഭരണ – സാമ്പത്തിക നയങ്ങൾ നടപ്പാക്കാനായിരുന്നു നരസിംഹറാവുവും ഡോ. മൻമോഹൻ സിങ്ങും നേതൃത്വം നൽകിയ മന്ത്രിസഭകൾ കൂടുതൽ ശ്രദ്ധിച്ചത്. അത് രാജ്യത്തെ രാഷ്ട്രീയമായും സാമ്പത്തികമായും കൂടുതൽ ദുർബലമാക്കി. അതേസമയം മുതലാളിത്ത ശക്തികൾ കൂടുതൽ പ്രബലരായി. ഇതൊക്കെ ഒരു വിഭാഗം ജനങ്ങളെ കോൺഗ്രസിൽനിന്നകറ്റി.

കോൺഗ്രസിന് ഒറ്റയ്ക്ക് ലോക്-സഭയിൽ ഭൂരിപക്ഷം നേടാനുള്ള കഴിവ് 1996 ആയപ്പോഴേക്ക് നഷ്ടപ്പെട്ടിരുന്നു. രണ്ടു മൻമോഹൻ സിങ് മന്ത്രിസഭകളും കൂട്ടുകക്ഷി മന്ത്രിസഭകളായിരുന്നു. ഇടതുപക്ഷത്തെ പോലെ സ്വതന്ത്രമായ നയപരിപാടിയും നിലപാടുമുള്ള കക്ഷികൾ മൻമോഹൻസിങ്ങിന്റെ അമേരിക്കൻ വിധേയനയത്തിൽ പ്രതിഷേധിച്ച് യുപിഎ ഗവൺമെന്റിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. നയപരമായോ ഭരണപരമായോ ജനങ്ങളിൽ ഏതെങ്കിലും പ്രതീക്ഷ ഉണർത്താനുള്ള കഴിവ് കോൺഗ്രസിനും സഖ്യകക്ഷികൾക്കും നഷ്ടപ്പെട്ടു അതോടെയാണ് 2014ൽ എല്ലാ കക്ഷികളും ഒറ്റയ്ക്ക് മൽസരിച്ചതിനെത്തുടർന്ന് ബിജെപി കേവല ഭൂരിപക്ഷം നേടി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞത്. അതിനുശേഷമുള്ള 10 വർഷത്തെ ബിജെപി ഭരണകാലത്ത് എന്തൊക്കെ നടന്നു എന്ന് ആരോടും വിശദീകരിക്കേണ്ടതില്ല.

കോൺഗ്രസിനേക്കാൾ മുതലാളിവർഗത്തോടും സാമ്രാജ്യത്വത്തോടും കൂടുതൽ വിധേയത്വമുള്ളതാണ് ബിജെപിയുടെ മോദി സർക്കാർ. അതിനാൽ അവയുടെ മിക്കവാറും നിരുപാധികമായ പിന്തുണ മോദി സർക്കകാരിന് ലഭിച്ചു. തീർത്തും മുതലാളിത്ത പ്രീണനപരമായ നയങ്ങളാണ് മോദി മന്ത്രിസഭ ആവിഷ്കരിച്ചു നടപ്പാക്കിയത്. അതിനാൽ മുതലാളിവർഗം പൊതുവിൽ മോദി ഭരണത്തിൽ തൃപ്തരാണ്. സാമ്രാജ്യത്വത്തോടുള്ള തന്റെ വിധേയത്വം റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായിരുന്ന കാലത്ത് ട്രംപിനോടുള്ള അതിരറ്റ വിധേയത്വത്തിലൂടെ മോദി പ്രകടിപ്പിച്ചിരുന്നു. എന്നാൽ തുടർന്നു തിരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റ് പ്രസിഡന്റ് ജോ ബെെഡൻ മോദിയോട് ട്രംപിന്റെയത്രതന്നെ ആഭിമുഖ്യം കാണിച്ചില്ല. അമേരിക്കയോടും ട്രംപിനോടുമുള്ള വിധേയത്വത്തിൽ ഊന്നിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിനിഷ്ഠമായ വിദേശനയം, പൊതുവിൽ ഇന്ത്യക്ക് അന്താരാഷ്ട്ര രംഗത്ത് നിലവിലുണ്ടായിരുന്ന സൗഹൃദം ഫലപ്രദമായി നിലനിർത്താനോ പുതിയവ വികസിപ്പിക്കാനോ സഹായകരമായില്ല.

ഇന്ത്യ ഇന്ന് ഒരു ലോകശക്തിയാണ്. സമ്പത്തിന്റെയോ സെെനികശക്തിയുടെയോ കാര്യത്തിലല്ല. അവ രണ്ടും കുറവുമല്ല. ഏറ്റവും പ്രധാനം ജനസംഖ്യാപരമായി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് എന്നുള്ളതാണ്. ഭൂവിസ്തൃതിയുടെയും സാമ്പത്തികമായ കൊള്ളക്കൊടുക്കയുടെയും കാര്യത്തിലും ഇന്ത്യ ലോകത്തിലെ ആദ്യ അരഡസൻ ശക്തികളിൽ ഒന്നാണ്. വലിയ കമ്പോളമാണ് ഇന്ത്യ. പല അസംസ്കൃത വസ്തുക്കളുടെയും വെെവിധ്യമാർന്ന ശേഷികളുള്ള വിദഗ്ദ്ധരുടെയും തൊഴിലാളികളുടെയും കാര്യത്തിലും ഇന്ത്യ ഏറെ സമ്പന്നമാണ്. എന്നാൽ, ഇവയെല്ലാം രാജ്യത്തിനുണ്ട് എന്ന തിരിച്ചറിവ് മോദി സർക്കാരിനില്ല. അവയെ ഉൽപാദന – വിപണന രംഗങ്ങളിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനു മോദി സർക്കാരിന് ആഭ്യന്തരമായോ വെെദേശികമായോ ശരിയായ ഒരു കാഴ്ചപ്പാടും ഇല്ല.

സ്വാതന്ത്ര്യം ലഭിച്ച 77 വർഷം മുമ്പുള്ള കാലത്ത് ഇന്ത്യക്ക് ഈ വക ശേഷികളൊന്നും ഉണ്ടായിരുന്നില്ല. ഇന്ത്യയെ വ്യാവസായികമായോ കാർഷികമായോ സാമ്പത്തികമായോ വളരുന്നതിനു സഹായിക്കാൻ ഒരു മുതലാളിത്ത പാശ്ചാത്യശക്തിയും തയ്യാറായിരുന്നില്ല. അന്നത്തെ സോവിയറ്റ് റഷ്യയാണ് നെഹ്റു ആവശ്യപ്പെടാതെ തന്നെ ഇവിടെ ഉരുക്കു മില്ലുകളും ഘന വ്യവസായങ്ങളും ആരംഭിക്കുന്നതിനു സഹായം നൽകിയത്. ഇന്ത്യയുടെ വ്യവസായവൽക്കരണത്തിന്റെ, സാമ്പത്തിക വളർച്ചയുടെ തുടക്കം അവിടെ നിന്നായിരുന്നു. പിന്നീട് കൃഷിയിലും വ്യവസായത്തിലും ആധുനിക സാങ്കേതിക വിദ്യയിലും മറ്റും ഇന്ത്യ വളർന്നത് പ്രധാനമായും സ്വന്തം ശേഷിയിൽ ഊന്നിയായിരുന്നു.

ഈ സാമ്പത്തിക – വ്യാവസായിക അടിത്തറയെ പ്രയോജനപ്പെടുത്തി സ്വയം വളർച്ച നേടാനല്ല ആഗോളവൽക്കരണത്തിന്റെ കാലത്ത് നരസിംഹറാവു സർക്കാർ മുതിർന്നത്. സാമ്രാജ്യത്വശക്തികളുടെ വാലിൽ ഇന്ത്യയെ തൂക്കുകയാണ് 1991ൽ ആ സർക്കാർ ചെയ്തത്. അതുകൊണ്ട് രാജ്യത്തിനോ നാട്ടാർക്കോ എന്തെങ്കിലും പ്രയോജനം ഉണ്ടായി എന്നു പറയാനാവില്ല, സാമ്രാജ്യത്വശക്തികളുടെ വിധേയരാഷ്ട്രമായി എന്നതിനപ്പുറം. ആ നയമായിരുന്നു അവസാനത്തെ കോൺഗസ് പ്രധാനമന്ത്രി മൻമോഹൻ സിങ്ങും പിന്തുടർന്നത്.

കഴിഞ്ഞ പത്തു വർഷമായി നരേന്ദ്രമോദി നയിക്കുന്ന ബിജെപി മന്ത്രിസഭയാണ് അധികാരത്തിലിരിക്കുന്നത്. അത് അധികാരത്തിൽ വന്നപ്പോൾ പ്രഖ്യാപിച്ച പ്രധാന ലക്ഷ്യം അയോധ്യയിലെ ബാബ്റി മസ്ജിദ് തകർത്ത് രാമക്ഷേത്രം പണിയുമെന്നും സമ്പദ്-വ്യവസ്ഥയിൽ സ്വകാര്യവൽക്കരണവും ഉദാരവൽക്കരണവും ഒരു ഉദാര ചട്ടക്കൂട്ടിനുള്ളിൽ നടപ്പാക്കുമെന്നും ആയിരുന്നു. ഇന്ത്യയിൽ വിദേശ മൂലധന നിക്ഷേപത്തിനുള്ള വ്യവസ്ഥകൾ കൂടുതൽ ഉദാരമാക്കി. പ്രതിരോധവും റെയിൽവെയും ഉൾപ്പെടെയുള്ള നിരവധി വ്യവസായങ്ങളിൽ കൂടുതൽ വിദേശമൂലധന നിക്ഷേപം അനുവദിച്ചു. സമ്പദ-്-വ്യവസ്ഥയെയാകെ വിദേശ മുതലാളിത്തത്തിനു കൂടി പങ്കുള്ള മുതലാളിത്ത നിയന്ത്രണത്തിൽ കൂടുതൽ ഉദാരവ്യവസ്ഥകളോടെ വളരാൻ അനുവദിക്കുകയായിരുന്നു.

ബിജെപി വീണ്ടും അധികാരം നേടിയാൽ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കിത്തീർക്കാനുള്ള ശക്തമായ നീക്കം ഉണ്ടാകുമെന്നത് തീർച്ചയാണ്. ആ സൂചന വ്യക്തമായി നൽകപ്പെട്ടു കഴിഞ്ഞു. അതിനർഥം നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും സാഹോദര്യത്തിന്റെയും ലക്ഷ്യങ്ങൾ ഭരണഘടനാപരമായോ അല്ലാതെയോ തകർത്ത് ഹിന്ദുത്വ ഇന്ത്യ സ്ഥാപിക്കാനുള്ള നീക്കം ഊർജിതമാക്കപ്പെടും എന്നാണ്.

ഹിന്ദി സംസാരിക്കുന്ന പ്രദേശത്താണ് ബിജെപിക്കു കാര്യമായ പിന്തുണയുള്ളത്. തെക്കേ ഇന്ത്യയിലും കിഴക്കേ ഇന്ത്യയിലും അതിനു സ്വാധീനം നന്നെ കുറവാണ്. യുപിയിൽ എസ്-പിയും കോൺഗ്രസും ഉണ്ടാക്കിയതുപോലുള്ള കൂട്ടുകെട്ടുകൾ മറ്റു സംസ്ഥാനങ്ങളിലും ബിജെപിക്കെതിരെ രൂപപ്പെടുകയും ശക്തിയാർജിക്കുകയും ചെയ്താൽ ഈ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനുള്ള സാധ്യത തെളിഞ്ഞുവരും. മധ്യപ്രദേശ് പോലുള്ള ചില സംസ്ഥാനങ്ങളിൽ നിന്നു പല കോൺഗ്രസ് നേതാക്കളും ബിജെപിയിലേക്ക് ചേക്കേറിയത് എന്തു പ്രത്യാഘാതമാണ് സൃഷ്ടിക്കുക എന്ന് വ്യക്തമല്ല.

പറയാവുന്നത് ഒറ്റക്കാര്യമാണ്. ഏതു വിധേനയും അധികാരത്തിൽ അള്ളിപ്പിടിക്കാനും രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനും ബിജെപി എല്ലാ കരുക്കളും നീക്കും. അതിനെ പരാജയപ്പെടുത്തുന്നതിന് ഇന്ത്യ മുന്നണിയും മതനിരപേക്ഷ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികളും ജനങ്ങളും ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങേണ്ടത് നമ്മുടെ നിലനിൽപ്പിന്റെ തന്നെ അനിവാര്യതയാണ്. അത്തരത്തിൽ ഒരു കൂട്ടായ്മ രൂപപ്പെടുത്തുന്നതിനായി പക്വമായ നിലപാട് സ്വീകരിക്കുവാൻ പ്രതിപക്ഷ പാർട്ടികൾ എത്രത്തോളം തയ്യാറാകുന്നുവോ അതിനെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 + seventeen =

Most Popular