മൂന്നു ദശകങ്ങൾക്കുമുമ്പ് പാശ്ചാത്യലോകത്തിൽ ആഗോളവൽക്കരണത്തെയും ലിബറൽ ജനാധിപത്യത്തെയുംകുറിച്ച് ഉയർത്തിയിരുന്ന വായ്ത്താരികൾ തകർന്നുവീണതോടെ, അവിടത്തെ ഇടതുപക്ഷത്തിന്റെ ഇടയിൽ മാർക്സിന്റെയും ലെനിന്റെയും സ്ഥാനം വീണ്ടും ഉയരുകയാണ്. സോവിയറ്റ് മാർക്സിസത്തിനെതിരെ പാശ്ചാത്യബുദ്ധിജീവികൾ കത്തിക്കയറുമ്പോഴും മാർക്സിന് അവരുടെ ഇടയിൽ ഒരു ചെറിയ സ്ഥാനമുണ്ടായിരുന്നു. അത്തരത്തിലുള്ള സൗജന്യമൊന്നും ലെനിന് അവർ അനുവദിച്ചിരുന്നില്ല. സ്റ്റാലിനും സ്റ്റാലിനിസത്തിനും മുമ്പ് റഷ്യയെ നയിച്ച വിപ്ലവകാരിയായിരുന്നു ലെനിൻ. സ്റ്റാലിന്റെ ‘സേ-്വച്ഛാധിപത്യ’ത്തിന് തുടക്കംകുറിച്ചത് ലെനിന്റെ വിപ്ലവ സങ്കൽപവും പാർട്ടിയെ സംബന്ധിച്ച നിലപാടുമായിരുന്നു എന്നാണ് പാശ്ചാത്യ മാർക്സിസ്റ്റുകൾ കരുതുന്നത്. അത്തരത്തിലുള്ള വിപ്ലവകാരിയെ അംഗീകരിക്കാൻ പാശ്ചാത്യബുദ്ധിജീവികൾക്ക് താൽപര്യമുണ്ടായിരുന്നില്ല. റഷ്യൻ വിപ്ലവം അംഗീകരിച്ചവർക്കുപോലും റഷ്യൻവിപ്ലവം ഉൾക്കൊണ്ട രാഷ്ട്രീയം സ്വീകാര്യമായിരുന്നില്ല. ‘ലെനിനിസത്തിന്റെ പ്രശ്നങ്ങൾ’ എന്ന തന്റെ ലേഖന സമാഹാരത്തിലൂടെ സ്റ്റാലിൻതന്നെ ലെനിൻ ചിന്തയുടെ ഏറ്റവും ശക്തനായ വക്താവായി പ്രത്യക്ഷപ്പെട്ടത് പാശ്ചാത്യ ബുദ്ധിജീവികളെ ലെനിനെതിരായി മാറാൻ പ്രേരിപ്പിച്ചു.
ഇപ്പോഴാണ് ലെനിന്റെ പ്രാധാന്യം വീണ്ടും വെളിപ്പെടുന്നത്. 2008ലെ ഫെെനാൻസ് പ്രതിസന്ധിയും തുടർന്ന് ലോകമുതലാളിത്തത്തിന് മാന്ദ്യത്തിൽനിന്ന് കരകയറാൻ കഴിയാത്ത അവസ്ഥയും ആഗോള മുതലാളിത്തത്തിനുള്ളിലെ സംഘർഷം ശക്തിപ്പെടുത്തിയിരിക്കുന്നു. ഇതുകൂടാതെ വ്യത്യസ്ത സാമ്രാജ്യത്വ രാഷ്ട്രങ്ങളിലെ ആഭ്യന്തര സംഘർഷങ്ങളും വർദ്ധിപ്പിക്കുന്നു. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളെ മാറ്റിനിർത്തിയാൽ മറ്റെല്ലാ രാഷ്ട്രങ്ങളുടെമേലും സാമ്രാജ്യത്വം പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി ലെനിന്റെ ‘സാമ്രാജ്യത്വം, മുതലാളിത്തത്തിന്റെ പരമോന്നതഘട്ടം’ എന്ന പഠനത്തിന്റെ സുപ്രധാന നിഗമനങ്ങളായ മൂലധനത്തിന്റെ കയറ്റുമതി, ഫെെനാൻസ് മൂലധനം, കോളനിവൽക്കരണം, ലോക വിപണിയുടെ വിഭജനം, യുദ്ധവെറിയും ആയുധപന്തയവും എന്നിവ 21–ാം നൂറ്റാണ്ടിലെ സാമ്രാജ്യത്വഘട്ടത്തിലും ദൃശ്യമാണ്. ഇവയ്ക്കെല്ലാം പുറമേ, ലെനിന്റെ കാലത്തു പ്രകടമല്ലാതിരുന്ന കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക ദുരന്തങ്ങളും, ഉപഗ്രഹങ്ങൾ വഴിയും അല്ലാതെയുമുള്ള ആഗോളതലത്തിലെ പര്യവേക്ഷണം, ലോകത്തെ മുഴുവൻ ഭസ്മീകരിക്കാൻ ശേഷിയുള്ള ആയുധങ്ങളുടെ ഉപയോഗം എന്നിവയും ആഗോള വെെരുദ്ധ്യങ്ങളെ ശക്തിപ്പെടുത്തുന്നു.
ഇവയെക്കുറിച്ചെല്ലാം ഇടതുപക്ഷ കാഴ്ചപ്പാടുകളിൽ നിന്നുള്ള പഠനങ്ങളുടെ അഭാവമല്ല ലെനിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നത്. പാശ്ചാത്യ മാർക്സിസ്റ്റ് കാഴ്ചപ്പാടുകളും ലെനിന്റെ കാഴ്ചപ്പാടും തമ്മിലുള്ള ഭിന്നതയാണ് ഏറെ പ്രസക്തം. പാശ്ചാത്യ കമ്യൂണിസ്റ്റ് പാർട്ടികളെയും, അവരോടൊപ്പം നിൽക്കാൻ തയ്യാറാകുന്ന ഏതാനും ബുദ്ധിജീവികളെയും മാറ്റിനിർത്തിയാൽ ഒരു വിപ്ലവപാർട്ടിയെക്കുറിച്ചുള്ള ലെനിന്റെ നിലപാട് ഈ ബുദ്ധിജീവികൾക്ക് സ്വീകാര്യമല്ല. ‘‘വിപ്ലവ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന മുഴുവൻസമയ വിപ്ലവകാരികളുടെ സംഘടന’’യും ജനാധിപത്യ കേന്ദ്രീകരണമെന്ന സങ്കൽപനവും സ്റ്റാലിനിസ്റ്റ് സേ-്വച്ഛാധിപത്യത്തിന്റെ തുടക്കമായാണ് ഇക്കൂട്ടർ മനസ്സിലാക്കിയത്. അതുകൊണ്ട് അവർ സംഘടനാരൂപങ്ങളെത്തന്നെ എതിർക്കാനാരംഭിക്കുകയും, അത്തരത്തിലുള്ള സംഘടനകളുണ്ടെങ്കിൽ അവയുടെ ലക്ഷ്യം സാമ്പത്തികാവശ്യങ്ങളും സാമൂഹ്യസേവനവുമടക്കമുള്ള താൽക്കാലിക ലക്ഷ്യങ്ങൾ മാത്രമാണെന്ന് വിലയിരുത്തുകയും ചെയ്തു. ലെനിൻ അതിശക്തമായി വിമർശിച്ച സാമ്പത്തിക മാത്രവാദത്തിലേക്ക് ഇവർ വഴുതിവീഴുകയും വർഗാധിഷ്ഠിതമായ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ സാധ്യതകൾതന്നെ കളഞ്ഞുകുളിക്കുകയും ചെയ്തു. മുതലാളിത്ത ലോകത്തിലെ ആഭ്യന്തര സംഘർഷങ്ങൾ മൂർച്ഛിക്കുന്ന ഈ കാലഘട്ടത്തിൽ തൊഴിലാളിവർഗത്തിന് പ്രബലമായ ഒരു രാഷ്ട്രീയ പാർട്ടിയുടെ ആവശ്യം കൂടുതൽ വ്യക്തമായി ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് അതിന്റേതായൊരു കാഴ്ചപ്പാട് ആവശ്യമാണ്. മാനിഫെസ്റ്റോ, നയപ്രഖ്യാപന രേഖ, പരിപാടി, അടവുനയരേഖ തുടങ്ങിയവ അതിന്റെ സമീപനമാണ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഇക്കാലത്തും ജനങ്ങൾ വായിക്കുന്നതും ചർച്ച ചെയ്യുന്നതും നയസമീപനരേഖയെന്ന നിലയിൽ അതിന് ഇന്നുമുള്ള പ്രസക്തികൊണ്ടാണ്. ജർമൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഗാേഥാ പരിപാടിയും പിന്നീട് തയ്യാറാക്കപ്പെട്ട എർഫർട്ട് പരിപാടിയും വിപ്ലവത്തിന്റെ പൊതുദിശയും അടവുനയങ്ങളും നിർണയിക്കാനുള്ള ശ്രമങ്ങളാണ്. ഇവയുടെ മാതൃകയിൽ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ഒരു പരിപാടിയും പത്രവും പൊതുസംഘടനാരൂപവും വേണമെന്നാണ് ‘എന്തുചെയ്യണം’ എന്ന ലഘുലേഖയിലൂടെ ലെനിൻ വാദിച്ചത്. റഷ്യൻ പാർട്ടിയിൽപോലും പിന്നീട് ബോൾഷെവിക്കുകളായി അറിയപ്പെട്ടവർ ഒഴികെ മറ്റാരും ലെനിന്റെ നിർദ്ദേശം ചെവിക്കൊള്ളാൻ തയ്യാറായിരുന്നില്ല. പ്രയോഗതലത്തിൽ റഷ്യൻ വിപ്ലവത്തിൽ ബോൾഷെവിക്കുകളുടെ നേതൃപരമായ പങ്കിന്റെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ‘കമ്യൂണിസ്റ്റുപാർട്ടി’ എന്ന ആശയംപോലും രൂപംകൊണ്ടത്. അതിനെതുടർന്ന് സാർവദേശീയ വിപ്ലവ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതതു രാഷ്ട്രങ്ങളുടെ വർഗവെെരുദ്ധ്യങ്ങളെ പരിശോധിച്ചു വിപ്ലവപാത ചിട്ടപ്പെടുത്തുന്ന പാർട്ടികൾ എന്ന ആശയം കമ്യൂണിസ്റ്റ് ഇന്റർനാഷണൽ പ്രവൃത്തിയിൽ കൊണ്ടുവന്നു.
ഇവിടെയാണ് ലെനിനിസ്റ്റ് സമീപനത്തിന്റെ മറ്റൊരു വശം പുറത്തുവരുന്നത്; വെെരുദ്ധ്യാത്മകതയാണത്. ഹെഗലിന്റെ ഡയലക്ടിക്സിനെക്കുറിച്ച് ലെനിൻ തയ്യാറാക്കിയ ഒരു കുറിപ്പ് ‘വെെരുദ്ധ്യാത്മകതയുടെ പ്രശ്നത്തെ സംബന്ധിച്ച്’ എന്ന പേരിൽ ലെനിന്റെ മരണാനന്തരം 1925ൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. (ലെനിന്റെ സമ്പൂർണകൃതികൾ വോള്യം 38 പേജ് 355 –362) ലെനിന്റെ വീക്ഷണത്തിൽ സാമൂഹ്യശാസ്ത്രത്തിലെ വെെരുദ്ധ്യാത്മകത വർഗസമരമാണ്. ഇത് വികാസത്തെപ്പറ്റിയുള്ള നിഗമനത്തിലേക്കുകൂടി നയിക്കുന്നുണ്ട്. വികാസത്തിന് രണ്ടു വീക്ഷണകോണുകളുണ്ട്. ഒന്ന്, ഉയർച്ചതാഴ്ചകളും ആവർത്തനങ്ങളുമാണ്. മറ്റൊന്ന്, വിപരീതങ്ങളുടെ ഐക്യമാണ്. വിപരീതങ്ങളുടെ ഐക്യം എപ്പോഴും ക്ഷണികമാണ്, അസ്ഥിരമാണ്, ആപേക്ഷികമാണ്. ചലനവും വികാസവും സമരവും മാത്രമാണ് സ്ഥിരമായുള്ളത്. അതുകൊണ്ട് ഓരോ സമൂഹത്തിലെയും വർഗവെെരുദ്ധ്യങ്ങളെക്കുറിച്ച് യാന്ത്രികമായ, ബൂർഷ്വാ സാമൂഹ്യശാസ്ത്രംപോലെ ഗണനാത്മകം മാത്രമായ നിഗമനങ്ങളിലെത്താനാവില്ല. വെെരുദ്ധ്യാത്മക ഭൗതികവാദം ഒരു ജ്ഞാന സിദ്ധാന്തമാണ്. ജ്ഞാനമെന്നത് ജെെവവും ബഹുമുഖവുമാണ്, അതു കൂടുതൽ സങ്കീർണവുമാകും. അതുകൊണ്ട് സമൂഹത്തിന്റെ സൂക്ഷ്മ ചലനങ്ങളെ പരിശോധിച്ച് നിർണയിക്കുക എന്നത് വിപ്ലവ സിദ്ധാന്തത്തിന്റെ കർത്തവ്യമാണ്. ഇതിൽനിന്ന് ഒഴിവാകാൻ ഒരു വിപ്ലവകാരിക്കും സാധിക്കില്ല.
അന്നത്തെ വിപ്ലവകാരികളിൽ ബേൺസ്റ്റീനും കൗട്സ‍്കിയുമടക്കം നിലനിർത്തിയ യാന്ത്രിക ഭൗതികവാദപരമായ നിലപാടുകളെ ലെനിൻ ഇതിന്റെ അടിസ്ഥാനത്തിൽ വിമർശിക്കുന്നു. തൊഴിലാളിവർഗവും മുതലാളിത്തവും തമ്മിലുള്ള വെെരുദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഒരു സാർവദേശീയ വിപ്ലവത്തെ സ്വപ്നം കാണാനാവില്ല. ഓരോ ജനതയിലും ഈ വെെരുദ്ധ്യങ്ങൾ നിലനിൽക്കുന്നത് വ്യത്യസ്ത സാഹചര്യങ്ങളിലാണ്. അവയുടെ സൂക്ഷ്മ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള ജ്ഞാനനിർമിതിയാണ് ആ പ്രദേശത്തിന്റെ വിപ്ലവപാതയെ നിർണയിക്കേണ്ടത്. റഷ്യയിൽ തൊഴിലാളി വർഗ – കർഷക ഐക്യത്തിന്റെ അടിസ്ഥാനത്തിലുള്ള മറ്റൊരു തട്ടുകൂടി വിപ്ലവ മുന്നേറ്റത്തിനുണ്ടാകും എന്ന് ലെനിൻ വ്യക്തമാക്കിയത് ഇതിന്റെ അടിസ്ഥാനത്തിലാണ്. വീണ്ടും വിപ്ലവ പ്രക്രിയ രൂപപ്പെട്ടുവരുമ്പോൾ വെെരുദ്ധ്യങ്ങളുടെ ഭൗതിക രൂപം അതതു സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമായിരിക്കും. റഷ്യൻ വിപ്ലവ പ്രക്രിയയിൽ തൊഴിലാളികളുടെയും കർഷകരുടെയും സോവിയറ്റുകൾ വഹിച്ച നിർണായകമായ പങ്കാണ് ഒക്ടോബർ വിപ്ലവത്തിൽ ‘എല്ലാ അധികാരങ്ങളും സോവിയറ്റുകൾക്ക് ’ എന്ന മുദ്രാവാക്യം ഉയർത്താൻ ലെനിനെ പ്രേരിപ്പിച്ചത്. വെെരുദ്ധ്യാത്മകമായ വിശകലനക്ഷമതയുടെ നല്ലൊരുദാഹരണമാണത്.
ലെനിൻ സൂചിപ്പിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. മനുഷ്യ വിജ്ഞാനത്തിന്റെ വികാസം നേർരേഖീയമല്ല, വളഞ്ഞതായിരിക്കും. അതിന് വർത്തുള സ്വഭാവം വരെ കാണും. അതുകൊണ്ട് വെെരുദ്ധ്യാത്മക യുക്തിയ്ക്കനുസരിച്ചുള്ള പ്രവർത്തനത്തിനും ഈ സ്വഭാവമുണ്ടായിരിക്കും. റഷ്യൻ വിപ്ലവത്തിനു ശേഷമുണ്ടായ രണ്ടു ഘട്ടങ്ങളിൽ ലെനിന്റെയും റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രയോഗത്തിൽ ഈ രീതി കാണാം. ആദ്യത്തെ ഘട്ടം ‘‘യുദ്ധകാല കമ്യൂണിസമാണ്’’. വിപ്ലവകാലത്ത് പുറത്താക്കപ്പെട്ട വലതുപക്ഷം സാറിസ്റ്റ് സെെനിക ജനറൽമാരുടെ കീഴിൽ സംഘടിച്ച് വെള്ളപ്പട (White Guards) ഉണ്ടാക്കുകയും സാമ്രാജ്യത്വശക്തികളുടെ പിന്തുണയോടെ പ്രതിവിപ്ലവ മുന്നേറ്റത്തിൽ റഷ്യ വീണ്ടെടുക്കാൻ ശ്രമിക്കുകയും ചെയ്ത ഘട്ടമാണിത്. അന്ന് വിപ്ലവത്തെ സംരക്ഷിക്കാനായി വിപ്ലവാനുകൂലികളായ എല്ലാ വിഭാഗത്തെയും ഒന്നിച്ചു നിർത്തി ‘‘ചുവപ്പുസേന’’യുടെ കീഴിൽ ചെറുത്തുനിന്ന ഘട്ടമാണ് യുദ്ധകാല കമ്യൂണിസം. സോഷ്യലിസവും മുതലാളിത്തവും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലായാണ് അത് വിശദീകരിക്കപ്പെട്ടത്. ചുവപ്പുസേന വിജയിക്കുകയും സോവിയറ്റ് ഭരണകൂടം നിലനിൽക്കുകയും ചെയ്തു. അതിനുശേഷം പുതിയ രാഷ്ട്രത്തിന്റെ ആഭ്യന്തര വികസനത്തിനായി നടപ്പിലാക്കിയത് സോഷ്യലിസ്റ്റ് –കമ്യൂണിസ്റ്റ് വികസനരീതികളായിരുന്നില്ല. ട്രോട്സ്കിയും അദ്ദേഹത്തിന്റെ അനുകൂലികളായിരുന്ന പർവുസും പ്രിയോബ്രഷെൻസ്-കിയും വാദിച്ചത് തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൽ രാഷ്ട്രമൊട്ടാകെ വിഭവസമാഹരണം നടത്തി ഉൽപ്പാദനബന്ധങ്ങളെ സോഷ്യലിസ്റ്റ് രീതിയിൽ പുനഃസംഘടിപ്പിക്കണമെന്നായിരുന്നു. ലെനിൻ അതിനോട് യോജിച്ചില്ല. അത്തരം ഒരു മുന്നേറ്റം നടത്താനുള്ള ശാസ്ത്രസാങ്കേതികവും സംഘടനാപരവുമായ കഴിവ് തൊഴിലാളിവർഗത്തിനില്ലെന്ന് ലെനിൻ ചൂണ്ടിക്കാട്ടി. ശാസ്ത്ര സാങ്കേതികമികവും സംഘടനാശേഷിയും അനുക്രമമായി വളർത്തിയെടുക്കണം. അതുവരെ പരിമിതമായ തോതിൽ മുതലാളിത്തത്തിന്റെ പ്രവർത്തനം അനുവദിക്കേണ്ടവരും. മുൻവർഷത്തെ ‘കമ്യൂണിസ്റ്റ്’ നിലപാടിൽനിന്ന് ഒരു പിൻമാറ്റമായി തോന്നാവുന്ന ഈ നിലപാട് ‘വർത്തുള’ സ്വഭാവമുള്ള വെെരുദ്ധ്യാത്മക ചിന്തയുടെ ഉദാഹരണമാണ്. പുതിയ രീതിയിലുള്ള ‘‘വിപരീതങ്ങളുടെ ഐക്യ’’ത്തിന്റെയും തെളിവാണിത്. അതേസമയം മുതലാളിത്തബന്ധങ്ങളുമായുള്ള ഈ ഐക്യം താൽക്കാലികമാണ്. ആത്യന്തികമായ സമരം മുതലാളിത്ത സമ്പദ്ഘടനയ്ക്കെതിരെയാണ്. അതിനുള്ള വിഭവസാമഗ്രികളും വിജ്ഞാനവും തൊഴിലാളിവർഗം നേടിയെടുക്കേണ്ടതുണ്ടെന്നു മാത്രം.
ഇതിനു സമാനമായ നിലപാടാണ് ദേശീയ പ്രശ്നത്തിന്റെ കാര്യത്തിലും ലെനിൻ സ്വീകരിച്ചത്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ‘‘സർവരാജ്യത്തൊഴിലാളികളേ സംഘടിക്കുവിൻ’’ എന്ന ആഹ്വാനം അതേപടി നടപ്പിലാക്കാൻ നിരവധി വിപ്ലവകാരികൾ ശ്രമിച്ചിരുന്നു. സാർവദേശീയ വിപ്ലവപ്രസ്ഥാനത്തിന്റെ പിൻബലമില്ലാതെ റഷ്യൻ വിപ്ലവത്തിന് പിടിച്ചുനിൽക്കാൻ കഴിയുകയില്ലെന്ന് ലെനിനും ബോൾഷെവിക്കുകൾക്കും വ്യക്തമായിരുന്നു. ഈ വേളയിൽ പല വിപ്ലവപ്രസ്ഥാനങ്ങളിലും കടന്നുകൂടിയ തിരുത്തൽവാദ – അതിതീവ്രവാദ പ്രവണതകൾക്കെതിരെ ലെനിൻ ശക്തമായി പോരാടിയതും ഈ ലക്ഷ്യത്തെ മുൻനിർത്തിയായിരുന്നു. ഇതിന്റെ ഫലമെന്ന നിലയിലാണ് 1919ൽ കമ്യൂണിസ്റ്റ് ഇന്റർനാഷണൽ സ്ഥാപിതമായതും ഓരോ രാഷ്ട്രത്തിലും അതതു രാഷ്ട്രങ്ങളിലെ സവിശേഷതകൾ മുൻനിർത്തി കമ്യൂണിസ്റ്റ് പാർട്ടികൾ രൂപീകരിച്ചതും. എന്നാൽ, ദേശീയ വിഭജനത്തെയും സംഘർഷങ്ങളെയും അവഗണിച്ചുകൊണ്ടുള്ള ഏകപക്ഷീയമായ സാർവദേശീയത ലെനിൻ അംഗീകരിച്ചില്ല. അതേസമയം, ദേശീയബോധത്തിന്റെ അടിസ്ഥാനത്തിൽ മാത്രം, ആ രാഷ്ട്രത്തിലെ മുതലാളിത്തം നടത്തുന്ന സംഘർഷങ്ങളെ ഏകപക്ഷീയമായി പിന്തുണയ്ക്കുന്ന പ്രവണതയും അദ്ദേഹം അംഗീകരിച്ചില്ല. ദേശീയബോധം എന്നതും കേവലമായ ആവർത്തനമോ അധികാരബന്ധങ്ങളുടെ ഏറ്റക്കുറച്ചിലോ അല്ല, വിപരീതങ്ങളുടെ ഐക്യമാണ്. ദേശീയ മുതലാളിത്തത്തിന് അവിടുത്തെ തൊഴിലാളിവർഗവുമായി വെെരുദ്ധ്യമുണ്ട്. അതേസമയം സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിൽ അവർ തൊഴിലാളികളുമായി ഒന്നിച്ചുനിൽക്കാൻ തയ്യാറാണ്. അതുകൊണ്ട് ദേശീയ മുതലാളിവർഗത്തെ, സാമ്രാജ്യത്വത്തിന്റെ പിണിയാളുകൾ എന്ന നിലയിൽ ഏകപക്ഷീയമായി ആക്രമിക്കുകയല്ല വേണ്ടത്. അതിനുപകരം, ദേശീയ മോചന പോരാട്ടത്തിൽ അവരോടൊപ്പം നിൽക്കുകയും അല്ലാത്ത എല്ലാ സംഘർഷങ്ങളിലും തൊഴിലാളിവർഗത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും സ്വതന്ത്രമായ വ്യക്തിത്വം സ്ഥാപിക്കുകയുമാണ് ചെയ്യേണ്ടത്. ജ്ഞാന സമ്പാദനവും പ്രയോഗവും നേർരേഖയല്ല, വക്രമാണെന്ന വെെരുദ്ധ്യാത്മക യുക്തിയുടെ വേറൊരു ഉദാഹരണമാണിത്.
‘‘മൂർത്തമായ സാഹചര്യങ്ങളുടെ മൂർത്തമായ വിശകലനം’’ എന്നത് ഒരു ലെനിനിസ്റ്റ് തത്വമായി സാധാരണയായി പറയാറുണ്ട്. അതെന്താണെന്നത് പലപ്പോഴും സാമ്പ്രദായിക യുക്തിക്കനുസരിച്ചാണ് വിശദീകരിക്കാറുള്ളത്. ലെനിൻ അംഗീകരിക്കുന്ന ജ്ഞാന സിദ്ധാന്തമനുസരിച്ച് ഈ വിശദീകരണം അൽപ്പംകൂടി സങ്കീർണമാണ്. ജ്ഞാനത്തിന് നിരവധി വശങ്ങളുണ്ട്. സമൂഹബന്ധങ്ങൾക്ക് അതനുസരിച്ച് നിരവധി ചേരുവകൾ ഉണ്ടാകാം. ഇവ സമൂഹത്തിന്റെ ചലനാത്മകത അനുസരിച്ച് കൂടുതൽ സങ്കീർണമാകാം. അവയുടെ എണ്ണവും വർധിക്കാം. ഉദാഹരണത്തിന്, കേരളത്തിൽ ജീവിക്കുന്ന ഒരു സാധാരണ മനുഷ്യൻ ഒരേസമയം നഗരവാസിയോ ഗ്രാമവാസിയോ ആണ്, തിരുവിതാംകൂറുകാരനോ മലബാറുകാരനോ ആണ്, ദളിതനോ ബ്രാഹ്മണനോ ആണ്, സ്–ത്രീയോ പുരുഷനോ ഭിന്നലിംഗത്തിൽ ജനിച്ച വ്യക്തിയോ ആണ്, മലയാളിയോ പരദേശിയോ ആണ്, മുതലാളിയോ തൊഴിലാളിയോ ആണ്, പ്രവാസിയോ തദ്ദേശവാസിയോ ആണ്. ഇനിയും നിരവധി സവിശേഷതകളാകാം. വെെരുദ്ധ്യാത്മകരീതി ഇവയുടെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ചുള്ള പ്രതിപാദനരീതിയല്ല. ഇവയെയെല്ലാം നിലവിലുള്ള സാഹചര്യങ്ങൾക്കുള്ളിൽ, വെെരുദ്ധ്യങ്ങളെ സമീപിക്കുന്ന ദശാസന്ധിക്കുള്ളിൽ പരിശോധിച്ച് അവരുടെ ജീവിതത്തിന്റെ മുഖ്യവെെരുദ്ധ്യം നിർണയിക്കുകയാണ് ചെയ്യുന്നത്. ഈ ദശാസന്ധിയിൽ അവരുടെ ജീവിതത്തെ ബാധിക്കുന്ന ഏറ്റവും നിർണായകമായ വെെരുദ്ധ്യമാണ് മുഖ്യവെെരുദ്ധ്യം. ഇവിടെ അധീശത്വം (hegemony) എന്ന ലെനിന്റെ ആശയം വളരെ പ്രധാനമാണ്. ഏത് വർഗമോ വർഗങ്ങളോ ആണ് ഒരു പ്രത്യേക ദശാസന്ധിയിൽ അധീശത്വം ചെലുത്തുന്നത് അവർക്കെതിരായി നടക്കുന്ന സംഘർഷവും സംഘർഷം നടത്തുന്ന വർഗങ്ങളുമാണ് മുഖ്യവെെരുദ്ധ്യത്തെ സൃഷ്ടിക്കുന്നത്.
ഉദാഹരണത്തിന്, ഇന്ത്യയെ ഇന്നുഭരിക്കുന്ന കോർപ്പറേറ്റ് – വർഗീയ കൂട്ടുകെട്ടിനെതിരായ സമരമാണ് ഇന്നത്തെ സാഹചര്യത്തിലെ മുഖ്യവെെരുദ്ധ്യമെന്നു നിർണയിച്ചാൽ അതിനനുസരിച്ചായിരിക്കും മുഖ്യസംഘർഷം രൂപപ്പെടുക. അതുകൊണ്ട് മറ്റു വെെരുദ്ധ്യങ്ങൾ അപ്രത്യക്ഷമാകുമെന്ന് അതിനർഥമില്ല. സാഹചര്യങ്ങൾ മാറുമ്പോൾ അതനുസരിച്ച് സംഘർഷരൂപങ്ങൾ മാറാം. അപ്പോൾ നാം എത്തിനിൽക്കുന്ന സമൂഹരൂപത്തെയും ദശാസന്ധികളെയുംകുറിച്ചുള്ള ശാസ്ത്രീയമായ നിർണയത്തിനനുസരിച്ചാണ് ഏതൊരു മൂർത്തസാഹചര്യത്തെയും പഠിക്കേണ്ടത്. അതനുസരിച്ചാണ് വിപ്ലവപ്രയോഗ രീതികൾ ചിട്ടപ്പെടുത്തേണ്ടത്. റഷ്യൻ വിപ്ലവത്തിനുശേഷം ഒന്നാം ലോകയുദ്ധത്തിൽ നിന്ന് റഷ്യ പിന്മാറിയത് നല്ലൊരുദാഹരണമാണ്. യുദ്ധത്തിൽ റഷ്യ തുടർന്നാൽ അത് വിപ്ലവഭരണകൂടത്തിനുതന്നെ കനത്ത തിരിച്ചടിയാകുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പിൻമാറ്റമുണ്ടായത്.
മൂർത്തമായ സാഹചര്യങ്ങളുടെ വിശകലനം വസ്തുനിഷ്ഠ സാഹചര്യങ്ങളുടെ വിശകലനമാണ്-. വിപ്ലവകാരികൾക്ക് അവരുടെ ആത്മനിഷ്ഠസാഹചര്യങ്ങളിൽനിന്ന് വിലയിരുത്താം. സ്വന്തം വർഗത്തിന്റെ, ജാതിയുടെ, വംശത്തിന്റെ, മതത്തിന്റെ, ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മൊത്തം സാഹചര്യങ്ങളെ വിലയിരുത്തി നിലപാടെടുക്കാം. ഇത്തരം ആത്മനിഷ്ഠ നിലപാടുകൾ ശാസ്ത്രീയമായ പൊതുനിലപാടുകളിലേക്ക് നയിക്കുകയില്ല. അതിനുപകരം ആശയവാദപരമായ ഭാഗികനിലപാടുകളിലേക്കാണ് നയിക്കുക. അതിനെ ‘‘പൗരോഹിത്യപരമായ വിചാരശൂന്യത’’ (Clerical Obscurantism) എന്നാണ് ലെനിൻ വിളിക്കുന്നത്. അവ ഒരിക്കലും വസ്തുനിഷ്ഠ സാഹചര്യങ്ങളിലെ സംഘർഷത്തെ വളർത്തുന്നതിലേക്കു നയിക്കുകയില്ല. നിലവിലുള്ള പോരാട്ടങ്ങളെ ശിഥിലീകരിക്കുന്നതിലേക്കും അധീശത്വവർഗങ്ങളെ ശക്തിപ്പെടുത്തുന്നതിലേക്കുമാണ് നയിക്കുക.
സാമ്രാജ്യത്വ–കോർപ്പറേറ്റുവിരുദ്ധ പോരാട്ടങ്ങളുടെ സമകാലിക സാഹചര്യങ്ങളിൽ ലെനിന്റെ വെെരുദ്ധ്യാത്മക യുക്തിയുടെ പ്രയോഗത്തിന്റെ പ്രാധാന്യം നാം തിരിച്ചറിയണം. ലെനിനു നൽകാവുന്ന ഏറ്റവും വലിയ സ്മരണികയായിരിക്കും അത്. ♦