Saturday, June 22, 2024

ad

Homeസമകാലികംകേരളത്തിൽ എന്തുകൊണ്ട് 
യുഡിഎഫിനെ തോൽപ്പിക്കണം

കേരളത്തിൽ എന്തുകൊണ്ട് 
യുഡിഎഫിനെ തോൽപ്പിക്കണം

എം വി ഗോവിന്ദൻ

രാജ്യത്ത് ബിജെപി ഉയർത്തുന്ന ഭീഷണിയെ ഫലപ്രദമായി ചെറുക്കണമെങ്കിൽ ലോക്-സഭയിൽ ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യം ഗണ്യമായി വർധിപ്പിക്കേണ്ടതുണ്ട്. കാരണം ഇന്ന് ദേശീയ രാഷ്-ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന വർഗീയ – കോർപറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്നത് സിപിഐ എമ്മും മറ്റ് ഇടതുപക്ഷ പാർട്ടികളുമാണ്. ആ പോരാട്ടത്തിനു കരുത്തുപകരാൻ കേരളം ഒറ്റക്കെട്ടായി എൽഡിഎഫിനു പിന്നിൽ അണിനിരക്കേണ്ടതുണ്ട്.
നിർണായകമായ രാഷ്ട്രീയ ദശാസന്ധികളിലെല്ലാം, ബിജെപി / ആർഎസ്എസ്സിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്നതിനുപകരം കോൺഗ്രസ് ചാഞ്ചാടുന്നതായാണ് ഇതേവരെ നാം കാണുന്നത്. ഏറ്റവുമൊടുവിൽ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽപോലും മൃദു ഹിന്ദുത്വ നിലപാട് പിൻപറ്റി നിൽക്കുകയായിരുന്നല്ലോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ്. അങ്ങനെ തങ്ങൾക്ക് തനിച്ചു ഭരണത്തിലെത്താനാവുമെന്ന വ്യാമോഹത്തിൽ ഇന്ത്യ കൂട്ടുകെട്ടിലെ ഇതര കക്ഷികളെയാകെ അകറ്റി നിർത്തി ഒറ്റയ്ക്ക് പോരിനിറങ്ങിയതിന്റെ തിരിച്ചടിയേറ്റിട്ടും ശരിയായ പാഠം ഉൾക്കൊള്ളാൻ കോൺഗ്രസിനു കഴിഞ്ഞിട്ടില്ലായെന്നതാണ് യാഥാർഥ്യം.

മതന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുമ്പോൾ അതിനെതിരെ ഉറച്ച നിലപാടെടുക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. ഭൂരിപക്ഷത്തിന്റെ വോട്ട് നഷ്ടപ്പെടുമോയെന്ന ആശങ്കയ്ക്കപ്പുറം മതന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണമാണ് മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയത്തിന്റെ അടിത്തറയാകേണ്ടത് എന്ന കാഴ്ചപ്പാട് എല്ലായ്-പ്പോഴും കോൺഗ്രസ് വിസ്മരിക്കുന്നതായാണ് നാം കാണുന്നത്. ആർഎസ്എസ് രാജ്യത്ത് പലേടങ്ങളിലും വിവിധ മതന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വർഗീയ ആക്രമണങ്ങൾ അഴിച്ചുവിടുമ്പോൾ ന്യൂനപക്ഷ ജനതയ്ക്കൊപ്പം ഉറച്ചുനിൽക്കാൻപോലും കോൺഗ്രസിനു കഴിയാറില്ല. ഒറീസയിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലും ഏറ്റവുമൊടുവിൽ മണിപ്പൂരിലുമെല്ലാം (മണിപ്പൂരിൽ രാഹുൽഗാന്ധി നടത്തിയ സന്ദർശനമൊഴികെ) ക്രിസ്ത്യാനികൾ ആക്രമിക്കപ്പെട്ടപ്പോൾ കോൺഗ്രസ് അതാതിടങ്ങളിൽ നിലപാടില്ലായ്മയാണ് പ്രകടമാക്കിയത്. ഗുജറാത്തിൽ നടന്ന വംശഹത്യയിലാകും, യുപിയിലും കർണാടകത്തിലും ഡൽഹിയിലുമെല്ലാം മുസ്ലിം ജനവിഭാഗങ്ങൾക്കുനേരെ സംഘപരിവാർ സംഘടനകൾ ആക്രമണമഴിച്ചുവിടുമ്പോഴും മതന്യൂനപക്ഷങ്ങളുടെ സംരക്ഷകരായി ഉറച്ചു നിൽക്കാൻ തയ്യാറാകാതെ കോൺഗ്രസ് ചാഞ്ചാട്ട സ്വഭാവം പ്രകടിപ്പിച്ചതും യാഥാർഥ്യമാണ്.

കാശ്മീരിന് ഭരണഘടനാപരമായി പ്രതേ-്യകാവകാശം ഉറപ്പുനൽകുന്ന 370, 35 എ വകുപ്പുകൾ ബിജെപി സർക്കാർ റദ്ദുചെയ്തപ്പോഴും പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിലും ഏക സിവിൽ കോഡിലും മുത്തലാക്ക് വിഷയത്തിലുമെല്ലാം കോൺഗ്രസ് ആടിക്കളിക്കുന്നതും, കോൺഗ്രസിന്റെ പല നേതാക്കളും ബിജെപി വാദങ്ങൾ ആവർത്തിക്കുന്നതും ആ പാർട്ടി തത്വാധിഷ്ഠിതമായ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കാൻ തയ്യാറാകാത്തതുമൂലമാണ്. രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ കാര്യത്തിലും കോൺഗ്രസ് നിലപാടില്ലാതെ ഇരുട്ടിൽ തപ്പുന്നത് നാം കണ്ടതാണ്.

ഇതൊരു വശമാണെങ്കിൽ ബിജെപി എംപിമാരിലും എംഎൽഎമാരിലും സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും ഉൾപ്പെടെ മന്ത്രിമാരിലും ഗണ്യമായൊരു വിഭാഗം (ഏറെക്കുറെ ഭൂരിപക്ഷം പേരും എന്നുതന്നെ പറയാം) കോൺഗ്രസിൽ നിന്ന് കൂറുമാറി ബിജെപിയിൽ എത്തിയവരാണ്. ഈയടുത്ത ദിവസങ്ങളിൽ തന്നെ തമിഴ്നാട്ടിൽ നിന്നുൾപ്പെടെ കോൺഗ്രസ് ജനപ്രതിനിധിക‍‍ളും നേതാക്കളും കോൺഗ്രസിൽനിന്ന് ബിജെപി കൂടാരത്തിലേക്ക് ചേക്കേറിയതും നാം കണ്ടു. ഏറ്റവുമൊടുവിൽ കോൺഗ്രസ് ഭരണത്തിലുള്ള ഹിമാചൽപ്രദേശിലെ ആറ് കോൺഗ്രസ് എംഎൽഎമാരാണ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് വോട്ടുചെയ്ത് വിജയിപ്പിച്ചത്. രാഷ്ട്രീയവും ആശയപരവുമായ വിഷയങ്ങളിൽ ഉറച്ച നിലപാടില്ലാതെ കോൺഗ്രസ് ആടിക്കളിക്കുന്നതും നിലപാടുകൾ സ്വീകരിക്കാൻ അമാന്തിക്കുന്നതും കോൺഗ്രസുകാർ ബിജെപിയിലേക്ക് കൂറുമാറുന്നതിനുള്ള മണ്ണൊരുക്കലായി മാറുന്നു. ഫലത്തിൽ ബിജെപിയിലേക്കുള്ള റിക്രൂട്ടിങ് സെന്ററായി അധഃപതിച്ചിട്ടുള്ള കോൺഗ്രസിന് എന്തിന് വോട്ടുചെയ്യണം എന്നാണ് മതനിരപേക്ഷവാദികളെല്ലാം ചിന്തിക്കേണ്ടത്.

കർണാടകത്തിൽ ബിജെപി അധികാരത്തിലിരുന്നപ്പോൾ കൊണ്ടുവന്ന, മുസ്ലീം പെൺകുട്ടികൾ വിദ്യാലയത്തിൽ തട്ടമിട്ട് വരുന്നത് വിലക്കിയ ഉത്തരവ് കോൺഗ്രസ് അധികാരത്തിൽ വന്നിട്ടും മാറ്റിയിട്ടില്ല.രാജസ്ഥാൻ പോലെ കോൺഗ്രസും ബിജെപിയും മാറിമാറി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പാഠപുസ്തകങ്ങളിൽ ബിജെപി വരുത്തിയ മാറ്റങ്ങൾ പിൻവലിക്കാനും കോൺഗ്രസ് തയ്യാറായിട്ടില്ല.

മാത്രമല്ല, കേരളത്തിൽ കോൺഗ്രസ് മോദി ഗവൺമെന്റിനെ വിമർശിക്കാനോ അതിനെതിരെ പ്രക്ഷോഭ പരിപാടികൾക്കോ തയ്യാറാകാതെ ബിജെപിക്ക് സമാന്തരമായി നിൽക്കുക മാത്രമല്ല, പാർലമെന്റിൽപോലും കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരെ യുഡിഎഫ് എംപിമാർ ആരോപണങ്ങൾ ഉന്നയിച്ച് ബിജെപിയുടെ കയ്യിലെ ആയുധമായി കളിക്കുന്നതാണ് നാം കാണുന്നത്. കേരളത്തിനെതിരെ സാമ്പത്തികമായ കടന്നാക്രമണം മോദി സർക്കാർ നടത്തുമ്പോൾ അതിനെതിരെ ഒന്നിച്ചുനിന്ന് സമരം ചെയ്യാൻപോലും യുഡിഎഫ് തയ്യാറായില്ലെന്നു മാത്രമല്ല കേരളത്തിന്റെ ആവശ്യങ്ങൾ പാർലമെന്റിലും പുറത്തും ശക്തമായി ഉന്നയിക്കാൻപോലും തയ്യാറാകാതെ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇത്തരമൊരു കക്ഷിയെ എങ്ങനെയാണ് ബിജെപിയെ ചെറുക്കാനുള്ള ശക്തമായ ബദലായി കേരളത്തിലെ ജനങ്ങൾക്ക് കാണാനാവുക. കേരളത്തിലെ കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം അടിസ്ഥാന സ്വഭാവം കട്ടപിടിച്ച കമ്യൂണിസ്റ്റു വിരോധമാണ്. അതുകൊണ്ടാണ് കേരളത്തിലെ കോൺഗ്രസ്സുകാർ ഒരു കൂസലുമില്ലാതെ ബിജെപിക്കൊപ്പം ചുവടുവയ്ക്കുന്നത്. കോ–ലി–ബി സഖ്യമുണ്ടാക്കുന്നതിന് കഴിയുന്നതും അതുകൊണ്ടുതന്നെ. അതാണല്ലോ യുഡിഎഫ് എംപിയായ പ്രേമചന്ദ്രൻ മോദിയുടെ സ്വകാര്യവിരുന്നിൽ പങ്കെടുത്തതിൽ ഒരസ്വാഭാവികതയും കോൺഗ്രസിനു തോന്നാത്തത്-. ആ വിരുന്നിൽ പങ്കെടുത്ത ഒരു എംപി അടുത്ത ദിവസം ബിജെപിയിലേക്ക് കൂറുമാറിയ പശ്ചാത്തലത്തിൽ വേണം ‘‘എന്നെ ക്ഷണിച്ചിരുന്നെങ്കിൽ ഞാനും വിരുന്നിൽ പങ്കെടുക്കുമായിരുന്നു’’ എന്ന ചില കോൺഗ്രസ് എംപിമാരുടെ വാക്കുകളെ കാണേണ്ടത‍്.

സാമ്പത്തികനയങ്ങളുടെ കാര്യത്തിലും പലപ്പോഴും കോൺഗ്രസ് ബിജെപിയെ ശക്തമായി എതിർക്കാൻ തയ്യാറായി കാണുന്നില്ല. കുപ്രസിദ്ധമായ മൂന്ന് കർഷകനിയമങ്ങൾ ലോക്-സഭയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ കോൺഗ്രസ് അംഗങ്ങൾ സ്വീകരിച്ച അഴകൊഴമ്പൻ നിലപാടും തൊഴിലാളിവിരുദ്ധമായ ലേബർ കോഡുകൾക്കെതിരെ ലോക്-സഭയിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്താതിരുന്നതും സമീപകാല അനുഭവമാണ്. കോൺഗ്രസ്സിന്റെ സംസ്ഥാന സർക്കാരുകൾ പലതും ഇവ അതാത് നിയമസഭകളിൽ പാസാക്കിയതും ഓർക്കണം. അതുകൊണ്ട് കേരളത്തിൽ ഇടതുപക്ഷവും കോൺഗ്രസും മുഖാമുഖം ഏറ്റുമുട്ടുമ്പോൾ ഇടതുപക്ഷത്തെ ലോക്-സഭയിലേക്ക് അയക്കേണ്ടത് കേരളത്തിന്റെ മാത്രമല്ല, രാജ്യത്തെ തൊഴിലെടുക്കുന്ന ജനതയുടെയാകെ താൽപ്പര്യം സംരക്ഷിക്കാനും അനിവാര്യമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 3 =

Most Popular