ഹൈദ്രാബാദിനടുത്ത് ദേശീയ പാതയോരത്ത് ചെറുപ്പക്കാരിയായ മൃഗഡോക്ടറെ ഭീകരമായി ആക്രമിക്കുകയും കൂട്ടബലാത്സംഗം ചെയ്ത് നിഷ്ഠുരമായി കൊല്ലുകയും ചെയ്ത സംഭവം ദേശീയ പ്രക്ഷോഭത്തിനും നിരവധി സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കി. ഇതേ സമയത്തുതന്നെ സ്കൂളില്‍ കായികമത്സരത്തില്‍ പങ്കെടുത്തതിനുശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന ആറുവയസ്സുകാരി പെണ്‍കുട്ടിയെ കാണാതാവുകയും രക്തത്തില്‍ കുളിച്ചുകിടക്കുന്ന അവളുടെ ശരീരം പിന്നീട് കണ്ടെത്തുകയും ചെയ്തു; അവള്‍ അതിക്രൂരമായ ലൈംഗിക ആക്രമണത്തിനു വിധേയയാക്കപ്പെട്ടിരുന്നു. കോയമ്പത്തൂരില്‍, തന്റെ പിറന്നാളാഘോഷിച്ചു മടങ്ങിവരികയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ആയുധധാരികളായ ഒരുകൂട്ടം പുരുഷന്മാര്‍ ആദിവാസിയായ നിയമവിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിലായി രണ്ടു ഡസനിലേറെ സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ചും ലൈംഗിക കുറ്റകൃത്യങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ത്യയില്‍ ദേശീയ അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നത് എന്ന യാഥാര്‍ത്ഥ്യമാണ് ഈ ഭീകരമായ ലൈംഗിക കുറ്റകൃത്യങ്ങളുടെ പരമ്പര വെളിച്ചത്തുകൊണ്ടുവരുന്നത്. പുരുഷമേധാവിത്വത്തിന്റെ ഹീനവാഴ്ചയ്ക്കുകീഴില്‍ ഒരു പീഡന സംസ്കാരവും ശിക്ഷാഭീതിയില്ലായ്മയും ശക്തിപ്രാപിച്ചിരിക്കുന്നു. എന്നിട്ടും മോഡി സര്‍ക്കാര്‍ നിഷേധനിലപാടിലാണ്. 2016 മുതല്‍ നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ മോഡി ഗവണ്‍മെന്റ് പൂഴ്ത്തിവെച്ചിരിക്കുന്നു. 2017ലെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത് 2019ല്‍ മാത്രമാണ്. ആള്‍ക്കൂട്ടാക്രമണകേസുകളും ദുരഭിമാന കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ മനഃപൂര്‍വമായ വീഴ്ച വരുത്തിയിട്ടും, ഈ റിപ്പോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഭയാനകമായ വര്‍ധനവ് കാണിക്കുന്നു. നിയതമായി പറഞ്ഞാല്‍ പ്രതിദിനം ഏകദേശം 1000 കേസുകളും വര്‍ഷം 3.5 ലക്ഷത്തിനുമുകളില്‍ കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. പ്രതിദിനം ശരാശരി 93 സ്ത്രീകള്‍ ബലാത്സംഗത്തിനിരകളാകുന്നു. അതില്‍ മൂന്നിലൊരു ഭാഗം പ്രായപൂര്‍ത്തിയാകാത്തവരാണ്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള 87,924 ലൈംഗിക പീഡനക്കേസുകള്‍ വെച്ചുനോക്കുമ്പോള്‍ പ്രതിദിനം ശരാശരി 241 സ്ത്രീകള്‍ ഇരകളാക്കപ്പെടുന്നു. സ്ത്രീധന പീഡനത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ 28 എണ്ണം സ്ത്രീകളെ ചുട്ടുകൊന്നതാണ്.
മിക്ക കേസുകളും റിപ്പോര്‍ട്ടു ചെയ്യപ്പെടാതെ പോകുന്നു
ഈ കണക്കുകള്‍ നമ്മെ അമ്പരപ്പിക്കുന്നത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ ഒരു നേരിയ ശതമാനത്തെ മാത്രമേ ഇവ കാണിക്കുന്നുള്ളൂ എന്നറിയുമ്പോഴാണ്. പരക്കെ അറിയപ്പെടുന്നതുപോലെ തന്നെ മിക്ക കേസുകളും റിപ്പോര്‍ട്ടു ചെയ്യപ്പെടാതെ പോകുകയാണ് പതിവ്. ഉദാഹരണത്തിന്, ദേശീയ കുടുംബാരോഗ്യ സര്‍വെ വ്യക്തമാക്കുന്നത്, വിവാഹിതരായ സ്ത്രീകളില്‍ മൂന്നിലൊരാള്‍വീതം ശാരീരികമോ ലൈംഗികമോ ആയ അക്രമം നേരിടുന്നുവെങ്കിലും 1.5 ശതമാനം മാത്രമേ പൊലീസില്‍നിന്നും സഹായമാവശ്യപ്പെടുന്നുള്ളൂ എന്നാണ്. കൃത്യമായ വിവരശേഖരണം നയപരമായ മുന്‍കൈയെടുക്കലിന് വളരെ പ്രധാനമാണ്. നിര്‍ഭാഗ്യവശാല്‍ ഇപ്പോഴത്തെ കേന്ദ്ര ഗവണ്‍മെന്റ് അതിന്റെ പരാജയത്തെ വെളിപ്പെടുത്തുന്ന സ്ഥിതിവിവര കണക്കുകള്‍ മറച്ചുവെയ്ക്കാനോ മായ്ച്ചുകളയാനോ ആണ് താല്‍പര്യപ്പെടുന്നത്.
.
കെട്ടിക്കിടക്കുന്ന കേസുകളുടെ കൂമ്പാരം
കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ട കേസുകള്‍ ഉള്‍പ്പെടെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം അപാരമാണ് എന്നാണ് എന്‍സിആര്‍ബി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. സ്ത്രീകള്‍ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളിലുമായി കെട്ടിക്കിടക്കുന്നത് 89.6 ശതമാനം കേസുകളാണ്. 2017ല്‍ മുന്‍ വര്‍ഷങ്ങള്‍ മുതല്‍ വിചാരണ കാത്ത് കിടക്കുന്നത് 1.17 ലക്ഷം ബലാത്സംഗക്കേസുകളാണ്. ആ വര്‍ഷം ഇതിനുപുറമെ 28,750 കേസുകള്‍ കൂടി വിചാരണക്കായി വന്നു. വിചാരണയിലുള്ള ഈ അസംഖ്യം കേസുകളില്‍ എത്രയെണ്ണമാണ് ശിക്ഷിക്കപ്പെട്ടത്? വെറും 5,822 എണ്ണം മാത്രം. നീതിന്യായ വ്യവസ്ഥയെ പരിഷ്കരിക്കുന്നതിലും ശിക്ഷ ഉറപ്പാക്കുന്നതിലുമുള്ള ഈ കടുത്ത അനാസ്ഥയാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ശിക്ഷാഭയമില്ലാതെ നടമാടുന്നത് വര്‍ധിക്കുന്നതിനിടയാക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് സുരക്ഷയും സംരക്ഷണവും പ്രദാനം ചെയ്യുന്നതിനാവശ്യമായ നടപടികളെ സംബന്ധിച്ച യുഎന്‍ റിപ്പോര്‍ട്ട് പ്രസ്താവിക്കുന്നു: ‘‘അതിക്രമവും ഇരയാക്കലും തടയുന്നതിനു സ്വീകരിക്കുന്ന നടപടികളിലാണ്, അക്രമം നടക്കുന്നതിനുമുന്‍പായി കൈക്കൊള്ളുന്ന തന്ത്രങ്ങളിലും നയങ്ങളിലുമാണ് സ്ത്രീകളുടെ സുരക്ഷ നിലനില്‍ക്കുന്നത്….. അതിക്രമങ്ങളുമായും ഇരയാക്കലുമായും ഒപ്പമുള്ളവരുടെ പെരുമാറ്റവുമായും ബന്ധപ്പെട്ട സംരക്ഷണ ഘടകങ്ങളെയും അപകടസാധ്യതയെയും നേരിടുന്നതിനുള്ള തന്ത്രപരവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതും സമഗ്രവുമായ നടപടികള്‍ ഉള്‍പ്പെടുന്നതാണ് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയല്‍ ശ്രമങ്ങള്‍”.
ഇന്ത്യയില്‍ നിര്‍ഭയ കേസിനുശേഷം ജസ്റ്റിസ് ജെ എസ് വര്‍മയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട കമ്മിറ്റി കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ഒരു കൂട്ടം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള സാമൂഹികവും ഭൗതികവുമായ പശ്ചാത്തല സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് കേന്ദ്ര – സംസ്ഥാന ഗവണ്‍മെന്റുകളുടെ ഉത്തരവാദിത്വമാണെന്നാണ് ആ കമ്മിറ്റി വ്യക്തമാക്കിയത്. അത് നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും സ്വാശ്രയത്വത്തെയും മാനിക്കാനും തുല്യതയുടെ സാമൂഹിക മൂല്യങ്ങള്‍ അംഗീകരിക്കാനും യുവജനങ്ങളെ പഠിപ്പിക്കുന്നതിന് സ്കൂള്‍ – കോളേജ് പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തല്‍, സുരക്ഷിതമായ പൊതുയാത്രാ സൗകര്യം ഉറപ്പാക്കല്‍, നഗരങ്ങളിലും തെരുവുകളിലും വെളിച്ചം ഉറപ്പാക്കല്‍, സിസിടിവി ക്യാമറകള്‍ സ്ഥാപിക്കല്‍, സുരക്ഷിതമല്ലാത്ത പ്രദേശങ്ങള്‍ അടയാളപ്പെടുത്തൽ, ഇത്തരം സ്ഥലങ്ങളില്‍ പൊലീസിന്റെ റോന്തുചുറ്റല്‍ വര്‍ധിപ്പിക്കാനുള്ള നടപടികൾ എന്നിവ ഉള്‍പ്പെടെയുള്ള ഒട്ടേറെ കാര്യങ്ങളാണ് മുന്നോട്ടുവയ്ക്കപ്പെട്ടത്. ഈ നിര്‍ദ്ദേശങ്ങള്‍ ഗൗരവപൂര്‍വം നടപ്പാക്കപ്പെട്ടിരുന്നെങ്കില്‍ യുവമൃഗ ഡോക്ടര്‍ സുരക്ഷിതയായി ഇന്നും ജീവിച്ചിരിക്കുമായിരുന്നു.
അടിസ്ഥാനപരമായ സുരക്ഷാ നടപടികള്‍
വര്‍മ കമ്മിറ്റി റിപ്പോര്‍ട്ട് ഇങ്ങനെ പ്രസ്താവിച്ചു: ‘‘ഫലപ്രദമായവിധം ഏറ്റവും അടിസ്ഥാനപരമായ സുരക്ഷാ നടപടികള്‍പോലും കൈക്കൊള്ളുന്നതിന് ഇന്ത്യ ഗവണ്‍മെന്റും വിവിധ സംസ്ഥാന ഗവണ്‍മെന്റുകളും താല്‍പര്യമെടുക്കുന്നില്ല. അവയ്ക്കതിനു കഴിയുന്നില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ജുഡീഷ്യറിയില്‍നിന്നും നിരവധി ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും പഠനങ്ങളുമെല്ലാം ഉണ്ടായിട്ടും ഇതിനെല്ലാമുപരി പൗരസമൂഹത്തില്‍നിന്നും ശക്തമായ പ്രതിഷേധങ്ങളുയര്‍ന്നിട്ടും രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ ഭരണകൂടം കുറ്റകരമായ അനാസ്ഥ തുടരുകയാണ്”. ഇപ്പോള്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിട്ട് 6 വര്‍ഷം കഴിഞ്ഞശേഷം വീണ്ടും ഗവണ്‍മെന്റ് പുതിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെടുകയാണ്; ഇത് മോദി ഗവണ്‍മെന്റിന്റെ രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലായ്മയാണ് പ്രകടമാക്കുന്നത്.
മോദി ഭരണത്തിന്‍കീഴില്‍ സ്ത്രീകളുടെ അവകാശങ്ങളോട് പിന്തിരിപ്പന്‍ സമീപനം പുലര്‍ത്തുന്നതിനാണ് പ്രാമുഖ്യം ലഭിച്ചിരിക്കുന്നത്. കത്വയിലും ഷാജഹാന്‍പൂരിലും എന്നപോലെ മന്ത്രിമാരും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും പരസ്യമായി ബലാത്സംഗ കുറ്റാരോപിതരുടെ പക്ഷം പിടിക്കുകയാണ്. ഇരകള്‍ക്കുനേരെയാണ് അവര്‍ വിരല്‍ ചൂണ്ടുന്നത്, ഇരകളെയാണ് അവര്‍ ആക്ഷേപിക്കുന്നതും കുറ്റപ്പെടുത്തുന്നതും. സുരക്ഷിതമായ പൊതുഇടങ്ങള്‍ക്കായുള്ള സ്ത്രീകളുടെ അവകാശം ഉറപ്പാക്കുന്നതിനോട് ശക്തമായ എതിരഭിപ്രായങ്ങളാണ് ഉയര്‍ന്നുവരുന്നത്. ദളിത് – ആദിവാസി സ്ത്രീകളാണ് ഏറ്റവുമധികം ആക്രമണവിധേയരാകുന്നത്. ലൈംഗിക അക്രമത്തിനെതിരായ പോരാട്ടം സ്ത്രീശാക്തീകരണ വിരുദ്ധമായ നയങ്ങള്‍ക്കും സംസ്കാരത്തിനുമെതിരായ പോരാട്ടം കൂടിയാണ്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത ഇടമായി ഇന്ത്യയെ മാറ്റുന്നതിന് ആവശ്യമായ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് കേന്ദ്ര – സംസ്ഥാന ഗവണ്‍മെന്റുകളുടെ ബാധ്യതയും ഉത്തരവാദിത്വവുമാക്കുന്ന നിയമ നിർമ്മാണിത്തിനും സാമൂഹികമാറ്റത്തിനും വേണ്ടിയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുക മാത്രമാണ് മുന്നോട്ടുള്ള മാര്‍ഗം. ♦