ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പുരോഗമനപരവും സമഗ്രവുമായ നിയമം ഇന്ത്യയ്ക്കുണ്ടെന്ന് അവകാശപ്പെടാന്‍ കഴിയുമെങ്കിലും ഈ നിയമങ്ങളെയൊക്കെ ഗവണ്‍മെന്റിന്റെ രക്ഷാകര്‍ത്തൃത്വത്തില്‍ വിഐപികളായ ‘ബലാല്‍സംഗവീരന്മാ’രും പൊലീസും എന്തിന്, നീതിന്യായവ്യവസ്ഥയൊന്നാകെ ചേര്‍ന്ന് അട്ടിമറിക്കുകയും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെവര്‍ക്ക് നീതിനിഷേധിക്കുകയും ചെയ്യുന്നത് ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
മൂന്നുപ്രാവശ്യം ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയും ഉത്തര്‍പ്രദേശ് ഭരണ നേതൃത്വത്തിന്റെ ‘‘ഗുരു”വുമായ ചിന്മയാനന്ദിനെതിരായ കേസ് അതിനൊരുത്തമ ഉദാഹരണമാണ്. ബിജെപി നേതാവായ ചിന്മയാനന്ദ് ഒരു വർഷത്തോളംതന്നെ ശാരീരികമായി പീഡിപ്പിച്ചു എന്ന പരാതിയുമായി ഷാജഹാൻപൂരിലെ നിയമവിദ്യാർത്ഥിനി മുന്നോട്ടുവരികയായിരുന്നു. ശോഭഗുപ്ത നല്‍കിയ പൊതു താല്‍പര്യഹര്‍ജിയിന്‍മേല്‍ സുപ്രീംകോടതിയുടെ ഇടപെടലിനെതുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയിലെ നിയുക്തബെഞ്ചിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചത് ഷാജഹാന്‍പൂരില്‍നിന്നുള്ള ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കുമെന്ന വിശ്വാസം ജനിപ്പിച്ചു.
എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഇരുപത്തിരണ്ട് വയസുള്ള, ബലാത്സംഗത്തിന്റെ ഇര, ജയിലിലാക്കപ്പെട്ടു. ഐപിസി 385/507/201 സെക്ഷനുകള്‍ പ്രകാരം പണം തട്ടിയെടുക്കല്‍ കുറ്റമാണ് അവള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ഈ സെക്ഷനുകളെല്ലാം ജാമ്യം ലഭിക്കാവുന്നവയാണ്. അവളുടെ കേസ് ജാമ്യത്തിനായുള്ള പട്ടികയില്‍പ്പെടുത്തിയിട്ടുപോലും പ്രത്യേക അന്വേഷണസംഘം അതിരാവിലെ അവളുടെ വീട്ടിലെത്തി, പുറത്ത് കാത്തുകിടക്കുകയായിരുന്ന ജീപ്പിനുള്ളിലേക്കു വലിച്ചിഴച്ചു. ബന്ദിയാക്കി; ഭയപ്പെടുത്തി. അവളുടെ കേസ് വാദംകേട്ടപ്പോള്‍ അവള്‍ക്ക് ജാമ്യം നിഷേധിച്ചു. പ്രത്യേക അന്വേഷണസംഘം മനഃപൂര്‍വം മറ്റൊരു സെക്ഷന്‍കൂടി ചേര്‍ത്തതായി കണ്ടെത്തി; ഐടി നിയമത്തിനുകീഴിലുള്ള 67എ എന്ന ജാമ്യമില്ലാവകുപ്പായിരുന്നു അത്.
ഞാനും എന്റെ സഹപ്രവര്‍ത്തക സുഭാഷിണിഅലിയും അഖിലേന്ത്യാ മഹിളാ അസാസിയേഷന്റെ ഒരു സംഘവും ചേര്‍ന്ന് ഷാജഹാന്‍പൂരിലെ പെണ്‍കുട്ടിയുടെ രക്ഷിതാക്കളെയും അഭിഭാഷകരെയും പ്രത്യേക അന്വേഷണസംഘത്തിലെ ഓഫീസര്‍മാരെയും കാണുകയുണ്ടായി. ഞാന്‍ അവളുടെ അമ്മയോടും സഹോദരനോടുമൊപ്പം അവളെ ജയിലില്‍ ചെന്നുകണ്ടു.
ബലാത്സംഗകേസില്‍ കുറ്റംചുമത്തപ്പെട്ടയാളെ സംരക്ഷിക്കുന്നതിന് നഗ്നമായ അധികാര ദുരുപയോഗം നടത്തുന്നതായാണ് ഞങ്ങള്‍ കണ്ടത്. ഖേദകരമെന്നുപറയട്ടെ, സുപ്രീംകോടതിയുടെ ഏറ്റവും നല്ല ഉദ്ദേശ്യത്തോടെയുള്ള ഉത്തരവുകള്‍ അന്വേഷണത്തിന്റെ വ്യാപ്തി പരിമിതപ്പെടുത്തുന്നതിനുള്ള ഒഴികഴിവായി ഉപയോഗിച്ചു. ഇത് ഘട്ടംഘട്ടമായുള്ള ഒരു പ്രക്രിയയാണ്. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട വസ്തുത, സെപ്തംബര്‍ 7ന് രജിസ്റ്റര്‍ചെയ്ത, തന്നെ ബലാത്സംഗംചെയ്തതായുള്ള പെണ്‍കുട്ടിയുടെ പരാതിയിന്‍മേല്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നതാണ്. സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍ പൊലീസ് അവളെ പിന്തുടര്‍ന്നുപിടിച്ച് ഡല്‍ഹിയിലേക്കു കൊണ്ടുവന്നു. അവള്‍ ആദ്യംമുതല്‍ അനുഭവിച്ച ഭീകരതകളെപ്പറ്റിയും 2018 ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം ആഗസ്തുവരെ കുറ്റാരോപിതനായ ചിന്മയാനന്ദന്‍, തന്നെ തുടര്‍ച്ചയായി ബലാത്സംഗംചെയ്തതിനെപ്പറ്റിയും വിശദമായ പരാതി നല്‍കുകയുണ്ടായി. ലൈംഗികാതിക്രമങ്ങള്‍ക്ക് സൗകര്യമൊരുക്കിക്കൊടുക്കുന്നതിന് ചിന്മയാനന്ദുമായി ഗൂഢാലോചന നടത്തിയവരുടെ പേരുകള്‍ അവള്‍ അതില്‍ പരാമര്‍ശിച്ചു. ഡല്‍ഹി പൊലീസ് അവളുടെ പരാതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയെന്നത് സെപ്തംബര്‍ 8ന് സ്വീകരിച്ച പരാതി സ്ഥിരീകരിക്കുന്നു. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ ഇടാൻ പൊലീസ് തയ്യാറായില്ല.
പ്രത്യേക അന്വേഷണ സംഘത്തിലെ ഓഫീസര്‍മാരെ കാണാന്‍ പോയപ്പോള്‍ പെണ്‍കുട്ടിയുടെ പരാതിയിന്‍മേല്‍ എഫ്ഐആര്‍ ഫയല്‍ചെയ്യാത്തതെന്തുകൊണ്ടാണെന്ന് ഞങ്ങള്‍ ചോദിച്ചു. ഏതെങ്കിലും പുതിയ എഫ്ഐആര്‍ ഫയല്‍ചെയ്യുന്നതിനുള്ള വ്യവഹാരാവകാശം തങ്ങള്‍ക്കില്ല എന്നും സുപ്രീം കോടതി തങ്ങളോട് പ്രത്യേകം ആവശ്യപ്പെട്ടത് എഫ്ഐആര്‍ 442ഉം എഫ്ഐആര്‍ 445ഉം അന്വേഷിക്കാനായിരുന്നു എന്നുമായിരുന്നു അവരുടെ മറുപടി.
ഈ രണ്ട് എഫ്ഐആറുകളും തീര്‍ത്തും വ്യത്യസ്തമായ രണ്ടു വിഷയങ്ങളിന്മേലുള്ളതും അതിന് ബലാത്സംഗക്കേസുമായി യാതൊരു ബന്ധവുമില്ലാത്തതുമാണ്. അതിലൊരു എഫ്ഐആര്‍, പെണ്‍കുട്ടി, തന്നെ ഭീഷണിപ്പെടുത്തുന്നതായും തന്നെപ്പോലെ മറ്റു പെണ്‍കുട്ടികളുടെയും ജീവിതം ഒരു ‘‘സ്വാമി” നശിപ്പിച്ചതായും ആരോപിച്ച് ഒരു വീഡിയോ പോസ്റ്റ്ചെയ്തതിനുശേഷം പെണ്‍കുട്ടിയെ കാണാനില്ല എന്ന് അച്ഛന്‍ പരാതി നല്‍കിയപ്പോള്‍ ഫയല്‍ചെയ്തതാണ്.
അതേസമയം അസ്വസ്ഥനായ ആ പിതാവ്, ചിന്മയാനന്ദിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ പെണ്‍കുട്ടി പഠിച്ചിരുന്നതിനാല്‍ അതുമായി ഇതിനെ ബന്ധിപ്പിച്ചുകൊണ്ട്; കുറച്ചു ദിവസമായി കാണാനില്ലാത്ത തന്റെ മകളെ ചിന്മയാനന്ദ് തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായും അദ്ദേഹം പരാതിയില്‍ പറഞ്ഞു. രണ്ടാമത്തെ എഫ്ഐആര്‍þ442, അഞ്ചു കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടു പണം തട്ടിയെടുക്കല്‍ ഭീഷണി അടങ്ങുന്ന സന്ദേശം ഫോണില്‍ വന്നതായി ആരോപിച്ച് ചിന്മയാനന്ദിന്റെ അഭിഭാഷകന്‍ ഫയല്‍ചെയ്തതാണ്.
സെപ്തംബര്‍ 5ന് സുപ്രീംകോടതിയുടെ ഉത്തരവിന്‍മേല്‍, ഗവണ്‍മെന്റിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത് രണ്ട് എഫ്ഐആറുകള്‍ (442, 445) രജിസ്റ്റര്‍ചെയ്തതായാണ്. പെണ്‍കുട്ടിയുടെ പരാതി അതുവരെയും രജിസ്റ്റര്‍ചെയ്തതായി അദ്ദേഹം പരാമര്‍ശിച്ചില്ല. രണ്ട് എഫ്ഐആറുകളും പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ പരാതി എഫ്ഐആര്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യരുതെന്നും അല്ലെങ്കില്‍ കേസില്‍ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും കോടതി എവിടെയാണ് പറഞ്ഞത്? മറിച്ച് പ്രത്യേക അന്വേഷണസംഘം കോടതി ഉത്തരവിന്മേല്‍ നടത്തിയ അസാധാരണമായ വ്യാഖ്യാനമാണിത്. കേസ് നിരീക്ഷിക്കേണ്ട അലഹബാദ് ഹൈക്കോടതിയിലെ പ്രത്യേക ബഞ്ചിനുമുമ്പാകെ സമര്‍പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ, ബലാത്സംഗ പരാതിയെക്കുറിച്ച് അന്വേഷണസംഘം പരാമര്‍ശിക്കുന്നില്ല. ഈ കാര്യത്തില്‍ ഹൈക്കോടതി സ്റ്റാറ്റസ് റിപ്പോര്‍ട്ട് മുഖവിലയ്ക്കെടുത്തു. ഇത്തരമൊരു നഗ്നമായ ഒഴിവാക്കലിന്റെ വെളിച്ചത്തില്‍, ഹൈക്കോടതിയുടെ ഒരു ബെഞ്ചിന്റെ ‘നിരീക്ഷിക്കല്‍’ എന്ന സങ്കല്‍പനം, പ്രത്യേകിച്ച്, ഈ ഉദ്ദേശ്യത്തിനായി കെട്ടിപ്പടുത്തതില്‍ തീര്‍ച്ചയായും വ്യക്തത ആവശ്യമാണ്.
സുപ്രീംകോടതി ഉത്തരവിന്റെ പരിമിതമായ സാധ്യയെക്കുറിച്ചുള്ള വിശകലനത്തിന്റെ വെളിച്ചത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി അവര്‍ ലോക്കല്‍ പൊലീസിനും പ്രാദേശിക ഭരണകൂടത്തിനും പെണ്‍കുട്ടിയുടെ പരാതി കൈമാറിയിട്ടുണ്ടോ എന്ന് ഞങ്ങള്‍ പ്രത്യേക അന്വേഷണസംഘത്തോടു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് അത് തങ്ങളുടെ അധികാര”ത്തിലുള്ളതല്ല എന്നാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ അവര്‍ അവളുടെ പരാതിയിന്‍മേല്‍ നടപടികളെടുക്കുകയോ മറ്റാരോടും അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെടുകയോ ചെയ്തില്ല. അങ്ങനെ, യുവതിയെ ബലാത്സംഗം ചെയ്തു എന്ന പ്രധാന വിഷയത്തെ പ്രത്യേക അന്വേഷണസംഘം ഒഴിവാക്കിക്കളഞ്ഞു. നിയമപരമായ രേഖകളില്‍ അവളുടെ ശബ്ദം മൗനമാക്കപ്പെട്ടിരിക്കുന്നു; ഒരു പിടിച്ചുപറിക്കാരിയായി അവളെ ചിത്രീകരിച്ചു.
അവര്‍ ആരോപണമുന്നയിച്ച പുരുഷന്റെ കാര്യമോ? 376ഇ വകുപ്പുപ്രകാരമുള്ള കുറ്റംചുമത്തി സെപ്തംബര്‍ 20ന് ചിന്മയാനന്ദിനെ അറസ്റ്റുചെയ്തു. ഈ വകുപ്പ്, ബലാത്സംഗത്തിന് തുല്യമല്ലാത്ത എന്നാല്‍ അധികാരസ്ഥാനം ദുരുപയോഗം ചെയ്തുകൊണ്ട് ‘‘ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഒരു വ്യക്തിയെ ബലമായി നിർബന്ധിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ്. പ്രത്യേക അന്വേഷണസംഘത്തിലെ ഉയര്‍ന്ന ഓഫീസറുടെ വാക്കുകളിങ്ങനെ:” ഒരു കേസില്‍ പെണ്‍കുട്ടി ഇരയും മറ്റെയാള്‍ കുറ്റാരോപിതനുമാണ്, മറ്റേ കേസില്‍ കുറ്റാരോപിതന്‍ വാസ്തവത്തില്‍ ഇരയും പെണ്‍കുട്ടി കറ്റാരോപിതയുമാണ്. രണ്ടു കേസുകളും ഞങ്ങള്‍ കണക്കിലെടുത്തിട്ടുണ്ട്.”
ദശകങ്ങള്‍ക്കുമുമ്പ്, മഥുര ബലാത്സംഗക്കേസില്‍ നീതിക്കായി ഞങ്ങള്‍ പോരാടുമ്പോള്‍, കുറ്റവാളിയായ പൊലീസുദ്യോഗസ്ഥന്‍ അവകാശപ്പെട്ടത്, പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുടെ അടയാളങ്ങളില്ലാത്തത്, അത് ബലാത്സംഗമല്ല, പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധമാണെന്നതിന്റെ തെളിവാണെന്നാണ്. ആക്രമണാത്മകമായ ലൈംഗികാതിക്രമങ്ങള്‍ സംഭവിക്കാനിടയുണ്ടെന്ന് ഇരകള്‍ സ്വയം മനസ്സിലാക്കണമെന്ന വികലമായ ന്യായവാദം സുപ്രീംകോടതി അന്ന് ശരിവെച്ചിരുന്നു. ആ നിയമം മാറ്റിയെടുക്കുന്നതിന് നീണ്ടകാലത്തെ കഠിനമായ പോരാട്ടങ്ങള്‍ വേണ്ടിവന്നു.
പെണ്‍കുട്ടിക്കെതിരായ, പണം തട്ടിയെടുക്കല്‍ കേസ് അംഗീകരിക്കുകയാണെങ്കില്‍പോലും പ്രത്യേക അന്വേഷണസംഘത്തിന്റെ സമീപനംപോലെ ബലാത്സംഗത്തെ പണംതട്ടല്‍ കുറ്റാരോപണവുമായി തുലനംചെയ്യാനാകുമോ? ഒരു യുവതിക്ക് നീതി നിഷേധിക്കുകയും ഒരു പ്രത്യേകരീതിയില്‍ കേസ് അന്വേഷിക്കുകയും ചെയ്ത പശ്ചാത്തലമെന്താണ്? പണംതട്ടല്‍ കേസില്‍ അവള്‍ തെറ്റുകാരിയാണെങ്കില്‍ അതിനര്‍ഥം അവള്‍ ബലാത്സംഗത്തിലെ ഇര അല്ലെന്നാണോ? ഈ ചോദ്യങ്ങള്‍ ഞങ്ങള്‍ പ്രത്യേക അന്വേഷണസംഘത്തോടു ചോദിച്ചു. ഇതേപ്പറ്റി അവര്‍ കൂടുതലൊന്നും പറഞ്ഞില്ല. കേസുകള്‍ ഫയല്‍ചെയ്യുന്നതിനുമുമ്പ് അവര്‍ നിയമവകുപ്പുമായി കൂടിയാലോചിച്ചതായി ആവര്‍ത്തിച്ചു. പ്രത്യേക അന്വേഷണസംഘം പലപ്പോഴായി സംഘടിപ്പിച്ച ഓരോ പത്രസമ്മേളനത്തിലും ഉടനീളം പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി പണം തട്ടല്‍ വിഷയത്തില്‍ മാത്രം കേന്ദ്രീകരിച്ചു. അങ്ങനെ നിയമപരമായ വശത്തെ അട്ടിമറിക്കുന്നതിനോടൊപ്പംതന്നെ പെണ്‍കുട്ടിക്കെതിരെ പൊതുബോധം സൃഷ്ടിക്കുന്നതിനെ സ്വാധീനിക്കുകയും ചെയ്യുന്നു.
2011 നവംബറില്‍ ചിന്‍മയാനന്ദനെ, അയാളുടെ ആശ്രമത്തിലെ അന്തേവാസിയെ ബലാത്സംഗം ചെയ്തതിന് അറസ്റ്റുചെയ്തിരുന്നു. വര്‍ഷങ്ങളോളം അവളെ ബന്ദിയാക്കിവെച്ച് ബലാത്സംഗംചെയ്തു എന്നായിരുന്നു പരാതി. യോഗി ആദിത്യനാഥ് അധികാരത്തിലേറിയപ്പോള്‍, ചിന്മയാനന്ദിനെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗവണ്‍മെന്റ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിനുമുമ്പാകെ അപേക്ഷ നല്‍കി. എന്നാല്‍ സിജെഎം അപേക്ഷ നിരസിക്കുകയും ചിന്മയാനന്ദിനെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ഹൈക്കോടതിയില്‍ കേസ് എത്തിയപ്പോള്‍ സ്റ്റേ അനുവദിച്ചു. എന്തുകൊണ്ടാണ് അങ്ങനെ ചെയ്തത്? ഉത്തരങ്ങളൊന്നുമില്ല.
യുവതി ആദ്യമായി ആക്രമിക്കപ്പെടുമ്പാള്‍ അവള്‍ക്ക് 21 വയസേ ഉണ്ടായിരുന്നുള്ളൂ. സ്വയരക്ഷയ്ക്ക് വേണ്ടത് അവള്‍ ചെയ്തു. വ്യവസ്ഥയുടെ പിന്തുണ അയാള്‍ക്കാണെന്നറിഞ്ഞുകൊണ്ടുതന്നെ അയാളെ തടവിലാക്കുന്നതില്‍ അവള്‍ ധൈര്യം കാണിച്ചു. ഒരു ബലാത്സംഗക്കാരന്‍ വിഐപി ആണെങ്കില്‍ നിങ്ങള്‍ക്ക് അയാളെ വെല്ലുവിളിക്കാന്‍ കഴിയില്ലെന്ന പാഠം അവള്‍ പഠിച്ചു. ഇതെല്ലാം ചെയ്യുന്നത് അവളുടെ ഉത്സാഹത്തെത്തന്നെ തകര്‍ക്കാനാണ്. ബലാത്സംഗത്തിനും ലൈംഗിക ചൂഷണങ്ങള്‍ക്കും ലൈംഗികാതിക്രമങ്ങള്‍ക്കും ഇരയാക്കപ്പെട്ടവര്‍ക്ക് അവളുടെ അനുഭവം നല്‍കുന്ന സന്ദേശം, നിശ്ശബ്ദമായിരിക്കുക; അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ജയിലില്‍ കഴിയേണ്ടി വരും എന്നാണ്.
ജയിലില്‍ അവളെ കാണാന്‍ ഞങ്ങള്‍ക്ക് അനുമതി കിട്ടി. ഞങ്ങള്‍ ചെന്നപ്പോള്‍, അവള്‍ ഇളയസഹോദരന്റെ തോളില്‍ ചാഞ്ഞ് കരഞ്ഞു. അറസ്റ്റുചെയ്യാന്‍വന്ന വനിതാപൊലീസ് അവളെ വലിച്ചിഴച്ചപ്പോള്‍ അവളുടെ കൈകളിലുണ്ടായ മുറിവുകള്‍ അവനെ കാണിച്ചു. തനിക്ക് അപമാനം തോന്നുന്നുവെന്ന് അവള്‍ പറഞ്ഞു. നീതിക്കുവേണ്ടിയുള്ള അവളുടെ പോരാട്ടത്തെ നിരവധിയാളുകള്‍ പിന്തുണയ്ക്കുന്നുണ്ടെന്ന വാര്‍ത്ത നല്‍കി സഹോദരന്‍ അവളെ ആശ്വസിപ്പിച്ചു. നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് അവള്‍ പ്രത്യാശയോടെ ആവര്‍ത്തിച്ചുപറഞ്ഞു. നിയമപരവും സാമൂഹ്യവും രാഷ്ട്രീയപരവുമായ പല തലങ്ങളില്‍ പോരാടേണ്ടതുണ്ട്. ഇത് ഓരോ സ്ത്രീക്കും ഓരോ പെണ്‍കുട്ടിക്കുംവേണ്ടി മാത്രമല്ല, ലൈംഗിക ചൂഷണത്തിനായി അധികാരത്തെ ഹീനമായി ഉപയോഗിക്കുന്നവരിൽനിന്ന് നമ്മുടെ രാഷ്ട്രീയത്തെ വിമലീകരിക്കുന്നതിനായി നമുക്കെല്ലാവര്‍ക്കുംകൂടി വേണ്ടിയുള്ള പോരാട്ടമാണ്. ♦