സംഘപരിവാറിനുകീഴില്‍ എല്ലാക്കാലത്തും ബിജെപി ഭരണത്തിന്റെ മുഖമുദ്ര സ്ത്രീവിരുദ്ധതയാണ്. പ്രത്യയശാസ്ത്രത്തിലെന്നപോലെ അതിന്റെ അജന്‍ഡയിലും നയങ്ങളിലും ഭരണത്തിന്റെ എല്ലാ തലങ്ങളിലും സ്ത്രീവിരുദ്ധതയും അതിനൊപ്പം ദളിത്, ന്യൂനപക്ഷ വിരുദ്ധതയും കൊടിയടയാളമായി അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നു; അത് നടപ്പാക്കുകയും ചെയ്യുന്നു. നീചമായ അതിന്റെ ദൃഷ്ടാന്തങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഓരോ സംഭവവും. ഹഥ്റാസില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനുശേഷം യുപിയിലെതന്നെ ബല്‍രാംപൂരില്‍ ബിരുദ വിദ്യാര്‍ഥിനിയെ വീട്ടിലേക്കു മടങ്ങവെ കാറില്‍ തട്ടിക്കൊണ്ടുപോയി ഒരു പലചരക്കുകടയിലെ ഗോഡൗണില്‍ എത്തിച്ച് കൂട്ട ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി. ഹഥ്റാസിലെ പെണ്‍കുട്ടിയുടെ ചിതയൊടുങ്ങുംമുമ്പേയാണ് ചിത്രകൂടില്‍ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യചെയ്തത്. തന്റെ പരാതിയിന്‍മേല്‍ പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്നാണ്, ആ അപമാനം താങ്ങാനാകാതെ അവള്‍ ജീവനൊടുക്കിയത്. ഇതേസമയംതന്നെയാണ് യുപിയില്‍ മറ്റൊരു പെണ്‍കുട്ടി, 11ാം ക്ലാസ് വിദ്യാര്‍ഥിനി ജീവിതം സ്വയം അവസാനിപ്പിച്ചത്. നിരവധിതവണ ലൈംഗികാതിക്രമത്തിനിരയായ പെണ്‍കുട്ടി 6 മാസത്തോളം സംഘംചേര്‍ന്ന് നടത്തിയ പീഡനത്തിലും പരാതിപറയാന്‍ ഒരു അവസരവുമില്ലാത്തതിലും മനംനൊന്താണ് കിണറ്റില്‍ചാടി ജീവനൊടുക്കിയത്. ഝാന്‍സിയില്‍ മറ്റൊരു പെണ്‍കുട്ടി കോളേജ് ഹോസ്റ്റലില്‍വെച്ചാണ് കൂട്ട ബലാത്സംഗത്തിനിരയായത്.
ഉത്തര്‍പ്രദേശ് ഇങ്ങനെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കൊലക്കളം തീര്‍ക്കുമ്പോള്‍ ഭരണകൂടമൊന്നാകെ കുറ്റവാളികള്‍ക്കൊപ്പം നിന്നുകൊണ്ട് ഇരകള്‍ക്ക് സമ്പൂര്‍ണ നീതിനിഷേധം നടപ്പാക്കാനാണ് പരിശ്രമിക്കുന്നത്. ഇത്രയേറെ ജനകീയരോഷം ആളിക്കത്തിയ ഹഥ്റാസ് കേസില്‍ കുടുംബത്തിന്റെ അനുമതിയില്ലാതെതന്നെ കേസ് സിബിഐക്ക് വിട്ടു. സിബിഐ അന്വേഷണം തുടക്കത്തിലേതന്നെ അട്ടിമറിക്കപ്പെട്ടു. സിബിഐ ആദ്യം രജിസ്റ്റര്‍ചെയ്ത എഫ്ഐആറില്‍ ബലാത്സംഗം, കൊലപാതകം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്തിരുന്നു. എന്നാല്‍ സിബിഐയുടെ വെബ്സൈറ്റില്‍നിന്നും ഈ എഫ്ഐആര്‍ പിന്നീട് നീക്കംചെയ്തു. അതിനുശേഷം മേല്‍പറഞ്ഞ വകുപ്പുകള്‍ ഒഴിവാക്കി, പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്തു. അന്വേഷിക്കേണ്ട പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളില്‍ പൊലീസ് എന്തുകൊണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്യാന്‍ വൈകി, വീട്ടുകാരെ തടങ്കലിലാക്കി പെണ്‍കുട്ടിയുടെ മൃതദേഹം ധൃതിപിടിച്ച് കത്തിച്ചുകളഞ്ഞു. ഇതിനൊന്നും അന്വേഷണമില്ല.
ലോക്ഡൗൺ കാലത്തെ ആക്രമണങ്ങൾ ദേശീയ വനിതാകമ്മീഷന്റെ കണക്കുപ്രകാരം ലോക്ഡൗണിനുമുമ്പ് ഫെബ്രുവരി 27നും മാര്‍ച്ച് 22നുമിടയ്ക്ക് രജിസ്റ്റര്‍ചെയ്യപ്പെട്ട സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 239 ആണെങ്കില്‍ ലോക്ഡൗണ്‍കാലത്ത് മാര്‍ച്ച് 23നും ഏപ്രില്‍ 16നുമിടയ്ക്കുള്ള വെറും 24 ദിവസത്തിനിടയ്ക്ക് രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 587 കേസുകളാണ്. ലോക്ഡൗണ്‍ ഘട്ടത്തില്‍ മാര്‍ച്ചിനും മെയ്-മാസത്തിനുമിടയില്‍, 68 ദിവസത്തിനിടയില്‍, രജിസ്റ്റര്‍ ചെയ്യപ്പെട്ട ഗാര്‍ഹികാതിക്രമങ്ങളിലാകട്ടെ കഴിഞ്ഞ 10 വര്‍ഷത്തിനിടയ്ക്കുണ്ടായ ഏറ്റവും വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ ഗാര്‍ഹിക പീഡനം നേരിടേണ്ടിവന്ന 86% സ്ത്രീകള്‍ക്കും ഒരുതരത്തിലുള്ള പിന്തുണയും ലഭിച്ചില്ല എന്നത് ഞെട്ടിക്കുന്നതാണ്. ഇതില്‍ 77% പേര്‍ക്കും ആരോടും പറയാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. 14.3 ശതമാനംപേര്‍ക്ക് മാത്രമാണ് എന്തെങ്കിലും സഹായം ലഭിച്ചത്. അതില്‍ 7% പേര്‍ക്കുമാത്രമാണ് ബന്ധപ്പെട്ട അധികാരികളുടെ അടുത്ത് എത്താനെങ്കിലും കഴിഞ്ഞത്. |
ബിജെപിയുടെ മുന്‍ കേന്ദ്രമന്ത്രിയും സംഘപരിവാര്‍ നേതാവുമായ ചിന്മയാനന്ദിനെതിരെ 2019 സെപ്തംബറില്‍ നിയമവിദ്യാര്‍ഥിനി നല്‍കിയ ലൈംഗികപീഡന പരാതിയുടെ ഗതി എന്തായി? നിരന്തര ഭീഷണിയെതുടര്‍ന്ന് പെണ്‍കുട്ടിക്ക് മൊഴിമാറ്റേണ്ടിവന്നു. ഇ പ്പോള്‍, മൊഴി മാറ്റിയതിന് പെണ്‍കുട്ടിക്കെതിരെ കേസെടുക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നത്. ഉന്നാവോയില്‍ കുറ്റവാളിയായ ബിജെപി എംഎല്‍എ കുല്‍ദീപ്-സിങ് കേസില്‍നിന്നും രക്ഷപ്പെടാന്‍ പെണ്‍കുട്ടിയെയും കുടുംബത്തെയുമടക്കം കൊല്ലാന്‍ ശ്രമിച്ചു. ഇരയാക്കപ്പെട്ട ആ പെണ്‍കുട്ടിക്ക് നീതികിട്ടാന്‍ സ്വന്തം കുടുംബത്തെത്തന്നെ നഷ്ടപ്പെടുത്തേണ്ടി വന്നു.
ഈ കേസുകളിലെയെല്ലാം നീതിനിഷേധത്തിന്റെ മറ്റൊരു വശം ഇത്തരത്തില്‍ ഇരയാക്കപ്പെടുന്നവര്‍ക്കെതിരെ വ്യക്തിഹത്യ നടത്തുകയെന്നതാണ്. ഹഥ്റാസ് കേസില്‍ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ രഹസ്യമാക്കിവെയ്ക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെപ്പോലും അവഗണിച്ച് ഒരുപടികൂടി കടന്ന് പെണ്‍കുട്ടിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍തന്നെ സ്വഭാവഹത്യ നടത്തുംവിധമുള്ള പ്രസ്താവനകള്‍ പരസ്യമായി നടത്തി. നിര്‍ഭയ കേസില്‍ പെണ്‍കുട്ടികള്‍ പുറത്തിറങ്ങുന്നതാണ് പ്രശ്നമെന്ന പൊതുബോധത്തെ ഒന്നുകൂടി ബലപ്പെടുത്തുംവിധം പ്രചാരണം നടന്നു. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ സഞ്ചരിക്കുന്നതും ഇടപെടുന്നതും പുരുഷാധിപത്യ സമൂഹത്തിന് ഹിതകരമല്ല. സ്ത്രീകള്‍ വീടിനു പുറത്തിറങ്ങുന്നതാണ് ബലാത്സംഗത്തിനും മറ്റ് ലൈംഗികാതിക്രമത്തിനും ഇരയാകുന്നതിന് കാരണമാകുന്നതെന്ന് ഉത്തരവാദപ്പെട്ട സ്ഥാനത്തുള്ളവര്‍തന്നെ പറയുന്നു. എന്നാല്‍ ലോക്ഡൗണ്‍കാലത്ത്, ഇതേ ആക്രമണങ്ങള്‍ക്കും ഗാര്‍ഹികപീഡനങ്ങള്‍ക്കും പെണ്‍കുട്ടികളും സ്ത്രീകളും വര്‍ധിച്ചതോതില്‍ ഇരയാക്കപ്പെട്ടതായാണ് ഇതുസംബന്ധിച്ച് പുറത്തുവന്ന ഡാറ്റകള്‍ വെളിപ്പെടുത്തുന്നത്. ♦
ദളിതർക്കും ദുർബലർക്കും നേരെ… ഇന്ത്യയിലെല്ലായിടത്തും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ പ്രത്യേകിച്ച് ദളിത് വിഭാഗത്തില്‍പെട്ടവര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. യുപി അതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 2019ലെ എന്‍സിആര്‍ബി റിപ്പോര്‍ട്ടുതന്നെ അത് സൂചിപ്പിക്കുന്നു. ഈ റിപ്പോര്‍ട്ടനുസരിച്ച് ഉത്തര്‍പ്രദേശില്‍ ദിവസം 10 ദളിത് സ്ത്രീകളെങ്കിലും ബലാത്സംഗത്തിനിരയാകുന്നു. ഇതില്‍ ഭൂരിപക്ഷം കേസുകളിലും പ്രതികള്‍ ഉന്നതജാതിയില്‍പെട്ടവരാണ്. ഇതോടൊപ്പംതന്നെ എടുത്തുപറയേണ്ടതാണ് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലകളും ദുരഭിമാനക്കൊലകളും. കൃത്യമായും ഇതിന് ലക്ഷ്യമാക്കപ്പെടുന്നത് ന്യൂനപക്ഷങ്ങളും ദളിതരുമാണ്. ദളിത് വിഭാഗത്തില്‍പെട്ട യുവാവിനെ പ്രണയിച്ചതിന്റെപേരില്‍ കര്‍ണാടകത്തില്‍ 19കാരിയെ പിതാവും പിതൃസഹോദരന്മാരും ചേര്‍ന്ന് കൊലപ്പെടുത്തിയശേഷം വീടിനടുത്തുള്ള ഫാമില്‍ കുഴിച്ചുമൂടിയത് ജാത്യാഭിമാനത്തിന്റെ പേരിലാണ്. ജാതിയെ അടിസ്ഥാനമാക്കിയുള്ള അധികാരശ്രേണീ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനായുള്ള ഒരുപാധി എന്ന നിലയിലാണ് ദുരഭിമാനക്കൊലകളും ദളിത് വിഭാഗത്തില്‍പെട്ട സ്ത്രീകളെ ബലാത്സംഗംചെയ്യുന്നതുമെല്ലാം അരങ്ങേറുന്നത്. താഴ്ന്നജാതിയില്‍പെട്ടവരെ സാമുദായികമായി അപകീര്‍ത്തിപ്പെടുത്തുവാനും ഭീഷണിപ്പെടുത്തി ഇല്ലാതാക്കാനും സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങളും ബലാത്സംഗങ്ങളും ഉപയോഗപ്പെടുത്തുന്നു. സമൂഹത്തില്‍ വ്യവസ്ഥാപരമായിത്തന്നെ രൂഢമൂലമായിട്ടുള്ള ജാതി വിവേചനവും പുരുഷ മേല്‍ക്കോയ്മയും ഇതിന് ഒരു പൊതുസമ്മതി നല്‍കുന്നതാണ്. ആ അര്‍ഥത്തില്‍ ദളിത് സ്ത്രീകള്‍ക്ക് രണ്ടുതരത്തിലുള്ള ആക്രമണങ്ങളെ നേരിടേണ്ടതായി വരുന്നു. സ്ത്രീ എന്ന നിലയിലുള്ള ലിംഗ വിവേചനവും ദളിത് എന്ന നിലയിലുള്ള ജാതി വിവേചനവും; പൊതുവെ പറഞ്ഞാല്‍ ജാതി, മതം, ലിംഗം, വര്‍ഗം, വംശം, ഗോത്രം ഇവയുടെ അടിസ്ഥാനത്തിലുള്ള ആക്രമണത്തിന് ഉന്മൂലനത്തിന്, സ്ത്രീകള്‍ ലക്ഷ്യമാക്കപ്പെടുകയാണ്. |