കൂട്ട ബലാത്സംഗത്തിനിരയായി, ക്രൂരമായി കൊലചെയ്യപ്പെട്ട, ഹാഥ്റസിലെ പെണ്‍കുട്ടിക്ക് നീതി അകലെയാണ്. സംഭവത്തിനുശേഷം യോഗിസര്‍ക്കാര്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്വങ്ങളില്‍നിന്നും ഓടിയൊളിക്കാന്‍ ഹീനമായ ശ്രമങ്ങള്‍ നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ മൃതദേഹം ദഹിപ്പിച്ചതുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. കേസ് പരിഗണിക്കവെ കോടതി അതിരൂക്ഷമായ വിമര്‍ശനമാണ് യോഗി സര്‍ക്കാരിനെതിരെ അന്ന് ഉന്നയിച്ചത്. അന്ന് ക്രമസമാധാന പ്രശ്നത്തിന്റെ പേരില്‍ സംസ്ഥാനത്തിന്റെ അധികാരികള്‍ കൈക്കൊണ്ട നടപടി പ്രഥമദൃഷ്ട്യാ തന്നെ കടുത്ത മനുഷ്യാവകാശ ലംഘനമായിരുന്നു. ഇരയാക്കപ്പെട്ടവര്‍ക്ക് മതപരമായ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അനുസരിച്ച് മാന്യമായ ശവസംസ്കാരത്തിന് അര്‍ഹതയുണ്ടായിരുന്നു; പക്ഷേ, അതവര്‍ക്കു നിഷേധിക്കപ്പെട്ടു. കുടുംബം പിന്തുടരുന്ന പാരമ്പര്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അനുസൃതമായുള്ള ശവസംസ്കാരത്തിനുള്ള അവകാശം ഭരണഘടന അംഗീകരിക്കുന്ന മൗലിക അവകാശങ്ങളില്‍പെടുന്നതാണെന്ന് പിന്നീട് കോടതി നിരീക്ഷിച്ചിരുന്നു. ക്രമസമാധാനത്തിന്റെ പേരില്‍ മൂല്യവത്തായ അവകാശങ്ങളെ ചവിട്ടിമെതിക്കുകയോ നിസ്സാരവല്‍ക്കരിക്കുകയോ ചെയ്യാനാവില്ല; പ്രത്യേകിച്ചും നിരാലംബരും വിദ്യാഭ്യാസമില്ലാത്തവരും ദരിദ്രരുമാണെന്ന പേരില്‍. ഇത്തരത്തില്‍ കടുത്ത വിമര്‍ശനമുന്നയിച്ച കോടതി അന്ന് നിര്‍ബന്ധിത ശവസംസ്കാരത്തിന് നേതൃത്വം നല്‍കിയ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനെ ജോലിയില്‍ തുടരാന്‍ അനുവദിക്കുകയും പൊലീസ് സൂപ്രണ്ടിനെ സസ്പെന്‍ഡു ചെയ്യുകയും ചെയ്തു, യോഗി സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെ അന്ന് കോടതി നിശിതമായി വിമര്‍ശിച്ചു. കുടുംബത്തിന് പറയാനുള്ളത് കോടതിയില്‍ പറയണമെന്ന് ജസ്റ്റിസുമാരായ രാജന്‍റോയിയും ജസ്പ്രീത്-സിങ്ങും കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. കനത്ത സുരക്ഷയോടെ കോടതിയിലെത്തിയ പെണ്‍കുട്ടിയുടെ കുടുംബം കോടതി മുമ്പാകെ ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചുþസിബിഐ റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കണം; കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിന് പുറത്തായിരിക്കണം; കേസ് അവസാനിക്കുംവരെ കുടുംബത്തിന് സുരക്ഷ നല്‍കണം.
സിബിഐ അന്വേഷണത്തില്‍ വിശ്വാസമില്ല എന്ന് കുടുംബം ആവര്‍ത്തിച്ചു പറഞ്ഞിരുന്നതാണ്. എന്നിട്ടും യോഗിസര്‍ക്കാര്‍, തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് അന്വേഷണത്തെ വഴിതിരിച്ചുവിടാമെന്നതിനാല്‍ സിബിഐയെത്തന്നെ നിയോഗിച്ചു. അതുതന്നെ കേസ് അട്ടിമറിക്കാൻ വേണ്ടിയായിരുന്നു.
തുടക്കംമുതല്‍തന്നെ പെണ്‍കുട്ടിക്കും കുടുംബത്തിനും നീതിനിഷേധിച്ച യോഗിസര്‍ക്കാര്‍ പിന്നീടും ആ കുടുംബത്തെത്തന്നെ എങ്ങനെ ഇല്ലാതാക്കാമെന്നചിന്തയിലായിരുന്നു. പൊലീസിനെ ആക്രമിച്ചതായും നിയമവിരുദ്ധമായി തടഞ്ഞുവെച്ചതായും കാട്ടി നല്‍കപ്പെട്ട കേസില്‍ കുടുംബത്തിന് കോടതി ജാമ്യം നിഷേധിച്ചതു മാത്രമല്ല. കൂട്ടബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയെ പ്രാദേശിക ഭരണകൂടത്തിന്റെ ഒത്താശയോടെ യുപി പൊലീസ് അര്‍ധരാത്രി കത്തിച്ചുകളഞ്ഞതിന് എല്ലാ തെളിവുകളും ഉണ്ടായിരിക്കെത്തന്നെ, ഇതൊരു ദുരഭിമാനക്കൊലയാക്കി ചിത്രീകരിച്ച് കുടുംബത്തെ പ്രതിയാക്കാനാണ് യോഗി ഭരണകൂടം ശ്രമിച്ചത്. അതിനുള്ള തിരക്കഥയും തയ്യാറാക്കിക്കഴിഞ്ഞു. പെണ്‍കുട്ടിയെ അരുംകൊലചെയ്ത 4 പേരെയും സംരക്ഷിക്കാന്‍ യോഗിസര്‍ക്കാര്‍ സര്‍വ അധികാരവും പ്രയോഗിക്കുന്നതിനാണ് യുപി സാക്ഷ്യം വഹിച്ചത്. അതിനായി ആദ്യം മാധ്യമ സ്വാതന്ത്ര്യത്തെ തടയാനാണ് ശ്രമിച്ചത്. സംഭവം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടും പ്രതിഷേധിച്ചവര്‍ക്കെതിരെ 19 എഫ്ഐആറുകളാണ് രജിസ്റ്റര്‍ചെയ്തത്. പെണ്‍കുട്ടിയെ സ്വഭാവഹത്യ നടത്തി അത് പ്രചരണായുധമാക്കിയും ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് വാദിച്ചും പ്രതികള്‍ക്കനുകൂലമായി നില്‍ക്കുകയായിരുന്നു യോഗിസര്‍ക്കാര്‍. ♦
കൂട്ട ബലാത്സംഗവും ആർഎസ്എസിന് ആയുധം ഈ തന്ത്രം ഏറെയും പ്രയോഗിക്കപ്പെട്ടിട്ടുള്ളത് സംഘപരിവാര്‍ ആസൂത്രണംചെയ്തിട്ടുള്ള കലാപങ്ങളിലാണെന്നത് ചരിത്രം പരിശോധിച്ചാല്‍ അറിയാം. ഗുജറാത്ത് വംശഹത്യയില്‍ കൂട്ട ബലാത്സംഗത്തെ ഒരു ആയുധമാക്കുകയാണ് ചെയ്തിട്ടുള്ളത്. ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ സൂറത്ത് കലാപത്തില്‍ കൂട്ടബലാത്സംഗത്തെ ഒരു ആയുധമാക്കണമെന്ന് സംഘപരിവാര്‍ വക്താക്കള്‍ പറയുന്നതായ വീഡിയോ ടേപ്പ് തെളിവായുണ്ട്. സൂറത്ത് കലാപത്തിന്റെ മാസ്റ്റര്‍ ബ്രെയിന്‍ മോഡിതന്നെയാണെന്നത് കലാപരംഗത്തുനിന്നുകൊണ്ടുതന്നെയുള്ള അദ്വാനിയുമായി പങ്കുവെച്ച ചിത്രം കൂടുതല്‍ തെളിവായി. മോഡി മുഖ്യമന്ത്രിയും അമിത്ഷാ ആഭ്യന്തരമന്ത്രിയുമായിരുന്ന കാലത്തെ ഗുജറാത്ത് കലാപത്തില്‍ പൊലീസ് നേരിട്ടുതന്നെ സ്ത്രീകള്‍ക്കുമേല്‍ ലൈംഗികാതിക്രമങ്ങള്‍ നടത്തി. അതുവഴി നീതിയുടെ വാതില്‍ പൂര്‍ണമായും അടച്ചു. കലാപത്തിനിടയില്‍ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ കൂട്ടബലാത്സംഗംചെയ്യുകയും കുടുംബാംഗങ്ങളെ കൂട്ടക്കൊലചെയ്യുകയും ചെയ്ത സംഭവത്തില്‍ ഇരയാക്കപ്പെട്ട ബില്‍ക്കീസ്ബാനുവിന്റെ കേസ് ഗുജറാത്ത് കോടതി അവസാനിപ്പിച്ചതും നീണ്ടകാലത്തെ പോരാട്ടത്തിനൊടുവില്‍ സുപ്രീംകോടതിയില്‍നിന്നും നീതി ലഭിച്ചതും എപ്പോഴും ഓര്‍മിക്കേണ്ട ഒരുദാഹരണമാണ്. കത്വയില്‍ മുസ്ലീം മതത്തില്‍പ്പെട്ട ഗോത്രവംശജരെ ആ പ്രദേശത്തുനിന്നും ആട്ടിപ്പായിക്കാന്‍ ആയുധമാക്കിയതും ബലാത്സംഗത്തെയാണ്. അതിനായി ആ പിഞ്ചുബാലികയെ ദുര്‍ഗാക്ഷേത്രത്തിനുള്ളില്‍ ദിവസങ്ങളോളം കെട്ടിയിട്ട് കൂട്ടബലാത്സംഗംചെയ്ത് കൊന്ന് വലിച്ചെറിഞ്ഞു. സംഘപരിവാര്‍ നടത്തിയ എല്ലാ കലാപങ്ങളിലും എത്രയെത്ര സ്ത്രീകളാണ് കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്; എത്രയോ കുഞ്ഞുങ്ങളാണ് കൊലചെയ്യപ്പെട്ടത്. മോഡിവാഴ്ചയിലെ യുപി മോഡലില്‍ ഓരോ രണ്ടുമണിക്കൂറിലും ബലാത്സംഗം നടക്കുന്നു; ഓരോ 90 മിനിട്ടിലും ഒരു കുട്ടി ആക്രമിക്കപ്പെടുന്നു എന്നതാണ് വസ്തുത. ഹിന്ദു ഭക്തി വ്യവസായത്തിന്റെ മറവില്‍ ആശാറാം ബാപ്പുവും ചിന്മയാനന്ദനും സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാത്സംഗംചെയ്തത് ബിജെപി ഭരണത്തണലില്‍ ആണ്. ആശാറാം ബാപ്പുവിന്റെ കാര്യത്തില്‍ ബിജെപി നേതാക്കളായ ഉമാഭാരതിയെപ്പോലുള്ള സംഘപരിവാര്‍ നേതാക്കള്‍ നല്‍കിയ പിന്തുണ ചെറുതല്ല. |