നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗവും, തീർച്ചയായും ഇൗ വനിതകൾ ഉയർന്നുവന്ന സമൂഹവും വിശ്വസിക്കുന്നത്, പൊതുജീവിതത്തിലേക്കും ഇക്കാലംവരെ പുരുഷന്മാർക്കു മാത്രമായി നീക്കിവെയ്ക്കപ്പെട്ടിരുന്ന ജോലിയിലേക്കും ധീരമായി കടന്നുവരാൻ തുനിയുന്ന സ്ത്രീകൾ ശിക്ഷയർഹിക്കുന്നു എന്നുതന്നെയാണ്; അധിക്ഷേപം, അവഹേളനം, വിവിധ രൂപത്തിലുള്ള ശാരീരികമായ പീഡനങ്ങൾ തുടങ്ങിയ ശിക്ഷകൾ ഉറപ്പായും അവർ ഏറ്റുവാങ്ങേണ്ടതുണ്ടെന്നുതന്നെ സമൂഹം വിശ്വസിക്കുന്നു. തങ്ങൾക്കു പറഞ്ഞിട്ടില്ലാത്ത ഇടങ്ങളിലേക്ക് ഒരുപാട് ലക്ഷ്-മണരേഖകൾ മറികടന്നു കയറിയതുവഴി അവർ സ്വയം ശിക്ഷ ‘ഇരന്നു’ വാങ്ങുകയാണ്; അതുകൊണ്ടുതന്നെ, അവർ ഇത്തരം ശിക്ഷകൾ ഒരക്ഷരംപോലും ഉരിയാടാതെ ഏറ്റുവാങ്ങേണ്ടതുണ്ട്. കാരണം, ഇതിനെതിരെ ശബ്ദിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നത് അവർക്കും അവരുടെ കുടുംബത്തിനും നാണക്കേടുണ്ടാക്കുക മാത്രമേ ചെയ്യൂ.
നമ്മുടെ രാജ്യത്തെ കായിക താരങ്ങളായ വനിതകൾ നേരിട്ട ലെെംഗിക പീഡനങ്ങൾക്ക് സുദീർഘവും നിർലജ്ജവുമായൊരു ചരിത്രമുണ്ട്. മേരി കോമും പി ടി ഉഷയും പോലെയുള്ള പ്രശസ്ത താരങ്ങൾ തങ്ങൾക്കു നേരിടേണ്ടിവന്ന ഇത്തരം ദുരനുഭവങ്ങളെക്കുറിച്ച് അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുമുണ്ട്; എങ്കിലും ദൗർഭാഗ്യകരമെന്നുതന്നെ പറയട്ടെ, പൊരുതുന്ന ഗുസ്തിതാരങ്ങൾക്ക് പിന്തുണ നൽകുകയെന്ന ധാർമിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഇവർ ഇരുവരും പരാജയപ്പെട്ടിരിക്കുന്നു. 1990ൽ പൊലീസ് ഓഫീസറുടെ പീഡനത്തിനിരയായ ഹരിയാനയിൽനിന്നുള്ള പ്രഗത്ഭയായ കായികതാരം രുചിര ഗിർഹോത്ര ആത്മഹത്യ ചെയ്യുകയുണ്ടായി. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ തനിക്കും തന്റെ കുടുംബത്തിനും ആക്ഷേപവും പരിഹാസവുമല്ലാതെ മറ്റൊന്നും ലഭിക്കാതിരിക്കുകയും അതേസമയം കുറ്റവാളിയായ പൊലീസ് ഓഫീസർക്ക് സ്ഥാനക്കയറ്റവും അവാർഡും നൽകുകയും ചെയ്ത ഘട്ടത്തിലാണ് രുചിര ആത്മഹത്യ ചെയ്തത്.
തൊഴിലിടങ്ങളിലെ ലെെംഗിക പീഡനത്തിനെതിരായ നിയമവും പോക്സോ നിയമവും പാസാക്കപ്പെട്ടതോടുകൂടി പ്രായപൂർത്തിയായവരും അല്ലാത്തവരുമായ വനിതാ കായികതാരങ്ങളും വിവിധ തൊഴിലുകളിലേർപ്പെട്ടിട്ടുള്ള മറ്റു സ്ത്രീകളും നേരിടുന്ന ലെെംഗിക പീഡനങ്ങൾക്കെതിരെ കർശനമായ നടപടിയെടുക്കുകയും നിയമം നടപ്പാക്കപ്പെടുകയും ചെയ്യുമെന്നു പ്രതീക്ഷിച്ചു. പക്ഷേ, അതുണ്ടായില്ല. ദേശീയതല കായികതാരം കൂടിയായ ഒരു ജൂനിയർ പരിശീലക 2022 ഡിസംബറിൽ ഹരിയാനയിലെ കായികമന്ത്രിയായ സന്ദീപ് സിങ്ങിനെതിരായി ഫയൽ ചെയ്ത കേസ് അതിന്റെ ഞെട്ടിക്കുന്നൊരു ഉദാഹരണമാണ്; മറ്റ് വനിതാ കായികതാരങ്ങളെയും അയാൾ പീഡിപ്പിച്ചു എന്നും ഈ പരിശീലക ആരോപണമുന്നയിക്കുന്നുണ്ട്. അവരുടെ ദീർഘമായ പോരാട്ടത്തിനുശേഷം ചണ്ഡിഗഢിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു; എന്നാൽ, മാസങ്ങളേറെ കഴിഞ്ഞിട്ടും ഇപ്പോഴും കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല; സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധ സമരങ്ങൾ നടന്നിട്ടും മന്ത്രിയെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്തിട്ടുമില്ല.
തികച്ചും നിരാശാജനകമായ ഈ പശ്ചാത്തലത്തിലാണ് പ്രായപൂർത്തിയാകാത്തയാളടക്കമുള്ള വനിത ഗുസ്തിതാരങ്ങളെ ലെെംഗികമായി ആക്രമിച്ച ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബാഹുബലി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2023 ജനുവരിയിൽ സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും ബജ്റങ് പുനിയയും ജന്തർമന്ദിറിൽ സമരം ആരംഭിച്ചത്. സമരത്തിൽ അവരോടൊപ്പമിരിക്കുന്ന മറ്റു പല താരങ്ങളോടും എംപി മോശമായ രീതിയിൽ പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനെ കായിക താരങ്ങളുടെ ചെറുത്ത ധീരമായ നടപടി വ്യാപകമായി മാധ്യമ ശ്രദ്ധയാകർഷിക്കുകയും വനിതാ സംഘടനകളും മറ്റു പലരും അവർക്കു പിന്തുണയുമായി മുന്നോട്ടുവരുകയും ചെയ്തു. കുറച്ചു ദിവസങ്ങൾ പിന്നിട്ടപ്പോൾ, കേന്ദ്ര കായികമന്ത്രി ധർണ നടക്കുന്ന കേന്ദ്രത്തിലേക്കു വരുകയും അവരെ ചർച്ചയ്ക്കു ക്ഷണിക്കുകയും ചെയ്തു. താരങ്ങളുടെ പരാതികൾ പരിശോധിക്കുന്നതിനും മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്നതിനുംവേണ്ടി മേരി കോം അധ്യക്ഷയായിട്ടുള്ള ഉന്നതാധികാര സമിതിയെ ഗവൺമെന്റ് രൂപീകരിക്കുമെന്ന് ചർച്ചയിൽ മന്ത്രി പറഞ്ഞു. ഇത് അംഗീകരിച്ച ഗുസ‍്തി താരങ്ങൾ തങ്ങളുടെ സമരം പിൻവലിച്ചു. എന്നാൽ മൂന്നു മാസത്തിനുശേഷം ഏപ്രിൽ 5ന് സമിതി റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും അത് പരസ്യമാക്കിയില്ല. അതോടുകൂടി ഗവൺമെന്റ്, നമ്മുടെ എംപിക്കനുകൂലമായി നിൽക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് ഏപ്രിൽ 23ന് ഗുസ്തി താരങ്ങൾ വീണ്ടും ധർണ ആരംഭിച്ചു.
ഗുസ്തിതാരങ്ങളുടെ പരാതിയിൽ എഫ്ഐആർ ഫയൽ ചെയ്യാൻ ഡൽഹി പൊലീസ് തയ്യാറായില്ല. അവസാനം താരങ്ങൾക്ക് സുപ്രീംകോടതിയിൽ പോകേണ്ടിവന്നു. കേസ് രജിസ്റ്റർ ചെയ്ത് അനേ-്വഷണം നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടതിനെതുടർന്ന് രണ്ട് എ-ഫ്ഐആറുകൾ ഫയൽ ചെയ്തു. അതിലൊന്ന് പോക്-സോ നിയമപ്രകാരമാണ്. എന്നിട്ടും, കുറ്റവാളിയെ അറസ്റ്റു ചെയ്തില്ല.
വനിതാസംഘടനകളിൽ നിന്നും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളിൽനിന്നും മനുഷ്യാവകാശ സംഘടനകളിൽ നിന്നും കർഷകസംഘടനകളിൽനിന്നും ഒട്ടേറെ ഖാപ് പഞ്ചായത്തുകളിൽ നിന്നും അഭൂതപൂർവമായ പിന്തുണയാണ് ധർണയ്ക്ക‍് ലഭിച്ചത്. ഒട്ടേറെ പ്രമുഖ കായികതാരങ്ങൾ സമരം ചെയ്യുന്നവർക്ക് പിന്തുണയറിയിച്ച് സംസാരിച്ചു; അതേസമയം ചില പ്രമുഖ കായികതാരങ്ങൾ അതു ചെയ്യാതിരുന്നത് വലിയ നാണക്കേടായി. പൊരുതുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി വന്നവരെക്കൊണ്ട് സമരകേന്ദ്രം നിറഞ്ഞുകവിഞ്ഞു. എന്നിട്ടും ആ മുന്നേറ്റത്തെ തകർക്കുന്നതിന് സാധ്യമായതെല്ലാം ഗവൺമെന്റ് ചെയ്തു. പ്രക്ഷോഭ കേന്ദ്രത്തിലേക്കുള്ള വെെദ്യുതിവിച്ഛേദിക്കുകയും ജലവിതരണം നിർത്തലാക്കുകയും ചെയ്തു; ഗുസ്തി താരങ്ങളെ പിന്തുണച്ചവരെ ഗവൺമെന്റ് അപഹസിച്ചു; അവരെക്കുറിച്ച് വ്യാപകമായി നുണകൾ പ്രചരിപ്പിച്ചു; ടിവി ചാനലുകളിൽ കുറ്റവാളിക്കനുകൂലമായി വമ്പിച്ച പ്രചരണം നടത്തി; അങ്ങനെ ഗുസ്തി താരങ്ങളെയും അവരെ പിന്തുണച്ചവരെയും മാനസികമായി തകർക്കാൻ സാധ്യമായതെല്ലാം ചെയ്തു.
ഒടുവിൽ, ഗുസ‍്തി താരങ്ങളും സംയുക്ത കിസാൻ മോർച്ചയും വിവിധ കർഷകസംഘടനകളും ഖാപ്പ് പഞ്ചായത്തുകളും ചേർന്ന് മോദിസർക്കാർ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തുമ്പോൾ അതിനു മുന്നിൽ മഹിള മഹാപഞ്ചായത്ത് നടത്തണമെന്നാഹ്വാനം ചെയ്തു. ഈ സമരം തുടങ്ങിയതുമുതൽ അതിനെ പിന്തുണയ്ക്കുന്ന അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ അടക്കമുള്ള ഒട്ടേറെ സംഘടനകൾ ഈ ആഹ്വാനത്തെ അനുകൂലിച്ച് മുന്നോട്ടുവന്നു.
മെയ് 28ന്, മഹിള അസോസിയേഷൻ നേതാക്കളും പ്രവർത്തകരുമടക്കം സമരത്തെ പിന്തുണച്ചെത്തിയ ഒട്ടേറെ പേരെ സമരം കേന്ദ്രത്തിനടുത്തുവച്ച് പൊലീസ് അറസ്റ്റു ചെയ്തു. പുതിയ പാർലമെന്റ് മന്ദിരത്തിനു മുന്നിലേക്കു തിരിച്ച ഗുസ്തി താരങ്ങളെ ജന്തർമന്ദിറിൽ നിന്ന് അവർ തുടങ്ങിയപ്പോൾതന്നെ പൊലീസ് ക്രൂരമായി ആക്രമിച്ചു. രാജ്യമൊന്നാകെ സാക്ഷ്യം വഹിച്ച ഭീകരമായൊരു കാഴ്ചയായിരുന്നു അത്–ധീരരായ ഗുസ്തി താരങ്ങളെ തല്ലിച്ചതയ്ക്കുകയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തപ്പോൾ അതേസമയം പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേദിയിൽ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് ആദരണീയമായ സ്ഥാനം നൽകുകയാണ് ഗവൺമെന്റ് ചെയ്തത്.
ഇതിനെതിരായി വമ്പിച്ച ജനരോഷമുയരുകയും അടുത്ത ദിവസങ്ങളിൽതന്നെ രാജ്യത്തുടനീളം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയുമുണ്ടായി. രോഷാകുലരായ ഗുസ്തി താരങ്ങൾ ഹരിദ്വാറിൽവച്ച് തങ്ങളുടെ മെഡലുകൾ ഗംഗാനദിയിൽ ഒഴുക്കാൻ തീരുമാനിച്ചു; എന്നാൽ അതിൽ നിന്ന് കർഷക നേതാക്കൾ അവരെ പിന്തിരിപ്പിച്ചു. അവർ കർഷകനേതാക്കളുടെ നിർദേശമംഗീകരിക്കുകയും അതേസമയം തങ്ങളുടെ പോരാട്ടം തുടരുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു. അവരുടെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നതിനും അവരെ പിന്തുണയ്ക്കുന്നവർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതിനും വേണ്ടി ഒട്ടേറെ തെറ്റായ വിവരങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു; പക്ഷേ അത് ഒന്നുംതന്നെ വിജയം കണ്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി രാത്രിയിൽ തന്നെ അവരുമായി ചർച്ച നടത്തുകയും ചില വാഗ്ദാനങ്ങൾ നൽകുകയും ചെയ്തു. എന്നാൽ ഗുസ്തിതാരങ്ങൾ അവയൊന്നും സ്വീകരിച്ചില്ല. ഒടുവിൽ കായികമന്ത്രി അവരെ ചർച്ചയ്ക്കു വിളിച്ചു. യോഗത്തിന്റെ അവസാനം, ജൂൺ 30 ഓടുകൂടി ഗുസ്തി ഫെഡറേഷനിലേക്കുള്ള തിരഞ്ഞെടുപ്പുകൾ നടത്തുമെന്നും ബ്രിജ് ഭൂഷണുമായി ബന്ധമുള്ളവരും അയാളെ പിന്തുണയ്ക്കുന്നവരുമായ ആരുംതന്നെ അതിൽ പങ്കെടുക്കില്ലയെന്നും കായികമന്ത്രി അവർക്ക് രേഖാമൂലം ഉറപ്പുനൽകി; എഫ്ഐആറിൽ പൊലീസ് അനേ-്വഷണം ഉടനടി പൂർത്തിയാക്കുമെന്നും ജൂൺ 15 ഓടുകൂടി കുറ്റപത്രം സമർപ്പിക്കുമെന്നും മന്ത്രി രേഖാമൂലം ഉറപ്പു നൽകി. അങ്ങനെ ഈ സമരത്തെ തകർക്കാൻ സാധ്യമായതെല്ലാം ചെയ്ത ഗവൺമെന്റിന് ഒടുവിൽ തലകുനിക്കേണ്ടി വന്നു.
എന്നാൽ നൽകിയ വാഗ്ദാനങ്ങളോന്നുംതന്നെ പാലിക്കപ്പെടാതിരുന്ന സാഹചര്യത്തിൽ ഗുസ്തി താരങ്ങൾ വീണ്ടും ശക്തമായ സമരത്തിലേക്ക് നീങ്ങാൻ നിർബന്ധിതരായി. ♦