ലോകത്ത് ഒരിടത്തും സംഭവിക്കാത്തത് നമ്മുടെ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ പേരും പെരുമയും വർധിപ്പിക്കാൻ കഠിനാധ്വാനം ചെയ്യുന്നവരാണ് കായികതാരങ്ങൾ. ലോക കായിക ഭൂപടത്തിൽ 140 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഇന്ത്യക്ക് അന്തർദേശീയ മത്സരങ്ങളിൽ സ്ഥാനം ഏറ്റവും പുറകിലാണ്. എങ്കിലും നമ്മുടെ രാജ്യത്ത് കായികതാരങ്ങളിൽ സ്‌ത്രീകൾ മുന്നിലാണ്. എന്നാൽ അവർക്ക് വളരെ കുറഞ്ഞ പരിഗണന മാത്രമേ എല്ലാ മേഖലകളിലും ലഭിക്കുന്നുള്ളൂ. വിവേചനം കൊടികുത്തി വാഴുന്നു. തൊഴിലിടങ്ങളിൽ ചൂഷണവും പീഡനവും മറ്റേതു രാജ്യത്തേക്കാളും ഇന്ത്യയിൽ കൂടുതലാണ്. ഇതെല്ലാമാണെങ്കിലും കായികമേഖലയിൽ ഇന്ത്യയിലെ പെൺകുട്ടികൾ അഭിമാനാർഹമായ പല സ്ഥാനങ്ങളും നേടിയെടുത്തിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം ഗുസ്‌തിരംഗമാണ്. വടക്കേ ഇന്ത്യയിൽ പ്രത്യേകിച്ചും ഹരിയാനയിൽ ഏറ്റവും പ്രാധാന്യമുള്ള കായികരംഗമാണ് ഗുസ്‌തി.
കുടുംബസമേതം ഗുസ്‌തി പരിശീലനത്തിൽ ഏർപ്പെടുന്നവരുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും ഗുസ്‌തിരംഗത്ത് അന്തർദേശീയ ഗുസ്‌തിതാരങ്ങളോട് കിടപിടിക്കാൻ പോരുന്ന നിലവാരമുള്ളവരാണ്. ഗുസ്‌തി താരങ്ങളുടെ സംഘടനകളുടെ അഖിലേന്ത്യാ ഫെഡറേഷനുണ്ട്. കഴിഞ്ഞ 10 കൊല്ലമായി ഫെഡറേഷന്റെ പ്രസിഡന്റായി നേതൃത്വം കൊടുക്കുന്ന വ്യക്തിയാണ് ബ്രിജ്‌ഭൂഷൺ ശരൺ സിങ്. ഈ മനുഷ്യൻ കേവലം ഒരു ഫെഡറേഷന്റെ പ്രസിഡന്റ് മാത്രമല്ല. ഉത്തർപ്രദേശിൽ മണിപവറും മസിൽ പവറും ഒരുപോലെ കൈമുതലാക്കിയ ഒരു ബോൺ ക്രിമിനലാണ്. സ്വന്തം മകൻ ആത്മഹത്യ ചെയ്‌തത് അച്ഛനെതിരെ ഒരു കുറിപ്പ് എഴുതിവച്ചുകൊണ്ടാണ്: ‘‘ഇങ്ങനെയും അച്ഛന്മാരുണ്ടാകുമോ’’ എന്ന്. എതിർത്ത് ഒരുവാക്ക് പറയുന്നവരെ പൊലീസുകാർ നോക്കിനിൽക്കെ കഴുത്തൊടിച്ച് താഴെയിടുന്ന രാക്ഷസ മനോഭാവമുള്ള കൊടുംക്രിമിനലാണ് അയാൾ. എന്നാൽ നിരവധി മണ്ഡലങ്ങളെ തന്റെ സ്വാധീനവലയത്തിലാക്കാൻ മാത്രമുള്ള സമ്പത്തും കൈക്കരുത്തും ആ മനുഷ്യനുള്ളതുകൊണ്ട് ഏത് കൊടും കുറ്റം ചെയ്‌താലും അയാളുടെ രോമത്തിനുപോലും പോറലേൽപ്പിക്കാനുള്ള ധൈര്യമോ ആർജവമോ ബിജെപി നേതൃത്വത്തിനില്ല. ഈ മനുഷ്യൻ ബിജെപിയുടെ എംപിയായി വിലസ്സുന്നു എന്നു മാത്രമല്ല ഭരണത്തിന്റെ തണലിൽ ഔദ്യോഗിക പദവി ഉപയോഗിച്ച് ഗുസ്‌തി ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനം നേടിയതിനുശേഷം താരങ്ങളെ പല രൂപത്തിലും സ്വാധീനിക്കാനും കീഴടക്കാനും ശ്രമിച്ചു. കായികതാരങ്ങൾ അസ്വസ്ഥരാവാൻ തുടങ്ങിയിട്ട് നാലഞ്ചു വർഷങ്ങളായി എന്നാണ് അവർ നേരിട്ട് പറഞ്ഞത്. തൊഴിലിടങ്ങളിൽ എവിടെയും സ്‌ത്രീകളോട് അനാശാസ്യമായും ലൈംഗിക ചേഷ്ടകളോടും കൂടി ഇടപെടുന്നത് ഒരു വാർത്തയല്ല. എന്നാൽ വനിതകളായ ഗുസ്‌തിതാരങ്ങളോട് ബിജെപി എംപിക്കെകൂടിയായ ബ്രിജ് ഭൂഷൺ കാണിച്ചുകൊണ്ടിരുന്ന ലൈംഗികാതിക്രമങ്ങൾ അതിരു കടക്കാൻ തുടങ്ങിയപ്പോഴാണ് അയാൾതിരെ പരാതി കൊടുക്കണം എന്ന് അവർ തീരുമാനിച്ചത്. അധികാരവും പണവും സ്വാധീനവും പദവിയുമുള്ള ഒരു വലിയ പർവതത്തോടാണ് ഏറ്റുമുട്ടാൻ പോകുന്നത് എന്നറിഞ്ഞുകൊണ്ട് തന്നെ ഏഴ് വനിതാഗുസ്‌തി താരങ്ങൾ രംഗത്തിറങ്ങി. സ്‌പോർട്സ് മന്ത്രിക്കും പ്രധാനമന്ത്രിക്കും പൊലീസ് അധികാരികൾക്കും അവർ പരാതി നൽകി.
സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട് തുടങ്ങിയ വനിതാ താരങ്ങൾ കേവലം സാധാരണ ഗുസ്‌തി താരങ്ങളായിരുന്നില്ല. രാജ്യത്ത് ഇന്ന് ലഭിക്കുന്ന കായികരംഗത്തെ പരമോന്നത ബഹുമതിയായ ഖേൽരത്‌ന അവാർഡ് ജേതാക്കളാണ് അവർ. അടുത്ത ഒളിമ്പിക്‌സിൽ നമ്മുടെ രാജ്യത്തിനുവേണ്ടി മെഡൽ നേടിക്കൊണ്ടുവരാൻ കഴിവുള്ളവരാണ്. അന്താരാഷ്ട്ര മത്സരവേദികളിൽ നമ്മുടെ രാജ്യത്തിന്റെ ദേശീയ പതാക ഉയർത്തിയവരാണ്.
16 വയസ്സുകാരിയുൾപ്പെടെ 7 പേരടങ്ങിയ നാടിന്റെ പ്രിയപ്പെട്ട യുവതാരങ്ങളാണ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗിക പീഡനത്തിന് പരാതികൊടുത്തത്. മാസങ്ങൾ പിന്നിട്ടിട്ടും ഒരു നടപടിയുമില്ല, കാത്തിരുന്നു. നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാൽ ഉണ്ടാകുന്ന വരുംവരായ്‌കകളെക്കുറിച്ച് നല്ല ബോധ്യത്തോടെ തന്നെയാണ് ഏഴു വനിതാ താരങ്ങളും പ്രത്യക്ഷ സമരത്തിനിറങ്ങിയത്. പ്രതിഷേധം കാണുമ്പോൾ സർക്കാർ നടപടിയെടുക്കുമെന്ന് ആ പാവങ്ങൾ പ്രതീക്ഷിച്ചു. എന്നാൽ, ബിജെപി സർക്കാർ കണ്ടെന്ന് നടിച്ചുപോലുമില്ല. ഒടുവിൽ ബഹുമാനപ്പെട്ട കോടതിയുടെ ഇടപെടലിലൂടെയാണ് എഫ്‌ഐആർ ഇടാമെന്നും കേസെടുക്കാമെന്നും വന്നത്. അവിടെയും സർക്കാർ കള്ളക്കളി കളിച്ചു. എഫ്‌ഐആർ ഇട്ടു. കേസെടുത്തില്ല.
ദിവസങ്ങൾ കഴിഞ്ഞു. പരാതിയുടെ മേൽ ഒരു കേസും പൊലീുസ് രജിസ്‌റ്റർ ചെയ്‌തില്ല. ‘‘അളമുട്ടിയാൽ ചേരയും കടിക്കും’’ എന്നതുപോലെ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ ,ആദ്യമായി യുവതികളായ ഗുസ്‌തിതാരങ്ങൾ പാർലമെന്റിന്റെ മുന്നിൽ ജന്തർമന്ദറിൽ രാപ്പകൽ സമരം പ്രഖ്യാപിച്ചു. എല്ലാവരുടെയും പിന്തുണ അവർ അഭ്യർഥിച്ചു. ഈ ഘട്ടത്തിലും നമ്മുടെ പ്രിയപ്പെട്ട കായികതാരങ്ങളെ ഒന്ന് കാണാനോ കാര്യമന്വേഷിക്കാനോ ഭരിക്കുന്നവരുടെ ഭാഗത്തുനിന്ന് ആരും വന്നില്ല. ഒളിമ്പിക്‌സ് അസോസിയേഷന്റെ പ്രസിഡന്റ് പി ടി ഉഷ എംപിയെക്കൊണ്ട് അവരുടെ നേരെ അധിക്ഷേപ വാക്കുകൾ പറയിക്കുകയും ചെയ്‌തു.
സമരപ്പന്തലിലേക്ക് എല്ലാ ജനവിഭാഗങ്ങളും ഒഴുകിയെത്തി. കായികതാരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. ബ്രിജ്‌ഭൂഷണെ അറസ്‌റ്റ് ചെയ്യുക എന്നതിൽ നിന്ന് ഒരിഞ്ചുപിറകോട്ടേക്കില്ല തങ്ങൾ സമരവുമായി മുന്നോട്ടുപോകുമെന്ന് നിശ്‌ചയദാർഢ്യത്തോടെ കായികതാരങ്ങളും അവരുടെ കുടുംബാംഗങ്ങളും പ്രഖ്യാപിച്ചു.
പോക്‌സോ നിയമപ്രകാരം, കേസ് രജിസ്‌റ്റർ ചെയ്‌ത് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ അറസ്‌റ്റ് ചെയ്യണം എന്നാണ്. എന്നാൽ കേന്ദ്രം നയിക്കുന്ന ഡൽഹി പൊലീസ് അനങ്ങിയില്ല. നീതിയിലും നിയമത്തിലുമുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെടുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. നാൽപ്പതോളം കേസുകളിൽ പ്രതിയായ ഒരാളാണ് ഈ ബിജെപി എം പി ബ്രിജ്‌ഭൂഷൺ. ആ മനുഷ്യൻ സർക്കാരിന്റെയും അധികാരത്തിന്റെയും തണലിൽ സുരക്ഷിതനായി ഇന്നും വിലസുകയാണ്. ♦